പന്തലായനിയുടെ പെരുമ

കൊയിലാണ്ടിയും പന്തലായനി കൊല്ലവും പാറോപ്പള്ളിക്കുന്നും കേരള മുസ്‌ലിം ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ സ്ഥലങ്ങളാണ്. വെട്ടിത്തിളങ്ങുന്ന വെള്ളാരൻകല്ലുകളും പൊട്ടിച്ചിരിക്കുന്ന തിരമാലകളും മനോഹരമായി വിരുന്നൂട്ടുന്ന കടലോരം. കടലിനോട് കിന്നാരം പറഞ്ഞ് പാറോപ്പള്ളിക്കുന്ന്. പാറക്കെട്ടുകൾക്കിടയിൽ ചിതറിക്കിടക്കുന്ന ചരിത്രപുരുഷന്മാരുടെ വാസസ്ഥലികൾ, മാലിക് ദീനാറും സംഘവും വിശ്രമിച്ച കേന്ദ്രം, സ്വഹാബിയുടെ മഖ്ബറ, ഔലിയ കിണർ. വിശ്വാസികളെ ആകർഷിക്കാൻ ഇതിൽപരം എന്തുവേണം! കൊയിലാണ്ടിയിൽ നിന്നും ഒന്നര കി.മീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന പ്രമുഖ തീർത്ഥാടന കേന്ദ്രമായ പാറപ്പള്ളിയാണിത്.

തെക്കൻ കൊല്ലം

പ്രാചീന കാലത്തെ രണ്ടു പ്രമുഖ വ്യാപാര കേന്ദ്രങ്ങളായിരുന്നു തിരുവിതാംകൂർ കൊല്ലവും കൊയിലാണ്ടി കൊല്ലവും. ഈ രണ്ടു പുരാതന നഗരങ്ങളും തമ്മിൽ ഏറെ ബന്ധമുള്ളതായി കരുതപ്പെടുന്നു. കൊല്ലം ജില്ലയിൽ നിന്നു കുടിയേറിയ ധാരാളം പേർ ഇന്നും കൊയിലാണ്ടി കൊല്ലത്തുണ്ട്. തിരുവിതാംകൂർ അതിർത്തിയിൽപെട്ട ഒരു പ്രദേശമാണ് കൊയിലോൺ. തെക്കൻ കൊയിലാണ്ടിക്ക് അതുമായി ചാർച്ചയുണ്ടെന്ന് വില്യം ലോഗൻ പറയുന്നു. പേരുകളിൽ കൊല്ലം ജില്ലയിലേതിനു സാമ്യമുള്ള നിരവധി ഗ്രാമങ്ങളും ഇവിടെ കാണാം. മാലിക് ദീനാറിന്റെ സംഘം രണ്ടു കൊല്ലങ്ങളിലും പള്ളികൾ പണിതത് അക്കാലത്ത് ഇരു പട്ടണങ്ങൾക്കുമുണ്ടായിരുന്ന പ്രാധാന്യത്തെ കുറിക്കുന്നു. കൊയിലാണ്ടിക്കടുത്തുള്ള കൊല്ലം പന്തലായനി കൊല്ലം എന്ന പേരിൽ അറിയപ്പെടുന്നു.

പന്തലായനി പട്ടണം

ചൈനീസ് കച്ചവടക്കാർ ഫന്റലൈന എന്നും ഇദ്‌രീസിയും ഇബ്‌നു ബത്തൂത്തയും ഫന്തറായി എന്നും പോർച്ചുഗീസുകാർ പാൻസരിനി എന്നും സൈനുദ്ദീൻ മഖ്ദൂം ഫന്തരീന എന്നും വിളിച്ച പന്തലായനി (കൊല്ലം) വിശ്വപ്രശസ്തമായ പൗരാണിക പട്ടണമാണ്. ബന്തർ ഹോയിൻ (പന്തലിച്ച നാട്) എന്നത്രെ അറബികൾ പന്തലായനിയെ വിശേഷിപ്പിച്ചിരുന്നത്. എഡി 33-279 കാലയളവിൽ ജീവിച്ച പ്ലീനി എഴുതുന്നു: അറേബ്യയിലെ സിയഗ്രൂസ് മുനമ്പിൽ നിന്ന് നേരിട്ട് (കേപ് ഫാർതക്) പതാലയിലേക്ക് (പന്തലായനി) ഹിപ്പലോസ് എന്നു വിളിക്കുന്ന പടിഞ്ഞാറൻ കാറ്റിനൊത്ത് കപ്പലോടിക്കുന്നതാണ് ഇന്ത്യയിലെന്നാനുള്ള സുരക്ഷിത മാർഗമെന്നു കണ്ടു. ഇത്രയും ദൂരം പിന്നിടാൻ 1435 നാഴിക യാത്ര വേണം (ഉദ്ധരണം: മലബാർ മാന്വൽ). പന്തലായനിയുടെ പൗരാണികത്വം ഇതിൽ നിന്ന് ഊഹിച്ചെടുക്കാവുന്നതാണ്.
എഡി 68 മുതൽ പന്തലായനിയിൽ ജൂത കുടിയേറ്റമുണ്ടായതായി ചരിത്രം പറയുന്നു. ആറാം നൂറ്റാണ്ടു വരെ ജൂതപ്രദേശങ്ങൾ ഇവിടെ നിലനിന്നിരുന്നു. ഹിജ്‌റ ഒന്നാം ശതകത്തിൽ തന്നെ ഇവിടെ ഇസ്‌ലാം കടന്നുവന്നു. പ്രവാചക കാലഘട്ടത്തിനു മുമ്പു തന്നെ പന്തലായനിയുമായി അറേബ്യൻ വ്യാപാരികൾക്ക് ബന്ധമുണ്ടായിരുന്നു. അറേബ്യൻ തീരത്തുനിന്നു വരുന്ന കപ്പലുകൾ ആദ്യം നങ്കൂരമിടുക ഈ തുറമുഖത്തായിരുന്നു. പായ്കപ്പലുകൾക്കു പകരം ആധുനിക സമുദ്ര യാനങ്ങൾ വരുന്നതു വരെ അറേബ്യൻ തീരത്തേക്കും പേർഷ്യൻ ഉൾക്കടലിലേക്കും കപ്പലുകൾ യാത്ര പുറപ്പെട്ടിരുന്നത് ഇവിടെ നിന്നായിരുന്നു. വാസ്‌കോഡി ഗാമ തന്റെ കപ്പലുകൾ അടുപ്പിച്ചതും കാലു കുത്തിയതും ഈ പന്തലായനി കൊല്ലത്താണെന്ന് ലോഗൻ പറയുന്നു.

മുസ്‌ലിം സാന്നിധ്യത്തിന്റെ
ചരിത്ര സാക്ഷ്യങ്ങൾ

മാലിക് ബ്‌നു ഹബീബും സംഘവും പന്തലായനിയിൽ വരികയും പള്ളി പണിയുകയും സൈനുദ്ദീനുബ്‌നു മാലികിനെ ഖാളിയാക്കി നിയമിക്കുകയുമുണ്ടായി. അതിന്റെ കാലഗണനയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഹി. രണ്ടാം നൂറ്റാണ്ടിൽ മുസ്‌ലിംകൾ പന്തലായനിയിൽ വാസമുറപ്പിച്ചിരുന്നുവെന്നതിന് അനേകം തെളിവുകളുണ്ട്. പാറോപ്പള്ളിക്കുന്നിൽ ധാരാളം ഖബറുകൾ കാണാം. ചിലതിൽ പുരാതന ലിഖിതങ്ങളുണ്ട്. ഒന്നിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: പ്രവാചകൻ മുഹമ്മദ് മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്ത സംഭവത്തെക്കുറിക്കുന്ന ഹി. 166 (എഡി 788)ൽ അലി ബിൻ ഉദ്ധർമാൻ ഇഹലോകത്തു നിന്നും പോകാൻ നിർബന്ധിതനായി (സിഎ ഇന്നെസ്, മലബാർ ആന്റ് ആൻജെൻഗോ ഡിസ്ട്രിക് ഗെസെറ്റേഴ്‌സ് പേ. 436).
പാറോപ്പള്ളി കുന്നിൻ പുറത്തെ പ്രധാന മഖ്ബറ ബദ്‌റിൽ പങ്കെടുത്ത തമീമുൽ അൻസ്വാരി(റ)യുടേതാണെന്നാണ് വിശ്വാസം. പന്തലായനി കൊല്ലത്തെ ആദ്യ ഖാളിയായിരുന്ന അബ്ദുല്ലാഹിബ്‌നു നൂറുദ്ദീന്റേതാണിതെന്നാണ് സുഹ്‌റവർദി രിഹ്‌ലത്തുൽ മുലൂകിൽ അഭിപ്രായപ്പെടുന്നത്. ഇതുൾപ്പെടെ പതിനാലു ഖബറുകൾ ഇവിടെയുണ്ട്. മുസ്‌ലിം അധിവാസത്തിന്റെ നാൾവഴിയിലേക്കുള്ള ചൂണ്ടുപലകകളായ ഇവ സ്വഹാബികളുടെയും ഔലിയാക്കളുടെയും മഖ്ബറകളാണ്. അബ്ദുല്ലാഹിബ്‌നു മഅ്ബരി, അബ്ദുല്ലാഹിബ്‌നു ദീനാർ, ഹസനുബ്‌നു അഹ്‌മദ്, ഹുസൈൻ, അഹ്‌മദ്, ഉമർ റൈഹാൻ, അബ്ദുറഹ്‌മാനുൽ അൻസ്വാരി എന്നിവർ അവരിൽ ചിലരത്രെ.
ഇവിടെ ചെറിയ പള്ളിക്കു മുൻവശത്തുള്ള പാറയിൽ പതിഞ്ഞു കിടക്കുന്ന അസാധാരണ വലിപ്പമുള്ള പദമുദ്ര ഭൂമിയിലെ മനുഷ്യോൽപത്തിയോളം പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്നു. ആദം നബി(അ)യുടേതാണ് ഇതെന്നാണ് അഭിപ്രായം. അതിനു പക്ഷേ, വിശ്വസനീയ രേഖകളൊന്നുമില്ല.
പ്രസിദ്ധ സഞ്ചാരികളായ ഇബ്‌നു ഖുർദ്ദാദ്‌ബെയും സിറാജിലെ അബുസ്സയ്യിദും ഇദ്‌രീസും യൂറോപ്യൻ സഞ്ചാരിയായ ഒസോറിക് ഓഫ് ഫോർഡിനൂനൂം മറ്റും പന്തലായനി തുറമുഖത്തെയും അവിടത്തെ കച്ചവടത്തെയും പറ്റി എഴുതിയിട്ടുണ്ട്. ഇബ്‌നു ബത്തൂത്ത അൽപം വിശദമായി തന്നെ വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സന്ദർശന സമയത്ത് ഇവിടത്തെ ഖാസിയും ഖത്തീബും ഒമാൻകാരായിരുന്നു.
പന്തലായനിക്ക് അറബ് നാടുകളുമായുള്ള വാണിജ്യബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇസ്‌ലാമിന്റെ അതിവേഗമുള്ള കടന്നുവരവിന് അതുമൊരു മുഖ്യ ഘടകമായിരുന്നു. പന്തലായനി കൊല്ലത്തെ മുസ്‌ലിം വ്യാപാര കേന്ദ്രത്തിന്റെ നേതാവ് ഇറാഖുകാരനായ അലാവുദ്ദീൻ അവുജിയും ന്യായാധിപൻ ഖിസ്‌വിയും മുസ്‌ലിം പ്രമാണി മുഹമ്മദ് ഷാബന്തറുമായിരുന്നുവെന്ന് ഇബ്‌നു ബത്തൂത്ത പറയുന്നു.

മതസൗഹാർദത്തിന്റെ വ്യാപാര മാതൃക

ഹിന്ദുക്കളും മുസ്‌ലിംകളും സഹവർത്തിത്തത്തോടെ വ്യാപാരം നടത്തിയ പാരമ്പര്യമുണ്ട് പന്തലായനിക്ക്. തെക്കു പടിഞ്ഞാറ് മുസ്‌ലിംകളുടെയും വ്യാപാര കേന്ദ്രങ്ങളും വടക്കു കിഴക്ക് ഹിന്ദുക്കളുടെയും കച്ചവട കേന്ദ്രങ്ങളായിരുന്നു. തോട്ടുമുഖം (കോളം) തുറമുഖം കേന്ദ്രീകരിച്ചായിരുന്നു ഇറക്കുമതിയും കയറ്റുമതിയും നടന്നിരുന്നത്. പടിഞ്ഞാറ് കടലിൽ ചേരുന്ന വലിയൊരു തോടുണ്ടായിരുന്നു. തോട് കടലിൽ ചേരുന്നിടമാണ് തോട്ടുമുഖം.
യുഗങ്ങളുടെ വച്ചുമാറ്റത്തിൽ പല പ്രതാപ നാടുകളും പ്രാന്തവൽക്കരിക്കപ്പെട്ടതു പോലെ പന്തലായനിയുടെ പ്രതാപത്തിനും കാര്യമായ മങ്ങലേറ്റു. തൊട്ടടുത്ത് കൊയിലാണ്ടി നഗരമായി വളർന്നു. ഇപ്പോൾ അങ്ങാടിയില്ലാത്ത താഴങ്ങാടി, കണ്ണാടിക്കച്ചവടമില്ലാത്ത കണ്ണാടിച്ചന്ത, കോട്ട കേട്ടുകേൾവിയായ കോട്ടവാതുക്കൽ, പാണ്ടികശാലകളുടെ പൊടി പോലുമില്ലാത്ത പാണ്ടികശാല വളപ്പ് തുടങ്ങിയ പേരുകൾ പോയകാല പ്രതാപത്തിന്റെ നാമമുദ്രകളാണ്.

കോയിൽ കണ്ടിയും ചീനാ പള്ളിയും

പുരാതന പട്ടണമായ പന്തലായനി തളർന്നൊടുങ്ങിയപ്പോൾ ഉണർന്നുവന്ന പട്ടണമാണ് കോയിൽകണ്ടി എന്ന കൊയിലാണ്ടി. പയ്യനാട് എന്നൊരു പഴയ പേരും കൊയിലാണ്ടിക്കുണ്ട്. കാപ്പാട് മുതൽ തിക്കോടി വരെ എലത്തൂർ പുഴയും പടിഞ്ഞാറ് അറബിക്കടലും അതിരിട്ട ദ്വീപാണ് കൊയിലാണ്ടി. പതിനഞ്ചാം നൂറ്റാണ്ടിനു ശേഷമാണ് കൊയിലാണ്ടിക്ക് നഗരമുഖം കൈവന്നത്. പന്തലായനിയിൽ നിന്നുള്ള കുടിയേറ്റമാണ് അതിനു വഴിവെച്ചത്. വലിയ ഭൂവുടമകളായ മുസ്‌ലിംകളെ കോയിൽ എന്നു വിളിച്ചിരുന്നുവത്രെ. അവർ വസിച്ചിരുന്ന കണ്ടി(പറമ്പ്)കൾക്ക് കോയിൽക്കണ്ടി എന്നു വിളിച്ചുവെന്നാണ് ഐതിഹ്യം.
പന്തലായനിക്കു പുറമെ ചീനക്കാരായ മുസ്‌ലിം കച്ചവടക്കാരുടെ വാസസ്ഥലമായിരുന്നു കൊയിലാണ്ടി. കൊല്ലം ജുമുഅത്ത് പള്ളിക്ക് തെക്കായി കടൽക്കരയിലെ കോയിൽക്കണ്ടിയിൽ നിർമിച്ച പള്ളി ഇന്നും ചീനപ്പള്ളി എന്നാണറിയപ്പെടുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ചൈനീസ് വസ്തുക്കളുടെ അവശിഷ്ടങ്ങൾ ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ചീനവളപ്പ്, ചീനന്മാരകം തുടങ്ങിയ സ്ഥലനാമങ്ങൾ ചീനയുമായി ബന്ധപ്പെട്ടുള്ളതാണ്. ഒരുകാലത്ത് ചീന ധാരാളം മുസ്‌ലിംകളുള്ള നാടായിരുന്നുവെന്നും ഇതു വ്യക്തമാക്കുന്നു.

മലബാറിലെ തരീം

നൂറ്റാണ്ടുകൾക്കു മുമ്പ് അറേബ്യൻ തീരത്തു നിന്ന് മലബാറിൽ വന്നണഞ്ഞ പ്രബോധക സംഘങ്ങളും വർത്തക പ്രമുഖരും സാദാത്തുക്കളും നിറഞ്ഞുനിൽക്കുന്ന സ്ഥലമാണ് കൊയിലാണ്ടി. ഇത്രയുമധികം സയ്യിദ് കുടുംബങ്ങൾ താമസിക്കുന്ന മറ്റൊരിടവും കേരളത്തിലില്ലെന്നു തന്നെ പറയാം. ബാ ഹസൻ, ബാ അലവി, സഖാഫ്, ജമലുല്ലൈലി, അഹ്ദൽ, മൗലദ്ദവീല, ഐദീദ്, മുനഫർ, ഐദറൂസ് എന്നിങ്ങനെ ഒട്ടുമിക്ക സയ്യിദ് കുടുംബങ്ങളും ഇവിടെയുണ്ട്. വർത്തക കുടുംബങ്ങളായ ബറാമി, ബസ്‌ക്കറാൻ, ബാഅത്ത, ബാസലീം, ഒബർ, ബർഗൈബ, ബാദുവ, ബാമദിൻ, ജോഹർ, യാഫിഈ, ഫക്കൂർ, മത്രഹാൻ, ബാറഗ്ബ, അഫീഫ് എന്നിവരും കൊയിലാണ്ടിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചവരാണ്. പുതുതായി ഇസ്‌ലാം സ്വീകരിച്ച തദ്ദേശീയ കുടുംബങ്ങളുമായി ഇവർക്ക് ഒരുവിധ രക്തബന്ധവുമില്ല.

റഫറൻസ്:
കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം- പിപി മമ്മദ്‌കോയ പരപ്പിൽ
മലബാർ മാന്വൽ- വില്യം ലോഗൻ
പ്രാചീന കേരളവും മുസ്‌ലിം ആവിർഭാവവും- ഡോ. സികെ കരീം
കെടാവിളക്കുകൾ- അൽഇർഫാൻ 2012
എസ്‌വൈഎസ് അറുപതാം വാർഷികോപഹാരം

അലി സഖാഫി പുൽപറ്റ

Exit mobile version