ഇമാമിനെ സ്ഥാപിക്കൽ നിർബന്ധമോ?

മതരാഷ്ട്ര സംസ്ഥാപനമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപിത ലക്ഷ്യങ്ങളിലൊന്ന്. അതിനായി മതേതരത്വത്തിന്റെ പ്രച്ഛന്നവേഷമണിഞ്ഞ് പ്രവർത്തിക്കുന്ന അപകടകരമായ പ്രത്യയശാസ്ത്രമാണത്. പലകുറി ജമാഅത്തിന്റെ ഈ പൊയ്മുഖം കെട്ടഴിഞ്ഞു വീണിട്ടുണ്ട്. കേരളീയ സമൂഹം അത് തിരിച്ചറിഞ്ഞിട്ടുമുണ്ട്. മുഖപത്രമായ പ്രബോധനത്തിലൂടെ ഒളിഞ്ഞും തെളിഞ്ഞും അവരത് പറഞ്ഞതുമാണ്.

ഈയിടെ ക്ലബ്ബ് ഹൗസിലൂടെയും ഫേസ്ബുക്കിലൂടെയും ചില സുന്നി വിദ്യാർഥികൾ ജമാഅത്തിന്റെ മതരാഷ്ട്രവാദത്തെ സമൂഹമധ്യത്തിൽ തുറന്നുകാണിച്ചിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ട് ചില ജമാഅത്ത് പണ്ഡിതരും പ്രോ ജമാഅത്ത് സൈദ്ധാന്തികരും മുന്നോട്ടുവെച്ച പ്രധാനപ്പെട്ട മറുവാദം പാരമ്പര്യ സുന്നി പണ്ഡിതന്മാരുടെ കിതാബുകളിലും ഇത്തരം പരാമർശങ്ങളുണ്ട് എന്നതായിരുന്നു. അതിന് ഉപോൽബലകമായി ‘നസ്ബുൽ ഇമാമി വാജിബുൻ’ (ഇമാമിനെ സ്ഥാപിക്കൽ നിർബന്ധമാണ്) എന്ന ഉദ്ധരണമാണ് അവർ ഉയർത്തിക്കാണിച്ചത്. മൗദൂദിസ്റ്റുകൾ വാദിക്കുന്നത് പോലെ ഇമാമിനെ സ്ഥാപിക്കൽ മുസ്‌ലിംകൾക്ക് നിർബന്ധ കർത്തവ്യമാണോ? ഈ പരാമർശം മൗദൂദിയുടെ ഹുകൂമതേ ഇലാഹിയെ ശരിവെക്കുന്നതാണോ?

ആഗോള മുസ്‌ലിംകൾക്ക് മുഴുവനായി നിശ്ചയിക്കപ്പെടുന്ന ഇമാമുൽ അഅ്‌ളമിനെ കുറിച്ചാണ് ഉപര്യുക്ത പരാമർശത്തിൽ വിഷയീഭവിച്ചിട്ടുള്ളത്. അല്ലാതെ മൗദൂദികൾ കരുതിയത് പോലെ ഒരു പ്രദേശത്തിന്റെയോ രാഷ്ട്രത്തിന്റെയോ അതിർത്തിയിൽ ഒതുങ്ങി നിൽക്കുന്ന ഇമാമല്ല. ഇത്തരത്തിലുള്ള ഇമാമുൽ അഅ്‌ളമിനെ നിശ്ചയിക്കൽ നിർബന്ധമാവുന്ന സാഹചര്യം ആർക്ക്, എപ്പോൾ, എങ്ങനെ തുടങ്ങി എല്ലാ കാര്യങ്ങളും വളരെ വിശദമായിത്തന്നെ പണ്ഡിതന്മാർ നസ്ബുൽ ഇമാമി വാജിബുൻ എന്നതിനോടൊപ്പം പറഞ്ഞുവെച്ചിട്ടുണ്ട്. ശറഹുൽ അഖാഇദ്, ശറഹുൽ മഖാസിദ് തുടങ്ങിയ വിശ്വാസ ശാസ്ത്ര ഗ്രന്ഥങ്ങളിലും തുഹ്ഫ, മുഗ്‌നി തുടങ്ങിയ ഒരു ഡസനോളം വരുന്ന കർമശാസ്ത്ര ഗ്രന്ഥങ്ങളിലും ഇക്കാര്യം വിശദമായി പരാമർശിച്ചിട്ടുണ്ട്. മാത്രമല്ല, ഈ വിഷയം മാത്രം ചർച്ച ചെയ്യുന്ന അനവധി ഗ്രന്ഥങ്ങളും വിരചിതമായിട്ടുണ്ട്. ഇമാം മാവർദി(റ), അബൂ യഅ്‌ല(റ) എന്നിവരുടെ അഹ്കാമുസ്സുൽത്വാനിയ്യ അതിൽ പ്രധാനപ്പെട്ടതാണ്.

ആ വിശദീകരണത്തോടൊപ്പം ചേർത്തുവായിച്ചാൽ മാത്രമേ ഉപര്യുക്ത വചനത്തിന്റെ ശരിയായ വിവക്ഷ കൃത്യമായി ഗ്രഹിക്കാനാവൂ. എന്നാൽ തങ്ങളുടെ സങ്കുചിത താൽപര്യങ്ങൾക്ക് വേണ്ടി ആ വിശദീകരണങ്ങളെ മുഴുവൻ കുഴിവെട്ടി മൂടുകയാണ് മൗദൂദിസ്റ്റുകൾ ചെയ്തത്. അല്ലെങ്കിലും ഖുർആൻ, ഹദീസ് തുടങ്ങിയ ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്നും തങ്ങൾക്കാവശ്യമുള്ള അൽപം മാത്രം അടർത്തിയെടുത്ത് അതിന്റെ ശരിയായ ഉൾസാരങ്ങൾ മറച്ചുപിടിച്ച് ദുർവ്യാഖ്യാനം ചെയ്താണല്ലോ ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള മതത്തിന്റെ ലേബലിൽ അറിയപ്പെടുന്ന മുഴുവൻ ബിദ്അത്ത് പ്രസ്ഥാനങ്ങളും വളർന്നിട്ടുള്ളത്.
ഇമാമുൽ അഅ്‌ളമിനെ നിശ്ചയിക്കുന്നതിന് കൃത്യമായ രീതിശാസ്ത്രമുണ്ട്. ലോകത്ത് മുസ്‌ലിംകൾ അധിവസിക്കുന്ന മുഴുവൻ ദേശങ്ങളിലെയും കൈകാര്യകർത്താക്കൾ (അഹ് ലുൽ ഹല്ലി വൽ അഖ്ദ്) സംയുക്തമായി ബൈഅത്ത് ചെയ്താണ് ഇമാമിനെ സ്ഥാപിക്കേണ്ടത്. ഇമാമായി തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് നിരവധി നിബന്ധനകളുണ്ട്. അവ പൂർണമായും മേളിച്ചവർക്ക് മാത്രമേ ഈ സ്ഥാനത്തിരിക്കാനാവൂ. ഖുറൈശി ഗോത്രത്തിൽ നിന്നുള്ള മുസ്‌ലിമാവുക, നീതിപൂർവം കാര്യങ്ങൾ ചെയ്യുന്നയാളാവുക, ഇസ്‌ലാമിക വിധിവിലക്കുകളിൽ അഗാധമായ പരിജ്ഞാനം, സംസാരം, കേൾവി, കാഴ്ച പരിമിതിയില്ലാതിരിക്കുക, ചടുലതയോടെയുള്ള പ്രവർത്തനത്തിന് വിഘ്‌നമാവുന്ന അംഗവൈകല്യങ്ങളില്ലാതിരിക്കുക, നല്ല ധിഷണയും ഭരണ നൈപുണ്യവും, ധീരത തുടങ്ങിയവയാണ് ഇമാമിന് അനിവാര്യമായും ഉണ്ടായിരിക്കേണ്ട നിബന്ധനകൾ. ഇതിലെ ഓരോ നിബന്ധനയും അതിന്റെ കേവലാർഥത്തിനപ്പുറം സാങ്കേതികമായി അവ ഉൾവഹിക്കുന്ന വിശാലാർഥമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ‘നീതി ചെയ്യുന്നവനായിരിക്കുക’ എന്നതിനെ ഇമാം മാവർദി(റ) വിശദീകരിച്ചതിങ്ങനെ: ‘അയാൾ സൽവൃത്തനായിരിക്കണം. വിശ്വാസ്യത സുവിദിതമായിരിക്കണം. സംശയം ജനിപ്പിക്കുന്ന കാര്യങ്ങളോട് അകലം പാലിക്കണം. തെറ്റുകളിൽ നിന്നു പൂർണമായും മാറിനിൽക്കണം. ഇഷ്ടപ്പെടുന്നതിലും ദേഷ്യപ്പെടുന്നതിലും മാതൃകാപുരുഷനായിരിക്കണം’ (അഹ്കാമുസ്സുൽത്വാനിയ്യ).

ഇമാമിനെ നിശ്ചയിക്കുന്ന കൈകാര്യകർത്താക്കൾക്കുമുണ്ട് നിബന്ധനകൾ. ഏറ്റവും അനുയോജ്യനായ ആളെ കണ്ടെത്തുന്നതിലുള്ള നിപുണത, ഇമാമത്തിനെ കുറിച്ചുള്ള അഗാധ പരിജ്ഞാനം, നീതിപൂർവം കാര്യങ്ങൾ ചെയ്യുന്നവരാവുക എന്നിവ അതിൽ പ്രധാനപ്പെട്ടവയാണ്.

മുകളിൽ പറഞ്ഞ നിബന്ധനകളെല്ലാം മേളിച്ച ഒരാളുണ്ടാവുകയും അദ്ദേഹത്തെ ഇമാമായി നിശ്ചയിക്കാൻ അനുഗുണമായ മുഴുവൻ സാഹചര്യവും മുസ്‌ലിംലോകത്ത് നിലനിൽക്കുകയും ചെയ്യുമ്പോൾ മാത്രമാണ് ഇക്കാര്യം മുസ്‌ലിംകളുടെ നിർബന്ധ കർത്തവ്യമായിത്തീരുന്നത്. അബ്ബാസിയ്യ ഖിലാഫത്തിന്റെ പതനത്തിനു ശേഷം ഇമാമുൽ അഅ്‌ളമിനെ സ്ഥാപിക്കാനുതകുന്ന അനുകൂല സാഹചര്യം മുസ്‌ലിംലോകത്ത് ഉണ്ടാവാനിടയില്ലെന്നതാണ് പണ്ഡിതമതം. അതുകൊണ്ടുതന്നെ ഇമാമിനെ സ്ഥാപിക്കാത്തതിന്റെ പേരിൽ മുസ്‌ലിംലോകം കുറ്റക്കാരാവുകയില്ലെന്ന് പണ്ഡിതന്മാർ തീർത്തു പറയുകയുണ്ടായി. അല്ലാമാ ഫർഹാവി ‘ഹാശിയത്തുന്നിബ്‌റാസി’ൽ ഇക്കാര്യം അടിവരയിടുന്നുണ്ട് (പേ: 664-668).

കാലാന്തരത്തിൽ സ്വയമേ ഇല്ലാതായ ഈ മതപരമായ സ്ഥാനം പുന:സ്ഥാപിക്കൽ ഓരോ വിശ്വാസിക്കും നിർബന്ധ ബാധ്യത ഇല്ലെന്നതാണ് മതാധ്യാപനം. എന്നാൽ ഖിലാഫത്തിന്റെ പുനരുദ്ധാരണം കർത്തവ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുസ്‌ലിം യുവാക്കളെകൊണ്ട് ആയുധമെടുപ്പിക്കുകയാണ് തീവ്രവാദ പ്രസ്ഥാനങ്ങൾ. രാഷ്ട്രീയപ്രേരിതമായ ആശയം എന്നല്ലാതെ മതപരമായ യാതൊരു അടിസ്ഥാനവും ഇതിനില്ല.

പറഞ്ഞു വരുന്നത്, മൗദൂദിസ്റ്റുകൾ എത്ര മഷിയിട്ടു നോക്കിയാലും ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്ന് തങ്ങളുടെ ‘ഹുകൂമത്തേ ഇലാഹിക്ക്’ ഉപോൽബലകമായതൊന്നും കണ്ടെത്താനാവില്ല. കാരണം, അങ്ങനെ ഒന്ന് ഇസ്‌ലാമിലില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഇസ്‌ലാമിക പ്രമാണങ്ങളെ വളച്ചൊടിച്ച് അബുൽ അഅ്‌ലാ മൗദൂദി സ്വന്തം അധികാര മോഹങ്ങൾക്കു മേൽ ചുട്ടെടുത്ത ശുദ്ധ ഭോഷ്‌കാണിത്.
ഇസ്‌ലാം സമഗ്രമാണ്. ഏത് സാഹചര്യത്തിലും പ്രാവർത്തികമാക്കാൻ കഴിയുന്ന ആശയ സംഹിതയാണത്. പൂർണമായും ഇസ്‌ലാമികാന്തരീക്ഷമുള്ളിടത്തും പരസ്യമായി മതം അനുഷ്ഠിക്കാൻ കഴിയാത്തിടത്തും ഒരു മുസ്‌ലിം എങ്ങനെ ജീവിക്കണമെന്ന് കൃത്യമായി ഗ്രന്ഥങ്ങളിലുണ്ട്. തിരുനബി(സ്വ)യുടെ മക്കാജീവിതവും മദീനാജീവിതവും ഇക്കാര്യത്തിൽ തുറന്നുവെച്ച പാഠപുസ്തകമാണ്.

ഇസ്‌ലാമിക രാഷ്ട്രത്തിൽ ജീവിക്കുമ്പോൾ മാത്രമേ മുസ്‌ലിമിന്റെ മതാനുഷ്ഠാനം പൂർണമാവുകയുള്ളൂ എന്നും അതിനാൽ ഇസ്‌ലാമിക രാഷ്ട്രനിർമാണത്തിനായി ഒരോ വിശ്വാസിയും അവന്റെ ആയുസ്സും വപുസ്സും വ്യയം ചെയ്യൽ അനിവാര്യമാണെന്നുമാണ് മൗദൂദിയുടെ ഭാഷ്യം. അതിനായി അദ്ദേഹം ദീനിനെ സ്റ്റേറ്റായി നിർവചിച്ചു. ‘ദീൻ എന്നാൽ യഥാർഥത്തിൽ സ്റ്റേറ്റാണെന്നും ശരീഅത്ത് എന്നാൽ ആ സ്റ്റേറ്റിന്റെ നിയമവ്യവസ്ഥയാണെന്നും ആ നിയമപദ്ധതിയനുസരിച്ച് ജീവിതം നയിക്കുന്നതിനാണ് ഇബാദത്ത് എന്ന് പറയുന്നതെ’ന്നും (ഖുതുബാത്ത് മലയാളം പതിപ്പ് പേ: 378) ജമാഅത്ത് സാഹിത്യങ്ങൾ പ്രചരിപ്പിച്ചു. അധികാരത്തിലേക്കുള്ള ഊടുവഴിയായാണ് മൗദൂദി മതത്തെ നോക്കിക്കണ്ടത്.
ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം മതാനുഷ്ഠാന പ്രകാരം ജീവിക്കാൻ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ആവശ്യമില്ല. സാഹചര്യങ്ങൾക്കനുസരിച്ച് മതകീയ ജീവിതം ക്രമീകരിക്കാനുള്ള കൃത്യമായ മാർഗരേഖ ഇസ്‌ലാം അവന് നൽകിയിട്ടുണ്ട്. സാധ്യമാവുന്നത് ചെയ്യാൻ മാത്രമാണ് അവനോട് കൽപനയുള്ളത്. ‘സാധ്യമാകുന്നതേ അല്ലാഹു കൽപിക്കുകയുള്ളൂ’ (വി.ഖു 1: 286).

ടിഎം അബൂബക്കർ മഞ്ഞപ്പറ്റ

Exit mobile version