റമളാനെ എങ്ങനെ സ്വാഗതം ചെയ്യാം

jn2 (2)വിവേകം മാത്രമല്ല, വികാരം കൂടി മനുഷ്യപ്രകൃതത്തിനുണ്ട്. ഒന്നാമത്തേത് ജീവിതത്തില്‍ സ്വാധീനം നേടുമ്പോഴാണ് അവന്‍ ലക്ഷ്യം നേടുന്നതെന്ന് അറിയാത്തവരുണ്ടാവില്ല. അല്ലെങ്കില്‍ അവന്‍ മൃഗമായിത്തീരും. ബുദ്ധിയുള്ള ഒരു മൃഗം. ഇതു സംഭവിക്കാതിരിക്കാനും യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് മാനവനെ നയിക്കാനുമായിരുന്നു പ്രവാചകന്മാരുടെ ആഗമനം. സത്യാസത്യ വിവേചനം അവര്‍ കാണിച്ചുതന്നു. അതനുസരിച്ചു ചലിക്കുന്നവര്‍ക്കുള്ള അമേയാനുഗ്രഹങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.
പൈശാചിക സമ്മര്‍ദങ്ങള്‍ക്ക് നാം വിധേയരായിക്കൊണ്ടിരിക്കും. അതിന്‍റെ ശക്തിയും തോതും വര്‍ധിപ്പിക്കും വിധത്തിലാണ് സാഹചര്യം. നന്മയിലൂടെയുള്ള ജീവിതം ശരിക്കും ശ്രമകരമായിരിക്കുന്നു. അങ്ങനെ തിന്മയിലേക്ക് പ്രവേശിക്കേണ്ടി വരുന്നവര്‍ക്ക് പ്രതിക്രിയക്കായും ആത്മാവിനെ വിമലീകരിക്കുന്നതിനായും അല്ലാഹു കനിഞ്ഞേകിയ നിരവധി കാര്യങ്ങളുണ്ട്. ആരാധനകള്‍ അതില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ചില പ്രത്യേക പുണ്യങ്ങളും നാഥന്‍ നല്‍കി. റമളാന്‍ ഏറെ ശ്രദ്ധേയമാണിതില്‍. തെറ്റുകള്‍ കഴുകാനും നന്മകള്‍ക്ക് അനേകമിരട്ടി പുണ്യം ലഭിക്കാനും അതുവഴി നമുക്കാവുന്നു. ഇതറിയാത്ത വിശ്വാസികള്‍ തീരെ ഉണ്ടാവില്ലെന്നു തന്നെ പറയാം. എന്നാലും, സഹചമായ ആലസ്യത്തില്‍ അഭിരമിക്കുന്ന കാരണത്താല്‍ നിരവധി റമളാനുകള്‍ കഴിഞ്ഞുപോയിട്ടും അവ വേണ്ടവിധം വിനിയോഗിക്കാന്‍ പലര്‍ക്കുമായിട്ടില്ലെന്നതാണു സത്യം. മറ്റൊരു റമളാനിന്‍റെ തിരുമുഖത്തുനിന്ന് അതിനെയെങ്കിലും വേണ്ടവിധം മുതലെടുപ്പ് നടത്താനുള്ള ആലോചനക്ക് ഏറെ പ്രസക്തിയുണ്ട്.
പടിവാതിലിലെത്തിയ വിശുദ്ധ മാസത്തെ നാം മുതലെടുത്താലും ഇല്ലെങ്കിലും ഒരു ദിനം അത് വിടവാങ്ങുക തന്നെ ചെയ്യും. മുന്‍കാലാനുഭവങ്ങള്‍ ചില താക്കീതുകള്‍ നല്‍കുമ്പോഴും ഒരു പതിവ് പരിപാടിക്കപ്പുറം, ഓരോ നിമിഷങ്ങളിലും അനുഗ്രഹം നിറച്ച നോമ്പുകാലം നമുക്ക് ഫലപ്രദമാവാറുണ്ടോ? നോമ്പ് നിര്‍ബന്ധമാക്കിയ ഖുര്‍ആന്‍ വചനത്തില്‍ തഖ്വ നേടാനെന്ന് കാരണം പറയുന്നുണ്ട്. അര്‍ഹമായ പരിഗണന നല്‍കി റമളാനിനെ യാത്രയാക്കുന്നവര്‍ക്കുവേണ്ടി അത് ശിപാര്‍ശ ചെയ്യുമെന്നും പ്രമാണം. ഉപരിസൂചിതമല്ലാത്ത രൂപത്തില്‍ അഥവാ റമളാനിന്‍റെ ആദരവുകള്‍ വിഗണിച്ചാണ് യാത്രയയപ്പെങ്കില്‍ കാര്യം ദയനീയമാകുമെന്നുറപ്പ്. മരണമെത്തുന്നതിന് മുമ്പ് ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നല്ല മൂല്യമുണ്ട്.
റമളാന്‍ പരിചയെന്ന് തിരുനബി(സ്വ). പരിചയെന്നാല്‍ വിപത്തുകളെ, യുദ്ധപീഡകളെ തടയുന്നതെന്ന് വിവക്ഷ. റമളാന്‍ എന്തിനെ തടയുന്നു? എങ്ങനെ പരിചയാകുന്നു? എല്ലാവിധത്തിലുമെന്നാണ് സാമാന്യമറുപടി. അധര്‍മങ്ങളില്‍ നിന്ന്, മാനുഷിക വൈകല്യങ്ങളില്‍ നിന്ന് സര്‍വോപരി പൈശാചികതയുടെ അരങ്ങേറ്റ വേദിയായി മനുഷ്യന്‍ തരം താഴുന്നതില്‍ നിന്ന്, വിശുദ്ധിയുടെ മറുവശത്ത് നില്‍ക്കുന്ന മറ്റെന്തൊക്കെയുണ്ടോ അവയുടെയൊക്കെ പീഡകളില്‍ നിന്ന് മുസല്‍മാനെ തടയുന്നതാണ് റമളാന്‍. അല്ലെങ്കില്‍ അവ്വിധമാകണം. ആക്കിത്തീര്‍ക്കണം. ഇവിടെയാണ് വിശ്വാസിയും ഇബ്ലീസും തമ്മിലുള്ള ഗംഭീരപോരാട്ടത്തിലെ വിജയിയെ കണ്ടെത്താനാവുക.
നാം കണ്ടതിനപ്പുറം ചിലത് അറിയാന്‍ തിരുനബി(സ്വ)ക്ക് അല്‍പനിമിഷം ചെവി കൊടുക്കുക. അവിടുന്ന് അഭിമാന പുരസ്സരം അരുള്‍ചെയ്തതിപ്രകാരം: മുന്പൊരു പ്രവാചകനും ലഭ്യമായിട്ടില്ലാത്ത അഞ്ചുകാര്യങ്ങള്‍ റമളാന്‍ മാസത്തില്‍ എന്‍റെ സമൂഹത്തിന് നല്‍കപ്പെട്ടിരിക്കുന്നു. റമളാനിന്‍റെ ഒന്നാം രാത്രിയില്‍ അല്ലാഹു എന്‍റെ സമൂഹത്തിന് അനുഗ്രഹവര്‍ഷം നടത്തും. അതിനുവിധേയമായവര്‍ ഒരുകാലത്തും ശിക്ഷിക്കപ്പെടില്ല. നോമ്പുകാരന്‍റെ വായയുടെ ഗന്ധം കസ്തൂരിയെക്കാള്‍ നല്ല സൗരഭ്യമായാണ് അല്ലാഹു കണക്കാക്കുക. എല്ലാ ദിനരാത്രങ്ങളിലും നോമ്പുകാര്‍ക്കുവേണ്ടി മാലാഖമാര്‍ പാപമോചനം അര്‍ത്ഥിച്ചുകൊണ്ടിരിക്കും. അല്ലാഹു സ്വര്‍ഗം അലങ്കരിക്കാന്‍ കല്‍പിക്കും. എന്‍റെ ആദരവിലേക്കും സ്വര്‍ഗഭവനത്തിലേക്കും യാത്രക്കൊരുങ്ങുന്ന വിശ്വാസികളെ സ്വീകരിക്കാനാണിതെന്ന് അവന്‍ വെളിപ്പെടുത്തും. അവസാന ദിവസമായാല്‍ തെറ്റുകള്‍ പൊറുത്തുകൊടുക്കുകയും ചെയ്യും (ബൈഹഖി: ശുഅ്ബുല്‍ ഈമാന്‍ 3603). ഇത്തരമൊരു മഹാഭാഗ്യം അനര്‍ഹര്‍ക്ക് ലഭിക്കില്ലെന്ന് പറയേണ്ടതുണ്ടോ. അര്‍ഹത നേടാനുള്ള അത്യധ്വാനമാണ് വേണ്ടത്. ദുന്‍യാവും കുടുംബവും സന്പാദനത്വരയും റമളാന്‍ പുഷ്കലമാക്കുന്നതിന് തടസ്സം നിന്നുകൂടാ. ഒരു അമലിന് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുമ്പോള്‍ അത് നഷ്ടപ്പെടുത്തുന്നവനേക്കാള്‍ വലിയ ഭാഗ്യദോഷി ആരാണുള്ളത്?
റജബ് മുതല്‍ റസൂല്‍(സ്വ) റമളാനിനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു. പ്രതീക്ഷാപൂര്‍വമുള്ള ഈ കാത്തിരിപ്പ് തന്നെ റമളാനിനുവേണ്ടിയുള്ള ക്രമീകൃത മുന്നൊരുക്കമാണ്. നാം ഓരോരുത്തരും ശഅ്ബാന്‍ അവസാനിക്കുന്നതിന് മുമ്പ്, വിശുദ്ധിയുടെ പ്രവാഹത്തിനുവേണ്ടി കൃത്യമായ ഒരു ചട്ടക്കൂടു നിര്‍മിക്കുക. പതിവിമ്പടിയുള്ള ആലസ്യമോ ഏതെങ്കിലും പരസ്യക്കാര്‍ഡിലെ റമളാന്‍ ക്രമീകരണത്തിന്‍റെ വാര്‍പ്പു മാതൃകകളോ അല്ല; ആഴത്തിലുള്ള ചിന്തയും പൂര്‍ണാവബോധവും സാഹചര്യത്തെയും നമ്മുടെ ഭൗതിക ചുമതലകളുടെയും വിലയിരുത്തലുകളുമാണ് നമ്മെ നിയന്ത്രിക്കേണ്ടത്. ഒരു മാസത്തിനിടക്ക് വിശുദ്ധ ഖുര്‍ആന്‍ എത്രപ്രാവശ്യം പാരായണം ചെയ്തുതീര്‍ക്കുമെന്ന് മാത്രം കണക്കാക്കിയാല്‍ പോര, ഓത്ത് എപ്പോഴൊക്കെ നടക്കുമെന്നും ഓരോ പത്തിലും എത്ര മുന്നേറുമെന്നും കണക്കെടുക്കണം. അഞ്ചു വഖ്ത് നിസ്കാരങ്ങളുമായി ബന്ധപ്പെട്ട് രണ്ട് ഏടുകള്‍ വീതം പാരായണം ചെയ്താല്‍ ഒരു ദിവസം ഒരു ജുസ്ഉം മാസംകൊണ്ട് ഒരു ഖത്വ്മുമാവും. ഈ കണക്ക് സാധാരണ ദിവസങ്ങള്‍ക്കു കൊള്ളാം. റമളാനിലിതു പോര. മൂന്ന് പ്രാവശ്യമെങ്കിലും ഓതിത്തീര്‍ക്കാന്‍ പ്രതിജ്ഞയെടുക്കുക. ദൃഢനിശ്ചയത്തിനനുസരിച്ച് സമയവും സൗകര്യങ്ങളും വന്നുകൊണ്ടിരിക്കും. ഇതേ പ്രകാരം എത്ര യാസീന്‍ ഓതിത്തീര്‍ക്കും, സ്വലാത്ത് ചൊല്ലും, തസ്ബീഹ് നിസ്കരിക്കും, എത്രവീതം ദിനംപ്രതി സ്വദഖ ചെയ്യുമെന്നുമൊക്കെ കണക്കാക്കുക. ഒപ്പം, യാത്രകളില്‍ ഇഖ്ലാസ് സൂറത്തുപോലുള്ളവ പാരായണം ചെയ്യാന്‍ തീരുമാനിക്കുക. ഗുണപ്രദമല്ലാത്ത സംസാരങ്ങള്‍, ഗീബത്ത്, നമീമത്ത്, കളവ് തുടങ്ങിയവ ഒരിക്കലും നടത്തില്ലെന്ന് ഉറപ്പിക്കുക. റസൂല്‍ (സ്വ) പറഞ്ഞല്ലോ, ദുഷിച്ച വര്‍ത്തമാനങ്ങളും പ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കാത്തവന്‍, നോന്പെന്നുപറഞ്ഞ് അന്നപാനാദികള്‍ ഉപേക്ഷിക്കേണ്ടതില്ല (ബുഖാരി) എന്ന്. സഗൗരവം നാം ഓര്‍ക്കേണ്ട താക്കീതാണിത്.
റമളാനില്‍ പൊതുവെയും അവസാനത്തെ പത്തില്‍ പ്രത്യേകമായും തിരുദൂതര്‍(സ്വ) ആരാധനകള്‍ നടത്തിയിരുന്നു. സ്വര്‍ഗപ്രവേശത്തിനു ഒന്നാമതായി പരിഗണിക്കപ്പെട്ട നബി(സ്വ)യാണിതെന്നോര്‍ക്കുക. പല സുന്നത്ത് നിസ്കാരങ്ങളിലും മണിക്കൂറുകള്‍ നീണ്ട ഖുര്‍ആന്‍ പാരായണമാണ് അവിടുന്ന് നടത്തിയിരുന്നത്. നബി(സ്വ)യോടൊപ്പം നിസ്കരിക്കാന്‍ നിന്ന ഇബ്നുമസ്ഊദ്(റ) ദൈര്‍ഘ്യം കാരണം ഒരു ചീത്ത കാര്യം വിചാരിച്ചുവെന്ന് തുറന്നുപറഞ്ഞുവല്ലോ. അതായത്, നബി(സ്വ)യുടെ ജമാഅത്തില്‍ നിന്ന് വിട്ടുപിരിഞ്ഞ് ഒറ്റക്കു നിസ്കരിച്ചു പൂര്‍ത്തിയാക്കാമെന്ന് അദ്ദേഹത്തിനു തോന്നി (മുസ്നദ് അഹ്മദ്). അത്രമേല്‍ നീണ്ടുനിന്നു നിസ്കാരം. ഇതു സാധാരണ ദിവസങ്ങളുടെ കഥയാണെന്നു കൂടി മനസ്സിലാക്കുക. എങ്കില്‍ റമളാനിന്‍റെ അവസ്ഥ എന്തായിരിക്കും? റമളാന്‍ വന്നു, തീര്‍ന്നു എന്ന അനുഭവം മാത്രം അവശേഷിക്കുന്ന പുതുസമൂഹം നാണിച്ചു തലതാഴ്ത്തട്ടെ.
പ്രായശ്ചിത്തത്തിന്‍റെ മാസം
ഇസ്ലാമിക ദര്‍ശനപ്രകാരം പ്രവാചകന്മാര്‍ അല്ലാത്ത മനുഷ്യര്‍ക്ക് തെറ്റുപറ്റാം. പറ്റണമെന്നല്ല; പറ്റിയേക്കാമെന്ന്. തത്ത്വങ്ങള്‍ക്കൊപ്പം പ്രയോഗരംഗം കൂടെ പരിഗണിക്കുന്നൊരു സക്രിയപ്രസ്ഥാനത്തിന്‍റെ നീതിയുക്തമായ വിലയിരുത്തലാണിത്. അതുകൊണ്ടുതന്നെ തെറ്റിന്‍റെ പരിഹാരക്രിയയും മതം പഠിപ്പിച്ചു. ആകാശഭൂമിയുടെ സൃഷ്ടിപ്പ് സമയത്ത് അവയെക്കാള്‍ വിശാലമായ തൗബയുടെ വാതായനം നിര്‍മിച്ചുവെച്ചുവെന്ന വിശുദ്ധവചനം ഇമാം ഗസ്സാലി(റ) മുകാശഫതുല്‍ ഖുലൂബില്‍ ഉദ്ധരിച്ചതുകാണാം. റമളാന്‍ തൗബയുടേതു കൂടെയാണ്. മഗ്ഫിറത്തിന്‍റെ പത്തിനുമുമ്പു തന്നെ, എന്നല്ല റമളാനിന്‍റെ ആരംഭത്തിനു മുമ്പുതന്നെ നിഷ്കപടമായ തൗബക്ക് സമയം കണ്ടെത്തേണ്ടതുണ്ട്. കണ്ണുകളുടെ സ്വകാര്യ ദര്‍ശനം മുതല്‍ ഹൃദയാന്തരങ്ങളുടെ മര്‍മരം വരെ കൃത്യമായറിയുന്ന റബ്ബിന്‍റെ മുന്പില്‍ (വി.ഖു. 4019) എന്തു മറച്ചുവെക്കാന്‍! എല്ലാം തുറന്ന് സമ്മതിക്കുക; ഒരിക്കലുമാവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കുക; പൊട്ടിക്കരഞ്ഞ് മാപ്പിരക്കുകആത്മാര്‍ത്ഥത കാട്ടുന്നുവെങ്കില്‍ നാം ശിശുസമാന വിശുദ്ധരായിരിക്കും, ആ നിമിഷം മുതല്‍. തെറ്റു ചെയ്തുപോയവരെ അനുഗ്രഹത്തിന്‍റെ പടിക്ക് പുറത്ത് നിര്‍ത്താതെ അവര്‍ക്ക് ആകാശഭൂവനങ്ങളുടെ വ്യാസമുള്ള സ്വര്‍ഗം തയ്യാറാക്കി വെച്ച (3133135) അല്ലാഹുവിന്‍റെ റഹ്മത്തിനെക്കുറിച്ച് നാം ബോധവാന്മാരാണോ? ചെയ്തുകൂട്ടിയ പാപങ്ങളെല്ലാം നന്മയാക്കി പരിവര്‍ത്തിക്കുമെന്ന് വാക്കു നല്‍കിയ രക്ഷിതാവില്‍ നിന്ന് (2570) നാം വിട്ടകന്നു നില്‍ക്കുന്നതിലര്‍ത്ഥമുണ്ടോ? ഇതിനൊക്കെയും തമ്പുരാന്‍ നിശ്ചയിച്ച ഏക ഉപാധി തൗബയാണ്. തൗബ വഴി നിഷ്കപടതയും അല്ലാഹുവിന്‍റെ മഹത്വവും സമ്മതിക്കല്‍ മാത്രമാണ്.
മറ്റൊരു പ്രധാന ആരാധനയാണ് പ്രാര്‍ത്ഥന. പൊതുവെ മനുഷ്യര്‍ക്കു താല്‍പര്യം അവരുടെ ഭൗതിക കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനാണ്. അതിനാവുമ്പോഴേ അവന്‍റെ യാചന ആത്മാര്‍ത്ഥത നേടുകയുള്ളൂ. മക്കള്‍ക്ക് മാരകമായൊരു അസുഖം വന്നുവെന്ന് സങ്കല്‍പിക്കുക. അല്ലെങ്കില്‍ സ്വന്തം വീട് ജപ്തി ചെയ്യാന്‍ പോകുന്നു. ഉടന്‍ പ്രാര്‍ത്ഥനാ പ്രളയമായി. കണ്ണീരൊഴുക്കി ദുആ ചെയ്യാന്‍ എന്തു തിരക്കിനുള്ളിലും സമയം കണ്ടെത്തുകയും ചെയ്യും. ഇത് വേണമെന്നുതന്നെയാണ് മതത്തിന്‍റെ താല്‍പര്യവും. പക്ഷേ, ഒപ്പം രോഗപീഡയേക്കാള്‍, സാമ്പത്തിക പരാധീനതകളെക്കാള്‍ മാരകമായ ചില പ്രശ്നങ്ങള്‍ ദുആ ചെയ്ത് ശരിപ്പെടുത്തേണ്ടതുണ്ട്. ഖബ്റിന്‍റെ കാര്യം, മഹ്ശറയുടെ ദുരിതക്കയം, ഹിസാബിന്‍റെ വിഹ്വലതകള്‍, നരകത്തിന്‍റെ തീവ്രത…. അങ്ങനെ പലതും. റമളാനിന്‍റെ വിശുദ്ധ നിമിഷങ്ങള്‍ പ്രാര്‍ത്ഥനാ നിര്‍ഭരമാവട്ടെ. അത്താഴ സമയങ്ങള്‍ അല്ലാഹുവിന് മുന്പില്‍ അപേക്ഷാ സമര്‍പ്പണത്തിന്‍റേതുമാവട്ടെ. പ്രാര്‍ത്ഥന കാരണം മുശിയാത്തവനാണവന്‍. ചോദ്യാധിക്യം ദ്യേമല്ല, ആര്‍ദ്രതയാണവനിലുണ്ടാക്കുക. സ്നേഹമാണ് പകരം തരിക. ചോദിക്കുന്നവനെയല്ല, അതു ചെയ്യാത്തവനെയാണ് തമ്പുരാന്‍ പരിഗണിക്കാതിരിക്കുക. പറയുക പ്രവാചകരേ, നിങ്ങളുടെ പ്രാര്‍ത്ഥന ഇല്ലാതിരിക്കുകില്‍ രക്ഷിതാവ് നിങ്ങളെ ഗൗനിക്കുകയില്ല (2577). ഭയഭക്തിയോടെയും സ്വകാര്യമായും നിങ്ങള്‍ പ്രാര്‍ത്ഥിക്കുക (655). നിങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുന്നതെന്തും ഉത്തരം ലഭിക്കുമെന്ന ദൃഢചിത്തതയോടെയാവട്ടെ, അശ്രദ്ധമായ പ്രാര്‍ത്ഥനാ വചനങ്ങള്‍ക്ക് അവന്‍ ഉത്തരം നല്‍കില്ല. (അഹ്മദ്, മുസ്നദ് 6655). ദുആ മുസ്ലിമിന്‍റെ ആയുധവും മതത്തിന്‍റെ തൂണും ആകാശഭൂമികളുടെ പ്രഭയുമാകുന്നു (ഹാകിം; മുസ്തദ്റക് 1812). റമളാനിന്‍റെ നിമിഷങ്ങള്‍ പ്രാര്‍ത്ഥനയുടേതാക്കി മാറ്റാന്‍ വിശ്വാസി സത്വര ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്.
പരിചയാവേണ്ടതെങ്ങനെ?
നോമ്പ് പരിചയാവേണ്ടത് അധര്‍മത്തിനു നേരെയാണെന്നുപറഞ്ഞു. നോമ്പുകാരനില്‍ നിന്ന് വൈകൃതങ്ങള്‍ സംഭവിച്ചുകൂടെന്നാണിതിന്‍റെ താല്‍പര്യം. വഴക്കിനു വരുന്നവരോട് പോലും നോന്പെന്ന് പറഞ്ഞ് വിട്ടുനില്‍ക്കാനാണ് നബികല്‍പന (ബുഖാരി). ശരീരത്തിന് വിശപ്പിന്‍റെ വിലയറിയിക്കാനാണത്. അതുവഴി സഹജീവി സ്നേഹവും സഹായ മനസ്കതയും ഉണ്ടാവണം. വൈകാരിക തൃഷ്ണയും ലൈംഗികാഭിനിവേശവും പരിഹരിക്കാന്‍ നിയതമാര്‍ഗമായ വിവാഹത്തിന് സൗകര്യപ്പെടാതിരിക്കുന്നവര്‍ നോന്പെടുത്ത് അത് പരിഹരിക്കണമെന്ന പ്രവാചക വചനത്തില്‍ (ബുഖാരി) നിന്ന് നോമ്പ് എങ്ങനെയാവണമെന്ന് നിര്‍ദ്ധാരണം ചെയ്യാനാവും. ഫുള്‍ടാങ്ക് ലോഡ് ചെയ്ത ശേഷം കുറച്ച് മണിക്കൂറുകള്‍ പട്ടിണി കിടക്കുക; ശേഷം വാശിയോടെ പലിശസഹിതം തിന്നുകൂട്ടുക എന്നതാണ് ചിലരുടെ വ്രതചിത്രം. വടക്ക് ഭാഗത്തൊക്കെ ഏഴു മണിമുതല്‍ ഉറങ്ങുന്ന പത്ത് മണിക്കിടയില്‍ ചുരുങ്ങിയത് വ്യത്യസ്ത വിഭവങ്ങളുള്ള നാലുസെറ്റ് ഭക്ഷണം കഴിച്ചിരിക്കും. ഇവ്വിധമാണ് നോന്പെടുപ്പെങ്കില്‍, പ്രശ്നം പരിഹരിക്കപ്പാടിതിരിക്കുകയാണുണ്ടാവുക. ഭക്ഷണം കഴിച്ചോളൂ, കുടിക്കുകയും ചെയ്യൂ, പക്ഷേ, അമിതത്വം പാടില്ല. അമിതവ്യയക്കാരനെ അല്ലാഹു ഇഷ്ടപ്പെടുകയില്ല (6141). റമളാനില്‍ അല്ലാഹുവിന്‍റെ അനിഷ്ടം സന്പാദിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല.
നോമ്പ് രോഗങ്ങള്‍ക്ക് പരിചയാണ്. പതിനൊന്ന് മാസത്തെ തുടര്‍ച്ചയായ പ്രവര്‍ത്തനം മൂലം ആലസ്യം വന്ന ആന്തരികാവയവങ്ങള്‍ക്ക് വിശ്രമവും പുനര്‍ നിര്‍മാണാവസരവും ഇതുവഴി ലഭ്യമാകുന്നു. ഉപവാസത്തിന്‍റെ ആരോഗ്യപരമായ പ്രാധാന്യം ഇന്ന് എല്ലാവരും അംഗീകരിച്ചു കഴിഞ്ഞതാണ്. മിക്ക രോഗങ്ങളുടെയും ഉറവിടം വയറും ആമാശയവുമാണെന്നാണ് വ്യൈശാസ്ത്ര സിദ്ധാന്തം. നോമ്പ് വഴി ഈ രംഗത്തും വലിയ പുരോഗതി നേടാനാവും. സമ്പന്നതയുടെ വിശാലതയില്‍ ജീവിക്കുന്നവര്‍ക്ക് പട്ടിണി കേട്ടുകേള്‍വി മാത്രമായിരിക്കും. അതനുഭവിച്ചറിയാന്‍ ഒരവസരവും ലഭിക്കില്ല. അത്തരമാളുകള്‍ക്ക് സമൂഹത്തെക്കുറിച്ചും മഹാഭൂരിപക്ഷത്തിന്‍റെ പരിതാവസ്ഥയെക്കുറിച്ചും കണിശമായ അവബോധം റമളാന്‍ നല്‍കുന്നു. പാവങ്ങളെ കണ്ടറിയാനും അവര്‍ക്കുവേണ്ടി നിലക്കൊള്ളാനും ഇത് സമൂഹത്തെ പാകപ്പെടുത്തും. സമത്വസുന്ദരമായൊരു നവലോകത്തിന്‍റെ സൃഷ്ടിപ്പാണ് ഇതുവഴി സാധ്യമായിത്തീരുക. അങ്ങനെ ആരോഗ്യപരമായും സാമൂഹികമായും ആത്മീയമായും എന്നുവേണ്ട മനുഷ്യനുമായി ബന്ധപ്പെടുന്ന എല്ലാ തുറകളിലും നന്മയുടെ പൂത്തിരി കത്തിക്കുന്നു റമളാന്‍. ഈ വിശുദ്ധിയുടെ വസന്തോത്സവത്തില്‍ ആത്മീയ വിജയത്തിന്‍റെ തീരത്തണയാന്‍ തയ്യാറെടുക്കുക. ഓരോ നിമിഷത്തെയും ബോധപൂര്‍വ്വം ചെലവഴിക്കുക.
ഒരു പുതു ജീവിതത്തിലേക്കുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് റമളാനോടെ സാധ്യമാവണം. ഏതു നിമിഷം മരണപ്പെട്ടാലും സ്വര്‍ഗത്തിലേക്ക് ആനയിക്കപ്പെടുന്ന അവസ്ഥ എത്രമേല്‍ സന്തോഷകരമാണ്. അതിനു സാധിക്കുന്ന വിശ്വാസിയാണ് ബുദ്ധിമാന്‍. റമളാന്‍ അതിനുള്ള സാഹചര്യമൊരുക്കുന്നു; ഏവരെയും സ്വര്‍ഗത്തിലേക്ക് മാടിവിളിക്കുന്നു. സ്വര്‍ഗത്തിന്‍റെ റയ്യാന്‍ കവാടം നോമ്പുകാരനു മാത്രമായി സംവിധാനിച്ചതാണല്ലോ. അലസതയുടെ കരിമ്പടമുയര്‍ത്തി കര്‍മകുശലതയുടെ ഭക്തജീവിതത്തിലേക്ക് മുന്നേറാന്‍ നാം തീവ്രയജ്ഞം നടത്തുക. മരണം ഒഴിവാക്കാന്‍ ആര്‍ക്കും വഴികളില്ല; യുക്തമായി നേരിടുകയല്ലാതെ.

 

Exit mobile version