അഗാധ പാണ്ഡിത്യം, ധീരത, ഗാംഭീര്യത, അതോടൊപ്പം വിനയം, നേതൃപാടവം, ആജ്ഞാശേഷി തുടങ്ങിയ വിശേഷണങ്ങളെല്ലാം ഒത്തിണങ്ങിയ വ്യക്തിത്വമാണ് മഹാനായ താജുല്‍ ഉലമ.
കേരളത്തില്‍ അറിയപ്പെട്ട സാഗര തുല്യരായ ആലിമീങ്ങളാണ് താജുല്‍ ഉലമയുടെ ഗുരുനാഥന്മാര്‍. പറവണ്ണ മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍, ഇകെ അബൂബക്ര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ അവരില്‍ പ്രധാനികളാണ്. ഉപരി പഠനത്തിന് വേണ്ടി വെല്ലൂര്‍ ബാഖിയാത്തില്‍ ചെന്നപ്പോള്‍ അവിടുത്തെ സഹപാഠികളില്‍ പ്രധാനിയായിരുന്ന കുറ്റിപ്പുറം ഉസ്താദ് ഒരിക്കല്‍ ഇപ്രകാരം പറയുകയുണ്ടായി: “തങ്ങള്‍ കിതാബുകളെല്ലാം ഓതി അത് ഹൃദിസ്ഥമാക്കി ദര്‍സ് നടത്താനുള്ള കഴിവ് നേടിയാണ് ബാഖിയാതില്‍ എത്തിയതു തന്നെ. വിവിധ നാടുകളില്‍ നിന്ന് അവിടെ എത്തിയ പലരും ഓതാന്‍ കഴിയാത്ത ഗ്രന്ഥങ്ങള്‍, പഠനത്തില്‍ ന്യൂനത തോന്നിയ ഗ്രന്ഥങ്ങള്‍ തുടങ്ങിയവ ശരിക്കും പഠിക്കുന്നതിന് വേണ്ടി തങ്ങളെ സമീപിച്ച് കൊണ്ടിരുന്നു. അങ്ങനെ, ബാഖിയാതില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ പതിനാല് സബ്ഖുകള്‍ തങ്ങള്‍ നടത്തിയിരുന്നു. അന്നും നേരത്തെ ഗ്രന്ഥങ്ങള്‍ പഠിച്ച് തയ്യാറായി വരികയോ അധ്യാപന സമയത്ത് പാഠം നോക്കുകയോ ചെയ്യാറില്ലായിരുന്നു. കാണാതെ മനസ്സില്‍ നിന്നെടുത്താണ് ദര്‍സുകളെല്ലാം.
ഈ രീതി പലപ്രാവശ്യം ഈ വിനീതനും അനുഭവിച്ചിട്ടുള്ളതാണ്. ഏതാണ്ട് നാല്‍പത് വര്‍ഷങ്ങള്‍ക്കു മുമ്പ് സയ്യിദ് ശരീഫുല്‍ മദനി(റ)യുടെ സിയാറത്തിനു വേണ്ടി ഉള്ളാളത്ത് ചെന്നപ്പോള്‍ അതി ഗംഭീരമായ സ്വരത്തില്‍ പള്ളിയുടെ ഉള്ളില്‍ നിന്ന് സബ്ഖ് കേട്ടു. പള്ളിയുടെ മഖാമിനോട് ചേര്‍ന്ന ചെരുവില്‍ വാതിലിനരികില്‍ ചെന്ന് ഞാന്‍ പതുങ്ങിനിന്നു. തുഹ്ഫതുല്‍ മുഹ്താജായിരുന്നു തങ്ങള്‍ ദര്‍സ് നടത്തിയിരുന്നത്. അന്ന് അവിടെ പഠിച്ചിരുന്ന വലിയ വലിയ മുതഅല്ലിമുകള്‍ ഇന്നത്തെ ആലിമീങ്ങളാണ്. അവര്‍ വട്ടമായിരിക്കുകയും തങ്ങള്‍ അതിനുള്ളില്‍ നടന്നുകൊണ്ട് ദര്‍സ് നടത്തുകയുമാണ്. ഒരു മുതഅല്ലിം വായിച്ചുകൊടുക്കുന്നു. വായന തെറ്റിപ്പോയാല്‍ ദ്യേപ്പെടും. ചിലപ്പോള്‍ അടിയും കിട്ടിയെന്നിരിക്കും. ഇടക്കിടെ തുഹ്ഫയുടെ വ്യാഖ്യാന ഗ്രന്ഥങ്ങളായ ഹാശിയതുശര്‍വാനി, ഹാശിയതു ഇബ്നു ഖാസിം എന്നിവയില്‍ നിന്നുള്ള ഉദ്ധരണങ്ങള്‍ തങ്ങള്‍ കാണാതെ വായിക്കുന്നുണ്ട്. ഈ ഒരൊറ്റ അനുഭവത്തില്‍ തന്നെ മുതഅല്ലിമാണെങ്കിലും എനിക്ക് തങ്ങളുടെ അഗാധ പാണ്ഡിത്യം ബോധ്യപ്പെട്ടു; ആശ്ചര്യജനകമായ ആ കാഴ്ച ഇപ്പോഴും മനസ്സിലുണ്ട്.
ഇമാം നവവി(റ)യുടെ സുപ്രസിദ്ധമായ മിന്‍ഹാജിനു ധാരാളം വ്യാഖ്യാന ഗ്രന്ഥങ്ങള്‍ പര്‍വതതുല്യരായ മുന്‍കാല ഇമാമുകള്‍ എഴുതിയിട്ടുള്ളതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇബ്നുഹജര്‍(റ)ന്റെ “തുഹ്ഫതുല്‍ മുഹ്താജ് ബി ശറഹില്‍ മിന്‍ഹാജ്’ എന്ന ഗ്രന്ഥം. അറബി ഭാഷാ നിയമങ്ങളും വ്യാകരണവും അറിയുന്നതു കൊണ്ടുമാത്രം ലളിതമായി വായിച്ച് മനസ്സിലാക്കാന്‍ പറ്റിയ ഒരു ഗ്രന്ഥമല്ല ഇത്. വിഷയ ഗാംഭീര്യത്തിന് പുറമെ അതിന്റെ വാചക ഘടനയും കടുപ്പമുള്ളതാണ്. ധാരാളം ആശയങ്ങള്‍ കുറഞ്ഞ വാക്കുകളില്‍ ഒതുക്കി ശാഫിഈ മദ്ഹബിലെ മസ്അലകള്‍ ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതിന് വേണ്ടി കഠിന പരിശ്രമമാണ് ഇബ്നുഹജര്‍(റ) നടത്തിയത്. അതു കാരണമാണ് ആലിമീങ്ങളില്‍ തന്നെ പലര്‍ക്കും ഇത് ശരിയാംവണ്ണം ഗ്രഹിച്ചെടുക്കാന്‍ സാധിക്കാതെ വരുന്നത്. ഇത്രമേല്‍ സങ്കീര്‍ണമായ ഗ്രന്ഥമാണ് താജുല്‍ ഉലമ ലാഘവത്തോടെ ദര്‍സ് നടത്തിയിരുന്നത്. അപ്പോള്‍ ആ ജ്ഞാനസാഗരത്തിന്റെ ആഴമെത്രയാണ്!
ശംസുല്‍ ഉലമ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ വെച്ച് തുഹ്ഫ ദര്‍സ് നടത്തുന്നതും ഈ വിനീതന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം റൂമില്‍ വെച്ച് ആദ്യം നന്നായി റഫര്‍ ചെയ്ത് ഗ്രന്ഥം കയ്യിലേന്തി ക്ലാസ്റൂമില്‍ വന്നിരുന്ന് അതുനോക്കി സ്വന്തമായി തന്നെ വായിച്ച് വിശദീകരിച്ച് കൊടുക്കുന്ന രീതിയായിരുന്നു അവലംബിച്ചിരുന്നത്. ഇകെ അബൂബക്കര്‍ മുസ്ലിയാര്‍ പാണ്ഡിത്യം കുറഞ്ഞ ആളായിരുന്നുവെന്നല്ല പറയുന്നത്. അദ്ദേഹത്തിന്റെ ശൈലിക്കു നേരെ വിരുദ്ധമായി കാണാതെ ദര്‍സ് നടത്തുന്ന ശിഷ്യന്റെ പാണ്ഡിത്യ ഗരിമ സൂചിപ്പിച്ചുവെന്ന് മാത്രം.
എന്നാല്‍ ഉള്ളാള്‍ തങ്ങളുടെ ശൈലിയാണ് സമസ്തയുടെ മുന്‍കാല പ്രസിഡന്‍റായിരുന്ന സ്വദഖതുല്ലാഹ് മുസ്ലിയാര്‍ തുഹ്ഫ ദര്‍സ് നടത്തിയപ്പോള്‍ എനിക്ക് കാണാന്‍ കഴിഞ്ഞത്. നേരത്തേ റഫര്‍ ചെയ്യുകയോ ഗ്രന്ഥം നോക്കുകയോ ചെയ്യാതെ കാണാതെ ദര്‍സ് നടത്തുകയായിരുന്നു അദ്ദേഹം. പക്ഷേ, കസേരയില്‍ സ്വസ്ഥമായി ഇരുന്നുകൊണ്ടുള്ള ദര്‍സാണെന്ന് മാത്രം. തങ്ങളുടെ പ്രധാന ഗുരുവര്യരായ കണ്ണിയത്തിന്റെ രീതിയും ഇതു തന്നെയാണ്. ഇരുന്നും കിടന്നും നിന്നുമൊക്കെയായിരുന്നു മഹാനവര്‍കളുടെ തദ്രീസ്.
എന്റെ ഗുരുവര്യരായ കോട്ടൂര്‍ ഉസ്താദിന്റെ ശൈലിയും പണ്ടുകാലം മുതലേ ഇതുതന്നെയാണെന്ന് ഇടയില്‍ ഓര്‍മപ്പെടുത്തട്ടെ. കോട്ടൂര്‍ ഉസ്താദ് അങ്ങേയറ്റം സ്നേഹിച്ച വ്യക്തിയായിരുന്നു താജുല്‍ ഉലമ. ഉസ്താദിന്റെ ക്ലാസുകളില്‍ താജുല്‍ ഉലമയെ സംബന്ധിച്ചുള്ള പരാമര്‍ശം പലപ്പോഴും കടന്നുവരും. വലിയ ആദരവോടും സ്നേഹത്തോടും കൂടി തങ്ങളെ പലപ്പോഴും കോട്ടൂര്‍ ഉസ്താദ് പ്രശംസിക്കാറുണ്ടായിരുന്നു.
സമസ്ത നേതാക്കളില്‍ ഉന്നതരായ ചിലര്‍ ആദര്‍ശം രാഷ്ട്രീയക്കാര്‍ക്ക് അടിയറ വെച്ചുകൊണ്ട് അസത്യത്തിന് കൂട്ടുനിന്നപ്പോള്‍ സത്യത്തിന് വേണ്ടി ശക്തമായി വാദിച്ച് ആദര്‍ശം ഉയര്‍ത്തിപ്പിടിച്ച് ഇതുവരെ പ്രവര്‍ത്തിച്ചുപോരുന്ന സമസ്ത ഇപ്പോള്‍ അസത്യത്തിന് കൂട്ടുനില്‍ക്കുന്നുവെങ്കില്‍ അതിനോട് യോജിക്കാന്‍ സാധ്യമല്ലെന്ന് സമസ്തയില്‍ ഉള്ളാള്‍ തങ്ങള്‍ ധീരമായി ഗര്‍ജിച്ചപ്പോള്‍ കോടതിയില്‍ നിലവിലുള്ള കേസ് ജയിക്കണമെങ്കില്‍ അസത്യം പറയേണ്ടിവരുമെന്നും ഇന്ത്യന്‍ കോടതി ന്യായകോടതി മാത്രമാണെന്നും സത്യകോടതിയല്ലെന്നും ഇകെ പറയുകയുണ്ടായത്രെ. എന്നാല്‍ എല്ലാ കോടതിക്കും പുറമെ മറ്റൊരു വലിയ കോടതി വരാനുണ്ടെന്നും അസത്യത്തിന് കൂട്ടുനിന്നാല്‍ ആ കോടതിയില്‍ പരാജയപ്പെടുമെന്നും അതുകൊണ്ട് ഈ അസത്യത്തില്‍ തുടരാന്‍ സാധ്യമല്ലെന്നും ഗാംഭീര്യം മുറ്റിയ സ്വരത്തില്‍ അവിടെ ഉച്ചത്തില്‍ തങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി. തങ്ങളുടെ പിന്നാലെ പത്തോളം ആളുകള്‍ അന്ന് ഇറങ്ങിയെങ്കിലും ദുന്‍യാവിലെ ചില നഷ്ടങ്ങളോര്‍ത്ത് ചിലരൊക്കെ തിരിച്ചുപോയി. പക്ഷേ, ധീരനായ താജുല്‍ ഉലമയും സുല്‍ത്വാനുല്‍ ഉലമയടക്കം ആറുപേര്‍ സത്യാദര്‍ശം മുറുകെപ്പിടിച്ച് നില്‍ക്കുകയും ഉടനെതന്നെ കേരളത്തിലെ തൊണ്ണൂറ് ശതമാനം ആലിമീങ്ങളെയും ഒരുമിച്ചുകൂട്ടി സമസ്തയുടെ ജനറല്‍ബോഡി വിളിച്ചു ചേര്‍ത്ത് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തു. ആ മുശാവറയുടെ കരുത്തനായ പ്രസിഡന്‍റ് താജുല്‍ ഉലമയും ജനറല്‍ സെക്രട്ടറി സുല്‍ത്വാനുല്‍ ഉലമയുമായിരുന്നു. അവരാണ് കേരളത്തിലെ മുസ്‌ലിംകള്‍ക്ക് ഇതുവരെയും ദീനീനേതൃത്വം നല്‍കിയത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴിലുള്ള സംഘകുടുംബങ്ങള്‍ മുഴുക്കെയും ഇവരുടെ അനുയായികളാണ്. തങ്ങള്‍ ഒരു വാക്ക് പറഞ്ഞാല്‍ ആരും തന്നെ മറിച്ച് ഒരു വാക്ക് പറയുകയില്ല. പ്രത്യേക സാഹചര്യത്തില്‍ തങ്ങള്‍ നടത്തിയ ധീരമായ ആ ഇറങ്ങിപ്പോരല്‍ കേരള നവോത്ഥാനത്തെ എത്രമാത്രം സ്വാധീനിച്ചുവെന്നത് പില്‍ക്കാല ചരിത്രം. സമസ്ത എന്നത് രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെയാവാതെ വ്യക്തിത്വം നിലനിര്‍ത്തിയതു തന്നെയും അതുകൊണ്ടായിരുന്നു. കണ്ണിയത്ത് ഉസ്താദ് ആരോഗ്യ പ്രശ്നങ്ങളാല്‍ യോഗത്തിനു വരാതിരുന്ന കാലത്തൊക്കെയും സമസ്തയെ നിയന്ത്രിച്ചിരുന്നത് വൈസ് പ്രസിഡന്‍റായ തങ്ങള്‍ ആയിരുന്നുവല്ലോ. തങ്ങള്‍ ഉള്ളതുകൊണ്ടു കൂടിയാണ് പണ്ഡിതരും പൊതുസമൂഹവും സമസ്തയെ പിന്തുടര്‍ന്നതും ഈ സംഘടന നില നില്‍ക്കുക മാത്രമല്ല, ശക്തമായി പടര്‍ന്നു പന്തലിക്കുകയും ചെയ്തത്. ഇന്നേവരെ കേരളം കണ്ടിട്ടില്ലാത്ത ആലിമുകള്‍, സയ്യിദുമാര്‍, സ്വാലിഹീങ്ങള്‍, മുതഅല്ലിമീങ്ങള്‍ ഉള്‍ക്കൊള്ളുന്ന മനുഷ്യപാരാവരം എട്ടിക്കുളത്ത് ഒരുമിച്ചുകൂടിയത് കണ്ടവര്‍ക്കൊക്കെ തങ്ങള്‍ ആരായിരുന്നുവെന്ന് മനസ്സിലായിട്ടുണ്ട്. ചിലര്‍ കണ്ണുചിമ്മിയതുകൊണ്ട് മറ്റുള്ളവര്‍ ഇതു കാണാതിരിക്കില്ല. എല്ലാവരുടെയും കണ്ണ് അല്ലാഹു തുറക്കട്ടെ. തങ്ങള്‍ മാത്രമാണ് വിടവാങ്ങിയത്. സുല്‍ത്വാനുല്‍ ഉലമയടക്കം നമ്മുടെ പണ്ഡിതര്‍ നമ്മെ നയിക്കുന്നു. അവര്‍ക്കു കീഴില്‍ നാം അടിയുറച്ചു നില്‍ക്കുക. സുന്നീ നേതൃത്വത്തിന് നാഥന്‍ ദീര്‍ഘായുസ്സ് നല്‍കട്ടെ.
പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍