1974 ജൂലൈ 14ന് സുന്നി യുവജനസംഘം ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ സുന്നിവോയ്‌സ് വായനക്കാരുടെ കൈകളിലെത്തി. മൂന്നര ദശാബ്ദം പിന്നിട്ട സാഹിത്യസേവനം സുന്നിസമൂഹത്തിന്റെ അഭിമാന നേട്ടങ്ങളിലൊന്നാണ്. കാലോചിത നിലപാടുകളിലൂടെ സുന്നിസമൂഹത്തിന് നേരിന്റെ പ്രയാണമൊരുക്കുന്നതില്‍ സുന്നിവോയ്‌സ് വിജയിച്ചിരിക്കുന്നു.

കാലോചിതമായ നയനിലപാടുകളിലൂടെ സുന്നിസമൂഹത്തിന് നേരറിവിന്റെ ദിശതെളിയിക്കുന്ന ദൗത്യം സുന്നിവോയ്‌സ് നിറവേറ്റിക്കൊണ്ടിരിക്കുന്നു. ഉല്‍പ്പതിഷ്ണുക്കള്‍, നിരീശ്വരവാദികള്‍, രാഷ്ട്രദ്രോഹികള്‍ പ്രതിയോഗികള്‍ ഏറെയായിരുന്നു. ആദര്‍ശ സംസ്ഥാപനത്തിനു വിഘാതം സൃഷ്ടിക്കുന്നവര്‍ക്കുനേരെ സുന്നിവോയ്‌സിന്റെ ധര്‍മ്മാക്ഷരങ്ങള്‍ പ്രകാശംചുരത്തി. അറിവിന്റെ വെളിച്ചം നിഷേധിച്ചവര്‍ക്കുമുമ്പില്‍ ആദര്‍ശത്തിന്റെ അക്ഷരപ്രകാശമായി വോയ്‌സ് ജ്വലിക്കുകയാണ്. മതവും മനുഷ്യത്വവുമന്വേഷിക്കുന്ന അനേകായിരങ്ങള്‍ ഈ സാഹിത്യപ്രവാഹത്തില്‍ ധന്യരായി. സുന്നീ വിശ്വാസങ്ങള്‍ക്കെതിരെ നിഴല്‍യുദ്ധം നയിക്കുന്ന ഉല്‍പതിഷ്ണുത്വം വോയ്‌സിന്റെ അക്ഷരങ്ങള്‍ക്കുമുന്നില്‍ പത്തിതാഴ്ത്തുകയുണ്ടായി.

മതം, ആദര്‍ശം, രാഷ്ട്രീയം, സാമൂഹികം, സാംസ്‌കാരികം, ദേശീയം, അന്തര്‍ദേശീയം തുടങ്ങി വോയ്‌സിന്റെ താളുകളില്‍ വിഭവങ്ങല്‍ നിറഞ്ഞൊഴുകുമ്പോള്‍ വായനാവൃന്ദം എന്നും വോയ്‌സിന്റെ പുരോഗതിക്കൊപ്പംനിന്നു. ഇസ്‌ലാമിക ചരിത്രത്തിന്റെ അപൂര്‍വ്വമുഹൂര്‍ത്തങ്ങള്‍, ഒപ്പിയെടുത്ത പ്രഗത്ഭ പണ്ഡിതന്മാരുടെ രചനകള്‍ വോയ്‌സിന്റെ താളുകളില്‍ മഷിപുരണ്ടപ്പോള്‍ ചരിത്രഗവേഷകര്‍ക്കു ബൃഹത്തായൊരു റഫറന്‍സായി വോയ്‌സ് രൂപാന്തരപ്പെട്ടു. അക്ഷരങ്ങളിലൂടെ വിഷംചുരത്തുന്ന മതനിഷേധികള്‍ക്കെതിരെ പ്രതിരോധത്തിന്റെ ധര്‍മപാതയൊരുക്കാനുള്ള വോയ്‌സിന്റെ ശ്രമങ്ങള്‍ എന്നും ഫലപ്രദമായിരുന്നു. വ്യത്യസ്ത രൂപഭാവങ്ങളില്‍ ഇസ്‌ലാമിക സമൂഹത്തില്‍ നുഴഞ്ഞുകയറിയ ബിദഇകളുടെ നാനാവിധ നീക്കങ്ങളും ഈ സാഹിത്യപ്രവാഹത്തിനുമുമ്പില്‍ നിഷ്പ്രഭമായി.

ജീര്‍ണതകള്‍ക്കെതിരെ വോയ്‌സിന്റെ ഭാഷ അതിശക്തമായിരുന്നു. തീവ്രത, വര്‍ഗീയത തുടങ്ങി ദേശദ്രോഹ നയങ്ങള്‍ക്കെതിരെ ജാഗ്രത്തായ സമീപനം കൈക്കൊണ്ടു. ഈ നിലപാടുകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വോയ്‌സിനെ മികവുറ്റതാക്കി. കെട്ടിലും മട്ടിലും ആകര്‍ഷകശൈലി കൂടിയായതോടെ മുന്‍നിരസാന്നിധ്യമായി വോയ്‌സ് മുന്നേറി. പരിമിതികള്‍ക്കുള്ളിലൊതുങ്ങി മഹാദൗത്യത്തിനു ഇറങ്ങിത്തിരിച്ച ഈ സാഹിത്യസപര്യ ഇന്ന് സുന്നീകേരളത്തിന്റെ ആശ്രയവും പ്രതീക്ഷയുമാണ്.

വിപണി കയ്യടക്കാന്‍ കച്ചവടക്കണ്ണുകളുമായി രംഗം പൊലിപ്പിക്കുന്ന അനേകം പ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ സുന്നിവോയ്‌സ് വേറിട്ടുനില്‍ക്കുന്നു. സംഘടനാ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ത്യാഗനിര്‍ഭരമായ സേവനങ്ങള്‍ സുന്നിവോയ്‌സിന്റെ പ്രയാണത്തിന് കരുത്തേകുന്നു.

1 comment
Leave a Reply

Your email address will not be published. Required fields are marked *