ഇമാം ശാഫിഈ(റ)യുടെ മൊഴിമുത്തുകൾ ചിന്തനീയവും അർത്ഥ വ്യാപ്തിയുള്ളതും മനസ്സിനെ നന്നായി സ്വാധീനിക്കുന്നതുമാണ്. അഗാധമായ പാണ്ഡിത്യത്തിൽ നിന്ന് ഉത്ഭവിച്ച ആ സാരോപദേശങ്ങൾ വൈജ്ഞാനിക ലോകം ഇന്നും ആദരവോടെ പരിശീലിക്കുന്നു. അതിൽ പ്രധാനപ്പെട്ടതാണ് ബുദ്ധിവർധനവിന് മഹാൻ നിർദേശിച്ച ചില മാർഗങ്ങൾ.

എന്താണ് ബുദ്ധി?

ഇലാഹിയ്യായ പ്രതിഭാസമാണ് ബുദ്ധി. പ്രസിദ്ധരായ മന:ശാസ്ത്രജ്ഞർ ബുദ്ധിക്ക് പലവിധ നിർവചനങ്ങൾ നൽകിയിട്ടുണ്ട്. ‘നിർണയം, പ്രായോഗിക ബുദ്ധി, പരിസരങ്ങളുമായി ഇണങ്ങിച്ചേരാനുള്ള കഴിവ്, സ്വയ വിമർശനം’ എന്നൊക്കെയാണ് ആൽഫ്രഡ് ബിനെ നിർവചിച്ചത്. ‘അന്തർലീനമായ തിരിച്ചറിവ്’ എന്നാണ് സിറിൽ ബർഡ് പറയുന്നത്. ഓർമശക്തി, വിവരങ്ങൾ മനസ്സിലാക്കാനുള്ള പ്രാപ്തി, ആശയവിനിമയാർത്ഥം ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ്, ആസൂത്രണം, പ്രശ്‌നപരിഹാരം എന്നിവകളുടെ ആകത്തുകയാണ് ബുദ്ധി.
ഇന്ന് ലോകത്ത് നിർമിത ബുദ്ധികൂടിയുണ്ട്. മനുഷ്യബുദ്ധിയെ അനുകരിച്ച് സ്വയം പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ ബുദ്ധിയാണിത്. വിവേകമുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാനുള്ള പഠന പ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ മനുഷ്യബുദ്ധിയുടെ ഭാഗംതന്നെയാണ്. ഈ ബുദ്ധികൊണ്ട് അല്ലാഹു അനുഗ്രഹിച്ച വിഭാഗമാണ് മനുഷ്യവർഗം. മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വ്യതിരിക്തമാക്കുന്നത് വിവേകമാണ്.
ഇത് എല്ലാ മനുഷ്യരിലും ഒരുപോലെയല്ല. തീക്ഷ്ണ ബുദ്ധിയുണ്ടാവാൻ ആരാണിഷ്ടപ്പെടാത്തത്. വിദ്യാർത്ഥികൾക്ക് പഠന നിലവാരം ഉയർത്താനും തൊഴിൽ മേഖലയുള്ളവർക്ക് അനായാസം തൊഴിൽ ചെയ്യാനും മെച്ചപ്പെട്ട നിലവാരം പുലർത്താനും ഇത് സഹായിക്കും.

ചതുരുപായങ്ങൾ

ബുദ്ധി വർധിപ്പിക്കാനാവശ്യമായ നാല് ആത്മീയ സ്വഭാവങ്ങൾ ഇമാം ശാഫിഈ(റ) ഉപദേശിക്കുന്നുണ്ട്.

1. അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുക.

സംസാരം മനുഷ്യനനിവാര്യമാണ്. വിവരങ്ങൾ കൈമാറാനും അനുഭവങ്ങൾ പങ്കുവെക്കാനും മാനസിക പിരിമുറുക്കത്തിൽ നിന്ന് മോചനം നേടാനും സന്തോഷിക്കാനും സംസാരം കൂടിയേ തീരൂ. ശ്രോതാവിന് മനസ്സിലാവുന്ന രൂപത്തിൽ ആകർഷണീയമായി സംസാരിക്കാൻ കഴിയുന്നവർക്കാണ് മികവ് നേടാനാവുക.
നിരന്തരമായ പരിശീലനം വേണ്ട, വളരെ ശ്രദ്ധാപൂർവം പ്രയോഗിക്കേണ്ട കലയാണ് സംസാരം. വൃഥാ ലഭിച്ചതാണെന്ന ലാഘവത്തോടെ എപ്പോഴും നാവിട്ടടിച്ച് വായാടിയാവുന്ന ചിലരെ കാണാം. ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ഇവർ അഭിപ്രായം പറയും. സ്ഥാനത്തും അസ്ഥാനത്തും നാവുപയോഗിച്ച് കുഴപ്പങ്ങളുണ്ടാക്കും.
സംസാരിക്കാനുള്ള കഴിവ് കുറച്ചുകാലം നമുക്കില്ലാതായാൽ എന്തായിരിക്കും അവസ്ഥ! അസഹനീയം തന്നെ. നല്ല സംസാരം മനസ്സിന് കുളിർമയും ബുദ്ധിക്ക് ആനന്ദവും ഹൃദയത്തിന് ആശ്വാസവും നൽകും. വ്യക്തിയുടെ നേതൃഗുണം വർധിപ്പിക്കുന്നതിനും സമൂഹത്തിൽ അംഗീകാരം ലഭിക്കുന്നതിനും സംസാരത്തിന് മുഖ്യസ്ഥാനമുണ്ട്. അനാവശ്യ സംസാരങ്ങൾ മുസ്‌ലിമിന് പാടില്ല. ഒരു കാര്യത്തിൽ അഭിപ്രായം പറയാനൊരുങ്ങുമ്പോൾ അതിന്റെ ഗുണദോഷങ്ങൾ ചിന്തിക്കണം. ഗുണമുണ്ടെങ്കിലേ സംസാരിക്കാവൂ. നിശ്ശബ്ദനായാൽ വിമർശിക്കപ്പെടാത്ത സ്ഥലങ്ങളിൽ നിശ്ശബ്ദത തന്നെയാണ് ഉത്തമം.
ഇമാം ഗസ്സാലി(റ) പറയുന്നു: ‘അനാവശ്യ സംസാരത്തിന് പ്രേരിപ്പിക്കുന്ന ഘടകങ്ങൾ രണ്ടാണ്. ഒന്ന്, ആവശ്യമില്ലാത്ത കാര്യങ്ങൾ അറിയാനുള്ള അത്യാഗ്രഹം. രണ്ട്, ഉപകാരമില്ലാത്ത കാര്യങ്ങളും മറ്റുള്ളവരുടെ അഭിപ്രായങ്ങളും ഉദ്ധരിക്കുന്നതിനുള്ള തൃഷ്ണ (ഇഹ്‌യ). അല്ലാഹു പറഞ്ഞു: സത്യവിശ്വാസികൾ അനാവശ്യങ്ങൾക്കരികിലൂടെ കടന്നുപോകാനിടയായാൽ അതിലിടപെടാതെ മാന്യമായി കടന്നുപോകും (25: 72). അബൂഹുറൈറ(റ)യിൽ നിന്ന്: തിരുനബി(സ്വ) ഇങ്ങനെ പ്രാർത്ഥിക്കാറുണ്ടായിരുന്നു: അല്ലാഹുവേ, നീ എന്നെ പഠിപ്പിച്ചതുകൊണ്ട് എനിക്ക് നീ ഉപകാരം ചെയ്യേണമേ. എനിക്ക് ഉപകരിക്കുന്നത് എന്നെ നീ പഠിപ്പിക്കേണമേ. എനിക്കു അറിവ് വർധിപ്പിക്കേണമേ. എല്ലാ അവസ്ഥയിലും അല്ലാഹുവിനാണ്സ്തുതികളഖിലവും (തുർമുദി). സഅദ്(റ) നിവേദനം: തനിക്ക് ആവശ്യമില്ലാത്തത് ഒഴിവാക്കൽ മുസ്‌ലിമിന്റെ നല്ല ചിട്ടകളിൽ പെട്ടതാണ് (തുർമുദി).
ആവശ്യമില്ലാത്ത വാക്കുകളും പ്രവർത്തികളും ഉപേക്ഷിക്കണം. മനസ്സിന്റെ അനാവശ്യമായ ഇച്ഛകളും ഹറാമുകളും വർജിക്കണം. വെറുക്കപ്പെട്ടതും അനുവദനീയമായതുമായ(കറാഹത്ത്) കാര്യങ്ങളിൽ നമുക്കുപകാരമില്ലാത്തവ ഉപേക്ഷിക്കാം.

മൗനത്തിന്റെ മഹത്ത്വം

അനസ്(റ)ൽ നിന്നു നിവേദനം. നബി(സ്വ) പറഞ്ഞു: ആരെങ്കിലും മൗനം ദീക്ഷിച്ചാൽ അവൻ വിജയിച്ചു. ലുഖ്മാൻ(റ) പറഞ്ഞു: മൗനം ജ്ഞാനതന്ത്രമാണ്. അതനുഷ്ഠിക്കുന്നവർ വളരെ കുറവും. സഹലുബ്‌നു സഅദ്(റ)വിൽ നിന്ന്. റസൂൽ(സ്വ) പറഞ്ഞു: ‘ആരെങ്കിലും അവന്റെ രണ്ട് താടിയെല്ലുകൾക്കിടയിലെ അവയവത്തിന്റെയും (നാവ്) രണ്ടു കാലുകൾക്കിടയിലുള്ള അവയവത്തിന്റെയും (ഗുഹ്യസ്ഥാനം) കാര്യത്തിൽ എനിക്ക് ഉറപ്പുതന്നാൽ അവന് ഞാൻ സ്വർഗം കൊണ്ട് ജാമ്യം നിൽക്കും. ജനങ്ങളെ കൂടുതലായി നരകത്തിൽ പ്രവേശിപ്പിക്കുന്നവ വായയും ഗുഹ്യസ്ഥാനവുമാണ്. ഇതു മനസ്സിലാക്കി പൂർവസൂരികൾ ജീവിതത്തിൽ മൗനം ദീക്ഷിക്കുന്നതിലും സംസാരം നിയന്ത്രിക്കുന്നതിലും വളരെയേറെ ശ്രദ്ധിച്ചിരുന്നു. അബൂബക്കർ സ്വിദ്ദീഖ്(റ) സംസാരം നിയന്ത്രിക്കുന്നതിനായി വായിൽ ചെറിയ കല്ല് വെക്കാറുണ്ടായിരുന്നുവെന്ന് ചരിത്രം. നാവിലേക്ക് ചൂണ്ടി അദ്ദേഹം പറയും: ‘ഇതാണ് എന്നെ പലതിലേക്കും പ്രവേശിപ്പിക്കുന്നത്.’
ഇമാം ഗസാലി(റ) പറയുന്നു: അനാവശ്യ സംസാരം ആയുസ്സ് പാഴായിപ്പോവാൻ കാരണമാകും. ആ സമയത്ത് അല്ലാഹുവിന്റെ ചിന്തയിൽ മുഴുകിയിരുന്നെങ്കിൽ അവന്റെ അനുഗ്രഹത്തിൽ നിന്ന് വലിയൊരു വിഹിതം തുറന്നു കിട്ടുമായിരുന്നു. ദിക്‌റുകളിൽ മുഴുകിയിരുന്നെങ്കിൽ അതവന് ഉത്തമമാകുമായിരുന്നു. നിധി ശേഖരിക്കാൻ സാധ്യമായിരിക്കെ ഉപകാരമില്ലാത്ത കല്ല് ശേഖരിക്കുന്ന വ്യക്തി പരാജിതൻ തന്നെ. നിശ്ചയം, മുഅ്മിനായ മനുഷ്യന്റെ മൗനം ചിന്തയാണ്. ഓരോ നോട്ടവും പാഠങ്ങളാണ്. സംസാരങ്ങൾ ദിക്‌റുകളും (ഇഹ്‌യ).
ഉഹുദ് യുദ്ധത്തിൽ നബി(സ്വ)യുടെ വാൾ വഹിച്ചിരുന്ന സ്വഹാബി പിന്നീട് മരണാസന്നനായപ്പോൾ അദ്ദേഹത്തിന്റെ മുഖം സന്തോഷം നിറഞ്ഞതായി കാണപ്പെട്ടു. കാരണമന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: എന്റെ അമലുകളുടെ കൂട്ടത്തിൽ രണ്ടു കാര്യങ്ങളാണ് ഏറ്റവും ശക്തമായത്. ഒന്ന്: ആവശ്യമില്ലാത്ത കാര്യങ്ങൾ ഞാൻ സംസാരിക്കാറുണ്ടായിരുന്നില്ല. രണ്ട്: എന്റെ ഹൃദയം മുസ്‌ലിംകൾക്ക് സുരക്ഷിതമായിരുന്നു.
അബൂഹാസിമിന്റെ പ്രസിദ്ധമായ സാരോപദേശം ഇങ്ങനെ: ‘പരലോകത്ത് എന്തുണ്ടാകണമെന്ന് ചിന്തിച്ച് ഇഹലോകത്ത് അതിനായി പരിശ്രമിക്കുക. പരലോകത്ത് ആവശ്യമില്ലാത്തത് ഈ ലോകത്തും ഒഴിവാക്കുക. അസത്യത്തിനാണ് നിങ്ങളുടെ മനസ്സിൽ സ്ഥാനമെങ്കിൽ ദുർജനങ്ങളും കപടരും നിങ്ങളെ വന്നുപൊതിയും. സത്യത്തിനാണ് സ്ഥാനമെങ്കിൽ സജ്ജനങ്ങളെ കൂട്ടിനു കിട്ടും. നന്മയിൽ അവരുടെ സഹായവും കിട്ടും. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.’ ഹസനുൽ ബസ്വരി(റ) പറഞ്ഞു: അല്ലാഹു ഒരടിമയിൽ നിന്ന് പിന്തിരിഞ്ഞുവെന്നതിന്റെ അടയാളമാണ് അവനെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ വ്യാപൃതനാക്കൽ.
നമ്മുടെ ഇടയിൽ ചിലരുണ്ട്. നമുക്ക് ഉപകാരപ്പെടുന്നതാണോ അല്ലേ എന്നൊന്നും നോക്കാതെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നവർ. ആവശ്യമില്ലാത്ത കാര്യങ്ങളിൽ കയറി അഭിപ്രായം പറയുന്നവർ. ഒരു വാർത്ത കേൾക്കുമ്പോൾ സത്യമാണോ അസത്യമാണോ എന്നൊന്നും പരിശോധിക്കാതെ പ്രതികരിക്കുന്നവർ. ‘തനിക്ക് ആവശ്യമില്ലാത്തത് ഒഴിവാക്കൽ മനുഷ്യന്റെ നല്ല ഇസ്‌ലാമിൽ പെട്ടതാണ്’ (തുർമുദി).

പരിഹാരം

അനാവശ്യ സംസാരങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള പരിഹാരമാണ് സമയത്തെക്കുറിച്ച് ബോധവാനാവൽ. നമ്മുടെ മൂലധനമാണ് സമയം. അനാവശ്യങ്ങളിൽ ചെലവഴിച്ചാൽ മൂലധനം നഷ്ടമാകും. സംസാരിക്കുന്ന ഓരോ വാചകത്തെ കുറിച്ചും നാളെ ചോദ്യമുണ്ടാകും. നാവ് ഉന്നത സ്ഥാനങ്ങൾ നേടിത്തരാൻ ശേഷിയുള്ള ഒരവയവമാണ്. അതിനെ ശരിയായ വിധത്തിലല്ലാതെ ഉപയോഗിച്ചാൽ വലിയ നഷ്ടത്തിനു കാരണമാകും. സംസാരിക്കുന്നതിന് മുമ്പ് ചിന്തിക്കുക. സത്യവിശ്വാസിയുടെ നാവ് ഹൃദയത്തിന് പിന്നിലാണ്. ചിന്തിച്ചിട്ടേ പറയൂ, പറഞ്ഞതിനുശേഷം ചിന്തിക്കുകയല്ല വേണ്ടത്. ഇങ്ങനെ ചെയ്താൽ പിന്നീട് ഖേദിക്കേണ്ടിവരില്ല. സാധ്യമെങ്കിൽ ആത്യവശ്യമില്ലാത്ത മുഴുവൻ കാര്യങ്ങളിലും മൗനം പതിവാക്കുക. ജനസമ്പർക്കം പരമാവധി കുറക്കുക. ഇതെല്ലാം ശാഫിഈ(റ) നിർദേശിക്കുന്ന ആത്മീയ സാധനകളാണ്.
(തുടരും)

 

സിയാദ് സഖാഫി പാറന്നൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ