മൊയ്ല്യേരോത്തിന്റെ വിളവെടുപ്പ്

കേരളത്തിലെയും തമിഴകത്തെയും ഉന്നത പണ്ഡിത മഹത്തുക്കളില്‍ നിന്ന് വിജ്ഞാനം കരഗതമാക്കി ഇല്‍മിനായി ജീവിതം നീക്കിവെച്ച വ്യക്തിത്വങ്ങളില്‍ പ്രമുഖനായിരുന്നു താജുല്‍ ഉലമ. വിജ്ഞാനത്തിന്റെ നിഖില മേഖലകളിലും അതുല്യ പ്രതിഭാധനരായ ഗുരുക്കന്മാരുടെ ശിഷ്യത്വം കാരണമായി ഉള്ളാള്‍ തങ്ങള്‍ അറിവിന്റെ പ്രകാശഗോപുരമായി മാറി. മുഴുവന്‍ വിജ്ഞാന ശാഖകളിലും അവിടുത്തെ അഗാധജ്ഞാനം നമുക്ക് ദര്‍ശിക്കാവുന്നതാണ്.
പറവണ്ണ ഉസ്താദിന്റെ ദര്‍സില്‍ ചേരാന്‍ ചെന്ന സന്ദര്‍ഭം, ഉസ്താദ് ചോദിച്ചു: നിങ്ങള്‍ക്ക് തങ്ങളോത്താണോ വേണ്ടത്, അതോ മൊയ്ല്യാരോത്തോ?
തങ്ങള്‍ തിരിച്ചു ചോദിച്ചു: തങ്ങളോത്ത്, മൊയ്ല്യാരോത്ത് എന്നെല്ലാം പറഞ്ഞാലെന്താ?
പറവണ്ണ ഉസ്താദ് പ്രതിവചിച്ചു: “കാര്യമായി അധ്വാനിക്കാത്ത ഓത്താണ് തങ്ങളോത്ത്, എന്നാല്‍ എല്ലാ വിഷയങ്ങളും മനസ്സിലാക്കി ആഴത്തില്‍ പഠിക്കാന്‍ ശ്രമിക്കലാണ് മൊയ്ല്യാരോത്ത്.’ ഇതുകേട്ട തങ്ങള്‍ മൊയ്ല്യാരോത്താണ് വേണ്ടതെന്നു പറഞ്ഞു. അങ്ങനെ ദര്‍സ് ജീവിതകാലത്ത് പഠനത്തില്‍ വളരെയധികം ഉത്സാഹം കാണിച്ചു തങ്ങള്‍. അതുകൊണ്ടാണ് അത്യുന്നതമായ സ്ഥാനങ്ങളില്‍ അദ്ദേഹം എത്തിച്ചേര്‍ന്നതും.
കേരളത്തില്‍ സയ്യിദ് പാരമ്പര്യത്തിന്റെ വിദൂരമല്ലാത്ത ചരിത്രത്തിലൊന്നും പ്രതിഭാധനരായ പണ്ഡിതന്മാരെ കൂടുതലായി കാണുന്നില്ല. എന്നാല്‍ ഇതിന്നപവാദമായിരുന്നു ഉള്ളാള്‍ തങ്ങള്‍. വംശമഹിമയോടൊപ്പം വിജ്ഞാന മേന്മയും മഹാനില്‍ സമ്മേളിച്ചു. മുദരിസുമാര്‍ പല പള്ളികളില്‍ മാറിമാറി ദര്‍സ് നടത്തുന്നവരാണെങ്കില്‍ തങ്ങള്‍ ഇതിനും അപവാദമാണ്. മദനി കോളേജില്‍ മാത്രമാണ് മഹാന്‍ മരണം വരെ ദര്‍സ് നടത്തിയത്. തങ്ങളിലൂടെയാണ് ഉള്ളാള്‍ സയ്യിദ് മദനി കോളേജ് പ്രസിദ്ധിയാര്‍ജിക്കുന്നതും. തങ്ങള്‍ മുദരിസാവുന്നതുവരെ പ്രസ്തുത സ്ഥാപനം പൊതുജനങ്ങള്‍ക്ക് അജ്ഞാതമായിരുന്നുവെന്നു തന്നെ പറയാം.
94 വയസ്സായിട്ടും വിജ്ഞാനം അധ്യാപനം ചെയ്യുന്ന പതിവില്‍ തങ്ങള്‍ മാറ്റം വരുത്തിയില്ല. വഫാതിനു ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മാത്രമാണ് ദര്‍സിന് മുടക്കം സംഭവിച്ചത്. തന്റെ ജീവിതാവസാനം വരെ ദീനീ വിജ്ഞാന സപര്യയിലായി ചെലവഴിക്കാന്‍ ഭാഗ്യം ലഭിച്ച മഹാനവര്‍കളുടെ ശിഷ്യന്മാരില്‍ പെട്ടവരാണ് ചെമ്പരിക്ക ഖാസിയായിരുന്ന അബ്ദുല്ല മുസ്ലിയാര്‍, എകെ ഇബ്റാഹിം മുസ്ലിയാര്‍ തുടങ്ങിയവര്‍.
പണ്ഡിതസമൂഹത്തിന്റെ നേതൃത്വമായ തങ്ങള്‍ അനര്‍ഹമായി ആരെയും വിലകല്‍പ്പിക്കാത്ത പ്രകൃതക്കാരനായിരുന്നു. താന്‍ മനസ്സിലാക്കിയ കാര്യം ആരോടും തുറന്നുപറയും. അവിടെ വലിയവനും ചെറിയവനുമെന്ന വ്യത്യാസമില്ലായിരുന്നു. അതുകൊണ്ടാണല്ലോ തന്റെ ഗുരുവായ ഇകെ ഉസ്താദിനോടു പോലും പിരിയേണ്ടിവന്നത്. വലിയ ആജ്ഞാശക്തിയുള്ള നേതൃപാടവവും തങ്ങളിലുണ്ടായിരുന്നു. ഞാന്‍ ഓര്‍ക്കുന്നു; കോഴിക്കോട് കടപ്പുറത്ത് വെച്ച് നടന്ന മഹാ സമ്മേളനത്തില്‍ ലീഗിനെതിരെ വോട്ട് ചെയ്ത് പാഠം പഠിപ്പിക്കാന്‍ തങ്ങള്‍ ആജ്ഞാപിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടിയുടെ പാര്‍ലിമെന്‍റ് പ്രാതിനിധ്യം പകുതിയായി ചുരുങ്ങി.
മകന്‍ കൂറാ തങ്ങളും ആധ്യാത്മിക വഴിയില്‍ പ്രോജ്വലിച്ച് നില്‍ക്കുന്ന വ്യക്തിത്വമാണ്. ഇങ്ങനെയുള്ള നിരവധി ഗുണങ്ങള്‍ മഹാസൗഭാഗ്യം താജുല്‍ ഉലമയെ മറ്റുള്ളവരില്‍ നിന്ന് വിഭിന്നമാക്കുന്നതോടൊപ്പം തങ്ങളുടെ മഹത്ത്വം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ അധ്യാത്മികതയും വിജ്ഞാനപ്രസരണവും സമ്മേളിച്ച ഒരു ജീവിതം കൊണ്ട് അനുഗ്രഹീതനായിരുന്നു ഉള്ളാള്‍ തങ്ങള്‍. അല്ലാഹു മഹാന്റെ ദറജ വര്‍ധിപ്പിക്കട്ടെ.

എപി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം

Exit mobile version