ഹാജറ(റ): മാതൃകയായ മാതൃത്വം

മക്കയുടെ മടിത്തട്ടിലായിരുന്നു സംസ്കാരത്തിന്റെ സൂര്യോദയം. ഈ മാറിടത്തില്‍ നിന്നാണ് ഗുരുപരമ്പരകള്‍ ജന്മമെടുത്തതും. ഇസ്‌ലാമിക സംസ്കാരത്തില്‍ സ്വഫയും മര്‍വയുമായി ഹാജറ ബീവി(റ) ജ്വലിച്ചുനില്‍ക്കുന്നു. ശ്രേഷ്ഠ മാതൃത്വത്തിന്റെ പര്യായമായ ഉമ്മു ഇസ്മാഈല്‍(അ). മക്കാ മരുഭൂമിയില്‍ ആ ഉമ്മയുടെ കണ്ണീരിന്റെ ഉപ്പ് അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. ആ മണല്‍തരികള്‍ക്ക് ചില കദനത്തിന്റെ കഥകള്‍ പറയാനുണ്ട്.
ഉമ്മു ഇസ്മാഈല്‍ എന്തുകൊണ്ട് ലോക ചരിത്രത്തില്‍ ശ്രദ്ധേയയായ മഹിളയായിത്തീര്‍ന്നു? അവര്‍ താണ്ടിയ വഴികള്‍, അനുഭവിച്ച യാതനകള്‍, നെഞ്ചേറ്റിയ ആശയങ്ങള്‍ എല്ലാം ഒരു നിശ്ശബ്ദമായ വിലാപമാണ്. അവരില്‍ നിന്നു നിര്‍ഗളിച്ച നെടുവീര്‍പ്പും ചൂടും ഈ മണലാരണ്യത്തില്‍ സ്നിഗ്ധമാണ്. അല്ലാഹുവിന്റെ ഖലീല്‍ എന്ന ഉന്നത സ്ഥാനത്തിന് അര്‍ഹത നേടിയ പ്രവാചക ശ്രേഷ്ഠരായ ഇബ്രാഹീം നബി(അ)യുടെ ഭാര്യയായിത്തീര്‍ന്ന അടിമസ്ത്രീയാണ് ഹാജറ(റ).
ഇബ്രാഹീം നബി(അ)യുടെ ഭാര്യ സാറാ ബീവി(റ)യെ അക്രമിയായ അന്നത്തെ രാജാവ് കടന്നു പിടിക്കാന്‍ ശ്രമിച്ചു. ഭക്തയായ അവരെ അല്ലാഹു രക്ഷിച്ചു. ഇത് വെറുമൊരു സ്ത്രീയല്ലെന്ന് മനസ്സിലാക്കിയ രാജാവ് സാറാ ബീവിയോട് രക്ഷക്കായി കേണപേക്ഷിച്ചു. ബീവിയുടെ പ്രാര്‍ത്ഥനാ ഫലമായി അയാളുടെ പ്രവര്‍ത്തനരഹിതമായ കൈകള്‍ പൂര്‍വ സ്ഥിതിയിലായി. തന്നെ രക്ഷിച്ചതിന് സമ്മാനമായി തനിക്കേറ്റവും ഇഷ്ടപ്പെട്ട വിശ്വസ്തയായ ഹാജറ എന്ന അടിമയെ സാറാ ബീവിക്ക് നല്‍കി രാജാവ് യാത്രയാക്കി.
സാറാ ബീവിഇബ്രാഹീം(അ) ദമ്പതിമാര്‍ക്ക് അന്ന് സന്താനങ്ങള്‍ പിറന്നിരുന്നില്ല. അവര്‍ ഭര്‍ത്താവിനോട്, തനിക്ക് ലഭിച്ച ഹാജറ എന്ന അടിമയെ വിവാഹം ചെയ്യാന്‍ നിര്‍ദേശിച്ചു. അങ്ങനെയാണ് അവര്‍ പ്രവാചക പത്നിയാകുന്നത്.
പ്രവാചക പത്നി എന്നതില്‍ കവിഞ്ഞ് മറ്റെന്തു വലിയ സ്ഥാനമാണ് ഒരു സ്ത്രീക്ക് നേടിയെടുക്കാനാവുക. മഹതിയെ അല്ലാഹു ആദരിച്ചതാണത്. ഹാജറ ഖ്വിബ്തിയായിരുന്നു. ഈജിപ്താണ് സ്വദേശം. ദാമ്പത്യ ജീവിതം മുന്നോട്ട് ഗമിക്കുന്നതിനിടയില്‍ അവര്‍ ഗര്‍ഭിണിയായി.
ആയിടെ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു ബീവിയോട് പറഞ്ഞു: ‘ഹാജറാ, ഭയപ്പെടരുത്. നിങ്ങള്‍ ഗര്‍ഭം ധരിച്ചിരിക്കുന്ന കുട്ടി അതുല്യനാണ്. നിങ്ങള്‍ക്കവന്‍ നന്മ വരുത്തും. അവന് നിങ്ങള്‍ ഇസ്മാഈല്‍ എന്ന് പേരിടണം.’
ഹാജറ ബീവിക്ക് ആശ്വാസമായി.
മക്കയിലേക്ക്
അതിനിടെ അല്ലാഹുവിന്റെ നിര്‍ദേശം വന്നു, ബീവിയെയും മകനെയും ദൂരെ ഒരു ദിക്കിലേക്ക് കൊണ്ടു പോകുക. ബുറാഖെന്ന അത്ഭുത വാഹനം ആകാശത്ത് നിന്നും ഇറങ്ങി വന്നു. ഇബ്രാഹീം നബി(അ)യും കൈകുഞ്ഞും ഹാജറ ബീവി(റ)യും വാഹനത്തില്‍ കയറി പുറപ്പെട്ടു. ഇടക്ക് പച്ചപ്പുള്ള പ്രദേശങ്ങള്‍ കാണുമ്പോഴെല്ലാം പ്രവാചകന്‍ മാലാഖയോട് ചോദിക്കും’ഇവിടെ ഇറങ്ങുകയല്ലേ?’ നമ്മുടെ ലക്ഷ്യസ്ഥാനം എത്തിയിട്ടില്ല എന്നാവും മലക്കിന്റെ മറുപടി. അവസാനം മക്കയിലെ മരുപ്പറമ്പില്‍ ആ കുടുംബത്തെ ഇറക്കി.
ചരിത്രനിയോഗമായിരുന്നു ഇത്. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) മക്കയില്‍ ഭൂജാതനായത് ഇതേ ഇസ്മാഈല്‍(അ)ന്റെ പരമ്പരയില്‍ നിന്നാണല്ലോ? അങ്ങനെ അന്ത്യ പ്രവാചകരുടെ വിശുദ്ധ മാതാക്കളില്‍ ഒരാളാവുക എന്ന അതുല്യ പദവി കൂടി അലങ്കരിച്ചു ബീവി.
മലക്ക് ആജ്ഞാപിച്ചു: ‘ഇവിടെ ഇറങ്ങുക’
‘ഇവിടെയോ? ആള്‍ താമസമില്ലാത്ത ഈ മരുപ്പറമ്പിലോ?’
‘അതേ, ഇവിടെയാണ് നിങ്ങളുടെ സന്താന പരമ്പരയില്‍ നിന്ന് പ്രശസ്തനായ ഒരു നബി അയക്കപ്പെടുക, ആ നബിക്ക് നാഥന്റെ കലാം ഇവിടെ വെച്ച് പൂര്‍ത്തികരിച്ച് അവതരിക്കും’ മലക്ക് പറഞ്ഞു.
കൈ കുഞ്ഞുമായി വിജനത മാത്രം കൂടെയുള്ള മരുഭൂമിയില്‍ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു പോരാനായിരുന്നു അല്ലാഹുവിന്റെ കല്‍പന, എന്തൊരു പരീക്ഷണം! ഒരു പിടി കാരക്കയും ഒരു പാത്രം വെള്ളവും മാത്രം നല്‍കി തിരിഞ്ഞു നടക്കാനൊരുങ്ങുന്ന വല്ലഭനോട് ബീവി അന്വേഷിച്ചു:
‘അല്ലാഹു പറഞ്ഞിട്ടാണോ ഞങ്ങളെ ഒറ്റക്കാക്കിപ്പോകുന്നത്?’
‘അതേ’ എന്ന നബിയുടെ ഉത്തരം മതിയായിരുന്നു മഹതിക്ക്. ഭീതിതമായ ഏകാന്തതയില്‍ കൈ കുഞ്ഞുമായി ഭക്ഷണം പോലുമില്ലാതെ ഒറ്റപ്പെട്ട ഒരു സ്ത്രീയുടെ തവക്കുലിന്റെ കരുത്ത്. ഒറ്റപ്പെടലും കഷ്ടപ്പാടുകളും റബ്ബിന്റെ തീരുമാനമാണെന്ന വിചാരത്തില്‍ എല്ലാം സമര്‍പ്പിക്കാന്‍ തയ്യാറായ ദാസിയുടെ ഭക്തിയാണിത്.
തിരിഞ്ഞു നിന്ന് ഇബ്്റാഹീം നബി(അ) അവര്‍ക്ക് വേണ്ടി ദുആ ചെയ്തു: ‘നാഥാ, എന്റെ കുടുംബത്തെ ഞാനിതാ ആരോരുമില്ലാത്ത മരുഭൂമിയില്‍ പാര്‍പ്പിച്ചിരിക്കുന്നു. അവര്‍ക്ക് നീ രക്ഷയേകണേ. മനുഷ്യ ഹൃദയങ്ങളില്‍ അവരോട് സ്നേഹമുളവാക്കണേ. നീ അവര്‍ക്ക് ഭക്ഷണങ്ങളും പഴങ്ങളും നല്‍കേണമേ.’
സംസം
പാരാവാരം കണക്കെ പരന്നുകിടക്കുന്ന മരുഭൂമിയില്‍ ഒരു സ്ത്രീ കൈകുഞ്ഞുമായി ജീവിക്കുന്നു! കയ്യില്‍ കരുതിയ ഭക്ഷണം തീര്‍ന്നു. വിശന്നും ദാഹിച്ചും മകന്‍ കരയാന്‍ തുടങ്ങി. ശിശുവിന്റെ പശിയടക്കാന്‍ ആ മാതാവ് തെല്ലൊന്നുമല്ല പരിഭവപ്പെട്ടത്. ഒന്നു യാചിച്ചു വാങ്ങാന്‍ പോലും സമീപത്താരുമില്ലല്ലോ? ഈ മരുഭൂമി ഉണ്ടായതിനു ശേഷം മനുഷ്യ സ്പര്‍ശം ഏല്‍ക്കാത്തതു പോലെ.
പരിസരത്തുള്ള സ്വഫാ പര്‍വതത്തിന്റെ ഉച്ചിയില്‍ കയറി നോക്കി. ഒരു നീരുറവയും കാണുന്നില്ല. ഓടിയിറങ്ങി മര്‍വ കുന്നിലും കയറി നോക്കി. നിരാശ തന്നെ ഫലം. കുഞ്ഞിന്റെ കരച്ചിലിന്റെ ശബ്ദം കൂടുന്നു. ഉമ്മയുടെ നെഞ്ച് പൊട്ടുകയാണ്. രണ്ട് മലകള്‍ പല പ്രാവശ്യം ഓടിക്കയറിയിറങ്ങി. ഒടുവില്‍ കുഞ്ഞ് കാലിട്ടടിച്ച ഭാഗത്തു നിന്ന് വെള്ളം ഉറവയൊഴുകുന്നു. സംസം! ആശ്വാസത്തിന്റെ തെളിനീരുറവ.
പ്രവാചകന്റെ ഉമ്മ
മക്കവഴി സഞ്ചരിക്കാനിടയായ ജുര്‍ഹും ഗോത്രക്കാരില്‍ പെട്ട ഒരു സംഘം സംസം ജലം കണ്ടു. ആ വെള്ളത്തിന്റെ ഉടമസ്ഥയോട് അവിടെ താമസിക്കാനും വെള്ളമുപയോഗിക്കാനും സമ്മതം ചോദിച്ചു. ഹാജറ(റ) എല്ലാവര്‍ക്കും സമ്മതം നല്‍കി. ക്രമേണ ജുര്‍ഹും ഗോത്രക്കാര്‍ അവിടെ താമസമാക്കി. മഹതിയുടെ മകന്‍ ഇസ്മാഈല്‍ അവര്‍ക്കിടയില്‍ വളര്‍ന്നു. അവരില്‍ നിന്ന്് അറബി ഭാഷയും സംസ്കാരവും സ്വായത്തമാക്കി. മാതാവിന്റെ വഫാത്തിന് ശേഷം ഒരു ജുര്‍ഹും ഗോത്രക്കാരിയെ വിവാഹം ചെയ്തു. വൈകാതെ ഇസ്മാഈല്‍(അ) പ്രവാചകനായി നിയുക്തനായി. ആ വിശുദ്ധ പരമ്പര അറബികളിലൂടെ സംരക്ഷിക്കപ്പെട്ടു. ഈ പരമ്പരയിലാണ് ഖുറൈശികള്‍ കടന്നു വരുന്നത്. അവസാനത്തെ ദൂതനായി തിരുറസൂലും.
ഹാജറ ബീവിയെ ആദരിച്ചു കൊണ്ട് അന്ത്യ പ്രവാചകര്‍(സ്വ) പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ഒരിക്കല്‍ അവിടുന്ന് പറഞ്ഞു: ഖ്വിബ്ത്വികള്‍ നിങ്ങളുടെ അടിമകളായി വന്നാല്‍ അവരോട് നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുക. അവരുമായി നമുക്കൊരു കുടംബ ബന്ധമുണ്ട്. ഹാജറ ബീവിയെ ഉദ്ദേശിച്ചാണിത് പറഞ്ഞത്. കാരണം അവര്‍ ഖ്വിബ്ത്വിയായിരുന്നു (ത്വബഖാത്ത് 149).
മറ്റൊരിക്കല്‍ പ്രവാചകര്‍(സ്വ) പറഞ്ഞു: ‘ഉമ്മു ഇസ്മാഈലിന് അല്ലാഹു അനുഗ്രഹം ചെയ്യട്ടെ. അവരെങ്ങാനും അന്ന് സംസം (അടങ്ങുക) എന്ന് പറഞ്ഞില്ലായിരുന്നുവെങ്കില്‍ അത് ഇന്നും നിറഞ്ഞൊഴുകുമായിരുന്നു’. ഹാജറ ബീവി(റ)യുടെ മാതൃസ്നേഹത്തിന്റെ മധുര്യമുള്ള സംസം ഉറവ കോടിക്കണക്കിനു പേര്‍ കുടിച്ചു കൊണ്ടിരിക്കുന്നു. ആ വെള്ളം കുടിക്കാത്ത വിശ്വാസികളുണ്ടാകുമോ?
അന്നത്തെ സാംസ്കാരിക ക്രമത്തില്‍ അടിമസ്ത്രീ എന്ന നിലയില്‍ അവഗണിക്കപ്പെടുന്ന ഒരു വ്യക്തിത്വത്തെ ഇസ്്ലാം ചരിത്രത്തിന്റെ സിംഹാസനത്തിലിരുത്തി ആദരിക്കുന്നതാണ് നാം കണ്ടത്. മാതൃത്വത്തിനും സ്ത്രീത്വത്തിനുമുള്ള മതത്തിന്റെ ആദരമാണിത്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തേതായ ഹജ്ജിന്റെ കര്‍മങ്ങളിലും ഹാജറ ബീവി(റ)യുടെ സ്മരണയുണ്ട്. സ്വഫാമര്‍വകള്‍ക്കിടയിലൂടെ ഹാജിമാര്‍ നിര്‍ബന്ധ സഅ്യ് നടത്തുമ്പോള്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ഹാജറ ബീവി(റ)യുടെ കാല്‍പ്പാടുകള്‍ തേടി നടക്കുകയാണ്.
ഇസ്മാഈലി(അ)ന് ജന്മം കൊടുത്ത ഹാജറ(റ) ഒരു സംസ്കാരത്തുടര്‍ച്ച തന്നെ സൃഷ്ടിച്ചു. ഹാജറ(റ), പടച്ചവന്റെ ഭക്തയായ ദാസി, അല്ലാഹുവിനാല്‍ പരിഗണിക്കപ്പെട്ടവര്‍, ഇസ്മാഈലി(അ)ന്റെ പെറ്റുമ്മ. ഒരു ജനതയുടെ സംസ്കാരത്തിലെ ശ്രേഷ്ഠയായ പൊന്നുമ്മയും. ദുഃഖവും ത്യാഗവും വിജയത്തിന്റെ പാഥേയമാണെന്ന തിരിച്ചറിവ് അവരുടെ ഈ പലായനം നമ്മെ ഓര്‍മിപ്പിക്കുന്നു. തവക്കുലും കിനാവും പ്രാര്‍ത്ഥനയും ഇവിടെ നാം കാണുന്നു. ചരിത്രം മാത്രമല്ല, ഇത് നമ്മുടെ ജീവിതവുമാവണം.

മുഹമ്മദ് നിശാദ് രണ്ടത്താണി

Exit mobile version