വൈകല്യമുള്ള ഒരുകൂട്ടം ആളുകളുടെ സംഗമം മീഡിയയില്‍ കണ്ടപ്പോള്‍ ഞാനോര്‍ത്തത് നജീബയെക്കുറിച്ചായിരുന്നു. തകര്‍ന്ന ദാമ്പത്യവും തീരാത്ത ടെന്‍ഷനുമായി നടക്കുന്നവര്‍ നജീബയുടെ അടുത്തുവരണം. നാലു മക്കളും പേരക്കുട്ടികളുമായി സസന്തോഷം കഴിയുന്ന കുടുംബജീവിതത്തിന്റെ മര്‍മം പഠിക്കണം.
സ്നേഹത്തേക്കാള്‍ വലുത് മറ്റൊന്നുമില്ലെന്ന് നജീബ പറയും. ഇന്നും തന്റെ ദാമ്പത്യത്തിന് മാറ്റു കുറഞ്ഞിട്ടില്ലെന്നാണ് ആ ചിരിയുടെ അര്‍ത്ഥം.
നജീബയെ മനസ്സിലായില്ല അല്ലേ…
മുപ്പതു കൊല്ലം മുമ്പ് ഒരു സായാഹ്നത്തില്‍ കൂട്ടുകാരികളോടൊപ്പം “വള്ളിച്ചാട്ടം കളിക്കുകയായിരുന്നു അവള്. പതിനഞ്ചു വയസ്സാണ് പ്രായം. ഋതുമതിയായിട്ട് രണ്ടു വര്‍ഷമായി. ഇനി കളിയൊക്കെ നിര്‍ത്തിക്കോ, നിന്നെ കെട്ടിച്ചു വിടാറായി എന്നു ഉമ്മ ഇടക്കിടെ പറയും. പതിനഞ്ചു വയസ്സൊക്കെ അന്നു ധാരാളം. ശേഷം കളിയും പഠനവുമൊക്കെ ഭര്‍ത്താവിന്റെ വീട്ടില്‍. അതാണ് അന്നത്തെ രീതി.
“നീ ഇങ്ങ് കേറി വാടീ നജീബാ…”
ഉമ്മയുടെ വിളി കാതില്‍ മുഴങ്ങുന്നു.
“എടീ, നിന്നെക്കാണാന്‍ ആള് വന്നിരിക്കുന്നു. വേഗം ചെല്ല്…”
കൂട്ടുകാരികള്‍ അവളെ ഉമ്മയോടൊപ്പം പറഞ്ഞയച്ചു.
കൈയും കാലും കഴുകി, മുഖത്ത് പൗഡറിട്ട്, മുടി ചീകി, തട്ടത്തിന് മറയത്ത് അവള് നഖം കൊണ്ട് ചിത്രം വരച്ചു നമ്രശിരസ്കയായി നിന്നു.
“നാണിക്കാനൊന്നൂല്ലാ, ഇതു ഞങ്ങളാ…”
ആരൊക്കെയോ ചിരിക്കുന്നതു കേട്ടു തലയുയര്‍ത്തിയപ്പോള്‍ അവള് ചമ്മിപ്പോയി. വന്നിരിക്കുന്നത് അദ്ദേഹത്തിന്റെ മാതാപിതാക്കളാണ്.
“ഞങ്ങള്‍ക്കിഷ്ടപ്പെട്ടാല്‍ മതി. അവന് വരണമെന്നില്ല”
അവര്‍ക്കിഷ്ടപ്പെടുകയും ചെയ്തു. കല്യാണം കഴിഞ്ഞു. എന്നിട്ടും അദ്ദേഹത്തെ കാണാനായില്ല. എവിടെയെന്ന് ചോദിക്കാനുള്ള ധൈര്യവുമുണ്ടായിരുന്നില്ല.
വീട്ടില്‍ നിറയെ കുടുംബക്കാര്. സല്ക്കാരങ്ങളുടെ ബഹളം. അതിനിടക്ക് മിന്നായം പോലെ ഒരു കാഴ്ച. മണിയറ കൂടുമ്പോള്‍ പത്തു ദിവസം കഴിഞ്ഞിരുന്നു. കാണാന്‍ അത്ര ചേലില്ലെങ്കിലും നല്ല സ്വഭാവക്കാരനായിരുന്നു. കോളേജില്‍ പഠിക്കുകയാണ്. വീട്ടില്‍ കൃഷിയും മറ്റുമുണ്ട്. ജീവിക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല. അദ്ദേഹം രണ്ടാമത്തെയാളാണ്. ബാപ്പാക്ക് ബോംബെയില്‍ ജോലിയുണ്ട്.
ബാപ്പ ഗൗരവപ്രകൃതക്കാരനാണെങ്കിലും ദീനീ സ്നേഹിയാണ്. ചില ശീലങ്ങളുണ്ട്. അതു തെറ്റിക്കാതെ നോക്കിയാല്‍ മതി. വീട് വൃത്തിയായിരിക്കണം. നിസ്കാരാദി കാര്യങ്ങളില്‍ സജീവ ജാഗ്രത വേണം. ഇല്ലെങ്കില്‍ അമ്മോശന്‍ കലിയിളകും. അവള് ഓരോരുത്തരുടെയും സ്വഭാവങ്ങള്‍ കൃത്യമായി പഠിച്ചെടുത്തു.
സ്നേഹസമ്പന്നയാണ് ഉമ്മ. വായില്‍ കൈയിട്ടാല്‍ പോലും കടിക്കില്ല. മോളെ എന്നാണ് തന്നെ വിളിക്കുക. വീട്ടുജോലിയില്‍ നല്ലപോലെ സഹായിക്കും. മൂത്തച്ചിയും അതേ, ഒരു കൂട്ടുകാരിയെപ്പോലെയായിരുന്നു.
പക്ഷേ, രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരത്യാഹിതമുണ്ടായി. ഭര്‍ത്താവിന് പനി ബാധിച്ച് ആസ്പത്രിയില്‍ അഡ്മിറ്റായി. അതൊരു സാധാരണ സംഭവം. നജീബ കൂടെത്തന്നെയുണ്ടായിരുന്നു. പനി മൂര്‍ഛിച്ച് ഒരു രാത്രിയില്‍ ഡോക്ടര്‍ ഇഞ്ചക്ഷന് ചെയ്തപ്പോള്‍ മരുന്ന് മാറിയതാണെന്ന് പറയുന്നു. ശരീരം അരഭാഗം വരെ തളര്‍ന്നുപോയി. കാലുകള്‍ അനക്കാന്‍ പറ്റുന്നില്ല. ആശുപത്രികള്‍ മാറിമാറി കയറിയെങ്കിലും വലിയ മാറ്റമുണ്ടായില്ല.
ചുണക്കുട്ടിയായി ഓടിനടന്ന ഒരു യുവാവ്. പെടുന്നനെ തളര്‍ന്നുപോയത് അറിഞ്ഞവര്‍ക്കെല്ലാം ഷോക്കായി. ഉപ്പ ബോംബെയില്‍ നിന്ന് ലീവെടുത്തു വന്നു. തളര്‍ന്ന കാലില്‍ തലോടി പൊട്ടിക്കരഞ്ഞു. ഉപ്പ കരയുന്നത്, അന്നാദ്യമായാണ് വീട്ടുകാര്‍ കാണുന്നത്. വിധിയെ തടയാന്‍ നമുക്കാവുമോ? എന്നു ചോദിച്ച് ഭാര്യ അദ്ദേഹത്തെ സമാധാനിപ്പിക്കുകയായിരുന്നു.
നജീബയുടെ പരിചരണമാണ് അയാള്‍ക്ക് കൂടുതല്‍ സാന്ത്വനമായത്. ഏതു മരുന്നിനെക്കാളും വലുത് ഭാര്യയുടെ സാമീപ്യം തന്നെയാണെന്ന് ഡോക്ടര്‍മാരെല്ലാവരും പറഞ്ഞു. മനസ്സ് തളരാതെ നോക്കണം, രോഗിയുടെ രക്ഷക്ക് അതാവശ്യമാണ്.
രോഗത്തിന്റെ ഗൗരവവും മറ്റും ഉള്‍ക്കൊള്ളാന്‍ മാത്രം നജീബ പക്വമതിയായിരുന്നില്ല. ഒരപകടം വന്നു, കൂടെ നില്‍ക്കേണ്ടത് തന്റെ കടമമാത്രം എന്ന വിശ്വാസമായിരുന്നു അവള്‍ക്ക്.
ഒരു നാള് എന്തോ അത്യാവശ്യം പറഞ്ഞ് ഉപ്പ തന്നെയാണ് അവളെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത്. ഉമ്മയാണ് നെഞ്ചു തകരുന്ന ആ വിവരം പറഞ്ഞത്.
“ഇനി നീ അങ്ങോട്ട് പോകണ്ട മോളേ… നമുക്ക് ത്വലാഖ് വാങ്ങാം”
പ്രതികരിക്കാനാവാതെ നജീബ കണ്ണു നിറച്ചപ്പോള്‍ ഉപ്പ കൂട്ടിച്ചേര്‍ത്തു: “അവനിനി എഴുന്നേല്ക്കാനാവില്ല. ന്റെ മോള്‍ടെ ജീവിതം തകരാന്‍ പാടില്ല…”
ബാക്കി പറഞ്ഞതത്രയും കുടുംബക്കാരായിരുന്നു. നീ ചെറുപ്പമാണ്, സുന്ദരിയാണ്, ഇനിയും വരും മണിമണി പോലോത്ത ഭര്ത്താക്കന്മാര്, അവനിനി കുട്ടികളൊന്നുമുണ്ടാവില്ല, നിന്റെ ഭാവിക്കു വേണ്ടിയാണ് പറയുന്നത്…. അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു.
മറുത്തുപറയാന്‍ ഏറെ കാര്യങ്ങള്‍ അവളുടെ നാവിന് തുമ്പത്തെത്തി. കഴിഞ്ഞില്ലെന്നു മാത്രം. ഒരു കാര്യം അവള് ചോദിച്ചു: “രോഗം തന്നത് അല്ലാഹുവല്ലേ, അദ്ദേഹത്തിന്റെ കുഴപ്പമല്ലല്ലോ..”
മറുപടി കൊടുക്കാന്‍ ഉമ്മക്ക് വാക്കുകളില്ലായിരുന്നു. തളര്‍ന്നു കിടന്നയാളെ കൂടുതല്‍ തളര്‍ത്താന്‍ താന്‍ കൂട്ടുനില്‍ക്കില്ലെന്നു അവളുറപ്പിച്ചിരുന്നു.
ഒരു സന്ധ്യയില്‍, അന്ന് മഴയുണ്ടായിരുന്നു, നനഞ്ഞ വസ്ത്രങ്ങളുമായി അവള് ഭര്‍ത്താവിന്റെ വീട്ടില്‍ വന്നുകയറി. എല്ലാവരും അദ്ഭുതപ്പെട്ടു. അവള്‍ക്കൊന്നും പറയാനില്ലായിരുന്നു. മൗനവും ഒരു ഭാഷയാണെന്ന് അന്നാണവള്‍ തിരിച്ചറിഞ്ഞത്.
അതോടെ ഭര്‍ത്താവിന്റെ സ്ഥിതിയില്‍ മെച്ചമുണ്ടായി. മനസ്സിന്റെ ഉന്മേഷം ശരീരത്തിന് ധൈര്യം കൊടുത്തു. വടിയുടെ സഹായത്തോടെയാണെങ്കിലും മെല്ലെ മെല്ലെ നടക്കാന്‍ തുടങ്ങി. പരിപൂര്‍ണമായും തളര്‍ച്ച മാറിയില്ലെങ്കിലും ജീവിതത്തെ നേരിടാന്‍ തന്നെയായിരുന്നു തീരുമാനം.
ആദ്യം ടൈലറായി. പിന്നെ അധ്യാപകനായി ജീവിതചക്രം അനായാസം അദ്ദേഹം മുന്നോട്ടുരുട്ടാന്‍ തുടങ്ങി. തങ്ങളേക്കാള്‍ തളര്ന്നവര് ജീവിതത്തോട് പൊരുതിയിട്ടുണ്ടെന്ന പാഠം അവര്‍ക്ക് ഉത്തേജനമായി.
പേരക്കുട്ടികളുമായി സല്ലപിച്ചിരിക്കുന്ന നജീബയോട് ദാമ്പത്യ വിജയത്തെക്കുറിച്ച് ചോദിച്ചാല്‍ അവള് പറയും, സ്നേഹമാണ് വലുത്. സ്നേഹത്തെ തോല്‍പ്പിക്കാന്‍ ഒരു രോഗത്തിനും ആവില്ല…
സുഖസമൃദ്ധിയില്‍ ജീവിക്കുന്ന ദമ്പതികളില്‍ നിരാശ പ്രകടമാവുന്നുവെങ്കില്, കാരണം മറ്റൊന്നല്ല; സ്നേഹ നിരാസം മാത്രം. അതു നിര്‍ലോഭം നല്കിയാല് ഏതു പ്രതിസന്ധികളെയും മറികടക്കാം.
വനിതാ കോര്‍ണര്‍
നല്ല വീട്6 ഇബ്റാഹിം ടിഎന്‍ പുരം