സുന്നിവോയ്‌സ് സാധ്യമാക്കുന്ന സംസ്‌കാരം

സുന്നിവോയ്‌സ് ജൈത്രയാത്ര തുടരുകയാണ്. ആറുപതിറ്റാണ്ടുകൾക്കപ്പുറം സുന്നിവോയ്‌സ് ആരംഭിച്ച ഘട്ടത്തിലുള്ള ആദർശ വീര്യം ചോരാതെയും സുസജ്ജമായ സംഘടനാ സംവിധാനത്തിന്റെ കൂടെനിന്നുകൊണ്ടുമാണ് ഈ സഞ്ചാരം. സമൂഹത്തിനും പ്രസിദ്ധീകരണത്തിനുമിടയിൽ അനിവാര്യമായും സാധ്യമാകേണ്ട കൊടുക്കൽ വാങ്ങലുകളുടെ കണ്ണിമുറിയാതെയുള്ള പ്രയാണമാണ് സുന്നിവോയ്‌സിന്റേത്. സംവാദാത്മകമായി വായനാമണ്ഡലത്തെ സംബോധന ചെയ്യുമ്പോഴാണ് ഒരു പ്രസിദ്ധീകരണം സാമൂഹികദൗത്യം നിർവഹിക്കുന്നത്. അങ്ങനെ മാത്രമേ ജനമനസ്സുകളിൽ ഇടംപിടിക്കാനാകൂ. സുന്നിവോയ്‌സ് ഈ ദൗത്യം വീഴ്ചകളില്ലാതെ നിർവഹിക്കാൻ എപ്പോഴും പരിശ്രമിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനം സമൂഹത്തിൽ ഉണ്ടായിട്ടുമുണ്ട്.
മതവിഷയങ്ങളാണ് സുന്നിവോയ്‌സ് കൈകാര്യം ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും. കാരണം അഹ്‌ലുസ്സുന്നയുടെ പ്രാമാണിക നേതൃത്വമാണ് സുന്നിവോയ്‌സിന്റെ ഉണ്മയും ഉടമസ്ഥതയും പങ്കിടുന്നത്. പണ്ഡിതസമൂഹത്തിന്റെ ആദർശവും ഉന്നത സംസ്‌കാരവും കാത്തുസൂക്ഷിച്ചുവരുന്ന സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുറത്തിറങ്ങുന്ന ഒരു പ്രസിദ്ധീകരണത്തിന്റെ അച്ചടക്കവും മര്യാദയും പക്വതയും സുന്നിവോയ്‌സ് എന്നും കാത്തുസൂക്ഷിച്ചിട്ടുണ്ട്. വായനക്കാരെ ആസ്വദിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുകയെന്നതല്ല, ധിഷണാപരമായി ഔന്നത്യം പ്രദാനിക്കുകയെന്നതാണ് പ്രസിദ്ധീകരണത്തിന്റെ ധർമമായി സുന്നിവോയ്‌സ് കരുതുന്നത്.
വിശ്വാസപരവും വൈജ്ഞാനികവുമായ വ്യവഹാരങ്ങൾക്കാണ് സുന്നിവോയ്‌സ് മുൻതൂക്കം നൽകുന്നത്. വിവിധ ഘട്ടങ്ങളിൽ, ഇസ്‌ലാം പ്രതിനിധാനം ചെയ്യേണ്ട വിഷയങ്ങളെ സംവാദാത്മകമായി അഭിമുഖീകരിച്ചിട്ടുമുണ്ട്. പറയേണ്ടത് പറഞ്ഞും കേൾക്കേണ്ടവരെ കേട്ടും കൊടുക്കേണ്ടവർക്ക് കൊടുത്തും സുന്നിവോയ്‌സ് ദൗത്യം തുടരുകതന്നെയാണ്.
ആദർശം, മതവിജ്ഞാനീയങ്ങളുടെ വിവിധ മേഖലകൾ, പ്രശസ്തരെ അണിനിരത്തുന്ന പഠനങ്ങൾ, ചർച്ചകൾ തുടങ്ങിയവയാണ് പ്രസിദ്ധീകരണത്തിന്റെ ഉള്ളടക്കമാകുന്നത്. അതേസമയം രാജ്യത്തും ലോകത്തും സംഭവിക്കുന്ന വാർത്തകളോടും സന്ദർഭങ്ങളോടും മുഖംതിരിക്കാറുമില്ല. വായനക്കാരുടെയും വരിക്കാരുടെയും സമൃദ്ധികൊണ്ടുകൂടിയാണ് സുന്നിവോയ്‌സ് മുസ്‌ലിം പ്രസിദ്ധീകരണങ്ങളിൽ വേറിട്ടതാകുന്നത്. അതുകൊണ്ട് കാലികമായ മാറ്റം കെട്ടിലും മട്ടിലും പലപ്പോഴും ഉണ്ടായിട്ടുണ്ട്. അങ്ങനെയൊരു പരിഷ്‌കരണം ഈ ലക്കത്തോടെ നടപ്പിലാക്കുകയാണ്. കുറ്റമറ്റതാണെന്ന് അവകാശവാദമില്ല. വായനക്കാരുടെ അഭിപ്രായങ്ങളും സർഗാത്മകമായ നിരൂപണങ്ങളുമാണ് പ്രസിദ്ധീകരണത്തിന്റെ വിജയം. വായനക്കാർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കുതിപ്പുകളാണെപ്പോഴും സുന്നിവോയ്‌സിനുണ്ടായിട്ടുള്ളത്. കിതപ്പുകൾ തീരെ ഇല്ലെന്നല്ല, എങ്കിലും സുസജ്ജമായ സംഘടനാ സംവിധാനത്തിന്റെ പിൻബലത്തിൽ എല്ലാ കിതപ്പുകളെയും മറികടക്കാൻ സുന്നിവോയ്‌സിനായിട്ടുണ്ട്. വായനക്കാരോടും സംഘാടകരോടും വലിയ കടപ്പാടുണ്ട്. ആദർശബദ്ധമായ പ്രയാണമാണിത്. സുന്നിവോയ്‌സിനോടൊപ്പം എന്നും നിങ്ങളുണ്ടാകണം.

എൻഎം സ്വാദിഖ് സഖാഫി

Exit mobile version