ടോയ്‌ലറ്റ് സംസ്‌കാരം ജീവൽ പ്രധാനം

വിശ്വാസത്തിന്റെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ശുചിത്വം. ആന്തരികമായ വിശുദ്ധി പോലെ തന്നെ ശ്രദ്ധിക്കേണ്ടതാണ് ബാഹ്യമായ വൃത്തിയും. ആത്മീയവും ഭൗതികവുമായ ശുദ്ധിയുണ്ടെങ്കിലേ മുസ്‌ലിമിന്റെ വിശ്വാസം പരിപൂർണമാവുകയുള്ളൂ. ഭൗതികമായ വൃത്തിയിൽ വിസർജനത്തിന് വലിയ പ്രാധാന്യമുണ്ട്. ഏറെ സൂക്ഷ്മതയോടെ വേണം ഇത് നിർവഹിക്കാൻ.
മലം, മൂത്രം, വിയർപ്പ്, കഫം, അശുദ്ധ രക്തം, കാർബൺഡൈ ഓക്‌സൈഡ് അടക്കമുള്ള അശുദ്ധ വായു തുടങ്ങിയ മാലിന്യങ്ങളെല്ലാം ജൈവികമായി തന്നെ മനുഷ്യശരീരം സ്വയം പുറംതള്ളുന്നുണ്ട്. ശരീരത്തിന് ഈ പ്രക്രിയക്കാവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുക, ഏറ്റവും വെടിപ്പിൽ അത്തരം കാര്യങ്ങൾ നിർവഹിക്കുക, രോഗസാധ്യതകൾ പരമാവധി തടയുക, സർവോപരി ശരീഅത്ത് നിഷ്‌കർഷിച്ച മര്യാദകൾ സൂക്ഷിക്കുക തുടങ്ങിയവയാണ് നമുക്ക് ചെയ്യാനുള്ളത്. ശരീരത്തിൽ അധികമായി വരുന്ന എനർജി പുറത്തു കളയാനാവശ്യമായ വ്യായാമവും ആരോഗ്യത്തിന് അനിവാര്യമാണ്. നിയതമായ ലൈംഗിക ബന്ധവും അതിന്റെ ഭാഗം തന്നെ.
ടോയ്‌ലറ്റ് ഉപയോഗത്തിൽ ഒരുപാട് കാര്യങ്ങളിൽ പലരും അശ്രദ്ധരാണ്. പണ്ട് ‘തണ്ടാസ്’ എന്നാണ് ടോയ്‌ലറ്റിന് പറഞ്ഞിരുന്നത്. മലായ് ഭാഷയാണതിന്റെ അടിസ്ഥാനം. അറബിയിൽ മലമൂത്ര വിസർജന സ്ഥലത്തിന് ‘ഖലാഅ്’ എന്നാണ് പറയുക. ആളൊഴിഞ്ഞ പ്രദേശം എന്നാണർത്ഥം. ജനങ്ങളിൽ നിന്നും അൽപം മാറിയിട്ടാകണം മലമൂത്ര വിസർജനം നടത്തേണ്ടത്. വഴിയിലോ മരങ്ങൾക്കു താഴെയോ പൊത്തുകളിലോ ഒന്നും വിസർജിക്കരുത്. പല രൂപത്തിലുള്ള സാമൂഹിക ബുദ്ധിമുട്ടുകൾ അതിനാലുണ്ടാകും.

വിസർജിക്കുന്നതിന്റെ ശബ്ദവും ഗന്ധവും പുറത്തുവരരുത്. ഈ ലക്ഷ്യത്തോടെ മുൻകാലങ്ങളിൽ വീട്ടിൽ നിന്ന് അൽപം ദൂരെയാണ് ടോയ്‌ലറ്റുകൾ സ്ഥാപിച്ചിരുന്നത്. ഇന്ന് ഫ്‌ളഷ് ഔട്ടും മറ്റു സൗകര്യങ്ങളും ഉപയോഗിച്ച് ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുള്ള സാഹചര്യം സംജാതമായപ്പോൾ അവ വീടിനകത്തേക്ക് കയറിവന്നു. എന്നിരുന്നാലും ബെഡ്‌റൂമിൽ അത് അഭികാമ്യമല്ല. ഡ്രസ്സിഗ് റൂം പോലെ ഒരു ഇടനാഴി കൊണ്ടെങ്കിലും ഒരു വിഭജനം വരുത്താൻ ശ്രമിക്കുന്നത് നല്ലതാണ്.
ആത്യന്തികമായി ടോയ്‌ലറ്റുകൾ പിശാചിന്റെ ഭവനമാണെന്നിരിക്കെ അധിക സമയം അനാവശ്യമായി അതിനകത്ത് ചെലവഴിക്കരുത്. അതുകൊണ്ട് കൂടിയാണ് അതിലേക്ക് പ്രവേശിക്കുമ്പോഴും അതിൽ നിന്ന് പുറത്തുവരുമ്പോഴുമൊക്കെ നാം ദിക്‌റുകൾ ശീലമാക്കുന്നത്. ഇടതുകാൽ വെച്ച് അതിനകത്തു പ്രവേശിക്കണം. വലതുകാൽ വെച്ച് പുറത്തിറങ്ങുകയും വേണം. മതത്തിന്റെ കൽപനകൾക്ക് പല സിർറു(രഹസ്യങ്ങൾ)കളും ഉപകാരങ്ങളുമുണ്ടാകുമെന്ന് ഉൾക്കൊള്ളണം. അകത്തുവെച്ച് അനാവശ്യമായി സംസാരിക്കരുത്. മൊബൈൽ കൊണ്ടുപോവുകയുമരുത്. അതുകൊണ്ട് ധാരാളം ബുദ്ധിമുട്ടുകളുണ്ട്. നമ്മുടെ മൊബൈൽ ക്യാമറകൾ വളരെ ദൂരെ നിന്ന് നിയന്ത്രിക്കാൻ കഴിയുന്ന ഹാക്കർമാരുള്ള ഇക്കാലത്ത് ജാഗ്രത അനിവാര്യം.
ടോയ്‌ലറ്റ് അപകടങ്ങൾ വൃദ്ധർക്കിടയിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ കാരണങ്ങൾ പലതാണ്. ടോയ്‌ലറ്റിന്റെ വിതാനം സാധാരണ റൂമിന്റേതിനെക്കാൾ താഴ്ന്നാകുമ്പോൾ അവർക്ക് ആഞ്ഞു ചവിട്ടേണ്ടി വരുകയും വീഴാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. നിലം നനഞ്ഞിരിക്കുന്നതും പ്രശ്‌നം സൃഷ്ടിക്കുന്നു. വഴുതി വീഴാനിത് കാരണമാകും. അതുകൊണ്ട് ഡ്രൈ ടോയ്‌ലറ്റ് സിസ്റ്റം നാം ശീലിക്കണം. ആവശ്യമില്ലാത്തിടത്ത് വെള്ളം വീഴാനിട വരരുത്. വെള്ളം ക്ലോസറ്റിൽ മാത്രമായി ഒതുങ്ങണം. കുളിക്കാനും കാലു കഴുകാനുമൊക്കെ ഗ്ലാസ് റൂമോ മറ്റോ ഉപയോഗിച്ച് വെള്ളം അതിൽ മാത്രമായി തടഞ്ഞുവെക്കണം. അതുപോലെത്തന്നെ, സോപ്പും മറ്റും ഉപയോഗിക്കുമ്പോൾ നിലത്ത് വഴുവഴുപ്പ് വരുന്നതുകൊണ്ട് കുളിക്കുമ്പോൾ (പ്രത്യേകിച്ചും വൃദ്ധർ) സ്റ്റൂളിലോ പലകയിലോ ഇരുന്ന് കുളിക്കുന്നത് നന്നാകും.
ടോയ്‌ലറ്റിൽ ചെരുപ്പ് അനിവാര്യമാണ്. തല മറക്കുകയും വേണം. സ്ഥിരമായി ഉപയോഗിക്കുന്ന ചെരുപ്പ് പായൽ പിടിക്കുന്നത് അറിഞ്ഞുകൊള്ളണമെന്നില്ല. പേഴ്‌സണൽ ടോയ്‌ലറ്റ് ഉപയോഗിക്കുന്നവർ അവിടത്തെ ചെരുപ്പ് വൃത്തിയായി സൂക്ഷിക്കണം, ഫംഗസ് നീക്കണം. സ്ലിപ്പാകാത്ത ടൈൽസും ചെരുപ്പുമാണ് ടോയ്‌ലറ്റിലെന്ന് ഉറപ്പ് വരുത്തുകയും വേണം.
ഒരിക്കൽ ഒരു മസ്ജിദിൽ ചെന്നപ്പോൾ മൂത്രമൊഴിക്കാൻ ഇമാമിന്റെ റൂമിലെ ടോയ്‌ലറ്റിൽ പോകാമെന്ന് ഒരാൾ പറഞ്ഞു. ഒരു വ്യക്തി മാത്രമുപയോഗിക്കുന്ന ടോയ്‌ലറ്റായതിനാൽ വൃത്തിയുണ്ടാകുമെന്നായിരിക്കണം നിർദേശിച്ചയാൾ കരുതിയിരിക്കുക. എന്നാൽ ചെന്നു നോക്കുമ്പോൾ അതായിരുന്നില്ല അനുഭവം. മറ്റുള്ളവർക്കും ഉപയോഗിക്കാവുന്ന രൂപത്തിൽ സ്വന്തം ടോയ്‌ലറ്റ് കൈകാര്യം ചെയ്യണം. ഇമാമുമാരും ഉയർന്ന പദവികളിലുള്ളവരും പള്ളിയിലെ പൊതുടോയ്‌ലറ്റുകൾ തന്നെ ഉപയോഗിച്ചാൽ കൂടുതൽ വൃത്തിയായി സൂക്ഷിക്കാൻ അത് കാരണമാകും. എഞ്ചിനീയർമാരും അതേ ടോയ്‌ലറ്റുകൾ തന്നെ ഉപയോഗിക്കുകയാണെങ്കിൽ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം എന്ന് അവർക്ക് വ്യക്തമാവുകയും ചെയ്യും.
ഡോർ അകത്തേക്കാവണം തുറക്കേണ്ടത്. തുറക്കുമ്പോൾ ശരീരത്തിലും വസ്ത്രത്തിലുമൊന്നും തട്ടാത്തത്രയും വിശാലത ബാത്‌റൂമിന് വേണം. ഇടുങ്ങിയ റൂമിൽ രോഗി ക്ലോസറ്റ് (യൂറോപ്യൻ ക്ലോസറ്റ്) തീരെ യോജ്യമല്ല. വസ്ത്രത്തിലും ശരീരത്തിലും നജസാകാൻ സാധ്യത കൂടുതലാണ്. യൂറോപ്പിലെ ആരോഗ്യ ചിന്തയുള്ളവർ ആ ക്ലോസറ്റ് ഉപയോഗിക്കുന്നില്ല എന്നാണ് വസ്തുത. സ്ഥിരമായുള്ള യൂറോപ്യൻ ക്ലോസറ്റ് ഉപയോഗം നിത്യരോഗങ്ങളിലേക്ക് നയിക്കും.
യൂറോപ്യൻ ക്ലോസറ്റ് ഉപയോഗിക്കുകയാണെങ്കിൽ ക്ലോസറ്റിനു മുകളിൽ നിർബന്ധമായും റിംഗ് വേണം. അത് ഡ്രൈയും വൃത്തിയുള്ളതുമാകണം. സ്വന്തം ടോയ്‌ലറ്റാണെങ്കിൽ പോലും അതിനു മുകളിൽ പേപ്പർ വിരിക്കണം. പേപ്പർ ഡൈജസ്റ്റബിളാകണം. ക്ലോസറ്റിലേക്ക് തന്നെ പേപ്പർ വീണാൽ മാലിന്യം മറയുകയും ചെയ്യും. ടിഷ്യൂ പേപ്പറോ സാധാരണ കടലാസോ മറ്റോ ഉപയോഗിച്ചാൽ അത് ഡൈജസ്റ്റാകില്ല. പൈപ്പിൽ ബ്ലോക്ക് വരാൻ സാധ്യത കൂടുതലുമാണ്.
ആരോഗ്യവാനായയാൾ ഒരു കാരണവശാലും യൂറോപ്യൻ ക്ലോസറ്റ് ഉപയോഗിക്കരുത്. ഒരാളുടെ ഉയരത്തിന്റെ അഞ്ചിരട്ടിയാണ് അയാളുടെ ചെറുകുടലിന്റെ നീളം. ഒടിഞ്ഞു മടങ്ങിയ ദഹന പ്രക്രിയക്കൊടുവിൽ അവസാനം മാലിന്യം സംഭരിക്കപ്പെടുന്നത് വയറിന്റെ ഇടത്തേ ഭാഗത്തെ സഞ്ചിക്കകത്താണ്. അതിന് അമർച്ച കിട്ടുമ്പോഴാണ് മാലിന്യം പൂർണമായും പുറത്ത് പോവുക. ഇടത് കാലിന്മേൽ ഭാരം കൊടുക്കണമെന്ന് പറയുന്നത് അതുകൊണ്ടു കൂടിയാണ്. യൂറോപ്യൻ ടോയ്‌ലറ്റിൽ ഇത് അസാധ്യം. തുടയും കണങ്കാലും ചേർന്ന് നിൽക്കുന്ന രൂപത്തിൽ കാല് മടക്കി വേണം ഇരിക്കാൻ. അത് ആരോഗ്യത്തിന്റെ വലിയ അടയാളം കൂടിയാണ്.
പൂർണമായും മാലിന്യം പോകുന്നതിന്റെ മുമ്പ് ധൃതികാണിച്ച് എഴുന്നേൽക്കരുത്. ഗുഹ്യാവയവങ്ങൾ നന്നായി വൃത്തിയാക്കുകയും വേണം. ‘ഇസ്തിജ്മാർ’ സുന്നത്താണ്. അതിന് കല്ല് തന്നെ വേണമെന്നില്ല, പേപ്പറായാലും മതി. ആദ്യം അതുകൊണ്ട് വൃത്തിയാക്കുക. ശേഷം വെള്ളമുപയോഗിച്ചും ശൗചം ചെയ്യുക. നിർബന്ധമായ കർമം നമ്മൾ വെള്ളംകൊണ്ട് ചെയ്യുന്നുണ്ടെങ്കിലും കൂടെ സുന്നത്തായ ഇസ്തിജ്മാർ നടത്തുന്നത് അഭികാമ്യമാണ്. പാശ്ചാത്യരെ പോലെ പേപ്പർ മാത്രമായാൽ യഥാവിധി വൃത്തിയാകാത്ത ബുദ്ധിമുട്ടുകൾ വരും. ഇങ്ങനെ ആദ്യം പേപ്പർ ഉപയോഗിക്കുമ്പോൾ മാലിന്യം നേരിട്ട് കൈയിൽ സ്പർശിക്കില്ല. പോരാത്തതിന് വെള്ളം കുറച്ച് മതിയാവുകയും ചെയ്യും.
യൂറോപ്യൻ ക്ലോസറ്റ് സ്ഥിരമായി ഉപയോഗിക്കുന്നതിന്റെ കൂടി ഫലമായി കുട്ടികളിലും യുവാക്കളിലും വരെ ഇക്കാലത്ത് മുട്ട് വേദനയും മറ്റും കണ്ടുവരുന്നുണ്ട്. അത് രോഗികളായ ഒരു തലമുറയെ സൃഷ്ടിക്കും. പള്ളിയിൽ കസേര നിസ്‌കാരക്കാരുടെ എണ്ണം വർധിക്കുകയും ചെയ്യും. വയറ് ശരിക്കും ക്ലീനാകാത്തതിനാൽ പലതരം അസുഖങ്ങൾ ബാധിച്ചേക്കാം. ഇതോടൊപ്പം, കുടിവെള്ളത്തിന്റെ ടാങ്കിൽ നിന്നു തന്നെ ഫ്‌ളഷിലേക്കും കണക്ഷൻ നൽകുന്നത് നന്നല്ല. രോഗാണുക്കൾ ടാങ്കിലെത്താൻ അത് കാരണമാകും. നോളജ് സിറ്റി മസ്ജിദിൽ 20% മാത്രമാണ് ഇത്തരം കക്കൂസുകൾ സംവിധാനിച്ചിട്ടുള്ളത്. ദുർബലരെ പരിഗണിച്ചാണത്. വീടുകളിൽ ഇവയുടെ എണ്ണം പരമാവധി കുറക്കണം. പ്രത്യേകിച്ചും, പൊതുവിടങ്ങളിലും അതിഥികൾ വരുന്നിടങ്ങളിലുമെല്ലാം അമർന്നിരിക്കുന്ന ക്ലോസറ്റുകൾ നാം ശീലിക്കണം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. ആരോഗ്യമുള്ള ഒരു സമൂഹത്തിനു മാത്രമേ ക്രിയാത്മകമായി ജീവിക്കാൻ സാധിക്കൂ. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ അശ്രദ്ധ മൂലം നമ്മൾ നശിപ്പിച്ചുകളയരുത്. അതിന് വലിയ വില കൊടുക്കേണ്ടിവരും.

 

ഡോ. എപി അബ്ദുൽ ഹകീം അസ്ഹരി

Exit mobile version