നന്മ ഉദ്ദേശിച്ചാൽ തന്നെ പ്രതിഫലം

തബൂക്കിൽ നിന്ന് തിരിച്ചുവരുമ്പോൾ നബി(സ്വ) പറഞ്ഞു: നമ്മോടൊപ്പം വന്നിട്ടില്ലാത്ത, മദീനയിൽ കഴിയുന്ന ചിലരുണ്ട്. നാം പ്രവേശിക്കുന്ന വഴികളിലും പ്രദേശങ്ങളിലുമെല്ലാം അവർ നമ്മുടെ കൂടെയുണ്ട്. പ്രതിബന്ധമാണ് നമ്മോടൊപ്പം വരുന്നതിൽ നിന്ന് അവരെ തടഞ്ഞത് (ബുഖാരി).

ഇസ്‌ലാമിക ചരിത്രത്തിലെ ശ്രദ്ധേയമായ ഒരധ്യായമാണ് തബൂക്കിലെ പ്രതിരോധ മുന്നേറ്റം. ഹിജ്‌റ ഒമ്പതാം വർഷത്തിലാണിത് നടന്നത്. അന്നത്തെ വലിയ രാഷ്ട്രീയ ശക്തിയായിരുന്ന റോമാ സാമ്രാജ്യത്തിന്റെ, മദീനയെയും ഇസ്‌ലാമിനെയും തകർക്കാനുള്ള ഉദ്യമത്തിന് തടയിടാനായിരുന്നു ഇത്. പ്രാതികൂല്യങ്ങളനവധിയുണ്ടായിരുന്നിട്ടും തബൂക്കിൽ വിജയം നേടാൻ വിശ്വാസികൾക്കായി. മദീനയെ ഭയപ്പെടുത്താനും ശിഥിലമാക്കാനുമൊരുങ്ങിയവർ തോറ്റോടുകയും മുസ്‌ലിം ശക്തി മനസ്സിലാക്കുകയും ചെയ്തു. സംഘട്ടനവും ആളപായവുമില്ലാത്ത പര്യവസാനം.
നബി(സ്വ) ബുസ്വ്‌റയിലേക്കയച്ച ദൂതനെ വധിച്ചവർക്കെതിരെ ഹിജ്‌റ എട്ടാം വർഷത്തിൽ നടത്തിയ മുഅ്തത്ത് സമരത്തിൽ മുസ്‌ലിം സംഘത്തിനെതിരെ റോം വിജയിച്ചിരുന്നു. മൂവായിരം അംഗങ്ങൾ മാത്രമുണ്ടായിരുന്ന മുസ്‌ലിം സൈന്യത്തിനെതിരെ രണ്ട് ലക്ഷം പേരെയാണ് റോമക്കാർ അണിനിരത്തിയത്. പ്രമുഖ സ്വഹാബികൾ ആത്മാർപ്പണം നടത്തിയ സമരമായിരുന്നു മുഅ്തത്തിലേത്.
മുഅ്തത്തിലെ വിജയത്തിൽ ആവേശം മൂത്ത റോമക്കാരുടെ രാജാവ് സീസർക്ക് മദീനയെ ആക്രമിക്കാനൊരു മോഹം. പരിസരങ്ങളിലെ ക്രൈസ്തവ രാജ്യങ്ങളെയും അറബികളെയും കൂടെ ഉറപ്പിച്ച് നിർത്താനതാവശ്യമാണെന്നും സീസർ കരുതി. അങ്ങനെ എല്ലാവരുടെയും പങ്കാളിത്തത്തോടെ സർവ സന്നാഹങ്ങളുമായി സൈനികരെ സജ്ജരാക്കി. ഈ പടനീക്കത്തിന്റെ വിവരം മദീനയിലറിഞ്ഞു. നാലായിരം അംഗങ്ങളുള്ള റോമക്കാരുടെ ആദ്യ സംഘം ജോർദാനിലെത്തിയിരുന്നു. സാഹചര്യം തീരെ അനുകൂലമായിരുന്നില്ലെങ്കിലും പ്രതിരോധം അനിവാര്യമായിരുന്നു. മദീനയെ ശിഥിലമാക്കാൻ ലക്ഷ്യമിട്ടാണ് റോമിന്റെ പടയൊരുക്കം. മദീനയിലെ മുനാഫിഖുകൾ അവരെ സഹായിക്കാൻ സാധ്യതയുമുണ്ട്.
തിരുനബി(സ്വ) പ്രതിരോധത്തിനായി സജ്ജീകരണം തുടങ്ങി. ദാരിദ്ര്യവും ക്ഷാമവും അതിവേനലിന്റെ ശക്തമായ ചൂടും സന്നാഹങ്ങളുടെ കുറവും മുനാഫിഖുകളുടെ കുപ്രചാരണങ്ങളും ദീർഘയാത്രയുമെല്ലാം ചേർന്ന് സങ്കീർണമായ അവസ്ഥ. പക്ഷേ മുന്നേറ്റം അനിവാര്യമാണ്. അല്ലെങ്കിൽ വലിയ നാശം ഉറപ്പ്. സഹായത്തിനും സന്നാഹത്തിനും സൈന്യത്തിൽ ചേരാനും റസൂൽ(സ്വ) വിളംബരം നടത്തി. പ്രവാചകാഹ്വാനം സ്വഹാബത്തേറ്റെടുത്തു. സാധിക്കുന്നവർ വലിയ സംഭാവനകൾ നൽകി. പരിമിതമാണെങ്കിലും ലഭ്യമായ സന്നാഹങ്ങളോടെ മുപ്പതിനായിരം സ്വഹാബികളുമായി തിരുദൂതർ പുറപ്പെട്ടു.
മരുപ്പറമ്പിലൂടെയുള്ള ദുർഘടമായ യാത്ര. നബി(സ്വ)യോടൊപ്പമായതിനാൽ വിശ്വാസികൾ വലിയ ആത്മനിർവൃതിയിലാണ്. റസൂൽ(സ്വ) നയിക്കുന്ന സൈനിക വ്യൂഹത്തിൽ അംഗമാകാനായത് മഹാഭാഗ്യമായി അവർ കണക്കാക്കി.
സന്നാഹമില്ലാത്തതിന്റെ പേരിൽ സംഘത്തിൽ ചേരാൻ കഴിയാത്ത ഏറെപ്പേർ മദീനയിലുണ്ടായിരുന്നു. അവർ കണ്ണീരൊഴുക്കി ദുഃഖമൊതുക്കി വിജയത്തിനായി പ്രാർഥിച്ചുകൊണ്ടിരുന്നു. വേറെ ചില ഹതഭാഗ്യർക്ക് അലംഭാവം കാരണം പങ്കെടുക്കാനായില്ല. കപടൻമാർ കുറേ പേർ ഒഴികഴിവുകൾ പറഞ്ഞ് സൈന്യത്തിൽ ചേർന്നില്ല. ചേർന്നവർ തന്നെ കുബുദ്ധികൾ കാണിച്ച് കൂടെയുള്ളവരെ നിർവീര്യമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. നബി(സ്വ)യും സംഘവും തബൂക്കിലെത്തി. മദീനാ സംഘത്തിന്റെ വരവറിഞ്ഞ റോമൻ സൈന്യം ഞെട്ടി. കാരണം മുഅ്തത്തിന്റെ അനുഭവമുണ്ടായിട്ടും മദീനയിൽ നിന്നും ദിവസങ്ങളോളം മരുഭൂമിയിലൂടെ യാത്ര ചെയ്ത് വന്നിരിക്കുകയാണ് മുസ്‌ലിംകൾ. അവരുടെ ആത്മവീര്യത്തിന്റെ ആഴമാലോചിച്ചപ്പോൾ തന്നെ റോമൻ സൈന്യം പല വഴിയെ പിൻതിരിഞ്ഞ് പോയി.
സംഘർഷത്തിന്റെ സാഹചര്യം രൂപപ്പെട്ടില്ല. നബി(സ്വ) ആഗ്രഹിച്ചതും അത് തന്നെയാണ്. മദീനയെ ആക്രമിക്കാനുള്ള മോഹം മനസ്സിൽ വെച്ചാൽ മതിയെന്ന് റോമിനെ ബോധ്യപ്പെടുത്തുക. അത് വിജയകരമായി നടന്നു. ഇരുപത് ദിവസം അവിടെ തന്നെ കഴിഞ്ഞു. തോറ്റോടിയവരുടെ ഉറക്കം കെടുത്തുന്നതായിരുന്നു ആ കാത്തിരിപ്പ്. ഇതിനിടയിലും മുനാഫിഖുകൾ നബി(സ്വ)യെ അപകടപ്പെടുത്താൻ ശ്രമം നടത്തി. നബിയും രണ്ട് സ്വഹാബികളും മാത്രമായിരിക്കെ, മുഖംമൂടി ധരിച്ച് നബിയെ വധിക്കാനായിരുന്നു പദ്ധതി. പക്ഷേ, വിജയിച്ചില്ല. മുഖമൂടി ധരിച്ചിരുന്നെങ്കിലും അവരെയെല്ലാം നബി(സ്വ)ക്ക് മനസ്സിലായി. കൂടെയുണ്ടായിരുന്ന ഹുദൈഫ(റ)വിനോട് പേര് വിവരം പ്രഖ്യാപിക്കുകയും ചെയ്തു.
അങ്ങനെ മുസ്‌ലിം പോരാളികൾ റോമൻ അധികാരികളുടെ അഹന്തക്കറുതി വരുത്തി. മുസ്‌ലിം ശക്തിപ്രഭാവം ബോധ്യപ്പെടുത്തുന്ന വിധത്തിലുള്ള നിസ്തുലമായ ഒരു സമാധാന മുന്നേറ്റത്തിന്റെ ചരിത്രമാണ് തബൂക്കിലേത്.
ഇരുപത് ദിവസത്തിന് ശേഷം തിരുനബി(സ്വ)യും സ്വഹാബികളും തബൂക്ക് വിട്ടു. നാഥന് നന്ദി പ്രകടിപ്പിച്ചായിരുന്നു ആ യാത്ര. മുപ്പത് ദിവസം യാത്രക്കും ഇരുപത് ദിവസം തബൂക്കിലും ചെലവഴിക്കേണ്ടി വന്നു. അങ്ങനെ അമ്പത് ദിവസത്തിന് ശേഷം തിരിച്ചെത്തിയ നബിയെയും സംഘത്തെയും മദീനയിലെ ആബാലവൃദ്ധം ആഹ്ലാദത്തോടെ വരവേറ്റു.
നബി(സ്വ)യുടെ അസാന്നിധ്യം മുതലെടുത്ത് മസ്ജിദുള്ളിറാർ നിർമിച്ചവരെയും അന്ത:ഛിദ്രത വളർത്താൻ പരിശ്രമിച്ചവരെയും തുറന്നുകാട്ടുന്ന ഖുർആൻ വചനങ്ങൾ അവതരിച്ചു. മടക്കയാത്രയിൽ റസൂൽ(സ്വ) മദീനയിലെ പ്രിയപ്പെട്ട അനുയായികളെ കുറിച്ച് കൂടെയുള്ളവരെ ഓർമിപ്പിച്ചു. ദൗത്യസംഘത്തിൽ ചേരാൻ സാധിക്കാത്തതിന്റെ പേരിൽ കരഞ്ഞ് കണ്ണീരൊലിപ്പിച്ചവരെ കുറിച്ചാണ് നബിതങ്ങൾ ഉപരി വാചകം പറഞ്ഞത്. ഈ വിജയത്തിന്റെ പ്രതിഫലത്തിന് അവരും അവകാശികളാണ്. കാരണം അവരുടെ മനസ്സിൽ ഈ ദൗത്യയാത്രയും സംഘവുമായിരുന്നു ജ്വലിച്ചുനിന്നിരുന്നത്.

ഈ ഹദീസ് വചനം വ്യാഖ്യാനിച്ച് ഇമാമുകൾ രേഖപ്പെടുത്തിയത് വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്നതാണ്. ഇമാം നവവി(റ) എഴുതി: നല്ല കാര്യത്തിലുള്ള നിയ്യത്തിന് തന്നെ മഹത്ത്വമുണ്ടെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. പ്രബോധന മുന്നേറ്റമടക്കമുള്ള സദ്പ്രവർത്തനങ്ങൾ ചെയ്യാൻ തീരുമാനിക്കുകയും പിന്നീട് പ്രതിബന്ധങ്ങളുണ്ടായി നിർവഹിക്കാൻ സാധിക്കാതിരിക്കുകയും ചെയ്താൽ നിയ്യത്ത് ചെയ്തതിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. അവസര നഷ്ടത്തിന്റെ പേരിലുള്ള സങ്കടത്തിന്റെ തോതനുസരിച്ച് പ്രതിഫലം വർധിക്കുകയും ചെയ്യും (ശർഹു മുസ്‌ലിം).
സാധിക്കുമെങ്കിൽ ഏതു നന്മയും ചെയ്യുക എന്നതാണ് വിശ്വാസിയുടെ ശീലം. ചെയ്യാനുള്ള മോഹവും തീരുമാനവും ഉണ്ടാവണം. എങ്കിൽ ചെയ്യാൻ സാധിക്കാതെ വന്നാലും പ്രതിഫലം ലഭ്യമാകും. ഇമാം ഖുർത്വുബി(റ) രേഖപ്പെടുത്തുന്നു: സത്യസന്ധമായ നിയ്യത്താണല്ലോ സൽകർമങ്ങളുടെ അടിസ്ഥാനം. ഒരു പുണ്യകർമത്തിന്റെ നിയ്യത്ത് ശരിയായി ആത്മാർഥമായി നടത്തി. പക്ഷേ, പ്രതിബന്ധം മൂലം അത് നിർവഹിക്കാനാവാതെ വന്നാൽ, ചെയ്യാൻ സാധിച്ചവന് സമാനമായ പ്രതിഫലം ലഭിക്കുമെന്ന് മാത്രമല്ല, അതിൽ വർധനവും ലഭിക്കും. കാരണം നബി(സ്വ) പറയുന്നു: വിശ്വാസിയുടെ നിയ്യത്ത് അവന്റെ പ്രവർത്തനങ്ങളെക്കാൾ ഉത്തമമാണ് (തഫ്‌സീർ ഖുർത്വുബി).

അലവിക്കുട്ടി ഫൈസി എടക്കര

 

Exit mobile version