60-ആം വാര്ഷികത്തെ വരവേല്ക്കാം

സമസ്ത കേരള സുന്നി യുവജനസംഘം കര്‍മഭൂമിയില്‍ ആറു പതിറ്റാണ്ട് പൂര്‍ത്തിയാക്കി അറുപതാം വാര്‍ഷിക പദ്ധതികളിലേക്ക് പ്രവേശിക്കുകയാണ്. ഏപ്രില്‍ 24-ന് വയനാട് ജില്ലയിലെ കല്‍പറ്റയിലാണ് എസ്.വൈ.എസ് അറുപതാം വാര്‍ഷിക പ്രഖ്യാപനം. അതോടെ കേരളം 60-ആം വാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ജ്വരത്തിലാകും.
1954-ല്‍ താനൂരില്‍ ചേര്‍ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 20-ആം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചു നടന്ന ചര്‍ച്ചയിലാണ് സമസ്തക്ക് ഒരു യുവജന സംഘടന രൂപീകരിക്കണമെന്ന് തീരുമാനമെടുത്തത്. തുടര്‍ന്ന് കോഴിക്കോട് ചേര്‍ന്ന സമസ്തയുടെ സുപ്രധാന യോഗത്തില്‍ എസ്.വൈ.എസിന് രൂപം നല്‍കുകയും ചെയ്തു.
1960-ല്‍ എസ്.വൈ.എസ് പ്രസക്തിയും നിലപാടും വ്യക്തമാക്കുന്ന വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും അതോടെ സംഘടന ജനകീയമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തു. ഈ സുപ്രധാന ഘട്ടങ്ങളില്‍ സാന്നിധ്യവും പങ്കാളിത്തവും വഹിച്ച ഇന്നു ജീവിക്കുന്ന ഒരേയൊരു വ്യക്തിത്വം നൂറുല്‍ ഉലമ എംഎ ഉസ്താദ് മാത്രമാണ്. 1983 മുതല്‍ 1995 വരെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി എംഎ ഉസ്താദ് സാരഥ്യം വഹിച്ചിട്ടുണ്ട്.
എസ്.വൈ.എസിന്റെ 60 വര്‍ഷത്തെ മുന്നേറ്റത്തില്‍ എംഎ ഉസ്താദിന്റെയും എപി ഉസ്താദിന്റെയും നേതൃത്വം അജയ്യമാണ്. സമസ്തയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എംഎ ഉസ്താദിന്റെ കാര്‍മികത്വത്തില്‍ 60-ആം വാര്‍ഷികം ആഘോഷിക്കുന്നതിനുള്ള അനുഗ്രഹീത അവസരം ഒരുങ്ങിയിരിക്കുന്നു- അല്‍ഹംദുലില്ലാഹ്.
പുതിയ സംഘടനാ ഘടകങ്ങള്‍ നിലവില്‍ വന്നതിന്റെ ശേഷം ഒന്നാം ഘട്ടം ശാക്തീകരണത്തിന്റെ ഭാഗമായി സംഘടനാ സ്കൂളുകള്‍ നടന്നുകഴിഞ്ഞു. രണ്ടാം ഘട്ടം ക്ഷേമജീവകാരുണ്യ മേഖലയില്‍ മിഷന്‍-2014 പദ്ധതികളും പൂര്‍ത്തിയായി വരുന്നു.
2014-15 വാര്‍ഷിക കൗണ്‍സിലുകള്‍ ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയാവുകയാണ്. ഇതോടെ എല്ലാ ഘടകങ്ങളും പ്രവര്‍ത്തകരും സജ്ജരായിക്കഴിഞ്ഞു. മൂന്നാം ഘട്ട പദ്ധതിയായി നവോത്ഥാന രംഗത്ത് പുതിയ കേരളത്തിന്റെ സൃഷ്ടിപ്പിനായി നമുക്ക് തയ്യാറെടുക്കാം; അറുപതാം വാര്‍ഷികത്തെ വരവേല്‍ക്കാം.

Exit mobile version