Islamic ducation _ malayalam

വിദ്യ മതത്തിന്‍റെ ജീവാണെന്നാണ് തിരുനബി(സ്വ) പഠിപ്പിച്ചത്. അറിവാണ് വിശ്വാസിയുടെ മതകീയ വ്യക്തിത്വത്തെ നിര്‍ണയിക്കുക. ഏത് കാര്യം ചെയ്യാനും അത് സംബന്ധിച്ച അറിവ് അനിവാര്യം. മതം മനുഷ്യ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തേണ്ടതാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്‍റെ ഒരവസ്ഥയും മതപരമായ നിര്‍ദേശങ്ങളില്‍ നിന്ന് മുക്തമാകുന്നില്ല. വിശ്വാസം, കര്‍മം, സംസ്കാരം, ജീവിത വ്യവഹാരം, സാമൂഹികം തുടങ്ങി എല്ലാത്തിലും താനുമായി ബാധിക്കുന്നതിനെ കുറിച്ച് ധാരണയുണ്ടായിരിക്കണം. ആത്മീയതയെയും മതപരമായ വ്യക്തിത്വത്തെയും സംരക്ഷിക്കണമെങ്കില്‍ അതനിവാര്യമത്രെ.

മതപരമായ കാര്യങ്ങളിലെ പ്രാതികൂല്യങ്ങള്‍ പലപ്പോഴും മനുഷ്യന് ആകര്‍ഷകമായിരിക്കും. അടിസ്ഥാനപരമായ അറിവും അതിനോടുള്ള പ്രതിബദ്ധതയും ഇല്ലെങ്കില്‍ ആത്യന്തികമായ ആത്മീയ നാശം സംഭവിക്കാനെളുപ്പമാണ്. ഉന്നത പണ്ഡിതനാവുന്നതിനു വേണ്ടിയുള്ള പഠനം മാത്രമല്ല മതവിദ്യാഭ്യാസം. അടിസ്ഥാനപരമായ അറിവ് എല്ലാ വിശ്വാസിക്കും ഉണ്ടായിരിക്കണം. ഈ അടിസ്ഥാനത്തിലാണ് ഓരോ വിശ്വാസിക്കും മതവിദ്യാഭ്യാസം ചെയ്യല്‍ നിര്‍ബന്ധമാകുന്നത്. ‘അറിവ് തേടല്‍ എല്ലാ വിശ്വാസി-വിശ്വാസിനികള്‍ക്കും നിര്‍ബന്ധമാണ്’ എന്ന് ഇസ്ലാം.

മാതാപിതാക്കള്‍ സന്താനങ്ങള്‍ക്ക് മതപരമായ പാഠങ്ങളും പരിശീലനങ്ങളും നല്‍കണം. ഇത് വ്യവസ്ഥാപിതമായി നടപ്പാക്കുകയാണ് നമ്മുടെ പ്രാഥമിക മതപഠന സൗകര്യങ്ങള്‍. വിപുലമായ മതപഠന സംവിധാനങ്ങള്‍ നിലവിലുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഫലപ്രദമായി അതുപയോഗപ്പെടുത്തിയാല്‍ മതപഠനവുമായി ബന്ധപ്പെട്ട ബാധ്യത വീടും.

മതവിദ്യാഭ്യാസം അടിസ്ഥാന ബാധ്യതയാണല്ലോ. എന്നാല്‍ കാര്യമായ പരിഗണന ഈ മേഖലക്ക് നല്‍കുന്നതില്‍ പലരും പിറകിലാണെന്ന് പറയാതെ വയ്യ. മുസ്ലിം കുടുംബത്തില്‍ പിറന്ന കുഞ്ഞിന് മതവിദ്യാഭ്യാസം നല്‍കാതിരിക്കുന്നത് ഒരു കുറച്ചിലായി മറ്റുള്ളവര്‍ കാണുമെന്നതിനാല്‍ ചടങ്ങെന്ന നിലയില്‍ അത് നിര്‍വഹിക്കാറുണ്ട് ചിലര്‍. മതപഠനം നടത്തിയില്ലെങ്കിലും ‘മതപഠന സൗകര്യം ലഭ്യം’ എന്ന പരസ്യവാചകം മതി ചിലര്‍ക്ക്. മക്കള്‍ മതപഠനം നടത്തുന്നുവെന്ന പ്രതീതി സൃഷ്ടിക്കുക മാത്രമേ ഇവര്‍ ലക്ഷ്യമാക്കുന്നുള്ളൂ. മതം പഠിക്കണമെന്നിവര്‍ക്കില്ല. അത് കൊണ്ട് മതപഠനത്തിന് പ്രാമുഖ്യമോ പൊതുപഠനത്തിനു തുല്യമായ പ്രാധാന്യമോ നല്‍കുന്ന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വരെ ചിലര്‍ തയ്യാറാവുന്നില്ല.

മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ഒരുതരം പൊങ്ങച്ചം ചില രക്ഷിതാക്കള്‍ പുലര്‍ത്തുന്നുണ്ടെന്നാണനുഭവം. കുട്ടികള്‍ പഠിക്കുന്നുണ്ടോയെന്നതിനല്ല, ഇന്ന സ്ഥാപനത്തില്‍, ഇത്ര ഭീമന്‍ ഫീസ് നല്‍കി പഠിപ്പിക്കുന്നു എന്നതിനാണ് പ്രാധാന്യം കല്‍പിക്കപ്പെടുന്നത്. കൂടുതല്‍ ഫീസും പരിഷ്കൃത വേഷ-സമീപനങ്ങളും നിബന്ധനകളും ഉള്ളിടത്താണ് രക്ഷിതാക്കള്‍ക്ക് മക്കളെ ചേര്‍ക്കാന്‍ താല്‍പര്യം. അല്‍പസ്വല്‍പം സാമ്പത്തിക സൗകര്യമുള്ളതിന്‍റെ പേരിലായിരിക്കും ഈ പൊങ്ങച്ചം. പിന്നെ മതപഠനത്തിന് പരിഗണനയേ ഉണ്ടാകില്ല. കാലത്തേ പുറപ്പെടേണ്ടതിനാല്‍ മദ്റസയില്‍ ചേര്‍ത്തിയില്ല എന്നു ന്യായം. മതപഠനത്തിനും മതചിട്ടകള്‍ക്കും പരിഗണനയില്ലാത്ത സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്‍റെ ഭവിഷ്യത്ത് തീരാനഷ്ടമായിരിക്കുമെന്ന് വൈകിയേ അറിയൂ. കൂറ്റന്‍ പരസ്യ ബോര്‍ഡുകളും വ്യാപകമായ ക്യാന്‍വാസിങ്ങുമായി ആകര്‍ഷിക്കുന്ന പല സ്ഥാപനങ്ങളും മതപഠനമെന്നത് പരസ്യത്തില്‍ മാത്രം ഒതുക്കിയവയായിരിക്കും. അതിനപ്പുറം പഠന-പരിശീലനങ്ങള്‍ക്ക് വ്യവസ്ഥാപിതമായ കരിക്കുലമോ പാഠപുസ്തകങ്ങളോ യോഗ്യരായ അധ്യാപകരോ അവിടങ്ങളിലുണ്ടാകില്ല.

മരിക്കുവോളം ജീവിക്കേണ്ടത് ഭൗതിക ലോകത്താണ്. അതിനാല്‍ അവിടേക്കാവശ്യമായ അറിവനുഭവങ്ങള്‍ കൂടിയേ തീരൂ. അത്തരം വിജ്ഞാനങ്ങളെ ഭൗതികം എന്നു പറഞ്ഞ് മാറ്റിനിര്‍ത്തേണ്ടതില്ല. മാറ്റിനിര്‍ത്തണമെന്ന് ആരും ശഠിക്കുന്നുമില്ല. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭൗതിക ലോകമെന്നത് ജീവിച്ച് തീര്‍ക്കാനുള്ള കാലപരിധിയല്ല. പരലോകത്തേക്കുള്ള യാത്രയിലെ ഒരു ഇടത്താവളമാണ്. അങ്ങോട്ടുള്ള വിഭവ സമാഹരണവും മുന്നൊരുക്കങ്ങളുമാണ് ഈ ലോകത്ത് നടക്കുന്നത്. അതിന് സഹായകമായ അറിവുകള്‍ക്ക് മതപരമായ ചൈതന്യമുണ്ട്. അതുകൊണ്ട് തന്നെ ഒരു വിശ്വാസിക്ക് തന്‍റെ ഭൗതിക ജീവിത സൗകര്യത്തിനും ഉപജീവനത്തിനും നടത്തുന്ന പഠന പരിശീലനങ്ങളെ മതത്തിന്‍റെ പുറത്തു നിര്‍ത്താനാവില്ല.

സമൂഹത്തിന്‍റെ സുസ്ഥിതിക്കും സുരക്ഷക്കും സമാധാന ജീവിതത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ പൂര്‍ത്തീകരണത്തിനും ആവശ്യമായ അറിവുകള്‍ നേടിയിരിക്കണമെന്നാണ് ഇസ്ലാമിക പാഠം. ജനസേവനവും സമൂഹഗുണവും സാധ്യമാകുന്ന മേഖലകളെല്ലാം പാരത്രികമായി പുണ്യം ലഭിക്കുന്ന സുകൃതങ്ങളായി മാറും. അപ്പോള്‍ അതൊരു ‘അമലുന്‍ സ്വാലിഹ്’ അഥവാ സല്‍കര്‍മമായിത്തീരും. സല്‍കര്‍മമായിത്തീരുന്ന ഒരു കാര്യം ഭൗതികമാണെന്നു വന്നാലും മതപരമായാണ് അതു ഗണിക്കപ്പെടുക.

പുണ്യമാക്കി മാറ്റാനാവുന്ന സേവന മേഖലകളെയും അറിവനുഭവങ്ങളെയും സ്വാര്‍ത്ഥതയുടെയും ചൂഷണത്തിന്‍റെയും ഉപാധികളാക്കി മാറ്റുന്നവര്‍ക്ക് എല്ലാം ഭൗതികം മാത്രമായിരിക്കും. സത്യവിശ്വാസിക്ക് യഥാര്‍ത്ഥത്തില്‍ ഒന്നിനെയും കേവല ഭൗതികമായി കണ്ടുകൂടാ. താനിടപഴകുന്ന മേഖലകളും ചെയ്യുന്ന വേലകളും മതത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങളില്‍ പാകപ്പെട്ടതായിരിക്കണം. ഇന്നത് ഭൗതികമാണ്, അതിനാല്‍ അതില്‍ മതനിയമങ്ങള്‍ക്ക് പ്രവേശനമില്ല എന്നില്ല. ജീവിതത്തിന്‍റെ ഒരംശവും മതവിരുദ്ധവും ദുരുപദിഷ്ടവും ആകാതിരിക്കുകയെന്നത് വിശ്വാസിയുടെ മതപരമായ വ്യക്തിത്വ സംരക്ഷണത്തിന്‍റെ ഭാഗമാണ്.

ജനാസ നിസ്കാരമല്ലാത്ത മറ്റെല്ലാ നിസ്കാരങ്ങളിലും പ്രാരംഭ പ്രാര്‍ത്ഥനയായ വജ്ജഹ്തു ഓതാറുണ്ടല്ലോ. അതില്‍ പറയുന്നത്, ‘നിശ്ചയം എന്‍റെ നിസ്കാരവും മറ്റു സുകൃതങ്ങളും എന്‍റെ ജീവിതവും മരണവും ലോകരക്ഷിതാവായ അല്ലാഹുവിനാണ്’ എന്നാണ്. ജീവിതത്തെ അല്ലാഹുവിന്‍റെ മതമായ ഇസ്ലാമിനനുസരിച്ചാക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണെന്നാണിതിന്‍റെ പ്രത്യക്ഷാര്‍ത്ഥം. ഇതിനൊരു മറുപുറം കൂടിയുണ്ട്. അഥവാ എന്‍റെ ജീവിത നിര്‍വഹണത്തിലെ ഘടകങ്ങളെല്ലാം മതത്തിന്‍റെ പരിധിയില്‍ വരുന്നതാണെന്നാണത്. അല്ലാഹുവിനു വേണ്ടി സമര്‍പ്പിക്കാവുന്നതിനെ സുകൃതമെന്നേ വിശ്വാസിക്ക് വിശേഷിപ്പിക്കാനാവൂ. സുകൃതങ്ങള്‍ പഠിക്കുന്നതും പരിശീലിക്കുന്നതും മതപരമാണെന്ന് വിശ്വാസി മനസ്സിലാക്കുന്നു.

ഭൗതിക വിദ്യാഭ്യാസ മേഖലയിലെ നിലവിലുള്ള സംവിധാനങ്ങള്‍ക്ക് ചില ന്യൂനതകളുണ്ടെന്ന് പറയാതിരിക്കാനാവില്ല. ഹയര്‍ സെക്കണ്ടറി തലം വരെ വിദ്യാര്‍ത്ഥിയുടെ അഭിരുചി പരിഗണിക്കാതെ എല്ലാവരെയും എല്ലാം പഠിപ്പിക്കുകയാണ്. അടിസ്ഥാന വിദ്യാഭ്യാസം എന്ന ന്യായം അതിനുണ്ടെങ്കിലും ചില പുന:ക്രമീകരണങ്ങള്‍ സംഗതമാണെന്നു തോന്നുന്നു. കാരണം പ്രായോഗിക ജീവിതം സാധ്യമാക്കുന്ന അറിവാണ് എല്ലാവര്‍ക്കും വേണ്ടത്. ഹയര്‍ സ്റ്റഡിക്ക് താല്‍പര്യമുള്ളവര്‍ക്കായി പ്രീഡിഗ്രി തലത്തെ കൂടുതല്‍ ക്രമപ്പെടുത്തുകയായിരുന്നു വേണ്ടിയിരുന്നത്. നിലവിലുള്ള സംവിധാനമനുസരിച്ച് ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അമിത ഭാരം പേറി മുതുകൊടിയുകയാണ് ചെറിയ വിദ്യാര്‍ത്ഥികള്‍. എന്നാല്‍ വലുതാകുന്നതിനനുസരിച്ച് തങ്ങള്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങളും മേഖലകളും മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന ആനുകൂല്യമുണ്ട്. അധിക ഭാരമെടുക്കേണ്ടിവരുന്നില്ല.

ചെറുപ്രായത്തിലാണ് മതപഠനത്തിന്‍റെ സാര്‍വത്രിക അവസരമായ മദ്റസാ പഠനം നടക്കുക. സ്കൂള്‍-ട്യൂഷന്‍ സമയക്രമം മൂലം വളരെ കുറഞ്ഞ സമയമാണ് മതപഠനത്തിന് ലഭിക്കുന്നത്. സ്കൂളില്‍ നിന്നും ട്യൂഷന്‍ സെന്‍ററുകളില്‍ നിന്നും നല്‍കപ്പെട്ട ഹോംവര്‍ക്കുകള്‍ ഏറെയായിരിക്കും. വ്യത്യസ്ത വിഷയങ്ങളില്‍ വ്യത്യസ്ത അധ്യാപകര്‍ നല്‍കുന്ന ഇവ ചെയ്തുതീര്‍ക്കാന്‍ തന്നെ പലപ്പോഴും സമയം മതിയാകില്ല. ഇതും മതപഠനത്തിനും പരിശീലനത്തിനും തടസ്സമാകുന്നു.

ഇതിനിടയില്‍ ശ്വാസം മുട്ടുന്നത് സ്വാഭാവികമായും മതപഠനം തന്നെയായിരിക്കും. ഇതു മൂലം ഔപചാരികമായൊരു ചടങ്ങ് എന്ന തലത്തിലേക്ക് മതപഠനം മാറ്റി നിര്‍ത്തപ്പെടുകയാണ്. മക്കള്‍ മതം പഠിച്ചോ എന്ന ചോദ്യത്തിന് അതേയെന്ന് ഉത്തരം നല്‍കാമെങ്കിലും അവര്‍ എന്താണ് പഠിച്ചതെന്ന അന്വേഷണത്തിന് പ്രസക്തിയില്ല. കാരണം പഠനമെന്നൊന്ന് നടക്കുന്നില്ലല്ലോ.

 

സമന്വയ വിദ്യാഭ്യാസം

സമന്വയ വിദ്യാഭ്യാസം എന്ന ആശയം നടപ്പാക്കി മതവിദ്യാഭ്യാസത്തിന് കൂടി പ്രാധാന്യം നല്‍കുന്ന രീതി നമ്മുടെ പണ്ഡിത നേതൃത്വം നടപ്പാക്കിയത് വലിയൊരനുഗ്രഹമാണ്. ഹയര്‍ സെക്കണ്ടറി തലം മുതല്‍ക്കാണ് ആദ്യം ഇത് നടപ്പാക്കിയത്. ആശാവഹമായ ഗുണഫലങ്ങള്‍ അത് വഴി സാധിക്കുകയുണ്ടായി.

കുഞ്ഞിന്‍റെ കളിക്കൊഞ്ചല്‍ പോലും ഇംഗ്ലീഷിലായിയിരിക്കണമെന്ന തലത്തിലേക്ക് സമൂഹത്തിന്‍റെ ഇംഗ്ലീഷ് പ്രേമം വളര്‍ന്നിരിക്കുന്നു. ഗള്‍ഫ് പ്രവാസം കൊണ്ടുണ്ടായ സാമ്പത്തിക ആനുകൂല്യത്തില്‍ സാധാരണക്കാര്‍ക്ക് പോലും മക്കളെ ഇംഗ്ലീഷ് സ്കൂളില്‍ ചേര്‍ക്കാതെ വയ്യെന്നായി. മതപഠനത്തിന് സൗകര്യങ്ങളില്ലാത്ത സ്കൂളുകളിലേക്ക് വെളുപ്പാന്‍ കാലത്തേ യാത്രപുറപ്പെടേണ്ട കുട്ടികള്‍ക്ക് നിലവിലുണ്ടായിരുന്ന മദ്റസാ സൗകര്യം നഷ്ടമായി. ഈ ഘട്ടത്തിലാണ് പ്രീപ്രൈമറി തലം മുതല്‍തന്നെ  സമന്വയ വിദ്യാഭ്യാസത്തെ കുറിച്ച് സമുദായ നേതൃത്വം ആലോചിച്ചത്. പൂര്‍ണമായ പരിഹാരമല്ലെങ്കിലും ഒരു പരിധിവരെ ഫലപ്രദമാണിത്.

വ്യവസ്ഥാപിതമായ കരിക്കുലം, പരീക്ഷ, പരിശീലനം, മൂല്യനിര്‍ണയം തുടങ്ങിയ സംവിധാനങ്ങളെല്ലാം ഏര്‍പ്പെടുത്തി കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള ശ്രമങ്ങളും ഉത്തരവാദപ്പെട്ടവര്‍ നടത്തുന്നുണ്ട്. പക്ഷേ ഉപരി സൂചിപ്പിച്ച പൊങ്ങച്ചം ഇത്തരം സംവിധാനങ്ങളെ ഉപോഗപ്പെടുത്തുന്നതില്‍ നിന്ന് പലരെയും തടയുകയാണ്. സമ്പന്നരോ വിദ്യാഭ്യാസ കുത്തകകളോ നടത്തുന്ന സ്ഥാപനങ്ങളില്‍ കുട്ടികളെ ചേര്‍ത്തി മേനിനടിക്കാനാണവര്‍ക്ക് താല്‍പര്യം. മതപരമായ കാര്യങ്ങള്‍ക്ക് കൂടി പരിഗണനയുള്ള സ്ഥാപനത്തിന്‍റെ പരിസരത്ത് നിന്ന് പോലും സ്വന്തം കുട്ടികളെ മതമില്ലാത്ത സ്കൂളുകളിലേക്ക് കൈ പിടിച്ച് നയിക്കുന്നവരുണ്ട്. ഇത് സമൂഹത്തിന്‍റെ മതപരമായ അപചയത്തെയാണ് സൂചിപ്പിക്കുന്നത്.

കുട്ടികള്‍ കൂടുതല്‍ സമയവും ചെലവിടുന്ന കാമ്പസിന്‍റെ സംസ്കാരം അവരില്‍ മാത്രമല്ല, അവരുടെ കുടുംബത്തിലേക്കും പടരുകയാണ്. അല്ല, പകര്‍ത്തുകയാണ്. ഈ ലക്ഷ്യത്തോടെ വ്യത്യസ്തമായ പ്രോഗ്രാമുകളും ആഘോഷങ്ങളും പാരന്‍റിംഗ് ട്രൈനിംഗുകളും ബോധവല്‍കരണവും സംഘടിപ്പിക്കുകയും കുടുംബത്തെ കാമ്പസിലെത്തിക്കുകയും ചെയ്യുന്നു. നാളിതു വരെ ശീലിച്ചുവന്ന അച്ചടക്ക സംസ്കാരം തകരാന്‍ പിന്നെ അധിക കാലം വേണ്ടിവരില്ല. സ്ത്രീ-പുരുഷന്‍മാര്‍ ഇടകലര്‍ന്നും ഉദാരമായി ആശയ വിനിമയം നടത്തിയും പുതിയൊരു സംസ്കാരം കുടുംബത്തിലേക്ക് ചേക്കേറുന്നു.

പ്രവാസിയോ തിരക്കേറിയ ജീവിത മേഖലയിലുള്ളവനോ ആണ് കുടുംബനാഥനെങ്കില്‍ മിക്കവാറും സ്ത്രീകളായിരിക്കും പകരം ഇവയില്‍ സംബന്ധിക്കുക. മക്കളുടെ പഠന വിഷയത്തില്‍ സ്ഥാപനവുമായും സ്ഥാപനാധികാരികളുമായും സ്കൂള്‍ വാഹന ജീവനക്കാരുമായും ബന്ധപ്പെടുന്നതും ഇവരായിരിക്കും. മാതൃസംഗമങ്ങളില്‍ സംബന്ധിക്കാന്‍ മുഖ്യമായും സ്ത്രീകളെ പ്രേരിപ്പിക്കുന്നത് മക്കളുടെ ഭാവിയോര്‍ത്തുള്ള ആധിയായിരിക്കും. സ്റ്റുഡന്‍റ്സ് ഡയറി പഴയ പോലെ ഇപ്പോള്‍ ഉപയോഗിക്കുന്നതു ചുരുക്കമാണെന്നതിനാല്‍ ആശയ വിനിമയങ്ങളെല്ലാം ഫോണിലൂടെയായിരിക്കുന്നു. മക്കളുടെ പഠന പുരോഗതിയെക്കുറിച്ചുള്ള അധ്യാപക-രക്ഷകര്‍ത്താക്കളുടെ ആശയ വിനിമയത്തിന്‍റെ പ്രസക്തിയെ വില കുറച്ചു കാണുന്നില്ലെങ്കിലും മതപരമായ അച്ചടക്ക പരിധി പരിഗണിക്കാതെ വയ്യല്ലോ.

 

സന്താനങ്ങളുടെ ഭാവി

മക്കളുടെ ശോഭനമായ ഭാവിയാണ് നമ്മെ ഈ കൊണ്ടാട്ടങ്ങള്‍ക്കെല്ലാം നിര്‍ബന്ധിപ്പിക്കുകയും പാകപ്പെടുത്തുകയും ചെയ്യുന്നത്. മതവിദ്യാഭ്യാസവും മതപരമായ അച്ചടക്കവും സംസ്കാരവും ലഭിക്കാതെ മക്കള്‍ വളര്‍ന്നുവന്നാല്‍ അതിന്‍റെ ദുരന്തം നാം തന്നെ വഹിക്കേണ്ടിവരും. അവരുടെ സ്റ്റാറ്റസിന് നിരക്കാത്തവരാണ് നാമെന്നതിനാല്‍ (വാര്‍ധക്യ കാലത്ത് പ്രത്യേകിച്ചും) തിരസ്കരിക്കപ്പെടുന്ന സാഹചര്യം മുന്‍കൂട്ടി കാണേണ്ടിവരും. അന്ന് ഈ പുറന്തള്ളലിന്‍റെ പേരില്‍ അവരെ ആക്ഷേപിച്ചത് കൊണ്ടായില്ല. ദുരിതം നാം വരുത്തിവച്ചതാണെന്ന് ഉള്‍ക്കൊള്ളുക തന്നെ വേണം. കിടപ്പാടം വിറ്റ് മക്കളെ പഠിപ്പിച്ച് വലിയവരാക്കിയവര്‍ തീ തിന്ന് ജീവിക്കുന്നത് അനുഭവമാണ്. അങ്ങനെയൊരു ദുര്യോഗത്തെ വേള്‍ക്കണമോ എന്നാലോചിക്കുക.

സ്റ്റഡി ടൂറുകളും പഠന ക്യാമ്പുകളും വര്‍ധിച്ച അളവില്‍ സ്കൂളുകളിലും കലാലയങ്ങളിലും നടക്കുന്നു. വിദ്യാര്‍ത്ഥികള്‍ മാത്രവും രക്ഷിതാക്കള്‍ ചേര്‍ന്നും ഇത്തരം പരിപാടികളില്‍ സംബന്ധിക്കാറുണ്ട്. നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ പഴി കേള്‍ക്കാനും ദു:ഖിക്കാനും നാം മാത്രമാണുണ്ടാവുകയെന്നോര്‍ക്കണം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഉദാരമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ സ്വാഭാവികതയായിട്ടുണ്ട്. ഇണയും തുണയുമെന്ന പോലെയുള്ള സൗഹൃദങ്ങള്‍ കാമ്പസിന്‍റെ മതില്‍കെട്ടു കടന്ന് തെരുവിലേക്ക് വ്യാപിക്കുന്നതും വഴിയോരക്കാഴ്ചയാണ്. കുട്ടികളല്ലേ, അതൊക്കെ സാരമാക്കാനുണ്ടോ എന്നാണ് ചില രക്ഷിതാക്കളുടെ മനോഗതം. പഴയ കാലമല്ല ഇതെന്ന് ന്യായീകരണവും. സംസ്കാരവും മതബോധവുമുള്ള വിശ്വാസികള്‍ക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാഴ്ചയാണിത്.

മക്കളെ എങ്ങനെയാണ് വളര്‍ത്തേണ്ടതെന്ന് ഇസ്ലാം കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. മനുഷ്യനെ പടച്ച നാഥന്‍ അവനെ കൊണ്ട് ലക്ഷ്യംവച്ചതെന്താണോ അതിനു പറ്റുംവിധമാകണം അവന്‍റെ ജീവിതം. വിശ്വാസി എന്ന വ്യക്തിത്വത്തിന്‍റെ ബാധ്യതകള്‍ പൂര്‍ത്തീകരിക്കാതെ പോകരുത്. അതില്‍ വിമുഖതയും അലംഭാവവും പാടില്ല. ആരെങ്കിലും വരക്കുന്ന വരയിലൂടെയല്ല വിശ്വാസി സഞ്ചരിക്കേണ്ടത്. പ്രപഞ്ചനാഥനും പ്രവാചകരും വരച്ച വരയാണ് വിശ്വാസിയുടെ പാത. അല്ലാഹു പറഞ്ഞു: നിശ്ചയം ഇതാണ് എന്‍റെ മാര്‍ഗം. ആകയാല്‍ അത് നിങ്ങള്‍ പിന്തുടരുക (അല്‍അന്‍ആം: 153).

നമ്മുടെ സന്താനങ്ങളെ എവിടെ പഠിപ്പിക്കണം, എന്ത് പഠിപ്പിക്കണം, എങ്ങനെ പഠിപ്പിക്കണം എന്ന് സത്യവിശ്വാസത്തിന്‍റെ പരിധിയില്‍ നിന്ന് നാമാലോചിക്കണം. മുസ്ലിം സമൂഹത്തിന്‍റെ സത്യാദര്‍ശ സംരക്ഷണത്തിന് മുഖ്യപരിഗണന നല്‍കി പ്രവര്‍ത്തിക്കുന്നവര്‍ ഇന്ന് ധാരാളമുണ്ട്. നാഥന്‍ നമുക്കൊരുക്കിയ സൗകര്യമാണത്. മതപഠനവും മതപരമായ അച്ചടക്കവും ഒരളവോളമെങ്കിലും അതിലൂടെ സന്താനങ്ങള്‍ക്കു പകരാന്‍ നമുക്ക് സാധിക്കും. പൊങ്ങച്ചവും ദിവാസ്വപ്നങ്ങളും അതിമോഹങ്ങളും തല്‍ക്കാലത്തേക്ക് മാറ്റിവച്ച് നമുക്ക് കൂടി ഉപകരിക്കുന്ന മക്കളായി അവര്‍ വളരട്ടെ. അതിന് നാമവരെ അനുവദിക്കുക.

മുസ്ലിം സമുദായത്തിന്‍റെ പരിദേവനം പറഞ്ഞ് നല്ലവരായ ഉദാരമതികളില്‍ നിന്നും വിദേശ രാഷ്ട്രനായകരില്‍ നിന്നടക്കം പണം വാങ്ങിയുണ്ടാക്കിയ സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടില്‍ ഏറെയുണ്ട്. പാവപ്പെട്ടവരെ മറയാക്കി പിരിച്ചെടുത്ത പണം കൊണ്ട് പടുത്തുയര്‍ത്തിയ ഈ സ്ഥാപനങ്ങളില്‍ സീറ്റൊന്നിന് വലിയ കോഴ വാങ്ങി തടിച്ചുകൊഴുത്തവരും സുഖജീവിതം നയിക്കുന്നവരും ഇസ്ലാമിക സംസ്കാരത്തിനും അച്ചടക്കത്തിനുമെതിരെ കലിതുള്ളുന്ന കാഴ്ച നാം കാണുന്നു. അത്തരക്കാര്‍ സമുദായത്തിലെ പരാന്ന ഭോജികളാണ്. സമുദായത്തിന്‍റെ വിദ്യാഭ്യാസാവശ്യം പരിഹരിക്കാന്‍ പ്രസ്തുത സൊസൈറ്റി മതി എന്ന് പറഞ്ഞ് സമുദായത്തെ കൂട്ടിക്കൊടുക്കുന്നവരുമുണ്ട്. നാം പഠിച്ചതും പൈതൃകമായി നമുക്ക് ലഭിച്ചതുമായ വിശ്വാസാദര്‍ശ സംസ്കാരങ്ങളും മൂല്യവിചാരങ്ങളും തകര്‍ത്തു തരിപ്പണമാക്കുന്നതിന് വലവിരിച്ച് കാത്തുനില്‍ക്കുന്നവര്‍ക്ക് തലവച്ചുകൊടുക്കാതിരിക്കാനെങ്കിലും സമുദായം ജാഗ്രത പുലര്‍ത്തണം. മതം പഠിപ്പിക്കാത്ത, പരിശീലിപ്പിക്കാത്ത, മതനിരാസം വളര്‍ത്തുന്നവരും ആത്മീയ നാശം സംഭവിച്ചവരുമായ ഭാവിതലമുറയെയാണ് ഇത്തരക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് തിരിച്ചറിയാന്‍ സമയം വൈകിക്കൂടാ.

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

കുടുംബ ബന്ധത്തിന്റെ വില; വിലാപവും

സാമൂഹിക വ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാപനമാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണവുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.…

● കെഎംഎ റഊഫ് രണ്ടത്താണി

ദാനധര്‍മ്മം; മുസ്‌ലിമിനറെ മുഖമുദ്ര

മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍…