Ibnu Sina

മുസ്‌ലിം നാഗരികതയിൽ ഉദയം ചെയ്ത ദാർശനികരും ധൈഷണികരും ഏറെയാണ്. അതിൽ ലോക ശ്രദ്ധ നേടിയ അതുല്യ പ്രതിഭയാണ് അബൂഅലിയ്യിൽ ഹുസൈൻ ഇബ്‌നുസീന. പാശ്ചാത്യ ലോകത്തിന്റെ അവിസന്ന! അതീവബുദ്ധിശാലിയായിരുന്ന അദ്ദേഹം ജീവിതത്തിലുടനീളം അടങ്ങാത്ത വിജ്ഞാനദാഹം സൂക്ഷിച്ചു. പ്രഗത്ഭരെ സമീപിച്ച് ആവോളം വിദ്യ നുകർന്നു. അമിത ബുദ്ധിയുടെ സ്വാധീന വലയത്തിൽ സ്വതന്ത്രവും അഹിതവുമായ ചില മതധാരണകൾ അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാൽതന്നെ ഒരു മതപണ്ഡിതനെന്ന നിലയിലല്ല തത്ത്വജ്ഞാനി, ശാസ്ത്രജ്ഞൻ, ഭാഷാപണ്ഡിതൻ തുടങ്ങിയ വിശേഷണങ്ങളിലാണ് വൈജ്ഞാനിക ലോകം അദ്ദേഹത്തെ ഗണിക്കുന്നത്.

നാഗരിക ചരിത്രത്തിൽ അവിസന്നയെന്നറിയപ്പെടുന്ന ഇബ്‌നുസീന വിവിധ വിജ്ഞാന ശാഖകളിൽ പ്രതിഭാധനനായിരുന്നു. അദ്ദേഹത്തിന്റെ അൽഖാനൂൻ (ദ കനോൺ) വൈദ്യശാസ്ത്രത്തിൽ ശ്രദ്ധേയമായ അവലംബ കൃതിയാണ്. അൽഖാനൂനിന്റെ രചനക്ക് ഒരു സഹസ്രാബ്ദം തികയുന്ന സന്ദർഭമാണിത്. ലോകം ആ ശാസ്ത്രപ്രതിഭയെ ഒരിക്കൽ കൂടി അനുസ്മരിക്കുന്നു. ആയിരം വർഷം പിന്നിട്ടിട്ടും കാലഹരണപ്പെടാത്തത് അൽഖാനൂൻ സൃഷ്ടിക്കുന്ന വിസ്മയമാണ്. അതുകൊണ്ടു തന്നെ കേവലമൊരു വൈദ്യശാസ്ത്ര കൃതിയല്ല അത്. ഇന്നും സ്വീകാര്യവും അംഗീകൃതവുമായ തത്ത്വങ്ങളടങ്ങിയ പ്രധാന റഫറൻസാണ്.

ഇൽമുൽ കലാമിനെ അഥവാ വിശ്വാസശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളടങ്ങിയ വിജ്ഞാന ശാഖയെ തത്ത്വശാസ്ത്രം അല്ലെങ്കിൽ ഫിലോസഫിയെന്ന നിലയിൽ അന്യം നിർത്താൻ ശ്രമിക്കാറുണ്ട്. ഇമാം ഗസ്സാലി(റ), ഇമാം റാസി(റ) തുടങ്ങിയവരെ പോലെ മതത്തിന്റെ അടിസ്ഥാന വിജ്ഞാന മേഖലയിൽ സാർവത്രികമായി അറിയപ്പെടുന്ന അവസ്ഥ മുസ്‌ലിം പശ്ചാത്തലമുള്ള പല തത്ത്വശാസ്ത്രജ്ഞർക്കുമില്ലെന്നത് വാസ്തവമാണ്. അവരുടെ മതകീയ നിലപാടുകളിലെ പൊരുത്തക്കേടുകൾ തന്നെയാണിതിന് ഹേതുകം.

മതത്തിന്റെ അടിസ്ഥാനം പഠിക്കാനോ കർമാനുഷ്ഠാനങ്ങൾ പകർത്താനോ ജീവിതം മാതൃകയാക്കാനോ ആരും ഇബ്‌നുസീനയെയോ കിൻദിയെയോ ആശ്രയിക്കാറില്ല. മുസ്‌ലിം സമൂഹത്തിന് സ്വീകാര്യമായ കർമശാസ്ത്ര സരണിയിലോ വിശ്വാസ വഴിയിലോ അവർ പ്രധാന കണ്ണികളുമല്ല. അടിസ്ഥാന പ്രമാണങ്ങളിൽ ചില വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും അനേകം ശാസ്ത്രകാരന്മാരും വിവിധ മേഖലകളിലെ പ്രതിഭകളും ഇസ്‌ലാം നൽകിയ ഊർജത്തിലും പ്രചോദനത്തിലും ഉത്ഭവിച്ചിട്ടുണ്ട്. അവരെല്ലാം ഇസ്‌ലാമിനെ ശക്തിപ്പെടുത്തുകയായിരുന്നുവെന്ന് പറയാൻ നിർവാഹവുമില്ല.

വിശ്വാസിയെ സംബന്ധിച്ചിടത്തോളം ബുദ്ധിയല്ല പ്രമാണം. മറിച്ച് അതൊരു ഉപാധിയും സഹായിയുമാണ്. അവ എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനനുസരിച്ചാണ് ഫലങ്ങളുണ്ടാവുക. ചിലർ ബുദ്ധിക്ക് ഒന്നാം പരിഗണന നൽകി പ്രമാണങ്ങളെ അതിനു പാകപ്പെടുത്താൻ ശ്രമിച്ചു. അത്തരക്കാരെ മതപരമായി മാതൃകയാക്കാനാകില്ല. ആധുനിക കാലത്തെ മോഡേണിസ്റ്റുകൾ അവരെ മഹത്ത്വവൽക്കരിക്കുന്നുണ്ടെങ്കിൽ പോലും. ഖുർആനിലെയും ഹദീസിലെയും ചില പരാമർശങ്ങൾ യുക്തിക്കു നിരക്കുന്നില്ലെന്ന് ആരോപിച്ച് തള്ളുന്ന മോഡേണിസ്റ്റുകളുണ്ട്. ബുദ്ധിക്ക് പ്രഥമ പരിഗണന നൽകി പ്രമാണങ്ങളെയും പൈതൃകങ്ങളെയും പാർശ്വവൽക്കരിക്കുന്നതിന് തുടക്കമിട്ടത് മുഅ്തസിലത്ത് എന്ന വിഭാഗമാണ്. ഇവരുടെ രീതിശാസ്ത്രം ഉപജീവിച്ച് ഇസ്‌ലാമിനെ ‘നവീകരിക്കാൻ’ തയ്യാറായവരാണ് മോഡേണിസ്റ്റുകൾ. ഇക്കാരണത്താൽ പാശ്ചാത്യ ലോകത്ത് അവർക്കെല്ലാം വലിയ സ്വീകാര്യതയും ലഭിച്ചു. എന്നാൽ പ്രാമാണിക സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇതൊന്നും സ്വീകാര്യമേയല്ല. മുസ്‌ലിം നാഗരികതയുടെ സംഭാവനകളെ വിവേചന പൂർവം സ്വീകരിച്ച പൂർവസൂരികളുടെ മാർഗമാണ് സത്യവിശ്വാസിക്ക് കരണീയം. വൈദ്യശാസ്ത്രത്തിൽ അമൂല്യവും അവലംബവുമായ അൽഖാനൂൻ ഒരു സഹസ്രാബ്ദത്തിന്റെ പൂർണിമയോടടുക്കുമ്പോൾ അതിന്റെ കർത്താവും അദ്ദേഹത്തിന്റെ മറ്റു രചനകളും ഈ നിലപാടുതറയിൽ നിന്നാണ് മുസ്‌ലിം ലോകം വീക്ഷിക്കുന്നത്.

അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ പ്രതി വിയോജിപ്പുകൾ പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്‌നുഹജറിൽ അസ്ഖലാനി(റ), ഇബ്‌നുസ്സ്വലാഹ്(റ), ഇമാം ഗസ്സാലി(റ) തുടങ്ങിയവർ ഉദാഹരണം. ഇബ്‌നുസീനയുടെ ചരിത്രകാരന്മാർ അദ്ദേഹത്തിനെതിരെ പണ്ഡിതലോകം ഉന്നയിച്ച ആദർശപരമായ കുറ്റങ്ങൾ വിവരിച്ചിട്ടുമുണ്ട്. പണ്ഡിത ലോകത്ത് നിലനിൽക്കുന്ന വിയോജിപ്പുകളെ പൂർണാർത്ഥത്തിൽ മുഖവിലയ്‌ക്കെടുക്കാനേ നമുക്ക് തരമുള്ളൂ. ഇബ്‌നുസീനയെന്ന ശാസ്ത്ര-വൈജ്ഞാനിക പ്രതിഭയുടെ സംഭാവനകളെ ഓർമിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ കാര്യത്തിൽ ഉന്നയിക്കപ്പെട്ട ഒന്നിനെയും നിഷേധിക്കാനോ ചെറുതാക്കാനോ ഇവിടെ ഉദ്ദേശ്യമില്ല.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

Umar Qali R - Malayalam Article

ഉമർ ഖാളി(റ): അനുരാഗത്തിന്റെ ജീവവസന്തം

ചാലിയം കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹസനുത്താബിഇയുടെ പൗത്രൻ ഉമർ എന്നവരുടെ പൗത്രനാണ്…

● അഹ്മദ് മലബാരി