അത് സാരമില്ല എന്ന് ഭാര്യയോട് പറയരുത്!

സ്ത്രീകൾക്കും പുരുഷന്മാർക്കും ജീവിതത്തിൽ വിവിധ തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകുമ്പോൾ അത് എങ്ങനെയാണ് ഓരോരുത്തരും പരിഹരിക്കുന്നതെന്നാണ് നാം ചർച്ച ചെയ്യുന്നത്. പുരുഷന് പ്രശ്‌നങ്ങളുണ്ടാകുമ്പോൾ അവർ എന്താണ് ആഗ്രഹിക്കുന്നതെന്നും സ്ത്രീകൾക്ക് പ്രശ്‌നങ്ങളുണ്ടാകുമ്പോൾ പുരുഷന്മാരിൽനിന്ന് സാധാരണ ഉണ്ടാകുന്ന തെറ്റുകൾ എന്തൊക്കെയാണെന്നും വിശദീകരിച്ചു. സങ്കടങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്ന സ്ത്രീകൾ ഭർത്താക്കന്മാരിൽ നിന്ന് ആഗ്രഹിക്കുന്നതെന്തൊക്കെയാണെന്ന് നോക്കാം.
തന്റെ സങ്കടങ്ങൾ, പ്രശ്‌നങ്ങൾ, പ്രയാസങ്ങൾ പങ്കുവയ്ക്കുന്നത് കൊണ്ട് ഭാര്യ പ്രതീക്ഷിക്കുന്നത് അതിനൊരു സമാധാനം കിട്ടുന്ന പ്രതികരണമാണ്. താൻ അങ്ങനെ ഒരു കാര്യം അനുഭവിക്കുന്നു എന്ന അംഗീകാരമാണ് ഇതിൽ ഏറ്റവും പ്രധാനം.
തലവേദനയുണ്ട് എന്ന് പറയുന്ന ഭാര്യയോട്; ‘ഓ എപ്പോഴാണ് തുടങ്ങിയത്, നല്ല പ്രയാസമുണ്ടോ? ഞാൻ തടവിത്തരാം, നീ ഇവിടെ ഇരിക്ക്, ഞാനൊന്നു മസാജ് ചെയ്തു തരാം…’ തുടങ്ങിയ സ്‌നേഹത്തിൽ പൊതിഞ്ഞ മറുപടികൾ, അവളുടെ വിഷമം ഉൾക്കൊള്ളുന്ന രീതിയിലുള്ള പ്രതികരണങ്ങൾ അവരുടെ പ്രയാസം ലഘൂകരിക്കുകയോ പൂർണമായും ഇല്ലാതാക്കുകയോ ചെയ്യും. ക്ഷീണമനുഭവിക്കുന്ന ഭാര്യയോട് നീ ഇങ്ങോട്ട് വന്ന് അൽപം വിശ്രമിക്ക്, ഇവിടത്തെ എല്ലാ ജോലിയും ചെയ്തു നീ ക്ഷീണിച്ചിട്ടുണ്ടാകും, ഇന്ന് ഞാൻ സഹായിക്കാം… തുടങ്ങിയ വാക്കുകൾ പറഞ്ഞാൽ ആനന്ദം കൊണ്ട് അവർ തുള്ളിച്ചാടും.
ഇതിനൊക്കെ പകരം പലരും അതിനെ പരിഹസിക്കുകയോ ചെറുതായി കാണുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്യുന്നത് കൊണ്ടാണ് എന്നെ ഭർത്താവ് മനസ്സിലാക്കുന്നില്ല എന്ന പരാതിയിലേക്ക് സ്ത്രീകളെത്തുന്നത്. ശാരീരികമോ മാനസികമോ ആയ പ്രയാസമനുഭവിക്കുന്ന ഒരാളോട് ‘അത് സാരമില്ല’ എന്ന് പറയുന്നത് അതിന്റെ യഥാർഥ അർഥം പരിഗണിച്ചാൽ ശരിയല്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. കരയുന്ന/ സങ്കടപ്പെടുന്ന ഒരാളോട് സാരമില്ല എന്ന് പറയുന്നത് ശരിയല്ല. കാരണം അവർക്കത് സാരമുള്ളത് കൊണ്ടാണ് അവർ കരയുന്നത്. അപ്പോൾ അവരുടെ ആ ഒരു മാനസികാവസ്ഥയെ അംഗീകരിച്ച്, പ്രയാസത്തെ ഉൾക്കൊണ്ട് സംസാരിക്കുന്നതോടെ തന്നെ മിക്കവാറും സ്ത്രീകൾക്ക് മാനസിക സമാധാനവും അതിലൂടെ ശാരീരിക പ്രയാസങ്ങൾ ആണെങ്കിൽ പോലും സുഖപ്പെടുകയോ കുറയുകയോ ചെയ്യും.
അവർ പറയുന്നത് അംഗീകരിച്ചാൽ പിന്നെ അവർ അതൊരു പതിവാക്കുകയില്ലേ, ഇത് കാരണമായി അവർ നമ്മുടെ തലയിൽ കേറിയാലോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. ഇല്ല, ഒരിക്കലും ഇല്ല. തന്നെയും തന്റെ പ്രയാസങ്ങളെയും ഇഷ്ടങ്ങളെയും ഹൃദയം തുറന്നു മനസ്സിലാക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്ന ഭർത്താവിനോട് ഒരു ഭാര്യയും അങ്ങനെ ചെയ്യുകയില്ല എന്ന് മാത്രമല്ല, പരമാവധി അത്തരം അവസ്ഥകൾ ഉണ്ടാവുന്നതിന്റെ തീവ്രത അവരിൽ കുറയുകയാണ് ചെയ്യുക. ഇങ്ങനെ ഭർത്താക്കന്മാരിൽ നിന്ന് യഥാർഥ പരിഗണന കിട്ടുന്ന സ്ത്രീകൾ മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതൽ ആരോഗ്യമുള്ളവരായി കാണാൻ സാധിക്കും. മാനസികാരോഗ്യം ശാരീരികാരോഗ്യത്തെയും വ്യക്തിജീവിതത്തെയും സന്തോഷാവസ്ഥകളെയും സ്വാധീനിക്കുന്നത് കൊണ്ടാണ് അത്.
ചില സ്ത്രീകൾ സ്വന്തം വീട്ടിൽ നിന്ന് ഭർത്താവിന്റെ വീട്ടിൽ പോകുന്നത് ചിന്തിക്കുമ്പോഴേക്കും ക്ഷീണിച്ചു പോകുന്നതും പ്രയാസപ്പെടുന്നതും ഒന്നിനോടും പ്രത്യേക താൽപര്യമില്ലാതെ എല്ലാവരോടും മൗനമായിരിക്കുന്നതും ഒരുപക്ഷേ ശാരീരിക രോഗങ്ങൾ അടക്കം ഉണ്ടാകുന്നതും പലപ്പോഴും കാണാറുണ്ട്. ചില സ്ത്രീകൾക്ക് ഭർത്താവിന്റെ വീട്ടിൽ (പ്രത്യേകിച്ചും കൂട്ടുകുടുംബ വ്യവസ്ഥയിൽ കഴിയുന്നവർക്ക്) ജീവിക്കുമ്പോൾ പൊതുവേ ക്ഷീണവും രോഗാവസ്ഥകളും സന്തോഷമില്ലായ്മയും കാണാറുണ്ട്. അവർ പക്ഷേ സ്വന്തം വീട്ടിലേക്ക് പോയാൽ ഈ രോഗാവസ്ഥകളെല്ലാം മാറി ഉത്സാഹത്തോടെ കഴിയുന്നതും പ്രത്യേകിച്ച് ചികിത്സയൊന്നുമില്ലാതെ തന്നെ ക്ഷീണാവസ്ഥകൾ ഭേദപ്പെട്ട് ജീവിക്കുന്നതും കാണാൻ സാധിക്കും.
സ്ത്രീകളാണെങ്കിലും പുരുഷന്മാരാണെങ്കിലും മനസ്സിൽ കെട്ടിക്കിടക്കുന്ന സങ്കടങ്ങളെല്ലാം ഏറ്റവും അടുത്ത ഒരാളോട് തുറന്നു പറയുകയും അയാളത് ഉൾക്കൊണ്ട് മാനസികമായ പിന്തുണ നൽകുകയും ചെയ്യുന്നതിലൂടെ ആശ്വാസം കണ്ടെത്തുന്നവരാണ്. സ്ത്രീകളിൽ ഈ രീതി കൂടുതലാണ്. ഇങ്ങനെ, ഉള്ളിലുള്ള വികാരങ്ങൾ മറ്റൊരു വ്യക്തിയോട് പറയുമ്പോൾ അയാൾ മനസ്സിലാവുന്ന രീതിയിൽ സംസാരിക്കുന്നില്ലെങ്കിൽ ആ വികാരങ്ങൾ അവിടെത്തന്നെ കെട്ടിക്കിടക്കുകയും അദ്ദേഹം തനിക്ക് അനുകൂലമായി സംസാരിക്കാത്തതു കൊണ്ട് സങ്കടം കൂടുകയും ചെയ്യും. അതിന്റെ നെഗറ്റീവ് ഇമോഷൻസ് അവിടെത്തന്നെ കൂടുതലായി കെട്ടിക്കിടക്കുകയും അത് കാരണമായി അവർക്ക് psycho somatic diceases (മനോജന്യ രോഗങ്ങൾ) ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു.
മനപ്പൊരുത്തമില്ലാത്ത ഭർത്താവിന്റെ കൂടെ ജീവിക്കുകയോ കുടുംബത്തിൽ അമ്മായിമ്മ, നാത്തൂൻ, ഭർത്താവിന്റെ സഹോദര ഭാര്യമാർ തുടങ്ങിയവരുമായി പ്രയാസങ്ങളുമായി ജീവിക്കുകയോ ചെയ്യുന്ന സ്ത്രീകൾക്ക് വയറുവേദന, ഊരവേദന, ഷോൾഡർ പെയിൻ, ക്ഷീണം, തലവേദന തുടങ്ങി പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നതിന്റെ കാരണവും ഇതാണ്. എത്ര ശാരീരിക ചികിത്സകൾ നൽകിയാലും അത്തരം രോഗങ്ങൾക്ക് താൽക്കാലിക ശമനം ഉണ്ടായെങ്കിലായി എന്നല്ലാതെ പൂർണമായ മുക്തിയിലേക്ക് എത്തുകയില്ല. കാരണം ഇത് ശാരീരിക രോഗമല്ല, മനസ്സിൽ സങ്കടം ഒരു പരിധിയിൽ കൂടുതൽ തങ്ങിനിന്നതുകൊണ്ടുണ്ടായ മാനസിക ജന്യരോഗങ്ങളാണ്. അതിന് കാരണമായ നെഗറ്റീവ് ഇമോഷൻസ് മനസ്സിൽ നിന്ന് ഇല്ലാതാക്കാൻ പ്രിയപ്പെട്ടവരിൽ നിന്നുള്ള പിന്തുണ കിട്ടുക തന്നെയാണ് ശരിയായ പരിഹാരം.
തലവേദന, പുറംവേദന തുടങ്ങി മാരകമായ ട്യൂമർ അടക്കമുള്ള രോഗാവസ്ഥകൾ ഇങ്ങനെ ഉണ്ടായത് കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് സങ്കടങ്ങൾ അനുഭവിക്കുന്നവർക്ക് അതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഒന്നാം ഘട്ടത്തിൽ തന്നെ നമ്മുടെ പൂർണമായ വൈകാരിക പിന്തുണ (emotional agreement) വേണം എന്ന് പറയുന്നത്. ഞാൻ അവൾക്ക് എല്ലാം ചെയ്തു കൊടുക്കുന്നില്ലേ, അവൾക്കും മക്കൾക്കും വേണ്ടിയല്ലേ ഞാൻ ഇത്രയും കഷ്ടപ്പെടുന്നത്, പുറത്തു പോകുന്നത്, അധ്വാനിക്കുന്നത്, ജോലി ചെയ്യുന്നത് എന്നൊക്കെ ചോദിച്ചു പുരുഷൻ തന്റെ അവസ്ഥകൾ ആ സമയത്ത് പറഞ്ഞു പ്രശ്‌നം പരിഹരിക്കാമെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഇവിടെ വളരെ പ്രാധാന്യത്തോടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യം സ്ത്രീകൾ ഭർത്താവിൽ നിന്ന് പരമ പ്രധാനമായി ആഗ്രഹിക്കുന്നത് വലിയ വീടോ വില കൂടിയ വസ്ത്രങ്ങളോ ആഭരണങ്ങളോ ഒന്നുമല്ല. ജീവിക്കാനാവശ്യമായ ഇത്തരം കാര്യങ്ങളെല്ലാം വേണം, അതിനെക്കാൾ ഏറ്റവും പ്രാധാന്യത്തോടെ അവരാഗ്രഹിക്കുന്നത് തങ്ങളുടെ എല്ലാ കാര്യങ്ങളും മനസ്സിലാക്കുന്ന ഒരു നല്ല പങ്കാളിയെയാണ്. അതുകൊണ്ടാണ് സങ്കടങ്ങൾ പറയുമ്പോൾ സമഭാവത്തിലുള്ള പെരുമാറ്റം (emphathetic listening) ആണ് വേണ്ടതെന്ന് സൈക്കോളജി പറയുന്നത്. മറ്റുള്ളവരുടെ സങ്കടം പൂർണമായും അറിഞ്ഞ്, ഉൾക്കൊണ്ട് പ്രതികരിക്കുക. ആ രീതിയിൽ അതിനെ കേൾക്കുക, മനസ്സിലാക്കുക എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതാണ് ഭാര്യമാർ ആഗ്രഹിക്കുന്നത്. ഈ രീതിയിൽ ഭർത്താക്കന്മാർ പെരുമാറുമ്പോൾ ചികിത്സ വേണ്ട ശാരീരിക രോഗങ്ങളുള്ള ഭാര്യയാണെങ്കിൽ പോലും അവരുടെ സുഖപ്പെടൽ പ്രക്രിയ (healing process) വേഗത്തിലാക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
അവരുടെ സങ്കടങ്ങൾ മാനിക്കുന്നു എന്നതുകൊണ്ട് അവർ ഈ പറയുന്ന എല്ലാ കാര്യങ്ങളും നാം അംഗീകരിക്കുന്നു എന്ന് അർഥമില്ല. ആ ഒരു വിഷയത്തിൽ അവർക്ക് സങ്കടമുണ്ടായി, പ്രയാസമുണ്ടായി എന്നത് നാം ഉൾക്കൊള്ളുന്നു എന്ന് മാത്രമേ അതിനർഥമുള്ളൂ. ആ ഒരു സംഭവത്തിൽ തന്നെ ഒരുപക്ഷേ അവരുടെ ഭാഗത്ത് തെറ്റുകളുണ്ടാകാം. അത് ഈ വൈകാരിക അവസ്ഥ പൂർണമായും മാറി നോർമലായ മറ്റൊരു സമയത്ത് സ്‌നേഹത്തിന്റെ ഭാഷയിൽ ഭർത്താക്കന്മാർക്ക് പറഞ്ഞ് തിരുത്തുകയുമാവാം.
ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഒരു ക്ലാസിൽ നിന്നു മനസ്സിലാക്കി ഒരാൾ തന്റെ വീട്ടിൽ പ്രാവർത്തികമാക്കിയപ്പോൾ ഭാര്യ കൂടുതലായി കരഞ്ഞുവെന്ന് പറഞ്ഞ് അദ്ദേഹം വിളിച്ചത് ഓർക്കുകയാണ്. നിങ്ങളല്ലേ പറഞ്ഞത് അങ്ങനെ ചെയ്താൽ അവരുടെ സങ്കടങ്ങൾ കുറയുമെന്ന്, പക്ഷേ എന്റെ ഭാര്യ കൂടുതൽ കരയുകയാണ് ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഭവം. ശരിയാണ്, ഇദ്ദേഹത്തിൽ നിന്ന് തന്റെ വിഷമങ്ങൾ ഉൾക്കൊള്ളുന്ന നല്ലൊരു പെരുമാറ്റമുണ്ടായപ്പോൾ ആ സന്തോഷം കൊണ്ടാണ് ഭാര്യ കൂടുതൽ കരഞ്ഞത്. മുൻ അനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇദ്ദേഹം ഇപ്പോൾ എന്നെ മനസ്സിലാക്കുന്നല്ലോ എന്ന ആനന്ദത്തോടെ ഉള്ളിലുള്ള സങ്കടങ്ങളെല്ലാം പറഞ്ഞു തീർക്കാൻ വേണ്ടിയാണ് അവൾ സംസാരിച്ചത്. മനസ്സിലുള്ള വൈകാരിക മാലിന്യങ്ങൾ പൂർണമായും പറഞ്ഞ് ഇല്ലാതാക്കാൻ അങ്ങനെ അവൾക്ക് സാധിച്ചു. അതുകൊണ്ട് ചിലപ്പോൾ അവരുടെ മാനസികനില അംഗീകരിച്ചുകൊണ്ട് നാം സംസാരിക്കുമ്പോഴും അവർ അമിതമായി നിലവിലുള്ള അവസ്ഥയെക്കാൾ കൂടുതൽ കരയുകയോ ഇമോഷണലാവുകയോ ചെയ്‌തേക്കാം. അതിനർഥം നമുക്ക് പിഴവുപറ്റി എന്നല്ല, നാം ചെയ്തത് കൃത്യമായിരുന്നു എന്നാണ്. അതിലൂടെ മനസ്സിൽ ബാക്കിയുള്ള, ഒരുപക്ഷേ ആ സംഭവവുമായി ബന്ധമില്ലാത്ത കാര്യങ്ങളിൽ വരെ നാം അവരെ ഉൾകൊള്ളുന്നുണ്ട്, ഇപ്പോൾ മനസ്സിലാക്കുന്നുണ്ട്, പറയാൻ പറ്റിയ സമയമാണ് എന്ന രീതിയിൽ പൂർണമായും പറഞ്ഞ് അതില്ലാതാവുന്നതിലൂടെ മാനസികമായ ആശ്വാസം സ്ത്രീകൾ കണ്ടെത്തുകയും ചെയ്യുന്നു. ഈ രീതി പിന്തുടർന്നാൽ ജീവിതം കൂടുതൽ പരസ്പര ധാരണ (understanding) ഉള്ളതായി മാറും. അതുവഴി സന്തോഷം വർധിപ്പിക്കാനും നമുക്ക് സാധിക്കും.

(അവസാനിച്ചു)

ബിഎം മുഹ്‌സിൻ

Exit mobile version