ബറാഅത്ത് രാവിലെ ആരാധനകള്‍

‘തീര്‍ച്ചയായും നാമതിനെ ഒരനുഗ്രഹീത രാവില്‍ അവതരിപ്പിച്ചിരിക്കുന്നു. നിശ്ചയമായും നാം മുന്നറിയിപ്പ് നല്‍കുന്നവനാണ്. യുക്തിപൂര്‍ണമായ ഓരോ കാര്യവും ആ രാത്രിയില്‍ വേര്‍തിരിച്ച് വിവരിക്കപ്പെടുന്നു’ (ദുഖാന്‍ 34).

മേല്‍ ആയത്ത് വിശദീകരിച്ച് ഇമാം റാസി(റ) വിവരിച്ചു: ‘ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട അനുഗൃഹീത രാവ്  ബറാഅത്ത് രാവാണെന്ന് ഇക്രിമ(റ) അടക്കം നിവധി പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു (തഫ്സീര്‍ റാസി).

ഇമാം ഖുര്‍ത്വുബി(റ)ന്‍റെ വിശദീകരണം കാണുക: ‘ഇക്രിമ(റ) പറയുന്നത് ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട അനുഗൃഹീത രാവ് ശഅ്ബാന്‍ പകുതിയുടെ രാവാണെന്നാണ്. പ്രസ്തുത രാവില്‍ ഒരു വര്‍ഷത്തേക്കുള്ള കാര്യങ്ങള്‍ തീരുമാനിക്കപ്പെടും. ജീവിച്ചിരിക്കുന്നവരെ മരണപ്പെട്ടവരില്‍ നിന്ന് വേര്‍തിരിച്ച് ലിസ്റ്റ് തയ്യാറാക്കും. ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നവര്‍ ആരെല്ലാമെന്ന് നിര്‍ണയിക്കപ്പെടും. ഓരോ വകുപ്പിലും നിര്‍ണയിക്കപ്പെട്ടവരേക്കാള്‍ ഒരാളെ പോലും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യില്ല. ഉസ്മാനുബ്നുല്‍ മുഗീറ(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ നബി(സ്വ) പറഞ്ഞു: ഒരു ശഅ്ബാന്‍ മുതല്‍ അടുത്ത ശഅ്ബാന്‍ വരെയുള്ളവരുടെ ആയുസ്സ് തീരുമാനിക്കപ്പെടും (ഖുര്‍ത്വുബി).

‘യുക്തിപൂര്‍ണമായ കാര്യം’ എന്ന് അല്ലാഹു പറഞ്ഞതിന്‍റെ താല്‍പര്യം മനുഷ്യരുടെ ആയുസ്സ്, ഭക്ഷണം, ജയാപചയങ്ങള്‍ തുടങ്ങിയവയാണ്. ഇവയെല്ലാം ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. ഇമാം റാസി(റ) വിവരിക്കുന്നു: ‘ആയുസ്സ്, ഭക്ഷണം, വെള്ളം, ജയാപചയങ്ങള്‍’ എന്നിവ ഓരോരുത്തര്‍ക്കും വ്യത്യസ്ത അളവിലായിരിക്കും അല്ലാഹു അനുവദിച്ചത്. ഈ വ്യത്യസ്തതക്ക് പിന്നില്‍ അവന്‍റെ അതിമഹത്തായ ഹിക്മത്താണ്. അതിനാല്‍ ‘ഹകീം’ എന്ന അല്ലാഹുവിന്‍റെ വിശേഷണം ആലങ്കാരികമായി പ്രസ്തുത കാര്യങ്ങള്‍ക്ക് പ്രയോഗിച്ച് ‘അംറുന്‍ ഹകീം’ എന്നു പറഞ്ഞു (റാസി).

ഇമാം റാസി(റ), ഇമാം ഖുര്‍ത്വുബി(റ), ഇസ്മാ ഈലില്‍ ഹിഖീ(റ) തുടങ്ങിയവര്‍ ബറാഅത്ത് രാവിനെ കുറിച്ച് നല്‍കിയ ഒരു വിശദീകരണം കൂടി കാണാം: എല്ലാ വിവരങ്ങളുമടങ്ങിയ ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒരു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ പകര്‍ത്തിയെഴുതല്‍ ബറാഅത്ത് രാവില്‍ തുടങ്ങി ലൈലത്തുല്‍ ഖദ്റില്‍ പൂര്‍ത്തിയാക്കുമെന്ന് അഭിപ്രായപ്പെട്ട പണ്ഡിതരുണ്ട്. തുടര്‍ന്ന് ഓരോ വകുപ്പും അതാതിന്‍റെ ചുമതല വഹിക്കുന്ന മലക്കുകളെ ഏല്‍പ്പിക്കും. അതനുസരിച്ച് ഭക്ഷണത്തിന്‍റെ കാര്യം മീക്കാഇലീനെയും ഭൂകമ്പം പോലുള്ളവ ജിബ്രീലിനെയും ആപത്ത് മുസ്വീബത്തുകളുടെ ലിസ്റ്റുകള്‍ അസ്റാഈലിനെയും ഏല്‍പ്പിക്കും.

അറബി മാസം ശഅ്ബാന്‍ 14-ന് അസ്തമിച്ച രാത്രിയെയാണ് ബറാഅത്ത് രാവ് എന്ന് വിളി ക്കുന്നത്. മോചനം എന്നാണ് ബറാഅത്ത് എന്ന പദത്തിനര്‍ത്ഥം. നരകാവകാശികളായ നിരവധിയാളുകള്‍ക്ക് മോചനം ലഭ്യമാകുന്ന രാത്രിയായത് കൊണ്ടാണ് ആ പേര് വന്നത്. ലൈലതുന്‍ മുബാറക, ലൈലതുസ്സ്വക്ക്, ലൈലതുറഹ്മ എന്നീ പേരുകളിലും ഈ രാവ് അറിയപ്പെടുന്നു.

നിരവധി ഹദീസുകളിലൂടെ റസൂല്‍(സ്വ) ബറാഅത്ത് രാവിന്‍റെ ശ്രേഷ്ഠത തെര്യ പ്പെടുത്തുന്നുണ്ട്. അവയില്‍ ചിലത് നമുക്ക് മനസ്സിലാക്കാം: മുആദുബ്നു ജബല്‍(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: ‘ശഅ്ബാന്‍ പകുതിയുടെ രാവില്‍ അവിശ്വാസിയും അക്രമിയുമല്ലാത്ത എല്ലാവര്‍ക്കും അല്ലാഹുവിന്‍റെ അനുഗ്രഹം ലഭിക്കുകയും അവര്‍ക്ക് അവന്‍ പൊറുക്കുകയും ചെയ്യും (ത്വബറാനി).

ആഇശ(റ)വില്‍ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ബറാഅത്ത് രാവില്‍ ജിബ്രീല്‍(അ) എന്‍റെ സമീപം വന്ന് ഇപ്രകാരം പറഞ്ഞു: ‘ഈ രാവില്‍ കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമങ്ങളുടെ എണ്ണത്തോളം ആളുകള്‍ക്ക് അല്ലാഹു നരകമോചനം നല്‍കുന്നതാണ് (ബൈഹഖി). ശഅ്ബാന്‍ പകുതിയുടെ രാവില്‍ നിങ്ങള്‍ നിസ്കരിക്കുകയും പകല്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക (ഇബ്നുമാജ).

ആഇശ(റ)യില്‍ നിന്ന് നിവേദനം. നബി(സ്വ) ചോദിച്ചു: ശഅ്ബാന്‍ പതിനഞ്ചിന്‍റെ രാവിനുള്ള മഹത്ത്വം അറിയാമോ? ബീവി അന്വേഷിച്ചപ്പോള്‍ നബി(സ്വ) വിശദീകരിച്ചു: ‘ഈ വര്‍ഷം ജനിക്കുന്നതും മരിക്കുന്നതുമായ എല്ലാ മനുഷ്യരെയും നിശ്ചയിക്കുന്നത് ആ രാവിലാണ്. അന്ന് മനുഷ്യരുടെ കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടും. അവരുടെ ഭക്ഷണം ഇറങ്ങുന്നതും അന്ന് തന്നെയാണ് (മിശ്ക്കാത്ത്).

അഞ്ച് സവിശേഷതകള്‍ ബറാഅത്ത് രാവിനുണ്ട്.

  1. യുക്തി പൂര്‍ണമായ എല്ലാ കാര്യങ്ങളും അതില്‍ തീരുമാനിക്കപ്പെടുന്നു.
  2. ബറാഅത്ത് രാവിലെ ആരാധനാകര്‍മങ്ങള്‍ക്ക് പ്രത്യേക ശ്രേഷ്ഠതകളുണ്ട്.
  3. ആ രാവില്‍ അല്ലാഹു ധാരാളം അനുഗ്രഹം ചൊരിയും.
  4. പ്രത്യേക പാപമോചനം നല്‍കപ്പെടുന്നു.

നബി(സ്വ) പറഞ്ഞു: ജ്യോത്സ്യന്‍, അക്രമി, സ്ഥിരമദ്യപാനി, മാതാപിതാക്കളെ വെറുപ്പി ക്കുന്നവന്‍, സ്ഥിരമായി വ്യഭിചരിക്കുന്നവന്‍ എന്നിവരല്ലാത്ത എല്ലാ വിശ്വാസികള്‍ക്കും ബറാഅത്ത് രാവില്‍ അല്ലാഹു പൊറുത്ത് കൊടുക്കും.

  1. തിരുനബി(സ്വ)ക്ക് ശിപാര്‍ശ പറയാനുള്ള പൂര്‍ണാധികാരം നല്‍കപ്പെട്ടത് ഈ രാവിലാണ്. ശഅ്ബാന്‍ പതിമൂന്നാം രാവില്‍ ഉമ്മത്തിന് ശിപാര്‍ശ ചെയ്യാനുള്ള അധികാരം നബി(സ്വ) ചോദിച്ചപ്പോള്‍ മൂന്നിലൊന്ന് അല്ലാഹു നല്‍കി. പതിനാലാം രാവില്‍ ചോദിച്ചപ്പോള്‍ മൂന്നില്‍ രണ്ടും നല്‍കി. എന്നാല്‍ പതിനഞ്ചാം രാവില്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ശിപാര്‍ശക്കുള്ള പൂര്‍ണാധികാരം നല്‍കുകയുണ്ടായി (റാസി).

ഇബ്നുതൈമിയ്യ തന്നെ പറയുന്നത് നോക്കൂ: ശഅ്ബാന്‍ പകുതിയുടെ ശ്രേഷ്ഠത വ്യക്തമാക്കുന്ന നിരവധി ഹദീസുകളും ആസാറുക ളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍ഗാമികളില്‍ പെട്ട ഒരു വിഭാഗം ആ രാവില്‍ പ്രത്യേകം നിസ്കാരം നിര്‍വഹിച്ചതായും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ പ്രസ്തുത രാവില്‍ ആരെങ്കിലും പ്രത്യേക നിസ്കാരം നിര്‍വഹിച്ചാല്‍ അതിന് മുന്‍ഗാമികളുടെ മാതൃകയും തെളിവുമുണ്ട് (ഫതാവാ ഇബ്നു തൈമിയ്യ).

ബറാഅത്ത് രാവിലെ പ്രത്യേക നിസ്കാരത്തിന്‍റെ കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അന്നത്തെ രാത്രിയില്‍ പ്രത്യേക 100 റക്അത്തിനെ കുറിച്ച് ഇമാം ഗസ്സാലി(റ) ഇഹ്യയില്‍ പരാമര്‍ശി ക്കുന്നു. എന്നാല്‍ പ്രസ്തുത നിസ്കാരം ബിദ്അത്താണെന്നാണ് ഇമാം നവവി(റ) ശര്‍ഹുല്‍ മുഹദ്ദബില്‍ പറയുന്നത്. ഇബ്നു ഹജര്‍(റ) ഈ അഭിപ്രായാന്തരത്തിലെ തീരുമാനം പറയുന്നത് ഇപ്രകാരം: ‘റജബിലെ ആദ്യ വെള്ളിയാഴ്ച രാവില്‍ ഇശാ-മഗ്രിബിനിടയിലെ 12 റക്അത്ത് പ്രത്യേക നിസ്കാരവും ശഅ്ബാന്‍ പതിനഞ്ചാം രാവിലെ 100 റക്അത്ത് നിസ്കാരവും ബിദ്അത്താണെങ്കിലും അവ തടയപ്പെടേണ്ടതല്ലെന്നാണ് ഇബ്നു സ്വലാഹ്(റ)ന്‍റെ ഫത്വയില്‍ നിന്ന് മനസ്സിലാകുന്നത്. നിസ്കരിക്കാനുള്ള പൊതു ഉത്തരവിന്‍റെ കീഴില്‍ അവ രണ്ടും ഉള്‍പ്പെടുമെന്നതാണ് അദ്ദേഹത്തിന്‍റെ തെളിവ് (ഫതാവല്‍ കുബ്റാ).

ശഅ്ബാന്‍ പതിനഞ്ചിന് (ബറാഅത്ത് ദിനം) പകല്‍ നോമ്പെടുക്കല്‍ സുന്നത്താണെന്ന് അര്‍ത്ഥശങ്കക്കിടമില്ലാതെ ഇമാം റംലി(റ) വ്യക്തമാക്കിട്ടുണ്ട് (ഫതാവ റംലി).

ബറാഅത്ത് രാവില്‍ ഒരു പ്രാവശ്യം ദുഖാന്‍ സൂറത്തും മൂന്ന് പ്രാവശ്യം യാസീനും പാരായണം ചെയ്യുന്ന പതിവുണ്ട്. സച്ചരിതരായ പൂര്‍വികരില്‍ നിന്ന് പകര്‍ന്നുകിട്ടിയ നല്ല ആചാരമാണിത്. ഒന്നാം യാസീന്‍ ആയുസ്സില്‍ ബറകത്തുണ്ടാവാനും രണ്ടാമത്തേത് ഭക്ഷണത്തില്‍ വിശാലതയുണ്ടാവാനും മൂന്നാമത്തേത് മരണവേളയിലെ നല്ല പര്യവസാനത്തിനും വേണ്ടിയാണ്. എന്തു ലക്ഷ്യം വച്ചാണോ യാസീന്‍ പാരായണം ചെയ്യുന്നത് അതു നിറവേറ്റപ്പെടും എന്ന ഹദീസ് ഇതിന് പ്രാമാണികത നല്‍കുന്നു.

അല്ലാമ മുര്‍തളാ സബീദി(റ) പറയുന്നു: ബറാഅത്ത് രാവ് ആരാധനകള്‍കൊണ്ട് സമ്പന്ന മാക്കുക എന്ന ആചാരം സച്ചരിതരായ മുന്‍ ഗാമികളില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാണ്. അന്ന് മൂന്ന് യാസീന്‍ പാരായണം ചെയ്യുകയും ഓരോന്നിലും ക്രമപ്രകാരം ആയുസ്സിലെ ബറ കത്ത്, ഭക്ഷണത്തിലെ വിശാലത, ശുഭപര്യവസാനം എന്നിവ ലക്ഷ്യമാക്കി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും വേണം (ഇത്ഹാഫു സാദത്തില്‍ മുത്തഖീന്‍).

ശഅ്ബാന്‍ പകുതിയുടെ രാവില്‍ ഇശാ-മഗ്രിബിനിടയില്‍ മൂന്ന് യാസീന്‍ തുടരെ പാരായണം ചെയ്യണം. അവയ്ക്കിടയില്‍ മറ്റു സംസാരം പാടില്ല. യാസീന്‍ കൊണ്ട് ആയുസ്സ് വര്‍ധനവ്, ഭക്ഷണ വിശാലത, വിജയികളില്‍ ഉള്‍പ്പെടുക എന്നിവ യഥാക്രമം ലക്ഷ്യംവെക്കണം (നിഹായത്തുല്‍ അമല്‍).

ഏതൊരു സമയത്തിനും ശ്രേഷ്ഠത ലഭിക്കുന്നത് ആ സമയം ഉള്‍ക്കൊള്ളുന്ന മഹത്തായ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. വിശുദ്ധ റമളാന്‍ മാസങ്ങളുടെ നേതാവായത് അതില്‍ ഖുര്‍ആന്‍, അവതരിച്ചതിനാലാണ്. ആദം നബി(അ)ന്‍റെ ജന്മദിനം വെള്ളിയാഴ്ചയായതിനാല്‍ വെള്ളി ദിവസങ്ങളുടെ നേതാവായി. അതുപോലെ ബറാഅത്ത് രാവിന് ആ ശ്രേഷ്ഠത ലഭിച്ചതും അന്ന് സംഭവിച്ച മഹത്തായ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. തിരുനബി(സ്വ) ഹിജ്റക്ക് ശേഷം 17 മാസക്കാലം നിസ്കരിച്ചത് ബൈത്തുല്‍ മുഖദ്ദസിലേക്കു തിരിഞ്ഞായിരുന്നു. എന്നാല്‍ ഇബ്റാഹീം നബി(അ)ന്‍റെ ഖിബ്ലയായ കഅ്ബയിലേക്ക് തിരിഞ്ഞ് നിസ്കരിക്കലായിരുന്നു തിരുനബി(സ്വ)യുടെ ആഗ്രഹം. ഏറെക്കാലത്തെ പ്രവാചകാഭിലാഷം പൂവണിയിച്ചുകൊണ്ട് സൂറത്തുല്‍ ബഖറയുടെ 144-ാം ആയത്ത് ഇറങ്ങി ഖിബ്ല മാറ്റം സാധ്യമായത് ശഅ്ബാന്‍ പതിനഞ്ചിനായിരുന്നു. തിരുനബി(സ്വ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലാന്‍ ആജ്ഞാപിക്കുന്ന സൂറത്ത് അഹ്സാബിലെ 56-ാം ആയത്ത് ഇറങ്ങുന്നതും അന്നേ ദിവസം തന്നെയാണ്. അപ്പോള്‍ ആ ദിനത്തിന്‍റെ രാവിനും പകലിനും ശ്രേഷ്ഠത ലഭിക്കുമെന്നത് തീര്‍ച്ചയാണല്ലോ.

ശഅ്ബാന്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ മാസമാണ്. ശഅ്ബാനിലെ അധിക ദിവസവും അവിടുന്ന് നോമ്പെടുക്കാറുണ്ടായിരുന്നു. നിര്‍ബന്ധമാണെന്ന് തെറ്റിദ്ധരിക്കാന്‍ ഇടവരുമോ എന്ന ശങ്കയാണ് ശഅ്ബാന്‍  മുഴുവനായും തിരുനബി(സ്വ) നോമ്പനുഷ്ഠിക്കാതിരിക്കാനുള്ള കാരണം. റമളാന്‍ കഴിഞ്ഞാല്‍ നോമ്പെടുക്കാന്‍ ഏറ്റവും ഉത്തമമായ മാസങ്ങള്‍ യുദ്ധം നിഷിദ്ധമായ നാലു മാസങ്ങളാണ്. ശഅ്ബാന്‍ പൂര്‍ണമായും നോമ്പെടുക്കല്‍ പ്രത്യേകം സുന്നത്താണ് (ശര്‍വാനി).

Exit mobile version