പൊതുസമൂഹത്തിലും മാധ്യമ രംഗങ്ങളിലും ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള പ്രചാരണങ്ങള്‍ ഏറെയാണ് ഇന്ന്. ലോകത്തെല്ലായിടത്തും പടരുന്ന ഇസ്ലാംഭീതി തന്നെയാകണം ഇതിനു കാരണം. അവയില്‍ പ്രധാനപ്പെട്ട മൂന്ന് വാദങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുകയാണ് An Islamic Jihad of Nonviolence: Said Nursi’s Model എന്ന പുസ്തകം. ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ ജീവിത പരിസരം മുന്‍നിര്‍ത്തി ഇസ്ലാമിന്‍റെ സമാധാന ശ്രമങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ഈ കൃതി.

ഇസ്ലാം ഹിംസ കേന്ദ്രീകൃത മതമാണെന്നാണ് എതിരാളികളുടെ പ്രധാന വാദം. ഈ വാദഗതിക്കാര്‍ ചില ഖുര്‍ആനിക സൂക്തങ്ങളും ഹദീസുകളും തെളിവായുദ്ധരിക്കും. പ്രവാചകര്‍(സ്വ) തന്നെ യുദ്ധത്തിന് ആഹ്വാനം ചെയ്യുകയും പങ്കെടുക്കുകയും ചെയ്തിട്ടുണ്ടല്ലോ എന്ന് ഇവര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. ഇസ്ലാമിന്‍റെ ലേബലില്‍ ഇന്ന് നടക്കുന്ന ക്രൂരതകള്‍ക്ക് ഇവരത് ഉദാഹരണമാക്കും. വാള്‍ കൊണ്ട് പ്രചരിച്ച മതമാണ് ഇസ്ലാം എന്നും അവര്‍ വച്ചുകാച്ചും. ആത്മീയതക്കും സാമൂഹിക മാനങ്ങള്‍ക്കും ഉപരിപ്ലവമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് ഇസ്ലാം എന്നതാണ് രണ്ടാമത്തെ ആരോപണം. ഇരുപതാം നൂറ്റാണ്ട് തൊട്ട് ചില മുസ്ലിംകള്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ഇസ്ലാം എന്ന ആശയത്തെ ചുറ്റിപ്പറ്റിയാണ് ഈ വാദം. മൂന്നാമത്തേത്, ഒരു സെക്കുലര്‍ ചുറ്റുപാടില്‍ ഇസ്ലാമിന് നിലനില്‍പ് പ്രയാസകരമാണെന്നതാണ്. ശരീഅത്തനുസരിച്ച് ഭരണം നടക്കുന്ന സമൂഹത്തിലേ ദൈവം ഇച്ഛിക്കുന്ന ജീവിതം സാധ്യമാകൂ എന്നാണ് വാദം. മുസ്ലിംകളില്‍ ചെറിയൊരു വിഭാഗം ഇങ്ങനെ വിശ്വസിക്കുന്നുമുണ്ട്.

ഈ മൂന്ന് വാദങ്ങള്‍ക്കുമുള്ള മറുപടിയാണ് ഇസ്ലാമിക പണ്ഡിതന്‍ കൂടിയായ ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ (1877- 1960) ജീവിതം. ആകര്‍ഷണീയവും ആത്മീയതയിലൂന്നിയതുമായ വ്യക്തിത്വമായിരുന്നു നൂര്‍സിയുടേത്. ഒട്ടോമന്‍ സാമ്രാജ്യത്തിന്‍റെ തകര്‍ച്ചക്കും ആധുനിക തുര്‍ക്കിയുടെ ആഗമനത്തിനും അദ്ദേഹം സാക്ഷിയായി. മതാധ്യാപനങ്ങളും ആത്മീയോന്മേഷവും നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയായിരുന്നു തുര്‍ക്കിയിലെ പുതുസര്‍ക്കാര്‍. അദ്ദേഹമവിടെ നടത്തിയ ജിഹാദ് മതാധ്യാപനമായിരുന്നു. ഒരു സെക്കുലര്‍ ജീവിത ചുറ്റുപാടിലും എങ്ങനെ സമാധാനപരമായി, ആത്മീയമായി ജീവിതം നയിക്കാമെന്ന് അനുയായികളെ അദ്ദേഹം പഠിപ്പിച്ചു.

ഒരു കാലത്ത് വൈജ്ഞാനികമായും സാംസ്കാരികമായും ഏറെ ഉയരത്തിലായിരുന്നു മുസ്ലിം ലോകം. എന്നാല്‍, പതിനെട്ടാം നൂറ്റാണ്ടോടെ സാമ്പത്തികം, സൈനികം, സാംസ്കാരികം, സാമൂഹികം എന്നു വേണ്ട എല്ലാ നിലക്കും സമുദായത്തിന്‍റെ ശക്തി ക്ഷയിച്ചുതുടങ്ങി. യൂറോപ്യന്‍ ആധിപത്യം ശക്തമായതോടെ ഇസ്ലാമിക ചിഹ്നങ്ങള്‍ നിരാകരിക്കപ്പെട്ടുതുടങ്ങി. ഒട്ടോമന്‍ സാമ്രാജ്യത്തെ സംരക്ഷിക്കാന്‍ നൂര്‍സി മദ്റസ എന്ന ആശയം മുന്നോട്ട്വച്ചിരുന്നു. മതവും ഭൗതികവും പഠിപ്പിക്കുന്ന മദ്റസകളായിരുന്നു അദ്ദേഹം വിഭാവനം ചെയ്തത്. പക്ഷേ, അദ്ദേഹത്തിന്‍റെ ആശയങ്ങളെ ആരും വകവച്ചില്ല. വൈകാതെ സാമ്രാജ്യം തകര്‍ന്നടിയുകയും അതിന്‍റെ അവശിഷ്ടങ്ങളില്‍ നിന്ന് പുതിയൊരു റിപബ്ലിക് ഉടലെടുക്കുകയും ചെയ്തു. മതസ്ഥാപനങ്ങളുടെ തകര്‍ച്ചക്ക് പിന്നെ ഏറെ കാത്തിരിക്കേണ്ടി വന്നില്ല.

പുതിയ ഭരണകൂടം ആവുംവിധമെല്ലാം ഇസ്ലാമില്‍ നിന്ന് അകലം പാലിച്ചു. മോഡേണ്‍ തുര്‍ക്കി എന്ന സങ്കല്‍പ്പത്തില്‍ ഇസ്ലാമിനോ മതത്തിനോ സ്ഥാനമുണ്ടായിരുന്നില്ല. 1924-ല്‍ ഖിലാഫത്ത് റദ്ദ് ചെയ്തു.  സ്വൂഫി പര്‍ണശാലകള്‍ (സാവിയ) മ്യൂസിയങ്ങളായി പരിണമിച്ചു. മതസ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. വഖ്ഫ് സ്വത്തുക്കള്‍ പിടിച്ചെടുത്തു. ഇസ്ലാമിക നിയമങ്ങള്‍ മാറ്റി യൂറോപ്യന്‍ നിയമങ്ങള്‍ പ്രതിഷ്ഠിച്ചു. ശാസ്ത്രത്തിന് അമിത പ്രാധാന്യം നല്‍കി വിശ്വാസത്തെ ചവിട്ടിയരച്ചു.

സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങളില്‍ സ്വാഭാവികമായും നിരാശനായിരുന്നു നൂര്‍സി. താനൊരു പണ്ഡിതനായതുകൊണ്ടു തന്നെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പാടില്ലതാനും. പുതിയ സാഹചര്യത്തിലും അദ്ദേഹം വിശ്വാസികള്‍ക്ക് ആത്മീയതയുടെ വെള്ളിവെളിച്ചം നല്‍കിക്കൊണ്ടിരുന്നു. നിരന്തരമായി എഴുതി. 30 വര്‍ഷക്കാലം തടവിലിട്ടു കൊണ്ടാണ് നൂര്‍സിയുടെ വായടപ്പിക്കാന്‍ ഭരണകൂടം ശ്രമിച്ചത്. പക്ഷേ അവര്‍ക്കായിരുന്നു പരാജയം. തന്‍റെ ‘രിസാലേ നൂര്‍’ എഴുത്ത് നിര്‍ത്തിയില്ല, തളര്‍ന്നതേയില്ല. സര്‍ക്കാറിനെ കായികമായി നേരിട്ടില്ല. മറിച്ച് വായനയും ആത്മീയോന്നതിയും ജിഹാദായി കണ്ടു. അഹിംസാത്മകമായ ജിഹാദ്. അഹിംസയും പുരോഗമന പ്രവര്‍ത്തനങ്ങളുമായിരുന്നു (positive action) അദ്ദേഹം പ്രതിരോധത്തിനായി സ്വീകരിച്ച മാര്‍ഗങ്ങള്‍. പുരോഗമന പ്രവര്‍ത്തനം കൊണ്ട് നൂര്‍സി ഉദ്ദേശിച്ചത് കഴിഞ്ഞകാലത്തുണ്ടായിരുന്ന, തകര്‍ക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുന:സ്ഥാപനമാണ്. ഒരു രീതിശാസ്ത്രമെന്ന നിലക്ക് താന്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളത്രയും ആരെയും നോവിക്കുന്നതാകരുത് എന്ന് നൂര്‍സി മനസ്സാലെ ആഗ്രഹിച്ചു. രാഷ്ട്രീയ ഇസ്ലാം സ്ഥാപിക്കണമെന്നോ ശരീഅത്ത് കേന്ദ്രീകൃത ഭരണം വരണമെന്നോ അദ്ദേഹം വാദിച്ചില്ല. മറിച്ച് മനുഷ്യന്‍റെ ഉള്ള് നന്നാകണം, വിശ്വാസം കൈവെടിയുന്ന അവസ്ഥയുണ്ടാകരുത്. ഇതിനായിരുന്നു നൂര്‍സിയുടെ യത്നം മുഴുവന്‍.

അഹിംസാ പോരാട്ടത്തിലെ അറിപ്പെട്ട വ്യക്തിത്വങ്ങളാണല്ലോ മഹാത്മാ ഗാന്ധിയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും നെല്‍സണ്‍ മണ്ടേലയുമെല്ലാം. സമൂഹ സമുദ്ധാരണത്തിന് മുന്നോട്ടുവന്ന അവരുടെ കൂടെ തന്നെ നൂര്‍സിയെയും ചേര്‍ത്തി എണ്ണുകയാണ് ഗ്രന്ഥത്തിന്‍റെ അവസാന അധ്യായം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് പോരാടിയ ഗാന്ധിയെപോലെ, സാമൂഹിക അസമത്വത്തിനെതിരെ പോരാടിയ മണ്ടേലയെപോലെ, സാമ്പത്തിക അനീതിക്കെതിരെ പോരാടിയ കിംഗിനെപോലെ, നൂര്‍സി പോരാടിയത് പൗരന്‍റെ വിശ്വാസ സ്വാതന്ത്രത്തിനു വേണ്ടിയായിരുന്നു. അങ്ങനെയാണ് നൂര്‍സിക്കും ശിഷ്യര്‍ക്കും സാഹിത്യവും വായനയും അഹിംസാ പോരാട്ടങ്ങളാകുന്നത്. ഗാന്ധി ഉപ്പു സത്യഗ്രഹമാണ് നടത്തിയത്. മണ്ടേല പ്രസിഡന്‍റ് സ്ഥാനമാണ് നേടിയത്. കിംഗ് വിപ്ലവം തീര്‍ത്തത് I Have A Dream എന്ന ഭാഷണം കൊണ്ടായിരുന്നു. നൂര്‍സി തന്‍റെ മാസ്റ്റര്‍ പീസായ ‘രിസാലേ നൂര്‍’ എഴുതി മാറ്റത്തിന്‍റെ വിപ്ലവ ധ്വജമുയര്‍ത്തി. ഇന്നും ലോകമാകെ രിസാലയുടെ അലയൊലി കേള്‍ക്കാം. അഹിംസാത്മക ജിഹാദിലൂടെ ഇലാഹിലേക്ക് നടന്നുനീങ്ങുന്ന വിശ്വാസികളുടെ കാലൊച്ചകളും കേള്‍ക്കാം.

 

വിവ: നിസാം തങ്ങള്‍ മുതുതല

You May Also Like

മയ്യിത്ത് പരിപാലനം

മരണം സുനിശ്ചിതമാണ്. ആത്മാവ് ശരീരവുമായി വേര്‍പിരിയുന്നതാണ് മരണം. അല്ലാഹു പറയുന്നു: ‘എതൊരു ശരീരവും മരണം രുചിക്കുന്നതാണ്.…

● അബ്ദുല്‍ അസീസ് സഖാഫി വാളക്കുളം

നിസ്കാരത്തിന്റെ ആത്മാവ്

നിസ്കാരം ആരാധനകളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമാണ്. നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങി മറ്റെല്ലാ ആരാധനകളെക്കാളും നിസ്കാരത്തിന്…

ശഅ്ബാന്‍ തിരുനബി(സ്വ)യുടെ മാസം, സ്വലാത്തിന്‍റെയും

അബൂബയാനുല്‍ ഇസ്ഹാഖ്(റ) സ്വപ്നത്തില്‍ തിരുനബി(സ്വ)യെ ദര്‍ശിച്ചു. പ്രവാചകരോട് അദ്ദേഹം ചോദിച്ചു: ‘നബിയേ, ഇമാം ശാഫിഈ അങ്ങയുടെ…

● അസീസ് സഖാഫി വാളക്കുളം