റശീദയുടെ മനസ്സ്

മകള്‍ക്ക് കല്യാണാലോചന വരുമ്പോള്‍ രക്ഷിതാക്കള്‍ എല്ലാം അന്വേഷിക്കും. വരന്റെ കുടുംബം, സ്വഭാവം, ആദര്‍ശം, ജോലി, സത്യസന്ധത…
പക്ഷേ, അന്വേഷിക്കാന്‍ കഴിയാത്തതും പലപ്പോഴും ഉത്തരം കാണാന്‍ സാധിക്കാത്തതുമായ ഒന്നുണ്ട്; ഭര്‍തൃമാതാവിന്റെ മനസ്സ്. അത് പൂ പോലെ മൃദുലവും പുഴപോലെ കരുണാര്‍ദ്രവുമാണെങ്കിലേ കൂടെക്കഴിയുന്നവര്‍ക്ക് സമാധാനമുണ്ടാകൂ.
ഇതറിയാത്തതിനാല്‍ സദാ കണ്ണീരില്‍ വീണ ഒരു കുടുംബക്കാരിയുണ്ടായിരുന്നു, എനിക്ക്. പേര് റശീദ. പൂന്പാറ്റയെപ്പോലെ പറന്നു നടന്നിരുന്ന അവള്‍ വിവാഹിതയായപ്പോള്‍ വീട്ടുകാര്‍ക്കൊക്കെ എന്തു സന്തോഷമായിരുന്നെന്നോ. അവന്‍ സങ്കല്‍പത്തിലെ സുമുഖന്‍. അവര്‍ക്ക് ഇരുനില മാളിക, റബ്ബര്‍ എസ്റ്റേറ്റ്, മറ്റു സൗകര്യങ്ങള്‍…
പക്ഷേ, മൂന്നു മാസം കഴിഞ്ഞ് ഭര്‍ത്താവ് ഗള്‍ഫില്‍ പോയതോടെ റശീദ കയറിയത് കണ്ണീരിന്റെ വഞ്ചിയില്‍. സ്വൈര്യം കൊടുക്കാതെ ഭര്‍തൃമാതാവ് വീട്ടില്‍ നിറഞ്ഞുനിന്നു. റശീദയെ അവര്‍ വരച്ച വരയില്‍ നിര്‍ത്തി. മരുമകള്‍ക്ക് പേടിസ്വപ്നം പോലെയാണ് അമ്മായിയുമ്മയുടെ ‘ധര്‍മ’മെന്ന് അവര്‍ വിശ്വസിച്ചു.
റശീദ ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും നിലപാടില്‍ മാറ്റം വരുത്തിയില്ല. സ്വന്തം വീട്ടിലേക്ക് വരുമ്പോഴൊക്കെയും അവള്‍ കണ്ണീര്‍ക്കയത്തില്‍ തന്നെയായിരുന്നു. ഓര്‍ത്തോര്‍ത്ത് കരയാന്‍ മാത്രം അനുഭവങ്ങളുണ്ടായിരുന്നു അവള്‍ക്ക്.
റശീദയുടെ ഉപ്പ ഖിന്നയായി. അന്വേഷണത്തില്‍ നൂറുമാര്‍ക്ക് നേടിയെന്ന ആത്മവിശ്വാസത്തിലായിരുന്നു അയാള്‍. മകളെ വിവാഹം ചെയ്തയക്കാന്‍ കടമൊന്നും വാങ്ങേണ്ടി വന്നില്ലല്ലോ എന്നും, സത്യസന്ധനായ അയാള്‍ ആശ്വസിച്ചതാണ്. പക്ഷേ, ഇപ്പോള്‍…
എവിടെയാണ് താളപ്പിഴ സംഭവിച്ചതെന്നറിയാതെ ടെന്‍ഷനും ഉള്ളിലൊതുക്കിക്കഴിയുകയാണ് ആ ഹതഭാഗ്യന്‍. സമ്പത്തല്ല ഒരാളുടെ യഥാര്‍ത്ഥ വിജയമെന്നും മനസ്സമാധാനമാണ് ശാശ്വത രക്ഷയെന്നും അയാള്‍ തിരിച്ചറിയുന്നു; അതുണ്ടാവണമെങ്കില്‍ ‘മത’മുണ്ടായാല്‍ പോരാ, മതബോധത്തിലധിഷ്ഠിതമായ ജീവിതമുണ്ടാവണമെന്നും.
അനുഭവങ്ങള്‍ ആളുകളെ പക്വമതികളാക്കുമെന്നുറപ്പ്. ഒടുവില്‍ റശീദ ജീവിതത്തെ നേരിടാന്‍ തീരുമാനിച്ചു. ഭര്‍തൃമാതാവിന്റെ കുത്തുവാക്കുകളെ അവഗണിച്ച്, ഉള്ള സന്തോഷത്തില്‍ ആത്മസംതൃപ്തി കണ്ടെത്താന്‍ അവള്‍ ശീലിച്ചു. മാത്രമല്ല, മറ്റുള്ളവരോട് പരാതി പറയുന്നതില്‍ വലിയ കാര്യമില്ലെന്നും സ്വയം പ്രതിരോധ ശക്തി നേടലാണ് തന്റെ ധര്‍മമെന്നും ആശ്വസിച്ചു. പിന്നെപിന്നെ വീട്ടിലേക്കു വരുമ്പോള്‍ ദുഃഖങ്ങള്‍ മറച്ചുവെച്ച് അവര്‍ പ്രസന്നവതിയായി. ഭര്‍ത്താവിനോടും ഉമ്മയുടെ കുറ്റങ്ങള്‍ പറയാതിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചുപോന്നു.
വര്‍ഷങ്ങള്‍ കടന്നുപോയി.
റശീദ ഇന്ന് മൂന്നു മക്കളുടെ ഉമ്മയാണ്.
സ്വന്തായി വീടെടുത്ത് താമസം തുടങ്ങിയതോടെ അവള്‍ ഭര്‍തൃമാതാവിന്റെ പീഡനങ്ങള്‍ മറന്നിരുന്നു. അപ്പോഴേക്കും ഭര്‍തൃമാതാവിന് നോവിപ്പിച്ചു രസിക്കാന്‍ പുതിയ മരുമക്കള്‍ എത്തുകയും ചെയ്തിരുന്നു.
പക്ഷേ, വന്ന പെണ്‍കുട്ടികള്‍ റശീദയെപ്പോലെ മൗനികളായിരുന്നില്ല. പെട്ടെന്ന് പ്രതികരിക്കുന്നവരായിരുന്നു. അതിനാല്‍, വാക്കേറ്റവും ബഹളങ്ങളുമില്ലാത്ത ദിനങ്ങള്‍ വീട്ടില്‍ കുറവായി.
അതിനിടെ ഭര്‍തൃമാതാവ് ഒന്നു വീണു; നാഥന്റെ ശിക്ഷയെന്നായി നാട്ടുകാര്‍. ഇടുപ്പെല്ല് പൊട്ടി ശരിക്കും കിടപ്പിലായി. ആദ്യമാദ്യം കുടുംബക്കാരും മരുമക്കളും പരിചരിക്കാനുണ്ടായിരുന്നെങ്കിലും ക്രമേണ റശീദ മാത്രമായി. കുളിപ്പിക്കാനും മാറ്റിക്കിടത്താനും പരസഹായം അനിവാര്യം. ഭര്‍തൃമാതാവ് മൗനിയായി. മറ്റു മരുമക്കള്‍ പരിചരിക്കാന്‍ വരാത്തതില്‍ അവര്‍ പരിഭവിച്ചില്ല. സിംഹത്തെ ശുശ്രൂഷിക്കാന്‍ ആട്ടിന്‍കുട്ടിക്ക് താല്‍പര്യമുണ്ടാവില്ലല്ലോ.
പക്ഷേ, റശീദ പ്രതികാര മനസ്സ് മാറ്റിവെച്ചു, മകളുടെ റോള്‍ ആടിത്തീര്‍ത്തു. ഉറക്കൊഴിച്ചും ഭക്ഷണം വാരിക്കൊടുത്തും സാന്ത്വനത്തിന്റെ പര്യായമായി. സ്നേഹ പരിചരണത്തിലലിഞ്ഞ് ഭര്‍തൃമാതാവ് തേങ്ങിക്കരഞ്ഞു. റശീദക്കറിയാം, ഈ കണ്ണീരിലൊന്നും കാര്യമില്ല. ആരോഗ്യം തിരിച്ചുകിട്ടിയാല്‍ അവര്‍ ക്രൂരയാവാതിരിക്കില്ല.
എങ്കിലും, ഇതെന്റെ ധര്‍മമാണ്. മറ്റൊന്നും ഞാന്‍ ചിന്തിക്കുന്നില്ല. രോഗിയെ സന്ദര്‍ശിക്കാന്‍ വന്ന റശീദയുടെ ഉപ്പക്ക് അന്ന് സന്തോഷം കൊണ്ട് ഉറങ്ങാന്‍ സാധിച്ചില്ല. ദീനുള്ള ഒരു പെണ്‍കുട്ടിയുടെ ഉപ്പയാവാന്‍ കഴിഞ്ഞ നിര്‍വൃതി. കാലം മായ്ക്കാത്ത ഒരു മുറിവുമില്ലെന്ന് എത്ര ശരിയാണ്.

 

ഇബ്റാഹിം ടിഎന്‍ പുരം

Exit mobile version