വിശ്വാസിയുടെ മനശ്ശക്തി

ആഗ്രഹിച്ചത് നടന്നില്ലെങ്കിൽ, ഇഷ്ടമല്ലാത്തത് സംഭവിച്ചാൽ പരിഹാരത്തെ കുറിച്ച് ഒന്ന് ആലോചിക്കാൻ പോലും നിൽക്കാതെ എല്ലാം അവസാനിപ്പിക്കുക, ജീവനൊടുക്കുക ഈ പ്രവണത പുതിയ കാലത്ത് വല്ലാതെ വളർന്നുകൊണ്ടിരിക്കുന്നു, പ്രത്യേകിച്ചും പുതുതലമുറയിൽ.

ജീവിതം പട്ടുമെത്ത വിരിച്ച സുഖത്തിന്റെ ഇടങ്ങൾ മാത്രമല്ലെന്ന തിരിച്ചറിവുള്ളപ്പോൾ തന്നെ പ്രതിസന്ധികളിൽ ഒന്ന് പൊരുതാൻ പോലും നിൽക്കാതെ കീഴടങ്ങുന്നത് എന്തുകൊണ്ടാണ്? ‘പ്രശ്‌നങ്ങൾ’ എന്ന് നാം വിളിക്കുന്ന സംഭവങ്ങളാണ് യഥാർത്ഥത്തിൽ നമ്മളെ ശക്തരാക്കി മാറ്റുന്നത്, പിന്നീട് നമുക്കും മറ്റു പലർക്കും സംഭവിക്കാവുന്ന അത്തരം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നത്.

‘പ്ലാൻ എ വർക്ക് ചെയ്യുന്നില്ലെങ്കിൽ പ്ലാൻ ബി തിരഞ്ഞെടുക്കുക’ എന്ന് സാധാരണ നാം പറയാറുണ്ട്. ഇങ്ങനെ മറ്റൊരു ഓപ്ഷൻ ഉണ്ടെന്ന് പോലും ചിന്തിക്കാതെയാണ് അടുത്ത കാലത്തായി ധാരാളം യുവതികളും ഔദ്യോഗിക ജീവിതത്തിലെ പരാജയങ്ങളെ തുടർന്ന് ചില യുവാക്കളും ജീവനൊടുക്കിയത്.

വിവാഹം ചെയ്ത് പറഞ്ഞയക്കുന്ന പെൺകുട്ടികൾക്ക് ചെറുതും വലുതുമായ പ്രശ്‌നങ്ങൾ ഭർതൃവീട്ടിൽ ഉണ്ടാകാം. സ്വന്തമായി കൈകാര്യം ചെയ്യാൻ കഴിയുന്നവ അങ്ങനെ ചെയ്യാനും കഴിയാത്തവ അതിനു സാധിക്കുന്ന വരോട് ചർച്ച ചെയ്യാനും നമ്മുടെ പെൺകുട്ടികൾ എന്താണ് പഠിക്കാത്തത്? താങ്ങാനാവാത്ത പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ സർവ വാതിലുകളും അടഞ്ഞു, ഇനി മരണമാണ് ഒരേയൊരു വഴി എന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് കൗൺസിലിംഗ് അനുഭവങ്ങൾ ബോധ്യപ്പെടുത്തുന്നു.

ഭർത്താവിന് സ്വഭാവദൂഷ്യങ്ങളുണ്ടെങ്കിൽ അത് തിരുത്താൻ ഭാര്യ സ്‌നേഹത്തോടെ നിർദേശാത്മകമായി (Suggestive talk) സംസാരിക്കുക. തവണകളായി അത് ചെയ്തിട്ടും പരിഹാരമില്ലെങ്കിൽ എനിക്കിത് താങ്ങാനാവുന്നില്ല എന്ന ഫീലിംഗ് മെസ്സേജ് അറിയിക്കുക. എന്നിട്ടും മാറ്റമില്ലെങ്കിൽ ഉത്തരവാദപ്പെട്ട രക്ഷിതാക്കളോട് രഹസ്യമായി കാര്യം പറയുക. എല്ലാവരെയും അറിയിച്ച് സീൻ ഉണ്ടാക്കുക എന്നതല്ല ഇതിന്റെ ലക്ഷ്യം. മറിച്ച് ഒന്നോ രണ്ടോ മുതിർന്ന ആളുകൾ അദ്ദേഹവുമായി സ്വകാര്യതയിൽ, സൗഹൃദത്തിൽ സംസാരിക്കുക എന്നതാണ്. അതുകൊണ്ടും തീരുന്നില്ലെങ്കിൽ ഇരുകുടുംബത്തിലെയും പക്വതയുള്ള കാരണവന്മാരും ആവശ്യമെങ്കിൽ നാട്ടിലെ കൈകാര്യസ്ഥരും ഇടപെടുക. അതോടൊപ്പം ആവശ്യമായി വരികയാണെങ്കിൽ പ്രൊഫഷണൽ കൗൺസിലർമാരുടെ സേവനവും ഉപയോഗപ്പെടുത്തുക. ഇങ്ങനെയൊക്കെ വിവിധ പരിഹാര മാർഗങ്ങൾ ഉണ്ടായിരിക്കെയാണ് മറ്റൊന്നുമാലോചിക്കാതെ പരാജയപ്പെട്ട് പിൻവാങ്ങുന്ന സമീപനം സ്വീകരിക്കുന്നത്.

ആധുനിക ജീവിതത്തിലെ പിരിമുറുക്കങ്ങൾ നിറഞ്ഞ വേഗതാ ശൈലി ഇതിൽ ഒരു പ്രധാന ഘടകമാണ്. എല്ലാം വേഗം നടക്കണം, കാത്തിരിക്കാനാവില്ല, പെട്ടെന്ന് നടന്നില്ലെങ്കിൽ ദേഷ്യം, നിരാശ, വഴക്ക്, സ്വന്തത്തെയോ മറ്റുള്ളവരെയോ മുറിവേൽപ്പിക്കുന്ന അക്രമ ശൈലികൾ പുറത്തുവരും, വൈകാരികത നമ്മുടെ ബുദ്ധി ബോധത്തെ പരാജയപ്പെടുത്തും. ഇത്തരം കാര്യങ്ങളെക്കുറിച്ച് അടുത്ത കാലങ്ങളിലായി ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്.

ഒരാൾക്ക് പ്രശ്‌നപരിഹാരശേഷി വർധിക്കണമെങ്കിൽ ശാന്തമായി ചിന്തിക്കാൻ സാധിക്കണമെന്നും അതിന് എടുത്തുചാട്ടമി ല്ലാത്ത മാനസികശൈലി ആവശ്യമാണെന്നും പഠനങ്ങൾ പറയുന്നു. ഈ ഒരു പശ്ചാത്തലത്തിൽ കൂടിയാണ് മൈൻഡ്ഫുൾനസ് (Mindfulness) എന്ന പഠനശാഖ വളരെയധികം വികസിച്ചിരിക്കുന്നത്. ട്രഡീഷണൽ സൈക്കോളജിയിൽ വാണ്ടറിങ് മൈൻഡ് (Wandering Mind) എന്നും ചില ശാഖകളിൽ മങ്കി മൈൻഡ്(Monkey Mind) എന്നും വിളിക്കുന്ന എടുത്തുചാട്ടത്തിൽ അധിഷ്ഠിതമായ ശൈലി ഒഴിവാക്കി സമാധാനത്തോടെയുള്ള രീതി കൊണ്ടുവരാനാണ് മൈൻഡ് ഫുൾനെസ് പഠനങ്ങൾ പറയുന്നത്. എടുത്തുചാട്ടം, പെട്ടെന്നുള്ള പ്രതികരണം, ക്ഷമയില്ലാതെ ധൃതിപിടിച്ചുള്ള തീരുമാനം, ഇതെല്ലാം ഒഴിവാക്കണമെങ്കിൽ സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കേണ്ടതുണ്ട്.

ഇവിടെയാണ് പരിശുദ്ധ മതം വിശ്വാസികൾക്ക് സമ്മാനമായി നൽകിയ നിസ്‌കാരത്തിന്റെയും ദിക്‌റുകളുടെയും ഖുർആൻ പാരായണത്തിന്റെയും സ്വലാത്തിന്റെയും പ്രാധാന്യം മനസ്സിലാക്കേണ്ടത്. ഇസ്‌ലാമിലെ ആരാധനകൾ ഒന്നുംതന്നെ കേവലം ബോധതലം കൊണ്ട് ചെയ്തു തീർക്കേണ്ടതല്ല. ഹൃദയം അതിൽ പൂർണമായി ലയിച്ചുചേർന്ന് ഹൃദയവും നാവും അവയവങ്ങളുമെല്ലാം ചേർന്നൊരുക്കുന്ന ഒരു സാധനയാണത്. ആ കാര്യം അല്ലാത്ത മറ്റൊന്നും ആ സമയത്ത് മനസ്സിൽ വരാതെ ചെയ്യുമ്പോളാണ് ഇബാദത്തിന്റെ രുചി നാമറിയുന്നത്. ‘ഇപ്പോൾ ഇവിടെ മാത്രം’ (Here&Now) എന്ന കൺസെപ്റ്റിലൂടെ മന:ശാസ്ത്ര വിദഗ്ധർ വിശദീകരിക്കുന്നതും ഇതു തന്നെയാണ്. ചെയ്യുന്ന കാര്യത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു പ്രവർത്തിച്ചാൽ മനസ്സിന്റെ സർവ ശേഷികളും വികസിക്കുമെന്നും എടുത്തുചാട്ടങ്ങൾ കുറയുമെന്നും അതിൽ സിദ്ധാന്തിക്കുന്നു. ചുരുക്കത്തിൽ ഖൽബ് അറിഞ്ഞു ദിക്ർ ചൊല്ലുകയും എല്ലാം സമർപ്പിച്ച് നിസ്‌കരിക്കുകയും നബി(സ്വ)യെ മനസ്സിൽ കണ്ട് സ്വലാത്ത് ചൊല്ലുകയും ലയിച്ചുചേർന്ന് ഖുർആൻ പാരായണം നടത്തുകയും ചെയ്യുന്ന ഒരു വിശ്വാസിക്ക് ഇതെല്ലാം ലഭ്യമാകും.

ഇതു കൊണ്ടൊക്കെയാണ് വിശ്വാസികൾക്ക് ആത്മഹത്യ ചെയ്യാൻ സാധിക്കാത്തത്. ആഗോളതലത്തിൽ പരിശോധിച്ചാൽ ആത്മഹത്യ ഏറ്റവും കുറവുള്ളത് മുസ്‌ലിം രാജ്യങ്ങളിലാണെന്നും കേരളത്തിൽ അത് ഏറ്റവും കുറവുള്ളത് മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്താണെന്നും മറ്റു ജില്ലകളിൽ മുസ്‌ലിംകൾ കൂടുതലുള്ള പ്രദേശങ്ങളിലാണെന്നും കാണാൻ സാധിക്കും.

ആധുനിക പിരിമുറുക്കങ്ങളിൽ നിന്നും ഉത്കണ്ഠകളിൽ നിന്നും മാനസികാസ്വാസ്ഥ്യങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള ഉറച്ച മാർഗമാണ് മനസ്സറിഞ്ഞുള്ള ഇബാദത്തുകൾ. ആത്മഹത്യ കടുത്ത പാപമാണെന്ന് പഠിപ്പിച്ചതിനോടൊപ്പം തന്നെ അത് ചെയ്യാൻ തോന്നാത്ത മനസ്സ് സൃഷ്ടിക്കാനുള്ള മാർഗം കൂടി മതം അവതരിപ്പിച്ചിട്ടുണ്ട്.
ഈ ലോകവും അതിലുള്ള കാര്യങ്ങളും നിസ്സാരമാണെന്ന് കാണുന്ന വിശ്വാസിക്ക് ഇവിടത്തെ സങ്കടവും സന്തോഷവും നിസ്സാരമായി തന്നെ തോന്നും. ഈ പരീക്ഷണങ്ങളുടെ ലോകത്തുണ്ടാകുന്ന പ്രയാസങ്ങൾ തന്റെ ഈമാൻ വർധിപ്പിക്കാനാണെന്നും ആഖിറത്തിൽ പ്രതിഫലം കൂടുതൽ കിട്ടാനാണെന്നും ദോഷങ്ങൾ പൊറുക്കാനാണെന്നും മനസ്സിലാക്കുന്ന വിശ്വാസിക്ക് ഏതു പ്രശ്‌നങ്ങളെയും ചിരിച്ചുകൊണ്ട് നേരിടാൻ സാധിക്കും. ആ കരുത്ത് മതം നൽകുന്നതാണ്.

വിവിധങ്ങളായ പുണ്യവചനങ്ങളിൽ തിരുനബി(സ്വ) ഇത്തരം ധാരാളം കാര്യങ്ങൾ ചർച്ച ചെയ്തതായി കാണാം. അല്ലാഹു പറയുന്നതായി നബി(സ്വ) പറഞ്ഞു: ഇഹലോകത്ത് വെച്ച് പ്രിയപ്പെട്ടവരെ ഞാൻ തിരിച്ചുപിടിക്കുമ്പോൾ (അവർ മരണപ്പെടുമ്പോൾ) പ്രതിഫലം പ്രതീക്ഷിച്ച് ക്ഷമ കൈകൊണ്ട സത്യവിശ്വാസിയായ എന്റെ അടിമക്ക് സ്വർഗമല്ലാതെ പ്രതിഫലമില്ല. സർവ പ്രയാസങ്ങളെയും മറികടക്കാൻ മനക്കരുത്തു നൽകുന്ന പ്രഖ്യാപനമാണിത്.

ആഇശ(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. അവർ നബി(സ്വ)യോട് പ്ലേഗ് രോഗത്തെക്കുറിച്ച് അന്വേഷിച്ചു. അവിടന്ന് പറഞ്ഞു: ‘അത് അല്ലാഹു ഉദ്ദേശിച്ചവർക്ക് ശിക്ഷയായി നൽകുന്നതാണ്. എന്നാൽ സത്യവിശ്വാസികൾക്ക് അത് അനുഗ്രഹമായിരിക്കും. അല്ലാഹു തനിക്കു വിധിച്ചതല്ലാതെ ഒന്നും സംഭവിക്കുകയില്ല എന്ന ബോധത്തോടെ പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ട് പ്ലേഗ് ബാധിച്ച നാട്ടിൽ ക്ഷമയോടെ കഴിഞ്ഞുകൂടുന്ന വ്യക്തിക്ക് രക്തസാക്ഷിയുടെ തുല്യമായ പ്രതിഫലം ലഭിക്കുന്നതാണ്.’ കോവിഡ് വ്യാപനത്തിന്റെ ഈ കാലഘട്ടത്തെ പുഞ്ചിരിച്ചുകൊണ്ട് നേരിടാൻ ഇതിനേക്കാൾ വലിയ ഒരായുധം വേറെ ഏതാണുള്ളത്?

ഒരാൾക്ക് കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടാൽ അതു കാരണമായി സ്വർഗം ലഭിക്കുമെന്ന് മറ്റൊരു ഹദീസിൽ കാണാം. ധാരാളം തെറ്റുകൾ ചെയ്തു പാപക്കറകൾ നിറഞ്ഞ ഹൃദയവുമായി ജീവിക്കുന്ന നമ്മെ പോലുള്ളവർക്ക് വലിയ പ്രതീക്ഷ നൽകിക്കൊണ്ട് തിരുദൂതർ(സ്വ) ഒരിക്കൽ പറഞ്ഞു: ‘ക്ഷീണം, രോഗം, ആശങ്ക, സങ്കടം, വിഷമം ബുദ്ധിമുട്ടുകൾ തുടങ്ങിയവ മുസ്‌ലിമിനെ ബാധിച്ചാൽ, ശരീരത്തിൽ ഒരു മുള്ളു തറച്ചാൽ പോലും അതു കാരണമായി അല്ലാഹു അവന്റെ പാപങ്ങൾ പൊറുത്തുകൊടുക്കുന്നതാണ്.’
മുള്ളു തറക്കുന്നതിനു പോലും പാപമോചനം വാഗ്ദാനം ചെയ്യുന്ന മതം അല്ലാഹുവിനെ ഭയപ്പെടുന്നതോടൊപ്പം പ്രതീക്ഷയിൽ അധിഷ്ഠിതമായി ജീവിക്കാൻ വിശ്വാസിയെ സന്നദ്ധമാക്കുന്നു.
ചുരുക്കത്തിൽ, വേഗത കൂടിയ, പിരിമുറുക്കങ്ങൾ വർധിച്ച ഈ കാലഘട്ടത്തിൽ സമാധാനത്തോടെ ജീവിക്കാൻ മതത്തിന്റെ പൊരുളുകളറിയുകയും ആരാധനയുടെ രുചിയറിഞ്ഞ് ചെയ്യുകയും ഹൃദയ സാന്നിധ്യത്തോടെ സ്വലാത്തുകളും ദിക്‌റുകളും ഖുർആൻ പാരായണങ്ങളും നടത്തുകയും ചെയ്താൽ മതിയാകും. അത് സ്വസ്ഥവും ശാന്തവും ചാഞ്ചാട്ടങ്ങൾ ഇല്ലാത്തതും ആനന്ദകരവുമായ മനസ്സ് സമ്മാനിക്കും.

ഡോ. ബിഎം മുഹ്‌സിൻ

 

Exit mobile version