Assam Citizenship

സമില്‍ 19 ലക്ഷത്തിലധികം പേരെ ഒറ്റയടിക്ക് രാഷ്ട്രരഹിതരാക്കി ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക വന്നിരിക്കുന്നു. പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവരെ നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ തടവില്‍ വെക്കില്ലെന്നാണ്  ആഭ്യന്തര മന്ത്രാലയം പറയുന്നത്. നടപടികള്‍ തീരും വരെ  മറ്റുള്ള പൗരന്‍മാരെ പോലെ അവര്‍ക്ക് എല്ലാ അവകാശങ്ങളുമുണ്ടാകുമത്രെ. തൊഴില്‍, വിദ്യാഭ്യാസം, സ്വത്ത് കൈവശം വെക്കാനുള്ള സ്വാതന്ത്യം തുടങ്ങിയ എല്ലാ സ്വാതന്ത്ര്യങ്ങളും പുറത്തായവര്‍ക്കും തല്‍കാലം ഉണ്ടാകുമെന്ന് ആഭ്യന്തര  മന്ത്രാലയ വക്താവ് ട്വിറ്റര്‍ വഴി വ്യക്തമാക്കിയിട്ടുണ്ട്. പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് ആഗസ്റ്റ് 31 മുതല്‍ 120 ദിവസത്തിനുള്ളില്‍  വിദേശ ട്രൈബ്യൂണലിനെ സമീപിക്കാമെന്നും മന്ത്രാലയം പറയുന്നു. നിലവിലെ 100 വിദേശ ട്രൈബ്യൂണലുകള്‍ക്കൊപ്പം പുതിയ 200 ട്രൈബ്യൂണലുകളുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതെഴുതുമ്പോഴുള്ള ഈ സാഹചര്യം ദിവസങ്ങള്‍ക്കകം മാറാവുന്നതാണ്.

പുറത്തു നിന്ന് ആരൊക്കെയോ നുഴഞ്ഞ് കയറിയിട്ടുണ്ട്, അവരെ തുരത്തണമെന്ന ശാഠ്യത്തിനപ്പുറം ഇപ്പോഴും വ്യക്തത വന്നിട്ടില്ലാത്ത പ്രക്രിയയാണ് ദേശീയ പൗരത്വ രജിസ്റ്ററിന്‍റേത്. സര്‍വത്ര ആശയക്കുഴപ്പം. ഒരു കുടുംബത്തിലെ പിതാവും മാതാവും പിതാമഹനും പട്ടികയില്‍ ഇടം നേടിയിരിക്കും. എന്നാല്‍ ഇങ്ങേയറ്റത്തുള്ള മക്കളും മരുമക്കളും പുറത്താകും. മുന്‍ എംഎല്‍എക്ക് പൗരത്വമില്ല. ദീര്‍ഘകാലം രാജ്യത്ത് വിവിധ യുദ്ധ മുന്നണികളില്‍ പ്രവര്‍ത്തിച്ച,  കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത് വിശിഷ്ട സേവാ അംഗീകാരങ്ങള്‍  നേടിയ മുഹമ്മദ് സനാഉല്ലക്കു പോലും പട്ടികയില്‍ ഇടമില്ല. എല്ലാ രേഖയും കൃത്യമെന്ന് പലവട്ടം ഉറപ്പ് വരുത്തിയവര്‍ പലരും പട്ടിക വന്നപ്പോള്‍ തകര്‍ന്നിരിക്കുകയാണ്. സാങ്കേതിക പിഴവാണെന്ന വിശദീകരണമാണ് അധികൃതര്‍ക്ക് നല്‍കാനുള്ളത്. ഒരു നിശ്ചയവുമില്ല, ആര്‍ക്കും.

ഈ ആശയക്കുഴപ്പം അസമിലെ ബിജെപി നേതാക്കളുടെ വാക്കുകളില്‍ മുഴങ്ങുന്നുണ്ട്. 1971-ന് മുമ്പ് ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ നിരവധി യഥാര്‍ത്ഥ പൗരന്മാര്‍ പട്ടികയില്‍ നിന്ന് പുറത്തായെന്നാണ് അസം മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തത്. അഭയാര്‍ത്ഥി സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചതാണ് ഇതിന് കാരണമെന്നും തനിക്ക് എന്‍ആര്‍സിയില്‍ വിശ്വാസമില്ലെന്നും അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യാന്‍ ഇത് സഹായിക്കുമെന്ന് കരുതുന്നില്ലെന്നും ശര്‍മ പറയുന്നു. അദ്ദേഹം പറയുന്ന യഥാര്‍ത്ഥ പൗരന്‍മാര്‍ ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളാണ്. രേഖ കൊടുക്കണമെന്ന് വന്നപ്പോള്‍ പല ഹിന്ദുക്കളുടെ കൈയിലും അതില്ല. ഒടുവില്‍ പുറത്തായി. ഹിന്ദുക്കളെ അകറ്റിനിര്‍ത്താനും മുസ്ലിംകളെ സഹായിക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്‍ആര്‍സി എന്നാണ്  തീപ്പൊരി  ബിജെപി ശിലാദിത്യ ദേവ് എംഎല്‍എയുടെ ആരോപണം. എന്‍ആര്‍സി സോഫ്റ്റ്വെയര്‍ ഹാക്ക് ചെയ്തതായും പൗരന്മാരുടെ പട്ടിക തയ്യാറാക്കുന്ന പ്രക്രിയ അഴിമതിയില്‍ കുടുങ്ങിയതായും ദേവ് ആരോപിക്കുന്നു.

ബിജെപി നേതാക്കളുടെ ഈ വിലാപത്തെയും ബംഗാളി ഹിന്ദുക്കള്‍ പട്ടികയില്‍ നിന്ന് പുറത്തായതിനെയും രണ്ട് തരത്തില്‍ വ്യഖ്യാനിക്കാവുന്നതാണ്. ഒന്ന്, തികഞ്ഞ ഹിന്ദുത്വ അജന്‍ഡയായ പൗരത്വ രജിസ്റ്ററിനെ വെള്ളപൂശാനുള്ള ആസൂത്രിത നീക്കമായിരിക്കാം അത്. മതപരമായ വിഷയമല്ല തൊഴിലിന്‍റെയും വിഭവ വിതരണത്തിന്‍റെയും സാംസ്കാരിക സംഘട്ടനത്തിന്‍റെയും പ്രശ്നമാണ് തങ്ങളെ പൗരത്വ രജിസ്റ്ററിനായി വാദിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും അതിനെ ന്യൂനപക്ഷ വിരുദ്ധമായി മുദ്ര കുത്തുകയാണ് ചെയ്യുന്നതെന്നും പറഞ്ഞൊഴിയാന്‍ ബംഗാളി മുസ്ലിംകളുടെ ദുരവസ്ഥ ബിജെപിക്കും രജിസ്റ്ററിനെ പിന്തുണച്ച അസമിലെ കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ കക്ഷികള്‍ക്കും അവസരം നല്‍കുന്നു. രണ്ടാമത്തെ വ്യാഖ്യാനം ബിജെപി ശരിക്കും വെട്ടിലായി എന്ന് തന്നെയാണ്. പലവട്ടം വരച്ചും മായ്ച്ചും സുപ്രീം കോടതി ഇടപെട്ട് തിരുത്തിയും നിലവില്‍വന്ന പുതിയ മാനദണ്ഡങ്ങള്‍ ബംഗാളി ഹിന്ദുക്കള്‍ക്കും വിനയായി മാറിയിരിക്കാം. ചത്തിടത്തല്ല നിലവിളിയെന്ന് ഗ്രാമത്തില്‍ ഒരു ചൊല്ലുണ്ട്. ഉന്നമിട്ടത് മുസ്ലിംകളെ മാത്രമായിരുന്നു. പക്ഷേ കൊണ്ടത് ഹിന്ദുക്കള്‍ക്ക് കൂടിയാണ്. പൗരത്വ രജിസ്റ്റര്‍ വഴി അസമിലും രാജ്യത്താകെയും വര്‍ഗീയ വിഭജനമാണ് ലക്ഷ്യമിട്ടതെന്ന് ശിലാദിത്യ ദേവിന്‍റെ വാക്കുകളില്‍ വ്യക്തമാണല്ലോ. ഇക്കാലം വരെ രജിസ്റ്ററിനായി ശക്തമായി വാദിച്ചവര്‍ ഒറ്റയടിക്ക് അതിനെ തള്ളിപ്പറയുന്നുണ്ടെങ്കില്‍ ഇച്ഛാഭംഗം അത്ര ആഴത്തിലുണ്ട്.

പുറത്താകലിന്‍റെ വേദനക്ക് മതവും ജാതിയുമില്ല. അത് അനുഭവിച്ചാല്‍ മാത്രം അറിയാവുന്ന കൊടുംവേദനയാണ്. ചില ഹിന്ദു സഹോദരന്‍മാര്‍ക്ക്  രജിസ്റ്ററില്‍ കടന്നുകൂടാന്‍ സാധിച്ചില്ല എന്നത് കുടിയേറ്റത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. ദാരിദ്ര്യവും യുദ്ധവും രോഗവും ആഭ്യന്തര സംഘര്‍ഷങ്ങളും അധിനിവേശവും അഭയാര്‍ത്ഥികളാക്കിമാറ്റിയ മനുഷ്യര്‍ സുരക്ഷിത ഇടം തേടിയിറങ്ങുമ്പോള്‍ ജാതിയും മതവുമൊന്നും നോക്കാറില്ല. ഇന്ന് കാണുന്ന അതിര്‍ത്തി എന്നുണ്ടായതാണെന്ന് കൂടി ഓര്‍ക്കണം. മര്‍ദം കൂടിയിടത്ത് നിന്ന് കുറഞ്ഞിടത്തേക്ക് വായു സഞ്ചരിക്കുന്ന അത്ര സ്വാഭാവികമാണ് മനുഷ്യപ്രവാഹം. അത് അനുസ്യൂതം നടന്നുകൊണ്ടിരിക്കും.

ദേശ രാഷ്ട്രങ്ങള്‍ വരക്കുന്ന ഭൂപടമാണ് മനുഷ്യരെ വിദേശികളും സ്വദേശികളുമാക്കുന്നത്. അസമിന്‍റെ കാര്യമെടുത്താല്‍ ബ്രിട്ടീഷുകാരുടെ താല്‍പര്യവും കാണാനാകും. പാഴ്ഭൂമിയെന്ന് വിശേഷിപ്പിക്കാവുന്ന ഇടമായിരുന്നു ഈ ഭൂവിഭാഗം. ഇത്തരം പ്രദേശങ്ങളാണ് ബ്രിട്ടീഷുകാര്‍ ചായത്തോട്ടങ്ങള്‍ക്കായി തിരഞ്ഞെടുത്തത്.  ചായത്തോട്ടങ്ങളില്‍ പണിയെടുക്കാന്‍ തങ്ങളുടെ അധീനതയില്‍ പെട്ട വിവിധയിടങ്ങളില്‍ നിന്ന് മനുഷ്യരെ അവര്‍ ഇറക്കുമതി ചെയ്തു. ആദ്യം പുരുഷന്‍മാരെ പിന്നെ, സ്ത്രീകളെ. ഇവരില്‍ പലരും പിന്നെ തിരിച്ചുപോയില്ല. അവര്‍ ഒരു ജനതയായി അവിടെ രൂപപ്പെട്ടുവന്നു. അന്ന് ബംഗ്ലാദേശോ പാകിസ്താനോ ഒന്നുമില്ലല്ലോ. അതിര്‍ത്തിയുടെ ഈ തിട്ടമില്ലായ്മയാണ് റോഹിംഗ്യന്‍ മുസ്ലിംകളെയും അന്യരാക്കി മാറ്റിയത്. അതിര്‍ത്തി കീറിമുറിച്ചും അതിര്‍ത്തിക്കകത്തെ പ്രവിശ്യാ അതിര്‍ത്തികളെ അപ്രസക്തമാക്കിയും മനുഷ്യര്‍ കുടിയേറി. ചെന്നെത്തിയിടത്ത് ജീവിതം നട്ടുപിടിപ്പിച്ചു. വിദ്വേഷ രാഷ്ട്രീയത്തിന്‍റെ കാലം വന്നപ്പോള്‍ ജനങ്ങളെ മതമായും ജാതിയായും എണ്ണാന്‍ തുടങ്ങി. അപ്പോഴാണ് കശ്മീര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ മുസ്ലിം സമൂഹമുള്ളത് അസമിലാണെന്ന് കണ്ടത്. വരാനിരിക്കുന്ന മതരാഷ്ട്രത്തില്‍ ന്യൂനപക്ഷം ഭൂരിപക്ഷമായ ഒരു ഭൂവിഭാഗം ഉണ്ടാകാന്‍ പാടില്ലല്ലോ.

പൗരത്വ രജിസ്റ്ററില്‍ നിന്ന് ഹിന്ദുക്കള്‍ പുറത്തായി എന്നത്  പോലും വലിയ അവസരമാക്കി മാറ്റാനുള്ള നീക്കങ്ങള്‍ ആര്‍എസ്എസിന്‍റെ നിര്‍ദേശപ്രകാരം ബിജെപി തുടങ്ങിക്കഴിഞ്ഞിട്ടുണ്ടെന്നതാണ് വസ്തുത. ഒന്നാം മോദി സര്‍ക്കാര്‍ കൊണ്ടുവരികയും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ തല്‍കാലം കോള്‍ഡ് സ്റ്റോറേജിലേക്ക് മാറ്റുകയും ചെയ്ത പൗരത്വ ഭേദഗതി ബില്‍ ഉടന്‍ പുറത്ത് വരും. ആദ്യം ഓര്‍ഡിനന്‍സായി വരും. തുടര്‍ന്ന് അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍  ബില്ലുമാകും. പ്രതിപക്ഷത്തിന് ഒന്നും ചെയ്യാനാകില്ല. അവര്‍ പല തട്ടില്‍ തന്നെയായിരിക്കും. ഹിന്ദുത്വ അജന്‍ഡകള്‍ക്ക് മുന്നില്‍ ചിതറിപ്പോയ പ്രതിപക്ഷമാണ് രാജ്യത്തുള്ളത്.  മൃദുഹിന്ദുത്വ രാഷ്ട്രീയം കൈയൊഴിയാന്‍ ഈ പാര്‍ട്ടികള്‍ ഒരു കാലത്തും തയ്യാറായിട്ടില്ലെന്നതാണ് അടിസ്ഥാന പ്രശ്നം. ബാലാകോട്ട് ആക്രമണത്തെ മഹാഭാരത വിജയമായി ഹിന്ദുത്വര്‍ കൊണ്ടാടുമ്പോള്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ കൊമ്പന്‍ മീശ ദേശീയ മീശയാക്കണമെന്ന് ആവശ്യപ്പെട്ടാണല്ലോ കോണ്‍ഗ്രസിന്‍റെ ലോക്സഭാ നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചത്.

പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിംകളല്ലാത്തവര്‍ക്ക് അഭയാര്‍ത്ഥി പദവിയും പൗരത്വവും അനുവദിക്കുന്ന ബില്ലാണ് അമിത് ഷായുടെ തുകല്‍ ബാഗിലുള്ളത്. എന്നുവച്ചാല്‍ ഇപ്പോള്‍ പുറത്തായ മുഴുവന്‍ ഹിന്ദു സഹോദരന്‍മാരും അകത്താകും. മുസ്ലിംകള്‍ മാത്രം പുറത്ത് നില്‍ക്കും. ഒരിടത്തും പൗരത്വമില്ലാത്തവരായി  തീര്‍ന്ന അവര്‍ ട്രൈബ്യൂണലുകള്‍ക്ക് മുന്നില്‍ നിരന്തരം കൈനീട്ടി യാചിക്കും. രേഖകള്‍ക്കായി നെട്ടോട്ടമോടും. ചിലര്‍ ജീവനൊടുക്കും. അവശേഷിക്കുന്നവരെ  ജയിലിലിടുമായിരിക്കും. അല്ലെങ്കില്‍ റോഹിംഗ്യാ മുസ്ലിംകളെയെന്നപോലെ ആട്ടിയോടിക്കുമായിരിക്കും. അസമില്‍ കൂട്ടക്കുരുതിയും പുതുമയല്ലല്ലോ. പൗരന്‍മാരല്ലാത്തവര്‍ക്ക് ഒരു നിയമത്തിന്‍റെയും പരിരക്ഷയില്ലാത്തതിനാല്‍ അവരെ ആര്‍ക്കും ആക്രമിക്കാം.

ചക്മ അഭയാര്‍ത്ഥികളുടെയും റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെയും വിഷയം വന്നപ്പോഴും ബിജെപി സര്‍ക്കാര്‍ കൈകൊണ്ട സമീപനം നഗ്നമായ വിവേചനത്തിന്‍റേതായിരുന്നു. യുഎന്‍  അഭയാര്‍ത്ഥി രജിസ്റ്ററില്‍ പേരില്ലാത്തവര്‍ ഉള്‍പ്പെടെയുള്ള ഒരു ലക്ഷത്തിലേറെ ചക്മ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനായിരുന്നു ഒന്നാം മോദി സര്‍ക്കാര്‍ തീരുമാനിച്ചത്. അക്കാലയളവില്‍ തന്നെയാണ് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ തല്‍കാലം ആട്ടിയോടിക്കരുതെന്ന് യുഎന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടത്. എന്നാല്‍ അവര്‍ ആഭ്യന്തര ഭീഷണിയാണെന്നായിരുന്നു സര്‍ക്കാറിന്‍റെ മറുപടി.

ബുദ്ധ, ഹിന്ദു വിഭാഗത്തില്‍ പെട്ടവരാണ്ചക്മകള്‍.  1960-കളില്‍ കിഴക്കന്‍ പാകിസ്താന്‍റെ ഭാഗമായിരുന്ന ബംഗ്ലാദേശിലെ  ചിറ്റഗോംഗ് പര്‍വത മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നവര്‍. 1964 മുതല്‍ അരുണാചല്‍ പ്രദേശിന്‍റെ പല ഭാഗങ്ങളിലായി താമസിച്ചുവരുന്ന ചക്മകള്‍ക്ക് പൗരത്വം നല്‍കാമെന്ന് 2015-ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് സംസ്ഥാന സര്‍ക്കാറിന്‍റെ എതിര്‍പ്പുണ്ടായിരുന്നിട്ടും പൗരത്വം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. കുടിയേറ്റത്തിന്‍റെ ആദ്യ കാലയളവായ 1964-69 ല്‍ 5000  മാത്രമായിരുന്നു ഇവരുടെ എണ്ണം. ഇന്നത് ഒരു ലക്ഷത്തിലധികമാണ്. അരുണാചല്‍ പ്രദേശിനു പുറമെ പശ്ചിമ ബംഗാള്‍, ത്രിപുര, അസം, മിസോറാം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും ചക്മ വിഭാഗങ്ങള്‍ താമസിക്കുന്നുണ്ട്. അസമില്‍ മുസ്ലിം കുടിയേറ്റക്കാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ചക്മകള്‍ക്കും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പൗരത്വം നല്‍കുന്നത് ജനസംഖ്യാ വിന്യാസത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നു വ്യക്തമാക്കിയായിരുന്നു സംസ്ഥാനങ്ങള്‍ എതിര്‍ത്തത്.   തദ്ദേശീയര്‍ ന്യൂനപക്ഷമായി മാറുമെന്നും  തൊഴിലവസരങ്ങളും മറ്റും നഷ്ടപ്പെടുമെന്നും വിമര്‍ശനമുയര്‍ന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെവികൊണ്ടില്ല.

ഈ വിവേചനങ്ങള്‍ക്ക് മുഴുവന്‍ പൊതുസമ്മതി ലഭിക്കുന്നുവെന്നതാണ് ഏറ്റവും ഗൗരവപൂര്‍വം കാണേണ്ടത്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായി ഇന്നും നിലകൊള്ളുന്ന കോണ്‍ഗ്രസോ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോ മുസ്ലിംകള്‍ക്ക് നേരെയുള്ള കടന്നുകയറ്റത്തെ ശരിയായ അര്‍ത്ഥത്തില്‍ എതിര്‍ക്കുന്നില്ല. സമീപകാലത്തെ ഉദാഹരണങ്ങളെടുത്ത് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയാന്‍ രാഷ്ട്രപതി വിജ്ഞാപനമിറക്കുകയും അമിത് ഷാ അത് പാര്‍ലമെന്‍റില്‍  വായിക്കുകയും ചെയ്തിട്ട് ഒറ്റക്കെട്ടായ  പ്രതികരണമെങ്കിലും നടത്താന്‍ കോണ്‍ഗ്രസിന് സാധിച്ചോ? ജ്യോതിരാദിത്യ സിന്ധ്യയെപ്പോലുള്ളവര്‍ 370 റദ്ദാക്കിയതിനെ പിന്തുണക്കുകയാണ് ചെയ്തത്. ജമ്മുകശ്മീര്‍ വിഭജിച്ചതിലും അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും മാത്രമേ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വിയോജിപ്പുള്ളൂ. മുന്‍കോണ്‍ഗ്രസ് സര്‍ക്കാറുകളെല്ലാം 370-നെ ദുര്‍ബലപ്പെടുത്തുന്ന വിജ്ഞാപനങ്ങള്‍ കൊണ്ടുവന്നിരുന്നുവെന്നതും വസ്തുതയാണ്. അപ്പോള്‍ കശ്മീരിന്‍റെ കാര്യത്തില്‍ നിലനില്‍ക്കുന്ന പൊതുബോധത്തെ അങ്ങേയറ്റം നിയമവിരുദ്ധമായി പ്രയോഗിക്കുകയാണ് ബിജെപി ചെയ്തത്. അത് അവരുടെ വര്‍ഗീയ കൗശലമാണ്.

മുത്വലാഖ് ബില്ലിന്‍റെ കാര്യമെടുത്താല്‍ ഇത് കുറേക്കൂടി വ്യക്തമാകും. മുസ്ലിംകളിലെ ത്വലാഖില്‍ സ്ത്രീവിരുദ്ധതയുണ്ടെന്ന് വിശ്വസിക്കുകയും അത് പരസ്യമായി പറയുകയും ചെയ്തവരാണ് ഇന്ന് പ്രതിപക്ഷത്തിരിക്കുന്നത്. മതത്തിനകത്തെ പരിഷ്കരണവാദികള്‍  തന്നെ ഈ പൊതുബോധം സൃഷ്ടിച്ചുകൊടുത്തിട്ടുണ്ടല്ലോ.  മുത്വലാഖ് ബില്ല് ആ പൊതുബോധത്തിന്‍റെ അടിത്തറയിലാണ് പണിതിരിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ ഫാസിസ്റ്റ് സ്വഭാവത്തെ ന്യൂനീകരിക്കുകയല്ല ചെയ്യുന്നത്. മറിച്ച് അവര്‍ക്ക് ഈ കുടില രാഷ്ട്രീയം പ്രയോഗിക്കാനുള്ള മണ്ണൊരുക്കുന്നതില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്ന് തിരിച്ചറിയണമെന്ന് മാത്രം.

ദേശീയ പൗരത്വ രജിസ്റ്ററിന്‍റെയും നാള്‍വഴിയില്‍ ഈ പൊതുസമ്മതി കാണാനാകും. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ബംഗ്ലാദേശ് സ്വതന്ത്രമായ 1971 മാര്‍ച്ച് 24-ന് അര്‍ധരാത്രിക്കു മുമ്പ് തങ്ങളോ പൂര്‍വികരോ ഇന്ത്യയില്‍ ജീവിച്ചവരാണെന്ന് രേഖാമൂലം തെളിയിക്കാന്‍ കഴിഞ്ഞവര്‍ക്കാണ് പട്ടികയില്‍ ഇടം ലഭിക്കുക. കുടിയേറ്റക്കാരെ പുറത്താക്കണമെന്നും അസമിന്‍റെ തനിമ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള വര്‍ഷങ്ങള്‍ നീണ്ട പ്രക്ഷോഭത്തിന് അറുതിവരുത്താന്‍ 1985-ല്‍ ഒപ്പിട്ട അസം കരാറിന്‍റെ തുടര്‍ച്ചയായാണ് പുതുക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. 2013-ലാണ് വിഷയത്തില്‍ സുപ്രീം കോടതി നേരിട്ട് ഇടപെടുന്നത്. അസം സ്റ്റുഡന്‍റ്സ് യൂണിയന്‍റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ അന്നൊന്നും ആരും തള്ളിപ്പറഞ്ഞിട്ടില്ല. 2016-ല്‍ ബിജെപി ഈ വിഷയത്തിലേക്ക് കയറിനിന്നപ്പോള്‍ സ്വാഭാവികമായും അതിലേക്ക് വര്‍ഗീയത കൂടി കോരി ഒഴിച്ചു. രാജ്യത്താകെ പ്രയോഗിക്കാവുന്ന ശുദ്ധീകരണ രാഷ്ട്രീയമായി അവര്‍ പൗരത്വത്തെ വളര്‍ത്തിയെടുത്തു. ബംഗാളി ഹിന്ദുക്കള്‍ പുറത്താകുന്നത് കൊണ്ട് ബിജെപിയുടെ കൈപൊള്ളിയെന്നൊക്കെ ഒരു ഓളത്തിന് പറയാം. സത്യത്തില്‍ അവര്‍ ഇപ്പോഴും വിജയിച്ച് തന്നെയാണ് നില്‍ക്കുന്നത്. ജനങ്ങളില്‍ ഒരു വിഭാഗത്തെ ഭീതിയിലാക്കി മറ്റു വിഭാഗങ്ങളെ തീവ്രദേശീയതയില്‍ വിജൃംഭിതരാക്കി നിര്‍ത്തുകയെന്ന രാഷ്ട്രീയം  പ്രസരിപ്പിക്കുന്നതില്‍ അവര്‍ ഏറെ മുന്നോട്ട് പോയിരിക്കുന്നു. ഇറ്റലിയിലും ജര്‍മനിയിലും പോയി ഫാസിസം പഠിച്ചുവന്ന ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന് അന്യവല്‍കരണത്തിന്‍റെ സാധ്യത നന്നായി അറിയാം. ദേശസുരക്ഷയെ പോലെ പൗരത്വവും വന്‍ പ്രഹര ശേഷിയുള്ള രാഷ്ട്രീയ ആയുധമായി പരിണമിക്കുകയാണ് ചെയ്യുന്നത്. ആ അര്‍ത്ഥത്തില്‍ അസം ദേശീയ പൗരത്വ രജിസ്റ്ററിനെ ഒരു മുസ്ലിം സ്വത്വപ്രശ്നമായി ഉയര്‍ത്തുന്നത് പോലും ഹിന്ദുത്വ തീവ്രവലതുപക്ഷങ്ങള്‍ക്ക് മധുരപ്പായസം നല്‍കലാകും.

120 ദിവസം സമയമുണ്ട്. പൗരന്മാരല്ലാതായിത്തീര്‍ന്ന, സ്വന്തം നാട്ടില്‍ അന്യരായിപ്പോയ മനുഷ്യര്‍ക്ക് സത്യം തെളിയിക്കാനുള്ള 120 ദിനങ്ങള്‍. എന്ത് പുതിയ രേഖയാണ് അവര്‍ നല്‍കുക? പക്ഷപാതിത്വത്തിന് പേര്കേട്ട ട്രൈബ്യൂണലുകളില്‍ നിന്ന് എന്ത് നീതിയാണ് അവര്‍ക്ക് കിട്ടുക? നമുക്ക് ഒരു ലേഖനം കൂടിയെഴുതാം. പ്രതിഷേധം കത്തുന്ന തലക്കെട്ടിടാം. അപ്പോഴും മഴ നനഞ്ഞ് പുറത്ത് നില്‍ക്കുന്ന ഈ മനുഷ്യരോട് എന്ത് സമാധാനം പറയും? അവരെ  നമ്മുടെ കുടക്കീഴിലേക്ക് ചേര്‍ത്തുനിര്‍ത്താനാകില്ലെങ്കില്‍ മഹത്തായ ഇന്ത്യന്‍ ദേശീയതക്ക് എന്ത് അര്‍ഥമാണുള്ളത്?

You May Also Like

കുടുംബ ബന്ധത്തിന്റെ വില; വിലാപവും

സാമൂഹിക വ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാപനമാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണവുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.…

● കെഎംഎ റഊഫ് രണ്ടത്താണി

ഖിബ്‌ല മാറ്റം: തിരുനബിയുടെ ഇഷ്ടം പോലെ

ഹിജ്‌റ രണ്ടാം വർഷം ശഅ്ബാൻ മാസത്തിലാണ് മുത്ത് നബിയുടെ ഇഷ്ടം പോലെ ഖിബ്‌ല മാറ്റമുണ്ടായത്. ഖുർആൻ…

● അലവിക്കുട്ടി ഫൈസി എടക്കര

ബദര്‍ ശുഹദാക്കള്‍

ബദ്റില്‍ വീരമൃത്യുസൗഭാഗ്യം നേടിയ സ്വഹാബി വര്യര്‍ 14 പേരാണ്. ആറു മുഹാജിറുകളും എട്ട് അന്‍സ്വാരികളും. ഉബൈദതുബ്നു…