നിറഞ്ഞുനിന്നത് തങ്ങള്‍

89-ലെ നിര്‍ണായകമായ പുനഃസംഘടനക്ക് മുമ്പും പിമ്പും തങ്ങള്‍ നിറഞ്ഞുനിന്നു. അക്കാലത്തെ സുന്നിവോയ്സിന്റെ താളുകളില്‍ കൂടി…

പ്രാസ്ഥാനിക രംഗത്ത് ഉള്ളാള്‍ തങ്ങളുടെ ഇടം ഭംഗിവാക്കായിരുന്നില്ല. 89ലെ നിര്‍ണായകമായ പുനഃസംഘടനക്ക് മുമ്പും പിമ്പും തങ്ങള്‍ നിറഞ്ഞുനിന്നു. ആ ദശാസന്ധിയില്‍ തങ്ങള്‍ കാണിച്ച ആര്‍ജ്ജവവും കാര്‍ക്കശ്യവുമാണ് കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിലുള്ള പില്‍ക്കാല പടയോട്ടങ്ങള്‍ക്കെല്ലാം കരുത്തായത്. 1988-89 കാലത്തെ സുന്നിവോയ്സിന്റെ താളുകളില്‍ കൂടി തങ്ങളെ വായിക്കുക സന്ദര്‍ഭോചിതമായിരിക്കും.
“പള്ളിദര്‍സുകള്‍ ഇസ്‌ലാമിന്റെ ജീവനാഡി’യെന്ന കല്‍പ്പറ്റയില്‍ നിന്നുള്ള പ്രസംഗ റിപ്പോര്‍ട്ട് കാണാം. 89 നവംബര്‍ 11ാം ലക്കത്തില്‍, “പള്ളിദര്‍സുകള്‍ നിസ്സാരമായി കാണുന്നത് ബുദ്ധിശൂന്യതയാണ്. നബി(സ്വ) ഉദ്ഘാടനം ചെയ്ത മഹത്തായ ഒരു പദ്ധതിയാണിതെന്നു നാം മനസ്സിലാക്കണമെന്ന് തങ്ങള്‍ ഉണര്‍ത്തി.’ ഡിസംബര്‍ 9ാം ലക്കത്തില്‍ “സമസ്തയെ രാഷ്ട്രീയക്കാരുടെ ആലയില്‍ കെട്ടാന്‍ സമ്മതിക്കില്ല’ എന്ന തങ്ങളുടെ പ്രസ്താവന കാണാം. പെരിങ്ങത്തൂരിലെ മുഅല്ലിം സമ്മേളനത്തിലെ അധ്യക്ഷ പ്രസംഗമാണ് ഉള്ളടക്കം. “ഒരു പ്രത്യേക രാഷ്ട്രീയകക്ഷിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതും സംസാരിക്കുന്നതും എന്തടിസ്ഥാനത്തില്‍ ആണെന്നു മനസ്സിലാവുന്നില്ല. ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്നിന് മുശാവറ വിളിച്ചുപോലും. സാധുവായ എന്നെ അറിയിച്ചില്ല. ഈ ഹംസമുസ്ലിയാരെ (ചിത്താരി) അറിയിച്ചില്ല. മെമ്പര്‍മാര്‍ പലരും അറിഞ്ഞില്ല. കുറച്ചാളുകള്‍ ഒരു സ്ഥലത്ത് ഒരുമിച്ചുകൂടിയാല്‍ മുശാവറയാകുമോ?’ തങ്ങള്‍ ചോദിച്ചു.
ഡിസംബര്‍ 30 ലക്കത്തില്‍ എറണാകുളം സമ്മേളന പ്രചാരണ ജാഥാ വാര്‍ത്ത കാണാം. ജാഥയുടെ തുടക്കം ഉള്ളാല്‍ ദര്‍ഗയില്‍ നിന്ന്. ഉദ്ഘാടകന്‍ മറ്റാരുമല്ല. സമസ്ത ഉപാധ്യക്ഷന്‍ ഉള്ളാള്‍ തങ്ങള്‍ തന്നെ. 89 ജനുവരി 13ാം ലക്കത്തില്‍ സമ്മേളന കാര്യപരിപാടിയുടെ പരസ്യമുണ്ട്. അധ്യക്ഷന്‍ തങ്ങളാണ്. ഫെബ്രുവരി 3ാം ലക്കത്തില്‍ “ആദര്‍ശത്തിന് പിന്തുണ തെളിയിച്ച ഐതിഹാസിക സമ്മേളനം’ എന്ന വിശദ റിപ്പോര്‍ട്ടുണ്ട്. തങ്ങള്‍ അധ്യക്ഷനായതിന്റെ വിവരണങ്ങളും അതില്‍ കാണാം.
മാര്‍ച്ച് മൂന്നില്‍ “ആരാണ് സമസ്തയെ ധിക്കരിച്ചവര്‍’ എന്നാണ് മുഖലേഖനം. അബൂസഹ്റയാണ് എഴുതിയിരിക്കുന്നത്. ഫെബ്രുവരി 18ലെ വിവാദ മുശാവറയിലെ ഉള്ളുകള്ളികള്‍ പരാമര്‍ശിക്കുന്ന ലേഖനത്തില്‍ നിന്ന്: സമസ്ത മുശാവറയുടെ തലച്ചോര്‍ കുറച്ചുകാലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് പാര്‍ട്ടി ഓഫീസിലാണല്ലോ… സാധാരണ ഗതിയില്‍ മുശാവറ വിളിച്ചാല്‍ നിശ്ചിത സമയത്തിനും അരമണിക്കൂറോ ഒരു മണിക്കൂറോ സമയം വൈകിയാണ് ചേരാറ് പതിവ്. ഈ മുശാവറ രാവിലെ 11 മണിക്കായിരുന്നു വിളിച്ചിരുന്നത്. വളരെ കൃത്യസമയത്ത് തന്നെ ഇത് ചേരുകയും പതിനൊന്ന് മിനിറ്റ് കൊണ്ട് എല്ലാ പരിപാടിയും അവസാനിപ്പിച്ച് പിരിയുകയും ചെയ്തു. ഈ ആസൂത്രിതമായ നീക്കങ്ങളറിയാതെ പല അംഗങ്ങളും സാധാരണ പോലെ യോഗത്തിനെത്തുമ്പോഴേക്കും എല്ലാം അവസാനിച്ചുകഴിഞ്ഞിരുന്നു.
എന്താണ് മുശാവറയില്‍ നടന്നതെന്നോ ചര്‍ച്ച ചെയ്തതെന്നോ പങ്കെടുത്ത മെമ്പര്‍മാര്‍ക്ക് പോലും മനസ്സിലാവാത്ത വിധം ചടപടാ നടപടികള്‍ കഴിച്ചുകൂട്ടുകയാണുണ്ടായത്. സമസ്ത പ്രസിഡണ്ട് മൗലാനാ കണ്ണിയത്തിന്റെ പ്രാര്‍ത്ഥനയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. അത് കഴിഞ്ഞപ്പോള്‍ ശൈഖുനാക്ക് സുഖമില്ലല്ലോ, അതുകൊണ്ട് താഴെ ഇരിക്കാമെന്ന് പറഞ്ഞ് ഒരു മെമ്പര്‍ കണ്ണിയത്തിന്റെ കൈ പിടിച്ച് യോഗം ചേരുന്ന ഹാളില്‍ നിന്നും താഴെയിറക്കി. മഹാനവര്‍കളുടെ സാന്നിധ്യത്തില്‍ തങ്ങളുടെ കുതന്ത്രങ്ങള്‍ നടക്കുകയില്ലെന്ന് മനസ്സിലാക്കിയത് കൊണ്ടാണിത്. കണ്ണിയത്ത് പോയിക്കഴിഞ്ഞ ഉടനെ മുശാവറയില്‍ പെട്ടതല്ലാത്ത ഒരു ചെറുപ്പക്കാരനാണത്രെ വേദിയില്‍ പ്രത്യക്ഷപ്പെട്ട് ഒരു കടലാസ് നോക്കി എന്തോ വായിച്ചു. എന്താണ് വായിച്ചതെന്ന് അവിടെ കൂടിയ പലര്‍ക്കും മനസ്സിലായില്ല. അതന്വേഷിക്കാന്‍ അവസരം നല്‍കാതെ മുന്‍കൂട്ടി ആസൂത്രണം ചെയ്തതു പ്രകാരം എടക്കുളത്തുകാരനായ ഒരംഗം തക്ബീര്‍ ചൊല്ലുകയും മറ്റു പലരും അതേറ്റുപറയുകയും ചെയ്തു. തുടര്‍ന്ന് 15 ദിവസത്തിനുള്ളില്‍ മറുപടി കിട്ടത്തക്ക വിധത്തില്‍ സുന്നി യുവജന സംഘത്തിന് ഷോകോസ് നോട്ടീസയക്കുന്നതാണെന്ന് ജനറല്‍ സെക്രട്ടറി ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ത്ത് സ്വലാത്ത് ചൊല്ലി മുശാവറ പിരിയുകയും ചെയ്തു.
യോഗത്തില്‍ ചെറുപ്പക്കാരന്‍ വായിച്ചത് സംഘടനയിലെ പ്രമുഖരായ ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍, എം.എ അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ചിത്താരി കെ.പി ഹംസ മുസ്ലിയാര്‍, ആലപ്പുഴ മാനുപ്പ മുസ്ലിയാര്‍, അണ്ടോണ മുഹ്യിദ്ദീന്‍ മുസ്ലിയാര്‍ എന്നിവര്‍ക്കെതിരെയുള്ള അവിശ്വാസമായിരുന്നുവെന്ന് അടുത്ത ദിവസം പത്രങ്ങളില്‍ വായിച്ചാണ് യോഗത്തില്‍ പങ്കെടുത്തവരുടെ ആകെയുള്ള അറിവ്. എറണാകുളത്ത് നടന്ന സുന്നി യുവജന സംഘം സംസ്ഥാന സമ്മേളനവുമായി സഹകരിച്ചുവെന്നതാണ് പറയപ്പെടുന്ന കാരണം.’
മാര്‍ച്ച് 17 ലക്കത്തില്‍ സമസ്ത മുശാവറ പുനഃസംഘടിപ്പിച്ച വാര്‍ത്തയുണ്ട്: “സയ്യിദ് അബ്ദുറഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ പ്രസിഡണ്ടും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ജനറല്‍ സെക്രട്ടറിയും ചാപ്പനങ്ങാടി ബീരാന്‍കുട്ടി മുസ്ലിയാര്‍ ട്രഷററുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ പുനഃസംഘടിപ്പിച്ചു. സീനിയര്‍ വൈസ് പ്രസിഡണ്ട് ഉള്ളാള്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എം.എ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, എ.വി മാനുപ്പ മുസ്ലിയാര്‍ (വൈസ് പ്രസിഡണ്ടുമാര്‍), കെ.പി ഹംസ മുസ്ലിയാര്‍ തളിപ്പറമ്പ്, ബാപ്പു മുസ്ലിയാര്‍ തിരൂരങ്ങാടി (ജോ. സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. 1989 ജനുവരി 18ന് സമസ്ത മുശാവറയെന്ന പേരില്‍ ഏതാനും ചില വ്യക്തികള്‍ ചേര്‍ന്നെടുത്തതായി പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യുകയും ജനറല്‍ ബോഡി ഏകകണ്ഠമായി പ്രസ്തുത തീരുമാനങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്തു.’ ഈ ലക്കം എഡിറ്റോറിയലും ഇതുസംബന്ധിച്ചാണ്.
ഏപ്രില്‍ 14ല്‍ “ലീഗും ദീനും ബന്ധമില്ല’ എന്ന ഉള്ളാള്‍ തങ്ങളുടെ മര്‍കസ് വാര്‍ഷിക സമ്മേളനത്തിലെ പ്രസംഗമാണ് മുഖലിഖിതം. “ലീഗും ദീനും ഒന്നാണെന്ന വാദം അര്‍ത്ഥശൂന്യമാണെന്നും കല്ലും മരവും പോലെ ലീഗും ദീനും പരസ്പര ബന്ധമില്ലാത്ത രണ്ട് വസ്തുക്കളാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ പ്രസ്താവിച്ചു.’ ജൂണ്‍ 9ന് “സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്; ഉള്ളാള്‍ തങ്ങള്‍ പ്രസിഡണ്ട്, എം.എ സെക്രട്ടറി’ എന്ന വാര്‍ത്തയും കാണാം. “അല്‍മുഅല്ലിം ഉള്ളാള്‍ തങ്ങള്‍ക്കുനേരെ’ എന്ന ലേഖനം ആഗസ്റ്റ് 11ലും “ലീഗും ദീനും ഇരു ധ്രുവങ്ങളി’ലെന്ന തങ്ങളുടെ പ്രസ്താവന നവംബര്‍ 17ലും കാണാം.
ചുരുക്കത്തില്‍ ഉള്ളാള്‍ തങ്ങള്‍ നിറഞ്ഞുനിന്ന കാലഘട്ടമായിരുന്നു 8889കള്‍. ആ തണല്‍ മായുമ്പോള്‍ നിറയുന്നത് വലിയ ശൂന്യതയും.

 

 

Exit mobile version