വ്രത വിശുദ്ധിക്ക് ഫിത്വ്ർ സകാത്ത്

വിശുദ്ധ റമളാനിൽ നോമ്പുമായി ബന്ധപ്പെട്ട് വിശ്വാസിക്കു വന്ന ന്യൂനതകളും പോരായ്മകളും പരിഹരിക്കാനുള്ള മാർഗമാണ് ഫിത്വ്ർ സകാത്ത്. നിസ്‌കാരത്തിലെ പിഴവുകൾ പരിഹരിക്കാനുള്ള സഹ്‌വിന്റെ സുജൂദിനോടാണ് പണ്ഡിതന്മാർ ഫിത്വ്ർ സകാത്തിനെ ഉപമിച്ചത്. ഇമാം ഇബ്‌നു ഹജർ(റ) രേഖപ്പെടുത്തുന്നു: ‘നിസ്‌കാരത്തിലെ സഹ്‌വിന്റെ സുജൂദ് പോലെയാണ് നോമ്പിന് ഫിത്വ്ർ സകാത്ത്. അത് നോമ്പിന്റെ മുഴുവൻ ന്യൂനതകളും പരിഹരിക്കും’ (തുഹ്ഫ 3/305). അബ്ദുൽ ഹമീദ് ശർവാനി(റ) എഴുതുന്നു: ‘ഫിത്വ്ർ സകാത്ത് നൽകാൻ ബാധ്യതയും കഴിവുമുള്ളവർ അതു നൽകാതിരുന്നാൽ നോമ്പിന്റെ മഹാ പ്രതിഫലം മുഴുവൻ അയാൾക്കു ലഭിക്കാതെ വരും’ (ശർവാനി 3/305).

സകാത്ത് നൽകുന്നവർ വിജയം വരിച്ചവരാണെന്നാണ് ഖുർആനിക പ്രഖ്യാപനം. അല്ലാഹു പറയുന്നു: ‘സകാത്ത് നൽകുകയും തന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും എന്നിട്ട് നിസ്‌കരിക്കുകയും ചെയ്തവൻ തീർച്ചയായും വിജയം പ്രാപിച്ചു’ (87/14-15). ഇബ്‌നു അബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഫിത്വ്‌റ് സകാത്തിന്റെ അടിസ്ഥാന താൽപര്യം വ്യക്തമാക്കുന്നുണ്ട്.  മഹാനവർകൾ പറയുന്നു: ‘നബി(സ്വ) സകാത്തുൽ ഫിത്വ്ർ നിർബന്ധമാക്കിയത് നോമ്പുകാരനെ പിഴവുകളിൽ നിന്നും ന്യൂനതകളിൽ നിന്നും ശുദ്ധീകരിക്കാനും ദരിദ്രർക്ക് ആഹാര മാർഗമുണ്ടാക്കാനും വേണ്ടിയാണ്. ആരെങ്കിലും (പെരുന്നാൾ) നിസ്‌കാരത്തിന് മുമ്പ് അത് കൊടുത്തു വീട്ടുന്ന പക്ഷം സ്വീകാര്യയോഗ്യമായ സകാത്താണത്. നിസ്‌കാരത്തിന് ശേഷമാണ് നൽകുന്നതെങ്കിൽ സ്വദഖയുടെ കൂട്ടത്തിൽപ്പെട്ട ദാനവും’ (അബൂദാവൂദ്).

റമളാനിലെ നോമ്പും ഫിത്വ്ർ സകാത്തും നിർബന്ധമാക്കപ്പെട്ടത് ഹിജ്‌റ രണ്ടാം വർഷത്തിലാണ്. തന്റെയും താൻ ചെലവു കൊടുക്കൽ നിർബന്ധമായവരുടെയും പെരുന്നാൾ ദിവസത്തെ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ കഴിച്ച് ബാക്കി ശേഷിപ്പുള്ളവർക്കെല്ലാം ഫിത്വ്ർ സകാത്ത് നിർബന്ധമാകുന്നതാണ്. സ്വശരീരത്തിന്റെ ഫിത്വ്ർ സകാത്ത് നൽകൽ നിർബന്ധമായതുപോലെ താൻ ചെലവ് കൊടുക്കൽ നിർബന്ധമായ ഭാര്യ, മക്കൾ, ഉപ്പ, ഉമ്മ തുടങ്ങിയവരുടേയും സകാത്തു നൽകൽ നിർബന്ധം. പെരുന്നാൾ രാപ്പകലിൽ നൽകേണ്ട ഭക്ഷണത്തിൽ താൻ ചെലവിനു നൽകേണ്ട മനുഷ്യേതര ജീവികളുടെ ഭക്ഷണവും ഉൾപ്പെടുന്നതാണ്’ (തുഹ്ഫ 3/312).

നാട്ടിൽ സാധാരണ മുഖ്യാഹാരമായി ഉപയോഗിക്കുന്ന ധാന്യങ്ങളിൽ നിന്ന് ഒരു സ്വാഅ് ആണ് ഫിത്വ്ർ സകാത്തായി നൽകേണ്ടത്. നാല് മുദ്ദാണ് ഒരു സ്വാഅ്. ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: ‘തിരുനബി(സ്വ) സകാത്തുൽ ഫിത്വ്ർ നിർബന്ധമാക്കുകയുണ്ടായി. അത് ഒരു സ്വാഅ് കാരക്കയോ ഒരു സ്വാഅ് ബാർലിയോ ആണ്. മുസ്‌ലിംകളായ സ്വതന്ത്രൻ, അടിമ, പുരുഷൻ, സ്ത്രീ എന്നിങ്ങനെ എല്ലാവർക്കും ഇതു നിർബന്ധമാണ്’ (അബൂദാവൂദ്).

നമ്മുടെ നാട്ടിലെ മുഖ്യ ഭക്ഷണം അരിയായത് കൊണ്ട് 3.200 ലിറ്റർ അരിയാണ് സകാത്തു നൽകേണ്ടത്. കേടില്ലാത്ത ശുദ്ധമായ ആഹാരം തന്നെ നൽകൽ നിർബന്ധമാണ്. ‘കണ്ണടച്ചു കൊണ്ടല്ലാതെ നിങ്ങൾ സ്വീകരിക്കാത്ത മോശമായ സാധനങ്ങൾ ദാനം ചെയ്യാനായി നിങ്ങൾ കരുതിവെക്കരുത്’ (2/267) എന്നാണല്ലോ വിശുദ്ധ ഖുർആനിന്റെ പ്രസ്താവന. ഇമാം ഇബ്‌നുഹജർ(റ) പറയുന്നു: ‘കേടില്ലാത്ത ധാന്യം തന്നെ സകാത്തായി നൽകണം. അപ്പോൾ പുഴുക്കുത്ത് ബാധിച്ചവ, ഉണക്കമില്ലാത്തവ മുതലായവയോ കേടുവന്നതോ ധാന്യത്തിന്റെ വിലയോ നൽകിയാൽ മതിയാവില്ല. അതേസമയം നനഞ്ഞത് വീണ്ടും ഉണക്കി സൂക്ഷിച്ചു വെക്കാനും ഭക്ഷിക്കാനും പറ്റുന്ന വിധത്തിലായാൽ അതു നൽകുന്നതിനു  വിരോധമില്ല’ (തുഹ്ഫ 3/324).

പെരുന്നാൾ ദിവസത്തെ ചെലവു കഴിഞ്ഞ് അൽപം മാത്രമേ ശേഷിപ്പുള്ളൂവെങ്കിൽ അതു ഫിത്വ്ർ സകാത്തായി നൽകണം. കർമശാസ്ത്ര പണ്ഡിതർ എഴുതുന്നതു കാണുക: ‘ഒരു സ്വാഇന്റെ അൽപം മാത്രം നൽകാൻ സാധിക്കുന്നവൻ അതു നൽകൽ നിർബന്ധമാണ്. കുറച്ചു സ്വാഉകൾ മാത്രമുള്ളവൻ അവയും നൽകണം. അപ്പോൾ സ്വന്തം ശരീരം, ഭാര്യ, ചെറിയകുട്ടി, ഉപ്പ, ഉമ്മ, വലിയകുട്ടി എന്നിങ്ങനെയുള്ള മുൻഗണനാ ക്രമമനുസരിച്ചാണ് നൽകേണ്ടത് (മുഗ്‌നി 1/405).

പെരുന്നാൾ രാവിൽ സൂര്യാസ്തമയ സമയത്തുള്ളവർക്കാണ് ഫിത്വ്ർ സകാത്ത് നിർബന്ധമുള്ളത്. അതിനാൽ സൂര്യാസ്തമയത്തിന്റെ അൽപം മുമ്പു ജനിച്ച കുട്ടി, വിവാഹം കഴിച്ച ഭാര്യ തുടങ്ങിയവർക്കും  അസ്തമനത്തിനു ശേഷം മരിച്ചവർ, വിവാഹ മോചിതയായ ഭാര്യ മുതലായവർക്കും ഫിത്വ്ർ സകാത്ത് നൽകേണ്ടി വരുന്നതാണ്. അതേസമയം സൂര്യസ്തമയത്തിനു ശേഷം ജനിച്ച കുഞ്ഞിനോ വിവാഹം കഴിച്ച ഭാര്യക്കോ സകാത്ത് നൽകേണ്ടതുമില്ല (തുഹ്ഫ 3/305-307). ഇനി പ്രസവത്തിൽ കുട്ടിയുടെ അൽപം സൂര്യസ്തമയത്തിനു മുമ്പും ബാക്കി ശേഷവുമായാലും ആ കുട്ടിയുടെ ഫിത്വ്ർ സകാത്ത് നൽകേണ്ടതില്ല. കാരണം, കുട്ടി പൂർണമായും പുറത്തു വരാതിരിക്കുന്നിടത്തോളം അത് ഗർഭസ്ഥ ശിശു തന്നെയാണ്’ (ശർവാനി 3/308).

ഫിത്വ്ർ സകാത്തായി ധാന്യം തന്നെ നൽകണമെന്നാണ് മതപക്ഷം. ധാന്യപ്പൊടിയോ അതു കൊണ്ടുണ്ടാക്കിയ വിഭവങ്ങളോ ധാന്യത്തിന്റെ വിലയോ നൽകിയാൽ മതിയാവില്ല. ഇമാം ഖത്തീബു ശർബീനി(റ) എഴുതുന്നു: ‘ഒരിക്കലും വില നൽകിയാൽ മതിയാവുകയില്ലെന്നാണ് പണ്ഡിതന്മാരുടെ  ഏകകണ്ഠമായ അഭിപ്രായം’ (മുഗ്‌നി 1/407).

റമളാനിന്റെ തുടക്കം മുതൽ തന്നെ ഫിത്വ്ർ സകാത്ത് മുൻകൂർ വിതരണം ചെയ്യൽ അനുവദനീയമാണ്. റമളാനിന്റെ അവസാനത്തെ പകൽ അസ്തമിച്ചതു മുതൽ വിതരണം ചെയ്യൽ നിർബന്ധവും പെരുന്നാൾ നിസ്‌കാരത്തിന് പുറപ്പെടുന്നതിനു മുമ്പു കൊടുത്തു വീട്ടൽ ശ്രേഷ്ഠവുമാണ്. ഇബ്‌നു ഉമർ(റ) പറയുന്നു: ‘പ്രവാചകർ(സ്വ) ഞങ്ങളോട് ആളുകൾ പെരുന്നാൾ നിസ്‌കരിക്കാൻ പുറപ്പെടുന്നതിനു മുമ്പ് സകാത്തുൽ ഫിത്വ്ർ കൊടുത്തു വീട്ടാൻ കൽപിച്ചിരുന്നു. ഇബ്‌നു ഉമർ(റ) പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് തന്നെ അത് നിർവഹിക്കുമായിരുന്നു (ബുഖാരി, മുസ്‌ലിം). ഇങ്ങനെ മുൻകൂട്ടി നിർവഹിക്കുമ്പോൾ വാങ്ങുന്ന ആൾ സകാത്ത് നിർബന്ധമാകുന്ന സമയത്ത് സകാത്തിന് അവകാശിയായി ഉണ്ടായിരിക്കേണ്ടതാണ്.

പ്രത്യേക കാരണമൊന്നുമില്ലാതെ പെരുന്നാൾ നിസ്‌കാരത്തിനു ശേഷം വൈകുന്നേരം വരെ നൽകാതിരിക്കൽ കറാഹത്തുണ്ട്. എന്നാൽ അടുത്ത ബന്ധുക്കൾ, മറ്റു അവകാശികൾ എന്നിവരെ പ്രതീക്ഷിച്ച് കൊണ്ട് പ്രത്യേകം എടുത്തുവെക്കുന്നതിൽ കറാഹത്തില്ല. അത്തരം സാഹചര്യങ്ങളിൽ സൂര്യാസ്തമയത്തിനു മുമ്പ് കൊടുത്തു വീട്ടലാണ് സുന്നത്ത്. പ്രത്യേക കാരണമൊന്നുമില്ലെങ്കിൽ (അവകാശി ഇല്ലാതിരിക്കുക, സമ്പത്ത് അപ്പോൾ കൈവശം ഇല്ലാതിരിക്കുക ഉദാഹരണം) പെരുന്നാൾ ദിവസം കഴിഞ്ഞിട്ടും വിതരണം ചെയ്യാതിരിക്കൽ ഹറാമുമാണ്. കാരണം കൂടാതെ പിന്തിച്ചാൽ അവൻ കുറ്റക്കാരനാകുമെന്നതിനാൽ എത്രയും പെട്ടെന്ന് ഖളാഅ് വീട്ടലും നിർബന്ധമാണ്. ഫിത്വ്ർ സകാത്തിന്റെ നിശ്ചിത സമയങ്ങളിൽ കഴിവില്ലാത്തവർക്ക് പെരുന്നാൾ ദിവസം അസ്തമയത്തിനു മുമ്പ്  കഴിവുണ്ടായാൽ ഫിത്വ്ർ സകാത്ത് നൽകൽ സുന്നത്തുണ്ട് (തുഹ്ഫ 3/312).

ഫിത്വ്ർ സകാത്ത് നൽകുമ്പോൾ നിയ്യത്ത് ചെയ്യേണ്ടത് അനിവാര്യമാണ്. സകാത്ത് വീടാനുള്ള നിബന്ധനകളിലൊന്നാണ് അത്. സകാത്തിന്റെ ഉടമയാണ് വിതരണം ചെയ്യുന്നതെങ്കിൽ വിതരണ ഘട്ടത്തിലും മറ്റൊരാളെ വക്കാലത്താക്കുകയാണെങ്കിൽ അവരെ ഏൽപ്പിക്കുന്ന സമയത്തുമാണ് നിയ്യത്ത് വെക്കേണ്ടത്. കുട്ടികളുടെയോ ഭ്രാന്തന്മാരുടെയോ സകാത്ത് വിതരണം ചെയ്യുമ്പോൾ അവരുടെ സംരക്ഷകർ നിയ്യത്ത് വെക്കണം.

ഫിത്വ്ർ സകാത്ത് നൽകൽ ബാധ്യതയുള്ള വ്യക്തി സകാത്ത് നിർബന്ധമാകുന്ന സമയത്ത് താമസിക്കുന്ന നാട്ടിലാണ് കൊടുക്കേണ്ടത്. സ്വദേശത്തുള്ളവർ ഇവിടെയും വിദേശത്തുള്ളവർ അവിടെയും കൊടുക്കണമെന്ന് ചുരുക്കം. കർമശാസ്ത്ര പണ്ഡിതന്മാർ വിവരിക്കുന്നു: ‘ഫിത്വ്ർ സകാത്ത് ആർക്ക് വേണ്ടിയാണോ നൽകുന്നത് അയാൾ താമസിക്കുന്ന നാട്ടിൽ അവകാശികളുണ്ടെങ്കിൽ മറ്റൊരു നാട്ടിലുള്ള അവകാശികളിലേക്ക് നീക്കം ചെയ്യാൻ പാടില്ല. ധനത്തിന്റെ സകാത്തിന്റെ വിധിയും ഇപ്രകാരം തന്നെ. സകാത്ത് ബാധ്യതയുള്ളവൻ താമസിക്കുന്ന നാടിന്റെ പരിധിക്കു പുറത്തുള്ളതും എന്നാൽ ആ നാടിനോട് ചേർന്ന് കിടക്കുന്നതുമായ പ്രദേശവും ദായകന്റെ നാടായി പരിഗണിക്കപ്പെടും. എന്നാൽ സകാത്ത് കൊടുക്കൽ നിർബന്ധമായ നാട്ടിൽ അത് സ്വീകരിക്കേണ്ട അവകാശികളില്ലാതാവുകയോ അവർക്ക് കൊടുത്തതിന് ശേഷവും സകാത്ത് അവശേഷിക്കുകയോ ചെയ്താൽ അടുത്ത നാട്ടിലേക്ക് നീക്കം ചെയ്യൽ നിർബന്ധമാണ്’ (തുഹ്ഫ).

സകാത്ത് വാങ്ങാൻ അർഹരായി വിശുദ്ധ ഖുർആൻ എണ്ണിപ്പറഞ്ഞ എട്ടു വിഭാഗങ്ങൾക്കു മാത്രമേ സകാത്ത് നൽകാൻ പാടുള്ളൂ. മറ്റുള്ളവർക്ക് നൽകിയാൽ ബാധ്യത വീടുകയില്ല ‘നിശ്ചയം സകാത്ത് നൽകേണ്ടത് ഫഖീർ, മിസ്‌കീൻ, സകാത്തിന്റെ ഉദ്യോഗസ്ഥൻ,  ഇസ്‌ലാമുമായി മനസ്സ് ഇണക്കപ്പെട്ടവർ, അടിമത്ത മോചനപത്രം എഴുതപ്പെട്ടവൻ, കടം കൊണ്ടു വലയുന്നവർ, അല്ലാഹുവിന്റെ മാർഗത്തിൽ ധർമസമരം നടത്തുന്നവർ, വഴിയാത്രക്കാർ  എന്നിവർക്ക് മാത്രമാണ്. അല്ലാഹുവിൽ നിന്ന് നിശ്ചയിക്കപ്പെട്ടതാണ് ഇത്’ (സൂറത്തുതൗബ/60).

സമ്പത്തിന്റെ സകാത്ത് പോലെ ശരീരത്തിന്റെ സകാത്തായ ഫിത്വ്‌റും നമ്മുടെ ഔദാര്യമല്ല. പ്രസ്തുത എട്ടു വിഭാഗത്തിന്റെ അവകാശമാണ്. നിശ്ചിത സമയപരിധിയിൽ അതു നൽകാത്തവർ കുറ്റക്കാരാകും. സ്വന്തമായി നല്ല അരിയുപയോഗിക്കുകയും സകാത്ത് നൽകാൻ മോശം അരി വാങ്ങുകയും ചെയ്യുന്നതും ക്ഷന്തവ്യമല്ല. നാം കഴിക്കുന്ന നല്ലതാണ് നൽകേണ്ടത്.

Exit mobile version