താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍, /സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി
അഹ്ലുബൈത് താവഴിയിലെ രണ്ടു തലമുറകളുടെ പണ്ഡിതനേതൃത്വം. ഇവര്‍ പരസ്പരം ഉള്ളുതുറക്കുമ്പോള്‍ കേരളത്തിന് പഠിക്കാനേറെ. മഅ്ദിന്‍ എന്‍കൗമിയം സപ്ലിമെന്‍റിലെ കൂടിക്കാഴ്ചയുടെ പ്രധാന ഭാഗങ്ങള്‍ ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു…

? ആരേയും കൂസാത്ത ഒരു പ്രകൃതമാണല്ലോ ഉസ്താദിന്?
അല്ലാഹുവിനെയല്ലാതെ ആരേയും കൂസേണ്ട ആവശ്യമില്ല. അല്ലാഹുവിന്റെ ദീനിന്റെ വിഷയത്തില്‍ സത്യം തുറന്നു പറയാന്‍ ആരേയും പേടിക്കരുത്. പറയാനുള്ളത് രാഷ്ട്രീയക്കാരനാണെങ്കിലും മഹല്ല് കമ്മിറ്റിയാണെങ്കിലും മന്ത്രിയാണെങ്കിലും സത്യമാണ് പറയേണ്ടത്. വിശുദ്ധ ഇസ്‌ലാമിനെതിരെയാണ് കളി വരുന്നതെങ്കില്‍ പിന്നെന്തിന് നോക്കി നില്‍ക്കണം. അല്ലാഹുവിനെ മാത്രം ഭയപ്പെടുമ്പോഴാണ് ഒരാള്‍ പരിപൂര്‍ണ മുഅ്മിനാകുന്നത്.
? സത്യത്തിന് മുമ്പില്‍ ആരേയും കൂസാത്ത പ്രകൃതം, നിറഞ്ഞ പാണ്ഡിത്യം, ഒരു നേതൃത്വത്തിനാവശ്യമായ ഈ ഗുണങ്ങളെല്ലാം എങ്ങനെയാണ് തങ്ങളില്‍ സമ്മേളിച്ചത്?
അങ്ങനെയൊന്നുമില്ല. പിന്നെ എന്നെ ഈ രൂപത്തില്‍ വളര്‍ത്തിയത് പിതാവ് സയ്യിദ് അബൂബക്കര്‍ കുഞ്ഞിക്കോയ തങ്ങളും മാതാവ് ഹലീമ എന്ന കുഞ്ഞിബീവിയുമാണ്. അവരുടെ രാത്രിയും പകലുമുള്ള ആരാധനകള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. മഹാന്മാരായ സയ്യിദന്മാരും പണ്ഡിതന്മാരുമൊക്കെ വീട്ടില്‍ വന്നാല്‍ ഞങ്ങളെ കാണിച്ച് ഉമ്മ പറയും, മക്കള്‍ ആലിമുകളാകാന്‍ ദുആ ചെയ്യണം. നന്നായി പഠിക്കാനും ആരാധനകള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നതിലും ഉമ്മ എപ്പോഴും ശ്രദ്ധിച്ചു.
? അവിടുത്തെ പഠനജീവിതം കേള്‍ക്കുകയാണെങ്കില്‍ പുതിയ തലമുറക്ക് മാതൃകയായിരിക്കും.
പഠന കാലത്ത് ജീവിതം പഠനത്തിന് നീക്കി വെക്കാന്‍ തീരുമാനിച്ചു. ഒരൊറ്റ ക്ലാസും ഒഴിവാക്കാതെയാണ് പഠനം നടത്തിയത്. പഠനം മുടങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. എനിക്ക് ആകെ മുടങ്ങിയത് അസ്മാഉസ്സിത്തയിലെ മൂന്നു ബൈത്തുകളാണ്. ഓതുന്നത്, പഠിക്കുന്നത് അപ്പപ്പോള്‍ മനഃപാഠമാക്കും. ഇപ്പോഴത്തെ മുതഅല്ലിമുകളാണ് നാളെ ഇവിടെ ദീന് നിലനിര്‍ത്തേണ്ടത്. മതപഠനരംഗം ഗൗരവമായി നാം എടുത്തിട്ടില്ലെങ്കില്‍ ദീനിന് ഒരു നഷ്ടവുമില്ല. അല്ലാഹുവിന്റെ ദീന്‍ അവന്‍ അന്ത്യനാള്‍ വരെ അവന്‍ നിലനിര്‍ത്തും. ആ നിലനിര്‍ത്തല്‍ നമ്മിലൂടെയായാല്‍ നാം രക്ഷപ്പെട്ടു. അപ്പോള്‍ അതിന് വേണ്ടിയാണ് നാം ശ്രമിക്കേണ്ടത്.
? കേരളത്തിലിപ്പോള്‍ അവിടുത്തെ നേതൃത്വത്തിലൂടെയാണ് വിശുദ്ധ ദീന് നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത്.
അതേ, പരിശുദ്ധമായ ഇസ്‌ലാം എന്ന ഒരൊറ്റ ലക്ഷ്യത്തിലൂടെ പ്രവര്‍ത്തിക്കുന്നവര്‍ നാം മാത്രമാണ്. മറ്റുള്ളവര്‍ക്കൊക്കെ പല ലക്ഷ്യങ്ങളുണ്ട്. സ്ഥാപനം നടത്തുകയായാലും സംഘടനാ പ്രവര്‍ത്തനങ്ങളായാലും അതിന് സഹായിക്കലായാലും അത് മാത്രമാണ്. അല്ലാതെ രാഷ്ട്രീയ പാര്‍ട്ടിയും പ്രവര്‍ത്തനങ്ങളുമൊന്നും നമ്മുടെ ഭാഗമല്ല.
? രാഷ്ട്രീയപരമായി തങ്ങളുടെ വിലയിരുത്തലുകളും പ്രഖ്യാപനങ്ങളും പലപ്പോഴും കേരളത്തിന്റെ രാഷ്ര്ട്രീയ ദിശ തിരിച്ചു വിട്ടിട്ടുണ്ട്.
ഞാന്‍ പറഞ്ഞില്ലേ നമ്മുടെ ലക്ഷ്യം ഒന്നുമാത്രമാണ്. വിശുദ്ധ ദീന്‍, അഹ്ലുസുന്നത്തു വല്‍ ജമാഅ ഇവിടെ മറ്റേത് പ്രസ്ഥാനങ്ങളേക്കാളും ഉയര്‍ന്ന് നില്‍ക്കണം. അതിനാവശ്യമായ വിലയിരുത്തലുകളും പ്രഖ്യാപനങ്ങളുമാണ് ഞാന്‍ നടത്തിയത്. നമ്മുടെ പണ്ഡിത സഭയായ സമസ്തയുടെ തീരുമാനമാണത്. നമുക്ക് രാഷ്ട്രീയമോ പര്‍ട്ടികളോ ഒന്നും വേണ്ട. എന്നാല്‍ സുന്നത്ത് ജമാഅത്തിന്റെ അഭിമാനത്തിന്റെ വിഷയം വന്നാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കുമെന്ന് ആരും കരുതേണ്ട. അതൊക്കെ എല്ലാവര്‍ക്കും അറിയുമല്ലോ.
? വരക്കല്‍ മുല്ലക്കോയ തങ്ങളുടെ വാതിലിന് മുമ്പില്‍ മണിക്കൂറുകളോളം രാഷ്ട്രീയ തമ്പുരാക്കന്മാര്‍ കാത്തു നിന്നിരുന്ന ആ ഒരു പ്രതാപ കാലമാണ് ഇപ്പോള്‍ തിരിച്ചു പിടിച്ചിരിക്കുന്നത്.
പണ്ഡിതന്മാരുടെ കതകിന് മുമ്പില്‍ കാത്തു നില്‍ക്കേണ്ടവരാണ് രാഷ്ട്രീയക്കാര്‍. അല്ലാതെ രാഷ്ട്രീയക്കാരുടെ തീരുമാനത്തിനനുസരിച്ച് ദീന്‍ വ്യാഖ്യാനിക്കേണ്ടവരല്ല പണ്ഡിതന്മാര്‍. പണ്ഡിതന്മാര്‍ പാണ്ഡിത്യവും പാണ്ഡിത്യത്തിനനുസരിച്ച പ്രവര്‍ത്തനവുമുള്ളവരാവണം. എന്നാല്‍ എല്ലാവരും വാതിലിനു മുമ്പില്‍ കാത്തു കിടക്കും.
? സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിതസഭ സ്ഥാപിത ലക്ഷ്യങ്ങളില്‍ നിന്ന് വഴിമാറിയപ്പോള്‍ തങ്ങളുടെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിച്ചു. ധീരമായ ആ പുനസംഘടനാ തീരുമാനത്തെ ഇന്ന് എങ്ങനെയാണ് കാണുന്നത്.
അശ്റഫുല്‍ ഖല്‍ഖ് (സ്വ)യുടെയും സ്വഹാബത്തിന്റെയും പാത പിമ്പറ്റുന്ന നമുക്ക് കേരളത്തില്‍ ആരുടെ സര്‍ട്ടിഫിക്കറ്റിന്റേയും ആവശ്യമില്ല. എല്ലാവരും ഭയപ്പെടുന്നത് നമ്മുടെ വളര്‍ച്ചയാണ്. അന്ന് പുനഃസംഘടിപ്പിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് മുജാഹിദും ജമാഅത്തെ ഇസ്‌ലാമിയും മറ്റു ബിദ്അത്ത്കാരുമെല്ലാം ഇന്നുള്ളതിന്റെ രണ്ടിരട്ടിയായി വളര്‍ന്നിട്ടുണ്ടാകുമെന്നുറപ്പാണ്. അത് കൊണ്ടാണല്ലോ ഇവര്‍ എല്ലാവരും കൂടി ഇപ്പോള്‍ നാം ഒരു ശക്തിയല്ലെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. വെറുതെയാണത്. അവര്‍ക്കറിയില്ലേ ബിദ്അത്ത് ഇവിടെ നടക്കാത്തത് നമ്മുടെ പ്രതിരോധ ശക്തി കൊണ്ടാണെന്ന്? അടുത്ത എത്ര തലമുറ വരെയുള്ള ബിദ്അത്തിനെയും സുന്നത്ത് ജമാഅത്തിന്റെ ശത്രുക്കളെയും തകര്‍ക്കാനുള്ള ആദര്‍ശ പണ്ഡിതന്മാരെ നാം തയ്യാറാക്കി കഴിഞ്ഞു. മനസ്സിലായില്ലേ?
? അവിടുത്തെ ഉപദേശം വിശ്വാസികളും പ്രവര്‍ത്തകരും ആവേശത്തോടെ സ്വീകരിക്കും.
ആത്മാവിന്റെ കാര്യമാണ് പറയാനുള്ളത്. നമ്മുടെ ശരീരം, വീട്, പരിസരം, ഇടപാടുകള്‍ എല്ലാം ഭംഗിയായിട്ടാണ് നടക്കുന്നത്. വൃത്തിയും വെടിപ്പുമൊക്കെയുണ്ട്. എന്നാല്‍ ആത്മാവിന്റെ അവസ്ഥ വളരെ മോശമാണ്. കിബ്റും അസൂയയും ദേശ്യവും പകയുമെല്ലാം നമ്മുടെ മനസ്സുകളില്‍ ജീവിക്കുന്നുണ്ട്. ഇതില്‍ നിന്ന് മനസ്സിനെ കഴുകി വൃത്തിയാക്കണം. അതിനുള്ള സോപ്പാണ് ദിക്റുകള്‍. ദിക്റുകള്‍ പതിവാക്കുക. ഹദ്ദാദ് റാത്തീബ് ജീവിതത്തില്‍ പാലിക്കുക. നമ്മുടെ മനസ്സെല്ലാം ശുദ്ധമാകും.

കേട്ടെഴുത്ത്:
സൈഫുല്ല ചുങ്കത്തറ

You May Also Like

കേരളത്തിലെ സാദാത്തു പരമ്പര

കേരളത്തില്‍ വന്ന സാദാത്ത് ഖബീല മുഴുവനുമെന്നു പറയാം, യമനിലെ തരീമില്‍ നിന്നു വന്നവരാണ്. ബാഅലവി, ബാഫഖി,…

india and muslims - Malayalam

മതേതര ഇന്ത്യയിലെ മുസ്‌ലിം ജീവിതം

വിവിധ മതസമൂഹങ്ങളും നാസ്തികരും അധിവസിക്കുന്ന രാജ്യമാണ് നമ്മുടേത്. ബഹുസ്വരതയാണ് ഇന്ത്യയുടെ പ്രധാന സവിശേഷത. ജാതി മത…

● അഭിമുഖം: അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല/ മുസ്തഫ സഖാഫി കാടാമ്പുഴ

ഉസ്മാനിയ ഖിലാഫത്ത് വന്കരകളുടെ ഭരണസാരഥ്യം

പ്രഭാത സൂര്യന്റെ കിരണങ്ങള്‍ ചെരിഞ്ഞിറങ്ങുന്ന ഇടനാഴിയിലൂടെ സുല്‍ത്വാന്‍ മുഹമ്മദ് ദര്‍വീശിനൊപ്പം നടന്നു. ദര്‍വീശിന്റെ ഓരോ വാക്കും…