ബഹുഭാര്യത്വം: ഇസ്‌ലാം സ്ത്രീപക്ഷത്ത്

bahubharyathwam

ബഹുഭാര്യത്വത്തെ ഇസ്‌ലാം അംഗീകരിക്കുന്നു. അതിന് വിലക്കേർപ്പെടുത്താൻ ഉചിതമായ ന്യായങ്ങളോ കാരണങ്ങളോ ഇല്ല. സങ്കുചിതത്വത്തിൽ നിന്നു പുറത്തുകടന്ന് നിരീക്ഷിച്ചാൽ ബോധ്യമാവുന്നതാണതിന്റെ പ്രസക്തി. സംസ്‌കാരവും സദാചാരവും ധാർമികതയും സുരക്ഷിതമാവണമെന്ന് നിർബന്ധമുള്ള മതത്തിനും സമൂഹത്തിനും അതിനെതിരു നിൽക്കാനാവില്ല. സാമൂഹികവും വൈയക്തികവുമായ ഒരനിവാര്യതയായി അതു മാറിയെന്നും വരാം. മുൻവിധികൾ മാറ്റിവെച്ചാൽ ബഹുഭാര്യത്വത്തിന്റെ ഗുണപരമായ അവസ്ഥ ബോധ്യപ്പെടാതിരിക്കില്ല.

ആദിമ മനുഷ്യനും തന്റെ പത്‌നിയും പുത്രീപുത്രന്മാരും ഏകപത്‌നി സമ്പ്രദായത്തിലാണ് ജീവിച്ചതെന്നാണ് ചരിത്രം. പിൽക്കാലത്ത് ഒന്നിലധികം ഭാര്യമാരെ വേൾക്കാൻ സാഹചര്യമുണ്ടായപ്പോഴാണ് ബഹുഭാര്യത്വം ഉടലെടുത്തത്. പ്രവാചകന്മാരും അനുചരന്മാരും രാജാവും പ്രജകളുമെല്ലാം ബഹുഭാര്യത്വം പുലർത്തിയവരിലുണ്ട്. സംരക്ഷണം ആവശ്യമായ സ്ത്രീയെ തന്നെയാണ് സഹപത്‌നിമാരായി അവരൊക്കെ സ്വീകരിച്ചത്. അപരന് ഭാര്യയെ ലഭിക്കാത്ത വിധത്തിൽ സ്ത്രീകളെ കൂടുതലായി വേൾക്കുകയാണെങ്കിൽ അത് ന്യായീകരിക്കാനാവില്ല. ആദ്യ പത്‌നിയെ അവഗണിക്കാനും പീഡിപ്പിക്കാനുമാണ് രണ്ടാം വിവാഹമെങ്കിലും അംഗീകരിക്കേണ്ടതില്ല. എന്നാൽ പുരുഷ സംഖ്യയേക്കാൾ അധികം വരുന്ന സ്ത്രീകളെ സംരക്ഷിക്കുന്നതിനും അവർക്ക് കുടുംബ ജീവിതം ലഭ്യമാകുന്നതിനും ബഹുഭാര്യത്വത്തെ അംഗീകരിക്കാതിരിക്കാനാവില്ല. അതാണ് മാനുഷികമായ നിലപാട്.

പൂർവകാല മത സമൂഹങ്ങളിലും പ്രവാചകന്മാരിലും ബഹുഭാര്യത്വം നിലനിന്നതായി ചരിത്രം പറയുന്നു. മനുഷ്യന് വേണ്ടി പ്രപഞ്ചനാഥൻ നിശ്ചയിച്ച വ്യവസ്ഥകളിലൊന്ന് എന്ന നിലയിൽ ബഹുഭാര്യത്വത്തിന് മതത്തിൽ കൃത്യമായ ഒരിടമുണ്ട്.

നബി(സ്വ) പ്രബോധന പ്രവർത്തനം നടത്തുന്ന കാലത്തും ധാരാളം ഭാര്യമാരോടൊത്ത് കഴിയുന്നവരുണ്ടായിരുന്നു. വേൾക്കുന്നതിലോ സംരക്ഷിക്കുന്നതിലോ പ്രത്യേക നിയമവും നിയന്ത്രണവും ഉണ്ടായിരുന്നുമില്ല. തോന്നുന്നയത്ര കെട്ടി, തോന്നുമ്പോൾ ഉപേക്ഷിച്ചു. ഈ സ്വാർത്ഥതക്കെതിരെ സ്ത്രീ സമൂഹത്തിനു പ്രയോജന പ്രദമായ രൂപത്തിൽ നിയന്ത്രണം കൊണ്ടുവരികയായിരുന്നു ഇസ്‌ലാം. വിവാഹ രംഗത്ത് നിലനിന്നിരുന്ന ചില രീതികളെ മതം കണിശമായി തിരുത്തി. ബഹുഭാര്യത്വം അനുവദിക്കുന്ന നിസാഅ് സൂറത്തിലെ സൂക്തത്തിൽ തന്നെ ഇതു സംബന്ധിച്ച സൂചനയുണ്ട്.

എത്ര പത്‌നിമാരെയും സ്വീകരിക്കാവുന്ന സാമൂഹിക ക്രമത്തിൽ അനാഥകളായ പെൺകുട്ടികൾക്ക് അവഗണനയേൽക്കേണ്ടി വന്നു. വിവാഹത്തിന്റെയും വിവാഹ ബന്ധത്തിന്റെയും പേരിലുള്ള പരിഗണനകളും അവകാശങ്ങളും അവർക്ക് നിഷേധിക്കപ്പെട്ടു. അനാഥ മക്കൾക്ക് വേണ്ടി സംസാരിക്കാനാരുമുണ്ടായിരുന്നില്ല. എന്നാൽ ഇസ്‌ലാം അനാഥകളുടെ കൈപിടിച്ചു, അഭയം നൽകി, അനാഥകൾ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം ഇല്ലായ്മ ചെയ്തു, അവർക്ക് വിഷമം നേരിടുന്ന വിധത്തിലുള്ള വിവാഹ സമ്പ്രദായത്തിന് തിരുത്ത് നിർദേശിച്ചു.

കുത്തഴിഞ്ഞതും അനിയന്ത്രിതവുമായ അവസ്ഥയിൽ നിന്ന് വ്യവസ്ഥാപിതമായ ബഹുഭാര്യത്വ സമ്പ്രദായം അവതരിപ്പിച്ചു ഇസ്‌ലാം. യഥാർത്ഥത്തിൽ സ്ത്രീ മോചനപരമായ ഒരു നവോത്ഥാന ചുവട് വെയ്പായിരുന്നു അത്.

ഖുർആൻ പറയുന്നു: ‘അനാഥകളുടെ കാര്യത്തിൽ നീതി പുലർത്താനാവാത്ത അവസ്ഥ നിങ്ങൾ ഭയക്കുന്നുവെങ്കിൽ നിങ്ങൾക്ക് ഇണയാകാൻ തടസ്സങ്ങളില്ലാത്ത സ്ത്രീകളിൽ നിന്ന് രണ്ടോ മൂന്നോ നാലോ പേരെ നിങ്ങൾ വിവാഹം ചെയ്‌തോളൂ’ (അന്നിസാഅ്/3).

അന്നത്തെ അവസ്ഥയിൽ ഇതൊരു വിപ്ലവാത്മകമായ പ്രഖ്യാപനമായിരുന്നു. ഇഷ്ടമുള്ളത്ര സ്ത്രീകളെ ഭാര്യമാരാക്കി വെച്ചിരുന്നവർ അന്ന് ഏറെയുണ്ടായിരുന്നു. അവരിൽ നിന്നും ഇസ്‌ലാം സ്വീകരിച്ചവർ ഇത് ശിരസ്സാവഹിച്ചു.

ഗയലാനുബ്‌നു സലമത്തുസ്സഖഫി(റ) ഇസ്‌ലാം സ്വീകരിക്കുമ്പോൾ പത്ത് ഭാര്യമാരുണ്ടായിരുന്നു. നബി(സ്വ) നാലു ഭാര്യമാരെ നിലനിർത്താൻ അനുമതി നൽകി. മറ്റുള്ളവരെ അദ്ദേഹം ഒഴിവാക്കി (തിർമുദി). ഉമൈറതുൽ അസദി ഇസ്‌ലാം മതം സ്വീകരിക്കുമ്പോൾ എട്ടു ഭാര്യമാർ കൂടെയുണ്ടായിരുന്നു (അബൂദാവൂദ്). നൗഫലുബ്‌നു മുആവിയ(റ) വിശ്വസിക്കുമ്പോൾ അഞ്ച് സ്ത്രീകളും (ബൈഹഖി).

അറബികൾക്കിടയിൽ മാത്രമായിരുന്നില്ല അനിയന്ത്രിതമായ ബഹുഭാര്യത്വ സമ്പ്രദായം. ബഹുഭാര്യത്വത്തെ കണിശമായ ഒരു വ്യവസ്ഥക്ക് കീഴിൽ പരിമിതപ്പെടുത്തിയ ഈ സൂക്തം ഒന്നിലേറെ വിവാഹത്തിന് ആഹ്വാനം ചെയ്യുകയല്ല, മറിച്ച് വൈവാഹിക രംഗത്തു നിലനിന്നിരുന്ന ചൂഷണ സാഹചര്യങ്ങളെ നിരാകരിക്കുകയാണ്. ഇത്തരം വിശുദ്ധ സൂക്തങ്ങളെ സന്ദർഭത്തിൽ നിന്നടർത്തിയെടുത്ത് മതത്തിൽ വൈകൃതം ആരോപിക്കുന്നത് ക്ഷന്തവ്യമല്ല.

ലോകത്തെ ഏറ്റവും അപരിഷ്‌കൃതവും അടിയന്തരമായി പരിഹരിക്കേണ്ടതുമായ ‘പ്രശ്‌നം’ ബഹുഭാര്യത്വമാണെന്നു തോന്നും ചിലരുടെ പരിദേവനം കാണുമ്പോൾ. യോഗ്യനായ ഒരു പുരുഷൻ നാല് സ്ത്രീകൾക്ക് വരെ സംരക്ഷണം നൽകാൻ തയ്യാറാകുമ്പോൾ പിന്തുണക്കാനും കാര്യം സ്വയം ബോധ്യപ്പെടുത്താനുമാണ് മനുഷ്യപ്പറ്റുള്ളവർ തയ്യാറാവുക. അതിനുപകരം സ്ത്രീയോടുള്ള അതിരുവിട്ട അഭിനിവേശമാണ് ഏതു ബഹുഭാര്യത്വത്തിനു പിന്നിലുമെന്ന് കരുതാൻ യാതൊരു ന്യായവുമില്ല.

നമ്മുടെ കൊച്ചു കേരളത്തിൽ സന്ധ്യയാകുന്നത് ഭയന്നു കഴിയുന്ന അനേകം കുടുംബിനികളുണ്ട്. അന്തിക്കൂട്ടിന് പോലും ഉപകരിക്കാത്ത ‘വെള്ളം മോന്തി’കളിലെ ഹിംസ്ര സ്വഭാവികളായ ഇണകളുടെ ഉപദ്രവങ്ങളിൽ നിന്ന് അവരെ രക്ഷിക്കാൻ എത്ര സ്ത്രീ വിമോചന മുദ്രാവാക്യ തൊഴിലാളികൾ തയ്യാറുണ്ട്? ഭരണഘടനാ സ്ഥാപനങ്ങളുടെ പിന്തുണയുണ്ടായിട്ടും സാംസ്‌കാരിക താവളങ്ങളിലൊന്നും അതിനായൊരു ഇലയനക്കം പോലും കാണുന്നില്ല. അപ്പോൾ പ്രശ്‌നം പെണ്ണല്ല എന്നു ബോധ്യപ്പെടുന്നു. പെണ്ണൊരു മറയാണ്, ലക്ഷ്യം ഇസ്‌ലാമാണ്.

ഇസ്‌ലാമിനും നബി(സ്വ)ക്കുമെതിരെ ഇന്നു തുടങ്ങിയതല്ല ഈ ആരോപണം. ഖുർആൻ നാലു കെട്ടാൻ പറഞ്ഞു: മുഹമ്മദ് നബി(സ്വ) അത് ഇരട്ടിയിലധികമായി പ്രയോഗിച്ചു എന്നാർത്തു വിളിക്കാൻ ആവേശം കാണിക്കുന്നവരുടെ നിറവും മണവും മോഹവും എന്നും ഒന്നാണ്. പെണ്ണിന്റെ ജീവിതത്തിനല്ല അവരുടെ ദൃഷ്ടിയിൽ പരിഗണന, അവളുടെ ശരീരത്തിനാണ്.

സാർവത്രികമായ നീതിയും ഗുണവും സാധിക്കണമെന്നതിൽ അടിസ്ഥാനപ്പെട്ട നിയമ നിർദേശങ്ങളിലൊന്നാണ് ബഹുഭാര്യത്വം. അതിന്റെ ഗുണഭോക്താക്കൾ പ്രഥമമായി പെൺവർഗമാണ്. ഉപര്യുക്ത ഖുർആൻ വചനവും അതാണ് വ്യക്തമാക്കിയിട്ടുള്ളത്. സ്ത്രീകളുടെ സംഖ്യ വർധിതമായിക്കൊണ്ടിരിക്കുന്ന കാലത്ത് പ്രത്യേകിച്ചും ഇത് തുണയാകുന്നത് പെണ്ണിനു തന്നെ.

ലൈംഗിക തൃഷ്ണ മനുഷ്യനുണ്ടാവുക സ്വാഭാവികമാണല്ലോ. അത് കടിച്ചൊതുക്കി കഴിയാനോ സദാചാര ഭ്രംശം നടത്താനോ ഒരു വിഭാഗത്തോട് പറയുന്നതിൽ ഭേദം അവർക്ക് സഹകളത്രയായെങ്കിലും ജീവിക്കാനവസരം നൽകുകയാണ്.

ബർണാട് റസ്സൽ എഴുതി: സാമ്പത്തിക കാരണങ്ങളാൽ ചെറുപ്പത്തിലുള്ള വിവാഹം പല പുരുഷന്മാർക്കും അസാധ്യമായിരിക്കുകയും അതേ സമയം പല സ്ത്രീകൾക്കും വിവാഹം കഴിക്കാൻ സാധിക്കാതിരിക്കുകയും ചെയ്യുമ്പോൾ, സ്ത്രീ പുരുഷ സമത്വം സ്ത്രീകളുടെ ചാരിത്ര്യ ശുദ്ധിയുടെ കാര്യത്തിലുള്ള പരമ്പരാഗതമായ മാനദണ്ഡത്തിൽ ഒരു അയവ് ആവശ്യമാക്കിത്തീർക്കുന്നു എന്നത് വ്യക്തമാണ്. പുരുഷന്മാർക്ക് വിവാഹത്തിന് മുമ്പ് സംഭോഗത്തിലേർപ്പെടാമെങ്കിൽ സ്ത്രീകൾക്കും അത് അനുവദനീയമാക്കണം. സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതലായ എല്ലാ രാജ്യങ്ങളിലും എണ്ണത്തിൽ കൂടുതലായവർ അവിവാഹിതരായി നിൽക്കേണ്ടി വരുന്നതിനാൽ ഇവരെ ലൈംഗിക അനുഭവത്തിൽ നിന്നും പൂർണമായി തടയുന്നത് ഒരു വ്യക്തമായ അനീതിയാണ്. സ്ത്രീ പ്രസ്ഥാനത്തിന്റെ മുൻകാല അനുയായികൾക്ക് ഇങ്ങനെയുള്ള ഒരു പരിണിത ഫലം ദർശിക്കുവാൻ കഴിഞ്ഞില്ലായെങ്കിലും അവരുടെ ആധുനിക അനുയായികൾ അവ വ്യക്തമായും കാണുന്നുണ്ട്. ഈ നിഗമനങ്ങളെ ആരെങ്കിലും എതിർക്കുന്നുണ്ടെങ്കിൽ അവനോ അവളോ സ്ത്രീ വർഗത്തോട് നീതി പുലർത്തുന്നതിൽ അനുകൂലികളല്ല എന്ന വസ്തുതയെ അഭിമുഖീകരിക്കേണ്ടി വരും (വിവാഹവും സദാചാര മൂല്യങ്ങളും, പേ 76,77).

വേശ്യാവൃത്തിയിലേക്കോ അവിഹിത വേഴ്ചകളിലേക്കോ തള്ളിവിടുന്നതിനു പകരം മാന്യയായ ഒരു കുടുംബിനിയായി കഴിയാനുള്ള അവസരം നൽകുകയാണല്ലോ അഭികാമ്യം. അതിന് ബഹുഭാര്യത്വ സമ്പ്രദായം ഉപകാരപ്രദമാണുതാനും. വിധവയോ നിർധനയോ വിരൂപിയോ അനാഥയോ രോഗിണിയോ ആയ സ്ത്രീകൾക്ക് സംരക്ഷണം ലഭിക്കാൻ സാഹചര്യമൊരുങ്ങുന്നതിനെ വിമർശിക്കുന്നത് എത്രത്തോളം മാനുഷികമാണ്? മത നിയമങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന കുടുംബങ്ങളിലും ദേശങ്ങളിലും ബഹുഭാര്യത്വം അതിന്റെ ഗുണഫലങ്ങൾ വിതറുന്നത് ഇന്നും അനുഭവമാണ്. തന്റെ സഹകളത്രയത്തെ സഹോദരിയായി കാണുന്ന വധുവും ഭാര്യമാർക്കിടയിൽ വിവേചനം കാണിക്കാത്ത ഭർത്താവും സ്ത്രീ ‘വിമോചന’ വാദികളുടെ കോലാഹലങ്ങൾക്കിടയിലും സസന്തോഷം കുടുംബജീവിതം നയിക്കുമെന്നുറപ്പാണ്. അറബ് സമൂഹത്തിൽ ഇന്നും ഇതിന്റെ ധാരാളം ഉദാഹരണങ്ങൾ കാണാം. വിശാല മനസ്‌കതയാണ് ഇതിനാവശ്യം. അതില്ലാതിരുന്നാൽ അണുകുടുംബത്തിൽ പോലും മഹാസ്‌ഫോടനം ഉറപ്പ്.

ബഹുഭാര്യത്വം മതത്തിൽ അനുവദനീയമായ ഒന്നാണ്. ഈമാൻ, ഇസ്‌ലാം കാര്യങ്ങളിൽ അതില്ലെന്നു കരുതി അത് മതവിരുദ്ധമാവുകയില്ല. അതേ സമയം നിർബന്ധ ബഹുഭാര്യത്വമില്ലതാനും. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് അനുവർത്തിക്കേണ്ടി വരുന്നത് സാഹചര്യത്തിനനുസരിച്ചാണ്. അതിനാൽ അതിനെ നിഷേധിക്കുന്നതും ആക്ഷേപിക്കുന്നതും ശരിയല്ല. ഇസ്‌ലാം അനുവദിച്ചിട്ടുള്ള ഏതൊന്നിനും ചില നല്ല ഫലങ്ങളുണ്ടാകും. സദ്‌വിചാരത്തോടെ അതിനെ സമീപിച്ചാൽ അത് പുണ്യമായിത്തീരും. ബഹുഭാര്യത്വത്തിനും ഈ പൊതുവായ അവസ്ഥയുണ്ട്. അനുവദനീയമാണെന്നു കരുതി ഇതിനെ ദുരുപയോഗിക്കുന്നവരും നീതി പുലർത്താത്തവരും ശിക്ഷിക്കപ്പെടുകയും ചെയ്യും.

അനേകം നിർബന്ധ നിയമങ്ങൾ പാലിച്ച് മാത്രമേ വിവാഹമാകാവൂ. പുരുഷനെപ്പോലെ വിവാഹിതയാവുന്ന സ്ത്രീക്കും നിശ്ചിത യോഗ്യതകളും ഗുണങ്ങളും ഉണ്ടായിരിക്കണം. വധുവിന് പറഞ്ഞ നിബന്ധനകളിലും ചടങ്ങിലെ നിബന്ധനകളിലും ഇളവില്ലാതെ മാത്രമേ നികാഹ് സാധൂകരിക്കപ്പെടൂ. ചടങ്ങ് നടന്ന് വധൂവരന്മാരായിത്തീർന്നാൽ തുടർന്ന് നിർബന്ധമായും ഐച്ഛികമായും പാലിക്കേണ്ട കാര്യങ്ങൾ അനവധിയുണ്ട്. നീതിപൂർണമായ പെരുമാറ്റം നിർബന്ധം. ഭൗതിക വിഭവ സൗകര്യങ്ങൾ നൽകുന്നതിലും ദിവസങ്ങൾ വീതിക്കുന്നതിലും കണിശത പാലിക്കണം. നിശ്ചിത വിഹിതവും ദിവസവും മറ്റുള്ളവരുടെ സമ്മതപ്രകാരമല്ലാതെ ഇണകൾക്ക് നഷ്ടപ്പെടുത്തിക്കൂടാ. കർമശാസ്ത്ര ഗ്രന്ഥങ്ങൾ ഇതു വിശദീകരിച്ചിട്ടുണ്ട്.

ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുർആൻ രണ്ടു കാര്യങ്ങൾ ഗൗരവത്തിൽ ഓർമപ്പെടുത്തുന്നതു കാണാം. ഒന്ന്, സൂറതുന്നിസാഇലെ മൂന്നാം സൂക്തത്തിൽ ‘നീതിയോടെ കാര്യങ്ങൾ നിർവഹിക്കാൻ നിങ്ങൾക്കാവില്ല എന്ന് നിങ്ങൾ ആശങ്കിക്കുന്നുവെങ്കിൽ ഒരുത്തിയെ മാത്രം വിവാഹം കഴിക്കുക.’ രണ്ട്, സൂറത്തുന്നിസാഇലെ 129-ാം സൂക്തത്തിൽ ‘നിങ്ങളതിയായി ആഗ്രഹിച്ചാൽ തന്നെയും ഭാര്യമാർക്കിടയിൽ തുല്യനീതി പുലർത്താൻ നിങ്ങൾക്ക് കഴിയില്ല. അതിനാൽ ഒരുവളിലേക്ക് പരിപൂർണമായി ചാഞ്ഞ് അപരയെ കെട്ടിയിട്ടവളെ പോലെ ഒഴിച്ചിടരുത്.’

ഒന്നാം സൂക്തം ഭാര്യ രണ്ടോ മൂന്നോ നാലോ ആകാമെന്ന അനുമതി നൽകിയ ശേഷം വന്നിട്ടുള്ളതാണ്. തുല്യ അവകാശമുള്ളവർ ഒരുമിച്ചുവരുമ്പോഴാണ് നീതിയുടെ പ്രശ്‌നം കൂടുതലായി ഉയരുന്നത്. ഒന്നിലധികം ഭാര്യമാരുണ്ടാകുമ്പോൾ ഭർത്താവിൽ നിന്നും കിട്ടേണ്ട അവകാശങ്ങൾ ലഭ്യമായിരിക്കണം. ശാരീരികാവശ്യങ്ങൾ പ്രധാനമായും ജീവന്റെയും ആരോഗ്യത്തിന്റെയും നിലനിൽപിന് കൂടിയുള്ളതാണ്. അതിനാൽ കൃത്യത പാലിക്കാനാവില്ല എന്നാണെങ്കിൽ ഒരുത്തിയുമായി ജീവിച്ചോളൂ എന്നർത്ഥം. രണ്ടാമത്തെ വിവാഹം അവളോടോ, ആദ്യത്തവളോടോ അതിക്രമം കാണിക്കാനാണ് കാരണമാവുക എങ്കിൽ ഒന്ന് മതി. എല്ലാവരോടും നീതിപൂർവം പെരുമാറുമെന്ന നിശ്ചയത്തോടെ മാത്രമേ ഒന്നിലധികമാകാവൂ. നികാഹിന്റെ സാധുതയെ ബാധിക്കില്ലെങ്കിലും മഹാപാതകമാണിത്. ഇതിന്റെ പേരിൽ പൊരുത്തപ്പെടീക്കുകയും പശ്ചാതപിക്കുകയും വേണ്ടിവരും.

ഇമാം ശഅ്‌റാനി(റ) ശാരീരികവും പ്രത്യക്ഷവുമായ നീതി പാലനത്തിന്റെ ഗൗരവം വിവരിച്ചെഴുതി: രാത്രി താമസക്കാര്യത്തിലും ഭക്ഷണ-വസ്ത്ര കാര്യങ്ങളിലും മുഖപ്രസന്നതയോടെയുള്ള പെരുമാറ്റത്തിലും മറ്റും ഒരുത്തിയെ മറ്റവളെക്കാൾ പ്രത്യേകമാക്കരുതെന്ന് നമ്മോട് നബി(സ്വ)യുടെ കരാറുണ്ട്. എന്നാൽ പുഞ്ചിരിയും സന്തോഷ പ്രകടനവും മറ്റു ഭാര്യമാരുടെ സാന്നിധ്യത്തിലല്ലാത്തപ്പോൾ അധികമാകാവുന്നതാണ് (ലവാഖിഹുൽ അൻവാറിൽ ഖുദ്‌സിയ്യ).

ഇബ്‌നു ഹജറിൽ ഹൈതമി(റ) മഹാപാപങ്ങളെക്കുറിച്ച് വിവരിക്കുന്ന കൃതിയിൽ ഇരുനൂറ്റി എഴുപത്തിനാലാമത്തെ പാപമായി എണ്ണുന്നു: ‘മഹ്ർ, ജീവിത വിഭവങ്ങൾ തുടങ്ങി ഭർത്താവിൽ നിന്നു ഭാര്യക്കു ലഭിക്കേണ്ട അവകാശങ്ങൾ തടഞ്ഞുവെക്കുക.’ എന്നാൽ തനിക്കവകാശപ്പെട്ടത് മറ്റൊരാൾക്ക് നൽകുന്നതിനും ഇളവ് ചെയ്യുന്നതിനും ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട്. ആഇശ(റ)ക്ക് തന്റെ ദിവസം സൗദാ(റ) നൽകിയതുപോലെ.

രണ്ടാം സൂക്തത്തിൽ പരാമർശിച്ചിരിക്കുന്നത് ബഹുഭാര്യത്വം സ്വീകരിച്ചവരോടുള്ള നിർദേശമാണ്. ശാരീരികവും അനുബന്ധവുമായ അവകാശങ്ങൾ നീതിപൂർവം നൽകാമെന്ന നിശ്ചയത്തിൽ ബഹുഭാര്യത്വം നടന്നാൽ തന്നെ മാനസികമായി തുല്യനീതി സാധിക്കില്ല എന്ന പ്രശ്‌നമുണ്ട്. സ്‌നേഹം എല്ലാവർക്കും തുല്യമായി ഓഹരി ചെയ്യാനാകില്ലല്ലോ. അതു പക്ഷേ, മനഃപൂർവമുള്ള അവഗണനയാകാതെ നോക്കണം. ഏതെങ്കിലും കാരണത്താൽ ഒരുവൾ കൂടുതൽ പ്രിയങ്കരിയാവുക സ്വാഭാവികം. മക്കളുള്ളവളോട് മക്കളില്ലാത്തവളോടുള്ളതിനേക്കാൾ സ്‌നേഹമുണ്ടാവുന്നത് ഉദാഹരണം. ഇതുപോലെ, നിർണായകമായ ഒരു ഘട്ടത്തിൽ തനിക്ക് തുണയായവളോട് മറ്റുള്ളവരേക്കാൾ സ്‌നേഹവും അടുപ്പവും തോന്നിയേക്കാം.

മനുഷ്യസഹജമായ ദൗർബല്യങ്ങളെ അതിജീവിക്കാൻ ശ്രമിക്കാൻ ഏതൊരാൾക്കും ബാധ്യതയുണ്ട്. അതാണ് കെട്ടിയിട്ട പോലെ ഒന്നിനും സാധിക്കാത്ത വിധം അവളെ ആക്കരുത് എന്ന് പറഞ്ഞത്. ഭർത്താവ് ഉള്ളതും ഇല്ലാത്തതും സമം എന്നതിലപ്പുറമാണ് മറ്റൊരു വിവാഹത്തിന് സാധ്യതയില്ലാത്ത അവസ്ഥ. അവൾ ഒരു മനുഷ്യ സ്ത്രീ മാത്രമല്ല, അല്ലാഹുവിന്റെ ദാസിയുമാണ്. അവകാശം നിഷേധിക്കപ്പെട്ടവരുടെ പ്രാർത്ഥന ഫലസിദ്ധമാണ്. പത്‌നിമാരിലാരെയെങ്കിലും ഈ രൂപത്തിൽ അവഗണിക്കുന്നവൻ അന്ത്യനാളിൽ അതിന്റെ അടയാളവുമായാണ് യാത്രയാക്കപ്പെടുക.

നബി(സ്വ) പറയുന്നു: ഒരാൾക്ക് രണ്ടു പത്‌നിമാരുണ്ട്. പക്ഷേ, അവൻ അവർക്കിടയിൽ നീതിയോടെ പെരുമാറിയില്ല. എങ്കിൽ അന്ത്യനാളിൽ ഒരു ഭാഗം തളർന്നവനായാണവൻ യാത്രയാക്കപ്പെടുക (തിർമുദി).

ഈ രണ്ടു സൂക്തങ്ങളിലെ പരാമർശങ്ങളെ ദുരുപദിഷ്ടമായി ചിലർ ഉപയോഗപ്പെടുത്താറുണ്ട്. ബഹുഭാര്യത്വം അനുവദിക്കുന്ന ആയത്ത് ഉദ്ധരിച്ച് ബഹുഭാര്യത്വം ഇസ്‌ലാമിൽ നിർബന്ധ നിയമമാണെന്നു ചിലർ വാദിക്കുന്നു. എന്നാൽ ബഹുഭാര്യത്വം ലാഘവത്തോടെ എല്ലാവർക്കും സ്വീകരിക്കാവുന്നതല്ല എന്ന ബോധം പകരുകയാണ് രണ്ട് ആയത്തുകളും. നീതി പുലർത്താനാവില്ലെന്ന് ആശങ്കിച്ചാൽ ഒന്നു മതി എന്നു പറഞ്ഞതും ഇതുകൊണ്ടാണ്.

ബഹുഭാര്യത്വം എല്ലാവർക്കും ആവാമെന്ന് സ്ഥാപിക്കാനല്ല ഈ കുറിപ്പ്. മറിച്ച് ഇസ്‌ലാമിൽ നിബന്ധനകൾക്കു വിധേയമായി നിയമപരമായ അംഗീകാരമുള്ളതാണത് എന്ന് വിവരിക്കുകയാണ്. ആവശ്യവും സൗകര്യവുമുള്ളവർക്ക് അതാകാം. എന്നാൽ അതീവ ലാഘവത്തോടെ ഈ നിയമാനുമതി ദുരുപയോഗം ചെയ്യുന്നതിന് ഒരു ന്യായീകരണവുമില്ല. മതപരമായ ചട്ടക്കൂടിൽ അച്ചടക്കത്തോടെ ജീവിക്കുന്നവരിൽ നിന്ന് അത്തരത്തിലുള്ള സമീപനങ്ങൾ കാണാനാവില്ല. ആ വിധം ബഹുഭാര്യത്വം സ്വീകരിച്ചവർ കൃത്യമായി ബാധ്യത നിർവഹിച്ച് വരുന്നതായാണ് അനുഭവം.

അകാരണമായും നിക്ഷിപ്ത താൽപര്യത്തിന്റെ അടിസ്ഥാനത്തിലും നടക്കുന്ന ഒന്നിലധികം വിവാഹങ്ങളെക്കുറിച്ച് ഗുരുവര്യന്മാർ മുന്നറിയിപ്പ് നൽകിക്കാണാം. അത് നിലനിർത്താനിടയുള്ള കുടുംബകലഹം പോലുള്ള അരുതായ്മകളെ കുറിച്ച് അവർ താക്കീത് നൽകിയിട്ടുമുണ്ട്. ഇമാം ശഅ്‌റാനി(റ) എഴുതി: ലൈംഗികാവശ്യം പൂർത്തീകരിച്ച് കൊടുക്കാതിരിക്കുക, സാധ്യമായിട്ടും ജീവിത വിഭവ സൗകര്യങ്ങളിൽ കുറവ് വരുത്തുക, അവളുണ്ടായിരിക്കെ മറ്റൊരു വിവാഹം തുടങ്ങിയവ മതപരമായ സാഹചര്യമില്ലാതെയോ അവളുമായി സംസാരിച്ച് തൃപ്തിപ്പെടുത്താതെയോ ചെയ്യുക വഴി തെറ്റുകൾ പ്രവർത്തിക്കാൻ കാരണമാവുന്ന കാര്യങ്ങൾ ചെയ്യരുതെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് പാലിക്കുന്നതിൽ പലർക്കും വീഴ്ച സംഭവിക്കുന്നു. ഒരു ഭാര്യ ഉണ്ടായിരിക്കെ അനിവാര്യ കാരണമില്ലാതെ മറ്റൊരുത്തിയെ കല്യാണം കഴിക്കുകയും അതുവഴി അവൾക്കവകാശപ്പെട്ട പലതും നഷ്ടപ്പെടുകയും അതുകാരണം അവൾ അവന്റെ ഇഷ്ടത്തിനും താൽപര്യത്തിനും എതിരാവുകയും ചെയ്യും. അപ്പോൾ അവൻ അവളോട് ദേഷ്യപ്പെടുകയും താൻ ചെയ്തത് മറക്കുകയും ചെയ്യുന്നു (ലവാഖിഹ്).

ഇസ്‌ലാമിനെ നാലുകെട്ടിന്റെ മതമായി പ്രചരിപ്പിച്ച് അവമതിക്കാൻ ശ്രമിക്കുന്നവർ അച്ചടക്കമില്ലാത്ത നാല് കെട്ടുകാരെയും മൊഴി ചൊല്ലൽകാരെയും സൃഷ്ടിച്ച സാമൂഹിക സാഹചര്യത്തെയാണ് അടിയന്തരമായി ചികിത്സിക്കേണ്ടത്. കുറച്ചാളുകൾ ദുരുപയോഗം ചെയ്യുന്നുവെന്നതിനാൽ ഇസ്‌ലാമിനെ പ്രതിക്കൂട്ടിലാക്കി വിചാരണക്കു ശ്രമിക്കുന്നതിന്റെ സാംഗത്യമെന്താണ്? അങ്ങനെയെങ്കിൽ ദുരുപയോഗിക്കുന്ന ഭരണഘടനാ നിയമങ്ങളുടെ ഭാവിയും എന്തായിരിക്കും? അതിനാൽ ഇസ്‌ലാമിലെ ഏതെങ്കിലുമൊരു തത്ത്വത്തെ കുറിച്ച് മതിപ്പ് കുറവ് തോന്നുന്നുവെങ്കിൽ കുഴപ്പം തങ്ങൾക്കാണെന്നാണ് പുരോഗമന വാദികൾ ഗ്രഹിക്കേണ്ടത്.

Exit mobile version