ജന്മം പാഴാക്കുന്ന എത്രയോ ആളുകളെ നാം കാണുന്നു. ലഹരിയില്‍ മുങ്ങുന്നവര്‍, ലോട്ടറിയില്‍ അഭയം തേടുന്നവര്‍, ചീട്ടുകളിയില്‍ സജീവമാകുന്നവര്‍, പലിശക്കു കൊടുത്ത് സമ്പന്നരാകുന്നവര്‍…
സമ്പത്തില്‍ നല്ലൊരു പങ്കും വ്യാജസിദ്ധന്മാര്‍ക്കും ജ്യോത്സ്യന്മാര്ക്കും നല്കി ജീവിതം തുലക്കുന്ന ചിലരുമുണ്ട്. എന്റെ പരിചയത്തിലുള്ള ഒരു ഇത്തയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഇത്ത സ്ഥിരമായിക്കാണുന്ന ഒരു “ബീവി’യുണ്ട്. പേരില്‍ മാത്രമേ ബീവിയുള്ളൂ. വാക്കും പെരുമാറ്റവും ദീനുള്ളവര്ക്ക് യോജിക്കാത്തതാണ്. മാരണപ്രവൃത്തിയില് പേരുകേട്ടവര്‍. ആപത്തിനെ പ്രതിരോധിക്കാന്‍ നമുക്കൊരു കള്ളി വരക്കാമെന്നാണ് പറയുക. അങ്ങനെ എത്രയോ കുടുംബങ്ങളെ കണ്ണീരു കുടിപ്പിച്ചിട്ടുണ്ട്. എത്രയോ വ്യാപാരികള്‍ കച്ചവടം പൊളിഞ്ഞ് വാലും പൊക്കി ഓടിയിട്ടുണ്ട്.
ഇത്ത ആദ്യമായി ബീവിയെ സമീപിച്ചത് ഭര്‍ത്താവിന്റെ കാര്യം പറയുവാനായിരുന്നു. മാംസക്കച്ചവടക്കാരനായ ഭര്‍ത്താവിന് ഭീഷണിയായി മറ്റൊരാള്‍ രംഗത്തെത്തിയിരിക്കുന്നു. അയാളെ തുരത്താന്‍ എന്താണു ചെയ്യേണ്ടത്?
ഇത്തയുടെ ചോദ്യം കേട്ട് ബീവി നാലു കള്ളി വരച്ചു. ഭര്‍ത്താവിന് സിഹ്റ് പറ്റിയതാണെന്നു പ്രവചിച്ചു. ആളെയും പറഞ്ഞുകൊടുത്തു. ഒരാളെക്കുറിച്ച് ഒരു ഊഹം ഇത്ത തന്നെ നല്‍കിയിരുന്നു. അത് ബീവി ശരിവെക്കുകയാണുണ്ടായത്.
ഊഹിച്ചു പറയാന്‍ പണ്ടേ, ഇത്ത മിടുക്കിയാണ്. ഭര്‍ത്താവ് നിത്യരോഗിയായത് അദ്ദേഹത്തിന്റ ജ്യേഷ്ഠന് നിമിത്തമാണെന്നാണ് ഇത്തയുടെ ഊഹം. ജ്യേഷ്ഠനെതിരെ എത്രയോ തവണ ഇത്ത കള്ളിവരപ്പിക്കാന് പോയിട്ടുണ്ട്.
മൂത്ത മകളുടെ ആദ്യ ഗര്‍ഭം നാലാം മാസത്തില്‍ അലസിയപ്പോള്‍ അതിന്റെ കുറ്റം അയല്‍വാസിയുടെ തലയിലായി. ഒരു ദിവസം രാവിലെ അയല്‍ക്കാര്‍ക്കെതിരെ പുലഭ്യം പറഞ്ഞു കൊണ്ടാണ് തന്റെ അരിശം തീര്‍ത്തത്. അന്ന്, വീട്ടുമുറ്റത്തേക്കു വന്ന അയല്ക്കാരന്റെ കോഴിയെ ഇത്ത എറിഞ്ഞു കൊല്ലുകയും ചെയ്തു. എല്ലാം ഞാന്‍ കണ്ടുപിടിച്ചിട്ടുണ്ടെന്ന് ഇത്ത പറഞ്ഞാല്‍, ബീവി അതു പറഞ്ഞുകൊടുത്തിട്ടുണ്ടെന്നാണ് സാരം.
രണ്ടാമത്തെ മകള്‍ക്ക് വിവാഹം വൈകിയപ്പോള്‍ എത്ര തവണയാണ് ബീവിയെ സമീപിച്ചതെന്ന് ചോദിച്ചാല്‍ കൃത്യമായും ഉത്തരമുണ്ടാവില്ല. ആരാണ് കല്യാണം മുടക്കുന്നതെന്ന് കണ്ടെത്താന്‍ ഇത്ത മുടക്കിയ പണത്തിന് കണക്കില്ല. ബീവിയാവട്ടെ ഓരോ വരവിനും ഓരോ ശത്രുക്കളെ കണ്ടുപിടിച്ച് ഇത്തയെ സംപ്രീതയാക്കിക്കൊണ്ടിരുന്നു.
അര ഏക്കര്‍ സ്ഥലത്താണ് ഇത്തയുടെ വീട്. എന്നും രാവിലെ തോട്ടം മുഴുവന്‍ അരിച്ചുപെറുക്കലാണ് അവരുടെ പണി. ധൃതിയില്‍ നടക്കുന്നതു കാണുള് വ്യായാമമാണെന്ന് കരുതിയവര്‍ക്ക് തെറ്റി. അയല്‍വാസികള്‍ മാരണം ചെയ്ത് തോട്ടത്തിലേക്ക് വല്ല കടലാസും എറിഞ്ഞിട്ടുണ്ടോ എന്നു കണ്ടുപിടിക്കാനാണ് എന്നുമുള്ള ഈ പെടാപാട്.
ഓരോ ദിവസവും സംശയങ്ങള്‍ വര്‍ധിക്കുന്നു. നാട്ടില്‍ നടക്കുന്ന മതപ്രസംഗങ്ങള്‍ക്കോ ഖുര്‍ആന്‍ ക്ലാസ്സുകള്‍ക്കോ മറ്റു ആത്മീയ ചടങ്ങുകള്‍ക്കോ മഹല്ലു മുഴുവന്‍ വന്നാലും ഇത്ത വീട്ടില്‍ നിന്നിറങ്ങില്ല. ആരെങ്കില് കൂടോത്രം ചെയ്ത സാധനങ്ങള്‍ ആ തക്കം നോക്കി വീട്ടിലിടുമോ എന്ന ശങ്ക ഇത്തയെ അലോസരപ്പെടുത്തുന്നതാണു കാരണം.
കല്യാണമാവട്ടെ, വേണ്ടപ്പെട്ടവരുടെ മരണമാവട്ടെ വീട് പൂട്ടിപ്പോവാന്‍ ഇത്തക്കു ഭയമാണ്. വിവാഹം ചെയ്തയച്ച മക്കളില്‍ ആരെയെങ്കിലും ഫോണ്‍ ചെയ്തുവരുത്തി അവരെ വീട്ടിലാക്കിയിട്ടേ ഇത്ത പുറത്തിറങ്ങൂ.
കഴിഞ്ഞ വര്‍ഷം കുഴല്ക്കിണറടിച്ചപ്പോഴും ഇത്ത സംശയത്തിന്റെ ഉച്ചിയിലായിരുന്നു. ഇരുനൂറ് കോല് താഴ്ത്തിയിട്ടും ഉറവ കണ്ടെത്താനായില്ല. തൊട്ടടുത്ത വീടുകളിലെല്ലാം നൂറു കോലിനു മുന്‍പേ വെള്ളം കണ്ടതാണ്.
ബേജാറ് കൂടിയ ഇത്ത രാത്രിയില്‍ തന്നെ ബീവിയെ തേടിയെത്തി. ഒരു ശത്രുവിനെ സംശയിച്ച്, മറുമരുന്ന് പ്രയോഗിച്ചാണ് മടങ്ങിപ്പോന്നത്. പക്ഷേ, വെള്ളം കാണാന്‍ പിന്നെയും നൂറ്റി അമ്പത് കോല് താഴ്ത്തേണ്ടിവന്നു. ഇപ്പോഴെങ്കിലും കണ്ടത് ബീവിയുടെ മിടുക്കു കൊണ്ടാണെന്ന് ഇത്തയുടെ ഭാഷ്യം.
സങ്കടകരമായ ഒരനുഭവം കഴിഞ്ഞയാഴ്ചയുണ്ടായി. ഗള്‍ഫില്‍ നിന്നും വന്ന മൂന്നാമത്തെ മകന് ആക്സിഡന്റില്‍ മരണപ്പെട്ടു. അവന് ലഹരിയുടെ അടിമയായിരുന്നു. ബാര്‍ ഹോട്ടലില്‍ കയറി, കമ്പനി കൂടി, ചെമന്ന കണ്ണുകളുമായി അവന് പറന്നുവരികയായിരുന്നു. ഒരു വളവില്‍ നിയമം ലംഘിച്ച് മറികടക്കവേ, എതിരേ വന്ന പാണ്ടിലോറി അവനെ ടയറിനടിയിലാക്കി. പുന്നാര മോന്റെ മുഖം അവസാനമായി കാണാന്‍ പോലും ഇത്തക്കായില്ല. ദുഃഖം സഹിക്കവയ്യാതെ അവര്‍ അബോധാവസ്ഥയിലായിരുന്നു അപ്പോള്‍.
ആത്മസംയമനം നേടാന്‍ പിന്നെയും ദിവസങ്ങളെടുത്തു. പക്ഷേ, സമാധാനിപ്പിക്കാന്‍ വന്നവര്‍ മുഴുവന്‍ താന്‍ ശത്രുക്കളുടെ പട്ടികയില്‍ ഇടം കൊടുത്തവരായിരുന്നു. അയല്‍വാസികള്‍, കുടുംബക്കാര്, ഭര്‍തൃസഹോദര ഭാര്യമാര്‍, അവരുടെ മക്കള്‍….
ഇവര്‍ക്കൊക്കെ എതിരായി എത്രയോ തവണ താന്‍ കാശ് മുടക്കിയിട്ടുണ്ടെന്ന് ഇത്ത ഞെട്ടലോടെ ഓര്‍ത്തു. അവരുടെ സാന്ത്വന വാക്കുകള്‍ തനിക്കെന്തു മാത്രം കുളിരാണെന്ന് തിരിച്ചറിഞ്ഞതില്‍ അവര്‍ക്കു കുറ്റബോധമുണ്ടായി. സ്നേഹം വാരിക്കോരി നല്കുന്ന ഇവര്‍ക്കൊക്കെ എങ്ങനെ തന്റെ ശത്രുവായിക്കാണാനാവും. എല്ലാം തന്റെ തെറ്റിദ്ധാരണകള്‍ മാത്രമായിരുന്നില്ലേ…
താന്‍ ശകാരവര്‍ഷം ചൊരിഞ്ഞ അയല്‍വാസികളാണ് ഇപ്പോള്‍ തന്റെ വീട്ടുകാര്യങ്ങള്‍ നോക്കുന്നത്. മക്കളൊക്കെ തളര്‍ന്നു കിടക്കുള് ആശ്വാസ വചനങ്ങളുമായി അവര്‍ മുഴുസമയവും വീട്ടില്‍ തന്നെയാണുള്ളത്. ശത്രുതയൊക്കെ തന്റെ ഊഹങ്ങളും സംശയങ്ങളും മാത്രം. അതിനെല്ലാമപ്പുറം, നാട്ടുകാര്‍ മുഴുവന്‍ സങ്കടക്കടലില്‍ മുങ്ങിയ ഈ ദുരന്തമുണ്ടായിട്ടും ആ ബീവിയൊന്ന് വരികയോ, ഫോണ്‍ ചെയ്യുകയോ ഉണ്ടായില്ല. അവര്‍ക്കു വേണ്ടത് തന്റെ കാശു മാത്രമാണ്. ശത്രുക്കളുടെ നിലനില്‍പ്പും കൂടോത്രങ്ങളുടെ സാന്നിധ്യവുമാണ്…. തിരിച്ചറിയാന്‍ വൈകിയല്ലോ, അല്ലാഹ്.
നല്ല വീട്16
ഇബ്റാഹിം ടിഎന്‍ പുരം