വിശുദ്ധിയുടെ മാസമായ റമളാന്‍ ഒരിക്കല്‍ കൂടി കടന്നുവരുന്നു. ആത്മനിര്‍വൃതിയോടെ അതിനെ സ്വാഗതം ചെയ്യാന്‍ നമുക്കാകണം. വിശ്വാസികളുടെ ജീവിതത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്താന്‍ ഈ അവസരം സഹായകമാണ്. അല്ലാഹുവിനെ അറിയുക, അവന് അടിമപ്പെടുക എന്നതാണ് ജീവിത വിജയത്തിന്റെ നിദാനം. ഈ നിലയില്‍ ജീവിതം നയിക്കാന്‍ കഴിയുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍.
വിശുദ്ധ മാസത്തെ ഉപയോഗപ്പെടുത്തുന്നതില്‍ നമ്മുടെ മനസ്സും ജീവിതവും പാകപ്പെടുത്തണം. പരിസരങ്ങളെ ഏറ്റവും സമര്‍ത്ഥമായി ഉദ്ബോധിപ്പിക്കുകയും ഉദ്ധരിക്കുകയും വേണം. വിശുദ്ധിയുടെ പാതയിലേക്ക് എത്തിച്ചേരാന്‍ കഴിയാത്ത അറിവ് കുറഞ്ഞവരും സാഹചര്യമില്ലാത്തവരും നിറഞ്ഞതാണ് നമ്മുടെ ചുറ്റുപാട്. ഇവിടെ ലക്ഷ്യബോധമുള്ള ഇസ്ലാമിക പ്രവര്ത്തകന് വലിയ ഉത്തരവാദിത്തം നിര്‍വഹിക്കാനുണ്ട്.
വിശുദ്ധ മാസത്തിന്റെ ചൈതന്യം പകര്‍ന്നുകൊടുക്കാന്‍ വിശാല ജനസമ്പര്ക്കമാണാവശ്യം. വിവിധ മേഖലകളില്‍ ജീവിതം നയിക്കുന്ന എല്ലാവരെയും നേരില്‍ സന്ദര്‍ശിക്കുക. തൊഴിലാളികള്‍, യുവാക്കള്‍ എന്നിവരെ പ്രത്യേകം പരിഗണിക്കണം. കുടുംബങ്ങളിലേക്കും ഈ സന്ദേശം പകര്‍ന്നുനല്‍കണം. സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ശൈലിയിലും ഭാഷയിലും എല്ലാവരിലേക്കും നേരില്‍ എത്തിച്ചേരാനുള്ള ആര്‍ജവം കാണിക്കണം. അതിന് യൂണിറ്റ്തല സ്കോഡുകള്‍ രൂപീകരിച്ചു നിറഞ്ഞ പങ്കാളിത്തത്തോടെ ഗൃഹസന്ദര്‍ശനം ശ്രദ്ധേയമാക്കുക.
റമളാന്‍ മുന്നൊരുക്കമെന്ന നിലയില്‍ യൂണിറ്റ് പരിധിയിലെ വീടുകളിലും പള്ളി, മദ്റസ, ഓഫീസ്, സ്ഥാപനങ്ങളിലും പുതിയ ഉണര്‍വും റമളാന്‍ അടയാളങ്ങളും സ്ഥാപിക്കണം. സംഘടന പ്രഖ്യാപിച്ച റമളാന്‍ കാമ്പയിന് സര്‍ക്കുലര്‍ അനുസരിച്ചുള്ള എല്ലാ പദ്ധതികളും യൂണിറ്റ് കമ്മിറ്റികള്‍ നടപ്പാക്കേണ്ടതുണ്ട്.
റമളാന്‍ സന്ദേശം നല്‍കുന്നതിനുള്ള ലഘുലേഖകളും പ്രസിദ്ദീകരണങ്ങളും ജനങ്ങളുടെ കൈകളിലെത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പൊതുജനങ്ങളെയും യുവാക്കളെയും ഉദ്ദേശിച്ചുള്ള മുന്നൊരുക്ക സദസ്സുകളും വനിതകള്‍ക്കായുള്ള പ്രത്യേക പഠന ക്ലാസുകളും സംഘടിപ്പിക്കണം. ഇതിലൂടെ റമളാനെ സ്വാഗതം ചെയ്യാനുള്ള മാനസിക തയ്യാറെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയും. അതിനാല്‍ ജാഗ്രത പുലര്‍ത്തുക.