കാരുണ്യപ്പെരുമഴ

ല്ലാഹു അവനെ പരിചയപ്പെടുത്തുന്നു.
ശ്രദ്ധിച്ചോളൂ!
പരിചയപ്പെടുത്തുമ്പോൾ അവൻ എന്താണ് ആദ്യമായി പറയുന്നത്? ‘കാരുണ്യവാൻ.’ അതേ! അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ സ്വയം പരിചയപ്പെടുത്തുമ്പോൾ ഇദംപ്രഥമമായി പരാമർശിക്കുന്നത് അവൻ കാരുണ്യവാനാണെന്നത്രെ. വെറും കാരുണ്യവാൻ എന്നല്ല. മഹാകാരുണ്യവാൻ. അല്ലാഹു മഹാകാരുണ്യവാനാണ്. പരിശുദ്ധ ഖുർആനിൽ അല്ലാഹുവിനെ കുറിച്ച് അവൻ ആദ്യമായി പറയുന്നത് തന്നെ മഹാകാരുണ്യവാൻ എന്നാണ്. ഏഴു വാക്യങ്ങൾ മാത്രമുള്ള പ്രഥമ അധ്യായം സൂറത്തുൽ ഫാതിഹയിൽ മൂന്ന് തവണ മഹാകാരുണ്യവാൻ ഈ പദം ആവർത്തിച്ച് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഖുർആനിൽ മുന്നൂറിലേറെ സ്ഥലങ്ങളിൽ അവന്റെ കാരുണ്യ വർഷത്തെ വ്യക്തമായി പരാമർശിക്കുന്നുണ്ട്. അവൻ ഏറ്റവും വലിയ കാരുണ്യദാതാവാണെന്നും ആവർത്തിച്ചാവർത്തിച്ച് എടുത്തുപറയുകയും ചെയ്യുന്നു.
ആ കാരുണ്യം ഏറ്റുവാങ്ങാനായി പ്രാർഥന അവൻ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ‘താങ്കൾ പ്രാർഥിച്ചുകൊള്ളുക: യജമാനരേ! എന്നോട് പൊറുക്കണം, എനിക്ക് കാരുണ്യം ചൊരിയണം. നീ ഏറ്റവും നല്ല കാരുണ്യവാനല്ലോ! (സൂറത്തുൽ മുഅ്മിനൂൻ 118). നിസ്‌കാരവും നോമ്പും സകാത്തും മറ്റെല്ലാ പുണ്യങ്ങളും അവന്റെ കാരുണ്യം നുകരാനുള്ള പോംവഴികളാണ്. ‘നിങ്ങൾ നിസ്‌കാരം യഥാവിധി അനുഷ്ഠിക്കൂ, സകാത്ത് നൽകൂ, സത്യദൂതനെ അനുസരിക്കൂ. നിങ്ങൾക്ക് കാരുണ്യം സമ്മാനിക്കപ്പെടുന്നതാണ്’ (സൂറത്തുന്നൂർ 56).
കൈയും കണക്കുമില്ലാതെ വാരിക്കോരിയാണവൻ കാരുണ്യം ചൊരിയുന്നത്. ‘നീ കരുതുന്നവർക്ക് പരിധിയില്ലാതെ പ്രദാനം ചെയ്യുന്നു’ (ആലുഇംറാൻ 27). അത് പരലോകത്തോ സ്വർഗത്തിലോ മാത്രമല്ല. ഇഹലോകത്തു തന്നെയും പരിധിയില്ലാതെ നൽകുന്നതാണ്. മർയം ബീവി(റ)ക്ക് ഇഹലോകത്ത് വെച്ച് തന്നെ സ്വർഗീയ വിഭവങ്ങൾ നൽകിക്കൊണ്ട് അല്ലാഹു പ്രഖ്യാപിച്ചു: ‘തീർച്ച, അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവൻ പരിധിയേതുമില്ലാതെ നൽകുന്നതാണ്’ (ആലുഇംറാൻ 37).
അല്ലാഹുവിന്റെ കാരുണ്യ ഖജനാവിൽ നിന്ന് കൈപ്പറ്റിയത് സ്വന്തം ഉപയോഗിക്കാൻ മാത്രമല്ല, മറ്റുള്ളവർക്കും അത് നൽകി തന്റെ കാരുണ്യം വിതരണം നടത്തുന്നതും അല്ലാഹുവിന് ഏറെ ഇഷ്ടമാണ്. സുലൈമാൻ നബി(അ)ക്ക് അല്ലാഹു അറ്റമില്ലാതെ നൽകി, നിസ്സീമമായ അധികാരവും മനുഷ്യരെയും പിശാചുക്കളെയും പ്രകൃതിയെയും നിയന്ത്രിക്കാനുള്ള കഴിവും. ഒന്നോർത്തു നോക്കൂ, എന്തുമാത്രം പ്രവിശാലമാണ് ആ മഹാസ്വാധീനം. തുടർന്ന് അല്ലാഹു കൽപിക്കുന്നു: ‘ഇതെല്ലാം നമ്മുടെ ഔദാര്യമാണ്, താങ്കൾക്ക് ഉപയോഗിക്കാം. അഥവാ ദാനം ചെയ്യാം, പരിധിയില്ലാതെ (സൂറത്തു സ്വാദ് 39). അതായത് നാം താങ്കൾക്ക് നൽകിയിട്ടുള്ള സമ്പൂർണ അധികാരത്തിൽ നിന്ന് താങ്കളുദ്ദേശിക്കുന്നവർക്ക് നൽകാം; നൽകാതിരിക്കാം (തഫ്‌സീർ ത്വബരീ, റാസീ, ഇബ്‌നു കസീർ).
അല്ലാഹു താൻ ഇഷ്ടപ്പെടുന്നവർക്ക് വാരിക്കോരി നൽകുന്നതിലോ അവൻ നൽകിയതിൽ നിന്ന് വരിക്കോരി നൽകുന്നതിലോ അസൂയ വെച്ചുപുലർത്തുന്ന ദുഷ്ടന്മാരുണ്ട്. ജൂതന്മാരാണ് അത്തരക്കാരുടെ മുന്നിൽ നടക്കുന്നത്. അവരെ അല്ലാഹു കടുത്ത ഭാഷയിൽ അധിക്ഷേപിക്കുന്നു. ‘അവർക്കെന്താ അധികാരത്തിൽ വല്ല വിഹിതവുമുണ്ടോ?! അങ്ങനെയായിരുന്നെങ്കിൽ അവർ ഒരു തരിമ്പു പോലും ജനങ്ങൾക്ക് നൽകുമായിരുന്നില്ല. അല്ലാഹു അവന്റെ ഔദാര്യം സജ്ജനങ്ങൾക്ക് നൽകുന്നതിൽ അവർ അസൂയ വെച്ച് പുലർത്തുകയാണോ?! എന്നാൽ നാം ഇബ്‌റാഹീം (നബി-അ) കുടുംബത്തിന് വേദവും തത്ത്വവും നൽകിയിട്ടുണ്ട്. നാം അവർക്ക് മഹാഅധികാരവും നൽകിയിട്ടുണ്ട് (സൂറത്തുന്നൂർ 53,54). സജ്ജനങ്ങൾക്ക് അല്ലാഹു വകവെച്ച് നൽകുന്ന അധികാരങ്ങളോടും അംഗീകാരങ്ങളോടും കുശുമ്പ് കാണിക്കാതെ അവരുടെ കൂടെ നിന്ന് നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കുക. അതാണ്, അതു മാത്രമാണ് വിശ്വാസിക്ക് അഭികാമ്യം. കാരണമായി ഖുർആൻ പറഞ്ഞതിങ്ങനെ: ‘തീർച്ച തന്നെ, അല്ലാഹു സജ്ജനങ്ങളോട് കൂടെയാണ്’ (സൂറത്തുന്നഹ്ൽ 128).

സുലൈമാൻ മദനി ചുണ്ടേൽ

Exit mobile version