തിരുദൂതരുടെ മടിയിൽ തല വെച്ച് അന്ത്യയാത്ര

ക്രോധം സ്ഫുരിക്കുന്ന മുഖഭാവത്തോടെ ചാട്ടുളിയുമായി മദീനയുടെ പാതവക്കിലൂടെ അസ്വസ്ഥനായി നടക്കുകയാണദ്ദേഹം. താൻ കേട്ട വൃത്താന്തങ്ങളാണദ്ദേഹത്തെ ചൊടിപ്പിച്ചത്. മദീനാ നിവാസികളെ പൂർവിക വിശ്വാസാചാരങ്ങളിൽ നിന്ന് വ്യതിചലിപ്പിച്ച് അവർക്ക് അപരിചിതമായ ഒരു പ്രസ്ഥാനത്തിലേക്ക് ക്ഷണിക്കുന്ന ഒരാൾ വന്നിട്ടുണ്ട്. അദ്ദേഹത്തെ കണ്ടുപിടിച്ച് ഇവിടെ നിന്ന് പറഞ്ഞുവിട്ടേ മതിയാകൂ. അതുവഴി പൂർവിക വിശ്വാസാചാരങ്ങൾ സംരക്ഷിക്കണം. മദീനയിലെ യുവജന നേതാവെന്ന നിലയിൽ അതു തന്റെ കടമയാണ്. അവസാനം ആരോ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തന്റെ പിതൃ സഹോദരിയുടെ പുത്രൻ അസ്അദുബ്‌നു സുറാറയുടെ വീട്ടിലേക്കയാൾ കയറിച്ചെന്നു. അൽപം മാറിനിന്നു സദസ്സ് വീക്ഷിച്ചു.

കേട്ടത് സത്യമാണ്. ഒരാൾ ഏതാനും പേരെ അഭിമുഖീകരിച്ചു സംസാരിക്കുന്നു. ഉപദേശ നിർദേശങ്ങൾ നൽകുന്നു. പഠിതാക്കളെല്ലാം ഗുരുമൊഴികൾ സശ്രദ്ധം കേൾക്കുന്നു. സംശയ നിവാരണം നടത്തുന്നു. കണ്ട കാഴ്ച അദ്ദേഹത്തെ കോപാന്ധനാക്കി. ഇതൊരിക്കലും അനുവദിച്ചുകൂടാ. പൂർവിക വിശ്വാസം സംരക്ഷിച്ചേ പറ്റൂ. അദ്ദേഹം കൂസലന്യേ നവാഗതനു മുമ്പിൽ ചെന്നു തട്ടിക്കയറി സംസാരിച്ചു തുടങ്ങി.

‘താങ്കൾ അൽപം ശാന്തമായി ഇരിക്കൂ. ഞാൻ പറയുന്നത് ശ്രദ്ധിക്കൂ. തർക്കവും ബഹളവും ഒന്നിനും പരിഹാരമല്ലല്ലോ..?’ നവാഗതനായ പ്രബോധകൻ ശാന്തസൗമ്യനും സുസ്‌മേര വദനനുമായി പറഞ്ഞു.

അദ്ദേഹം അനുസരിച്ചു. ആയുധം ദൂരെവെച്ചു. ശാന്തനായി സദസ്യർക്കിടയിൽ ഇരിപ്പുറപ്പിച്ചു. പ്രബോധകനെ കാതോർത്തു.

മദീനയിലെ സത്യവിശ്വാസികൾക്ക് മതം പഠിപ്പിക്കാൻ തിരുദൂതർ(സ്വ) നിയോഗിച്ച മിസ്അബ്(റ) ആയിരുന്നു ആ പ്രബോധകൻ. അദ്ദേഹം ഇസ്‌ലാമിനെ പരിചയപ്പെടുത്തി. വശ്യമാർന്ന പെരുമാറ്റം, സംസാരം. അത് കോപാകുലന്റെ സിരകളെ തണുപ്പിച്ചു. ഏറെ സമയം വേണ്ടിവന്നില്ല, മിസ്അബ്(റ)ന്റെ കരം കവർന്നു അദ്ദേഹം സത്യവിശ്വാസം സ്വീകരിച്ചു.

മദീനയിലെ യുവജന നേതാവ് സഅ്ദുബ്‌നു മുആദ്(റ) ആയിരുന്നു അദ്ദേഹം. ആരോഗ്യ ദൃഢഗാത്രൻ, സുമുഖൻ. ബനൂഅബ്ദിൽ അശ്ഹൽ ഗോത്രക്കാരൻ. മക്കയിൽ നിന്നും അഭയസ്ഥരായി മദീനയിലെത്തിയ തിരുദൂതർക്കും മുഹാജിറുകൾക്കും കയ്യും കണക്കുമില്ലാത്ത സഹായ ഹസ്തം നീട്ടിയ മഹാമനസ്‌കൻ.

മുപ്പത്തൊന്നിന്റെ പടിമുറ്റത്തെത്തിയപ്പോഴാണ് സഅ്ദുബ്‌നു മുആദ്(റ) ഇസ്‌ലാമാശ്ലേഷിക്കുന്നത്. മദീനയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു വഴിത്തിരിവായിരുന്നു അത്. നാട്ടിലെ യുവ നേതാവായിരുന്നതിനാൽ അദ്ദേഹത്തെ പിന്തുടർന്ന് നിരവധി മദീനക്കാർ ഇസ്‌ലാമാശ്ലേഷിച്ചു.

ബദ്ർ, ഉഹ്ദ്, ഖന്ദഖ് തുടങ്ങിയ യുദ്ധങ്ങളിലെല്ലാം തന്റെ ഭാഗധേയം നിർണയിച്ചു. ഹ്രസ്വമായിരുന്നു ആ ജീവിതമെങ്കിലും സേവന പാതയിൽ ഉജ്ജ്വലമായിരുന്നു അത്.

ബദ്ർ യുദ്ധവേള. പ്രവാചകർ(സ്വ) അനുചരന്മാരെ വിളിച്ച് മുശാവറ നടത്തി. അൻസ്വാരികളോട് അവിടുന്ന് ആരാഞ്ഞു: പറയൂ, നാം എന്തു ചെയ്യണം? നിങ്ങളുടെ അഭിപ്രായം കേൾക്കട്ടെ.’

അൻസ്വാരികളെ പ്രതിനിധീകരിച്ച് എഴുന്നേറ്റു നിന്നത് സഅ്ദുബ്‌നു മുആദ്(റ) ആയിരുന്നു.

‘യാ റസൂലല്ലാഹ്, അങ്ങ് സമർപ്പിച്ചത് പൂർണമായും സത്യമാണെന്ന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു. അങ്ങിൽ ഞങ്ങൾ വിശ്വാസമർപ്പിച്ചു. സത്യത്തിനു വേണ്ടി സർവസ്വവും സമർപ്പണം ചെയ്യാനുള്ള ഉറപ്പും ഞങ്ങൾ അങ്ങേക്ക് തന്നുകഴിഞ്ഞു. അങ്ങ് ഉദ്ദേശിക്കുന്നിടത്തേക്ക് ഞങ്ങളെ നയിക്കുക. ഞങ്ങൾ കൂടെയുണ്ടാകും. അഗാധമായ പാരാവാരത്തിലേക്കാണ് ഞങ്ങളെ നയിക്കുന്നതെങ്കിൽ ഞങ്ങളും അങ്ങയുടെ കൂടെ ആഴിയിലേക്ക് ഊളിയിടും. ശത്രുക്കളെ നേരിടുന്നതിൽ ഞങ്ങളൊട്ടും ഭീരുക്കളല്ല. പടക്കളത്തിൽ ക്ഷമാശീലരായി കരുത്ത് തെളിയിക്കും. അല്ലാഹു തുണച്ചാൽ സമരമുഖത്ത് ഞങ്ങളെ കാണുന്ന പക്ഷം അങ്ങയുടെ കൺകുളിർക്കാൻ അത് ഇടയായിത്തീർന്നേക്കും. അതുകൊണ്ട് അല്ലാഹുവിന്റെ നാമത്തിൽ ഞങ്ങളെ നയിച്ചാലും…’

സദസ്യരെ ഹർഷപുളകിതമാക്കിയ പ്രഖ്യാപനമായിരുന്നു സഅ്ദിന്റേത്. സന്തുഷ്ടനായ തിരുദൂതർ(സ്വ) അരുളി: അല്ലാഹു എന്നോട് വാഗ്ദാനം ചെയ്തിരിക്കുന്ന ഖുറൈശി പ്രമുഖരുടെ പതനം ഞാനിപ്പോൾ ദർശിക്കുന്നു. മുന്നേറുക, വിജയം സുനിശ്ചിതം.’

ശത്രുസൈന്യം യാദൃച്ഛികമായി പിന്നിലൂടെ ആഞ്ഞടിക്കുകയും ഓർക്കാപുറത്തുള്ള ആക്രമണത്തിൽ മുസ്‌ലിം സേനയിൽ അണികൾ ചിതറുകയും ചെയ്ത ഉഹ്ദിലെ നിർണായക ഘട്ടത്തിൽ തിരുദൂതർക്ക് കാവലായി പാറപോലെ ഉറച്ചുനിന്നവരിൽ സഅദ്(റ)യുമുണ്ടായിരുന്നു.

ഉഹ്ദ് യുദ്ധത്തിനു ശേഷം പ്രശാന്തപൂർണമായ അന്തരീക്ഷത്തിൽ മദീനയിൽ കഴിയുകയായിരുന്നു തിരുനബി(സ്വ)യും അനുയായികളും. തദ്ദേശീയരായ ജൂതന്മാർക്ക് ഈ സമാധാനാന്തരീക്ഷം അത്ര സഹിച്ചില്ല. അവർ രഹസ്യമായി മക്കയിൽ ചെന്നു ഖുറൈശി പ്രമുഖരെ കണ്ടു. മൂന്നാമതൊരു സംഘട്ടത്തിന് പ്രേരിപ്പിച്ചു. അങ്ങനെ ഖന്ദഖ് യുദ്ധത്തിന് കളമൊരുങ്ങി. വാസ്തവത്തിൽ മദീനയിലെ ജൂതഗോത്രമായ ബനൂ ഖുറൈളയുമായി മുസ്‌ലിംകൾക്ക് ഒരു സമാധാനക്കരാർ നിലവിലുണ്ടായിരുന്നു. പ്രസ്തുത കരാറിന്റെ നഗ്നമായ ലംഘനമായിരുന്നു ഈ നീക്കം. മദീനയെ പുറത്തുനിന്ന് ആക്രമിക്കാൻ ഖുറൈശികളും അഭ്യന്തര കലാപം സൃഷ്ടിച്ച് അകത്ത് അസ്വസ്ഥത വിതക്കാൻ ജൂതന്മാരും. അകത്തുനിന്നും പുറത്ത് നിന്നുമുള്ള ആക്രമണം വഴി പ്രവാചക പട്ടണത്തെയും ഇസ്‌ലാമിനെയും തകർക്കാൻ കഴിയുമെന്ന് കരുതിയാണവർ പദ്ധതി തയ്യാറാക്കിയത്. ഖുറൈശികൾ കൊട്ടും കുരവയുമായി പുറപ്പെട്ടു. യാത്രാമധ്യേ ഗത്ഫാൻ ഗോത്രക്കാരും ചേർന്നു.

ശത്രുക്കളുടെ പടപ്പുറപ്പാടറിഞ്ഞ തിരുദൂതർ(സ്വ) അനുചരവൃന്ദത്തെ വിളിച്ചുകൂട്ടി. പ്രതിരോധ നടപടികൾ കൂടിയാലോചിച്ചു. ബനൂഖുറൈളയുടെ നിലപാട് അറിയാൻ ഗോത്രനേതാവ് കഅബ്ബ്‌നു അസദിന്റെ അടുത്തേക്ക് രണ്ടു സഅ്ദുമാരെ നിയോഗിച്ചു. ഒന്ന് സഅ്ദുബ്‌നു മുആദാ(റ)യിരുന്നു. മറ്റേയാൾ സഅ്ദുബ്‌നു ഉബാദ(റ)യും.

‘ഞങ്ങളും മുഹമ്മദും തമ്മിൽ നിലവിൽ യാതൊരു കരാറുമില്ല.’

നബി(സ്വ)യുടെ ദൂതന്മാരോട് ഗോത്രമൂപ്പൻ പറഞ്ഞു.

ഇനിയെന്തു ചെയ്യും?

ആസന്നമായ പോർമുഖത്തുനിന്നും ഈ നാടിനെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്‌തേ പറ്റൂ. ശാന്തിയിലും സമാധാനത്തിലും കഴിയുന്ന ഈ ദേശത്തെ അക്രമികൾക്ക് ഛിന്നഭിന്നമാക്കാൻ വിട്ടുകൊടുത്തുകൂടാ. അത് ആപൽകരമായിരിക്കും. തിരുദൂതർ(സ്വ) ആലോചനയിൽ മുഴുകി. ശത്രുസേനക്ക് ഊർജം പകരുന്ന ഒരു വൻ ശക്തിയാണ് ഗത്ഫാൻ ഗോത്രക്കാർ. അവരെ യുദ്ധത്തിൽ നിന്നു പിന്തിരിപ്പിക്കാൻ കഴിഞ്ഞാൽ ഖുറൈശികൾക്ക് അതൊരു തിരിച്ചടിയായിരിക്കും. മദീനയിലെ കാർഷിക വിഭവങ്ങളിൽ നിന്നു നല്ലൊരു വിഹിതം പ്രതിഫലമായി നൽകാമെന്നറിയിച്ചാൽ അവരതിനു വഴങ്ങിയേക്കാം. അതുവഴി മദീനയെ യുദ്ധക്കെടുതിയിൽ നിന്നു നിഷ്പ്രയാസം രക്ഷിക്കാനായാലോ? തിരുനബി(സ്വ) മനനം ചെയ്തു.

അവിടുന്ന് ഗത്ഫാൻ ഗോത്രനേതാക്കളോട് യുദ്ധത്തിൽ നിന്നു പിന്മാറാൻ ആവശ്യപ്പെട്ടു. അതിനു പ്രതിഫലമായി മദീനയുടെ ഭക്ഷ്യ ഉൽപന്നങ്ങളിൽ നിന്നു നല്ലൊരു വിഹിതം നൽകാമെന്നുമറിയിച്ചു. ഗത്ഫാൻകാർ ഇതംഗീകരിച്ചു. യുദ്ധത്തിൽ നിന്നു പിന്തിരിയാൻ തയ്യാറായി. അനന്തരം നബി(സ്വ) അനുചര വൃന്ദത്തെ വിളിച്ചുവരുത്തി ഗത്ഫാൻകാരുമായി നടന്ന സംഭാഷണവും തീരുമാനവും വിശദീകരിച്ചു കൊണ്ടിങ്ങനെ പറഞ്ഞു:

‘ശത്രുസേനയുടെ കടന്നാക്രമണത്തിൽ നിന്നു നമ്മുടെ നാടിനെ സംരക്ഷിക്കുക എന്നത് മാത്രമാണ് ഇത്തരമൊരു തീരുമാനം കൊണ്ട് ഞാനുദ്ദേശിക്കുന്നത്.’

‘യാ റസൂലല്ലാഹ്, ഇത് അങ്ങയുടെ സ്വന്തം തീരുമാനമാണോ, അല്ലാഹുവിന്റെ കൽപനയാണോ?’ സഅ്ദുബ്‌നു മുആദ്(റ) ചോദിച്ചു.

‘അല്ല, അറബികൾ മുഴുവനും നിങ്ങൾക്കെതിരെ ഒരേ ആവനാഴിയിൽ നിന്നുള്ള അമ്പുകൾ പോലെ പുറപ്പെട്ടിരിക്കുന്നു. അവരുടെ പ്രതാപം നശിപ്പിക്കാൻ വേണ്ടി എന്റെ അഭിപ്രായമനുസരിച്ച് ഞാനെടുത്ത തീരുമാനമാകുന്നു’-നബി(സ്വ) പറഞ്ഞു.

‘യാ റസൂലല്ലാഹ്, ഞങ്ങളും അവരും ബിംബാരാധകരും ബഹുദൈവ വിശ്വാസികളുമായിരുന്നു. മുമ്പ് ഞങ്ങൾ ലോക രക്ഷിതാവായ അല്ലാഹുവിനെ അറിയുകയോ ആരാധിക്കുകയോ ചെയ്തിരുന്നില്ല. അക്കാലത്ത് പോലും ഞങ്ങളുടെ അതിഥികളെന്ന നിലയിലല്ലാതെ മദീനയിലെ ഒരു ചുള ഈത്തപ്പഴം അവർ ഭക്ഷിച്ചിട്ടില്ല. എന്നാൽ ഇന്ന് അല്ലാഹു ഞങ്ങളെ സത്യവിശ്വാസം കൊണ്ട് ആദരിക്കുകയും സന്മാർഗത്തിലാക്കുകയും അങ്ങ് മുഖേന ഉന്നത സ്ഥാനത്തെത്തിക്കുകയും ചെയ്ത ശേഷം ഞങ്ങളുടെ വിഭവങ്ങൾ അവർക്ക് അനുഭവിക്കാൻ അവസരം ലഭിക്കുകയോ? കരുണാമയനായ റബ്ബാണ് സത്യം, അതിന് യാതൊരനിവാര്യതയും ഞങ്ങൾ കാണുന്നില്ല. യാ ഹബീബല്ലാഹ്, അവർക്ക് ഈ വാളല്ലാതെ മറ്റൊന്നും ഞങ്ങളിലില്ല. കാരുണ്യവാൻ ഞങ്ങൾക്കിടയിൽ വിധിച്ചതെന്തോ അതു നടക്കട്ടെ…’ സഅ്ദ്(റ) പറഞ്ഞു.

തന്റെ അനുചരന്റെ ദൃഢമായ അഭിപ്രായം മാനിച്ച് സ്വന്തം അഭിപ്രായത്തിൽ നിന്ന് തിരുനബി(സ്വ) പിന്തിരിയുകയും വിവരം ഗത്ഫാൻ ഗോത്ര പ്രമുഖരെ അറിയിക്കുകയും ചെയ്തു.

ദിവസങ്ങൾക്കുള്ളിൽ ശത്രുക്കൾ മദീന വളഞ്ഞു. സത്യ വിശ്വാസികൾ യുദ്ധത്തിന് നിർബന്ധിതരായി. സഅ്ദ്(റ) വാളും കുന്തവുമെടുത്ത് പടക്കളത്തിൽ റോന്ത് ചുറ്റുമ്പോൾ ശത്രുപക്ഷത്തുനിന്ന് കുതിച്ചുവന്ന ഒരു ശരം അദ്ദേഹത്തിന്റെ കൈയിൽ തുളച്ചുകയറി. രക്തം ചീറ്റി. അവശനായ അദ്ദേഹത്തെ തിരുകൽപന പ്രകാരം പള്ളിയുടെ ചാരെയുള്ള ശുശ്രൂഷാ കേന്ദ്രത്തിൽ താമസിപ്പിച്ചു. ധർമസമരങ്ങളിൽ മുറിവേൽക്കുന്ന യോദ്ധാക്കളെ അവിടെയായിരുന്നു ചികിത്സിച്ചിരുന്നത്. റസൂലിന്റെ ആശുപത്രി! അസ്‌ലം ഗോത്രക്കാരി ബീവി റുഫൈദ(റ) ആയിരുന്നു ചികിത്സാരി. ഖന്ദഖിൽ പരിക്കേറ്റ സഅ്ദുബ്‌നു മുആദ്(റ) ഉൾപ്പെടെയുള്ള ഒട്ടനവധി സൈനികരെ ബീവി ചികിത്സിച്ചു.

‘നാഥാ, നിന്റെ റസൂലിനെ ഉപദ്രവിക്കുകയും സ്വന്തം നാട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്ത ഖുറൈശി മേൽകോയ്മക്കെതിരെ പൊരുതുന്നതിനേക്കാൾ സന്തോഷകരമായ മറ്റൊന്നും ഈയുള്ളവനില്ല. അതിനാൽ അവരും ഞങ്ങളുമായുള്ള സമരം ഇതോടുകൂടി അവസാനിക്കുമെങ്കിൽ എനിക്കീ ഭവിച്ച ആപത്ത് എന്റെ രക്തസാക്ഷിത്വത്തിനുള്ള നിദാനമാക്കേണമേ, വഞ്ചകരായ ബനൂഖുറൈളയുടെ ചതിക്കുള്ള പ്രതികാരം കൺകുളിർക്കെ കാണും മുമ്പ് എന്നെ നീ തിരിച്ചുവിളിക്കല്ലേ റബ്ബേ…’ അദ്ദേഹം മനമുരുകി പ്രാർത്ഥിച്ചു.

രോഗശയ്യയിൽ വെച്ചുള്ള ഈ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു. വഞ്ചനക്കു കനത്ത വില നൽകേണ്ടി വന്നു. ബനൂഖുറൈളയുടെ ചെയ്തിയുടെ തിക്തഫലം കൺകുളിർക്കെ കാണാൻ ഇബ്‌നു മുആദ്(റ)ന് കഴിഞ്ഞു. അദ്ദേഹത്തിനേറ്റ മുറിവ് രക്തസാക്ഷിത്വത്തിന് ഹേതുകമാവുകയും ചെയ്തു.

ഖന്ദഖിൽ ശത്രുസൈന്യം പരാജയം രുചിച്ചു. നിരാശയോടെയാണ് ഖുറൈശികൾ നാട്ടിലേക്ക് മടങ്ങിയത്.

കരാർ ലംഘിച്ച് ആത്മഹത്യാപരമായ വഞ്ചന നടത്തിയ ബനൂഖുറൈളയെ മദീനയിൽ വെച്ചുപൊറുപ്പിക്കുന്നത് ഇസ്‌ലാമിനും ദേശസുരക്ഷക്കും ദോഷമാണെന്നു ഗ്രഹിച്ച തിരുദൂതർ(സ്വ) ഒരു വിഭാഗം അനുചരന്മാരെ അവരുടെ അടുത്തേക്കയച്ചു. മുസ്‌ലിംകൾ അവരെ ഇരുപത്തിയഞ്ച് ദിവസത്തോളം വളഞ്ഞു. രക്ഷക്ക് മാർഗമൊന്നുമില്ലാതെ വന്നപ്പോൾ അവർ സന്ധിക്കു തയ്യാറായി. ശയ്യാവലംബിയായി കഴിയുന്ന സഅ്ദുബ്‌നു മുആദ്(റ)ന്റെ തീർപ്പ് ഞങ്ങൾക്ക് സ്വീകാര്യമാണെന്നവർ അറിയിച്ചു. വിധി പറയാൻ അവസരം ലഭിക്കുന്നതിനു മുമ്പ് തന്നെ സഅ്ദ് മരിക്കുമെന്ന് കരുതിയുള്ള കുത്സിത നീക്കമായിരുന്നു അവരുടെ ഈ നിബന്ധന.

ജാഹിലിയ്യത്തിൽ അവരുമായി സന്ധിയിലായിരുന്നല്ലോ സഅ്ദ്(റ). അതിനാൽ സഅ്ദിന്റെ തീരുമാനത്തിന് നബി(സ്വ) സമ്മതിച്ചു. അവശതയിൽ കിടക്കുന്ന സഅ്ദ്(റ)നെ കൊണ്ടുവന്നു. മദീനാ നിവാസികളെ മുഴുവനും അപകടത്തിൽ ആപതിപ്പിക്കുമായിരുന്ന ബനൂഖുറൈളയുടെ ഓരോ വഞ്ചനയും എണ്ണിയെണ്ണിപ്പറഞ്ഞ സഅ്ദ്(റ) അവസാനം തീരുമാനം പുറപ്പെടുവിച്ചു: ‘നാടിനെ മുഴുവനും തീ തീറ്റിച്ച ബനൂഖുറൈളയിലെ ധിക്കാരികളും വഞ്ചകരുമായ പുരുഷന്മാരെ വധിക്കുക.’

സഅ്ദ്(റ)ന്റെ മുറിവ് മാരകമായി കൊണ്ടിരുന്നു. മരണവക്രത്തിൽ കഴിയുന്ന തന്റെ ശിഷ്യനെ കാണാൻ ഒരു നാൾ തിരുദൂതരെത്തി. പ്രിയപ്പെട്ട സഅ്ദിന്റെ ശിരസ്സെടുത്ത് സ്വന്തം മടിയിൽ വെച്ചു. ഒരുവേള ആ സുഹൃത്തിന്റെ കർമങ്ങൾ അയവിറക്കി പ്രാർത്ഥിച്ചു.

‘നാഥാ, സഅ്ദ് പ്രവാചകനെ അംഗീകരിച്ചു. നിന്റെ മാർഗത്തിൽ സമരം ചെയ്തു. ബാധ്യത നിർവഹിച്ചു. അദ്ദേഹത്തിന്റെ ആത്മാവിനെ നീ നന്മയോടുകൂടി സ്വീകരിക്കേണമേ.’

തിരുപ്രാർത്ഥന കേട്ടു സഅദ്(റ)ന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. ആ കണ്ണുകൾ തിരുറസൂലിനെ ഉറ്റുനോക്കി വിട ചോദിച്ചു. ‘അസ്സലാമു അലൈക യാ റസൂലല്ലാഹ്, അശ്ഹദു അന്നക റസൂലുല്ലാഹ്…’

‘സഅ്‌ദേ, താങ്കൾക്ക് നന്മവരട്ടെ.’ നബിതങ്ങൾ പ്രതിവചിച്ചു. തിരുമടിയിൽ വെച്ചുതന്നെ ആ നയനങ്ങൾ അടഞ്ഞു.

സഅ്ദ്(റ)ന്റെ മരണത്തിൽ അർശ് കുലുങ്ങിയെന്ന് തിരുദൂതർ. ജനാസ വഹിച്ചുപോകുമ്പോൾ അവിടുന്ന് ധൃതിപ്പെട്ട് നടക്കുന്നതു കണ്ട സ്വഹാബത്ത് ആരാഞ്ഞു:

‘യാ റസൂലല്ലാഹ്, അങ്ങ് എന്തേ ഇങ്ങനെ..?’

‘മലക്കുകളുണ്ട് നമുക്കൊപ്പം. അവർ നമുക്ക് മുമ്പ് സഅ്ദിനെ ഖബറടക്കുമോ എന്നാണെന്റെ പേടി’ -തിരുനബി(സ്വ) മറുപടി പറഞ്ഞു.

ജന്നതുൽ ബഖീഇൽ ഖബ്ർ ഒരുക്കുമ്പോൾ കസ്തൂരിയുടെ സുഗന്ധം ഖബ്‌റിൽ നിന്ന് അടിച്ചുവീശി. ജനാസ ഖബ്‌റിൽ വെക്കുമ്പോൾ മൂന്നു തവണ നബി(സ്വ) തക്ബീർ ചൊല്ലി. അനുചരർ അതേറ്റു ചൊല്ലിയപ്പോൾ ബഖീഅ് പ്രകമ്പനം കൊണ്ടു.

(സുവറുൻ മിൻ ഹയാതിസ്വഹാബ, ശറഹു മുസ്‌ലിം).

Exit mobile version