EK Hasan Musliyar

പാങ്ങിനും പതിക്കും റശീദുദ്ദീന്‍ മൂസ മുസ്ലിയാര്‍ക്കും ശേഷം മുസ്ലിം കേരളം കണ്ട മികച്ച ആദര്‍ശ പോരാളിയായിരുന്നു ഇകെ ഹസന്‍ മുസ്ലിയാര്‍. ബിദ്അത്തിനെതിരായ ആശയ പോരാട്ടങ്ങള്‍ കൊണ്ട് കാലഘട്ടത്തെ ഉജ്ജ്വലമാക്കിയ അതുല്യ വ്യക്തിത്വം. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്ത് കലര്‍പ്പില്ലാതെ നിലനിന്നു കാണാന്‍ സര്‍വതും ത്യജിച്ചും സഹിച്ചും പോരാട്ടവഴിയില്‍ വിപ്ലവം വിതച്ച പണ്ഡിതന്‍. ആദര്‍ശ പാതയില്‍ ഉറച്ചുനില്‍ക്കാനും ബിദ്അത്തിനെതിരെ പോരാടാനും തനിക്ക് പ്രചോദനമായ ഇകെ ഹസന്‍ മുസ്ലിയാരെ കുറിച്ച്  കീലത്ത് മുഹമ്മദ് മാസ്റ്റര്‍ സംസാരിക്കുന്നു.

 

ഇകെ ഹസന്‍ മുസ്ലിയാരെ ആദ്യമായി പരിചയപ്പെടുന്നത് എന്നാണ്?

1973 കാലഘട്ടം, ഞാന്‍ ചുള്ളിക്കാപ്പറമ്പ് ദര്‍സില്‍ ഒളവട്ടൂര്‍ കെപിസി മുസ്ലിയാരുടെ കീഴില്‍ പഠിക്കുന്ന സമയം. ദര്‍സിലെ തര്‍ബിയതുല്‍ ഖുതുബ വിദ്യാര്‍ത്ഥി സമാജത്തിന്‍റെ വാര്‍ഷികം നടക്കുകയാണ്. ഉദ്ഘാടകനായെത്തിയത് ഹസന്‍ മുസ്ലിയാരായിരുന്നു. മുമ്പ് പല പ്രഭാഷണങ്ങളും ശ്രവിക്കാനായിട്ടുണ്ടെങ്കിലും അന്നാണ് ഞാന്‍ ഉസ്താദിനെ പരിചയപ്പെടുന്നത്. സിഎം വലിയുല്ലാഹി സ്റ്റേജില്‍ ഇരിക്കുന്നുണ്ട്. ഹസന്‍ മുസ്ലിയാര്‍ക്കാണെങ്കില്‍ തീരെ ശബ്ദമില്ല. മന്ത്രിക്കുന്ന ഒച്ച പോലുമില്ല. ഉസ്താദ് സിഎമ്മിനോട് പറഞ്ഞു: ‘എനിക്ക് ശബ്ദല്ല.’ സിഎം ചോദിച്ചു: ‘ശബ്ദം എവിടെപ്പോയി?’ ‘തീരെ ഇല്ലാതായതാണെ’ന്ന് ഉസ്താദ്. അപ്പോള്‍ സിഎം കട്ടന്‍ ചായയെടുത്ത് രണ്ടിറക്ക് കുടിച്ച് മൂന്നാമത്തേത് മന്ത്രിച്ച് ഹസന്‍ മുസ്ലിയാര്‍ക്ക് കൊടുത്തു. അദ്ദേഹം മൈക്കിന്‍റെ മുന്നില്‍ ചെന്ന് ഒന്ന് തൊണ്ടയനക്കി, കഫം നീങ്ങി. പിന്നീട് അനൗണ്‍സ് ചെയ്യുന്ന പോലെ ഗംഭീര ശബ്ദത്തിലാണ് അദ്ദേഹം മൂന്ന് മണിക്കൂര്‍ സംസാരിച്ചത്.

 

താങ്കളുടെ ചെറുപ്പകാലത്താണല്ലോ ഇതെല്ലാം നടക്കുന്നത്. അഗ്രേസ്യരായ നിരവധി പണ്ഡിതര്‍ ജീവിച്ച കാലഘട്ടമായിരുന്നു അത്. എന്നിട്ടും ഹസന്‍ മുസ്ലിയാര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കാന്‍ എന്താണു കാരണം? 

എന്‍റെ ചെറുപ്രായത്തില്‍ തലയെടുപ്പുള്ള ഒരുപാട് പണ്ഡിതരും പ്രഭാഷകരുമൊക്കെയുണ്ടായിരുന്നുവെന്നത് ശരിതന്നെ. പക്ഷേ ഹസന്‍ മുസ്ലിയാരെ ഇത്രത്തോളം ശ്രദ്ധേയനാക്കിയത്  അദ്ദേഹം സ്വീകരിച്ച ശൈലിയും തന്ത്രങ്ങളും ഇഖ്ലാസും തന്നെയാണ്. ഉസ്താദിന്‍റെ  ശൈലി വ്യതിരിക്തമായിരുന്നു. ആ ശൈലി അദ്ദേഹത്തിന് കിട്ടുന്നത് പതി അബ്ദുല്‍ ഖാദര്‍ മുസ്ലിയാരില്‍ നിന്നാണ്. ശുദ്ധ മലയാളത്തിലുള്ള അപാര ഖണ്ഡനങ്ങളായിരുന്നു പതിയുടേത്. ചോദ്യം കൊണ്ട് തന്നെ ഉത്തരം കൊടുക്കുന്ന ശൈലി. ‘ആകാശത്തിന്‍മേലും ഭൂമിക്ക് താഴെയും, അവരുടെ കൊടിനീളം അത്തിര ഉള്ളോവര്‍’ എന്ന മുഹ്യിദ്ദീന്‍ മാലയിലെ വരി പാടി മുജാഹിദ് നേതാവ് അലവി മൗലവി ചോദിച്ചു: ‘നിങ്ങളുടെ മുഹ്യിദ്ദീന്‍ മാലയില്‍ പറയുന്ന വലിയ കൊടിയുണ്ടല്ലോ. അത് വാങ്ങാന്‍ കിട്ടുന്ന തുണി ഷോപ്പ് എവിടെയാണ്?’

‘വഅ്തസിമൂ ബിഹബ്ലില്ലാഹ് എന്ന് ഖുര്‍ആനിലുണ്ടല്ലോ, അത്രയും വലിയ കയര്‍ വില്‍ക്കുന്ന കടയുടെ തൊട്ടപ്പുറത്തുള്ള കടയില്‍ നിന്നും ആ കൊടിയും കിട്ടും’ എന്നായിരുന്നു പതിയുടെ മറുപടി. ഇതേ രൂപത്തില്‍ നര്‍മം കലര്‍ത്തിയുള്ള ചിന്തോദ്ദീപകമായ മറുപടികളായിരുന്നു ഹസന്‍ മുസ്ലിയാരില്‍ കണ്ടത്.

റബ്ബ് ഉദ്ദേശിക്കുന്ന പ്രത്യേകക്കാര്‍ക്ക് ഹിക്മത് കൊടുക്കുമെന്ന് ഖുര്‍ആനില്‍ പറയുന്നുണ്ടല്ലോ. ആ അല്‍ഹിക്മത് കിട്ടിയ അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു ഹസന്‍ മുസ്ലിയാര്‍. പണ്ഡിതന്മാര്‍ ആത്മാര്‍ത്ഥതയുള്ളവരാണെങ്കില്‍ റബ്ബ് അല്‍ഹിക്മത് കൊടുക്കും. അപ്പോള്‍ ശത്രുക്കളെ മുട്ട്കുത്തിക്കാനാവശ്യമായ തന്ത്രവും അവര്‍ക്ക് ലഭിക്കും. മഹാനവര്‍കളുടെ ജീവിതത്തില്‍ ഇത്തരത്തിലുള്ള ഒരുപാട് സംഭവങ്ങളുണ്ടായിട്ടുണ്ട്. വലിയ പരിജ്ഞാനമുള്ള തന്ത്രശാലികളായ അഭിഭാഷകരെ പോലും നിലംതൊടീക്കാതെ പറഞ്ഞുവിട്ട ചരിത്രങ്ങള്‍ ഒരുപാടുണ്ട്. ഇതൊക്കെ അല്ലാഹു അദ്ദേഹത്തെ ബഹുമാനിച്ചു നല്‍കിയ കറാമത്താണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

 

ഹസന്‍ മുസ്ലിയാരുടെ കൂടെ ധാരാളം സംവാദ-ഖണ്ഡന വേദികളില്‍ താങ്കള്‍ പങ്കെടത്തിട്ടുണ്ടല്ലോ. മറക്കാനാവാത്ത വല്ല ഓര്‍മകളും?

കോഴിക്കോട് കുറ്റിച്ചിറയില്‍ സുന്നി-മുജാഹിദ് ഖണ്ഡന പ്രസംഗങ്ങള്‍ സജീവമായിരുന്ന സമയമായിരുന്നു 1978. സ്ത്രീകള്‍ പള്ളിയിലേക്ക് പോകണമെന്ന മുജാഹിദ് നേതാവ് എപി അബ്ദുല്‍ ഖാദര്‍ മൗലവിയുടെ വാദത്തെ ഹസന്‍ മുസ്ലിയാര്‍ പ്രമാണങ്ങള്‍ നിരത്തി എതിര്‍ത്തു. ഉടനെ മൗലവി ചോദിച്ചു: ‘മുസ്ലിയാരേ, ലാ തംനഊ ഇമാഅല്ലാഹി മസാജിദല്ലാഹി എന്ന് ഹദീസിലില്ലേ, പിന്നെ നിങ്ങളെന്തിനാണ് സ്ത്രീകളെ തടയുന്നത്?’ ഉസ്താദിന്‍റെ മറുപടി:  ‘മൗലവീ, സുന്നത്ത് മുറുകെപ്പിടിച്ചാല്‍ പോരാ, അതൊന്ന് മറിച്ച് നോക്കിയാലേ തിരിയുകയുള്ളൂ. നിങ്ങള്‍ തടയേണ്ടതില്ല, ഞാന്‍ തന്നെ തടഞ്ഞിട്ടുണ്ട് എന്നാണ് ഈ പറഞ്ഞതിന്‍റെ താല്‍പര്യം.’ ഇതൊക്കെ അല്ലാഹു പണ്ഡിതന് നല്‍കുന്ന അല്‍ ഹിക്മതിലൂടെ കിട്ടുന്നതാണ്.

എണ്‍പതിന് ശേഷാണെന്നാണ് എന്‍റെ ഓര്‍മ. ടൗണ്‍ ഹാളില്‍വച്ച് എസ്വൈഎസിന്‍റെ കണ്‍വെന്‍ഷന്‍ നടക്കുകയാണ്. കണ്‍വെന്‍ഷന്‍റെ അവസാനത്തില്‍ സംശയങ്ങള്‍ ഉന്നയിക്കാനുള്ള അവസരമുണ്ടായിരുന്നു. ഹസന്‍ മുസ്ലിയാരുടെ ചിന്തയില്‍ നിന്ന് വന്നതായിരുന്നു ഈ പദ്ധതി. സദസ്സില്‍ നിന്നുള്ള ചോദ്യത്തിന് മറുപടി നല്‍കിയാല്‍ അത് പത്ത് കൊല്ലം ദര്‍സ് നടത്തിയതിനേക്കാള്‍ ഫലവത്തായിരിക്കുമെന്നാണ് ഉസ്താദ് ഇതിനെക്കുറിച്ച് പറഞ്ഞത്. കണ്‍വെന്‍ഷന്‍റെ അവസാനത്തില്‍ എടവണ്ണക്കാരന്‍റെ ചോദ്യം വന്നു: ‘ഒരു മഹല്ലിന്‍റെ അങ്ങേയറ്റത്ത് ഭാര്യയും ഭര്‍ത്താവും ജീവിക്കുന്നു. ഭര്‍ത്താവ് പള്ളിയില്‍ പോയാല്‍ ഭാര്യയുടെ ജീവന് ഭീഷണിയുണ്ട്. ആ സമയത്തെങ്കിലും സ്ത്രീക്ക് പള്ളിയില്‍ പോന്നൂടേ? വാണിയമ്പലം ഉസ്താദ് മറുപടി നല്‍കുന്ന സമയമായിരുന്നു അത്. ചോദ്യം കേട്ട ഉടനെ ഇതിന് ഞാന്‍ മറുപടി കൊടുക്കാം എന്നു പറഞ്ഞ് ഹസന്‍ മുസ്ലിയാര്‍ എണീറ്റു. ചോദ്യം ഒരാവര്‍ത്തി ഉറക്കെ വായിച്ച് ഉസ്താദ് പറഞ്ഞു: ഇത് വരെ ഇവിടെ പറഞ്ഞത് സ്ത്രീകള്‍ പള്ളിയില്‍ പോവല്‍ ഹറാമാണെന്നാണ്. എന്നാല്‍ ഈ പറഞ്ഞ സന്ദര്‍ഭമാണെങ്കില്‍ പുരുഷന്‍ പള്ളിയില്‍ പോകല്‍ ഹറാമാണ്.’ അന്ന് തക്ബീര്‍ ചൊല്ലിയിട്ട് എന്‍റെ ശ്വാസമടഞ്ഞു പോയിട്ടുണ്ട്. ഹസന്‍ മുസ്ലിയാരുടെ പ്രാവീണ്യമാണത്. ആ മറുപടി നോക്കണം. ‘ഇനി നീ കന്യകയെയാണ് കല്യാണം കഴിച്ചതെങ്കില്‍ ഏഴ് ദിവസം ജമാഅത്തിന് പോവണ്ടെടോ’ എന്ന് പറഞ്ഞാണ് മറുപടി അവസാനിപ്പിച്ചത്.

 

ഹസന്‍ മുസ്ലിയാരും ചേകനൂര്‍ മൗലവിയും തമ്മില്‍ സംവാദം നടന്നിരുന്നല്ലോ. അതുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പറയാമോ?

പറയാം, 1968-ലാണ് ഹസന്‍ മുസ്ലിയാരും ചേകനൂരും തമ്മില്‍ എന്‍റെ നാടിനടുത്തുവച്ച് സംവാദം നടന്നത്. എനിക്ക് പതിനൊന്ന് വയസ്സാണന്ന്. ഉറക്കം വരാതിരിക്കാന്‍ കടലയും വാങ്ങിയാണ് സംവാദം കേള്‍ക്കാന്‍ ചെന്നത്. നിസ്കാരം മൂന്ന് വഖ്താണെന്നതിന് ചേകനൂര്‍ ആയത്തോതി. അത് അഞ്ച് വഖ്താണെന്നതിന് തെളിവാണെന്ന് ഹസന്‍ മുസ്ലിയാര്‍ സമര്‍ത്ഥിച്ചു. ഏകവചനം, ദ്വിവചനം, ബഹുവചനം എന്ന അറബി ഭാഷാ നിയമം ഉദ്ധരിച്ചായിരുന്നു ഹസന്‍ മുസ്ലിയാരുടെ സമര്‍ത്ഥനം. എതിരാളികള്‍ കൊണ്ടുവരുന്ന തെളിവുകള്‍ ഉപയോഗിച്ച് കൊണ്ട് തന്നെ തന്‍റെ വാദം സ്ഥിരപ്പെടുത്താനും അവരുടെ വാദം പൊളിക്കാനുമുള്ള പ്രത്യേക കഴിവ് മഹാനവര്‍കള്‍ക്ക് റബ്ബ് കൊടുത്തതാണ്. അഞ്ച് വഖ്താണെന്ന് സമര്‍ത്ഥിച്ചപ്പോഴേക്കും ‘ഇത് മനുഷ്യന്‍റെ യുക്തിക്ക് യോജിക്കാത്തതാണല്ലോ മുസ്ല്യാരേ’ എന്നായി ചേകനൂര്‍. ഹസന്‍ മുസ്ലിയാര്‍ വിട്ടില്ല. ‘നിങ്ങളുടെ കേവലയുക്തി എവിടെ കിടക്കുന്നു, പടച്ച റബ്ബിന്‍റെ ശരീഅത്ത് എവിടെ കിടക്കുന്നു? കീഴ്വായു പോയി വുളൂ ഉണ്ടാക്കുമ്പോള്‍ തല തടവുന്നു, ചന്തിയുടെ മേല്‍ തടവേണ്ടേ, വുളൂ മുറിയാനുള്ള കാരണം അവിടെ കാറ്റ് പോയിട്ടല്ലേ’ എന്ന മറുപടി വന്നതോടെ സദസ്സ് ഇളകി മറിഞ്ഞു. ചെറുപ്രായമാണെങ്കിലും മനസ്സില്‍ പതിഞ്ഞ, ഒരിക്കലും മറക്കാത്ത ചോദ്യോത്തരമായിരുന്നു അത്.

 

ഹസന്‍ മുസ്ലിയാരുടെ ആദര്‍ശ പോരാട്ടങ്ങളുടെ വിജയകാരണം സിഎം വലിയുല്ലാഹിയുടെ ആശീര്‍വാദങ്ങളും അനുഗ്രഹങ്ങളുമാണെന്ന് കേട്ടിട്ടുണ്ട്…

തീര്‍ച്ചയായും. സുന്നത്ത് ജമാഅത്തിന്‍റെ ആ കാലഘട്ടത്തിലെ വലിയ മുന്നണി പോരാളിയായിരുന്നതിനാല്‍ മഹാന്മാരുടെ നിയന്ത്രണവും കാവലും ഹസന്‍ ഉസ്താദിന് നല്ലോണമുണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും സിഎമ്മിന്‍റേത്. എതിരാളികളെ നിഷ്പ്രഭമാക്കിയ സംവാദങ്ങളിലും പ്രഭാഷണങ്ങളിലും സിഎം വലിയുല്ലാഹിയുടെ പ്രത്യക്ഷവും പരോക്ഷവുമായ സഹായങ്ങളും പ്രാര്‍ത്ഥനകളും ഉസ്താദിന് ലഭിച്ചു. ഹസന്‍ മുസ്ലിയാര്‍ സിഎമ്മിനെ വേദിയിലിരുത്തി അനുഭവം പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. അന്നൊരിക്കല്‍ ഹസന്‍ മുസ്ലിയാര്‍ പറഞ്ഞു: ഞാന്‍ പാലക്കാട് ദര്‍സ് നടത്തുന്ന കാലം. ആലപ്പുഴയില്‍ നിന്നും ഒരറിയിപ്പ് വന്നു. നാളെ രാവിലെ 9:30-ന് മുമ്പായി ആലപ്പുഴ ടൗണ്‍ഹാളിലെത്തണം. മുജാഹിദുകള്‍ സംവാദത്തിന് വെല്ലുവിളിച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. വിഷയമെന്താണെന്നും സമയമെത്രയാണെന്നും അറിയാത്തതിനാല്‍ ഞാന്‍ ബേജാറായി. ഇസ്തിഖാറത്തിന്‍റെ രണ്ട് റക്അത്ത് നിസ്കരിച്ച് ഉറങ്ങി. സ്വപ്നത്തില്‍ സിഎമ്മിനെ കണ്ടു. ബേജാറ് പറഞ്ഞപ്പോള്‍ ലാ തഖഫ് എന്നായിരുന്നു മറുപടി. ഉടനെ ആലപ്പുഴയിലേക്ക് തിരിച്ചു. മീന്‍വണ്ടിയിലും ബസ്സിലുമൊക്കെയായി യാത്ര ചെയ്ത്  8:30 ആയപ്പോഴേക്ക് ആലപ്പുഴയിലെത്തി. വൈകാതെ സംവാദം തുടങ്ങി. ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുജാഹിദുകള്‍ പതറി. അവരില്‍ നിന്ന് ഉത്തരമൊന്നും കിട്ടാതെ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു: ഇങ്ങനെ പോരാ, ചോദ്യത്തിന് മറുപടി തന്നെ പറയണം. അവസാനം ഉത്തരം കിട്ടാതെ ഞങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന് അവര്‍ സമ്മതിച്ചതിന് ശേഷമാണ് സദസ്സ് പിരിഞ്ഞത്. സംവാദ വിജയത്തിന്‍റെ സന്തോഷമറിയിക്കാന്‍ ഞാന്‍ നേരെ ചെന്നത് സിഎമ്മിന്‍റെ അരികിലേക്കായിരുന്നു. അന്ന് കുറ്റിച്ചിറ മൂപ്പന്‍റെ വീട്ടിലാണ് സിഎം താമസിക്കുന്നത്. ചെന്ന പാടേ സലാമിന് മറുപടിയായി അദ്ദേഹം പറഞ്ഞത് ‘വഅലൈകുമുസ്സലാം, അലം അഖുല്‍ ലകും ലാ തഖഫ്’ എന്നായിരുന്നു. ഇത്തരത്തില്‍ വലിയ്യുകളുടെ അനുഗ്രഹം ലഭിച്ച ഉജ്ജ്വല വാഗ്മി മാത്രമായിരുന്നില്ല ഹസന്‍ മുസ്ലിയാര്‍. അല്ലാഹു പ്രത്യേക പദവികള്‍ നല്‍കിയ വലിയ്യ് തന്നെയാണെന്ന് പലപ്പോഴും ബോധ്യപ്പെട്ടിട്ടുണ്ട്.

 

മുജാഹിദുകള്‍ക്ക് ഉസ്താദിനോട് വലിയ വിരോധമായിരുന്നു. മരണാസന്ന വേളയില്‍ പോലും അവരത് പ്രകടിപ്പിച്ചുവല്ലോ?

തീര്‍ച്ചയായും. അഗാധമായ അറിവും യുക്തിഭദ്രമായും സാഹചര്യങ്ങള്‍ക്കനുസൃതമായും പ്രമാണങ്ങള്‍ സമര്‍ത്ഥിക്കാനുള്ള പാടവവുമാണ് ഇകെ ഹസന്‍ മുസ്ലിയാരെ കഠിന ശത്രുവായി കാണാന്‍ ബിദഇകളെ പ്രേരിപ്പിച്ചത്. ആ വിരോധം വഫാത്തിന് ശേഷവും അവര്‍ പുലര്‍ത്തി. ജീവിത കാലത്ത് ഏത് രൂപത്തിലും തകര്‍ക്കാന്‍ കഴിയാതെ വന്നതിനാലാണ് സകറാത്തിലുള്ള ഹസന്‍ മുസ്ലിയാര്‍ക്ക് അസ്ലിം തസ്ലം(നീ മുസ്ലിമാവുക, എന്നാല്‍ നീ രക്ഷപ്പെടും) എന്ന് പ്രമുഖ മുജാഹിദ് നേതാവ് ഉമര്‍ മൗലവി കത്തെഴുതിയത്. തങ്ങളുടെ ചൊല്‍പടിക്ക് നില്‍ക്കാത്തതിനാല്‍ ലീഗിനും വലിയ അനിഷ്ടമായിരുന്നു അദ്ദേഹത്തോട്. അതു കാരണം 1982 ആഗസ്ത് 15-ന്‍റെ ചന്ദ്രികയില്‍ ഹസന്‍ മുസ്ലിയാരുടെ സകറാത്തിന്‍റെ അവസ്ഥയിലുള്ള ഫോട്ടോയാണ് നല്‍കിയത്. എത്ര വലിയ ശത്രുവാണെങ്കില്‍ പോലും മരണ ശേഷം മാന്യതയോടെയാണ് ഇവിടെയുള്ള രാഷ്ട്രീയക്കാര്‍ പോലും പെരുമാറുള്ളത്. എന്നാല്‍ അത് പോലും അന്നുണ്ടായില്ല. ഇതൊക്കെ മരണാനന്തരമെങ്കിലും മുജാഹിദ് ലോബിയെ സന്തോഷിപ്പിക്കാനുള്ള മാര്‍ഗമായിരുന്നു.

 

അന്നത്തെ ആദര്‍ശ തീവ്രത ഇന്ന് കാണുന്നില്ല എന്നൊരാക്ഷേപം പൊതുവെ നിലനില്‍ക്കുന്നുണ്ടല്ലോ?

അന്ന് ഹസന്‍ മുസ്ലിയാര്‍ സ്വീകരിച്ച ആദര്‍ശ തീവ്രതയും കണിശതയുമൊന്നും പുതുതലമുറയില്‍ കാണുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. കുട്ടികള്‍ ആ വിധത്തില്‍ ബിദഇകളെ പഠിക്കുന്നില്ല എന്നതാണ് കാരണം. ഇപ്പോഴുള്ളത്രയും ഇനി വരുന്ന തലമുറയിലുണ്ടാകണമെന്നില്ല. വിളക്കിന്‍റെ അടുത്തിരുന്ന് വായിച്ചാല്‍ നന്നായി വായിക്കാനാവും, കുറച്ച് ദൂരെയിരുന്ന് വായിച്ചാല്‍ വാര്‍ത്തയുടെ തലക്കെട്ട് മാത്രമേ വായിക്കാനാവൂ, വിളക്കുമായി കൂടുതല്‍ അകന്നാലോ തീരെ വായിക്കാനാകില്ല. നമ്മുടെ വിളക്കാണ് മുത്ത് നബി(സ്വ). അത് കൊണ്ടാണല്ലോ സിറാജന്‍ മുനീറാ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ആ വിളക്കില്‍ നിന്ന് അകലുന്തോറും വെളിച്ചം കുറഞ്ഞുകൊണ്ടേയിരിക്കും. ആദര്‍ശ സംരക്ഷണത്തിനായി എന്തും സഹിക്കാനും ത്യജിക്കാനും സന്നദ്ധരായ മുന്‍ഗാമികളുടെ ചരിത്രം പഠിക്കാന്‍ മാത്രമുള്ളതല്ല, മറിച്ച് പ്രാവര്‍ത്തികമാക്കാന്‍ കൂടിയുള്ളതാണ്.

പലരും നൂറ്റിപ്പത്ത് സുന്നി എന്നൊക്കെ നമ്മെ വിമര്‍ശിക്കാറുണ്ട്. അത് ആക്ഷേപമായിട്ടല്ല അംഗീകാരമായിട്ടാണ് മനസ്സിലാക്കേണ്ടത്. തിരുനബി(സ്വ) മുന്നറിയിപ്പ് നല്‍കിയ ദുഷിച്ച കാലത്തിലൂടെയാണല്ലോ നാമിന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍  വളരെ സൂക്ഷിച്ചായിരിക്കണം നമ്മുടെ ഇടപെടലുകളും പ്രവര്‍ത്തനങ്ങളുമൊക്കെ.

ആദര്‍ശ തീവ്രത നഷ്ടപ്പെടാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. അക്കാലത്ത് മുസ്ലിംകള്‍ക്ക് അതിജീവിക്കാനുണ്ടായിരുന്നത് മുജാഹിദുകളെ പോലുള്ള പുത്തന്‍വാദികളുടെ വെല്ലുവിളികള്‍ മാത്രമായിരുന്നു. ഇന്നങ്ങനെയല്ല, നൂറുകൂട്ടം പ്രശ്നങ്ങളുടെ നടുവിലാണ് സമൂഹം. കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ സജീവമായ പലരും ഇസില്‍ പോലുള്ള ഭീകരവാദ സംഘടനകളില്‍ എത്തിപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതായി വാര്‍ത്തകള്‍ വരുന്ന ഇക്കാലത്ത് ശക്തമായ പ്രവര്‍ത്തനവും ബോധവല്‍ക്കരണവും നടത്താന്‍ സുന്നികള്‍ക്ക് ബാധ്യതയുണ്ട്. സ്വയം ഗവേഷണമാണ് പലരെയും അത്തരം സംഘടനകളില്‍ എത്തിപ്പെടാന്‍ പ്രചോദിപ്പിച്ചത്. പലതായി തെറ്റിപ്പിരിഞ്ഞ മുജാഹിദ് പ്രസ്ഥാനങ്ങള്‍ക്ക് ഇതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ല.

You May Also Like
india and muslims - Malayalam

മതേതര ഇന്ത്യയിലെ മുസ്‌ലിം ജീവിതം

വിവിധ മതസമൂഹങ്ങളും നാസ്തികരും അധിവസിക്കുന്ന രാജ്യമാണ് നമ്മുടേത്. ബഹുസ്വരതയാണ് ഇന്ത്യയുടെ പ്രധാന സവിശേഷത. ജാതി മത…

● അഭിമുഖം: അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല/ മുസ്തഫ സഖാഫി കാടാമ്പുഴ
Khalifa Abubacker R

സാന്ത്വനം- 2: അബൂബക്കര്‍ (റ); ഉദാരതയുടെ സാക്ഷി

വലിയ ധര്‍മിഷ്ഠനായിരുന്നു ഒന്നാം ഖലീഫ അബൂബക്കര്‍(റ). സ്വന്തമായി നീക്കിയിരിപ്പ് വെക്കാത്ത ഭരണാധികാരി. കയ്യിലുള്ളതുകൊണ്ട് അശരണര്‍, അടിമകള്‍,…

● പികെ മൊയ്തു ബാഖവി മാടവന

തബ്‌ലീഗ് ജമാഅത്ത് മുബതദിഉകൾ തന്നെ

ഉസ്താദിന്റെ ഉപരി പഠനം ബാഖിയാത്തിലായിരുന്നല്ലോ. എന്നാണ് അവിടെ ചേരുന്നത്. അന്നത്തെ പ്രധാന ഉസ്താദുമാർ ആരായിരുന്നു? ദർസിന്…

● കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ