ഹലാൽ വിവാദം: കണ്ണാടി നോക്കാത്തവരുടെ കുറ്റം?

ഹലാൽ, ഹലാൽ ഫുണ്ട് പോലുള്ള ക്ലീഷേകൾ ഇസ്‌ലാം വിരുദ്ധതയുടെ പുതിയ മാതൃകകളാവുന്നതാണ്, കേരളത്തിലെയും അനുഭവം. മതത്തിന്റെ നിരുപുദ്രവമായ ചില സാങ്കേതിക പദം എന്നതിലപ്പുറം, പൊതു സമൂഹത്തെ ഒരു വിധേനയും ബാധിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാത്തത് ഹലാൽ. ഇതറിയാത്തതുകൊണ്ടൊന്നുമല്ല, വിമർശകർ ഭീകരതയുടെ പുതിയ ചിഹ്നമായി ഹലാലിനെ അവതരിപ്പിക്കുന്നതൊന്നും. മറിച്ച്, ഇസ്‌ലാം വിരോധികൾക്ക് മതത്തെ എപ്പോഴും പ്രതിസ്ഥാനത്തു നിർത്തണം; എന്നിട്ട് എല്ലാവരെയും കൂട്ടി എറിഞ്ഞു കൊല്ലണം. അതിന് എത്രമേൽ വസ്തുതാ വിരുദ്ധമായ കാര്യവും ഏതെസത്യസന്ധത പുലർത്തിയും പ്രചരിപ്പിച്ചും. ആരെയും തെറ്റിദ്ധരിപ്പിക്കും വിധം പ്രചാരണങ്ങൾ നടത്തും. വിശ്വാസികൾ പാലിക്കേണ്ട വിധിവിലക്കുകളായ ഹലാലും ഹറാമും ‘സാമ്പത്തിക ജിഹാദെ’ന്ന ആഗോള ഭീകര പ്രവർത്തനമായി എഴുന്നെള്ളിക്കുകയും ചെയ്യും. കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് അതുവരെയും ഇല്ലാതിരുന്ന തട്ടിക്കൂട്ട് സംഘങ്ങൾ പ്രത്യക്ഷപ്പെട്ട് കേരളത്തെ ആകെ ഹലാലിൽ മുക്കിക്കൊന്നൊടുക്കാൻ ശ്രമിച്ചതുമുതൽ ഒരു ആത്മീയ ചടങ്ങിൽ വിതരണം ചെയ്യാനുണ്ടാക്കിയ ഭക്ഷണത്തിൽ മന്ത്രം ചൊല്ലി ഊതിയതുപോലും മലിനമായി അവതരിപ്പിച്ച് കേരളത്തെ ആകെ നാറ്റിച്ചതടക്കം, എന്നല്ല അതുമായി ഒരു ബന്ധവുമില്ലാത്ത ഹലാൽ ഭക്ഷണ ചർച്ചയിലേക്ക് ഈ സംഭവത്തെ വലിച്ചിഴച്ച് ആത്മീയ ചടങ്ങിലെ സൗജന്യ അന്നദാനത്തിൽ മന്ത്രവും ഊത്തുമൊക്കെ ഇഷ്ടപ്പെടുന്ന തനിത്തങ്കം വിശ്വാസികൾക്കു വേണ്ടി ചെയ്ത ഒരു മതാനുഷ്ഠാനത്തെ തുപ്പലാക്കിയതും വീട്ടിലെയും ഹോട്ടലുകളിലേയുമടക്കം മുസ്‌ലിംകൾ തയ്യാറാക്കുന്ന എല്ലാ ഭക്ഷണ വസ്തുക്കളിലേക്കും വ്യാപിപ്പിച്ചും മുസ്‌ലിം വിരുദ്ധർ മൈലേജ് തേടുന്നത് കാണുമ്പോൾ, മനുഷ്യ സ്‌നേഹവും സൗഹാർദവുമൊക്കെ ഇവരെ എത്രമേൽ അസ്വസ്ഥരാക്കുന്നുവെന്ന് തിരിച്ചറിയുക. പൊതു സമൂഹത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുകയും ന്യൂനപക്ഷ മോർച്ചകൾ സൃഷ്ടിച്ച് ഈ വാദം വസ്തുതാപരമാണെന്ന് തെളിയിക്കാൻ നിരന്തരം മത്സരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ തന്നെ ഈ തുപ്പൽ അഭിഷേകം കൊണ്ട് പുളകിതനാവുകയും തനി ഇസ്‌ലാം വിമർശകനായി രംഗത്തു വരികയും ചെയ്തത് എത്രമേൽ അനുചിതമല്ല! ലോകം മുഴുവൻ മാലിന്യമാണെന്ന് തീർപ്പുകൽപിച്ച പശു വിസർജ്യവും മൂത്രവും യഥേഷ്ടം ആഹരിക്കുകയും ശരീരമാസകലം അഭിഷേകം നടത്തുകയും ചെയ്യുന്നവർ തന്നെ ഈ വിഷയത്തിൽ വലിയ വൃത്തിക്കാരായ കൗതുകവും പുതിയ ഹലാൽ വിവാദത്തോടെ കേരളം ആസ്വദിക്കുകയുണ്ടായി. സത്യത്തിൽ എന്താണ് ഈ കൊടും ഭീകരനായ ഹലാൽ? ഇസ്‌ലാം മത ദർശനങ്ങളിൽ ഇതുപോലുള്ള ”തീവ്രനിലപാടുകൾ” ഉണ്ടോ? നമുക്ക് പരിശോധിക്കാം.

ഹലാലും ഭാകരതയുടെ
അദ്ധ്വാരോപണവും
ഹലാൽ എന്നാൽ അനുവദനീയമെന്നർത്ഥം, ഹറാം നിഷിദ്ധവും ഭക്ഷണം, വസ്ത്രം, സമ്പത്ത്, വാക്ക്, നോക്ക്, പ്രവർത്തി, വാഹനം, ആസ്വാദനം, ലൈംഗികത, ഔഷധം, ചികിത്സ, വ്യവഹാരം, സൗഹൃദം- ഇത്യാദി മനുഷ്യനുമായി ബന്ധപ്പെട്ട ഏതുകാര്യത്തിലും ഇസ്‌ലാം അനുവദിച്ചത് അതാതുകളിലെ ഹലാൽ ആണ്. മറ്റുള്ളവ ഒരു വിശ്വാസിക്ക് ഉപയോഗിച്ചു കൂട; അവ നിശിദ്ധമാണ്. കേവലം ഭക്ഷണത്തിൽ മാത്രമല്ല, മനുഷ്യനുമായി ബന്ധപ്പെട്ട സർവസ്വത്തിലും ഇവയുണ്ട്. നിർബന്ധം, ഐഛികം, അനുഗുണം പോലും വിത്യാസങ്ങൾ പരിഗണിക്കാതെയുള്ള പൊതു വിലയിരുത്തലാണിത്.
മുസ്‌ലിം ഹലാലേ ഭക്ഷിക്കാവൂ എന്നാണു നിയമമെന്ന് പറഞ്ഞല്ലോ. ഇത് സ്രഷ്ടാവായ അല്ലാഹുവിന്റെ തീരുമാനമാണ്. അവൻ പ്രഖ്യാപിച്ചതിങ്ങനെ: ജനങ്ങളെ ഭൂമിയിലുള്ളതിൽ നിന്ന് വിശുദ്ധവും അനുവദനീയവുമായതു മാത്രം നിങ്ങൾ ഭക്ഷിക്കുക; പൈശചിക പാത നിങ്ങൾ പിന്തുടരരുത്. അവൻ നിങ്ങളുടെ വ്യക്തമായ ശത്രുവാകുന്നു (2:168) അല്ലാഹുവിനെ ഏക സത്യ ദൈവമായി അംഗീകരിക്കുന്ന വിശ്വാസികൾ അവന്റെ എല്ലാ കൽപനകളും പാലിക്കുമെന്നുറപ്പ്; ഭക്ഷണ കാര്യത്തിലും ഈ നിഷ്ഠയുണ്ടാകും. പല കാരണങ്ങളാൽ ഒരു വസ്തു നിഷിദ്ധമാവാം. മതപരമായി മാലിന്യമായി ഗണിക്കുന്ന രക്തം, മൂത്രം, വിസർജ്യം പോലുള്ളവ ചേർന്നാൽ ഭക്ഷ്യ വസ്തു ഹലാലാകില്ല. ശരീരത്തിന് ദ്രോഹമുണ്ടാക്കുന്ന വിഷപദാർഥങ്ങളും നിഷിദ്ധമാണ്. ഇതൊന്നുമില്ലെങ്കിലും ചില ധാർമിക വശങ്ങൾ പരിഗണിച്ചും നിശിദ്ധത കടന്നുവരാം. ഉദാഹരണമായി കളവ്, കൊള്ള, വഞ്ചന മുഖേനയൊക്കെയോ, പലിശ കലർന്ന ഇടപാടുകഴിയോ ഒക്കെ കരസ്ഥമാക്കിയ വസ്തുക്കൾ ഇവ മാലിന്യ മുക്തമോ നിർദോശമോ ആയാലും ഹലാൽ ആകില്ല. ഇങ്ങനെയുള്ള പല കാരണങ്ങൾ പരിഗണിച്ചാണ് ഏതു വസ്തുവും ഉപയോഗപ്രദമാകുന്നത്. പ്രവാചകരെ കുറിച്ച് വിശദീകരിച്ചപ്പോൾ അവിടന്ന് നിങ്ങൾക്ക് നല്ലത് അനുവദിക്കുകയും തിന്മയായത് വിരോധിക്കുകയും ചെയ്തുമെന്ന് ഖുർആൻ പറയുന്നുണ്ട് ( :157)
ഇതുകൊണ്ട് മറ്റാർക്കും ഒരു പ്രശ്‌നവും ഉണ്ടാവേണ്ട കാര്യമേയില്ല. എന്നാലും, ഇതുകൊണ്ടും കുഴപ്പങ്ങൾ സൃഷ്ടിക്കപ്പെടണമെന്നു ചിലർ ശഠിക്കുന്നു. ഇസ്‌ലാം ഫോബിക്കുകളുടെ ഭീകരത കേരള ജനതയെയും സ്വാധീനിക്കുന്നതിന്റെ അടയാളമാണ് ഇത്തരം അപക്വ തീരുമാനങ്ങളെ വിലയിരുത്തേണ്ടത്.
നിരോധനങ്ങൾ എല്ലാം ആശയധാരയിലുമുണ്ടാകും. ഭൗതിക നിയമങ്ങളിലും പലതും നിഷിദ്ധങ്ങളാകുന്നതും സ്വാഭാവികം. ഇന്ത്യൻ നിയമനുസരിച്ച് കഞ്ചാവ് ഉപയോഗിക്കാവതല്ലല്ലോ ഇന്ത്യക്കാർ നിയമം പാലിച്ചേ പറ്റൂ. ഇതര വാതങ്ങളിൽ പലവിധ കൽപനകളും വിരോധങ്ങളുമുണ്ട്. ഭക്ഷണ കാര്യത്തിലും പലനിയമങ്ങളുണ്ട്. അവയിലെ ഹലാൽ-ഹറാമുകളാണവ. മതത്തോട് താൽപര്യമുള്ളവർ അവ പാലിക്കാൻ ശ്രമിക്കും. അത് കണ്ട് മറ്റു മതസ്ഥർ ചന്ദ്രഹാസമിളകുന്നത് അവരുടെ അൽപത്തരത്തെ മാത്രമാണ് പ്രതിനിധീകരിക്കുക.

ജൂതരുടെ ഹലാൽ ഫുഡ്
ഭക്ഷണ കാര്യത്തിൽ അനുവദനീയമായതുമാത്രം ഉപയോഗിക്കുന്നതിൽ അതീവ ശ്രദ്ധാലുക്കളാണ് പൊതുവെ ജൂതമത വിശ്വാസികൾകോഷർ ഫുഡ് എന്ന് ഇതറിയപ്പെടുന്നു. ജീതവിശ്വാസ പ്രകാരം നിർമിക്കുകയും ഓരോ ഘട്ടത്തിലും മതപണ്ഡിതർ (റബ്ബി) പരിശോധിച്ച് മതനിയമനുസ്രതമാണെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നതുവഴിയാണ് ഒരു ഭക്ഷ്യ വസ്തു കോഷർ സർട്ടിഫിക്കറ്റിനു യോഗ്യമാവുക. പന്നി പോലുള്ള നിഷിദ്ധ ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതുമാത്രമല്ല, വിവിധ ഭക്ഷ്യവസ്തുക്കൾ കൂട്ടിച്ചേർത്ത് ഉപയോഗിക്കുന്നതുമടക്കം സങ്കീർണമാണ് കോഷർ പക്രിയ. ജൂതർ രണ്ടുവിധം അടുക്കളകൾ ഉണ്ടാവുമത്രെ- മാംസവസ്തുക്കൾ പാചകം ചെയ്യാൻ ഒന്നും മാംസ്സേതര വസ്തുക്കൾക്ക് മറ്റൊന്നും! പാത്രങ്ങൾ പോലും പരസ്പരം കൂടിച്ചേരാവതല്ലെന്നാണ് നിയമം. ബൈബിൾ പഴയ നിയമമനുസരിച്ച് അഭക്ഷ്യങ്ങളായ വസ്തുക്കൾ ഇവയാണ്: ”അശുദ്ധമായതൊന്നും ഭക്ഷിക്കരുത് അശുദ്ധമായതൊന്നും ഭഷിക്കരുത്. നിങ്ങൾക്കു ഭക്ഷിക്കാവുന്ന മൃഗങ്ങൾ ഇവയാണ്: കാള, ചെമ്മരിയാട്, കോലാട്, പുള്ളിമാൻ, കലമാൻ, കടമാൻ, കാട്ടാട്, ചെറുമാൻ, കവരിമാൻ, മലയാട്; ഇരട്ടക്കുളമ്പുള്ളവയും അയവിറക്കുന്നവയുമായ എല്ലാ മൃഗങ്ങളെയും ഭക്ഷിക്കാം. എന്നാൽ അയവിറക്കുന്നവയോ ഇരട്ടക്കുളമ്പുള്ളവയോ ആയ മൃഗങ്ങളിൽ ഒട്ടകം, മുയൽ, കുഴിമുയൽ എന്നിവയെ ഭക്ഷിക്കരുത്. അവ അയ വിറക്കുന്നവയെങ്കിലും ഇരട്ടക്കുളമ്പില്ലാത്തതുകൊണ്ട് അശുദ്ധമാണ്. പന്നി ഇരട്ടക്കുളമ്പുള്ളതാണെങ്കിലും അയവിറക്കാത്തതാകയാൽ അശുദ്ധമാണ്. അതിന്റെ മാംസം ഭക്ഷിക്കുകയോ അതിന്റെ ശവം സ്പർശിക്കുകയോ അരുത്. ജലജീവികളിൽ ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം. എന്നാൽ, ചിറകും ചെതുമ്പലും ഇല്ലാത്തവയെ ഭക്ഷിക്കരുത്. അവ അശുദ്ധമാണ്. ശുദ്ധിയുള്ള എല്ലാ പക്ഷികളെയും ഭക്ഷിച്ചുകൊള്ളുവിൻ. നിങ്ങൾ ഭക്ഷിക്കരുതാത്ത പക്ഷികൾ ഇവയാണ്: എല്ലാ തരത്തിലും പെട്ട കഴുകൻ, ചെമ്പരുന്ത്, കരിമ്പരുന്ത്, ഗൃദ്ധ്രം, പ്രാപ്പിടിയൻ, പരുന്ത്, കാക്ക, ഒട്ടകപ്പക്ഷി, രാനത്ത്, കടൽപ്പാത്ത, ചെങ്ങാലിപ്പരുന്ത്, മൂങ്ങ, കൂമൻ, അരയന്നം, ഞാറപ്പക്ഷി, കരിങ്കഴുകൻ, നീർക്കാക്ക, കൊക്ക്, എരണ്ട, കാട്ടുകോഴി, നരിച്ചീർ. ചിറകുള്ള പ്രാണികളെല്ലാം അശുദ്ധമാണ്. അവ ഭക്ഷിക്കരുത്. ശുദ്ധിയുള്ള പറവകളെയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം.
തനിയെ ചത്ത ഒന്നിനെയും ഭക്ഷിക്കരുത്. അതു നിങ്ങളുടെ പട്ടണത്തിൽ താമസിക്കാൻ വരുന്ന അന്യനു ഭക്ഷിക്കാൻ കൊടുക്കുകയോ ഏതെങ്കിലും പരദേശിക്കു വിൽക്കുകയോ ചെയ്യുക. എന്തെന്നാൽ, നിങ്ങൾ നിങ്ങളുടെ ദൈവമായ കർത്താവിന്റെ വിശുദ്ധ ജനമത്രേ. ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലില. ജൂതർ ഈ നിയമം പാലിക്കാൻ പൊതുവെ ശ്രദ്ധ പുലർത്തുന്നതാണനുഭവം. ഇതിന്റെ പേരിൽ മാത്രം ജൂതർ ഭീകരരും വർഗീയ വാർഗീയവാദികളുമാണെന്നു പറയുന്നത് അർഥശൂന്യമാണ്- വിവിധ ഭീകരതകളുടെ പ്രയോക്താക്കളും വിപണനക്കാരുമാണ് അവരെന്നത് വേറെക്കാര്യം.

ക്രൈസ്തവർക്ക് നിയന്ത്രണമില്ലേ?
അടിസ്ഥാനപരമായി പഴയനിയമം ജീതഗ്രന്ഥമാണെങ്കിലും ക്രൈസ്തവരും അംഗീകരിക്കുന്ന, നിയമനിർമാണത്തിന് ഉപയോഗിക്കുന്നതാണിത്. യേശു പറഞ്ഞു: ന്യായ പ്രാമണത്തെയും പ്രവാചകൻമാരെയും നീക്കാനല്ല, നിവർത്തിപ്പാനത്രെ ഞാൻ വന്നത്. (മത്തായി 5:17) ഇതനുസരിച്ച് ന്യായ പ്രമാണത്തിനിന് മുമ്പ് ഉദ്ധരിച്ച വസ്തുക്കളൊക്കെയും ക്രൈസ്തവർക്കും നിഷിദ്ധമാണ്. മുയലും പന്നിയും കാട്ടുകോഴിയുമൊന്നും അവർക്ക് ഭക്ഷിച്ചുകൂടാ! പന്നിയിറച്ചി തൊടുന്നതുപോലും അശുദ്ധമാകുന്നതാണ് (ആവർത്തനം 14) അറവുനടത്തി ജീവൻ നഷ്ടപ്പെടവയെ മാത്രം ഭക്ഷണമായി ഉപയോഗിക്കാവൂ എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. ”ചത്തതിനെയോ കാട്ടുമൃഗം കൊന്നതിനെയോ ഭക്ഷിക്കുന്നവൻ വസ്ത്രം അലക്കി കുളിക്കണം, വൈകുന്നേരം വരെ അവൻ അശുദ്ധനായിരിക്കും” ലേവ്യർ 17:15) രക്തം കുടിക്കരുതെന്നും (ലേവ്യഷറപ 7:26) രക്തമുള്ള മാംസം ഉപയോഗിക്കരുതെന്നും (ലേവ്യർ 19: 26) ബൈബിൾ പറയുന്നു. എന്നു മാത്രമല്ല, അശുദ്ധ വസ്തുക്കളുടെ സ്പർശനമേറ്റ മാംസവും ഭക്ഷിക്കരുത് (ലേവ്യർ 7:19) എന്നും വന്യ മൃഗങ്ങൾ കടിച്ചു കീറിയ മാംസം നിങ്ങൾ ഭക്ഷിക്കരുത്. അതു നായ്ക്കൾക്ക് എറിഞ്ഞു കൊടുക്കണം (പുറപ്പാട് 22: 31) എന്നും ക്രൈസ്തവ വേദശാസ്ത്രം വിശദീകരിക്കുന്നുണ്ട്. പന്നിയെ തൊടുന്നതുപോലും നിഷിദ്ധമാണ് – പക്ഷേ, ഇസ്‌ലാമിന്റെ ഹലാൽ ഒരു ഭീകരതയാക്കാൾ കഠിനാദ്ധ്വാനം ചെയ്യുന്നതിനിടയിൽ ഇസ്‌ലാം ഫോബിയയുടെ അന്ധത ബാധിച്ചവർ ഇതൊക്കെ മൂടിവെക്കുകയാണ്. ഭക്ഷണം വിചാരിച്ച് ആകുലപ്പെടരുതെന്ന യേശുവിന്റെ നിർദ്ദേശം (മത്തായി 6:31) പോലും ഇതിനിടയിൽ ഇവർ ശ്രദ്ധിക്കാതെ പോകുന്നു. സ്വമതത്തിലെ നിഷിദ്ധങ്ങൾ മനസ്സിലാക്കാതെ മറ്റുള്ളവരുടെ ഹലാൽ – ഹറാം വിവാദമാക്കാൻ ജീവിതം പാഴാക്കുന്നവരോടാകണം യേശു ഇങ്ങനെ പറഞ്ഞത്: സ്വന്തം കണ്ണിലെ തടിക്കഷ്ണം കാണാതിരിക്കേ, സഹോദരാ നിന്റെ കണ്ണിലെ കരട് ഞാൻ എടുത്ത് കളയട്ടേ എന്നു പറയാൻ നിനക്കെങ്ങനെ കഴിയും? (ലൂക്കോസ് 6: 42)

ഹലാൽ ദൈന്ദവ ധർമത്തിൽ
ഹൈന്ദവ മതത്തിന്റെ കർമകാണ്ഡമാണ് സമൃതികൾ: അതിൽ ഏറെ പ്രചാരണമുള്ള മനു മഹർഷിയുടെ സമൃതി ഗ്രന്ഥത്തിനാണ്. ഇതിന്റെ അഞ്ചാം അധ്യായം ഭക്ഷണ നിയമങ്ങൾ പഠപ്പിക്കുന്നു. അഭക്ഷ്യങ്ങളായി മനു പരിചയപ്പെടുത്തുന്ന ഏതാനും വസ്തുക്കൾ പരിചയപ്പെടാം. വെളുത്തുള്ളി, മുള്ളങ്കി, ഉള്ളി, കൂൺ, ശ്മശാനത്തിലും (അമേധ്യത്തിലുമുണ്ടാകുന്ന പച്ചക്കറികൾ) ഭക്ഷിക്കാൻ പാടില്ല (5:5) പ്രസവിച്ചു പത്തു കഴിയാത്ത പശു, എരുമ, ആട് എന്നിവയുടെയും ഒട്ടകം, കുതിര, ചെമ്മരിയാട് എന്നിവയുടെയും പാൽ കുടിക്കരുത് (5:8)
ഊർകുരുവി, കുളക്കോഴി, നാട്ടുകോഴി (ഗ്രാമകുങ്ങടം), മൂങ്ങ, തത്ത, മൈന എന്നിവയുടെ മാംസം ഉപേക്ഷിക്കണം (5:12) കശാപ്പു ശാലയിലെ ഇറച്ചുയും ഉറക്കിയ ഇറച്ചുയും പാടില്ല (5:13) മത്സ്യം തിന്നുന്ന മുതല, നാട്ടു പന്നി, മത്സ്യം എന്നിവ കഴിക്കരുത് (5:14) മത്സ്യങ്ങൾ വർജ്ജിക്കണം (5:15) കൂൺ നാട്ടു പന്നി, വെളുത്തുള്ളി നാട്ടുകോഴി, ഉള്ളി, മുള്ളങ്കി എന്നിവ അറിഞ്ഞു കൊണ്ടു ഭക്ഷിച്ചാൽ ദ്വിജൻ പതിതനായിത്തീരും (5:19) ഇങ്ങനെ വ്യത്യസ്ത വസ്തുക്കളും മാംസങ്ങളും ഹലാൽ ഫുഡ് അല്ലെന്ന് ഹൈന്ദവ ഗ്രന്ഥങ്ങളും വ്യക്തമാക്കുന്നു.
ഇനി ആലോചിച്ചു നോക്കുക, മതപരമായ കാരണങ്ങളാൽ ആരെങ്കിലും ഏതാനും വസ്തുക്കൾ ഭക്ഷിക്കില്ലെന്നു തീരുമാനിച്ചാൽ അല്ലെങ്കിൽ ഏതെങ്കിലും പണ്ഡിതൻ ആത്മീയ തേജ്വസിയോ ഈതിയ ഭക്ഷ്യ വസ്തു ആവേശ പൂർവം ഉപയോഗിച്ചാൽ മറ്റു പ്രസ്ഥാനക്കാർക്ക് ആശങ്കനൽകുന്ന എന്തുകാര്യമാണ് അതിലുള്ളത്? ആവശ്യമുള്ളത് ഹിതകരമായി ഉപയോഗിക്കാൻ എല്ലാവർക്കും സൗകര്യമുണ്ടാകുന്നതല്ലേ, കൊട്ടിഘോഷിച്ചുകൊണ്ട് നടക്കുന്ന ലിബറൽ രീതിക്ക് ഉചിതം? മതമുള്ളതും ഇല്ലാത്തവരുമായ എല്ലാ വർഗീയവാദികളും ചേർന്ന് ഇത്തരം നിസ്സാര വിഷയങ്ങളിൽ തീ പിടിപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഉദ്ശുദ്ധരായിരിക്കുകയാണ് പൊതു സമൂഹം ചെയ്യേണ്ടത്.

അസീസ് സഖാഫി വാളക്കുളം

 

Exit mobile version