ക്ഷമയുടെ പുണ്യം

ദേഹേച്ഛയും അലസതയും പൈശാചിക ബോധനങ്ങളും മറികടന്ന് അല്ലാഹുവിന്റെ പൊരുത്തം സമ്പാദിക്കാൻ ഊർജമാവുന്ന ആത്മീയബോധമാണ് സ്വബ്ർ അഥവാ ക്ഷമ. ക്ഷമ ഈമാനിന്റെ പാതിയാണ്. ക്ഷമാശീലർക്ക് അളവില്ലാത്ത പുണ്യവും അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും ലഭ്യമാകും.
നിങ്ങൾ ക്ഷമാശീലരാവുക. നിശ്ചയം, അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമാണെന്ന് ഖുർആനിൽ കാണാം. അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുകയും ദുരിതങ്ങളിൽ ക്ഷമിക്കുകയും നാഥന്റെ വിധികളെല്ലാം തൃപ്തിപ്പെടുകയും ചെയ്യുന്നവരാണ് യഥാർഥ വിശ്വാസികൾ. ക്ഷമയുടെ അളവനുസരിച്ച് സ്വർഗത്തിൽ പദവികൾ ലഭിക്കും.
ഉമർ(റ) അബൂമൂസൽ അശ്അരി(റ)വിനെഴുതിയ കത്തിൽ കാണാം: ‘നിങ്ങൾ ക്ഷമയുള്ളവരാവുക, തീർച്ചയായും ക്ഷമ രണ്ട് വിധമുണ്ട്. ഒന്ന് രണ്ടാമത്തേതിനേക്കാൾ മഹത്ത്വമുള്ളതാണ്.
ദുരന്തങ്ങൾ വരുമ്പോൾ ക്ഷമിക്കുന്നവർക്ക് ഉന്നതമായ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. ആത്മീയ പ്രയാണത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന പ്രയാസങ്ങളും ദുരിതങ്ങളും അതിജീവിച്ച് റബ്ബിന്റെ തൃപ്തി സമ്പാദിക്കാൻ ക്ഷമ അനിവാര്യമാണ്. സാമ്പത്തിക, ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ വഴിമുടക്കാൻ വരുമ്പോൾ ക്ഷമയുടെ ഊർജംകൊണ്ട് നാം പൊരുതി ജയിക്കണം.
സുഖാസ്വാദനങ്ങൾ ത്യജിക്കാനും വിപത്തുകൾ സഹിക്കാനും മനസ്സിനെ പാകപ്പെടുത്തലാണല്ലോ യഥാർഥ ക്ഷമ. അല്ലാഹുവിന്റെ വിധിതീർപ്പുകളെയെല്ലാം ആനന്ദത്തോടെ സ്വീകരിക്കുമ്പോൾ മാത്രമേ ഒരാൾക്ക് ക്ഷമിക്കാൻ കഴിയൂ. ഏത് പ്രതിസന്ധി ഘട്ടത്തിലും പൊറുതികേട് കാണിക്കാതെയും സൃഷ്ടിയോടു പരാതി പറയാതെയും എല്ലാം രക്ഷിതാവായ അല്ലാഹുവിൽ സമർപിക്കുന്ന ഉന്നതമായ അധ്യാത്മിക അവസ്ഥയാണ് ശരിയായ സ്വബ്ർ.
സൂഫീഗുരു ദുന്നൂൻ അൽമിസ്‌രി(റ) പറയുന്നു: ‘പാപങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും ദുരിതങ്ങളുടെ കൈപ്പുനീർ കുടിക്കുമ്പോഴും നാഥനിൽ അഭയം തേടുകയും ചെയ്യലാണ് ക്ഷമ. പട്ടിണി കിടന്ന് വിഷമിക്കുമ്പോൾ പോലും സമ്പന്നരെപ്പോലെ ജീവിച്ച്, സൃഷ്ടികളോട് പരിഭവങ്ങൾ പങ്കുവെക്കാതെ കഴിയുന്നവനാണ് യഥാർഥ സൂഫി. പരാതിപ്പെടാതെ ഐശ്വര്യം പ്രകടിപ്പിക്കലാണ് സ്വബ്‌റെന്ന് ഇബ്‌നു അതാ ഇൽ ആദമി(റ)യും ഉണർത്തിയിട്ടുണ്ട്.
ഉറച്ച ഈമാനിന്റെ അടയാളമാണ് ക്ഷമ; കർമങ്ങളുടെയെല്ലാം മർമവും. ഈമാനെന്താണെന്ന ചോദ്യത്തിന് ക്ഷമയാണെന്നാണ് തിരുനബി(സ്വ) ഉത്തരം നൽകിയത്. യഥാർഥ ക്ഷമയുള്ളവർക്ക് വിജയം ഉറപ്പാണ്. അത് സ്വർഗത്തിലെ അമൂല്യ നിധിയാണെന്ന് കാണാം. പിശാചിനോടും ദേഹേച്ഛയോടും പൊരുതിനിൽക്കണമെങ്കിൽ ക്ഷമ അനിവാര്യം.
വിശുദ്ധ ഖുർആനിൽ എഴുപതിലധികം സ്ഥലങ്ങളിൽ ക്ഷമയുടെ മഹത്ത്വം പ്രതിപാദിക്കുന്നുണ്ട്. ക്ഷമയില്ലാത്തവർ പിശാചിന്റെ കൂട്ടാളികളാണ്. കോപം ശൈത്വാന്റെ കെണിവലകളിലൊന്നും. ക്ഷമയില്ലാത്തവരുടെ ഈമാൻ പൂർണമല്ലെന്നാണ് സ്വഹാബികളുടെ നിലപാട്.
ക്ഷമ മൂന്ന് രൂപത്തിലുണ്ട്. ഒന്ന്: നിർബന്ധ കാര്യങ്ങൾ ചെയ്യാനുള്ള ക്ഷമ. അതിനു മുന്നൂറ് പുണ്യമുണ്ട്. രണ്ട്: പാപങ്ങളിൽ നിന്നും അകന്നുനിൽക്കാനുള്ള ക്ഷമ. അതിനു അറുനൂറ് പുണ്യമുണ്ട്. മൂന്ന്: വിപത്തുകളുടെ ആദ്യഘട്ടത്തിൽ തന്നെയുള്ള ക്ഷമ. അതിന് തൊള്ളായിരം പ്രതിഫലവുമുണ്ടെന്ന് ഇബ്‌നു അബ്ബാസ്(റ) ഉണർത്തി.
സമ്പത്തിലോ സന്താനങ്ങളിലോ ശരീരത്തിലോ ഇലാഹീ പരീക്ഷണമുണ്ടാവുകയും അതിൽ ക്ഷമിക്കുകയും ചെയ്യുന്നവർക്ക് പരലോകത്ത് വിചാരണയുണ്ടാവില്ലെന്ന് ഹദീസുകൾ സൂചന നൽകുന്നു. പ്രതിസന്ധികൾക്കുള്ള പരിഹാരം പ്രതീക്ഷിച്ച് ക്ഷമയോടെ കാത്തിരിക്കുന്നത് പ്രതിഫലാർഹമായ ഇബാദത്താണെന്ന് റസൂൽ(സ്വ). ക്ഷമ ഈമാനിന്റെ ഭാഗമാണെന്ന ഹദീസ് ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്. ഈമാൻ രണ്ട് പാതികളാണ്. ഒരു പാതി ക്ഷമയും രണ്ടാം പാതി നന്ദിയുമാണെന്ന് മറ്റൊരു തിരുവചനത്തിൽ കാണാം.
ഭർത്താവും മൂന്ന് ആൺമക്കളും ഏക മകളും മരണപ്പെട്ടിട്ടും അല്ലാഹുവിന്റെ പരീക്ഷണത്തിൽ ക്ഷമയോടെ ജീവിച്ച ഒരു മഹതി ആലപിച്ച കവിതയിങ്ങനെ:
ഞാൻ ക്ഷമിച്ചിരിക്കുന്നു,
ക്ഷമയാണേറ്റവും നല്ല അഭയം.
അക്ഷമ ഫലശൂന്യമാണ്,
പിന്നെന്തിനു പരിഭ്രമിക്കണം ഞാൻ?
പർവതങ്ങൾ പോലും
ചിതറിത്തെറിക്കുന്ന ദുരിതങ്ങളെ
ക്ഷമയോടെ വരിച്ചു ഞാൻ.
ഇമാം ഗസ്സാലി(റ) എഴുതി: ‘ക്ഷമയുടെ ഫലങ്ങൾ രണ്ടാണ്. ഒന്ന്: ഇബാദത്തുകൾ ആനന്ദത്തോടെ നിർവഹിക്കാം. രണ്ട്: ദുൻയാവിലും ആഖിറത്തിലും ലഭിക്കുന്ന സമാധാനവും പുണ്യവും.’
അല്ലാഹുവിനോടുള്ള അടുപ്പത്തിനനുസരിച്ച് പരീക്ഷണങ്ങളുടെ തീക്ഷ്ണതയും കാഠിന്യവും വർധിക്കും. നബിമാർക്കും ഔലിയാക്കൾക്കുമായിരിക്കും ഏറ്റവും കഠോരമായ പരീക്ഷണം. സാധാരണയുണ്ടാകുന്ന പനിപോലും നബി(സ്വ)ക്ക് ഇരട്ടി പ്രയാസമായിരുന്നുവെന്ന് ഹദീസുകളിൽ കാണാം.
യഅ്ഖൂബ് നബി(അ)ന് മകൻ യൂസുഫ് നബി(അ) എഴുതിയ മറുപടിക്കത്തിൽ കാണാം: ‘ഉപ്പാ, നിങ്ങളുടെ പിതാക്കന്മാരായ നബിമാരെല്ലാം ക്ഷമിച്ചു, വിജയം വരിച്ചു. അതുകൊണ്ട് നിങ്ങളും ക്ഷമിക്കുക, അവർ വിജയം നേടിയ പോലെ വിജയിക്കുക.
ക്ഷമയുടെ നേട്ടങ്ങളിൽ ഖുർആൻ സൂചിപ്പിക്കുന്ന ഒരു ഫലം ജനങ്ങൾക്കിടയിലെ സ്വീകാര്യതയും അധികാരവുമാണ്. പുറമെ, അല്ലാഹുവിൽ നിന്നുള്ള കാരുണ്യവും അനുഗ്രഹവും ഉണ്ടാകുമെന്നും ഖുർആൻ ഉണർത്തുന്നു.
സ്വർഗത്തിലെ ഉന്നത പദവിയും അല്ലാഹുവിന്റെ പൊരുത്തവും അറ്റമില്ലാത്ത പ്രതിഫലവും ക്ഷമാശീലർക്ക് നാഥൻ വാഗ്ദാനം ചെയ്തിരിക്കുന്നു. ക്ഷമയെക്കാൾ പുണ്യം നിറഞ്ഞ മറ്റൊരു നന്മയും ഒരാൾക്കും അല്ലാഹു നൽകിയിട്ടില്ലെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. ഒരൽപനേരം ക്ഷമിക്കുന്നവർക്ക് പോലും എല്ലാ നന്മകളും ലഭിക്കുമെന്നും ഹദീസിൽ കാണാം.

അബ്ദുൽ ബാരി സിദ്ദീഖി കടുങ്ങപുരം

 

Exit mobile version