നോമ്പിന്റെ കര്‍മശാസ്ത്ര പാഠങ്ങള്‍

സൗം എന്നാണ് നോമ്പിന്റെ അറബി പദം. വര്‍ജ്ജിക്കല്‍ എന്ന് ഭാഷാന്തരം. ചില പ്രത്യേക നിബന്ധനകളോടെ നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനാണ് സാങ്കേതിക അര്‍ത്ഥത്തില്‍ സൗം എന്ന് ഉപയോഗിക്കുക. നോമ്പിന്റെ നിബന്ധനകളും നോമ്പ് മുറിയുന്ന കാര്യങ്ങളും മറ്റും ഹ്രസ്വമായി വിവരിക്കാം.

റമളാന്‍ നോമ്പ് നിര്‍ബന്ധമാവാന്‍ ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാവുകയോ ചന്ദ്രപ്പിറവി കാണുകയോ വേണം. ശഅ്ബാന്‍ ഇരുപത്തിയൊമ്പത് അസ്തമിച്ചു മാസപ്പിറവി കണ്ടാല്‍ പിന്നെ സംശയിക്കേണ്ട. മുപ്പത് പൂര്‍ത്തിയായാല്‍ പിന്നെ മാസപ്പിറവി കാണേണ്ടതുമില്ല.

മാസം കണ്ടെന്നുറപ്പാകാതെ യൗമുശ്ശക് (സംശയദിനം) അഥവാ ശഅ്ബാന്‍ മുപ്പതാകുന്ന ദിവസം നോമ്പ് നോല്‍ക്കുന്നത് കുറ്റകരമാണ്. അങ്ങനെയൊരാള്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്‍ നബി(സ്വ)യോട് എതിരു നിന്നവനാണെന്ന് അമ്മാറുബ്നു യാസിര്‍(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സൂര്യാസ്തമനശേഷം ചക്രവാളത്തില്‍ ഇത്രസമയം ചന്ദ്രന്‍ ഉണ്ടാകുമെന്നും അതിനാല്‍ മാസപ്പിറവിക്കു സാധ്യതയുണ്ടെന്നും എത്ര വിദഗ്ധമായ പ്രവചനം ഉണ്ടായിരുന്നാലും പിറവി കണ്ടെങ്കില്‍ മാത്രമേ റമളാന്‍ നോമ്പ് നിര്‍ബന്ധമാവുകയുള്ളൂ. പിറവി കണ്ടെങ്കില്‍ സാധ്യത കുറവ് പ്രശ്നവുമല്ല എന്നാണ് നിയമം. മാസപ്പിറവി കണ്ടത് വിശ്വസ്തനായ ആള്‍ പറഞ്ഞാല്‍ ആകാശം മേഘാവൃതമായിരുന്നെന്ന ന്യായം മുഖവിലക്കെടുക്കില്ല. ആയിശ ബീവി(റ) പറയുന്നു: ശഅ്ബാന്‍ മാസത്തില്‍ മറ്റുമാസങ്ങളെക്കാള്‍ നബി(സ്വ) സൂക്ഷ്മതയും ശ്രദ്ധയും കാണിച്ചിരുന്നു. റമളാന്‍ മാസപ്പിറവി കണ്ടാല്‍ നബി(സ്വ) നോമ്പനുഷ്ഠിക്കും. ഇല്ലെങ്കില്‍ ശഅ്ബാന്‍ പൂര്‍ത്തിയാക്കി നോമ്പ് പിടിക്കും (അബൂദാവൂദ്/2325, ദാറഖുത്നി 156/2).

പ്രായപൂര്‍ത്തി ബുദ്ധി, ശുദ്ധി, നോമ്പ് നോല്‍ക്കാനുള്ള കഴിവ് എന്നിവയുള്ള മുസ്‌ലിമിനാണ് നോമ്പ് നിര്‍ബന്ധമുള്ളത്. കുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമില്ലെങ്കിലും അവരെ പരിശീലിപ്പിക്കാന്‍ നോന്പെടുപ്പിക്കേണ്ടതാണ്. സ്വഹാബികള്‍ കുട്ടികളെ നോമ്പ് അനുഷ്ഠിപ്പിച്ചിരുന്നതായും അവര്‍ വിശന്ന് കരയുമ്പോള്‍ കളിക്കോപ്പുകള്‍ കൊടുത്ത് സമാശ്വസിപ്പിച്ച് നിര്‍ത്തിയിരുന്നതായും ഹദീസുകളിലുണ്ട് (ബുഖാരി/1960 , മുസ്‌ലിം/1136).

വാര്‍ധക്യം, ശമനസാധ്യതയില്ലാത്ത രോഗം എന്നിവയാല്‍ നോമ്പിന് കഴിയാത്തവര്‍ അനുഷ്ഠിക്കേണ്ടതില്ല. കഴിവില്ലാത്തവര്‍ സാധുക്കള്‍ക്ക് ഭക്ഷണം നല്‍കണമെന്ന ഖുര്‍ആന്‍ വചനം വ്യാഖ്യാനിച്ചുകൊണ്ട് ഇബ്നു അബ്ബാസ്(റ) എഴുതുന്നു: കഴിവില്ലാത്തവര്‍ എന്നാല്‍ നോമ്പ് അനുഷ്ഠിക്കാന്‍ കഴിവില്ലാത്ത പ്രായമുള്ള സ്ത്രീയും പുരുഷനുമാണ്. അവര്‍ ഓരോ ദിവസത്തെ നോമ്പിനും പകരമായി സാധുക്കള്‍ക്ക് ഭക്ഷണം നല്‍കണം (ബുഖാരി/4505).

ശമനസാധ്യതയുള്ള രോഗമാണെങ്കില്‍ പിന്നീട് ഖളാഅ് വീട്ടണം. അനുവദനീയ യാത്രക്കാരനും നോന്പുപേക്ഷിക്കാന്‍ അനുമതിയുണ്ട്. പിന്നീട് നോറ്റുവീട്ടണം. ഋതുമതികളും പ്രസവരക്തം പുറപ്പെടുന്നവളും തത്സമയം നോമ്പ് നോല്‍ക്കരുത്. പിന്നീട് ഖളാഅ് വീട്ടണം.

മുലയൂട്ടുന്ന സ്ത്രീകള്‍ക്കും നോമ്പ് ഒഴിവാക്കാം. ശരീരത്തിന്റെ പ്രയാസം കണക്കിലെടുത്താണ് അവര്‍ നോമ്പ് ഒഴിവാക്കുന്നതെങ്കില്‍ പിന്നീട് ഖളാഅ് വീട്ടുകയേ വേണ്ടൂ. കുഞ്ഞിനെ പരിഗണിച്ചു മാത്രമാണെങ്കില്‍ ഖളാഇന് പുറമെ സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുകയും വേണം. നബി(സ്വ) പറഞ്ഞു: അല്ലാഹു യാത്രക്കാരന് നോമ്പിനെയും നിസ്കാരത്തിന്റെ പകുതിയെയും ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്. ഗര്‍ഭിണിക്കും മുലയൂട്ടുന്നവള്‍ക്കും നോമ്പിനെ ഒഴിവാക്കിയിട്ടുണ്ട് (അബൂദാവൂദ്/2408, തുര്‍മുദി/715).

ഒരു നോമ്പിന് പകരം ഒരു മുദ്ദ് (ഏകദേശം 625 ഗ്രാം) വീതം ഭക്ഷണധാന്യമാണ് സാധുക്കള്‍ക്ക് നല്‍കേണ്ടത്. ഖളാഅ് വീട്ടല്‍ നിര്‍ബന്ധമായവര്‍ മറ്റൊരു റമളാന്‍ കഴിയുന്നത് വരെ ഖളാഇനെ പിന്തിച്ചാലും ഓരോ നോമ്പിനും ഭക്ഷ്യധാന്യം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്.

യാത്രക്കാരന് നോന്പുപേക്ഷിക്കാന്‍ അനുമതിയുണ്ടെങ്കിലും ശക്തമായ ക്ഷീണം വകവെക്കാതെ നോന്പെടുത്ത സംഭവങ്ങള്‍ പ്രവാചകരുടെയും സ്വഹാബത്തിന്റെയും ജീവിതത്തിലുണ്ട്.

ഹംസത്തുല്‍ അസ്ലമീ(റ) നബിയോട് ചോദിച്ചു: ഞാന്‍ തുടര്‍ച്ചയായി നോമ്പ് നോല്‍ക്കുന്ന ആളാണ്. യാത്രയില്‍ ഞാന്‍ എന്ത് ചെയ്യണം? അവിടുന്ന് പറഞ്ഞു: കഴിയുമെങ്കില്‍ നോല്‍ക്കുക, ഇല്ലെങ്കില്‍ വേണ്ട (ബുഖാരി/1943, മുസ്‌ലിം/1121).

ജാബിര്‍(റ) പറയുന്നു: “ഒരു യാത്രയില്‍ ജനങ്ങളെല്ലാം ഒരാളുടെ ചുറ്റും കൂടിയിരിക്കുന്നു. അയാള്‍ക്ക് നിഴല്‍ കിട്ടുന്ന രൂപത്തില്‍ ഒരു തുണി മേല്‍ ഭാഗത്ത് കെട്ടിയിട്ടുണ്ട്. നബി(സ്വ) ചോദിച്ചു: എന്താണയാള്‍ക്ക് പറ്റിയത്? അവിടെ കൂടിയവര്‍ പറഞ്ഞു: ഇയാള്‍ നോന്പുകാരനാണ്. അപ്പോള്‍ നബി(സ്വ) പ്രതികരിച്ചതിങ്ങനെ: യാത്രയില്‍ നോമ്പ് നോല്‍ക്കുന്നത് പുണ്യകരമല്ല (മുസ്‌ലിം/1116).

നിസ്കാരം ഖസ്റാക്കല്‍ അനുവദനീയമായ ദൂരമുള്ള യാത്രയാവുക, അനുവദനീയമായ യാത്രയാവുക, പ്രഭാതത്തിനുമുമ്പ് യാത്ര ആരംഭിക്കുക തുടങ്ങിയ കാര്യങ്ങള്‍ നോന്പുപേക്ഷിക്കുന്ന യാത്രക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്.

നോമ്പിന്റെ നിര്‍ബന്ധങ്ങള്‍

ഒന്ന്: നിയ്യത്ത്.

നിയ്യത്തില്ലാതെ നോമ്പിന് സാധുതയില്ല. “ഈ റമളാനിലെ നാളത്തെ ഫര്‍ള് നോമ്പിനെ അദാആയി അല്ലാഹുവിനുവേണ്ടി അനുഷ്ഠിക്കാന്‍ ഞാന്‍ കരുതി’ എന്നാണ് നിയ്യത്ത് ചെയ്യേണ്ടത്. നബി(സ്വ) പറഞ്ഞു: ഉദയത്തിന് മുമ്പ് നിയ്യത്ത് വെക്കാത്തവന് നോമ്പ് ഇല്ല (അബൂദാവൂദ്/2454, തുര്‍മുദി/730, നസാഇ/2333). നിയ്യത്ത് മനസ്സില്‍ വേണ്ടതാണ്. എന്നാല്‍ ഉച്ചരിക്കല്‍ സുന്നത്തുണ്ട്. നിയ്യത്ത് രാത്രിയിലാവല്‍ നിബന്ധനയാണ്. സുന്നത്ത് നോമ്പില്‍ ഇതില്‍ വിട്ടുവീഴ്ചയുണ്ട്; നിയ്യത്ത് ഉച്ചക്ക് മുമ്പ് മതി.

റമളാനിന്റെ ഓരോ ദിവസത്തിനും പ്രത്യേകമായി നിയ്യത്ത് വെക്കേണ്ടതുണ്ട്. കാരണം ഓരോ നോന്പും പ്രത്യേകം ഇബാദത്തുകളാണ്. അതിനാല്‍ രാത്രിയില്‍ നിയ്യത്ത് മറന്നാല്‍ നോമ്പിന് സാധുതയില്ല. നിയ്യത്തോട് കൂടി ഫജ്റ് മുതല്‍ അസ്തമയം വരെ ഗുഹ്യത്തിന്റെയും വയറിന്റെയും ആവശ്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കലാണല്ലോ നോമ്പ്. റമളാനിലെ നോമ്പ് എന്നും നാളത്തേത് എന്നും കരുതല്‍ നിയ്യത്തിന്റെപ്രധാനഘടകമാണ്. ഓരോരുത്തര്‍ക്കും നിയ്യത്ത് വെച്ചതാണുള്ളത് എന്നാണ് നബി(സ്വ) പറഞ്ഞത്.

പ്രഭാതം മുതല്‍ അസ്തമയം വരെ നോമ്പ് മുറിക്കുന്ന കാര്യങ്ങള്‍ വര്‍ജ്ജിക്കലാണ് രണ്ടാമത്തേത്. സൂറത്തുല്‍ ബഖറയിലെ 187ാം വചനം അത് വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. നോമ്പിന്റെ തുടക്കസമയത്തെക്കുറിച്ച് നബി(സ്വ) സ്വഹാബത്തിനെ പഠിപ്പിച്ചു; ഇബ്നു ഉമ്മിമക്തൂം വാങ്ക് കൊടുക്കുന്നത് വരെ നിങ്ങള്‍ തിന്നുക, കുടിക്കുക. പ്രഭാതം വിടരുമ്പോഴാണ് അദ്ദേഹം വാങ്ക് വിളിച്ചിരുന്നത് (ബുഖാരി/1918, മുസ്‌ലിം/1096). സൂര്യാസ്തമനമാണ് നോമ്പിന്റെ അവസാന സമയം. അല്‍ ബഖറയുടെ 187ല്‍ അത് സൂചിപ്പിക്കുന്നുണ്ട്.

നബി(സ്വ) പറഞ്ഞു: സൂര്യന്‍ അസ്തമിച്ചാല്‍ നോന്പുകാരന്‍ നോന്പു മുറിക്കണം (ബുഖാരി/1954, മുസ്‌ലിം/1100).

വായിലൂടെ മാത്രമല്ല, ചെവി, മൂക്ക്, ജനനേന്ദ്രിയം, മലദ്വാരം എന്നിവയിലൂടെ സ്ഥൂല വസ്തുക്കള്‍ കടന്നാല്‍ നോന്പു മുറിയും. എന്നാല്‍ കണ്ണില്‍ മരുന്നൊഴിക്കുന്നത് കൊണ്ട് നോന്പു മുറിയില്ല. സ്ഥൂല വസ്തു പ്രവേശിച്ചാലേ നോന്പു മുറിയൂ; ഗന്ധം പ്രശ്നമല്ല. ഭക്ഷണം രുചിച്ച് സ്വാദ് അറിയുന്നതും പ്രശ്നമല്ല. നാവിന്നപ്പുറത്തേക്ക് വസ്തു ഇറങ്ങരുതെന്ന് മാത്രം. വസ്തു കലര്‍ന്ന തുപ്പുനീരും ഇറങ്ങാന്‍ പാടില്ല.

ഇഞ്ചക്ഷന്‍ കൊണ്ട് നോന്പു മുറിയില്ല. പക്ഷേ, ക്ഷീണമകറ്റാന്‍ ഗ്ലൂക്കോസോ മറ്റോ കയറ്റി നോമ്പിന്നായി ശക്തി സംഭരിക്കാന്‍ പാടില്ല. ക്ഷീണമകറ്റാന്‍ തലയിലും ദേഹത്തും വെള്ളമൊഴിക്കുന്നത് തെറ്റല്ല. നോന്പുകാരനായിരിക്കെ നബി(സ്വ) തലയില്‍ വെള്ളമൊഴിച്ചിരുന്നുവെന്ന് ഹദീസിലുണ്ട്. ഇബ്നു ഉമര്‍(റ) വസ്ത്രം നനച്ച് ദേഹത്തിടുകയും ചെയ്തിരുന്നു.

തലയില്‍ എണ്ണയിടുന്നത് പോലെ കണ്ണില്‍ സുറുമയിടുന്നതും നോമ്പിനെ ബാധിക്കില്ല (മുഗ്്നി/1, ഇബ്നു ജുദാമ 3/106, മുഗ്നി മുഹ്താജ്). അനസ് ബ്നു മാലിക് നോന്പുകാരനായിരിക്കെ സുറുമയിട്ടിരുന്നു (അബൂദാവൂദ്/2387). നബിയോടൊരാള്‍ ചോദിച്ചു: കണ്ണിനു സുഖമില്ല. ഞാന്‍ നോന്പുകാരനുമാണ്. സുറുമയിടട്ടെ. അവിടുന്ന് പറഞ്ഞു: ആവാം (തുര്‍മുദി/726).

അകത്തേക്കിറക്കുന്നത് കൊണ്ട് മാത്രമല്ല, പുറത്തേക്കിറക്കുന്ന ചിലത് കൊണ്ടും നോന്പു നഷ്ടമാവും. ഉദാഹരണം ഛര്‍ദി ഉണ്ടാക്കല്‍. എന്നാല്‍ ഛര്‍ദി അനിയന്ത്രിതമായവര്‍ക്ക് ഖളാഅ് വേണ്ട. മനഃപൂര്‍വം ചെയ്യുന്നവന്‍ ഖളാഅ് വീട്ടട്ടെ എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്/2380, തുര്‍മുദി/720, മജ്മൂഅ് 6/16).

അകത്തുകടന്ന വസ്തു പുറത്തെടുത്താല്‍ നോന്പു മുറിയുമെങ്കിലും അത് ചിലപ്പോള്‍ ആവശ്യമായി വന്നേക്കാം. പ്രാണികളോ മറ്റോ ഉള്ളിലകപ്പെടുകയും പുറത്തെടുക്കാതിരിക്കല്‍ വിഷമമാകുകയും ചെയ്താല്‍ പുറത്തെടുക്കാം. ആ നോമ്പ് പിന്നെ ഖളാഅ് വീട്ടണം. വായയുടെ ബാഹ്യ ഭാഗത്ത് എത്തിയ കഫം തുപ്പിക്കളയാന്‍ സാധ്യമായിട്ടും വിഴുങ്ങിയാല്‍ നോന്പു മുറിയും.

മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്നോ രക്തം പുറപ്പെടുകയോ മുറിവേറ്റ് രക്തം വരികയോ ചെയ്താല്‍ നോമ്പിന് കുഴപ്പമില്ല. എന്നാല്‍ മോണയില്‍ നിന്ന് വന്ന രക്തം ഉമിനീരില്‍ കലര്‍ന്ന് ഉള്ളിലേക്കിറങ്ങിയാല്‍ നോന്പു മുറിയും.

സ്ഖലനമുണ്ടായില്ലെങ്കിലും ലൈഗിംക ബന്ധം കൊണ്ട് നോന്പു മുറിയും. കഠിന പ്രായശ്ചിത്തവും അതിന് നിര്‍ബന്ധമാണ്. ഒരു അടിമയെ മോചിപ്പിക്കുക, കഴിവില്ലെങ്കില്‍ തുടര്‍ച്ചായി അറുപത് നോന്പു നോല്‍ക്കല്‍, അതിനും കഴിവില്ലെങ്കില്‍ അറുപത് സാധുക്കള്‍ക്ക് ഭക്ഷണം കൊടുക്കല്‍ എന്നിങ്ങനെയാണ് പ്രായശ്ചിത്തം.

ഇന്ദ്രിയ സ്ഖലനമുണ്ടാക്കിയാല്‍ നോന്പു മുറിയും. എന്നാല്‍ സ്വപ്ന സ്ഖലനം കൊണ്ട് മുറിയില്ല. മറയോടെയാണെങ്കിലും അല്ലെങ്കിലും ഭാര്യയെ ചുംബിക്കല്‍ തഹ്രീമിന്റെ (ഹറാമിന്റെ വിധിയുള്ള) കറാഹത്താണ്. വികാരത്തോടെയാണെങ്കില്‍ ഹറാമുമാണ്. ഇമാം ബുഖാരി 2051ാം ഹദീസില്‍ ഇത് പഠിപ്പിക്കുന്നുണ്ട്.

നോമ്പ് മുറിയുന്ന കാര്യങ്ങള്‍ അബദ്ധത്തിലോ മറന്നോ സംഭവിച്ചാല്‍ നോമ്പിനു കുഴപ്പമില്ല. പക്ഷേ ഓര്‍മ വന്നയുടന്‍ അതില്‍ നിന്ന് പിന്‍മാറണം. നബി(സ്വ) പറഞ്ഞു: നോന്പുകാരന്‍ മറന്നു തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അവന്‍ നോമ്പ് പൂര്‍ത്തിയാക്കട്ടെ. അല്ലാഹുവാണ് അവനെ തീറ്റിയതും കുടിപ്പിച്ചതും (ബുഖാരി/1933, മുസ്്ലിം/1155).

നോമ്പ് മുറിയുന്ന കാര്യങ്ങള്‍ മനഃപൂര്‍വം ചെയ്താലാണ് നോമ്പ് നഷ്ടപ്പെടുക. ആര്‍ത്തവം, പ്രസവ രക്തസ്രാവം എന്നിവ സ്വപ്രവര്‍ത്തിയാലല്ലെങ്കിലും നോമ്പ് മുറിയാതിരിക്കില്ല. ശുദ്ധി നഷ്ടമാവുന്നത് കൊണ്ടാണ് ഇവരുടെ നോമ്പ് മുറിയുന്നത്. ആര്‍ത്തവം സുബ്ഹിക്ക് മുമ്പ് നിലച്ചാല്‍ അവര്‍ നോമ്പ് നോല്‍ക്കണം. കുളിച്ചിരിക്കണമെന്നില്ല. വലിയ അശുദ്ധിയുള്ളവര്‍ കുളിക്കാതെ നോമ്പില്‍ പ്രവേശിക്കുന്നതിനും പ്രശ്നമില്ല. നിസ്കാരത്തിനും മറ്റും വേണ്ടി ഇവരെല്ലാം കുളിക്കുകയും വേണം.

നോമ്പിന്റെ സുന്നത്തുകള്‍

അത്താഴം വ്രതാനുഷ്ഠാനത്തിന്റെ പ്രധാന സുന്നത്തുകളിലൊന്നാണ്. നോന്പുകാരന് ഉന്മേഷവും സന്തോഷവും ലഭിക്കാന്‍ അത്താഴം കഴിക്കല്‍ സുന്നത്താണ്. ഫജ്റിന്ന് മുമ്പ് അമ്പത് ആയത്ത് ഓതുന്ന സമയമുള്ളപ്പോള്‍ അത്താഴം കഴിക്കലായിരുന്നു നബിയുടെ ചര്യ. “അത്താഴം നിങ്ങള്‍ പിന്തിക്കുക. സമയമായ ശേഷം നോമ്പ് തുറക്കുന്നത് വേഗത്തിലാക്കുക.’ എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട് (മുസ്നദ് അഹ്്മദ് 5/147).

സമയമായാല്‍ തുറക്കുന്നത് വേഗത്തിലാക്കണം. “അല്ലാഹു പറഞ്ഞു: എന്റെ അടിമകളില്‍ എനിക്കേറ്റവും ഇഷ്ടം നോമ്പ് തുറ വേഗത്തിലാക്കുന്നവരെയാണ് (തുര്‍മുദി, മുസ്നദ് അഹ്മദ് 2/238).

നോമ്പ് തുറക്കുന്നത് കാരക്ക (ഈത്തപ്പഴം) കൊണ്ടാവുക. പ്രവാചകര്‍(സ്വ) പറഞ്ഞു: നിങ്ങള്‍ നോമ്പ് മുറിക്കുന്നത് കാരക്ക കൊണ്ടാവട്ടെ. അത് ലഭിച്ചിട്ടില്ലെങ്കില്‍ വെള്ളമാവട്ടെ (അബൂദാവൂദ്/2355, തുര്‍മുദി/694).

തുറക്കുമ്പോഴുള്ള ദിക്ര്‍ ചൊല്ലല്‍ സുന്നത്താണ്. നബി(സ്വ) നോമ്പ് തുറക്കുന്ന സമയത്ത് ഇങ്ങനെ പറഞ്ഞിരുന്നു: അല്ലാഹുമ്മ ലക സ്വുംതു വഅലാ രിസ്ഖിക അഫത്വര്‍തു (അബൂദാവൂദ്, നസാഈ). നബി(സ്വ) വെള്ളം കൊണ്ട് നോമ്പ് തുറന്നാല്‍ ഇങ്ങനെ പറഞ്ഞിരുന്നു: ദഹബള്ളമഉ വബ്തല്ലതില്‍ ഉറൂഖു വസബതല്‍ അജ്റു ഇന്‍ശാ അല്ലാഹ്.

ദിക്ര്‍, ദുആ അധികരിപ്പിക്കുക, സത്കാര്യങ്ങള്‍ വര്‍ധിപ്പിക്കുക, ധര്‍മം ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ കാണിക്കുക, ഖുര്‍ആന്‍ ഓതുക, സുന്നത്ത് നിസ്കാരങ്ങള്‍ അധികരിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലെല്ലാം നോന്പ്കാരന്‍ പ്രത്യേക ശ്രദ്ധ കൊടുക്കണം.

നോമ്പിന്റെ പൂര്‍ണത ലഭിക്കാന്‍ ശക്തമായ മനക്കരുത്തോടെ സ്വന്തത്തെ നിയന്ത്രിക്കാന്‍ നോന്പ്കാരന് കഴിയണം. നിഷിദ്ധങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ അവന്‍ നല്ല ശുഷ്കാന്തി കാണിക്കണം. പൊതുവില്‍ തന്നെ നിഷിദ്ധമായ പല കാര്യങ്ങളും നോന്പ്കാരന് ശക്തമായ വിലക്കുള്ളതായാണ് ഇസ്‌ലാം എണ്ണിയത്. കളവ് പറയല്‍, ഏഷണി, പരദൂഷണം, ഹറാമിലേക്കുള്ള നോട്ടം, കേള്‍വി തുടങ്ങിയവ നോമ്പിന്റെ ഫലം നഷ്ടപ്പെടുത്തുന്നതോടൊപ്പം ഗൗരവമുള്ള കുറ്റങ്ങളുമാണ്. റസൂല്‍(സ്വ) പറഞ്ഞു: എത്ര നോന്പുകാരാണ് നോമ്പ് കൊണ്ട് വിശപ്പ് മാത്രമേ അവര്‍ക്ക് ലഭിക്കുന്നുള്ളൂ (ഇബ്നു മാജ 1/539).

 

Exit mobile version