ടൂറിൽ നഷ്ടമാകുന്ന പരലോകജീവിതം

ഏതൊരു വിശാസിക്കും സഹിക്കാൻ കഴിയാത്ത നഷ്ടമാണ് അന്ത്യനാളിലെ പരാജയം. മരണശേഷം ഒരു ജീവിതമുണ്ടെന്നും അതാണ് ശാശ്വതമെന്നും വിശ്വസിക്കുന്ന മുസ്‌ലിംകൾക്ക്  പരലോകവിജയം നേടിയെടുക്കുക എന്നത് ഉള്ളിൽ കൊണ്ടുനടക്കുന്ന ഏറ്റവും വലിയ സ്വപ്നമാണ്. ഈ സ്വപ്നം സാക്ഷാൽക്കരിക്കാൻ ബഹുവിധ മാർഗങ്ങളാണ് വിശ്വാസിക്ക് മുമ്പിലുള്ളത്. അത്തരം നന്മകളുടെ വഴികൾ മതം വിശദമായി പരിചയപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ജീവിതത്തിലെ ചില സാധാരണ പ്രവർത്തനങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുക വഴി ഇഹലോകവും പരലോകവും നഷ്ടപ്പെടുത്തുന്ന ചിലരുണ്ട്. അനുവദനീയമായതും നിഷിദ്ധമായതും വളരെ വ്യക്തമായി ഇസ്‌ലാം പഠിപ്പിക്കുന്നുവെങ്കിലും നിത്യജീവിതത്തിലെ പല കാര്യങ്ങളും അത്തരം ആളുകൾക്ക് ശരീഅത്ത് നിയമങ്ങളുടെ അതിർവരമ്പുകൾക്ക് പുറത്താണ്. പ്രത്യേകിച്ച്, സ്വന്തം മക്കളുടെ കാര്യങ്ങളിൽ. പല വിട്ടുവീഴ്ചകൾക്കും  ഇക്കാര്യത്തിൽ നാം തയ്യാറാവുന്നു. ഇങ്ങനെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന ഒന്നാണ് അവരുടെ വിനോദയാത്ര.

വിനോദവും യാത്രയും നിബന്ധനകളോടെ ദീൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ മുസ്‌ലിം കുടുംബങ്ങളിൽ വർധിച്ചുവരുന്ന വിനോദസഞ്ചാരങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുറപ്പെടുന്ന ടൂറുകളും എത്രത്തോളം ഹലാലാണെന്ന് ആലോചിക്കേണ്ടതുണ്ട്. ആണും പെണ്ണും ഇടകലരുന്നു എന്നതിനപ്പുറം മതപരവും സാംസ്‌കാരികവുമായ നിരവധി ചോദ്യങ്ങളാണ് ഇന്നത്തെ യാത്രകൾ ഉയർത്തുന്നത്.

ഈ മധ്യവേനലവധിക്കാലത്ത് നടന്ന ഒരു സംഭവം ഈ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നു. പത്താം തരം വിദ്യാർത്ഥികൾക്കായി കോഴിക്കോട് ജില്ലയിലെ ഒരു പ്രമുഖ സ്‌കൂൾ സംഘടിപ്പിച്ച ടൂറിന് പോയ വിദ്യാർത്ഥികളിൽ കുട്ടിക്കാലം മുതൽ ആത്മീയാന്തരീക്ഷത്തിൽ വളർന്നു വന്ന ഒരു മുസ്‌ലിം പെൺകുട്ടിയും ഉണ്ടായിരുന്നു. തറവാട്ടുകാരും പ്രമാണിമാരുമായ വീട്ടുകാർ ആദ്യം ഈ ടൂറിന് പോകാൻ അനുവാദം കൊടുത്തില്ല. ഒന്നാം തരം മുതൽ പത്തുവരെ ഒരു ടൂറിനും ഈ വിദ്യാർത്ഥിനി പോയിട്ടില്ല. മാതാപിതാക്കൾ അനുവദിച്ചില്ല എന്നതാണ് ശരി. പഴയ ചിന്താഗതിക്കാരാണെന്നും ഇനിയും നേരം വെളുക്കാത്തവരാണെന്നുമുള്ള ആക്ഷേപങ്ങളൊന്നും മാതാപിതാക്കൾ ചെവി കൊണ്ടില്ല. മകളുടെ ദീൻ നഷ്ടപ്പെടുത്തുന്ന ഇത്തരം യാത്രകൾക്ക്  അവർ ഒരു പിന്തുണയും നൽകിയില്ല. അവസാനം കുട്ടിയുടെ നിർബന്ധത്തിനു വഴങ്ങി, പത്താം ക്ലാസ് അവസാനമാണെന്നും ഈ യാത്ര നിർബന്ധമാണെന്നും അധ്യാപകർ നേരിട്ടുവന്നു പറഞ്ഞപ്പോൾ പിതാവ് സമ്മതം മൂളുകയായിരുന്നു. ഡൽഹിയിലേക്ക് പത്തു ദിവസത്തെ യാത്രയാണ്. ആൺകുട്ടികളും പെൺകുട്ടികളുമായി നൂറോളം പേരുണ്ട്.

യാത്ര കഴിഞ്ഞെത്തിയ മകളുടെ സ്വഭാവവും ജീവിതരീതിയും പ്രകടമായി മാറിത്തുടങ്ങിയെന്ന് പിതാവ് തിരിച്ചറിഞ്ഞു. പതിവായി ഖുർആൻ ഓതിയിരുന്ന മകൾ ഇപ്പോൾ സംഗീതത്തിന്റെ അടിമയാണ്. വസ്ത്ര ധാരണത്തിലും മുമ്പത്തെ ശ്രദ്ധയില്ല. മുതിർന്നവരോട് കയർത്തു സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു യാത്ര കൊണ്ട് മകൾ ഇത്രയൊക്കെ മാറിപ്പോകുമോ എന്ന് പോലും ആ പിതാവ് സംശയിച്ചു. അങ്ങനെയാണ് അയാൾ മകളെ ഒരു മനഃശാസ്ത്രജ്ഞനെ കാണിക്കുന്നത്.

ഇത്തരം യാത്രകളിൽ ഉണ്ടാകുന്ന അനുഭവങ്ങൾ കുട്ടികളുടെ മനസ്സിനെ എത്രമാത്രം സ്വാധീനിക്കുന്നു എന്നും അതനുസരിച്ച് കുട്ടികൾ എങ്ങനെയൊക്കെ മാറുന്നുവെന്നും ഡോക്ടർ വിശദീകരിച്ചു. യാത്രയുടെ ആദ്യദിനം മുതൽ ആരംഭിച്ച പാട്ടും ഡാൻസും  ഒടുക്കം വരെ തുടർന്നിരുന്നു. ആർപ്പുവിളികളും ആഘോഷങ്ങളും മാത്രമേ യാത്രയിലുടനീളം ഉണ്ടായിരുന്നുള്ളൂ. ഇത്രയുമധികം കുട്ടികളെ നിയന്ത്രിക്കാൻ ടൂറിൽ ഉണ്ടായിരുന്നത് രണ്ട് അധ്യാപകർ മാത്രം. ഒരു നിയന്ത്രണവുമില്ലാതെ അവർ കുട്ടികളെ കയറൂരി വിടുകയും ചെയ്തു.

ഇത് ഒറ്റപ്പെട്ട അനുഭവമല്ല. സ്‌കൂളിൽ നിന്ന് ടൂർ എന്ന പേരിൽ യാത്ര പുറപ്പെടുന്ന പരശ്ശതം വിദ്യാർത്ഥികളുടെയും പരിണാമമിതാണ്. ഇത്രയും കാലം ജീവിതത്തിൽ കാത്തു സൂക്ഷിച്ച ആത്മീയതയും മൂല്യങ്ങളും ഒരു യാത്രകൊണ്ട് കളഞ്ഞു കുളിക്കുന്ന ഈ പരിപാടി നിയന്ത്രിച്ചേ പറ്റൂ. രക്ഷിതാക്കൾ തന്നെയാണ് അതിനു മുൻകയ്യെടുക്കേണ്ടത്. എന്താണ് ഇത്തരം യാത്രകളിലൂടെ മക്കൾക്ക് ലഭിക്കുന്നതെന്ന് മാത്രം ആലോചിച്ചാൽ അല്ലാഹുവിനെ ഭയക്കുന്ന ഒരു രക്ഷിതാവും മക്കളെ യാത്രക്കയക്കില്ല. എത്ര സമ്മർദം ഉണ്ടായാലും മക്കളുടെ ആഖിറം മാത്രം ചിന്തിച്ച് തീരുമാനമെടുക്കണം. അവരുടെ ഭാവിക്ക് അതാണ് ഏറ്റവും നല്ലത്. പകരമായി യാത്രകൾ കുടുംബത്തോടൊപ്പം മാത്രമാക്കുക. മാതാപിതാക്കളോടൊപ്പമുള്ള  സുരക്ഷിതമായ യാത്രകൾ ഒഴിവനുസരിച്ച് ആസൂത്രണം ചെയ്യുകയും വേണം. എത്ര അടുപ്പമുള്ള കൂട്ടുകാരാണ് സഹയാത്രികരെങ്കിലും രക്ഷിതാക്കളില്ലെങ്കിൽ അവരോടൊപ്പം മക്കളെ അയക്കാതിരിക്കുക. ഈ ജാഗ്രത എപ്പോഴും ഉണ്ടായിരിക്കണം.

യാത്രയെ ശക്തമായി പ്രോത്സാഹിപ്പിക്കുകയും അതിനെ സൽകർമമായി വിശദീകരിക്കുകയും ചെയ്ത മതവും ജീവിത ദർശനവുമാണ് ഇസ്‌ലാം. വിശുദ്ധ ഖുർആനിലും നബിചര്യയിലും ഇതിനെക്കുറിച്ച് ശക്തമായ പ്രതിപാദനങ്ങളുണ്ട്. അല്ലാഹു പറയുന്നു: ‘ഈ ജനം ഭൂമിയിൽ സഞ്ചരിച്ചിട്ടില്ലെന്നോ, അവർക്ക് ഗ്രഹിക്കുന്ന മനസ്സുകളും കേൾക്കുന്ന കാതുകളും ഉണ്ടാകുന്നതിന്? എന്നാൽ കണ്ണുകളല്ല അന്ധമാകുന്നത്; പ്രത്യുത, മാറിടങ്ങളിലുള്ള ഹൃദയങ്ങളാണ് അന്ധമാകുന്നത്’ (വി.ഖു 22/46). അവരോട് പറയുക: ‘ഭൂമിയിൽ സഞ്ചരിച്ചു നിരീക്ഷിക്കുക. എങ്ങനെയാണവൻ സൃഷ്ടി തുടങ്ങിയിട്ടുള്ളതെന്ന്.പിന്നീടല്ലാഹു മറ്റൊരിക്കൽ കൂടി ജീവിതം നൽകും. നിശ്ചയം അല്ലാഹു സകല സംഗതികൾക്കും കഴിവുറ്റവനല്ലോ? (വി.ഖു 29/20). പറയുക: ഭൂമിയിലൊന്നു സഞ്ചരിച്ചുനോക്കുവീൻ; ധിക്കാരികളുടെ പര്യാവസാനം എങ്ങനെയായിരുന്നുവെന്ന് (വി.ഖു, 27/69).

ഇസ്‌ലാമിലെ യാത്രകൾക്ക് പലവിധ ലക്ഷ്യങ്ങളുണ്ട്. അതിൽ സുപ്രധാനവും ശ്രേഷ്ഠകരവും അറിവ് കരസ്ഥമാക്കൽ തന്നെയാണ്. അറിവ് തേടി യാത്ര ചെയ്യുന്നവന് സ്വർഗത്തിലേക്കുള്ള വഴി അല്ലാഹു എളുപ്പമാക്കുമെന്നാണ് തിരുനബി(സ്വ) പറഞ്ഞത്. നബി(സ്വ)യുടെ കാലത്തും പിൽകാലത്തും ജീവിച്ചവരുടെ അറിവ്‌തേടിയുള്ള യാത്രകളെക്കുറിച്ച് വിസ്മയഭരിതമായ സംഭവങ്ങൾ ചരിത്രം നമുക്ക് പറഞ്ഞു തരുന്നുണ്ട്. ഇസ്‌ലാമിലെ രണ്ടാമത്തെ അടിസ്ഥാന പ്രമാണമായ ഹദീസ് ശേഖരണാർത്ഥം ഇമാം ബുഖാരി(റ)യെയും ഇമാം മുസ്‌ലിമി(റ)നെയും പോലെയുള്ള ഹദീസ് പണ്ഡിതന്മാർ നടത്തിയ യാത്രകളും, വിജ്ഞാന സമ്പാദനാർത്ഥം ഇമാം ശാഫിഈ(റ), ഇമാം അബൂഹനീഫ(റ) പോലുള്ള കർമശാസ്ത്ര പണ്ഡിതർ നടത്തിയ യാത്രകളും, ശാസ്ത്രീയ, വൈദ്യശാസ്ത്ര, ഗോളശാസ്ത്ര, തത്ത്വശാസ്ത്ര, സാമൂഹിക ശാസ്ത്ര മേഖലകളിൽ ഇമാം ഗസ്സാലി(റ)യും, ഇബ്‌നു സീനയും ഫാറാബിയും ഇബ്‌നു ഖൽദൂനും നടത്തിയ യാത്രകളും തുല്യതയില്ലാത്ത ആത്മീയ യാത്രകൾ തന്നെയായിരുന്നു. ഇസ്‌ലാമിക നാഗരിക ചരിത്രത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക കേന്ദ്രമായിരുന്ന സ്‌പെയിനിലേക്ക് അക്കാലത്ത് ലോകത്തിന്റെ പലഭാഗത്തു നിന്നുമുള്ള ആളുകൾ വിജ്ഞാനം തേടി നടത്തിയ യാത്രകളും പിൽകാലത്ത് ലോകത്തിന്റെ പലഭാഗങ്ങളിലുള്ള സർവകലാശാലകളിലേക്ക് വിജ്ഞാന സമ്പാദനാർത്ഥം നടത്തിയ യാത്രകളും ഇത്തരത്തിലുള്ളവയായിരുന്നു. ഇന്നത് വലിയ തോതിൽ വർധിച്ചിരിക്കുന്നു.

ഇസ്‌ലാമിലെ യാത്രകളുടെ മറ്റൊരുലക്ഷ്യം അല്ലാഹുവിന്റെ അപാരമായ ദൃഷ്ടാന്തങ്ങളുടെ ദർശനവും അതിലൂടെ സ്വന്തം നാഥനെ തിരിച്ചറിയലുമാണ്. ഖുർആനിലെ സൂക്തങ്ങൾക്കും പ്രകൃതിയിലെ ദൃഷ്ടാന്തങ്ങൾക്കും ‘ആയത്ത്’ എന്ന ഒരേ അറബിപദം ഉപയോഗിച്ചത് വെറുതെയല്ല. വായനയുടെ പുതിയ തലങ്ങളെയാണ് അവ പരിചയപ്പെടുത്തുന്നത്. ഖുർആനിലെ സ്വർഗത്തെക്കുറിച്ചുള്ള വർണനകൾ ബോധ്യമാകാൻ യാത്ര ചെയ്‌തേ മതിയാകൂ. ഉപജീവനം തേടിയുള്ള യാത്രകളും സൽകർമം തന്നെ. പ്രവാചകർ(സ്വ)യും സ്വഹാബികളും നടത്തിയ കച്ചവടയാത്രകൾ ഇതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ്. ഗൾഫ് പ്രവാസവും ഈ ഗണത്തിൽ പ്രധാനം. ഉത്തമമായ സംസ്‌കാരങ്ങളുടെ കൈമാറ്റം യാത്രകളുടെ മറ്റൊരു മുഖ്യ ലക്ഷ്യമാണ്. ഉത്തമമായ ഒരു ലോകത്തിന്റെ പിറവിക്കാണ് ഇത്തരം കൈമാറ്റങ്ങൾ നിമിത്തമാകുക. സജ്ജനങ്ങളുമായുള്ള സഹവാസങ്ങളും ഇടപഴകലുകളും ശ്രേഷ്ഠമായ വ്യക്തിത്വങ്ങൾക്ക് പിറവി നൽകുന്നു. ആത്മീയത തേടിയുള്ള മഖ്ബറകളിലേക്കും മറ്റുമുള്ള യാത്രകൾ നമുക്ക് സുപ്രധാനമാണല്ലോ. ഹജ്ജ് യാത്ര ഇതിൽ ഏറ്റവും ഉന്നതസ്ഥാനത്താണ്. ഇമാം ഗസ്സാലി(റ)യെപ്പോലുള്ളവർ നടത്തിയ ആത്മീയ യാത്രകളും ഗുണകരം തന്നെ.

ഇബ്‌നു ഉമർ(റ)ന്റെ ചുമലിൽ കൈവെച്ച് നബി(സ്വ) പറഞ്ഞു: ‘നീ ഇഹലോകത്ത് ഒരു പ്രവാസിയെപ്പോലെ അല്ലെങ്കിൽ വഴിപോക്കനെപ്പോലെയായിരിക്കണം.’

നമുക്ക് ഇനിയും അനേകം ദൂരം സഞ്ചരിക്കാനുണ്ട്. മരണ ശേഷം സ്രഷ്ടാവിലേക്കുള്ള ആ സഞ്ചാരത്തിന് വേണ്ട വിഭവങ്ങൾ സംഭരിക്കാനുള്ള ഒരിടം മാത്രമാണ് ദുനിയാവ്. അല്ലെങ്കിൽ ആ സുദീർഘമായ യാത്രയിൽ നമ്മൾ ശാശ്വതമായ ദുരിതമനുഭവിക്കേണ്ടി വരും. യാത്ര തുടങ്ങിയ ശേഷം ഖേദിച്ചിട്ട് യാതൊരു ഫലവുമില്ല. അതിനാൽ ജീവിതയാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സഞ്ചാരം തുടരുക. ഹൃദയത്തിന് അന്ധത ബാധിക്കാതിരിക്കാനും ജീവിതം വിജയകരമാകാനും അത് കൂടിയേ തീരൂ.

കളിയും വിനോദവും ആവശ്യമാണ്.  സഗൗരവം കാര്യങ്ങളിൽ മുഴുകിയാൽ ബോറടിക്കുന്നവർക്കു വിശേഷിച്ചും. വീടിനകത്തെ ഉത്തമ കൂട്ടുകാരിയായ ഭാര്യയോട് വിനോദത്തിലേർപ്പെടാത്തവനു ജീവിതത്തിന്റെ രസം തന്നെ നഷ്ടപ്പെട്ടുപോയെന്ന നബിവചനം വിനോദത്തിന്റെ നേട്ടത്തിലേക്ക് വിരൽചൂണ്ടുന്നുണ്ട്.

വിവേകമുള്ള മനുഷ്യൻ കളിയും കാര്യവും തിരിച്ചറിയണം. റസൂൽ(സ്വ) പറഞ്ഞു: വിനോദം മൂന്ന് കാര്യങ്ങളിലാണ്. നിന്റെ കുതിരക്ക് പരിശീലനം നൽകുക, നിന്റെ വില്ലെടുത്ത് അസ്ത്രമെയ്ത്തു നടത്തുക, നിന്റെ സഹധർമിണിയുമായി സല്ലപിക്കുക (ഹാകിം).

തിരുനബി(സ്വ) അരുളി: മലക്കുകളുടെ സാന്നിധ്യമുള്ള വിനോദങ്ങൾ മൂന്നെണ്ണമാണ്. പുരുഷൻ തന്റെ  ഭാര്യയോടൊപ്പം വിനോദിക്കുക, കുതിരയോട്ട മത്സരം നടത്തുക, അമ്പെയ്ത്തു മത്സരം നടത്തുക (ഹാകിം).

നബി(സ്വ)യുടെ സഹാബത്ത് വിനോദവും തമാശയും അൽപം വർധിപ്പിച്ചപ്പോൾ അല്ലാഹു അവതരിപ്പിച്ച ഖുർആൻ വാക്യം ഇപ്രകാരം: സത്യവിശ്വാസികൾക്ക് അല്ലാഹുവിനെയും അവനിൽ നിന്നവതീർണമായ ഖുർആനിനെയും ഓർത്തു തങ്ങളുടെ ഹൃദയങ്ങൾ ഭയം കൊള്ളുവാൻ ഇനിയും സമയമായില്ലേ. തങ്ങൾക്ക് മുമ്പ് വേദം നൽകപ്പെട്ട ജൂതക്രിസ്തീയ വിഭാഗം കാലപ്പഴക്കം ചെന്നപ്പോൾ അല്ലാഹുവിനെ കുറിച്ചോർക്കാനും സ്മരിക്കാനും കഴിയാതെ അവരുടെ ഹൃദയം ഭ്രാന്തമായ വിനോദപ്രിയത്താൽ കടുത്തുപോയതു പോലെ സത്യവിശ്വാസികൾ ആകാതിരിക്കാനും ഇനിയും സമയമായില്ലേ? (57/16).

ചുരുക്കത്തിൽ, ടൂറുകൾ ആഖിറം നഷ്ടപ്പെടാനുള്ള കാരണമാകരുത്. പരലോകം നഷ്ടപ്പെടുത്തി ദുനിയാവ് മുഴുവൻ നേടിയെടുക്കുന്നതിൽ എത്രമാത്രം പരാജയമാണുള്ളത്.

Exit mobile version