നബിദിനാഘോഷം ശിർക്കായത് എന്നുമുതൽ?

പ്രപഞ്ചത്തിന് മുഴുവൻ അനുഗ്രഹമായ തിരുനബി(സ്വ)യുടെ ജന്മദിനം ലോക മുസ്‌ലിംകൾ അവിടത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനും റസൂൽ(സ്വ) മുഖേന അല്ലാഹു നമ്മെ അനുഗ്രഹിച്ചതിന് നന്ദി പ്രകടിപ്പിക്കാനുമുള്ള അവസരമായി കൊണ്ടാടുകയും ചെയ്യുന്നു. എന്നാൽ പ്രവാചകർ(സ്വ)യെ ഇകഴ്ത്തിയും നിസ്സാരവൽകരിച്ചും ശീലിച്ച വഹാബി പ്രസ്ഥാനം ഈ അനുഗ്രഹത്തിന് ശുക്‌റായി നടത്തുന്ന പരിപാടികളെ പോലും ഒരുവേള ശിർക്കും പിന്നീട് ബിദ്അത്തുമായി ചിത്രീകരിക്കുന്നത് കാണാം. അവരെഴുതി: മേൽപറഞ്ഞ തെളിവുകളിൽ നിന്ന് മൗലിദാഘോഷിക്കൽ ശിർക്കും ബിദ്അത്തുമാണെന്ന് നാം മനസ്സിലാക്കി (ഇസ്‌ലാഹ് മാസിക 2008 ഫെബ്രുവരി).
നബി(സ്വ)യുടെ പൊരുത്തം ആഗ്രഹിക്കൽ അതിൽ അടങ്ങിയിട്ടുണ്ട് എന്നതാണ് ഇത് ശിർക്കാകാനുള്ള കാരണമായി മൗലവിമാർ കണ്ടെത്തിയിരിക്കുന്നത്. അങ്ങനെയെങ്കിൽ മാതാപിതാക്കളുടെ പൊരുത്തം ലഭിക്കണമെന്നാഗ്രഹിക്കുന്ന മക്കൾ ഈ വാദപ്രകാരം ഇസ്‌ലാമിൽ നിന്നും പുറത്താകുമല്ലോ. ‘മാതാപിതാക്കളുടെ പൊരുത്തത്തിലാണ് അല്ലാഹുവിന്റെ പൊരുത്തം’ എന്നല്ലേ തിരുനബി(സ്വ) പഠിപ്പിച്ചത്. മാത്രമോ, സ്വന്തം മാതാപിതാക്കളെക്കാളും മക്കളെക്കാളും മറ്റുള്ള മുഴുവൻ ജനങ്ങളെക്കാളും പ്രിയം നബി(സ്വ)യോടാകുന്നത് വരെ നിങ്ങളിൽ ഒരാളും പരിപൂർണ മുഅ്മിനാവുകയില്ല (ബുഖാരി) എന്നതും അവിടന്നു തന്നെ പഠിപ്പിച്ചതല്ലേ? അല്ലാഹു പറഞ്ഞു: സത്യവിശ്വാസികൾക്ക് പൊരുത്തം സമ്പാദിക്കുവാൻ ഏറ്റവും അവകാശപ്പെട്ടവർ അല്ലാഹുവും അവന്റെ തിരുദൂതരുമാണ് (തൗബ 62). അതിനാൽ പ്രവാചകർ(സ്വ)യുടെ പൊരുത്തം ആഗ്രഹിച്ച് ഒരാൾ നബിദിനം ആഘോഷിച്ചാൽ പോലും അതിൽ യാതൊരു പന്തികേടുമില്ല. അതുകൊണ്ട് തന്നെയാണ് മുജാഹിദ് പ്രസ്ഥാനത്തിന് ബീജാവാപം നൽകിയ നേതാക്കൾ തന്നെ നബിദിനം ആഘോഷിച്ചതും ആഘോഷിക്കാൻ കൽപിച്ചതും. ഈ വസ്തുത സ്വന്തം മുഖപത്രമായിരുന്ന അൽമുർശിദിലും അൽഇർശാദ്, അൽഇത്തിഹാദ്, അൽമനാർ, അൽഅൻസാരി പേലുള്ള മറ്റു പ്രസിദ്ധീകരണങ്ങളിലും രേഖപ്പെട്ടു കിടക്കുന്ന യാഥാർഥ്യമാണ്.
പിന്നെ എന്നു മുതലാണ് ഇവർക്ക് നബിദിനം ശിർക്കായത്? ഈ ചോദ്യത്തിന് മുമ്പിൽ മുജാഹിദ് പണ്ഡിതർ പലപ്പോഴും പ്രതിരോധത്തിലാകുന്നത് കൊണ്ട് അതിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ച് വഷളാകുന്നത് കാണാം: ‘നബിദിനമാഘോഷിക്കാൻ വഹാബികളുടെ പൂർവ്വീകന്മാർ അൽഇർശാദിലൂടെയും അൽമുർശിദിലൂടെയും ആഹ്വാനം ചെയ്യുന്നു എന്ന് പച്ചക്കള്ളം പറയുന്ന മുല്ലമാരേ, ആ ലേഖനങ്ങൾ ഏതെങ്കിലും ഒരു സ്റ്റേജിൽ വച്ച് മുഴുവനായും വായിക്കാൻ തയ്യാറുണ്ടോ?’ (ഇസ്‌ലാഹ് 2007 ഏപ്രിൽ, പേ: 33). മുജാഹിദിന്റെ സ്ഥാപക നേതാക്കൾ നബിദിനമാഘോഷിക്കുവാൻ ആഹ്വാനം ചെയ്തിരുന്നു എന്ന് നാം പറഞ്ഞത് പച്ചക്കള്ളമാണെന്നും അങ്ങനെ ആഹ്വാനം ചെയ്തിട്ടില്ല എന്നുമാണ് മൗലവി പറയുന്നത്. പ്രസ്തുത വെല്ലുവിളിക്ക് മറുപടി പറയും മുമ്പ് മറ്റൊരു ഇസ്‌ലാഹ് മാസിക ഉദ്ധരിക്കാം: ‘കേള മുസ്‌ലിം ഐക്യസംഘം അതിന്റെ ആദ്യവർഷങ്ങളിൽ ചില മൗലിദ് യോഗങ്ങൾ നടത്തിയിരുന്നു എന്നത് വാസ്തവമാണ്. അന്നദാനങ്ങളോ മൗലിദ് ഗാനാലാപനങ്ങളോ ഇല്ലാത്ത വെറും യോഗങ്ങളായിരുന്നു അവ’ (ഇസ്‌ലാഹ് മാസിക 2005 ജൂൺ). മുജാഹിദ് പ്രസ്ഥാനം ആദ്യകാലങ്ങളിൽ മൗലിദ് യോഗങ്ങൾ നടത്തിയിരുന്നില്ല എന്ന സ്വന്തം വാദത്തെ ഇസ്‌ലാഹ് തന്നെ ഖണ്ഡിക്കുന്നതാണ് ഈ കണ്ടത്. പക്ഷേ, ഇവിടെ മറ്റൊരു കളവ് അവർ ഒപ്പിച്ചെടുത്തിരിക്കുന്നു. കളവിന്റെ മേൽ സ്ഥാപിതമായ പ്രസ്ഥാനത്തിന് കളവില്ലാതെ ഒന്നും പറയാൻ സാധ്യമല്ലെന്നത് സ്വഭാവികം! മൗലിദ് പാരായണമോ അന്നദാനങ്ങളോ ഇല്ലാത്ത വെറും യോഗമായിരുന്നു മുമ്പ് വഹാബികൾ നടത്തിയിരുന്നതത്രെ. അതു സത്യമാണോ?

മൗലിദാഘോഷവും ചീരണിയും

അന്നത്തെ വഹാബി മൗലിദ് യോഗങ്ങൾ എങ്ങനെയായിരുന്നുവെന്നു കാണുക: ‘ഈ സന്ദർഭത്തിൽ 2 കൊല്ലക്കാലമായി മുസ്‌ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരാറുള്ള മൗലിദാഘോഷം ഈ പ്രാവശ്യവും റബീഉൽ അവ്വൽ പന്ത്രണ്ടാം തിയ്യതി ഭംഗിയായി കഴിഞ്ഞുകൂടി എന്നുള്ള വിവരം ഞങ്ങൾ വായനക്കാരെ സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു. ഏറിയാട് ലോവർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് കൊണ്ടാടപ്പെട്ട ഈ സുദിനത്തിൽ കൂടിയ വിദ്യാർത്ഥി സമ്മേളനത്തിലും മഹായോഗത്തിലും നബി(സ്വ)യുടെ ജനനം, ബാല്യം, മതപ്രചരണം, സ്വഭാവ വൈശിഷ്ട്യം എന്നിങ്ങനെ നബിചരിത്രത്തിലെ പ്രധാനപ്പെട്ട മിക്ക ഭാഗങ്ങളെയും കുറിച്ച് മലയാളത്തിൽ ഓരോ മാന്യന്മാർ പ്രസംഗിച്ചു. അർത്ഥമറിയാതെ കുറച്ച് അറബി വാക്യങ്ങൾ വായിച്ചാലേ മൗലിദ് ശരിപ്പെടുകയുള്ളൂവെന്ന് ശഠിക്കുന്നവർക്കും നീരസം തോന്നാതിരിക്കത്തക്ക വണ്ണം അറബിയിൽ മൗലിദോതാനും കുറെ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തിൽ സംബന്ധിച്ചിരുന്നവർക്കും അല്ലാത്തവർക്കും ഒരു വിരുന്ന് നൽകുകയുമുണ്ടായി’ (അൽഇർശാദ് 1343 റ. അവ്വൽ).

ഉദ്ഘാടനത്തിനും മൗലിദ്

മുസ്‌ലിം ഐക്യസംഘത്തിന്റെ നാലാം വാർഷിക യോഗത്തിൽ സമർപ്പിക്കപ്പെട്ട വർഷാന്ത റിപ്പോർട്ടിന്റെ 9, 12 പേജുകളിൽ മദ്‌റസത്തുൽ ഇത്തിഹാദിയ്യ എന്ന ശീർഷകത്തിന് താഴെ ഇങ്ങനെ കാണാം: ‘ഹസ്‌റത്ത് മൗലവി അബ്ദുൽ ജബ്ബാർ സാഹിബ് അവർകൾ 1099 ഇടവം 2-ന് തറക്കല്ലിട്ട പ്രസ്തുത മദ്‌റസയുടെ പണികൾ മുഴുവൻ തീരുകയും കഴിഞ്ഞ റബീഉൽ അവ്വൽ 12-ന് ടി മദ്‌റസാ ഹാളിൽ വെച്ച് സംഘം വക മൗലിദ് കഴിക്കുകയും അന്ന് തന്നെ മദ്രസയിൽ കുട്ടികളെ ചേർത്ത് പഠനം ആരംഭിക്കുകയും ചെയ്തു… സംഘം പ്രസിഡന്റ് ജനാബ് കോട്ടപ്പുറത്ത് സീതി മുഹമ്മദ് അവർകൾ മൗലിദാവശ്യാർത്ഥം 5 തെങ്ങുകൾ സംഘത്തിലേക്ക് ശാശ്വതമായി വിട്ടുതന്നതിന് സംഘം അദ്ദേഹത്തിന് കടപ്പെട്ടിരിക്കുന്നു.’
മദ്‌റസ ഉദ്ഘാടനത്തിന് റ.അവ്വൽ 12 തന്നെ തിരഞ്ഞെടുത്തതും മൗലിദാഘോഷിച്ചതും എല്ലാ വർഷവും മൗലിദ് നടത്താൻ വേണ്ടി തെങ്ങുകൾ വഖ്ഫായി ലഭിച്ചതിന് വഹാബികൾ കടപ്പാട് അറിയിക്കുന്നതും ഇളം തലമുറക്ക് വിചിത്രമായി തോന്നും.

മുസ്‌ലിം സന്തോഷിക്കാതിരിക്കുകയോ?

‘ഈ അനുഗ്രഹങ്ങളെല്ലാം നബി(സ്വ) മൂലമാണ് നമുക്ക് സിദ്ധിച്ചതെന്ന് ഓർക്കുന്ന ഒരാൾ ആ നബി ജനിച്ച മാസം അടുത്തുവരുമ്പോൾ എങ്ങനെ സന്തോഷം കൊണ്ട് പുളകിതനാവാതിരിക്കും?’ (അൽമുർശിദ് 1355 റ.അബ്ബൽ).
‘ഇങ്ങനെയുള്ള മഹാത്മാവ് ഭൂജാതനായിട്ടുള്ള ഈ റബീഉൽ അവ്വൽ മാസം വരുമ്പോൾ ആ പുണ്യ പുരുഷനെ അനുകരിക്കുന്ന ഒരു ജനവിഭാഗം എങ്ങനെ സന്തോഷിക്കാതിരിക്കും?’ (അൽമുർശിദ് 1356 റ.അവ്വൽ).

നബിദിനത്തിന് സംഭാവന

‘ആ സംഗതിയിലേക്ക് അവരവരാൽ കഴിയുന്ന ധനസഹായം ചെയ്തു കൊടുക്കുന്നതും മതപ്രചരണ വേല തന്നെയാണ്. ഒരു പൈ കൊടുക്കുവാൻ സാധിക്കുന്നവർ അത് കൊടുക്കണം… നബിയോടും ദീനിനോടും നമുക്കുള്ള ബഹുമാനത്തെ പ്രകടിപ്പിക്കുന്നതിന് നമുക്ക് ലഭിച്ചിട്ടുള്ള ഈ അവസരത്തെ കൈവിട്ട് കളയരുതെന്ന് ഓരോ മുസ്‌ലിമിനോടും അപേക്ഷിച്ചു കൊള്ളുന്നു’ (അൽമുർശിദ് 1355 റ.അവ്വൽ).

മൗലിദിൽ പങ്കെടുത്തവൻ ഭാഗ്യവാൻ

‘മേൽ പറഞ്ഞ സംഗതികൾ പ്രദാനം ചെയ്യുന്ന ഒന്നാണ് മൗലിദിന്റെ മജ്‌ലിസ്. ഈ കാര്യങ്ങൾ സാധിക്കുന്ന ഒരു സദസ്സ് ഒരു പുണ്യ സദസ്സ് തന്നെയാണ്. അതിൽ സംബന്ധിക്കുവാൻ തൗഫീഖ് ലഭിക്കുന്നവർ ഭാഗ്യവാന്മാരുമാണ്. ഈ മജിലിസുൽ മൗലിദിൽ- മൗലിദ് സദസ്സിൽ ദീനിയ്യായ സ്വഹീഹായ ദീൻ അറിയുന്ന ആലിമുകൾ ധാരാളം കൂടിയിരിക്കണം’ (അൽമുർശിദ് 1357 റ.അവ്വൽ).

ലോകമാകെ ആഘോഷിക്കണം

‘ദൈവസന്ദേശ വാഹി ജനിച്ച മാസമാണ് റ.അവ്വൽ. അതിനാൽ ആ മാസത്തെ മുസ്‌ലിം ലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവനും കൊണ്ടാടേണ്ടതുമാണ്’ (അൽമുർശിദ് 1357 റ.അവ്വൽ).

മൗലിദിന് ഉന്നത പ്രതിഫലം

‘ഇത്രയും പറഞ്ഞതുകൊണ്ട് യാതൊരു ഹറാമോ മക്‌റൂഹോ ഖിലാഫുൽ ഔലയോ കലരാത്ത നിലയിൽ ശഫീഉനാ മുഹമ്മദുൻ(സ്വ)ന്റെ മൗലിദ് കഴിക്കുന്നത് കൊണ്ട് ആ പുണ്യാത്മാവ് നമുക്ക് അറിയിച്ച് തന്നിട്ടുള്ള പരിശുദ്ധ മതത്തെ നിലനിർത്തുന്നതിലും സുന്നത്തിനെ ഹയാത്താക്കുന്നതിലും ഉത്സാഹവും ആ നബിയോട് സ്‌നേഹവും ബഹുമാനവും വർദ്ധിച്ച് വരുമെന്നും തന്നിമിത്തം നമുക്ക് മഹത്തായ പ്രതിഫലം സിദ്ധിക്കുമെന്നും മനസ്സിലായല്ലോ’ (അൽഇർശാദ് പുസ്തകം 1, ഭാഗം 5).

നബിദിനം പെരുന്നാൾ

‘താമസിയാതെ അതിസുന്ദരനായ ഒരാൺകുട്ടി പിറക്കുന്നു. ഈ ആനന്ദകരമായ റ.അവ്വൽ മാസം പിന്നീട് ലോകത്തിലെ ഒരു പ്രബല സമുദായത്തിന്റെ പെരുന്നാൾ മാസമായി രൂപാന്തരപ്പെടുന്നു’ (അൽമുർശിദ് 1358 റ.അവ്വൽ).

റബീഇന് സ്വാഗതം

പവിത്ര റ.അവ്വൽ മാസമിതാ നമ്മോട് അഭിമുഖീകരിക്കുവാൻ പോകുന്നു. റ.അവ്വൽ മാസം പിറക്കുന്നു എന്ന് കേൾക്കുമ്പോൾ ആനന്ദതുന്ദിലരായി ഭവിക്കുന്നു. ആയിരത്തി നാനൂറ് വർഷങ്ങൾക്ക് മുമ്പ് ഒരു റ.അവ്വൽ മാസത്തിലാണ് ലോകൈക മഹാനായ മുഹമ്മദ് നബി(സ്വ) ഭൂജാതനായത് എന്നതാണ് അതിന് കാരണം. ആ മാസം കൊണ്ടാടുവാൻ മുസ്‌ലിംകൾ ഉത്സുകരായി തന്നെ ഇരിക്കുന്നു. ഇസ്‌ലാം മതപ്രബോധകരായ ആ മഹാപുരുഷന്റെ ജനനം കൊണ്ട് ലോകത്തിന് പൊതുവെ ഉണ്ടായിട്ടുള്ള നന്മകളെ പറ്റി ചിന്തിക്കുന്ന ഒരാളിന് സന്ദർഭം വരുമ്പോഴൊക്കെ, പ്രത്യേകിച്ച് റ.അവ്വൽ മാസം പിറക്കുമ്പോഴെല്ലാം അദ്ദേഹത്തെ സ്മരിക്കാതെ നിവൃത്തിയാവില്ല’ (അൽമുർശിദ് 1357 റ.അവ്വൽ).
ഇതുപോലെ നബിദിനം ആഘോഷിക്കാൻ ആഹ്വാനം ചെയ്തു കൊണ്ടും പ്രോത്സാഹിപ്പിച്ചു കൊണ്ടുമുള്ള ഉദ്ധരണങ്ങൾ മുജാഹിദുകളുടെ മറ്റു പുസ്തകങ്ങളിലും ധാരാളമുണ്ട്. ഇവിടെയുള്ള വെല്ലുവിളി അൽഇർശാദും അൽമുർശിദുമായതു കൊണ്ട് അതിൽ നിന്ന് അൽപം ഉദ്ധരിച്ചുവെന്ന് മാത്രം. മുകളിലെ വരികൾക്കിടയിലൂടെ കണ്ണോടിച്ചാൽ നബി(സ്വ)യെ അനുകരിക്കുന്ന ഭയഭക്തിയുള്ള മുസ്‌ലിംകളുടെ ആഘോഷമാണ് നബിദിനമെന്നും സന്ദർഭം വരുമ്പോഴെല്ലാം നബി തങ്ങളെ അനുസ്മരിക്കണമെന്നും അത് റബീഉൽ അവ്വലിൽ പ്രത്യേകമായി പരിഗണിക്കണമെന്നും നാം മനസ്സിലാക്കി. അതുകൊണ്ട് തന്നെ നബിദിനം ആഘോഷിക്കുന്ന സുന്നികളെ മുശ്‌രിക്കും മുബ്തദിഉമായി ചിത്രീകരിച്ച് നരകത്തിലേക്ക് തള്ളാൻ വെമ്പൽ കൊള്ളുന്നതിന് മുമ്പ് നിങ്ങളുടെ പ്രസ്ഥാനത്തിന് ജന്മം നൽകിയ, ശിർക്കിന്റെ വിപാടകരും തൗഹീദിന്റെ സ്ഥാപകരും നവോത്ഥാന നായകരുമായി നിങ്ങൾ മുന്നിൽ നിർത്തുന്ന, സ്വന്തം സ്ഥാപക നേതാക്കളെ മുഴുവനും നരകത്തിലേക്കാനയിച്ചിട്ട് മതി മറ്റുള്ളവരെ അപഹസിക്കൽ. തുടക്കത്തിൽ ചേർത്ത ഇസ്‌ലാഹുകാരന്റെ വെല്ലുവിളി എത്രമാത്രം അപഹാസ്യമാണെന്ന് ആലോചിക്കുക.

അബ്ദുൽ റഊഫ് പുളിയംപറമ്പ്

Exit mobile version