ബനൂഖുറൈള സംഭവവും ഇസ്‌ലാം വിമർശനവും

തിരുനബി(സ്വ)ക്കെതിരെ ശത്രുക്കൾ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ഒരു ആരോപണമാണല്ലോ ബനൂഖുറൈള സംഭവം. തൊള്ളായിരത്തോളം വരുന്ന ജൂതന്മാരെ മുഹമ്മദ് നബി(സ്വ) ഹത്യ നടത്തി എന്നാണ് ആക്ഷേപം. തീർത്തും അസംബന്ധമാണിത്. വംശീയ വിദ്വേഷം നിഷിദ്ധമാക്കിയ മതമാണ് ഇസ്‌ലാം. വംശീയത അടക്കമുള്ള ജാഹിലിയ്യതുകളെ ഉഛാടനം ചെയ്യാനാണ് ഇസ്‌ലാം വന്നത്. സംഭവം ചുരുക്കിപ്പറഞ്ഞാൽ, രാജ്യത്തെ ഒറ്റുകൊടുത്ത് ശത്രുക്കളെ സഹായിച്ച് രാഷ്ട്രത്തോട് യുദ്ധം ചെയ്ത രാജ്യ ദ്രോഹികൾക്ക് അവർ അർഹിക്കുന്ന ശിക്ഷ നൽകുക മാത്രമേ അന്ന് ഉണ്ടായിട്ടുള്ളൂ. അവർ തന്നെ തിരഞ്ഞെടുത്ത ന്യായാധിപൻ അവരുടെ സ്വന്തം മതഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ന്യായമായ വിധി പ്രസ്താവമായിരുന്നു അത്.
കൊല്ലപ്പെട്ടവരുടെ എണ്ണം എത്രയാണെന്ന് ഏകോപിതമായതോ ഖണ്ഡിതമായതോ ആയ ഒരു രേഖയുമില്ല. 400, 500, 900, 16, 40 എന്നിങ്ങനെ പല കണക്കുകളുമുണ്ട്. ഒന്നും തന്നെ പ്രബലമല്ല. എണ്ണൂറ് പേരെ വധിച്ചതായുള്ള ആരോപണത്തെ അടിസ്ഥാന സ്രോതസ്സുകൾ വെച്ച് വിശദമായി പരിശോധിച്ച് ബറകാത് അഹ്‌മദ് സ്ഥാപിക്കുന്നത് പതിനേഴോ പതിനെട്ടോ പേരെയാണ് വധിച്ചത് എന്നാണ്. (Barakath Ahmed, Mohammed and Jews. ഉദ്ധ: മുഹമ്മദ് അശ്‌റഫ്, വിരുന്നുകാരനും വേട്ടക്കാരനും പേ. 33). എന്നാൽ മൊത്തം നിവേദനങ്ങളിൽ പരിശോധന നടത്തി ഇവയിൽ താരതമ്യേന ഏറ്റവും പ്രബലം 40ന്റെയും 400ന്റെയും ഇടയിലാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

മുഹമ്മദ് നബി(സ്വ) വംശഹത്യ നടത്തി എന്ന ആരോപണം ശുദ്ധ കളവാണെന്നു ചുരുക്കം. രാജ്യദ്രോഹം ചെയ്ത ആളുകൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചു എന്നാണെങ്കിൽ അത് സത്യവും ന്യായയുക്തവുമാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം; അവരുടെ എണ്ണം കൂടുതലുണ്ടെങ്കിലും എന്നത് തന്നെയാണല്ലോ നീതി. എന്നാൽ അവർക്കെതിരെ എന്തെങ്കിലും ഒരു നീക്കം മുഹമ്മദ് നബി(സ്വ) നടത്തിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന ഏതൊരാൾക്കും മുഹമ്മദ് നബി പ്രവാചകനാണ് എന്നുകൂടി വിശ്വസിക്കേണ്ടിവരും എന്നതാണ് ഈ ആരോപണത്തിലെ ഒരു വൈപരീത്യം. സ്വതന്ത്ര ചിന്തകരാണല്ലോ ഈ പെരും ചോദ്യവുമായി വന്ന് വിശ്വാസികളെ കുതിര കയറുന്നത്; ഇതൊക്കെ ചോദിക്കാൻ ഇവർക്കെന്താണ് അർഹത? അർഹത ഉണ്ടെങ്കിൽ തന്നെ ഇത്തരം വിചാരണകൾ ഇവരുടെ രാജ്യസ്‌നേഹത്തെക്കൂടി വിചാരണ ചെയ്യുന്നില്ലേ എന്നതു മറ്റൊരു ബൂമറാങ്ങാണ്.

നമ്മുടെ രാജ്യത്തെ അയൽ രാജ്യം ആക്രമിക്കാൻ തയ്യാറെടുക്കുന്നു എന്ന് സങ്കൽപ്പിക്കുക. അപ്പോൾ നമ്മുടെ നാട്ടിൽ പെട്ട ആളുകൾ പുറത്തുനിന്ന് വരുന്ന ശത്രുക്കൾക്ക് നമ്മെ ആക്രമിക്കാനുള്ള വഴി ഒരുക്കിക്കൊടുക്കുകയും അവരെ സഹായിക്കുകയും അവരുടെ കൂടെ നിൽക്കുകയും നാടിനെ നശിപ്പിക്കാനുള്ള വഴികൾ തുറന്ന് നൽകുകയും ചെയ്യുന്നു എന്നും സങ്കൽപിക്കുക. ഇവർ രാജ്യദ്രോഹികളല്ലേ? അവർക്ക് ശിക്ഷ വിധിക്കേണ്ടതില്ലേ? ആ വധശിക്ഷയെ ഒരാൾ വിമർശിക്കുന്നു എന്നതിനർഥം അയാളും ഒരു രാജ്യദ്രോഹിയാണ്/ രാജ്യസ്‌നേഹിയല്ല എന്നല്ലേ? രാജ്യദ്രോഹ കുറ്റം ചെയ്ത ബനൂഖുറൈളക്ക് വേണ്ടി കണ്ണീർ പൊഴിക്കുന്ന സ്വതന്ത്ര ചിന്തകരുടെ രാജ്യസ്‌നേഹമാണ് ഇവിടെ വിചാരണ ചെയ്യപ്പെടുന്നത് എന്നർഥം.

ഇനി ബനൂഖുറൈളക്കാർ നിരപരാധികളാണെന്ന് നമ്മൾ വെറുതെ സങ്കൽപ്പിക്കുക. അവരെ കൂട്ടക്കൊല ചെയ്തു എന്നും സങ്കൽപ്പിക്കുക (രണ്ടും ശരിയല്ല). അങ്ങനെ സങ്കൽപ്പിച്ചാൽ തന്നെയും അത് തെറ്റാണ്, ശരിയല്ല എന്നു പറയാൻ സ്വതന്ത്ര ചിന്തകരുടെ അടുത്തുള്ള ധാർമികതയുടെ മാനദണ്ഡം എന്താണ്? ഇതാണ് മാനവികത എന്നും ഇങ്ങനെയാണ് നടപ്പിലാക്കേണ്ടത് എന്നും ഇവർ എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്, ആ പറയുന്നതാണ് ശരി എന്നതിനുള്ള തെളിവെന്താണ്?
ഒരു പ്രത്യേക നടപടിക്രമത്തെ ഒരാൾ ചോദ്യം ചെയ്യുമ്പോൾ ചോദ്യം ചെയ്യുന്നവർക്ക് അവരുടേതായ ചില മാനദണ്ഡങ്ങൾ വേണം. അവ ശരിയാണെന്നതിനു തെളിവ് വേണം. അങ്ങനെ ഒരു മാനദണ്ഡം നിശ്ചയിക്കാൻ അയാൾക്ക് എന്താണ് യോഗ്യത എന്നതും പ്രധാനമാണ്.
അറുപത് ലക്ഷം ജൂതരെ വംശഹത്യ നടത്തിയ ഹിറ്റ്‌ലർ നിരീശ്വരവാദിയായിരുന്നു, സ്വതന്ത്ര ചിന്തകനായിരുന്നു. നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകളാൽ കൊല്ലപ്പെട്ടവരുടെ ഏകദേശ കണക്ക് 94 ദശലക്ഷമാണ്. The black book of communism പറയുന്നത് പ്രകാരം അതിങ്ങനെ വിശദീകരിക്കാം:

65 million in the People`s Republic of China

20 million in the Soviet Union

2 million in Cambodia

2 million in North Korea

1.7 million in Ethiopia

1.5 million in Afghanistan

1 million in the Eastern Bloc

1 million in Vietnam

150,000 in Latin America!

ഇതിന്റെയൊക്കെ പിന്നിൽ പ്രവർത്തിച്ചത് സ്വതന്ത്ര ചിന്തയാണ്. നിയന്ത്രണങ്ങളില്ലാതെ ചിന്തിച്ചപ്പോൾ ചിലർക്ക് ഇങ്ങനെയും തോന്നി എന്നർഥം. ഈ ക്രൂരത ചെയ്യാതിരിക്കാൻ ദൈവഭയം അവരെ പിടികൂടിയില്ല; കാരണം അവർക്ക് ദൈവമില്ലല്ലോ.

പ്രവാചകത്വത്തിന്റെ പ്രമാണം

ഈ യുദ്ധവുമായി ബന്ധപ്പെട്ടു ശിക്ഷാ നടപടി മാത്രമല്ല മറ്റു പല സംഭവങ്ങളും പ്രബലമായ പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ആ കാര്യങ്ങളൊക്കെ ശരിയാണെന്നാണോ കളവാണെന്നാണോ വിമർശകർ വിശ്വസിക്കുന്നത്? അത് കളവാണെന്നുണ്ടെങ്കിൽ ഈ കളവൊക്കെ പറഞ്ഞ ആളുകൾ തന്നെ പറഞ്ഞ ബനൂഖുറൈളയോടുള്ള നടപടി മാത്രം എങ്ങനെയാണ് സത്യമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നത്? അത് സത്യമാണെന്നാണോ ഇവർ മനസ്സിലാക്കുന്നത്? എങ്കിൽ നബി(സ്വ)യുടെ നിരവധി അത്ഭുതങ്ങൾ (മുഅ്ജിസാത്തുകൾ) ഈ സംഭവത്തോടനുബന്ധിച്ച് തന്നെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അപ്പോൾ മുഹമ്മദ് നബി(സ്വ)യിൽ നിന്ന് അത്തരം അത്ഭുതങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും വിമർശകർ അംഗീകരിക്കേണ്ടിവരും.

ഒരു ചരിത്രം സത്യമായി ഉറപ്പിക്കണമെങ്കിൽ അത് ഉദ്ധരിച്ച മുഴുവൻ ആളുകളുടെയും ജീവചരിത്രം നാം പഠനവിധേയമാക്കണം. നിവേദകർ സ്വീകാര്യരായി ഗണിക്കപ്പെടണമെങ്കിൽ ധാരാളം നിബന്ധനകളുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് വിശ്വസ്തരാവണം എന്നത്. ഇത്തരം കർക്കശമായ നിബന്ധനകൾ പ്രകാരം പ്രസ്തുത സംഭവങ്ങൾ പരിശോധിച്ചാൽ തന്നെ തിരുനബി(സ്വ)യുടെ അനേകം അമാനുഷികതകൾ കാണാനാവും.
ബനൂഖുറൈള സംഭവത്തിന്റെ ആദ്യഘട്ടമായ അഹ്‌സാബ് യുദ്ധവേളയിൽ കിടങ്ങ് കുഴിക്കുന്ന സമയത്ത് ജാബിർ(റ) തയ്യാറാക്കിയ കുറച്ചു ഭക്ഷണം കൊണ്ട് ആയിരക്കണക്കിനു വിശ്വാസികളുടെ വിശപ്പ് നബി(സ്വ) പരിഹരിക്കുകയുണ്ടായി. അവിടെ ഭക്ഷണ വർധനവിലൂടെ ഉണ്ടായ അമാനുഷികത വിശ്രുതമാണ്. ഈ സംഭവം വ്യത്യസ്ത നിവേദങ്ങളിലൂടെ ഏതൊരു വ്യക്തിക്കും ബോധ്യപ്പെടും വിധത്തിൽ വന്നിട്ടുമുണ്ട്.
പ്രസ്തുത കിടങ്ങ് കുഴിക്കുമ്പോൾ തന്നെ പലയാളുകളും സാധ്യമാകും വിധം ശ്രമിച്ചിട്ടും വഴങ്ങാതിരുന്ന കഠിനമായ പാറ നബി(സ്വ) ഒറ്റക്ക് പൊട്ടിച്ചെടുക്കുന്നതും അതിൽ നിന്നു പുറപ്പെട്ട പ്രകാശത്തിൽ കിസ്‌റയുടെയും കൈസറിന്റെയും കൊട്ടാരങ്ങൾ കാണാനായതും ശരിയായ വിധം ഉദ്ധരിക്കപ്പെട്ടിട്ടുള്ളതാണ്. ഇങ്ങനെ ധാരാളം സംഭവങ്ങൾ ഇതിനോടനുബന്ധിച്ച് ഉണ്ടായിട്ടുണ്ട്. അപ്പോൾ ബനൂഖുറൈള സംഭവത്തെ ഭാഗികമായെങ്കിലും അംഗീകരിക്കുന്ന ഒരാൾക്ക് അതിന് ആധാരമായ തെളിവുകൊണ്ട് സ്ഥിരപ്പെട്ട അമാനുഷിക ദൃഷ്ടാന്തങ്ങൾ കൂടി അംഗീകരിക്കേണ്ടിവരും. തിരുനബി(സ്വ)യുടെ പ്രവാചകത്വത്തിന്റെ സ്ഥിരീകരണമാണിത്.
അമാനുഷിക അത്ഭുതമുണ്ടായി എന്നാൽ പ്രാപഞ്ചിക വ്യവസ്ഥയുടെ പുറത്തുള്ള സംഭവം ഉണ്ടായി എന്നാണർഥം. അതിന് പ്രാപഞ്ചിക വ്യവസ്ഥയിൽ ഇടപെടുന്ന ഒരു ശക്തിയുടെ ഇടപെടൽ ഉണ്ടാവണം. ഞാൻ അങ്ങനെയുള്ള ഒരു ശക്തിയുടെ ദൂതനാണ്; അതിന് തെളിവാകുന്നു എന്നിൽ നിന്ന് സംഭവിക്കുന്ന ഇത്തരം അത്ഭുതങ്ങൾ എന്ന് വാദിക്കുന്ന ഒരാൾ, ആ വാദത്തിന് ഉപോൽബലകമായി ഇത്തരം സംഗതികൾ കാണിച്ച് കൊടുക്കുമ്പോൾ അത് മുഹമ്മദ്(സ്വ) അല്ലാഹുവിന്റെ ദൂതനാകുന്നു എന്നതിന്റെ തെളിവായി മാറുന്നുണ്ട്. ഒരാളെ ദൈവദൂതനായി അംഗീകരിക്കുന്നതോടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ നൈതികത കൂടിയാണല്ലോ അംഗീകരിക്കപ്പെടുന്നത്.
അക്രമമുണ്ടാകുമ്പോൾ നീതി നോക്കാതെ സ്വന്തം ജനത എന്ന കാരണത്താൽ ഒരുപക്ഷത്തിനൊപ്പം നിൽക്കുന്നത് വർഗീയതയാണെന്നും അത് ചെയ്യുന്നവരും സഹായിക്കുന്നവരുമൊന്നും ശരിയായ വിശ്വാസികളെല്ലെന്നും പഠിപ്പിച്ച മഹാത്മാവാണ് മുഹമ്മദ്(സ്വ). അവിടന്ന് ഒരു സമൂഹത്തെ വംശഹത്യ നടത്തിയെന്നു പറയുന്നതു തന്നെ സത്യത്തോടുള്ള അവഹേളനമാണ്.

കരാർ ലംഘനം നടന്നോ?

ബനൂഖുറൈളക്കാർ മുഹമ്മദ് നബിയെ ചതിച്ചു/കരാർ ലംഘിച്ചു എന്നൊക്കെ പറയുന്നത് ശുദ്ധകളവാണ്, അങ്ങനെയൊരു കരാറോ ചതിയോ ഒന്നും ഉണ്ടായിട്ടില്ല എന്ന് ചില സ്വതന്ത്ര ചിന്തകർ വാദിക്കുന്നുണ്ട്. ഇക്കാര്യം ചരിത്രപരമായ പരിശോധനക്ക് വിധേയമാക്കുമ്പോൾ രണ്ട് കരാറുകൾ ഉണ്ടായിരുന്നതായി മനസ്സിലാകും. അഥവാ പൊതുവായും സ്‌പെഷ്യലായും ഓരോന്ന്.
രണ്ടാമത്തെ കരാർ പ്രത്യേകമായി തന്നെ ഹദീസുകളിൽ പറഞ്ഞിട്ടുമുണ്ട്. ഈ കരാറുകൾ അവർ ലംഘിക്കുകയും വിശ്വാസികളെ ചതിക്കുകയുമാണ് ചെയ്തത്. അവർ മഹാവഞ്ചന ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നു സ്ഥിരീകരിച്ച സമയത്ത് അവരോട് തന്നെ ഒരു വിധികർത്താവിനെ ആവശ്യപ്പെടുകയാണ് നബി(സ്വ) ചെയ്തത്.
നിങ്ങൾക്ക് ആരുടെ വിധിയാണ് സ്വീകാര്യമെന്ന് അവരോട് ചോദിച്ചു. അങ്ങനെ അവർ തന്നെ ആവശ്യപ്പെട്ടത് പ്രകാരമാണ് സഅദ്(റ) വിധി പറയുന്നത്. അവരുടെ വിധി അവർ തന്നെയാണ് തീരുമാനിച്ചത് എന്ന് പറയാം. വിധിച്ചത് അവരുടെ ഗ്രന്ഥം(തൗറാത്) ഉപയോഗിച്ച് തന്നെയാണ്. അതു പ്രകാരം വധശിക്ഷക്ക് വിധേയരാക്കിയത് മുഴുവൻ ജനങ്ങളെയുമാണ് എന്നത് ശരിയല്ല. മറിച്ച്, പോരാളികളെ മാത്രമാണ്. മാത്രമല്ല, ചതിക്ക് കൂട്ടുനിൽക്കാത്തയാളുകൾ അതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. അവർ ശിക്ഷക്ക് വിധേയമായിട്ടില്ല. അതിന് പുറമെ സ്ത്രീകളെയും കുട്ടികളെയും കൊന്നിട്ടില്ല. അവരെയും ഒഴിവാക്കി.
രാജ്യദ്രോഹക്കുറ്റം ചെയ്ത ആളുകളൊക്കെ ശിക്ഷിക്കപ്പെടുക എന്നതാണ് നീതി. പ്രത്യേകിച്ച് ചിലരെ മാറ്റിനിർത്തേണ്ട കാര്യമില്ല. കുറേ ആളുകൾ വധശിക്ഷക്ക് അർഹമായ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അത്രയും പേർ കൊലചെയ്യപ്പെടുമെന്നത് സ്വാഭാവികമായ നീതിയാണ്. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോവണം. രാജ്യദ്രോഹം പോലുള്ള ഏറ്റവും വലിയ വഞ്ചനക്കുള്ള ശിക്ഷ ആധുനിക കാലത്തും വധശിക്ഷതന്നെയാണല്ലോ.
(തുടരും)

ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

 

 

Exit mobile version