മൈലാഞ്ചി മൊഞ്ചിന്റെ വിധിയും പരിധിയും

ഹജ്ജ് ഉംറകൾക്ക് ഇഹ്‌റാം ചെയ്യുന്നതിനു മുന്നോടിയായി സ്ത്രീകൾക്ക് വിവാഹിതരെന്നോ അവിവാഹിതരെന്നോ യുവതികളെന്നോ വൃദ്ധരെന്നോ വിവേചനമില്ലാതെ ഇരുകൈപ്പത്തികളിലും മുഖത്തും മെലാഞ്ചിയിടുന്നത് ശക്തമായ സുന്നത്താണ് (തുഹ്ഫ 4/59).

ഇഹ്‌റാമിലായിരിക്കുമ്പോൾ കൈപ്പത്തിയും മുഖവും തുറന്നിട്ടിരിക്കേണ്ടതിനാൽ അവയുടെ തനിനിറം മാറ്റുകയാണ് ഈ സുന്നത്തിന്റെ പൊരുൾ. എന്നാൽ മൈലാഞ്ചിയിട്ടാൽ പോലും പര പുരുഷന്മാർക്കുള്ള ദർശനത്തിന് ഇളവില്ല (ഹാശിയതുൽ അബ്ബാദീ അലാ തുഹ്ഫ 4/59). ഇഹ്‌റാമുമായി ബന്ധപ്പെട്ട ഈ പുണ്യകർമത്തിൽ ബദ്ധശ്രദ്ധരായവർ തുലോം കുറഞ്ഞുപോയത് അശുഭകരമാണ്.
ഇഹ്‌റാമിനു ശേഷം ഹജ്ജ് ഉംറകളുടെ കർമങ്ങളിൽ നിന്ന് പൂർണമായി വിടുതൽ നേടുന്നതുവരെയുള്ള സമയം സൗന്ദര്യ വർധക പ്രയോഗങ്ങൾ നിരുത്സാഹപ്പെടുത്തിയതിനാൽ മൈലാഞ്ചി ഉപയോഗം കറാഹത്താണ് (തുഹ്ഫ 4/59).
ഇനി ഇഹ്‌റാമിനു വെളിയിൽ മൈലാഞ്ചിയിടുന്നതിന്റെ വിധി നോക്കാം.
വിവാഹിതയായ സ്ത്രീ ഭർത്താവിന്റെ സമ്മതപ്രകാരം മൈലാഞ്ചികൊണ്ട് കൈപ്പത്തികളിലും ഇരുപാദങ്ങളിലും പൂർണമായും (അഗ്രങ്ങളിൽ മാത്രമായി ഒതുക്കാതെ) ചായമിടുന്നത് സുന്നത്താണ് (അസ്‌നൽ മത്വാലിബ് 1/173). എന്നാൽ അവിവാഹിത ഇങ്ങനെ ചെയ്യുന്നത് കറാഹത്തും പുരുഷനു കുറ്റകരവുമാണ്.
വിരൽതലപ്പുകൾക്ക് മാത്രമായി ചുവപ്പോ കറുപ്പോ ചായം തേക്കുന്നതും മൈലാഞ്ചി പോലുള്ളവ കൊണ്ട് ചിത്രപ്പണി ചെയ്യുന്നതിനും മതപരമായി വിലക്കില്ല. ഭർത്താവിന്റെ വിയോഗാനന്തരം ദീക്ഷയാചരിക്കുന്ന സ്ത്രീക്ക് ഇവയൊക്കെയും നിഷിദ്ധമാണ്.
അതേസമയം കൈകാലുകൾ കറുപ്പിക്കുക, വിരൽത്തുമ്പിൽ കറുപ്പും ഇതര വർണങ്ങളും ചേർത്തു തേക്കുക, കവിൾ ചുവപ്പിക്കുക, കൈയിൽ മൈലാഞ്ചി പോലുള്ള ചുവപ്പല്ലാത്ത നിറംകൊണ്ട് ചിത്രപ്പണി ചെയ്യുക എന്നിവ ഭർത്താവിന്റെ സമ്മതത്തോടെ ചെയ്യുന്ന വിവാഹിതക്കു മാത്രമേ അനുവദിച്ചിട്ടുള്ളൂ. അവർക്കു തന്നെ കറാഹത്തും അല്ലാത്തവർക്കു നിഷിദ്ധവുമാണ് (തുഹ്ഫ 4/59).

ചിത്രപ്പണി ചെയ്യുന്നതും നഖത്തിൽ ചായം ചേർക്കുന്നതുമായി ബന്ധപ്പെട്ടു ഹദീസുകളിൽ വന്ന വിലക്ക് സാമാന്യമായി സ്ത്രീകളെ സംബന്ധിച്ചിടത്തോളം മൈലാഞ്ചിയോടൊപ്പം കറുപ്പു നിറം കൂടി ചേർത്തു ചെയ്യുന്നതിൽ പരിമിതമാണെന്ന് ഇബ്‌നു രിഫ്അ(റ)യെ ഉദ്ധരിച്ച് ഇബ്‌നുഹജർ(റ) ഈആബിൽ പറഞ്ഞത് ഇബ്‌നു ഖാസിം(4/59) പകർത്തിയെഴുതിയിട്ടുണ്ട്.
നിഹായയുടെ വ്യാഖ്യാനത്തിൽ ശബ്‌റാമല്ലസി(2/26), ഹാശിയതു ശർഹി ബാഫള്‌ലിൽ അല്ലാമതു തർമസി(പേ. 91) തുടങ്ങിയവർ ഇക്കാര്യം ഊന്നിപ്പറഞ്ഞതും കാണാം.

പുരുഷൻ കൈകാലുകളിലും മുഖത്തും മൈലാഞ്ചിയിടുന്നത് കുറ്റകരമാണെങ്കിലും അനിവാര്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് തടസ്സമില്ല. നരച്ച തലമുടിക്കും താടിക്കും മൈലാഞ്ചിയിടുന്നത് സുന്നത്താണല്ലോ.

ഏറെ ഔഷധഗുണമുള്ള സസ്യമാണല്ലോ മൈലാഞ്ചി.മൈലാഞ്ചി ഇലയുടെ പേസ്റ്റും പൊടിയും ഏറെ ഉപയോഗങ്ങളുള്ളതാണ്. തണുപ്പ് നൽകാനുള്ള മൈലാഞ്ചിയുടെ കഴിവു കാരണം പൊള്ളലിന് മികച്ച ഔഷധമായി വൈദ്യശാസ്ത്രം മൈലാഞ്ചി ഉപയോഗിക്കാറുണ്ട്. പൊള്ളലേറ്റ ഭാഗത്ത് മൈലാഞ്ചി പുരട്ടിയാൽ വേദനക്ക് ആശ്വാസം ലഭിക്കും.

ശക്തമായ തലവേദനയുള്ളപ്പോൾ മൈലാഞ്ചി ഇലയോ നീരോ നെറ്റിയിൽ തേച്ചാൽ ശമനം കിട്ടും. സ്ഥിരമായി ഉപയോഗിച്ചാൽ മൈഗ്രേയ്‌നും പരിഹരിക്കാമത്രെ. ആസ്പിരിന് ഒരു പകരക്കാരനായി വരെ മൈലാഞ്ചിയെ കണക്കാക്കുന്നവരുണ്ട്. ഫംഗസിനെയും ബാക്ടീരിയയെയും പ്രതിരോധിക്കാൻ കഴിവുള്ള മൈലാഞ്ചി കാൽവിരലുകൾക്കിടയിലെ വളംകടിക്കുള്ള പ്രതിരോധമായും ഉപയോഗിക്കുന്നു.
അപ്പോൾ മേൽ സൂചിപ്പിച്ച ആവശ്യങ്ങൾക്ക് നിവർത്തികേടിന്റെ ഘട്ടങ്ങളിൽ കൈകാലുകളിൽ പോലും പുരുഷനും മൈലാഞ്ചി ഉപയോഗിക്കാം. എന്നാൽ കൈകാലുകൾ, മുഖം, കഴുത്ത് തുടങ്ങിയ പൊതുവെ തുറന്നിടുന്ന ഭാഗങ്ങളിലൊഴികെ പുരുഷൻ മൈലാഞ്ചി ഉപയോഗിക്കുന്നതിന് ഒരു ഉപാധിയുമില്ല (തുഹ്ഫ, ഹാശിയതുൽ അബ്ബാദി സഹിതം 4/59).

പരസഹായം പരിഹാരമാണ്

വ്യക്തിപരമായ വിശുദ്ധിക്ക് വ്യക്തമായ സ്ഥാനമുള്ള ഇസ്‌ലാമിൽ അന്തസ്സിനു ചേരുന്നതും ചേരാത്തതും കൃത്യമായി രേഖപ്പെടുത്തിയതു കാണാം. അതിന്റെ ഭാഗമാണ് കക്ഷരോമവും ഗുഹ്യരോമവും നിർമാർജനം ചെയ്യാനുള്ള ആഹ്വാനത്തിനു പിറകെ അത്തരം കാര്യങ്ങളിൽ പരസഹായം ഉപയോഗപ്പെടുത്തുന്നതു സംബന്ധിച്ച ചർച്ച കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണുന്നത്.
അപ്പോൾ മീശയും നഖവുമൊക്കെ മറ്റൊരാളെ കൊണ്ട് വെട്ടിക്കാമോ? ശർഹുൽ മുഹദ്ദബി(1/288)ൽ ഇമാം നവവി(റ) പറയുന്നത് മീശ മറ്റൊരാളെകൊണ്ട് വെട്ടിച്ചാലും സ്വയം വെട്ടിയതുപോലെ പുണ്യം ലഭിക്കുമെന്നാണ്.
മീശയോ നഖങ്ങളോ കളയുന്നതിൽ പരസഹായം തേടുന്നതിൽ അഭിമാനക്ഷതമോ അന്തസ്സു കളയലോ ഇല്ലെന്ന് കുർദിയും (മവാഹിബുൽ മദനിയ്യ 1/174) പ്രസ്താവിച്ചിട്ടുണ്ട്.

ഇടത്തെ കൈകൊണ്ട് വലതു കൈവിരലുകളിലേത് വെട്ടുമ്പോൾ പരുക്കേൽക്കാൻ സാധ്യതയുള്ളപ്പോൾ മറ്റൊരാളെ കൊണ്ട് ചെയ്യിക്കുന്നതാണ് അഭികാമ്യമെന്ന് ഹാഫിളുൽ ഇറാഖി(റ)യെ ഉദ്ധരിച്ച് തർമസി (1/412) രേഖപ്പെടുത്തിയതു കാണാം.
നവവി(റ)വിന്റെ മേൽ വാചകം ഉദ്ധരിച്ച ശേഷം ഇബ്‌നു ഹജർ(റ) ശർഹുൽ ഉബാബിൽ പറയുന്നത്, നഖം വെട്ടൽ മീശയോട് തുലനം ചെയ്യാമെന്നും എന്നാൽ കക്ഷരോമം മറ്റൊരാളെകൊണ്ട് ചെയ്യിക്കുന്നത് ഇതു പോലെയല്ലെന്നുമാണ് (ഹാശിയതുൽ ജർഹസി പേ. 90 കാണുക).

ഗുഹ്യഭാഗം കാണാൻ പാടില്ലാത്തവർ അവിടം ക്ഷൗരം ചെയ്തുകൊടുക്കുന്നത് കടുത്ത തെറ്റാണ്. ദമ്പതികൾ പരസ്പരം വൃത്തിയാക്കി കൊടുക്കുന്നത് കറാഹത്താണെന്നതിനാൽ ഒഴിവാക്കുന്നതാണ് അഭികാമ്യം. എന്നാൽ അനിവാര്യഘട്ടങ്ങളിൽ അവർക്ക് കറാഹത്തില്ല (ഹാശിയതുൽ ജർഹസി പേ. 90).
ലേബർ റൂമിൽ പ്രസവവേദന കൊണ്ട് പുളയുന്ന ഗർഭിണിയുടെ രോമം നീക്കേണ്ടിവന്നാൽ നഴ്‌സ് ഇടപെടുന്നത് കുറ്റകരമല്ല. ഈ പ്രതിസന്ധി മറികടക്കാൻ മുമ്പേ സ്വയമോ ഭർത്താവിന്റെ സഹായം ഉപയോഗപ്പെടുത്തിയോ വൃത്തിയാക്കാൻ ശ്രമി ക്കേണ്ടതാണ്.

ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ

Exit mobile version