അന്വേഷണത്തിൽ ആത്മാർത്ഥതയും ജീവിതത്തിൽ സത്യസന്ധതയും പുലർത്തുന്നവനും തനിക്ക് കൈവന്ന വിശേഷബുദ്ധിയോട് നീതിയും കാണിക്കുന്ന ഏതൊരാളുടെയും ബോധ്യമാണ് ഈ കാണുന്ന അണ്ഡകടാഹത്തിന്റെ വ്യവസ്ഥാപിത സങ്കീർണതക്ക് പിന്നിൽ പ്രപഞ്ചേതരമായ ഒരു സ്രഷ്ടാവ് അനിവാര്യമാണ് എന്നുള്ളത്. ആ സ്രഷ്ടാവിന് മുന്നിൽ പരമമായി വണങ്ങുന്നവനായിരിക്കാനാണ് വിശേഷബുദ്ധിയുള്ള മനുഷ്യൻ ആഗ്രഹിക്കുക. അനുസരണയും വണക്കവും അർപ്പിക്കാൻ സ്രഷ്ടാവായ ദൈവത്തിൽ നിന്നുള്ള സന്ദേശം ഏറ്റവും കൃത്യതയാർന്ന അറിവിന്റെ മാർഗങ്ങൾ വഴി ലഭ്യമാക്കേണ്ടതുണ്ടെന്ന് അന്വേഷകന്റെ മനസ്സ് പറയും.
അനിവാര്യ അസ്തിത്വമായ ദൈവം തന്റെ സന്ദേശം വിശേഷബുദ്ധിയുള്ള മനുഷ്യന് കൈമാറാൻ തിരഞ്ഞെടുത്ത മാർഗമാണ് പ്രവാചകത്വം. പ്രവാചകത്വം സ്ഥാപിക്കപ്പെടുന്നത് സമ്പൂർണമായും യുക്തിക്ക് വഴങ്ങുന്ന പ്രക്രിയയിലൂടെയാണ്. ദിവ്യസന്ദേശം ലഭിക്കുകയും അത് പ്രബോധനം നടത്തുകയും ചെയ്യുന്ന ആൾ തനിക്ക് ലഭിച്ച സന്ദേശം ദൈവത്തിൽ നിന്നുള്ളതാണെന്ന് തെളിയിക്കുന്നത് തന്നിലൂടെ പ്രത്യക്ഷപ്പെടുന്ന അമാനുഷിക സംഭവങ്ങളിലൂടെയാണ്.
അമാനുഷികം എന്ന് പറയുമ്പോൾ അത് താൽകാലിക അത്ഭുതപ്രവർത്തനങ്ങളല്ല. തന്റെ ദൂതന്റെ വിശ്വാസ്യത ഉറപ്പിക്കാൻ വേണ്ടി പ്രാപഞ്ചിക കാര്യകാരണ ബന്ധങ്ങൾക്കതീതമായ രീതിയിൽ സ്രഷ്ടാവ് സാധ്യമാക്കി കൊടുക്കുന്ന അത്ഭുത പ്രവൃത്തിയാണത്. പ്രകൃതി നിയമങ്ങളെ മറികടന്നു പ്രവർത്തിക്കാൻ അവസരം കൊടുക്കുക വഴി തനിക്ക് സ്രഷ്ടാവിന്റെ സന്നിധാനത്തിൽ പ്രത്യേക പദവിയും പ്രാതിനിധ്യവുമുണ്ടെന്ന് ജനത്തെ ബോധ്യപ്പെടുത്താനാവുന്നു.
കണ്ണിന് മായാകാഴ്ച സമ്മാനിക്കുന്ന കൺകെട്ടോ കാഴ്ചക്കാരന്റെ ശ്രദ്ധ തെറ്റിച്ച് കാണിക്കുന്ന ചെപ്പടിവിദ്യയോ ശാസ്ത്രീയ വസ്തുതകളുടെ പിന്തുണയോടെ കാരണങ്ങളെ ഗുപ്തമാക്കുന്ന മാജിക്കോ പ്രവാചകത്വത്തിന്റെ തെളിവായ അമാനുഷിത(മുഅജിസത്ത്)യോട് താരതമ്യം ചെയ്യാൻ കഴിയില്ല. മുഅ്ജിസത്തൊഴിച്ചുള്ള അത്ഭുത കാര്യങ്ങളൊക്കെയും പ്രാപഞ്ചിക കാരണങ്ങൾ വഴിയാണ് നടക്കുന്നതെന്ന് ഒരു ശാസ്ത്രീയ പരിശോധനയോടെ മനസ്സിലാക്കാൻ കഴിയും. മുഅ്ജിസത്തിൽ പ്രാപഞ്ചിക കാരണങ്ങൾ ഒരിക്കലും കണ്ടുപിടിക്കാൻ പറ്റില്ല. കാരണം അതിന് അങ്ങനെയൊരു കാരണമില്ല. അല്ലാഹു തന്റെ ദൂതന്റെ കരങ്ങളിലൂടെ കാര്യകാരണ ബന്ധങ്ങൾക്കതീതമായി പ്രത്യക്ഷപ്പെടുത്തുന്നതാണത്. സങ്കേതികമായി മുഅ്ജിസത്താവുന്നത് തന്നെ താനൊരു പ്രവാചകനാണെന്ന് സ്ഥാപിക്കേണ്ടിവരുന്ന ആൾ വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ കാരണങ്ങളില്ലാത്ത അത്ഭുത സിദ്ധികൾ കാണിക്കുമ്പോഴാണ്.
പ്രത്യക്ഷ പ്രാപഞ്ചിക കാരണങ്ങളില്ലാതെ അത്ഭുതങ്ങൾ പല വിധത്തിലുണ്ടാവും. ഔലിയാക്കളുടെ കറാമത്ത് ഈ ഇനത്തിൽ പെട്ടതാണ്. പൈശാചിക പിന്തുണകൊണ്ട് അമുസ്‌ലിമിന് പോലും അത്ഭുതങ്ങൾ കാണിക്കാനായേക്കാം. പക്ഷേ അതൊന്നും തനിക്ക് ദിവ്യസന്ദേശമുണ്ട്, അതിന്റെ സാക്ഷ്യമാണ് ഈ അത്ഭുതമെന്ന വാദത്തിന്റെ അടിസ്ഥാനത്തിലല്ല. അങ്ങനെ വ്യാജമായി വാദിക്കുമ്പോൾ അത്തരം അത്ഭുതങ്ങൾക്ക് പ്രത്യക്ഷപ്പെടാനാകില്ല എന്നതാണ് വാസ്തവം. കാരണം സ്രഷ്ടാവ് തന്റെ സന്ദേശത്തിന്റെ വിശ്വാസ്യത സൃഷ്ടികളിലെത്തിക്കാൻ തിരഞ്ഞെടുത്ത വഴിയാണത്. അതിൽ ആശയക്കുഴപ്പം സൃഷ്ടിച്ചാൽ ആ വഴി അടഞ്ഞതിന് തുല്യമാണ്. പ്രവാചകൻമാരെയും അല്ലാത്തവരെയും തിരിച്ചറിയാനുള്ള മാർഗം ജനങ്ങൾക്ക് നഷ്ടപ്പെടും. 1400 വർഷക്കാലമായി ആ വഴിയിൽ ഒരാളും വിജയിക്കാത്തതും അതുകൊണ്ടാണ്.
പ്രവാചകത്വം ലോകത്ത് ഏറ്റവും അംഗീകാരമുള്ള ഒരു സ്ഥാനമായിരിക്കെ അത്ഭുതങ്ങൾ കാണിച്ചു ഡ്യൂപ് ആയി വന്ന് പ്രവാചകത്വ പദവി സ്ഥായീഭാവത്തോടെ നിലനിർത്താൻ ആളുകൾ വരാത്തത് തന്നെ പ്രവാചകരുടെ സത്യതയിലേക്കുള്ള ചൂണ്ടുപലകയാണ്. യഥാർത്ഥത്തിൽ പ്രവാചകർ(സ്വ) ഇസ്‌ലാമിനെ സ്ഥാപിക്കാനായി ഉദയം ചെയ്തതല്ല. മനുഷ്യോൽപത്തി മുതൽ ഒന്നേക്കാൽ ലക്ഷം വരുന്ന പ്രവാചക ശൃംഖലയിലെ അവസാന കണ്ണിയാണ് മുഹമ്മദ് നബി(സ്വ). പല പ്രവാചകന്മാരുടെ ചരിത്രവും പ്രസിദ്ധമാണ്. അവർക്കിടയിലെ ഇടവേളകൾ ആയിരം വർഷങ്ങൾ കടന്നതായി ചരിത്ര രേഖകളില്ല. എനിക്ക് ശേഷം പ്രവാചകന്മാരില്ല എന്ന നബിതിരുമേനി(സ്വ)യുടെ വാക്കുകൾ പ്രസിദ്ധമാണ്. പ്രവാചകരുടെ ഈ പ്രസ്താവന പൊളിക്കാൻ ശത്രുക്കൾ പണിപ്പെടുകയും ഒരു പ്രവാചക പദവി സ്ഥാപിച്ചു വിശ്വാസം നേടിയെടുക്കാൻ അവർക്ക് കഴിഞ്ഞതുമില്ല എന്നത് തന്നെ ചിന്തിക്കുന്നവർക്കുള്ള ദൃഷ്ടാന്തമായി ഭവിക്കുന്നുണ്ട്. വ്യാജപ്രവാചകന്മാർ വന്നത് മുഴുവൻ വിശ്വസിക്കാൻ പോന്ന തെളിവുകൾ മുൻപോട്ട് വെക്കാൻ പറ്റാത്തവിധം ബലഹീനമായ അവകാശവാദങ്ങളോടെയാണ്. അവ പൊട്ടിപ്പൊളിഞ്ഞ് പരിഹാസ്യരായി മാറിയതിന് ചരിത്രം സാക്ഷിയും.
മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വം ഉദ്ധൃത മുഅ്ജിസത്തെന്ന അമാനുഷികത വഴി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ചരിത്രപരത ഭദ്രമാണ്. അന്വേഷകനു മുന്നിൽ വസ്തുനിഷ്ഠമായി തെളിയുന്ന ധൈഷണിക പ്രമാണങ്ങൾ കൊണ്ട് സമ്പന്നമാണ് തിരുനബി(സ്വ)യുടെ പ്രവാചകത്വം.
നബിയിൽ നിന്ന് നിരവധി അത്ഭുതങ്ങൾ ഉൽഭൂതമായിട്ടുണ്ടെന്ന് കളവിൽ ഒരുമിച്ച് കൂടാൻ ഇടയില്ലാത്ത വിധം വിപുലമായ വലിയ സംഘം ആളുകളുടെ സാക്ഷിമൊഴി കൊണ്ട് സ്ഥിരപ്പെട്ടതാണ്. സമ്പന്നമായ പ്രസ്തുത പരമ്പരയുടെ ചരിത്രപരത വ്യക്തവുമാണ്. ജ്ഞാനശാസ്ത്രത്തിന്റെ അനിഷേധ്യവും ഖണ്ഡിതവുമായ തെളിവുകൾകൊണ്ട് സുദൃഢമാണതിന്റെ പ്രമാണം. അത്ഭുതങ്ങളിൽ കുറെയേറെ പ്രവചനങ്ങളായിരുന്നു. ജീവിതകാലത്തും വഫാത്തിന് ശേഷവും പുലർന്ന പ്രവചനങ്ങളുണ്ടതിൽ. റോമക്കാർ പേർഷ്യക്കാരെ അതിജയിക്കുമെന്ന പ്രവചനം അതിലൊന്ന് മാത്രം. അക്കാലത്ത് റോമൻ ക്രിസ്ത്യർക്ക് ആപേക്ഷികമായി തൗഹീദിനോട് കൂടുതൽ അടുപ്പമുണ്ടായിരുന്നു. പേർഷ്യക്കാർക്ക് ബിംബാരാധകരോടായിരുന്നു ഇഷ്ടം. അതുകൊണ്ട് തന്നെ പ്രവചനം പുലരുന്നതും കാത്ത് അക്കാലത്തെ മുസ്‌ലിംകൾ സന്തോഷിച്ചിരുന്നെന്ന് ചരിത്രം. അതങ്ങനെത്തന്നെ പുലരുകയും ചെയ്തു.
ബദ്ർ സമര പോരാട്ട സമയവും പ്രവചനമുണ്ടായി. സർവായുധ വിഭൂഷിതരായി വരുന്ന ആയിരക്കണക്കിന് ശത്രുസൈന്യത്തോട് പട്ടിണിപ്പാവങ്ങളായ ഒരുപിടി ആളുകൾ ഏറ്റുമുട്ടി ജയിക്കുമെന്ന ഉറപ്പായിരുന്നു അത്. അതും സംഭവിച്ചു.
മക്കാവിജയവും പ്രവചിച്ചതു പോലെ തന്നെയാണ് സംഭവിച്ചത്. ഒന്നും സാധ്യതകൾ കണ്ട് ഗണിച്ചു പറഞ്ഞതല്ലായിരുന്നു. അത്തരം സാധ്യതകൾ നിലനിൽക്കുന്ന സമയല്ല പ്രവചനങ്ങൾ ഒന്നും. വഹ്‌യ് മുഖേന ലഭിക്കുന്ന ഖണ്ഡിത പ്രഖ്യാപനങ്ങളായിരുന്നു അതൊക്കെ.
ഈജിപ്ത് ഇസ്‌ലാമിക സാമ്രാജ്യത്തിലേക്ക് കടന്നുവരുന്നതും പ്രവാചക പ്രവചനമായിരുന്നു. നബികുടുംബത്തിൽ തന്റെ വഫാത്തിന് ശേഷം ആദ്യം മരണപ്പെടുക പ്രിയപുത്രി ഫാത്വിമ(റ) ആയിരിക്കുമെന്ന് റസൂൽ(സ്വ) പറഞ്ഞപോലെ പുലർന്നു. ഉമർ(റ), ഉസ്മാൻ(റ), അലി(റ), ത്വൽഹ(റ) എന്നിവർ രക്തസാക്ഷികളായി മരിക്കുമെന്ന പ്രവചനവും കൃത്യമായി.
പ്രവചനങ്ങൾക്കു പുറമെ, പ്രവാചകരിൽ നിന്നുള്ള എണ്ണമറ്റ അമാനുഷിക സംഭവങ്ങൾക്ക് അനുചര വൃന്ദം സാക്ഷിയായിട്ടുണ്ട്. ചന്ദ്രനെ പിളർത്തിയതും കൈയിൽ നിന്ന് വെള്ളത്തിന്റെ ഉറവ ഒഴുക്കിയതും ചിലതു മാത്രം. ആയിരത്തിൽ കവിഞ്ഞ അമാനുഷിക കാര്യങ്ങൾ തിരുനബിയിൽ നിന്നുള്ളതായി പണ്ഡിതൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ റിപ്പോർട്ട് ചെയ്തത് ഏറ്റവും സത്യസന്ധതയും ദൈവഭയവുമുള്ളവരായിരുന്നു.
സത്യതയുടെ തീക്ഷ്ണത ഉറപ്പുവരുത്തുന്ന അൽ ജറ്ഹു വത്തഅ്ദീൽ എന്ന നിരൂപണ ശസ്ത്രത്തിന്റെ കഠിനമായൊരു മെക്കാനിസത്തിലൂടെ കടന്നുവരുന്ന വിവരങ്ങൾ മാത്രമാണ് സ്വീകാര്യയോഗ്യമായി നിലനിൽക്കൂ എന്നത് ഇസ്‌ലാമികജ്ഞാന പാരമ്പര്യത്തിന്റെ പ്രത്യേകതയാണ്. ആ ജ്ഞാനപാരമ്പര്യ പ്രകാരം പ്രവാചകൻമാർക്ക് നാല് സവിശേഷ ഗുണങ്ങൾ അത്യന്താപേക്ഷിതമാണ്.1. സ്വിദ്‌ഖെന്ന സത്യസന്ധത. 2. അമാനത്തെന്ന വിശ്വസ്തത. 3. ഫത്വാനതെന്ന ബുദ്ധികൂർമത. 4. തബ്‌ലീഗ് എന്ന ആശയ കൈമാറ്റം.
പ്രസ്താവിത ഗുണങ്ങളെല്ലാം മേളിച്ച പ്രവാചകൻ സൃഷ്ടിച്ചെടുത്ത അനുരചരൻമാരും സത്യസന്ധതയുടെ കാര്യത്തിൽ കണിശക്കാരാണ്. ഇസ്‌ലാമിക ജ്ഞാനപാരമ്പര്യം ആർക്കും വസ്തുനിഷ്ഠമായി പരിശോധിക്കാൻ പറ്റും വിധം സുതാര്യമാണ്. പ്രവാചകത്വത്തിന്റെ തെളിവുകൾ എന്തുമാത്രം സൂക്ഷ്മതയോടെയാണ് അവിടെ പൂർണ സത്യതയോടെ സംരക്ഷിച്ചു വെച്ചിട്ടുള്ളതെന്ന് ഇസ്‌ലാമിക ജ്ഞാനപാരമ്പര്യം വിശകലനം നടത്തിയാൽ മനസ്സിലാകും.
പ്രവാചകരുടെ അമാനുഷികതകളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും എന്നും നിലനിൽക്കുന്നതുമായ ഒന്ന് ഖുർആനാണ്. പ്രവാചകത്വത്തിന്റെ 23 വർഷക്കാലം വിവിധ ഘട്ടങ്ങളിലായി ദിവ്യസന്ദേശം വഴി അവതീർണമായതാണ് ഖുർആൻ. ശൈശവ കാലം മുതൽ അനാഥത്വം പേറി, ജീവിതത്തിൽ വിദ്യാഭ്യാസത്തിന് അവസരങ്ങളില്ലാതെ വളർന്ന ബാല്യകാല ജീവിതം. നിരക്ഷരൻ, എഴുതുകയോ വായിക്കുകയോ ചെയ്യാത്തയാൾ! നാൽപത് വയസ്സ് വരെയുള്ള ജീവിതത്തിൽ ഒരുവിധത്തിലുള്ള സാഹിത്യ സംഭാവനകളും ചെയ്യാത്ത ഒരു വ്യക്തി, അത്യുന്നത ശ്രേണിയിൽ കഴിയുന്ന അന്നത്തെ സാഹിത്യ സാമ്രാട്ടുകളെ വെല്ലുവിളിക്കുന്ന അത്യാകർഷകമായ വചനങ്ങൾ കൊണ്ടുവരുന്നു. ആ ഗ്രന്ഥത്തിന്റെ അമാനുഷികതയുടെ വിവിധ തലങ്ങൾ കാലം ചെല്ലുംതോറും വർധിക്കുന്നു. എല്ലാ കാലക്കാരോടും പുത്തൻ തുടിപ്പോടെ സംവദിക്കാൻ കഴിയുന്ന ഒരേയൊരു ഗ്രന്ഥം. അതാണ് ഖുർആർ.
പിൽക്കാല സമൂഹങ്ങൾക്ക് അറ്റമില്ലാത്ത അറിവിന്റെ വാതായനം തുറന്നുവെച്ചാണ് പ്രവാചകർ(സ്വ) സമൂഹത്തിന്റെ മുമ്പാകെ ഖുർആൻ സമർപ്പിച്ചത്. പിൽകാലത്ത് ലോകത്ത് സാധ്യമായ എല്ലാതരം വിപ്ലവങ്ങൾക്കും വികസനങ്ങൾക്കും ഈ ഖുർആൻ നേരിട്ടോ അല്ലാതെയോ കാരണമായിട്ടുണ്ട് എന്ന് ആധുനികതയുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാവും. മധ്യകാല യൂറോപ്പ് അന്ധകാരത്തിൽ കഴിയുമ്പോൾ ഖുർആൻ വക്താക്കൾ നാഗരികതയുടെയും സംസ്‌കാരത്തിന്റെയും ഉത്തുംഗ സോപാനത്തിൽ വിരാജിക്കുകയായിരുന്നു. ഖുർആനെ ചുറ്റിപ്പറ്റി എണ്ണിയാലൊടുങ്ങാത്ത ഗവേഷണങ്ങൾ നടന്നു. രാഷ്ട്രീയം, ധാർമികം, നിയമ നിർമാണം, വൈദ്യം, ശാസ്ത്രം, സാങ്കേതിക രംഗം, തത്ത്വശാസ്ത്രം എല്ലാം ഖുർആൻ ഗവേഷകരുടെ വിഷയങ്ങളായി കടന്നുവന്നത് ലോകം കണ്ടു.
ജീവിത വ്യവഹാരങ്ങളിൽ ഏർപ്പെട്ട, ഔദ്യോഗിക വിദ്യാഭ്യാസത്തിന് വിധേയപ്പെടാത്ത ഒരാളിലൂടെ, 23 വർഷത്തിനുള്ളിൽ വിവിധ ഘട്ടങ്ങളിൽ അവതീർണമായ ഒരു ഗ്രന്ഥത്തിന് കാലാനുവർത്തിയായ സമഗ്ര വിപ്ലവ സാധ്യതകൾ, വൈജ്ഞാനിക രംഗത്തും നാഗരിക, സാംസ്‌കാരിക രംഗത്തും ഉണ്ടായിട്ടുണ്ട്. എങ്കിൽ അതിൽപരം ഒരു തെളിവ് പ്രവാചകത്വത്തിന് വേണ്ടിവരില്ല.
ചുരുക്കത്തിൽ, വ്യവസ്ഥാപിത സങ്കീർണമായ ഈ പ്രപഞ്ചം അനാദിയല്ല; ഉണ്ടായതാണ്, ഒരാൾ കാരണം കാര്യകാരണങ്ങളിലൂടെ ശൂന്യതയിൽ നിന്ന് തുടങ്ങി ശൂന്യതയിലേക്ക് സഞ്ചരിക്കുന്ന ഈ പ്രപഞ്ചത്തിന്റെ നിലനിൽപിനുള്ള കാരണം ഭാവിയിൽ അനന്തമായിട്ടുണ്ട് എന്നത് നിലവിലുള്ള പ്രപഞ്ചത്തിന്റെ ഉണ്മക്ക് നിരക്കാത്ത അസംബന്ധമാണ്. അങ്ങനെയെങ്കിൽ പ്രാപഞ്ചിക ഗുണമില്ലാത്ത അനാദിയായ ഒരു സ്രഷ്ടാവ് വേണം. സ്രഷ്ടാവിന്റെ മാന്വൽ അനുസരിച്ചാണ് നമ്മൾ പ്രവർത്തിക്കേണ്ടതെന്ന ബോധം സ്വതന്ത്രമായ ഇച്ഛാശേഷിയും സവിശേഷബുദ്ധിയുമുള്ള മനുഷ്യരാണ് ആർജിക്കേണ്ടത്. ഈ ബോധം സ്രഷ്ടാവിന്റെ സന്ദേശം കാതോർക്കാനും തിരിച്ചറിയാനുള്ള വഴികൾ നോക്കാനും നമ്മളെ പ്രാപ്തരാക്കും. ജീവിതത്തോട് സത്യസന്ധത പുലർത്തുന്ന ഒരാളുടെ അന്വേഷണത്തിൽ പ്രവാചകത്വ അവകാശവാദങ്ങളെ പരിശോധിക്കാനുള്ള അഭിവാഞ്ഛയുണ്ടാവുന്നത് സ്വാഭാവികമാണ്. സ്രഷ്ടാവിന് സൃഷ്ടികളോടുള്ള സന്ദേശം കൈമാറാനുള്ള സാധ്യമായ ഏറ്റവും ലളിതവും യുക്തിഭദ്രവുമായ വഴിയിൽ, അമാനുഷിക സിദ്ധികളാൽ ബലപ്പെടുത്തിയ ദിവ്യ സന്ദേശമുൾക്കൊണ്ട പ്രവാചകത്വം കടന്നുവരും.
അബ്ദുല്ല ബുഖാരി കുഴിഞ്ഞൊളം