ഈയിടെ എത്ര സൂക്ഷ്മതയോടെയാണ് നാം നമ്മുടെ ഭൗതിക ശരീരത്തെ സംരക്ഷിക്കുന്നത്. മാസ്ക് ധരിച്ചും സോപ്പും സാനിറ്റൈസറും ഉപയോഗിച്ചും ഒരണുബാധ പോലും ശരീരത്തിലുണ്ടാകാതെ കൃത്യമായി പ്രതിരോധിക്കാൻ നാം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ ചില ആത്മീയ ചിന്തകൾക്കു കൂടി നാം ഇടം നൽകേണ്ടതുണ്ട്. മാലിന്യങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും ഹൃദയത്തെ സംരക്ഷിക്കാനും സുരക്ഷയോടെ നിലനിറുത്താനും വിശ്വാസികൾ പ്രത്യേകമായ ആത്മീയകവചങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഏറ്റവും ഫലപ്രദമായി ഈ ആത്മീയ മാർഗങ്ങൾ പ്രയോഗിക്കുന്നവർക്ക് വിജയം കൈവരിക്കാനാവുമെന്നതിൽ സംശയമില്ല.
നമ്മുടെ നാട്ടിൽ പഴയ കാലം മുതൽ പതിവാക്കി വരുന്ന ഹദ്ദാദ് റാത്തീബ് അതിൽ പ്രധാനമാണ്. ഇത് നിത്യമാക്കിയ കാരണത്താൽ ഹൃദയത്തിന് പൂർണ ആരോഗ്യം കൈവന്നവരും ആത്മീയ ലോകത്ത് ഉന്നതങ്ങൾ കീഴടക്കിയവരും നിരവധി. ഹൃദയ വിമലീകരണത്തിനായി മഹാനായ അബ്ദുല്ലാഹിൽ ഹദ്ദാദ്(റ) ലോകർക്ക് നൽകിയ ആത്മീയ വാക്സിനാണ് ഹദ്ദാദ് റാത്തീബ്. ഹദ്ദാദ് പതിവാക്കുന്നവരാണ് നമ്മിൽ പലരും. അദ്ദേഹത്തിന്റെ ആണ്ടിന്റെ മാസമാണ് കടന്നുപോയത്. 88-ാം വയസ്സിൽ ഹിജ്റ വർഷം 1132 ദുൽഖഅദ് ഏഴിനായിരുന്നു മഹാന്റെ വഫാത്.
‘ഹദ്ദാദുൽ ഖുലൂബ്’ എന്ന പ്രയോഗത്തിന് ഏറ്റവും അർഹനായ ആത്മീയ ജ്യോതിസ്സാണ് സയ്യിദ് അബ്ദുല്ലാഹിൽ ഹദ്ദാദ്(റ). ഹിജ്റ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ പരിഷ്കർത്താവായ (മുജദ്ദിദ്) മഹാനവർകൾ മനുഷ്യമനസ്സുകളെയായിരുന്നു പരിഷ്കരിച്ചിരുന്നത്. ഹദ്ദാദ് എന്ന പദത്തിനർത്ഥം കൊല്ലൻ എന്നാണ്. ഇരുമ്പിനെ തീയിൽ പഴുപ്പിച്ച് പരുവപ്പെടുത്തുന്ന കൊല്ലന്മാരെ പോലെ മനുഷ്യ മനസ്സുകളെ സകല അഴുക്കുകളിൽ നിന്നും ശുദ്ധിയാക്കിയെടുത്ത് അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ശ്രമകരമായ ദൗത്യമാണ് ഹദ്ദാദ്(റ) നിർവഹിച്ചിരുന്നത്.
അദ്ദേഹത്തിന്റെ കാൽപാടുകൾ കൊണ്ട് അനുഗൃഹീതമായ ഹള്റമൗതും തരീമിലെ സൻബലിലുള്ള അന്ത്യവിശ്രമ സ്ഥലവും സിയാറത്ത് ചെയ്യാൻ പലതവണ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അത്ഭുതകരമായിരുന്നു മഹാന്റെ ജീവിതം. നാലാം വയസ്സിൽ വസൂരി രോഗം ബാധിച്ച് കാഴ്ചശക്തി നഷ്ടപ്പെട്ടു. എന്നിട്ടും വൈജ്ഞാനിക-ആത്മീയ ലോകത്തിന്റെ നെറുകയിലേക്ക് നടന്നുകയറിയത് അതിജീവനത്തിന്റെ പുതിയകാലത്ത് ഉത്തേജനം നൽകുന്നതാണ്. പൂർണ ആരോഗ്യമുണ്ടായിട്ടും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ മാർഗങ്ങളില്ലാതെ വലയുന്ന ലോകത്താണ് അന്ധനായ ഒരു നാലു വയസ്സുകാരൻ ജീവിതം തുടങ്ങുന്നത്. തന്റെ സമപ്രായക്കാരെ പിന്നിലാക്കി ചെറുപ്പത്തിൽ തന്നെ ആ കുട്ടി കുതിപ്പു തുടർന്നു. വിശുദ്ധ ഖുർആൻ വേഗം മനപ്പാഠമാക്കി. തരീമിലെ തന്റെ ഓത്തുപള്ളിയിൽ അല്ലാഹുവിന് ശുക്റായി ഇരുന്നൂറ് റക്അത്ത് നിസ്കരിച്ചുകൊണ്ടാണ് ഇതിൽ അല്ലാഹുവിന് നന്ദി രേഖപ്പെടുത്തിയത്. ‘നിങ്ങൾ നന്ദി ചെയ്യുകയാണെങ്കിൽ തീർച്ചയായും ഞാൻ നിങ്ങൾക്ക് വർധനവ് നൽകും’ എന്ന വിശുദ്ധ ഖുർആനിന്റെ സൂക്തത്തിന്റെ നേർചിത്രമായിരുന്നു അദ്ദേഹം. തന്റെ പരിമിതികൾക്കിടയിലും അതിജീവനം ശീലമാക്കി.
ഹദ്ദാദ് പതിവാക്കുന്നവർക്ക് മഹാനവർകളെ പരിചയപ്പെടുത്തേണ്ടതില്ല. പാരമ്പര്യമായി നമുക്ക് കിട്ടിയ ആത്മീയാവലംബമാണ് ഹദ്ദാദ് റാത്തീബ്. ഹള്റമീ തങ്ങന്മാരുടെ വരവോടെയാണ് കേരളത്തിൽ ഏതാണ്ടെല്ലാ പള്ളികളിലും വീടുകളിലും ഹദ്ദാദ് റാത്തീബ് ചൊല്ലാനാരംഭിച്ചത്. ഹദ്ദാദിൽ വിശുദ്ധ ഖുർആനിലെ സവിശേഷ സൂറതുകളും സൂക്തങ്ങളും നബി(സ്വ)യുടെ ഹദീസിൽ വാരിദായ ദിക്റുകളുമാണുള്ളത്. റാത്തീബ് ചൊല്ലുന്നവർക്ക് ഇവ പതിവാക്കാൻ കൂടിയാണവസരം ലഭിക്കുന്നു. അതോടൊപ്പം മഹാന്മാരിലേക്ക് ഫാതിഹ ഹദ്യ ചെയ്യുകവഴി അവരുമായി ആത്മീയ ബന്ധം സ്ഥാപിക്കാനും സാധിക്കുന്നു.
ഹദ്ദാദ് പതിവാക്കുന്നവർക്ക് ഹുസ്നുൽ ഖാതിമ(ഹൃദയം ലങ്കിയുള്ള മരണം) ലഭിക്കുമെന്ന് പല പണ്ഡിതരും പറഞ്ഞിട്ടുണ്ട്. അമലുകൾ ചെറുതാണെങ്കിലും അവ പതിവാക്കുമ്പോഴാണ് ഫലം പൂണമായി ആസ്വദിക്കാനാവുക.
ഹിജ്റാബ്ദം 1071-ലാണ് ഹദ്ദാദ് റാത്തീബ് ക്രോഡീകരിക്കുന്നത്. ശീഈ വിഭാഗമായ സൈദിയ്യാക്കൾ ഹള്റമൗതിൽ വന്ന് പ്രചാരണമാരംഭിച്ചപ്പോൾ ചില പണ്ഡിതന്മാർ മഹാനോട് പറഞ്ഞു: ‘ശീഈ രംഗപ്രവേശനവും ആശയപ്രചാരണവും നാം ഭയക്കേണ്ടിയിരിക്കുന്നു. നമ്മുടെ നാട്ടുകാരുടെ വിശ്വാസവും ആദർശവും പിഴച്ചുപോകാനിടയുണ്ട്. അതിനാൽ ഈമാനിന് കാവൽ ലഭിക്കുന്നതിനായി ഹദീസുകളിൽ വന്ന ദിക്ർ, ദുആകൾ അങ്ങ് ക്രോഡീകരിച്ചുതന്നാൽ ജനങ്ങളെ ഒരുമിച്ചുകൂട്ടി അത് പതിവാക്കാമായിരുന്നു.’ ഈ അവശ്യപ്രകാരമാണ് മഹാനവർകൾ ഹദ്ദാദ് റാത്തീബിലെ ദിക്റുകൾ ക്രോഡീകരിക്കുന്നത്.
ഹദ്ദാദിന്റെ മഹത്ത്വമെഴുതിയ മഹാന്മാരൊക്കെ പറഞ്ഞത്, ഇത് മുസ്ലിമിന്റെ വിശ്വാസം രൂഢമൂലമാക്കാൻ ഉപയുക്തമാണെന്നാണ്. കാരണം ഫാതിഹയും ആയത്തുൽ കുർസിയും ആമനർറസൂലുവും അതിന്റെ തുടക്കത്തിലെ ദിക്റുകളുമൊക്കെ വിശ്വാസ സംബന്ധിയാണ്. വിശ്വാസ കാര്യങ്ങളിൽ സംഭവിക്കുന്ന മാർഗഭ്രംശങ്ങളിൽ നിന്ന് രക്ഷ കിട്ടാൻ അവ ഫലപ്രദമാണ്. ഹദ്ദാദ് പാരായണം ചെയ്യുന്നവരുടെ മനസ്സിൽ ബിദഈ ചിന്തകൾ കയറിപ്പറ്റുന്നതിനെ തൊട്ടും കാവൽ ലഭിക്കും. മുകളിൽ സൂചിപ്പിച്ചത് പോലെ ഹദ്ദാദ് പതിവാക്കുന്നവർ അന്ത്യം നന്നായി മരിക്കുമെന്നും മഹാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. വിശ്വാസത്തിനും ശരീരത്തിനും കൂടുതൽ സംരക്ഷണമാവശ്യമായ ഇക്കാലത്ത് ഹദ്ദാദ് റാത്തീബ് ഭൗതികവും ആത്മീയവുമായ മരുന്നാണെന്ന ഉറച്ച വിശ്വാസത്തോടെ പതിവാക്കാൻ ശ്രമിക്കുക.
സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി