ഹദീസ് നിഷേധത്തിന്റെ പ്രാരംഭവും വികാസവും

മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വത്തിന്റെ മറ്റൊരു തെളിവായിരുന്നു ഹദീസ് നിഷേധികളുടെ ആവിർഭാവം. അനതിവിദൂരമല്ലാത്ത ഭാവിയിൽ ഹദീസ് നിഷേധികളായ ഒരു സംഘം പ്രത്യക്ഷപ്പെടുമെന്ന് റസൂൽ(സ്വ) സ്വഹാബികളെ ഉണർത്തി. ഇമാം ഇബ്‌നുമാജ(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ വായിക്കാം: എന്റെ ഹദീസ് കേൾക്കുമ്പോൾ ചാരുകസേരയിൽ ചാരിയിരുന്ന് ‘നമുക്ക് ഖുർആനുണ്ട്, അതിലെ ഹലാൽ മാത്രം ഹലാലായും അതിൽ കാണുന്ന ഹറാം മാത്രം ഹറാമായും എടുക്കുക’ എന്ന് പറയുന്നവൻ താമസിയാതെ വെളിപ്പെടും. അറിയുക, തീർച്ചയായും അല്ലാഹുവിന്റെ ദൂതൻ നിഷിദ്ധമാക്കിയത് അല്ലാഹു നിഷിദ്ധമാക്കിയതിന് തുല്യമാണ് (ഇബ്‌നു മാജ 12).
തിരുനബി(സ്വ)യുടെ പ്രവചനം പുലർന്നു. സ്വഹാബികളുടെ കാലത്തുതന്നെ ഹദീസ് നിഷേധികളായ ചിലർ രംഗത്ത് വന്നു. ഇംറാൻ ഇബ്‌നു ഹുസൈൻ(റ) ഹദീസ് പഠന ക്ലാസ് നടത്തുന്ന സന്ദർഭത്തിൽ ഹദീസ് നിഷേധിയായ ഒരാൾ സദസ്സിലേക്ക് വന്ന് വിളിച്ചു പറഞ്ഞു: താങ്കൾ ഖുർആനിൽ ഒരു അടിസ്ഥാനവുമില്ലാത്ത ഹദീസാണല്ലോ ഉദ്ധരിക്കുന്നത്.
അപ്പോൾ ഇംറാൻ(റ) അയാളോട് ചോദിച്ചു: താങ്കൾ ഖുർആൻ പാരായണം ചെയ്തിട്ടുണ്ടോ?
അതേ എന്ന് അയാൾ.
ഇംറാൻ(റ)ന്റെ ചോദ്യം: ളുഹ്ർ നാല്, അസ്വർ നാല്, മഗ്‌രിബ് മൂന്ന്, ഇശാഅ് നാല്, സ്വുബ്ഹ് രണ്ട് വീതം റക്അത്തുകളാണെന്ന് ഖുർആനിൽ താങ്കൾ കണ്ടിട്ടുണ്ടോ?
അയാൾ: ‘ഇല്ല.’
പിന്നെ ആരിൽ നിന്നാണ് താങ്കൾ ഈ കാര്യങ്ങൾ പഠിച്ചത്? അതെല്ലാം ഞങ്ങളിൽ നിന്നല്ലേ താങ്കൾ പഠിച്ചത്? ഞങ്ങൾ നബി(സ)യിൽ നിന്നാണ് അതെല്ലാം മനസ്സിലാക്കിയത്.
ഇംറാൻ(റ) തുടർന്നു: നാൽപത് ചെമ്മരിയാടുള്ളവൻ അതിലൊന്ന് സകാത്ത് നൽകണമെന്നോ, ഇത്ര മാടുകൾക്ക് ഇത്ര നൽകണമെന്നോ, ഇത്ര ദിർഹമിന് ഇത്ര നൽകണമെന്നോ… ഖുർആനിൽ താങ്കൾ കണ്ടിട്ടുണ്ടോ?
‘ഇല്ല.’
ആരിൽ നിന്നാണ് താങ്കൾ അതെല്ലാം ഗ്രഹിച്ചത്? ഞങ്ങളിൽ നിന്നല്ലേ താങ്കൾക്കവ ലഭിച്ചത്? ഞങ്ങൾക്ക് തിരുദൂദരിൽ നിന്നാണ് അവയെല്ലാം ലഭ്യമായത്.
ഖുർആനിൽ ‘അവർ ബൈത്തുൽ അതീഖിനെ വലയം ചെയ്തുകൊള്ളട്ടെ’ എന്നു താങ്കൾ കാണുന്നില്ലേ? എന്നാൽ കഅ്ബയെ ഏഴ് പ്രാവശ്യം ത്വവാഫ് ചെയ്യുക എന്നോ മഖാമു ഇബ്‌റാഹീമിന്റെ പിന്നിൽ നിന്ന് രണ്ട് റകഅത്ത് നിസ്‌കരിക്കുക എന്നോ താങ്കൾ കണ്ടിട്ടുണ്ടോ?
ജലബ്, ജനബ്, ശിഗാർ എന്നിവ ഇസ്‌ലാമിൽ ഇല്ലെന്ന് ഖുർആനിൽ താങ്കൾ കണ്ടിട്ടുണ്ടോ?
‘അല്ലാഹുവിന്റെ ദൂതർ നിങ്ങൾക്ക് കൊണ്ടുവന്നത് നിങ്ങൾ എടുക്കുക, തിരുദൂതർ നിങ്ങളെ വിലക്കിയത് ഉപേക്ഷിക്കുക’ എന്ന ഖുർആൻ വചനം താങ്കൾ കേട്ടില്ലേ?
ഇംറാൻ(റ) തുടർന്നു: നിങ്ങൾക്കറിയാത്ത പല അറിവുകളും ഞങ്ങൾ പ്രവാചകരിൽ നിന്നു പഠിച്ചിട്ടുണ്ട് (ഇമാം സുയൂത്വി-മിഫ്താഹുൽ ജന്ന ഫിൽ ഇഹ്തിജാദി ബിസ്സുന്ന പേ. 10, ബൈഹഖി-ദലാഇലുന്നുബുവ്വ പേ. 1/25).
ഹദീസുകളെ മുഖവിലയ്‌ക്കെടുക്കാതെ ജനങ്ങളിൽ സംശയം ജനിപ്പിക്കാൻ ശ്രമിച്ചയാളെ ചോദ്യശരങ്ങൾ കൊണ്ട് നേരിടുകയാണ് ഇംറാൻ(റ) ചെയ്തത്.
തിരുനബി(സ്വ)യുടെ കാലശേഷം ഇസ്‌ലാമിലേക്ക് കടന്നുവന്ന, നബിയെ കാണാനോ സഹവസിക്കാനോ കഴിയാത്ത ചിലരാണ് ഹദീസ് നിഷേധവുമായി രംഗത്തുവന്നവരെന്ന് ‘നിങ്ങൾക്കറിയാത്ത പല അറിവുകളും ഞങ്ങൾ പ്രവാചകരിൽ നിന്ന് പഠിച്ചിട്ടുണ്ട്’ എന്ന ഇംറാൻ(റ)യുടെ വാക്ക് വ്യക്തമാക്കുന്നു.
സ്വഹാബികളുടെ കാലശേഷം നാല് മദ്ഹബുകളുടെ ഇമാമുമാരുടെ കാലത്തും ഹദീസ് നിഷേധികൾ രംഗത്ത് വന്നു. അതത് കാലഘട്ടങ്ങളിലെ ജ്ഞാനികൾ അത്തരക്കാരോട് വൈജ്ഞാനിക പോരാട്ടങ്ങളിലേർപ്പെടുകയുണ്ടായി. ഇമാം ശാഫിഈ(റ)യുടെ വിശ്വപ്രസിദ്ധ ഗ്രന്ഥമായ രിസാലയിൽ ഹദീസ് നിഷേധ വാദത്തിന്റെ കഥയില്ലായ്മയും ഹദീസുകളുടെ പ്രാമാണികതയുടെ ആധികാരികതയും സമർഥിക്കുന്നുണ്ട്. ഹദീസുകളെ പ്രമാണമായി അംഗീകരിക്കൽ നിർബന്ധമാണെന്നതിന് ഖുർആൻ വചനങ്ങൾ ഉദ്ധരിച്ച് കൊണ്ട് തന്നെ ശാഫിഈ(റ) ഖണ്ഡനങ്ങളെഴുതി. ഇഖ്തിലാഫുൽ ഹദീസും രിസാലയുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.

ഹദീസ് നിഷേധം
ഖുർആൻ നിഷേധത്തിന്റെ തുടക്കം

ഹദീസുകളെ നിഷേധിക്കുകയും ഖുർആനെ അംഗീകരിക്കുകയും ചെയ്യുന്നുവെന്ന വാദം ബാലിശമാണ്. ഹദീസ് നിഷേധം ഫലത്തിൽ ഖുർആനിന്റെ തന്നെ നിഷേധമാണ്. കാരണം വിശുദ്ധ ഖുർആൻ എല്ലാ കാലത്തേക്കുമുള്ള ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണ ഗ്രന്ഥമായാണ് അല്ലാഹു അവതരിപ്പിച്ചത്. ഏതെങ്കിലുമൊരു നൂറ്റാണ്ടിലേക്ക് മാത്രമായി അല്ലാഹു ഇറക്കിയ ഗ്രന്ഥമല്ല ഖുർആൻ. മറിച്ച് നബി(സ്വ)ക്ക് ജിബ്‌രീൽ(അ) മുഖേന വഹ്‌യായി ലഭിക്കുകയും പിന്നീട് ഖുർആനിന്റെ പ്രഥമ സംബോധിതരായ സ്വഹാബികളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും അതുവഴി വിശ്വാസ യോഗ്യമായ ശൃംഖലയിലൂടെ നമുക്ക് ലഭിച്ചതുമാണ്.
ഇതേ വഴിയിലൂടെ തന്നെയാണ് ഹദീസുകളും ലഭിച്ചത്. ഖുർആൻ അല്ലാഹു ഇറക്കിയ അതേ വചനങ്ങളിൽ തന്നെ സുരക്ഷിതമായി നിലനിൽക്കുന്നു. എന്നാൽ ഹദീസുകളിലെ പദങ്ങളിൽ ചിലത് നബി(സ്വ)യുടെ വചനങ്ങളുടെ ആശയത്തിന്റെ കൈമാറ്റമായിരിക്കാം; പദങ്ങൾ ഉദ്ധരിക്കുന്ന വ്യക്തിയുടേതും. ഈ വ്യത്യാസം മാറ്റിനിർത്തിയാൽ ഖുർആനും ഹദീസും കൈമാറിവന്ന വഴി ഏകമാണ്. പ്രവാചകനിൽ നിന്ന് സ്വഹാബികളിലേക്കും പിന്നീട് താബിഉകൾ, തബഉത്താബിഉകൾ എന്നിങ്ങനെ നമ്മളിലേക്ക് ചേരുന്നതാണ് ആ വഴി.
ഹദീസുകളെ നിഷേധിക്കുന്നവർക്ക് അതേ ലോജിക്ക് ഉപയോഗിച്ച് നിഷ്പ്രയാസം ഖുർആൻ നിഷേധിക്കാനും സാധിക്കും. അഹ്‌ലുൽ ഖുർആൻ, ഖുർആൻ സുന്നത്ത് സൊസൈറ്റി എന്നിങ്ങനെ വിവിധ പേരുകളിൽ കേരളത്തിൽ പ്രവർത്തിക്കുന്ന ഖുർആനിസ്റ്റുകളോട് ചേർന്നവർക്ക് പിന്നീട് മതനിരാസത്തിൽ അഭയം കണ്ടെത്തേണ്ടി വന്നത് ഹദീസ് നിഷേധത്തിലൂടെ ഉണ്ടായിത്തീരുന്ന അപകടത്തിന്റെ ആഴം സൂചിപ്പിക്കുന്നുണ്ട്.

ഖുർആനല്ലാതെ മറ്റൊരു ബോധനം
പ്രവാചകർക്കില്ലെന്നോ?

മുഹമ്മദ് നബി(സ്വ)ക്ക് വഹ്‌യായി നൽപ്പെട്ടത് ഖുർആൻ മാത്രമാണെന്ന വാദം ഒന്നാമതായി ഖുർആനിനു വിരുദ്ധമാണ്. സൂറത്തുന്നജ്മ് 3, 4 വചനങ്ങളിൽ അല്ലാഹു പറയുന്നത് കാണുക: മുഹമ്മദ് നബി സ്വന്തം ഇച്ഛപ്രകാരം ഒരു കാര്യവും സംസാരിക്കുകയില്ല. സംസാരിക്കുന്നതത്രയും മുഹമ്മദ് നബിക്ക് ബോധനം നൽകപ്പെട്ടവ മാത്രമാണ്.
ആലു ഇംറാൻ 164ൽ ഇങ്ങനെ വായിക്കാം: തീർച്ചയായും, സത്യവിശ്വാസികൾക്ക് അവരിൽ നിന്നുതന്നെയുള്ള ഒരു റസൂലിനെ അവരിൽ നിയോഗിച്ചുകൊണ്ട് അല്ലാഹു അനുഗ്രഹം ചെയ്തു. അവന്റെ ആയത്തുകൾ അദ്ദേഹം അവർക്ക് ഓതിക്കൊടുക്കുകയും അവരെ സംസ്‌കരിക്കുകയും അവർക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന റസൂലിനെ. നിശ്ചയം, മുമ്പ് അവർ വ്യക്തമായ വഴികേടിൽ തന്നെയായിരുന്നു.
പ്രവാചകരുടെ നിയോഗ ലക്ഷ്യം അല്ലാഹു നൽകുന്ന വചനങ്ങൾ ജനങ്ങൾക്ക് പരായണം ചെയ്ത് നൽകുക മാത്രമല്ല എന്ന് നടേ സൂചിപ്പിച്ച വചനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ജനങ്ങളെ സംസ്‌കരിക്കുകയും ഇറക്കപ്പെട്ട വചനങ്ങളും ഹിക്മത്തുകളും അവരെ പഠിപ്പിക്കുകയും ചെയ്യുകയെന്ന ദൗത്യവും അല്ലാഹു ഏൽപിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, ഖുർആൻ ഇറക്കുന്നതോടെ അവസാനിക്കുന്നതല്ല അല്ലാഹുവിങ്കൽ നിന്നു ലഭിച്ച വഹ്‌യിന്റെ പാഠങ്ങൾ. അതിന് പുറമേ വ്യാഖ്യാനവും അവയുടെ പ്രയോഗരീതിയും നബി(സ്വ) മൊഴിഞ്ഞതും കൽപിച്ചതുമെല്ലാം അല്ലാഹു തിരുദൂതരെ പഠിപ്പിച്ചതാണ്. അവയാണ് പിൻപറ്റാനും അനുസരിക്കാനും അല്ലാഹു കൽപിച്ച സുന്നത്ത്. ഇത്തരം ഖുർആനേതര നിർദേശങ്ങൾ ഹദീസിന്റെ പരിധിയിൽ വരുന്നതാണ്.
ഖുർആനിന് പുറമെ ചില നിർദേശങ്ങളുണ്ടെന്ന് ഖുർആൻ തന്നെ പ്രസ്താവിക്കുമ്പോൾ ഖുർആൻ മാത്രമാണ് ബോധനമെന്ന വാദം ഇസ്‌ലാമിക വിരുദ്ധമാണെന്ന് വ്യക്തം. ഖുർആൻ മറ്റൊരിടത്ത് വിശദീകരിക്കുന്നു: താങ്കൾക്ക് കിതാബ് ഇറക്കിത്തന്നിരിക്കുന്നു. ജനങ്ങളിലേക്ക് അവതരിപ്പിക്കപ്പെട്ട വചനങ്ങളെ താങ്കൾ അവർക്ക് വിശദീകരിച്ചു നൽകാൻ വേണ്ടി (സൂറത്തുന്നഹ്ൽ 44).
ഇറക്കപ്പെട്ട വചനങ്ങളുടെ വിശദീകരണം പ്രഥമ സംബോധിതരിൽ മാത്രം നിലനിൽക്കേണ്ടതല്ല. കാരണം മാലോകരിലേക്ക് മുഴുവനായും നിയോഗിക്കപ്പെവരാണ് മുഹമ്മദ് നബി(സ്വ) എന്ന് ഖുർആൻ തന്നെ പ്രസ്താവിക്കുന്നുണ്ടല്ലോ. അതുകൊണ്ട് തന്നെ ലോകാവസാനം വരെയുള്ള മനുഷ്യജീവിതത്തിന്റെ ഘടന ചിട്ടപ്പെടുത്താൻ മതിയായ വിശദീകരണങ്ങളായി ഖുർആനും അതിന് പ്രവാചകർ(സ്വ) നൽകിയ വിശദീകരണങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ആ സംരക്ഷണം സാധ്യമാകുന്നത് കണ്ണി മുറിയാതെ കൈമാറ്റം ചെയ്യപ്പെടുന്ന ഹദീസുകളിലൂടെ മാത്രമാണ്.
അല്ലാഹു നൽകിയ വചനങ്ങൾ പാരായണം ചെയ്തുനൽകാനുള്ള ഇടനിലക്കാരനാകുന്നത് മാത്രമല്ല പ്രവാചകരുടെ ദൗത്യമെന്നും വചനങ്ങളുടെ വ്യാഖ്യാനവും പ്രയോഗവും എങ്ങനെയാവണമെന്ന് പഠിപ്പിക്കലും ആ ദൗത്യത്തിന്റെ പൂർത്തീകരണമാണെന്നും മനസ്സിലാക്കാം. അതാണ് പ്രവാകന്മാർ നിർവഹിച്ച പ്രബോധന രീതി. ഈ അടിസ്ഥാന തത്ത്വത്തിൽ ഊന്നിയാണ് ഹദീസിന്റെ പ്രാമാണികതയും നിഷേധത്തിന്റെ കഥയില്ലായ്മയും നാം തിരിച്ചറിയേണ്ടത്.
‘നിങ്ങൾ നിസ്‌കാരം നില നിലനിർത്തണം’ എന്ന് വിശുദ്ധ ഖുർആനിൽ അല്ലാഹു കൽപിക്കുന്നുണ്ട്. എന്നാൽ നിസ്‌കാരത്തിന്റെ കൃത്യമായ രൂപവും സമയവും മറ്റു വിശദീകരണങ്ങളും ഖുർആൻ പരാമർശിക്കുന്നില്ല. ഹദീസ് നിഷേധികൾക്ക് ഖുർആനിൽ നിന്ന് അവ കണ്ടെത്താനും കഴിയില്ല. ‘ഞാൻ നിസ്‌കരിക്കുന്നത് പോലെ നിങ്ങൾ നിസ്‌കരിക്കൂ’ എന്നാണ് മുകളിൽ പറയപ്പെട്ട പ്രവാചക കൽപനയുടെ വിശദീകരണം. തൽരൂപം നേരിട്ട് കണ്ടവരിലൂടെ കൈമാറിവരുന്ന ശൃംഖലയെ അവലംബിക്കാതെ ‘നിങ്ങൾ നിസ്‌കരിക്കുക’ എന്ന ദൈവികാജ്ഞക്ക് വഴിപ്പെടുക സാധ്യമല്ലെന്ന് വ്യക്തം. ഇത്തരം കാര്യങ്ങളുടെ വിശദീകരണം കിട്ടുമ്പോഴാണ് ഖുർആനിസ്റ്റുകൾ പരുങ്ങാറുള്ളത്.

ഇസ്‌ലാമിന്റെ നിലപാട്

ജ്ഞാനികളുടെ ഇടപെടലിലൂടെ മണ്ണടഞ്ഞ ഹദീസ് നിഷേധവാദം ചില റാഫിളികൾ സുയൂത്വി(റ)യുടെ കാലഘട്ടത്തിൽ ഉയർത്തിക്കൊണ്ടുവന്നപ്പോൾ തീർത്തും അനിവാര്യമായ ഒരു ചർച്ചക്ക് ഇമാം മുതിർന്നു. അങ്ങനെയാണ് ‘മിഫ്താഹുൽ ജന്ന ഫിൽ ഇഹ്തിജാദി ബിസ്സുന്ന’ എന്ന നൂറോളം പേജുകളുള്ള രചന പിറവിയെടുത്തത്. ഹദീസ് നിഷേധിയായ ഒരു റാഫിളി ഹദീസുകൾ പ്രമാണമല്ലെന്നും ഖുർആൻ മാത്രമേ സ്വീകരിക്കാവൂ എന്നും വാദിച്ചു. തന്റെ വാദം സമർഥിക്കാൻ ഒരു നിർമിത ഹദീസും അയാൾ തെളിവായി ഉദ്ധരിച്ചു. ഹദീസിനെ നിഷേധിക്കാൻ മറ്റൊരു ഹദീസ്!?
‘നിങ്ങൾക്ക് എന്റെ വല്ല ഹദീസും ലഭിച്ചാൽ അതിനെ ഖുർആൻ വെച്ചു പരിശോധന നടത്തുക; ഹദീസിന് ഖുർആനിൽ വല്ല അടിസ്ഥാനവുമുണ്ടെന്നു കണ്ടാൽ അതെടുക്കുകയും ഇല്ലെങ്കിൽ അതിനെ തള്ളുകയും ചെയ്യുക’- ഇതായിരുന്നു റാഫിളികൾ നിർമിച്ച വ്യാജ ഹദീസ്. റാഫിളി വിഭാഗക്കാരായ ചിലരുടെ ദുഷ്ടലാക്കിൽ നിന്നാണ് ഹദീസുകളെ ഖുർആനുമായി ഒത്തുനോക്കുക എന്ന വാദം ഉയർന്നുവന്നത്. പറയപ്പെട്ട ഹദീസിന് ഖുർആനിൽ വല്ല അടിസ്ഥാനവുമുണ്ടോ എന്ന മറുചോദ്യം ഉന്നയിക്കപ്പെട്ടാൽ മറുപടി മൗനമല്ലാതെ മറ്റെന്ത്?
ചില ഖവാരിജുകൾ നിർമിച്ചെടുത്ത വ്യാജ ഹദീസാണ് ഇതെന്ന് പണ്ഡിതലോകം തുറന്നെഴുതി. ഇബ്‌നു അബ്ദുൽ ബർറ് ജാമിഉ ബയാനിൽ ഇൽമിലും ഇബ്‌നു ഹസ്മ് അൽ ഇഹ്കാം ഫീ ഉസൂലിൽ അഹ്കാമിലും ഹദീസ് നിഷേധികളുടെ ഈ വ്യാജ ഹദീസിനെ പ്രാമാണികമായി കൈകാര്യം ചെയ്തു. ഹദീസ് നിഷേധികളോടുള്ള ഇസ്‌ലാമിന്റെ നിലപാട് ഇബ്‌നു ഹസ്മ്(റ) തുറന്നെഴുതി: വല്ലവനും ഖുർആനല്ലാതെ മറ്റൊന്നും ഞങ്ങൾ സ്വീകരിക്കില്ലെന്ന് വാദിച്ചാൽ അവൻ മുസ്‌ലിം ഉമ്മത്തിന്റെ ഏകോപനാഭിപ്രായ പ്രകാരം കാഫിറാണ് (അൽ ഇഹ്കാം ഫീ ഉസൂലിൽ അഹ്കാം 2/80).
ഇമാം സുയൂത്വി(റ)യുടെ പ്രതികരണം കൂടി കാണുക: ഹദീസ്ശാസ്ത്ര പ്രകാരം അംഗീകരിക്കപ്പെട്ട നബിചര്യ പ്രമാണമല്ലെന്ന് വാദിക്കുന്നൻ കാഫിറാവുകയും ഇസ്‌ലാമിക വൃത്തത്തിൽ നിന്നു പുറത്തുപോവുകയും ചെയ്തിരിക്കുന്നു. അയാളെ ജൂത, നസ്വാറാക്കളുടെ കൂടെയാണ് അന്ത്യനാളിൽ ഒരുമിച്ചുകൂട്ടുക. അല്ലെങ്കിൽ അല്ലാഹു ഉദ്ദേശിക്കുന്ന കാഫിർ സംഘത്തോടൊപ്പം (മിഫ്താഹുൽ ജന്ന ഫിൽ ഇഹ്തിജാദി ബിസ്സുന്ന പേ. 5).

ബദ്‌റുദ്ദീൻ അഹ്‌സനി മുത്തനൂർ

Exit mobile version