ഇടയബാലന്‍വാഴ്ത്തപ്പെട്ട വിധം

മക്കയിലെ മല്രദേശങ്ങളില്‍ആടുകളെ മേച്ചുനടന്ന നിര്‍ധനനും വിദ്യാവിഹീനനുമായ ബാലന്‍ചരിത്രത്തില്‍ഉന്നതസ്ഥാനം കരസ്ഥമാക്കിയ കഥ അത്ഭുതകരമാണ്. പില്‍ക്കാലത്ത് മുസ്‌ലിം ഉമ്മത്തിന്റെ നേതൃനിരയില്‍അവരോധിതനാവുകയുണ്ടായി ഈ ഖുര്‍ആന്‍പണ്ഡിതന്‍.

“ഈ മഹാ പണ്ഡിതന്‍ജീവിച്ചിരിക്കെ ഇസ്‌ലാമിന്റെ കാര്യം മറ്റാരോടും ചോദിക്കേണ്ടതില്ല’ ആ പാണ്ഡിത്യത്തിനും സ്വീകാര്യതക്കും അബൂമൂസല്‍അശ്അരി(റ)ന്റെ കയ്യൊപ്പ്.

“ഇദ്ദേഹം പാണ്ഡിത്യത്തിന്റെ നിറകുടമാണ്’ ഉമറുല്‍ഫാറൂഖ്(റ). നടപടി ക്രമങ്ങളിലും മാര്‍ഗദര്‍ശനത്തിലും തിരുദൂതരോട് ഇത്രത്തോളം ബന്ധം പുലര്‍ത്തുന്ന മറ്റൊരാളെയും ഞാന്‍കണ്ടിട്ടില്ല. ഹുദൈഫ(റ)ന്റെ സാക്ഷ്യം. ഇസ്‌ലാമിലെ ആറാമനായ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) എന്ന ഖുര്‍ആന്‍പണ്ഡിതനാണ് ഈ വിശേഷളെല്ലാം മേളിച്ച മഹാത്മാവ്. അര്‍ഖമിന്റെ വീട് പ്രബോധന സജ്ജമാകും മു് തന്നെ അദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ചിരുന്നു.

ഇബ്നു മസ്ഊദ്(റ)ന്റെ ഉപദേശം നിങ്ങള്‍സ്വീകരിക്കുക. ഖുര്‍ആന്‍അതിന്റെ അവതരണ ശൈലിയില്‍കേള്‍ക്കണമെങ്കില്‍അദ്ദേഹം ഓതുന്നത് ശ്രദ്ധിക്കുക. ഖുര്‍ആന്‍തനതായ രൂപത്തില്‍പാരായണം ചെയ്യാന്‍ആഗ്രഹിക്കുന്നവര്‍ഇബ്നു മസ്ഊദില്‍നിന്ന് പഠിക്കുക  തിരുദൂതര്‍അനുചരന്മാരെ ഓര്‍മപ്പെടുത്തി.

ദാരിദ്ര്യത്തിന്റെ നടുവില്‍കഴിഞ്ഞ ഒരാട്ടിടയന്‍കിസ്റയുടെയും കൈസറിന്റെയും ഖജനാവുകള്‍നേടുന്നതിനേക്കാള്‍വലിയ സൗഭാഗ്യം കൊണ്ട് ആദരിക്കപ്പെട്ടതാണീ കാണുന്നത്.

ഇത്ര പ്രാധാന്യം നേടാന്‍എന്തായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത? അതറിയാന്‍കാലങ്ങള്‍പിന്നോട്ട് നടക്കണം. യാതനയും വേദനയും മൂലം പ്രഥമ വിശ്വാസികള്‍എരിപൊരി കൊണ്ട മക്കയിലെ കാലുഷ്യത്തിന്റെ നാളുകളില്‍ശത്രുക്കളുടെ മുില്‍അത്യുച്ചത്തില്‍ദിവ്യസന്ദേശം കേള്‍പ്പിച്ച് പീഡനമേറ്റു വാങ്ങിയതിന്റെ പ്രതിഫലം കാരുണ്യവാന്‍കനിഞ്ഞു നല്‍കിയതാണ്.

നമ്മെ സല്‍പന്ഥാവിലേക്ക് നയിച്ച വിശുദ്ധ ഖുര്‍ആന്‍ഖുറൈശികളിതുവരെ ഓതിക്കേട്ടിട്ടില്ലല്ലോ? അതൊന്ന് അവരുടെ സദസ്സില്‍ചെന്നു പാരായണം ചെയ്യാന്‍ആര്‍ക്ക് കഴിയും? ഒരു സ്വഹാബി ആഗ്രഹം പ്രകടിപ്പിച്ചു.

“അത് ഞാനേറ്റു’ ഇബ്നു മസ്ഊദ്(റ) പറഞ്ഞു.

“വേണ്ട… നീ പോകേണ്ട, അവര്‍അക്രമികളാണ്. അവര്‍അക്രമത്തിനു മുതിര്‍ന്നാല്‍തടയാന്‍പറ്റിയ ബന്ധുമിത്രാദികളുള്ളവരേ പോകാവൂ’ കൂട്ടുകാര്‍തടഞ്ഞു.

“ഞാന്‍തന്നെ പോകാം. അവരക്രമിക്കട്ടെ. എനിക്ക് കാവലായി എന്റെ റബ്ബുണ്ട്’ ഇതും പറഞ്ഞ് ഇബ്നു മസ്ഊദ്(റ) ഇറങ്ങി നടന്നു. കഅ്ബാലയ പരിസരത്ത് ഖുറൈശി സാന്നിധ്യം പരിശോധിച്ചു. മഖാമു ഇബ്റാഹീമിന്റെ ചാരത്ത് നാലഞ്ചു പ്രമുഖര്‍വട്ടം കൂടിയിരിക്കുന്നു. അദ്ദേഹം അവര്‍ക്കടുത്ത് ചെന്നു. തന്റെ സുന്ദരശബ്ദത്തില്‍, ഇമാര്‍ന്ന ശൈലിയില്‍സൂറതുര്‍റഹ്മാന്‍പാരായണം തുടങ്ങി.

വിശുദ്ധ ഖുര്‍ആനിന്റെ വശ്യവചസ്സുകള്‍കേട്ട് അവര്‍സ്തബ്ധരായി. ഏതാനും സൂക്തങ്ങള്‍കഴിഞ്ഞപ്പോള്‍ഒരാള്‍ചോദിച്ചു.

എന്താണാ പയ്യന്‍പറയുന്നത്?

അത് മുഹമ്മദിന്റെ ഖുര്‍ആന്‍ഓതുകയാണ്. ആരോ പറഞ്ഞു.

കൊള്ളാം, അവനത്രക്കായോ?

അവര്‍കോപം കൊണ്ട് പിടഞ്ഞെഴുന്നേറ്റ് ഇബ്നു മസ്ഊദിനെ പിടിച്ചു പൊതിരെ തല്ലി. മുഖം പൊട്ടി ചോരയൊലിച്ചു. നിണമണിഞ്ഞ മുഖവും വസ്ത്രവുമായി കൂട്ടുകാരുടെ അടുത്ത് മടങ്ങിയെത്തിയപ്പോള്‍അവരൊന്നിച്ചു പറഞ്ഞു:

“നാം പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.’

“എനിക്ക് പരിഭവമില്ല. ഖുര്‍ആന്‍അവരുടെ കാതിലെത്തിച്ചല്ലോ. വേണമെങ്കില്‍നാളെയും അവര്‍ക്കടുത്ത് ചെന്ന് ഞാനോതിക്കേള്‍പ്പിക്കും.’ പീഡനമേറ്റാലും അല്ലാഹുവിന്റെ വചനം അവരെ കേള്‍പ്പിക്കാന്‍കഴിഞ്ഞതില്‍സന്തോഷിക്കുകയായിരുന്നു ഇബ്നു മസ്ഊദ്(റ).

തിരുദൂതര്‍ക്കും വലിയ താല്‍പര്യമായിരുന്നു ഇബ്നു മസ്ഊദ്(റ)ന്റെ ഖുര്‍ആന്‍പാരായണം. ഒരിക്കല്‍അവിടുന്ന് അദ്ദേഹത്തെ വിളിച്ച് ഖുര്‍ആന്‍ഓതിക്കേള്‍പ്പിക്കാന്‍ആവശ്യപ്പെട്ടു.

യാ റസൂലല്ലാഹ്, ഖുര്‍ആന്‍അവതരിച്ചത് അങ്ങേക്കാണല്ലോ. എന്നിട്ട് ഞാനത് താങ്കള്‍ക്ക് ഓതിത്തരികയോ? കൗതുകപൂര്‍വം അദ്ദേഹം ചോദിച്ചു.

ശരിയാണ്, എങ്കിലും മറ്റൊരാളില്‍നിന്നത് ശ്രവിക്കുന്നത് എനിക്കേറെ ഇഷ്ടമാണ്. ഇബ്നു മസ്ഊദ്(റ) സൂറത്തുന്നിസാഅ് പാരായണം ചെയ്തു തുടങ്ങി. കൗതുക പൂര്‍വം നബി(സ്വ) അത് കേട്ടുകൊണ്ടിരുന്നു. അന്ത്യദിനത്തെയും പരലോകത്തെയും പരാമര്‍ശിക്കുന്ന നബിശ്രേഷ്ഠത ഭാഗമെത്തിയപ്പോള്‍അവിടുന്ന് പൊട്ടിക്കരഞ്ഞു.

വിശുദ്ധ ഖുര്‍ആനില്‍അഗാധമായ പാണ്ഡിത്യം ഇബ്നു മസ്ഊദ്(റ)ന് എങ്ങനെയുണ്ടായി? അദ്ദേഹത്തിന്റെ മറുപടിയിങ്ങനെ:

തിരു അധരങ്ങളില്‍നിന്ന് എഴുപതോളം സൂക്തങ്ങള്‍നേരിട്ടുതന്നെ ഞാന്‍പഠിച്ചു. അതിലാരും എന്നോട് മത്സരിക്കില്ല. ഓരോ സൂക്തവും ഏതു കാര്യത്തിലാണ് അവതരിച്ചതെന്നും എനിക്ക് നല്ല നിശ്ചയമുണ്ട്. എന്നെക്കാള്‍കൂടുതല്‍അറിയുന്നവരെ പറ്റി കേട്ടാല്‍ഞാനവിടെയെത്തുമായിരുന്നു.

ഇബ്നുമസ്ഊദ്(റ)ന്റെ ഖുര്‍ആനിക ജ്ഞാനം ശരിക്കു മനസ്സിലാക്കിയവരാണ് തിരുശിഷ്യന്മാര്‍. അതിനാല്‍തന്നെ മഹാനെക്കുറിച്ച് അവര്‍ക്ക് നല്ല മതിപ്പായിരുന്നു.

അല്ലയോ അമീറുല്‍മുഅ്മിനീന്‍, സല്‍സ്വഭാവം, അഗാധപാണ്ഡിത്യം, നല്ല സഹവര്‍ത്തിത്വം, തീവ്ര ഭക്തി തുടങ്ങിയ സദ്ഗുണങ്ങളില്‍ഇബ്നു മസ്ഊദിനെ കവച്ചുവെക്കുന്ന മറ്റൊരാളെയും ഞങ്ങള്‍കാണുന്നില്ല.

ഖലീഫ അലി(റ)യോട് ചില സ്വഹാബി പ്രമുഖര്‍പറഞ്ഞു. അലി(റ) ചോദിച്ചു: ഇത് നിങ്ങളുടെ ഹൃദയം തുറന്ന അഭിപ്രായം തന്നെയാണോ? അവര്‍പറഞ്ഞു: അതേ.

അപ്പോള്‍അലി(റ) മനസ്സ് തുറന്നു: ദയാലുവായ അല്ലാഹു സത്യം, അദ്ദേഹത്തെ കുറിച്ച് എന്റെ അഭിപ്രായം ഇതിലും വലുതാണ്. അദ്ദേഹം ഖുര്‍ആന്‍പാരായണം നടത്തുന്നു. അനുവദനീയവും നിഷിദ്ധവും വിശദീകരിക്കുന്നു. ദീനും സുന്നത്തുമെല്ലാം ശരിക്കും ഗ്രഹിച്ച മതപണ്ഡിതനാണ് ഇബ്നു മസ്ഊദ്(റ).

അദ്ഭുതമായിരുന്നു ആ ജീവിതം. തന്റെ കൂട്ടുകാര്‍ക്ക് ലഭ്യമാവാത്ത പല സൗഭാഗ്യങ്ങളും തിരുദൂതരില്‍നിന്നും ഇബ്നു മസ്ഊദ്(റ)ന് ലഭിച്ചു. യാത്രയിലും നാട്ടിലും പ്രവാചകരുമായി അടുത്തിടപഴകി. എല്ലാ സമരങ്ങളിലും പങ്കെടുത്തു. നിഴല്‍പോലെ റസൂലിനെ പിന്തുടര്‍ന്നു. ഇബ്നു മസ്ഊദ്(റ) മിക്കപ്പോഴും തിരുഭവനത്തിലാണുണ്ടാവുക. എപ്പോഴും അവിടെ കടന്നുചെല്ലാനുള്ള അനുമതി അദ്ദേഹത്തിനുണ്ടായിരുന്നു. ഇഴപിരിയാത്ത തിരുബന്ധം നിമിത്തം സ്വാഹിബുസ്സവാദ് “മനഃസാക്ഷി സൂക്ഷിപ്പുകാരന്‍’ എന്ന പേര് സ്വഹാബിമാര്‍അദ്ദേഹത്തിനു നല്‍കി.

തന്റെ ചെറുപ്പകാലത്തെ ഒരനുഭവം അദ്ദേഹം പറയുന്നതു കേള്‍ക്കുക:

ഉഖ്ബത്തുബ്നു അബീമുഐത്തിന്റെ ആടുകളെ മേയ്ക്കുകയായിരുന്നു ഞാനന്ന്. മേയ്ച്ചുകൊണ്ടിരിക്കുന്ന സ്ഥലത്തുകൂടി നബി(സ്വ)യും അബൂബക്കര്‍(റ)വും നടന്നുപോവുന്നു. അവരെന്നെ സമീപിച്ച് “കുടിക്കാന്‍അല്‍പം പാല് തരുമോ? എന്നു ചോദിച്ചു. ഞാനിവയുടെ ഉടമസ്ഥനല്ല. പിന്നെങ്ങനെ ഞാന്‍നിങ്ങള്‍ക്ക് പാല് നല്‍കും? ഞാന്‍പറഞ്ഞു.

“എങ്കില്‍പ്രസവിക്കാത്ത ഒരാടിനെ കൊണ്ടുവരാമോ? നബി(സ്വ) ചോദിച്ചു.

ബാലനായ എനിക്ക് ആ ചോദ്യം കൗതുകമായി തോന്നി. പ്രസവിച്ചിട്ടില്ലാത്ത ആടിന്‍റകിടിലെങ്ങനെ പാലുണ്ടാകും, എങ്കിലതൊന്ന് കാണണമല്ലോ. ഞാനൊരു ആട്ടിന്‍കുട്ടിയെ കൊണ്ടുവന്നു. നബി(സ്വ) അതിന്റെ അകിട് തടവികൊണ്ട് പ്രാര്‍ത്ഥിച്ചു. ശേഷം സിദ്ദീഖ്(റ)ന്റെ വശമുണ്ടായിരുന്ന പാത്രത്തിലേക്ക് പാല്‍കറക്കാന്‍തുടങ്ങി. മഹാല്‍ഭുതം. ആട്ടിന്‍കുട്ടി സമൃദ്ധമായി പാല്‍ചുരത്തുന്നു. അവരിരുവരും കുടിച്ചു വിശപ്പും ദാഹവുമകറ്റി. അവര്‍പോയ ശേഷം ഞാന്‍ആടിനെ പരിശോധിച്ചു. അതിന്റെ അകിട് പൂര്‍വസ്ഥിതി പ്രാപിച്ചിരുന്നു.

“എന്റെ ഏറ്റവും പ്രിയപ്പെട്ട സ്നേഹിതനെയാണ് നിങ്ങളിലേക്ക് നിയോഗിക്കുന്നത്. അദ്ദേഹത്തില്‍നിന്ന് നിങ്ങള്‍വിജ്ഞാനം നേടുകയും മതം പഠിക്കുകയും ചെയ്യുക.’ ഖലീഫ ഉമര്‍(റ) കൂഫയിലെ ബൈത്തുല്‍മാലിന്റെ കാര്യകര്‍ത്താവായി ഇബ്നു മസ്ഊദ്(റ)നെ നിയമിച്ചുകൊണ്ട് അവിടത്തെ പ്രമാണിമാരെ ഓര്‍മിപ്പിച്ചു. ജനം അതുള്‍ക്കൊണ്ടു. മറ്റാര്‍ക്കും നേടാനാകാത്ത വിധം കൂഫക്കാരുടെ ഏകകണ്ഠമായ പ്രീതിക്ക് പാത്രമായി മഹാന്‍.

ഉസ്മാന്‍(റ)ന്റെ ഭരണകാലത്ത് കൂഫയിലെ ആ ഉദ്യോഗം ഖലീഫ എടുത്തുമാറ്റി. പക്ഷേ, കൂഫക്കാര്‍അത് വിസമ്മതിച്ചു. പദവിയില്‍തുടരാന്‍ആവശ്യമായ സംരക്ഷണവും സഹായവും വാഗ്ദാനം ചെയ്തു. പക്ഷേ, തിരുദൂതരില്‍നിന്ന് അച്ചടക്കം പഠിച്ച ഇബ്നു മസ്ഊദ്(റ) നേതൃതീരുമാനം അംഗീകരിച്ചുകൊണ്ട് പറഞ്ഞു: “ഖലീഫയുടെ നടപടി അനുസരിക്കേണ്ടത് എന്റെ കര്‍ത്തവ്യമാണ്. ചില അസ്വസ്ഥതകളും വിനാശങ്ങളും തലപൊക്കാനുള്ള സാധ്യത തള്ളിക്കളയാവതല്ല. പക്ഷേ, എന്നെച്ചൊല്ലി അതിനു തുടക്കം കുറിക്കുന്നത് ഞാന്‍ഇഷ്ടപ്പെടുന്നില്ല.’

ആ ഉദ്യോഗക്കാലത്ത് ഇബ്നു മസ്ഊദ്(റ)ന് ബൈത്തുല്‍മാലില്‍നിന്ന് ലഭ്യമായിരുന്ന ആനുകൂല്യങ്ങള്‍ഇല്ലാതായപ്പോള്‍എതിരുപറയാന്‍തുനിഞ്ഞില്ലെന്നു മാത്രമല്ല, ഖലീഫയെക്കുറിച്ച് കേള്‍ക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി കൊടുക്കുകയും ചെയ്തിരുന്നു.

അവസാനം ശത്രുക്കളാല്‍ഉസ്മാന്‍(റ) വധിക്കപ്പെട്ട ദുഃഖവാര്‍ത്ത കേട്ടു നടുങ്ങിയ ഇബ്നുമസ്ഊദ്(റ) പറഞ്ഞു: “ഉസ്മാനുബ്നു അഫ്ഫാനെപ്പോലെ ഒരു നല്ല ഖലീഫയെ ഇനി അവര്‍ക്ക് ലഭിക്കുകയില്ല.’

ഒരിക്കല്‍രോഗാതുരനായി കിടക്കുന്ന ഇബ്നു മസ്ഊദ്(റ)നെ ഖലീഫ ഉസ്മാന്‍(റ) സന്ദര്‍ശിക്കവെ ചോദിച്ചു: എന്താണ് താങ്കളെ അലട്ടുന്നത്?

“ജീവിത വീഴ്ചകള്‍’ അദ്ദേഹം പറഞ്ഞു.

വല്ല ആഗ്രഹവുമുണ്ടോ?

“എന്റെ രക്ഷിതാവിന്റെ കാരുണ്യം ലഭ്യമാവണം.’

വര്‍ഷങ്ങളായി തടയപ്പെട്ട ആനുകൂല്യങ്ങള്‍നല്‍കാന്‍നിര്‍ദേശിക്കട്ടെ?

“എനിക്കാവശ്യമില്ല.’

താങ്കള്‍ക്കു ശേഷം പെണ്‍മക്കള്‍ക്ക് ഉപകാരപ്പെടുമല്ലോ?

“എന്റെ പെണ്‍മക്കളുടെ കാര്യത്തില്‍ഞാന്‍ഭീതിതനാവുകയോ. എല്ലാ രാത്രിയും സൂറതുല്‍വാഖിഅ ഓതാന്‍ഞാനവരോട് നിര്‍ദേശിച്ചിട്ടുണ്ട്. തിരുദൂതരില്‍നിന്നും ഞാന്‍കേട്ടിട്ടുണ്ട്, എല്ലാ രാത്രിയിലും സൂറതുല്‍വാഖിഅ പാരായണം ചെയ്യുന്നവര്‍ക്ക് ഒരു കാലത്തും ദാരിദ്ര്യം പിടികൂടുകയില്ലെന്ന്.’

സ്വര്‍ഗസുവിശേഷം ലഭ്യമായ ഇബ്നു മസ്ഊദ്(റ) തിരുദൂതരുടെയും ഖലീഫമാരുടെയും കാലത്ത് നടന്ന എല്ലാ യുദ്ധങ്ങളിലും ഒടുവിലെ പേര്‍ഷ്യന്‍റോമാ യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ബദ്റില്‍അബൂജഹ്ലിന്റെ തല വെട്ടിയത് മഹാനാണ്. അറുപതില്‍പരം വര്‍ഷം ജീവിച്ചു ഇസ്‌ലാമിന്റെ വ്യാപനവും വിജയങ്ങളും കണ്‍കുളിര്‍ക്കെ കണ്ടു സായൂജ്യമടഞ്ഞാണ് ആ സുകൃതജന്മം പരലോകം പൂകിയത്. ബഖീഇലാണ് മഹാന് അന്ത്യവിശ്രമമൊരുക്കിയത്.

(സ്വുവറുന്‍മിന്‍ഹയാതിസ്വഹാബ/107, ശറഹുമുസ്‌ലിം).

ടിടിഎ ഫൈസി പൊഴുതന

Exit mobile version