സാധാരണവും സവിശേഷവുമായ ജീവിതാവസ്ഥകളെ കൃത്യതയോടെ സംബോധന ചെയ്യുന്നു എന്നതാണ് ഇസ്‌ലാമിനെ സമ്പൂർണ ജീവിതപദ്ധതിയാക്കി മാറ്റുന്ന മുഖ്യഘടകം. അതുകൊണ്ടുതന്നെ അതിനെപ്പോഴും കാലികമാകാൻ കഴിയുന്നു. അത്യപൂർവമോ അത്യസാധാരണമോ ആയ സന്ദർഭങ്ങളിൽ പോലും മതം സ്തംഭിച്ചുപോകാതിരിക്കുന്നത് അതുകൊണ്ടാണ്. കോവിഡ് മഹാമാരിയുടെ പ്രാരംഭ നാളുകൾ ഓർക്കുക. രോഗമുനമ്പിൽ ലോകം അന്തിച്ചുനിന്നപ്പോൾ പള്ളികൾ അടച്ചിട്ടും ആരാധനകൾ വീടുകളിലേക്ക് പറിച്ചുനട്ടും വിശ്വാസം മുന്നോട്ടുകൊണ്ടുപോകാൻ മുസ്‌ലിംകൾക്ക് സാധിച്ചത് സവിശേഷാവസ്ഥകളെ സംബോധന ചെയ്യാൻ ഇസ്‌ലാമിന് കെൽപുള്ളതുകൊണ്ടാണ്. മുസ്‌ലിം സാമൂഹിക ജീവിതത്തിലും ആത്മീയോത്കർഷത്തിലും പള്ളികൾക്ക് നിസ്തുല പങ്കുണ്ട്. ജുമുഅ നിസ്‌കാരത്തിനു പോലും തുറന്നിടാതെ, മഹാവ്യാധിയുടെ കാലത്ത് ആ വിശുദ്ധ കേന്ദ്രങ്ങൾ അടച്ചിടാൻ തീരുമാനിക്കുകവഴി മതത്തിന്റെ മനുഷ്യോന്മുഖ പാഠങ്ങളെ ലോകത്തിനു മനസ്സിലാക്കിക്കൊടുക്കാൻ മുസ്‌ലിം പണ്ഡിതന്മാർക്ക് സാധിച്ചു. മനുഷ്യന്റെ സഞ്ചാര വഴിയിൽ കരുതലും കാവലുമായി മതം എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ സമീപകാല അനുഭവമെന്ന നിലയിലാണ് കോവിഡ്കാല ഇസ്‌ലാം അനുഭവത്തെ ഉദാഹരിച്ചത്.
മഹാപണ്ഡിതരുടെ ജ്ഞാനാന്വേഷണങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലശ്രുതിയാണ് ഇസ്‌ലാമിന്റെ ഈ സാർവകാലികത. അജ്ഞാനികളുടെ കടന്നുകയറ്റത്തെ യഥാകാലം അറിവു കൊണ്ട് തിരുത്തിയും ധിഷണ കൊണ്ട് ചെറുത്തും സാധ്യമാക്കിയ ഗരിമയെ അതിന്റെ വിശുദ്ധിയോടെ കാത്തുവെച്ച നാടുകളിലൊന്നാണ് കേരളം. അതിനു കാരണങ്ങൾ പലതാണ്. ദർസീവിജ്ഞാനത്തിലൂടെ ഇസ്‌ലാമിന്റെ സൗന്ദര്യത്തെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുവെന്നതാണ് അതിൽ മുഖ്യം. അതുവഴി പരമ്പരാഗത വിശ്വാസം നിറശോഭയോടെ കത്തിനിൽക്കുന്നുണ്ടിവിടെ. വ്യതിയാന ചിന്തകളുടെ ധൂമപാളികളിൽ അകപ്പെട്ട് കേരളത്തിലെ മുസ്‌ലിം സമുദായം വഴികേടിലാകാതിരുന്നത് പാരമ്പര്യ ഇസ്‌ലാമിന്റെ വെളിച്ചം കൈയിലുണ്ടായിരുന്നതിനാലാണ്. വ്യക്തതയോടെ പറഞ്ഞാൽ, മതം ആധികാരിക സ്രോതസ്സുകളിൽ നിന്ന് പഠിച്ചവർ മതവിഷയങ്ങളിൽ തീർപ്പുകൾ പറഞ്ഞു, മുസ്‌ലിം സമൂഹം ആ സ്ഥാനം ജ്ഞാനശ്രേഷ്ഠർക്ക് വകവെച്ചു നൽകി എന്നതാണ് കേരളീയ മുസ്‌ലിം ജീവിതത്തെ ഇത്ര തിളക്കമുള്ളതാക്കിയത്.
ഇത്രയും ആമുഖം പറയേണ്ടിവന്നത് സമീപ നാളുകളിൽ കേരളം കേട്ട രണ്ടബദ്ധ പ്രസ്താവനകളെ പ്രശ്‌നവത്കരിക്കുന്നതിനാണ്. ഒരാൾ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് അബദ്ധം എഴുന്നെള്ളിച്ചതെങ്കിൽ രണ്ടാമത്തെയാൾ ഓൺലൈൻ ചാനലിനോടാണ് വിവരമില്ലായ്മ വിളമ്പിയത്. രണ്ടുപേരും രാഷ്ട്രീയ നേതാക്കളാണ്. അവർ മതം പറയേണ്ടവരല്ല. മതം പഠിച്ചവരുമല്ല. അറിവില്ലായ്മ അലങ്കാരമായി ആഘോഷിക്കരുത് ഒരു നേതാവും. അതാണ് ഇരുവരുടെയും കാര്യത്തിൽ സംഭവിച്ചത്. വിശ്വാസിമുസ്‌ലിമിന്റെ വിവാഹത്തിലെന്ന പോലെ ജീവിതത്തിൽ മതം പ്രാക്ടീസ് ചെയ്യാത്ത മുസ്‌ലിം പേരുകാരന്റെ വിവാഹത്തിലും ഇസ്‌ലാമിന് നിലപാടുണ്ട്, കർമശാസ്ത്ര വിധികളുണ്ട്. അത് പറയാനുള്ള അവകാശം മതം പഠിച്ചവർക്ക് വിട്ടുകൊടുക്കാനുള്ള വകതിരിവ് പോലും നഷ്ടപ്പെട്ടതിന്റെ മതിഭ്രമങ്ങളാണ് അതിവാദങ്ങളായി പുറപ്പെട്ടുപോയ വാക്കുകൾ. രാഷ്ട്രീയ നേതാക്കൾ ഫത്‌വ നൽകാനിറങ്ങിയാൽ എങ്ങനെയുണ്ടാകുമെന്നതിന് എക്കാലത്തേക്കും ഉദാഹരിക്കാവുന്ന രണ്ടു പേരുകളായി അബ്ദുറഹ്‌മാൻ കല്ലായിയും ടികെ ഹംസയും മാറിക്കഴിഞ്ഞു. ഖുർആനും ഇതര ഇസ്‌ലാമിക പ്രമാണങ്ങളും അസ്ഥാനത്ത് ദുർവ്യാഖ്യാനിച്ചുകൊണ്ട് സ്വന്തം രാഷ്ട്രീയ താൽപര്യം സ്ഥാപിച്ചെടുക്കാൻ അജ്ഞാനികളും അൽപജ്ഞാനികളും തിടുക്കം കൂട്ടുന്നത് ഏതായാലും ഇസ്‌ലാമിനോടുള്ള ഇഷ്ടം കൊണ്ടല്ല, രാഷ്ട്രീയമായി എതിർചേരിയിലുള്ളയാളെ എങ്ങനെയും അടിക്കുക എന്ന സങ്കുചിത ചിന്ത മാത്രമാണ് അവരെ നയിക്കുന്നത്. അതിനു മതത്തെയും പ്രമാണങ്ങളെയും ദുരുപയോഗിക്കരുതെന്നാണ് രാഷ്ട്രീയ നേതാക്കളോട് വിശ്വാസിമുസ്‌ലിമിന്റെ അഭ്യർഥന.
ഓരോരുത്തരും അവർക്കറിയാവുന്ന പണിയെടുക്കട്ടെ. ഏതു തെങ്ങിനും പാകമാകുന്ന തളപ്പ് കൈയിലുണ്ടെന്നു കരുതി സമുദായത്തിന്റെ നേർക്കുവന്നാൽ സ്വാഭാവികമായും വിമർശനങ്ങളുണ്ടാകും. അതുൾക്കൊള്ളാൻ പോന്ന ജനാധിപത്യ വികാസം ഇന്ന് പല പാർട്ടികൾക്കുമില്ല എന്നതാണ് അനുഭവ യാഥാർഥ്യം. എതിരഭിപ്രായങ്ങളെ ഏതു വിധേനയും അടിച്ചൊതുക്കണമെന്ന നിലപാടിൽ പാർട്ടി വ്യത്യാസമില്ല. പുരോഗമന രാഷ്ട്രീയത്തിന്റെ വക്താക്കളെന്നവകാശപ്പെടുന്നവർ പോലും വിമർശനങ്ങളോട് അങ്ങേയറ്റം അസഹിഷ്ണുക്കളാണ്.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ജെൻഡർ ന്യൂട്രാലിറ്റി വസ്ത്ര പരിഷ്‌കാരം ഓർക്കുക. സത്യത്തിൽ എന്താണ് അവിടെ സംഭവിച്ചത്? സാമൂഹിക ജീവിതത്തിൽ ലിബറലിസം ഇടിച്ചുകയറാൻ ശ്രമിച്ചു. അതാണ് ഉത്തരം. 200 പെൺകുട്ടികളും 60 ആൺകുട്ടികളുമാണ് ആ സ്‌കൂളിൽ പഠിക്കുന്നത്. എല്ലാവർക്കും പാന്റും ഷർട്ടും യൂണിഫോമായി അടിച്ചേൽപിക്കാൻ സ്‌കൂൾ അധികൃതർ ശ്രമിച്ചു. അതൊരു യൂണിഫോം മാറ്റം മാത്രമായിരുന്നില്ല. കേരളത്തിലെ ഏതെങ്കിലുമൊരു സ്‌കൂളിലെ യൂണിഫോം മാറ്റം സംസ്ഥാനത്തെ ഒരു മന്ത്രി പ്രഖ്യാപിച്ച അനുഭവം നമ്മുടെ വിദൂര ഓർമകളിലെങ്കിലുമുണ്ടോ? യൂണിഫോം മാറ്റത്തെ വിദ്യാഭ്യാസ മന്ത്രി നേരിട്ടഭിനന്ദിച്ച സന്ദർഭം സമീപ ചരിത്രത്തിലുണ്ടോ? സംസ്ഥാനം ഭരിക്കുന്ന പാർട്ടി തന്നെ യൂണിഫോം മാറ്റത്തെ പുകഴ്ത്തുന്നത് കേട്ടുകേൾവിയുണ്ടോ? ബാലുശ്ശേരിയിൽ അതെല്ലാം സംഭവിച്ചിട്ടുണ്ട്. അതിനർഥം അവിടെ ഉണ്ടായത് യൂണിഫോം മാറ്റമല്ല, ജെൻഡർ ന്യുട്രാലിറ്റിയുടെ മറവിൽ ഇടതു ലിബറൽ അജണ്ടകൾ കടത്തിക്കൊണ്ടുവന്നതാണ്. ഒരു ഭരണകക്ഷിക്ക് വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ രാഷ്ട്രീയ അജണ്ടകൾ ഉണ്ടാകുന്നത് തെറ്റല്ല. പക്ഷേ ഒരു ബഹുസ്വര സമൂഹത്തിൽ പ്രത്യയ ശാസ്ത്ര അജണ്ടകൾ അടിച്ചേൽപിക്കുന്നത് കൊടിയ വഞ്ചനയാണ്. കാരണം കേരളം വോട്ടു നൽകിയത് കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിനല്ല, ഇടതുപക്ഷ രാഷ്ട്രീയത്തിനാണ്.
കുട്ടികൾക്ക് സ്വയം തിരഞ്ഞെടുപ്പിനുള്ള അവകാശം നിഷേധിച്ചുകൊണ്ടാണ് പാന്റും ഷർട്ടും ഏകപക്ഷീയമായി നിശ്ചയിച്ചത് എന്നതാണ് ബാലുശ്ശേരി പ്രശ്‌നത്തെ സങ്കീർണമാക്കിയ പ്രധാന കാര്യം. ആ വേഷം അനുയോജ്യമല്ല എന്നു ചിന്തിക്കുന്ന കുട്ടികൾക്ക് മറ്റൊന്ന് തിരഞ്ഞെടുക്കാൻ അനുമതി നൽകണമെന്ന ആവശ്യം പ്രതിഷേധത്തിനൊടുവിലാണ് സ്‌കൂൾ അധികൃതർ അംഗീകരിച്ചത്! ഈ ജനാധിപത്യ ആവശ്യത്തെ ഇടതു രാഷ്ട്രീയ പ്രൊഫൈലുകൾ നേരിട്ടത് അങ്ങേയറ്റം നികൃഷ്ടമായ പദാവലികൾ ഉപയോഗിച്ചാണ്. രാഷ്ട്രീയത്തിൽ ധാർമികതയും മാന്യതയും കൈമോശം വന്നുവെന്നുറപ്പിക്കാവുന്ന അറപ്പുളവാക്കുന്ന പ്രയോഗങ്ങൾ വാരിവിതറിയവർ സംഘ്പരിവാർ ഫാഷിസത്തിന്റെ സാംസ്‌കാരിക മച്ചുനന്മാരാകാൻ മത്സരിക്കുകയായിരുന്നു!!
ജെൻഡർ ന്യൂട്രാലിറ്റിയെ കുറിച്ചുള്ള ഇടത് (സമാന) വീക്ഷണങ്ങൾക്കു പുറത്ത് മറ്റു വീക്ഷണങ്ങളും വിമർശനങ്ങളും പങ്കുവെക്കുന്നവരെ മതവെറിയന്മാരായി ചിത്രീകരിക്കുന്ന മനോനിലയെ ഏതു രാഷ്ട്രീയ ക്ലാസിലിരുത്തിയാണ് ചികിത്സിച്ചു ഭേദമാക്കുക? ഒരൊറ്റ വീക്ഷണം, ഒരൊറ്റ പ്രത്യയ ശാസ്ത്രം എന്ന ഫാഷിസ്റ്റ് വിഭാവന പങ്കിടുന്നവരെ ജനാധിപത്യവാദികൾ എന്ന് വിളിക്കാനാകില്ല. അസഹിഷ്ണുതയുടെ പെരുങ്കളിയാട്ടമാണ് സമൂഹ മാധ്യമങ്ങളിൽ ഈ ദിവസങ്ങളിൽ അരങ്ങേറിയത്. അവരിൽ മിക്കവരും ചെങ്കൊടിത്തണലിൽ അഭയപ്പെട്ടവരാണ് എന്നത് ആരെയാണ് അതിശയിപ്പിക്കാത്തത്?
ഇനി തുല്യതയുടെ കാര്യം. സ്ത്രീയും പുരുഷനും ഒന്നല്ല. വേഷം ഒന്നായാൽ ഭാവവും പ്രകൃതവും ഒന്നാകില്ലതന്നെ. ഈ ബോധം പങ്കിടുന്നവരിൽ മതവിശ്വാസികളും മതരഹിതരുമുണ്ട്. സ്ത്രീയെ സ്ത്രീയായി ജീവിക്കാൻ അനുവദിക്കില്ലെന്ന ആൺവാശിയുടെ മറവിൽ ഒളിച്ചിരിക്കുന്ന ലിബറലിസത്തെ വലിച്ചുപുറത്തിട്ടു വിചാരണ ചെയ്യാൻ ആളുണ്ടായി എന്നതാണ് ശ്രദ്ധേയ കാര്യം. ലിംഗസമത്വത്തിലേക്ക് ഓടിക്കയറാൻ ആദ്യം ചെയ്യേണ്ടത് കുട്ടികളുടെ സ്വയം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തിനു തടയിടലാണോ? ബാലുശ്ശേരിയിലെ തിടുക്കങ്ങൾ ആ സംശയമാണ് ജനിപ്പിച്ചത്. ഇത് യൂണിഫോമിന്റെ പ്രശ്‌നമല്ല, ലിബറൽ അജണ്ടയാണ് എന്ന നിഗമനത്തിലേക്ക് എത്തിച്ചേരുന്നതും ഇതുകൊണ്ടുതന്നെ.
ലിബറൽ യുക്തി ചിന്താ പ്രസ്ഥാനങ്ങൾ സാമൂഹിക മൂല്യങ്ങൾക്ക് തെല്ലും വില കൽപിക്കുന്നില്ല. അവർ ഏത് വേഷത്തിൽ വെളിപ്പെട്ടാലും ധാർമിക സമൂഹം ആശങ്കപ്പെടും; അത് സ്വാഭാവികമാണ്. ആ ആശങ്കകളെ ബലപ്പെടുത്തുന്ന പ്രതികരണങ്ങളാണ് ബാലുശ്ശേരി സ്‌കൂൾ വിവാദത്തിൽ ഇടത് ലിബറൽ പ്രൊഫൈലുകളിൽ നിന്നുണ്ടായത്. നിങ്ങൾ മതസങ്കുചിതവാദികൾ, ഞങ്ങൾ മതേതര പുരോഗമനവാദികൾ എന്ന് കേരളത്തെ വിഭജിക്കാൻ ശ്രമിക്കുകയായിരുന്നു അവർ. പുരോഗമനത്തെ തങ്ങൾ നിർവചിക്കും, വേഷം തങ്ങൾ നിർണയിക്കും, അതൊന്നും ചോദ്യം ചെയ്യരുതാരും. ഇതെന്തുതരം ജനാധിപത്യമാണ്? പെൺകുട്ടികളുടെ ഉടുപ്പിന്റെ നീളം കുറച്ചാൽ ലിംഗസമത്വം കൈവരുമെന്നത് എന്ത് വിചിത്ര ഭാവനയാണ്? ആണധികാരത്തിന്റെ അഹന്തകൾ പുതുതലമുറയിൽ അടിച്ചേൽപിക്കുന്നതിൽ എന്തു പുരോഗമനമാണുള്ളത്? ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തരുത്. ചോദ്യങ്ങൾക്കുള്ള മറുപടി തെറിവിളികളാകരുത്. അത് കടപ്പുറത്തായാലും സൈബറിടത്തിലായാലും.
മുഹമ്മദലി കിനാലൂർ