നികാഹ് കഴിഞ്ഞതും പടക്കം പൊട്ടിത്തുടങ്ങിയതും ഒന്നിച്ചാണ്. ഹോളി ആഘോഷം പോലെ ഒരു ചെറുപ്പക്കാരന്‍ കളര്‍ പൊടികള്‍ സദസ്സില്‍ വിതറാനും തുടങ്ങി. വീട്ടുകാരന്‍ പ്രത്യേകമായി ക്ഷണിച്ചുവരുത്തിയ സയ്യിദന്മാരുടെയും ഉസ്താദുമാരുടെയും അതിഥികളുടെയും തൂവെള്ള വസ്ത്രത്തില്‍ അവ വര്‍ണരാജി തീര്‍ത്തു. ഭക്ഷണം കഴിക്കാന്‍ നില്‍ക്കാതെ അവരെല്ലാം സ്ഥലം വിട്ടപ്പോള്‍ ഗൃഹനാഥനാണ് തളര്‍ന്നത്. കയ്യാങ്കളിയായി. കൂട്ടത്തല്ലിനിടയില്‍ ഭക്ഷണ പാത്രത്തിലേക്ക് ആരോ മണ്ണ് വാരിയെറിഞ്ഞു. കുറച്ചു മുമ്പുണ്ടായ ഒരനുഭവം!
വരന്റെ കൂട്ടുകാരുടെ പരാക്രമങ്ങള്‍ വിശുദ്ധമായ വൈവാഹിക ബന്ധത്തിലൂടെ രണ്ടു ജീവിതങ്ങളെ, കുടുംബങ്ങളെ വിളക്കിച്ചേര്‍ക്കുന്നതിനു പകരം ഒരുപാടു മനസ്സുകളില്‍ തീയാണു പകര്‍ന്നത്.
ഈയിടെ ഒരു സുഹൃത്ത് ചില വിവാഹാഭാസങ്ങളുടെ ക്ലിപ്പുകള്‍ കാണിച്ചുതന്നു. ഒന്നില്‍ മൈക്ക് കെട്ടിയ ഓട്ടോറിക്ഷക്കു പിറകില്‍ വരനും വധുവും നടന്നുനീങ്ങുന്നു. കേള്‍ക്കാനറക്കുന്ന പാട്ടുകള്‍ പാടി നൃത്തം വെച്ചുകൊണ്ട് ഒരുസംഘം യുവാക്കളും. രണ്ടാമത്തേതില്‍ മിനി ഗുഡ്സിലാണു മണവാളനും മണവാട്ടിയും. മറ്റൊന്നില്‍ മണ്ണുമാന്തി യന്ത്രത്തിന്റെ കൊട്ടയിലും.
കുത്തഴിഞ്ഞിരിക്കുന്നു ഇപ്പോഴത്തെ ചില വിവാഹ വേദികള്‍. വിവാഹത്തിന്റെ മാധുര്യവും ഭക്തിയും നന്മയുമൊക്കെ നഷ്ടപ്പെടുത്തുന്ന വിധം ആഭാസങ്ങള്‍ അരങ്ങുവാഴുന്നു. കല്യാണത്തലേന്നു നടക്കുന്ന താന്തോന്നിത്തങ്ങള്‍ക്ക് കൈയും കണക്കുമില്ല. ഗാനമേളകളുടെയും മറ്റും മറവില്‍ മദ്യം വിളമ്പുന്നു. കല്യാണച്ചടങ്ങുകളില്‍ ആണും പെണ്ണും കൂടിക്കലരുന്ന സാഹചര്യങ്ങളുമേറെ.
പാശ്ചാത്യന്‍ രീതിയായ “ബുഫെ’ സിസ്റ്റമാണിന്നു ഭക്ഷണശാലയില്‍. സംസ്കാരത്തകര്‍ച്ചയാണിതെന്നു പറയണം. യാചന പാത്രവുമായി വിതരണക്കാരെ സമീപിക്കാന്‍ മാത്രം മാനം കെട്ടിട്ടില്ലാത്ത കാരണവന്മാരും പണ്ഡിതരുമടക്കമുള്ള വിശിഷ്ടാതിഥികള്‍ ഭക്ഷണം കഴിക്കാതെ തിരിച്ചുപോകുന്ന അവസ്ഥയുമുണ്ട്.
വിവാഹദിനത്തിലെ നിസ്കാരക്കാര്യം പരിതാപകരമാണ്. സൗകര്യമൊരുക്കാത്തതുമൂലം സ്ത്രീകള്‍ക്ക് നിസ്കാരം നഷ്ടമാവുന്ന സാഹചര്യമുണ്ട്. കുടുംബനാഥന്‍ മുതല്‍ വിവാഹത്തിനൊരുങ്ങിയെത്തുന്ന ആണും പെണ്ണുമെല്ലാം നിസ്കാരവും നിര്‍ബന്ധ അനുഷ്ഠാനങ്ങളുമൊഴിവാക്കുമ്പോള്‍ പാപത്തിനു കൂടിയാണ് നാം ആതിഥ്യമരുളുന്നത്. ആഡംബരമാണ് മറ്റൊരു ദൂഷ്യം. പാവപ്പെട്ടവര്‍ പോലും ഈ കുത്തൊഴുക്കില്‍ പെടുന്നു.
ഹറാമുകള്‍ നടക്കുന്ന വിവാഹാഘോഷങ്ങളില്‍ റഹ്മത്തും ബറകത്തും നഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ നികാഹുകള്‍ പലതും ആയുസ്സില്ലാതെയും ഒരുമയില്ലാതെയും തരിപ്പണമാകുന്നു. കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുമ്പോള്‍ തിരിച്ചുപിടിക്കേണ്ടത് ഇസ്‌ലാമിക മൂല്യങ്ങളാണ്. മഹല്ല് കമ്മിറ്റികളും ഖതീബുമാരും അതിനുത്സാഹിക്കണം. പ്രായോഗികമെന്നു തോന്നിയ ചില നിര്‍ദേശങ്ങള്‍:
നികാഹ് പള്ളിയിലേക്ക് മാറ്റുക
മഹല്ലില്‍ നടക്കുന്ന നികാഹുകളൊക്കെ പള്ളിയില്‍ വെച്ച് നടത്തുന്നത് നികാഹിന്റെ ആത്മീയ ചൈതന്യത്തിനു നല്ലതാണ്.
പെരുമാറ്റച്ചട്ടം ഉണ്ടാക്കുക
മഹല്ലിന്റെ പരിധിയില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുക. ആഡംബരം, ജീര്‍ണത, നിര്‍ബന്ധിത സ്ത്രീധനം, ആണ്‍പെണ്‍ കൂടിക്കലരല്‍, അനാചാരങ്ങള്‍ എന്നിവക്കെതിരെ ബോധവത്കരിക്കണം. ധാര്‍മിക ഉയര്‍ത്തിപ്പിടിക്കാന്‍ ഇതനിവാര്യമാണ്.
മോണിറ്ററിംഗ് കമ്മിറ്റി
വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന അനാചാരങ്ങള്‍ ഒഴിവാക്കാനും പെരുമാറ്റച്ചട്ടം നടപ്പിലാക്കാനും മഹല്ല് ഖതീബ്, പ്രധാന ഭാരവാഹികള്‍, നാട്ടിലെ ദീനീ പ്രബോധകര്‍ എന്നിവരടങ്ങുന്ന മോണിറ്ററിംഗ് കമ്മിറ്റിക്ക് രൂപം കൊടുക്കാം. വ്യക്തിതാല്‍പര്യങ്ങളും സ്വാര്‍ത്ഥ ചിന്തകളും ഈ മോണിറ്ററിംഗ് കമ്മിറ്റിയെ സ്വാധീനിക്കാന്‍ പാടില്ല.
പ്രീമാരിറ്റല്‍ ക്ലാസുകള്‍
വിവാഹം ഉറപ്പിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേകം പ്രത്യേകം പ്രീമാരിറ്റല്‍ ക്ലാസ്സുകള്‍ നടത്തുക. ഈ ക്ലാസ്സുകളില്‍ വിവാഹ സുദിനത്തിന്റെയും നികാഹിന്റെയും പ്രാധാന്യവും കുടുംബ ജീവിതത്തിലെ പരസ്പര വിട്ടുവീഴ്ചയുമൊക്കെ കടന്നുവരണം.
ബോധവത്കരണം
വിവാഹം ഉറപ്പിച്ചു കഴിഞ്ഞാല്‍ വധുവിന്റെയും വരന്റെയും വീട്ടുകാരെ വിളിച്ചുവരുത്തി മോറല്‍ ക്ലാസ് കൊടുക്കാം.
ഭക്ഷണത്തിലെ ക്രമീകരണം
ആഡംബരം നിറഞ്ഞ ഭക്ഷ്യ ശീലങ്ങള്‍ക്കപ്പുറം മിതമായ ഭക്ഷണ രീതികള്‍ പ്രോത്സാഹിപ്പിക്കണം.
വിവാഹ ഓഡിറ്റോറിയങ്ങളില്‍, വീടുകളില്‍ നിസ്കരിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുക. ആണ്‍പെണ്‍ സങ്കലനമില്ലാതെ ഭക്ഷണ വിതരണവും മറ്റും നടപ്പിലാക്കാന്‍ കഴിയണം. ഓരോ വിവാഹവും മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുകയും അതിലെ പോരായ്മകളും മറ്റും വീട്ടുകാരെ അറിയിക്കുകയും തിരുത്താന്‍ ആവശ്യപ്പെടുകയും വേണം.
വനിതാ കോര്‍ണര്‍
സയ്യിദ് ഹുസൈന്‍ വാടാനപ്പള്ളി