ഖുർആൻ ക്രോഡീകരണത്തിൽ സ്വഹാബികളുടെ സ്വാധീനം

തിരുനബി(സ്വ)യുടെ കാലത്തുതന്നെ യമാമ കേന്ദ്രീകരിച്ച് ബനൂഹനീഫ ഗോത്രക്കാരനായ മുസൈലിമ എന്നയാൾ പ്രവാചകത്വം വാദിച്ചു രംഗത്തുവന്നിരുന്നു. അയാൾ പ്രബലരായ തന്റെ ഗോത്രക്കാരെ മുസ്‌ലിംകൾക്കെതിരെ അണിനിരത്തുകയും ‘ബിഅ്ർ മഊന’യിൽ വെച്ച് സ്വിദ്ദീഖ്(റ)ന്റെ ഭരണത്തിന്റെ ആദ്യഘട്ടത്തിൽ ഇരുപക്ഷവും തമ്മിൽ രക്തരൂഷിത പോരാട്ടം നടക്കുകയും ചെയ്തു. വിജയം മുസ്‌ലിംകൾക്കായിരുന്നുവെങ്കിലും ഖുർആൻ ഹാഫിളുകളുടെ കൂട്ടത്തിൽ പെട്ട എഴുപതാളുകൾ ഈ യുദ്ധത്തിൽ ശഹീദായി. ഇതു സത്യവിശ്വാസികളെ ഏറെ വിഷമിപ്പിച്ചു.
ഖുർആൻ മനഃപാഠമാക്കുന്നവരുടെ എണ്ണം കുറഞ്ഞുപോയാൽ പിൽക്കാലത്ത് അതിന്റെ സംരക്ഷണത്തെ ബാധിച്ചെങ്കിലോ എന്നു ഉമർ(റ) ദീർഘവീക്ഷണം ചെയ്തു. പല സ്വഹാബികളുടെയും കൈകളിലായി ചിതറിക്കിടക്കുന്ന ഖുർആനിന്റെ ലിഖിതരൂപത്തെ നബി(സ്വ) നിർദേശിച്ച സവിശേഷമായ മുദ്രണരീതിയിൽ തന്നെ പിൽക്കാലത്തും സംരക്ഷിക്കപ്പെടണമെങ്കിൽ കേവലം ഓർമയെ മാത്രം അവലംബിക്കുന്നതിനു പകരം അവ സമാഹരിക്കുന്നത് ഉചിതമായിരിക്കുമെന്ന് അദ്ദേഹം ചിന്തിച്ചു. ഖലീഫയായിരുന്ന സിദ്ദീഖ്(റ)വുമായി ഉമർ(റ) കൂടിയാലോചിച്ചു. ദീർഘമായ വിചിന്തനത്തിനു ശേഷം ഖലീഫയും അതിനോട് യോജിച്ചു. ‘തിരുനബി(സ്വ)യുടെ എഴുത്തുകാരൻ’ എന്ന് വിശ്രുതനായ സൈദുബ്‌നു സാബിത്(റ)വിനെയാണ് ആ ദൗത്യത്തിന്റെ നേതൃത്വം ഏൽപിച്ചത്.
തിരുനബി(സ്വ) ഇട്ടേച്ചുപോയതും വിവിധ സ്വഹാബികളുടെ കൈവശം ഉണ്ടായിരുന്നതുമായ ചെറുതോ വലുതോ ആയ എല്ലാ ലിഖിതങ്ങളും ശേഖരിക്കുകയും ഖുർആൻ മനഃപാഠമായിരുന്നവരുടെ സഹകരണത്തോടെ പാരായണക്രമത്തിൽ ക്രോഡീകരിക്കുകയുമായിരുന്നു സൈദ്(റ) ചെയ്തത്. ഏതെങ്കിലും വചനം വിട്ടുപോവുകയോ തിരുത്തപ്പെടുകയോ ചെയ്തിട്ടില്ല. താൻ സമാഹരിച്ച ലിഖിതശേഖരത്തെ അനേകായിരങ്ങളുടെ ഹൃദയദർപ്പണത്തിൽ മുദ്രിതമായിരുന്ന ക്രമത്തിൽ ചിട്ടപ്പെടുത്തുക മാത്രമാണ് അദ്ദേഹം ചെയ്തത്. എന്തെങ്കിലും മാറ്റം വരുത്തണമെന്ന് താൻ ചിന്തിച്ചാൽ പോലും സാധിക്കാത്തയത്രയും ആളുകൾ ഖുർആൻ ഹാഫിളുകളായി അന്നുണ്ടായിരുന്നുവെന്ന കാര്യം ഓർമിക്കുക. താൻ ചിട്ടപ്പെടുത്തിയ ലിഖിതരൂപത്തിൽ തിരുനബി(സ്വ) നിർദേശിച്ച പാരായണക്രമത്തിൽ ഒട്ടും മാറ്റം വന്നില്ലെന്നുറപ്പുവരുത്താനായി ഖുർആൻ ഹാഫിളുകളായ പല സ്വഹാബിമാരെക്കൊണ്ടും ആവർത്തിച്ചു പാരായണം ചെയ്യിക്കുക കൂടി ചെയ്തിരുന്നു.
ഖുർആൻ മനഃപാഠമുണ്ടായിരുന്നവർ അനേകായിരം ഉണ്ടായിരുന്നുവെന്നിരിക്കെ, പിന്നെയെന്തിന് ചിതറിക്കിടന്നിരുന്ന ലിഖിതശേഖരത്തെ ശ്രമപ്പെട്ടു സമാഹരിച്ചു എന്ന സംശയം സ്വാഭാവികമാണ്. ഖുർആനിന്റെ, തിരുനബി(സ്വ)യിൽ നിന്നുതന്നെയുള്ള സവിശേഷമായ മുദ്രണരീതി സംരക്ഷിക്കുന്നതിനായിരുന്നു അത്. ആരെങ്കിലും ഖുർആനിന്റെ വല്ല ലിഖിതരൂപവും ഹാജരാക്കിയാൽ അതു സ്വീകരിക്കപ്പെടണമെങ്കിൽ താൻ തിരുനബി(സ്വ)യുടെ സന്നിധിയിൽ വെച്ചെഴുതിയതാണെന്ന് നീതിമാന്മാരായ രണ്ടുപേരുടെ സാക്ഷ്യം കൂടി ഉണ്ടായിരിക്കണമെന്ന് ഉമർ(റ) കണിശനിർദേശം വെച്ചിരുന്നു (അബൂദാവൂദ്). ഇതു പൂർണമായി പാലിക്കപ്പെടുകയും ചെയ്തു.
ഇബ്‌നു അശ്ത(റ) ലൈസിൽ നിന്നു റിപ്പോർട്ട് ചെയ്യുന്നു. ലൈസ്(റ) ഒരിക്കൽ പറഞ്ഞു: ‘ഖുർആൻ ആദ്യം ക്രോഡീകരിച്ചത് സിദ്ദീഖ്(റ)വാണ്, അതെഴുതിയത് സൈദ്(റ)വും. ജനങ്ങൾ ഖുർആനുമായി സൈദി(റ)നെ സമീപിച്ചപ്പോൾ നീതിമാന്മാരായ രണ്ടു സാക്ഷികളില്ലാത്തതൊന്നും അദ്ദേഹം സ്വീകരിച്ചിരുന്നില്ല. തൗബാ സൂറതിന്റെ അവസാനഭാഗം (128, 129 സൂക്തങ്ങൾ) അബൂഖുസൈമയുടെ പക്കൽ മാത്രമാണ് ഉണ്ടായിരുന്നത്. സൈദ്(റ) പ്രതികരിച്ചു: അതു സ്വീകരിക്കാം. അദ്ദേഹത്തിന്റേതുപോലെ മുദ്രണം ചെയ്‌തോളൂ. അബൂഖുസൈമയുടെ സാക്ഷ്യം രണ്ടുപേരുടെ സാക്ഷ്യത്തിനു തുല്യമാണ് എന്ന് നബി(സ്വ) അംഗീകാരം നൽകിയിട്ടുണ്ടല്ലോ’. അങ്ങനെ ആ മുദ്രിതരേഖ വാങ്ങി അപ്രകാരം പകർത്തുകയുണ്ടായി (ഇമാം സുയൂഥി-അൽഇത്ഖാൻ). ഇങ്ങനെ സൂക്ഷ്മമായി വിലയിരുത്തിയാണ് വിശുദ്ധ ഖുർആനിന്റെ സവിശേഷമായ മുദ്രണരീതിയിൽ ക്രോഡീകൃത സമാഹാരം തയ്യാറാക്കിയത്.
ഇങ്ങനെ ക്രോഡീകരിച്ച ലിഖിതരൂപത്തെ എന്തു പേരു വിളിക്കും? ഖലീഫ സിദ്ദീഖ്(റ) പണ്ഡിതരുമായി കൂടിയാലോചിച്ചു. ഇഞ്ചീൽ എന്നു നിർദേശമുണ്ടായി. എന്നാൽ, ക്രിസ്ത്യാനികൾ ആ പേര് ഉപയോഗിക്കുന്നതിനാൽ വേണ്ടെന്നുവെച്ചു. പിന്നീട് സ്വിഫ്‌റ് എന്നുന്നയിക്കപ്പെട്ടപ്പോൾ ജൂതന്മാർ തങ്ങളുടെ വേദത്തെ അപ്രകാരമാണ് പരിചയപ്പെടുത്താറുള്ളത് എന്നതിനാൽ അതും സ്വീകാര്യമായില്ല. ഒടുവിൽ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ‘മുസ്വ്ഹഫ്’ എന്ന പേര് നിർദേശിച്ചു. സാലിം മൗലാ അബീഹുദൈഫ(റ)യാണ് ആ പേര് നിർദേശിച്ചതെന്ന അഭിപ്രായം അൽഇത്ഖാനിൽ ഉദ്ധരിച്ചിട്ടുണ്ട്.
അങ്ങനെ ആധികാരികമായി ക്രോഡീകരിച്ച സമാഹാരത്തിനു മുസ്വ്ഹഫ് എന്ന് പേരിട്ടു. ഖുർആൻ എന്ന പേര് മതിയായിരുന്നില്ലേ എന്നു ചോദിക്കുന്നവരുണ്ട്. ഖുർആൻ അല്ലാഹുവിന്റെ വചനം (കലാം) ആണ്. വചനം അവന്റെ അനിവാര്യ ഗുണമാണ്. അവൻ മുഖാലഫതുൻ ലിൽ ഹവാദിസ് (സൃഷ്ടികളോട് യാതൊരുവിധത്തിലും സാമ്യനല്ലാത്തവൻ) ആകയാൽ അവന്റെ വചനവും അവരുടെ വചനവും സമമാകുന്നില്ല. എന്നാൽ, അതിന്റെ ലിഖിതമായ മുസ്വ്ഹഫ് ആകട്ടെ, സൃഷ്ടീകൃതമാണുതാനും. അതിനാലാണ് രണ്ടിനും ഒരു പേരായിക്കൂടെന്നവർ ചിന്തിച്ചത്.
ക്രോഡീകരിച്ച മുസ്വ്ഹഫ് ഖലീഫയായ സിദ്ദീഖ്(റ)വിന്റെ പക്കൽ സൂക്ഷിച്ചു. അദ്ദേഹത്തിന്റെ വിയോഗാനന്തരം രണ്ടാം ഖലീഫ ഉമർ(റ)വും അനന്തരം തന്റെ പുത്രിയും നബിപത്‌നിയുമായ ഹഫ്‌സ്വ(റ)യുമാണ് ഈ മുസ്വ്ഹഫ് സൂക്ഷിച്ചുപോന്നത് (ബുഖാരി).

ഉസ്മാൻ(റ)
മുസ്വ്ഹഫുകൾ ചുട്ടുകരിച്ചതെന്തിന്?

അറേബ്യയിൽ എല്ലായിടത്തും അറബിതന്നെയായിരുന്നു സംസാരഭാഷ. എന്നാൽ, വിവിധ സ്ഥലങ്ങളിലും വ്യത്യസ്ത ഗോത്രങ്ങളിലും അനേകം ഭാഷാഭേദങ്ങളും ഉപഭാഷകളും പ്രചാരത്തിലുണ്ടായിരുന്നു (നമ്മുടെ നാട്ടിൽ, തിരുവനന്തപുരത്തും മലപ്പുറത്തും കാസർകോട്ടും ഉപയോഗിക്കുന്ന ഭാഷാഭേദങ്ങൾക്ക് ഏതാണ്ടു സമാനമായ മാറ്റം മാത്രമാണ് അവ തമ്മിലുണ്ടായിരുന്നത്). ഖുറൈശികളുടെ സംസാരശൈലിയായിരുന്നു ഏറ്റവും സ്ഫുടമായ സാഹിതീയ രൂപം. ആ ഭാഷാരീതിയിലാണ് ഖുർആൻ അവതരിച്ചത്. എങ്കിലും, ആദ്യകാലത്ത് അറേബ്യയിൽ പ്രചാരമുണ്ടായിരുന്ന ഭാഷാഭേദങ്ങളിൽ പ്രമുഖമായ ഏഴെണ്ണത്തെ ഖുർആൻ അംഗീകരിക്കുകയുണ്ടായി. അങ്ങനെ, ചുരുക്കം ചില പദങ്ങളിൽ ആശയത്തിനു ഭംഗം വരാത്ത രീതിയിൽ പ്രയോഗമാറ്റങ്ങൾക്ക് അനുമതി ലഭിച്ചു (സ്വഹീഹുൽ ബുഖാരി, കിതാബു ഫളാഇലിൽ ഖുർആൻ). വിശുദ്ധ ഇസ്‌ലാം വ്യാഖ്യാനത്തിന്റെ പ്രഥമഘട്ടമായിരുന്നതിനാൽ പുതുതായി കടന്നുവരുന്ന വിശ്വാസികൾക്ക് സൗകര്യമാവാൻ വേണ്ടി കൂടിയായിരുന്നു ഈ അനുവാദം. എന്നാൽ, തന്റെ നിസ്‌കാരങ്ങളിലും ഉപദേശങ്ങളിലും തിരുനബി(സ്വ) പാലിച്ചുപോന്നത് ഖുറൈശീ ശൈലി മാത്രമായിരുന്നു.
ഉമർ(റ)വിന്റെയും ഉസ്മാൻ(റ)വിന്റെയും കാലത്ത് ഇസ്‌ലാമിക സാമ്രാജ്യം കൂടുതൽ വിസ്തൃതമായപ്പോൾ അറബികൾ അനറബികളുമായി പൂർവാധികം ഇടപഴകുകയും അത് അവരുടെ ഭാഷാരീതിയെ സ്വാധീനിച്ചുതുടങ്ങുകയും ചെയ്തു. അറബി-അനറബി ഭാഷാസങ്കലനം വ്യാപിക്കുന്നതിനാൽ ഉച്ചാരണ വകഭേദങ്ങൾ നിലനിന്നുവരുന്നത് അപകടകരമാണെന്ന് സ്വഹാബികൾ മനസ്സിലാക്കി. അർമീനിയ കീഴടക്കുന്നതിന് സിറിയ(ശാം)ക്കാരോടൊപ്പവും അസർബൈജാൻ കീഴടക്കുന്നതിനു ഇറാഖുകാരോടൊപ്പവും ചേർന്നു യുദ്ധത്തിലേർപ്പെട്ടിരുന്ന ഹുദൈഫതുൽ യമാനി(റ) തിരിച്ചുവന്ന് ഖലീഫ ഉസ്മാൻ(റ)വിനെ കണ്ടപ്പോൾ ഈ പ്രശ്‌നം ഗൗരവത്തിലെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഉബയ്യുബ്‌നു കഅ്ബി(റ)ന്റെ പാരായണരീതി പിന്തുടർന്ന സിറിയക്കാരും അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)ന്റെ പാരായണരീതി പിന്തുടർന്ന ഇറാഖുകാരും പരസ്പരം കണ്ട ഉച്ചാരണഭേദങ്ങൾ അംഗീകരിക്കുന്നതിനു പകരം ശണ്ഠകൂടുന്നതാണ് അദ്ദേഹത്തെ ഉത്കണ്ഠാകുലനാക്കിയത്. ‘ജൂതന്മാരും ക്രിസ്ത്യാനികളും തങ്ങളുടെ വേദഗ്രന്ഥത്തിന്റെ കാര്യത്തിൽ ഭിന്നിച്ചതുപോലെ വിശ്വാസികളും ഭിന്നിക്കുന്നതിനു മുമ്പ് പരിഹാരം കാണണം എന്ന് അദ്ദേഹം നിർദേശിച്ചു’ (ഫത്ഹുൽബാരി 8/627).
പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഖലീഫ, ബീവി ഹഫ്‌സ്വ(റ)യുടെ കൈയിലുണ്ടായിരുന്ന ആധികാരിക പതിപ്പുവരുത്തി. നബി(സ്വ)യുടെ കാലത്ത് ഖുർആൻ എഴുതാനും ഒന്നാം ഖലീഫയുടെ കാലത്ത് മുസ്വ്ഹഫായി ക്രോഡീകരിക്കാനും നേതൃത്വം നൽകിയ ‘നബിയുടെ എഴുത്തുകാരൻ’ സൈദുബ്‌നു സാബിത്(റ)വിന്റെ തന്നെ നേതൃത്വത്തിൽ അബ്ദുല്ലാഹിബ്‌നു സുബൈർ, സഈദുബ്‌നുൽ ആസ്വ്, അബ്ദുറഹ്‌മാനുബ്‌നുൽ ഹാരിസ് (റ.ഹും) എന്നിവരടങ്ങുന്ന നാലംഗ സംഘത്തെ ആധികാരിക പതിപ്പിന്റെ പകർപ്പുകളെടുക്കാൻ നിയോഗിച്ചു. ഈ സംഘത്തിൽ സൈദ്(റ) അല്ലാത്ത മൂന്നു പേരും ഖുറൈശികളായിരുന്നു. ഉസ്മാൻ(റ) അവർക്കു നൽകിയ നിർദേശം ‘ഏതെങ്കിലും സ്ഥലത്ത് സൈദുമായി നിങ്ങൾക്ക് അഭിപ്രായഭിന്നത ഉണ്ടായാൽ അവിടെ ഖുറൈശീ ശൈലിയനുസരിച്ചുതന്നെ രേഖപ്പെടുത്തുക. കാരണം, ഖുറൈശീ ശൈലിയിലാണ് ഖുർആൻ അവതരിച്ചിട്ടുള്ളത്’ (അൽഇത്ഖാൻ 1/78).
സൈദ്(റ) പിന്തുടർന്നിരുന്നതും ഖുറൈശീ ശൈലി തന്നെയായിരുന്നു. ഖുറൈശീ ശൈലിയല്ലാത്ത മറ്റെല്ലാ ഉച്ചാരണഭേദങ്ങളെയും നിരോധിച്ച ഉസ്മാൻ(റ) തന്റെ ലക്ഷ്യം സമ്പൂർണമാവുന്നതിനു വേണ്ടിയാണ് അപ്രകാരം നിർദേശിച്ചത്. ഹാരിസുൽ മുഹാസബി(റ) പറയുന്നു: ‘ജനങ്ങൾ പറയാറുള്ളത് മുസ്വ്ഹഫ് ക്രോഡീകരിച്ചത് ഉസ്മാൻ(റ)വാണെന്നാണ്. സംഗതി അങ്ങനെയല്ല. ഉസ്മാൻ(റ) ചെയ്തത് ഖുർആൻ ഒരേ ശൈലിയിൽ മാത്രം ഓതാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ്. അദ്ദേഹം തന്റെ കൂടെയുണ്ടായിരുന്ന മുഹാജിറുകളും അൻസ്വാറുകളുമായി കൂടിയാലോചിച്ചു ചെയ്തതാണിത്. ഇറാഖുകാർക്കും ശാമുകാർക്കുമിടയിൽ ഓത്തിന്റെ ശൈലികളിൽ ഭിന്നിപ്പുണ്ടായപ്പോഴായിരുന്നു ഇത്. എന്നാൽ ഈ ക്രോഡീകരണത്തിനു മുമ്പാകട്ടെ, ഖുർആൻ ഏഴു ശൈലികളിൽ ഓതിയിരുന്നു. ഏഴു ശൈലികളിൽ അവതരിച്ചിട്ടുമുണ്ട്. ആദ്യമിതു ക്രോഡീകരിച്ചതു സ്വിദ്ദീഖ്(റ)വാണ്. അലി(റ) ഒരിക്കൽ പറഞ്ഞു: ‘ഞാൻ അധികാരത്തിലാണെങ്കിൽ മുസ്വ്ഹഫിന്റെ കാര്യത്തിൽ ഉസ്മാൻ(റ) ചെയ്തതു തന്നെയാണ് ഞാനും ചെയ്യുക’ (അൽഇത്ഖാൻ 1/80).
പകർപ്പുകൾ എഴുതിയതിനുശേഷം ഹഫ്‌സ്വ(റ)യുടെ മുസ്വ്ഹഫ് അവർക്കുതന്നെ തിരിച്ചുനൽകി. പകർപ്പുകൾ കൂഫ, ബസ്വറ, ഡമസ്‌കസ്, മദീന തുടങ്ങി എല്ലാ പ്രവിശ്യകളിലേക്കും അയച്ചുകൊടുത്തു. ഇതേക്കുറിച്ച് ഇബ്‌നുഹജറിൽ അസ്ഖലാനി(റ) എഴുതി: ‘ഉസ്മാൻ(റ) മുസ്വ്ഹഫ് ആ നാടുകളിലേക്ക് അയച്ചുകൊടുത്തതിന്റെ താൽപര്യം അതിലെഴുതിയത് തന്റെ പക്കലുള്ളതിന്റെ തനി പകർപ്പാണെന്ന് ബോധ്യപ്പെടുത്തലാണ്. അല്ലാതെ, ഖുർആനിന്റെ അടിസ്ഥാന സ്ഥിരീകരണമല്ല. കാരണം, അത് അവർക്കിടയിൽ സർവവ്യാപകമായിരുന്നല്ലോ (ഫത്ഹുൽബാരി 1/114).
മുസ്വ്ഹഫിന്റെ ഒരു പ്രതി ഖലീഫയുടെ അടുക്കൽതന്നെ സൂക്ഷിച്ചിരുന്നു. ‘മുസ്വ്ഹഫു ഇമാം’ എന്ന പേരിലാണ് ഇതറിയപ്പെട്ടത്. വിവിധ പ്രവിശ്യകളിലേക്ക് അയക്കപ്പെട്ട മുസ്വ്ഹഫുകളെ ആധാരമാക്കിയാണ് അവിടങ്ങളിൽ ഖുർആൻ പാരായണവും പഠനവും നടന്നത്. പകർത്തെഴുത്തു കഴിഞ്ഞതോടെ കുറ്റമറ്റ ആ പ്രതിയല്ലാത്ത മറ്റെല്ലാ രേഖകളും ഏടുകളും എരിച്ചുകളഞ്ഞു (ബുഖാരി, ഫത്ഹുൽബാരി 8/627).
എന്തിനാണ് പ്രചാരത്തിലുണ്ടായിരുന്ന മറ്റു പ്രതികൾ കരിച്ചുകളയാൻ നിർദേശിച്ചത്? ഉത്തരം സുതാര്യമാണ്. വിശാലമായ ഇസ്‌ലാമിക സാമ്രാജ്യത്തിലെ ഓരോ പ്രവിശ്യയിലും ഓരോ നാട്ടിലും പ്രചാരത്തിലുണ്ടായിരുന്ന കോപ്പികൾ മുഴുവൻ ആധികാരിക പകർപ്പിനോട് ഒത്തുനോക്കി തിരുത്തുക ശ്രമകരമായിരുന്നു. അബദ്ധത്തിൽ വീഴ്ചവന്നാൽ അതു കൂടുതൽ കുഴപ്പങ്ങൾക്കു കാരണമാകും. മാത്രമല്ല, പുതുതായി ഇസ്‌ലാമിക വിശ്വാസത്തിലേക്കു കടന്നുവന്നുകൊണ്ടിരുന്നവർ ഖുർആൻ ഗ്രഹിക്കുന്നതിൽ അതീവ തൽപരരായിരുന്നതിനാൽ അതിന്റെ അർത്ഥവും വ്യാഖ്യാനവും മാർജിനിൽ എഴുതുക പതിവുണ്ടായിരുന്നു. പിൽക്കാലത്ത് ഏതെങ്കിലും പകർപ്പെഴുത്തുകാരൻ അതും ഖുർആനാണെന്ന് തെറ്റിദ്ധരിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. അതുകൊണ്ടാണ് നിലവിലുള്ള എല്ലാ കോപ്പികളും കത്തിച്ചുകളയാനും ആധികാരിക കോപ്പിയുടെ പകർപ്പുകളെടുക്കാനും മൂന്നാം ഖലീഫ ഉസ്മാൻ(റ) പ്രവിശ്യകളിലെ ഗവർണർമാർക്ക് നിർദേശം നൽകിയത്.
ഖലീഫ എന്ന നിലയിൽ ആധികാരിക പതിപ്പ് സംരക്ഷിക്കുന്നതിനുള്ള ഏറ്റവും അനായാസകരമായ രീതിയും അതുതന്നെയായിരുന്നു. അതിനെതിരെ ആരും കൊട്ടും കുരവയുമായി ഇറങ്ങിയിട്ടില്ല. ആരെയെങ്കിലും വധിക്കാനോ ഭീഷണിപ്പെടുത്തി അംഗീകരിപ്പിക്കാനോ മുതിർന്നിട്ടുമില്ല. എല്ലാവരും അതിനെ സ്വമേധയാ അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇബ്‌നുഹജറിൽ അസ്ഖലാനി(റ) തന്നെ രേഖപ്പെടുത്തുന്നു: ‘ഉസ്മാൻ(റ)വിന്റെ ഈ നടപടി ജനസമൂഹത്തിനു മുമ്പിൽ വെച്ചായിരുന്നു. സ്വഹാബികൾ അതിനു സാക്ഷികളുമാണ്. ഖുർആൻ സംരക്ഷണത്തിനായി അദ്ദേഹം ചെയ്ത ഈ പാവനകൃത്യം അവർ സർവാത്മനാ അംഗീകരിക്കുകയാണ് ചെയ്തത്’ (ഫത്ഹുൽബാരി 8/637).

(അവസാനിച്ചു)

സജീർ ബുഖാരി

Exit mobile version