Assam Flood

ഹിമാലയന്‍ താഴ് വരയുടെ ഭാഗത്ത് ആറുസംസ്ഥാനങ്ങളുമായി അതിര് പങ്കിടുന്ന ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗത്തുള്ള സംസ്ഥാനം. രണ്ടേമുക്കാല്‍ കോടി ജനങ്ങള്‍ തിങ്ങി താമസിക്കുന്ന ആസാമില്‍ നാല്പത് ശതമാനവും മുസ്ലിംകളാണ്. ഈ സംസ്ഥാനത്തെ നെടുകെ പിളര്‍ത്തി ഒഴുകുന്ന ബ്രഹ്മപുത്ര നദി ഓരോ വര്‍ഷവും പരിസര പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ വരുത്താറുണ്ട്. 1980കള്‍ക്ക് ശേഷം ആസാം കണ്ട ഏറ്റവും വലിയ ജലപ്രളയമാണ് കഴിഞ്ഞ ജൂലൈ 20ന് ശേഷം ഇവിടുത്തെ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

ബ്രഹ്മപുത്ര ഒഴുകുകയാണ്

ദുരന്തങ്ങള്‍ മാത്രം വിതച്ച് ബ്രഹ്മപുത്ര ആര്‍മാദിക്കുകയാണ്. ജനങ്ങളുടെ താമസസ്ഥലവും കൃഷിയിടവും കയ്യേറി ആറേഴുകിലോമീറ്റര്‍ ഗതിമാറിയാണ് ബ്രഹ്മപുത്രയുടെ ഈ ഓട്ടപ്പാച്ചില്‍. മുപ്പത്തിമൂന്ന് ജില്ലകളില്‍ മുപ്പത് ജില്ലയേയും പ്രളയം കവര്‍ന്നെടുത്തു. പ്രധാനമായും ധൂബ്രി, ധറാംഗ്, നെല്‍ബാരി, ബാര്‍വെട്ട, മോറിഗോണ്‍ തുടങ്ങിയ ജില്ലകളാണ് ദുരന്തഭൂമികളായി അവശേഷിക്കുന്നത്.

കണ്ണുനീരാണിവിടെയെങ്ങും

പോലീസ് സ്റ്റേഷനുകളുടെ ചെരിവുകള്‍, സ്കൂള്‍ വരാന്തകള്‍ റോഡിനിരുവശവും, മണ്‍കൂനകളുടെ കെട്ടുകള്‍, ഇവിടെയൊക്കെ തിങ്ങിഞെരുങ്ങിതാമസിക്കുന്ന ലക്ഷകണക്കിന് ജനങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യങ്ങളില്ല. കിടക്കാന്‍ സ്ഥലമില്ലാത്ത ക്യാമ്പുകള്‍. കറന്‍റില്ല, വെളിച്ചമില്ല, മഴപെയ്തുകൊണ്ടേയിരിക്കുന്നു. ചുറ്റും വെള്ളമുണ്ട്. കുടിവെള്ളമില്ല. കാല്‍മുട്ട് വരെ ആഴ്ന്നുപൂണ്ടുപോവുന്ന ചളിനിറഞ്ഞ റോഡുകള്‍ കിലോമീറ്ററുകളോളം ചില ജനവാസ ഏരിയകളിലേക്ക് എത്തിപ്പെടാന്‍പോലും ദുഷ്കരം. ഇങ്ങോട്ട് സഹായമെത്തിക്കാന്‍പോലും ആരുമില്ല. ഭക്ഷണം പാകം ചെയ്യാന്‍ വിറകും ഗ്യാസുമില്ല. മൂന്ന് നേരത്തേക്കുള്ള ബെന്നും റസ്കും കൊടുത്തുപോരുമ്പോള്‍ പിന്നെയും പിന്നേയും കൈനീട്ടുന്ന ദയനീയ നോട്ടം നോക്കുന്ന ആസാമി ജനതയോട് എന്ത് പറഞ്ഞ് ആശ്വസിപ്പിക്കാന്‍. അവരെ ചേര്‍ത്തുപിടിച്ച് തലകുമ്പിട്ട് തിരിച്ചു പോരുമ്പോള്‍ നാളെ ഇവര്‍ക്ക് ആര് ഭക്ഷണസാധനങ്ങള്‍ എത്തിക്കും? അറിയില്ല. അല്ലാഹുമാത്രം.

മൊരിഗാവ് ജില്ലയില്‍ വാഹനം വന്നുനില്‍ക്കുന്നു. വിശന്നിട്ട് വയ്യാതെ, ശബ്ദിക്കാന്‍പോലുമാവാതെ തളര്‍ന്നിരിക്കുന്ന ഒട്ടനവധിപേര്‍, തിക്കും തിരക്കും കൂട്ടുന്നില്ല. ലഭിക്കുന്നത് സന്തോഷത്തോടെ വാങ്ങികൊണ്ടുപോകുന്നു. വീട് നഷ്ടപെട്ടവര്‍, മക്കളും ഭര്‍ത്താവും വെള്ളപ്പൊക്കത്തില്‍ മരിച്ച് പോയവര്‍, ഉള്ള കൂരയും കൃഷിസ്ഥലവും പ്രളയത്തില്‍ ഒലിച്ച്പോയവര്‍, വരുമാന മാര്‍ഗ്ഗങ്ങളായ കന്നുകാലികള്‍ വെള്ളത്തില്‍ ഒലിച്ചുപോയവര്‍, ഇവര്‍ക്കെന്ത് പകരം നല്‍കാന്‍. മര്‍കസ് കോഡിനേറ്റര്‍ മുഹമ്മദ് അന്‍സാര്‍ മുഈനിയുടെ മുമ്പില്‍ കൈകൂപ്പിനിന്ന് പൊട്ടിക്കരയുന്ന ഹസീന ബീഗമെന്ന വൃദ്ധമാതാവിന്‍റെ കരളലയിക്കുന്ന രംഗം ആരുടെയും കണ്ണ് നനയിക്കും. എന്ത് പറഞ്ഞാണ് ഇവരെ സമാധാനിപ്പിക്കാനാവുക.

വന്യജീവിസംരക്ഷണകേന്ദ്രങ്ങളിലേയും കാടുകളിലേയും മിണ്ടാപ്രാണിജീവികളേയും പ്രളയം വെറുതെ വിട്ടില്ല. മൃഗങ്ങള്‍ ചത്തുകുന്നുകൂടികിടക്കുന്ന ദയനീയ രംഗം. പകര്‍ച്ച വ്യാധിയാണ് ആസാം ജനത കാത്തിരിക്കുന്നത്.

തിരിച്ചുവരാനില്ലാത്ത പാലായനം

ഒരുപാടുപേര്‍ ശുചിത്വമില്ലാതെ, ഉടുവസ്ത്രംമാത്രമായി നില്‍ക്കുന്ന കുടുംബങ്ങള്‍, ത്വയ്ബ ഗാര്‍ഡന്‍ ഡയറക്ടര്‍ സുഹൈറുദ്ദീന്‍ നൂറാനി ചോദിച്ചു വീട് എവിടെയെന്ന്. അവര്‍ ചൂണ്ടിക്കാണിച്ചത് ബ്രഹ്മപുത്രയുടെ നടുവിലേക്കാണ്.

ഓരോ വര്‍ഷവും വീട് വെക്കും. വീടെന്നാല്‍ മുളങ്കാല് നാട്ടി ചെളിപൊത്തി, ഷീറ്റ് മറച്ച കൂരകള്‍, ഓരോ വര്‍ഷവും നദിയെടുക്കും. അതുവരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കൃഷിയും ബ്രഹ്മപുത്ര അപഹരിക്കും. ദൂരെ ദിക്കുകളിലേക്ക് പാലായനം ചെയ്യുന്ന കാഴ്ചകള്‍. വീടും കൃഷിയും വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ട് ഉള്ള ഭാണ്ഡം തോളിലേറ്റി എവിടേക്കാണ് പോകുന്നത് എന്നുപോലുമറിയാതെ കൊച്ചുകൊച്ചു സംഘങ്ങളെ കണ്ടാല്‍ ഹൃദയം പൊട്ടിപ്പോകും. തിരിച്ചുവരാന്‍ പോലും അവര്‍ക്ക് ഇടമില്ല. സര്‍ക്കാര്‍ നല്‍കുന്ന ആഹാരങ്ങളോ സഹായങ്ങളോ ഇവര്‍ക്ക് ലഭിക്കില്ല. കാരണം തിരിച്ചറിയല്‍ കാര്‍ഡുകളോ മറ്റു രേഖകളോ ഇവരുടെ പക്കല്‍ഇല്ല. എല്ലാം ജലം കൊണ്ടുപോയിരിക്കുന്നു.

പ്രളയത്തിന് മുമ്പ് ലഹാരികെട്ട് എന്ന ഗ്രാമം ഇവിടെയുണ്ടായിരുന്നു. അവശിഷ്ടങ്ങള്‍ പോലും ബാക്കിവെക്കാതെ തുടച്ചുനീക്കപ്പെട്ടു. സകലവും നഷ്ടപ്പെട്ട ജനത വിങ്ങിപ്പൊട്ടുകയാണ്. ഇതെല്ലാം കണ്ട ബ്രഹ്മുപത്ര ഒഴുകുകയാണ്. നദിയെ പറഞ്ഞിട്ടുകാര്യമില്ല. അതിനെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടിരിക്കുകയാണ് ആവശ്യമായ സുരക്ഷാമതില്‍ നിര്‍മ്മാണത്തിനും ജനങ്ങളുടെ സുരക്ഷക്കും ഇവിടുത്തെ അധികൃതര്‍ക്ക് താല്പര്യമില്ലാത്ത മട്ടിലാണ് ജനപ്രതിനിധികളുടെ സംസാരത്തില്‍ നിന്ന് ബോധ്യപ്പെടുന്നത്.

മേല്‍വിലാസമില്ലാത്ത ആസാമികള്‍

ചഞഇ (ചമശേീിമഹ ഞലശെറലിര്യ ഇലൃശേളശരമലേ) ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ നല്‍കുന്ന പെര്‍മിഷന്‍ ഇല്ലാത്തവരാണ് ഇവിടുത്തെ വലിയ സമൂഹം. ഞാനും എന്‍റെ സഹോദരനും ഭാര്യയും ഇന്ത്യന്‍ പൗരന്മാരാണ്. മക്കള്‍ക്ക് പൗരത്വമില്ല. കഴിക്കാന്‍ ഭക്ഷണവും ഒരുതുള്ളിവെള്ളംപോലുമില്ലാത്ത ഇന്നാണ് സര്‍ക്കാര്‍ രേഖകള്‍ ശരിപ്പെടുത്താന്‍ വിളിച്ചിരിക്കുന്നത്. ഇന്ന് പോയില്ലെങ്കില്‍ ഇവരുട മെക്കള്‍ നാടുകടത്തപ്പെടും. പരാതികളുടെ കെട്ടഴിക്കപ്പെടുകയാണ് ഇവിടം. പക്ഷെ, ആരോട് പറയാന്‍? ബ്രഹ്മപുത്രക്ക് സമീപം ഗവണ്‍മെന്‍റ് നിര്‍മ്മിച്ച വെള്ളക്കെട്ടിന്‍റെ (മണ്‍ഭിത്തിയില്‍) മുകളില്‍ താമസിക്കുന്ന ഒട്ടനവധിജനങ്ങള്‍. ഷീറ്റ് കൊണ്ട് വലിച്ചുകെട്ടിയ കൂടാരങ്ങള്‍.ഓരോ കൂടാരത്തിലും പത്തും പതിനാറും അംഗങ്ങള്‍. ജോലിയില്ല, ഭക്ഷണമില്ല, വിദ്യാഭ്യാസമില്ല, രേഖകള്‍ ഇല്ല, സര്‍ക്കാര്‍ സഹായങ്ങളില്ല. നരകയാതനയനുഭവിച്ച്, മരിക്കാനായി ജീവിച്ചുതീര്‍ക്കുന്ന സമൂഹം. ഇതൊക്കെ കാണുമ്പോള്‍ പൊട്ടിക്കരയുകയല്ലാതെ നിവൃത്തിയില്ല.

പ്രളയഭൂമിയില്‍ കേരളസംഘം

കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ എസ് വൈ എസ് – ഐപിഎഫ് സംഘം ഡോക്ടര്‍ മുജീബ് റഹ്മാന്‍, ഡോ. നൂറുദ്ധീന്‍ റാസി, ഡോ. അജ്മല്‍, വിദ്യാഭ്യാസ ബോര്‍ഡ് അംഗം കരീം ഹാജി കാരാതോട്, എസ്.എസ്.എഫ്. ഉത്തരേന്ത്യന്‍ നേതൃനിരയിലുള്ള സല്‍മാന്‍ ഖുര്‍ഷിദ് മണിപ്പൂര്‍, മുഈനുദ്ധീന്‍ ത്രിപുര, സാലിക് അഹ്മദ് ലത്വീഫി, ശരീഫ് ബാംഗ്ലൂര്‍, ശുക്കൂര്‍ നൂറാനി എന്നിവര്‍ അടങ്ങുന്ന വലിയ സംഘം ദുരന്തമുഖത്ത് സാന്ത്വന സേവന പ്രവര്‍ത്തനങ്ങളുമായി നിറഞ്ഞുനിന്നു.

അധികവസ്ത്രങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന വേളയില്‍ ഷോപ്പുടമ കേരളക്കാരാണെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതപ്പെടുകയും മതജാതിയുടെ അതിരുകളില്ലാതെ വളണ്ടിയര്‍ സംഘത്തോടൊപ്പം അരികുചേര്‍ന്ന കാഴ്ചകള്‍ അമ്പരിപ്പിക്കുന്നതായി.

മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനുള്ള പെര്‍മിഷന്‍ അഖിലേന്ത്യ വിദ്യാഭ്യാസ ബോര്‍ഡിന്‍റെ പ്രവര്‍ത്തകര്‍ സര്‍ക്കാരില്‍നിന്നും വാങ്ങി. ആവശ്യത്തിനുള്ള മെഡിസിന്‍ ലഭ്യമാവുന്നതിനുള്ള പെര്‍മിഷന്‍ ലെറ്റര്‍ ആസാമിയായ മെഡിക്കല്‍ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട് ആവശ്യമായ മെഡിസിനുകള്‍ ലഭിച്ചു.

നാലു രാവും പകലും വിശ്രമങ്ങള്‍ പേരിനുമാത്രമാക്കി പത്തിലേറെ മെഡിക്കല്‍ ക്യാമ്പുകള്‍ ഐപിഎഫ് ആസാമില്‍ സംഘടിപ്പിച്ചു. നിരവധി ക്യാമ്പുകള്‍, മദ്റകള്‍, മറ്റു സ്ഥലങ്ങളില്‍ ആവശ്യമായ റിലീഫുകള്‍, ഭക്ഷണ കിറ്റുകള്‍, മെഡിസിന്‍ സഹായങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനഫണ്ട് എന്നിവനല്‍കി. കേരള മുസ്ലിം ജമാഅത്താണ് സാമ്പത്തികാവശ്യത്തിനുള്ള ഫണ്ടുകള്‍ ചിലവഴിച്ചത്.

ഹൃദയഭേദകം ഈ കാഴ്ചകള്‍

ഗുവാഹത്തി എയര്‍പോര്‍ട്ടില്‍നിന്നും മണിക്കൂറുകളോളം യാത്രചെയ്ത് നിരവധി ക്യാമ്പുകള്‍ കേരള സംഘം സന്ദര്‍ശിച്ചു. ബോട്ടിലും വള്ളത്തിലും രണ്ടുംമൂന്നും മണിക്കൂര്‍ യാത്രകള്‍. നദിയിലൂടെയും പുഴയിലൂടെയുമല്ല, നാടിനെ നടുക്കിയ ജലപ്രളയത്താല്‍ മൂടപ്പെട്ട ഓരോ ഗ്രാമങ്ങള്‍ക്ക് മുകളിലൂടെയാണീ സഞ്ചാരം. ബില്‍ഡിംഗ് അവശിഷ്ടങ്ങളില്ല കാരണം ചളിയിലും മറ്റു നിര്‍മ്മിച്ച കൂരകളെല്ലാം ജലം ഒലിപ്പിച്ചുകളഞ്ഞല്ലോ.

മെഡിക്കല്‍ ക്യാമ്പ് നടത്തിയ ഒരുപ്രദേശം. ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിട്ട് പോലും ആ നാടിന്‍റെ പേര് കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ലെന്ന് ഡോ. മുജീബ് റഹ്മാന്‍ സാക്ഷ്യപ്പെടുത്തുന്നു. ആ നാട്ടുകാര്‍ ആദ്യമായി ഡോക്ടറെ കാണുകയാണ്. ജീവിതത്തില്‍ ഇതുവരെ മരുന്ന് കഴിക്കാത്തവര്‍. ഇവിടുത്തെ കുട്ടികളുടെ വയര്‍ ഉന്തി, എല്ലുകള്‍ പുറത്തോട്ട് തള്ളി വളര്‍ച്ചയില്ലാത്തവര്‍, നേരത്തിന് ആഹാരം ലഭിക്കാതെ, കിട്ടുന്നതെന്തും തിന്നു. കുടിച്ചും ജീവിക്കുന്നവര്‍. ഇവര്‍ ജീവനോടെയിരിക്കുന്നത് തന്നെ ആശ്ചര്യം.

അറുപത്തിയഞ്ച് പിന്നിട്ട വൃദ്ധന് സ്ട്രോക്ക് ബാധിച്ച്, വായില്‍നിന്ന് നുരവന്ന അവസ്ഥ, ആറുമാസം പിന്നിട്ടിട്ടും ഇതുവരെ ഫസ്റ്റ് എയ്ഡ് പോലും നല്‍കിയിട്ടില്ല. മെഡിസിന്‍ നല്‍കിയാല്‍ മാറാവുന്ന ഇത്തരം അസുഖങ്ങള്‍ക്ക്പോലും ചികിത്സ ഇവിടെ ലഭ്യമല്ല. ആറുമാസത്തേക്കുള്ള മെഡിസിന് സംവിധാനം ചെയ്തു ഐപിഎഫ് ഡോക്ടര്‍ സംഘം.

വളണ്ടിയര്‍ സംഘം ഓരോ കൂരയിലും ചെന്ന് രോഗികളെ കണ്ടെത്തി വേര്‍തിരിച്ച് ഡോക്ടര്‍മാരുടെ അരികിലെത്തിച്ചു. മാനസിക വിഭ്രാന്തിയുള്ളവര്‍, പകര്‍ച്ചവ്യാധി, മഞ്ഞപിത്തം ബാധിച്ചവര്‍ മരുന്ന് എഴുതാന്‍പോലും സമയമില്ലാതെ പരിശോധിച്ച് മെഡിസിന്‍ എടുത്തുകൊടുത്തും സമാധാനിപ്പിച്ചും ഐപിഎഫ് സംഘം സേവന നിരതരായി. ക്യാമ്പ് സന്ദര്‍ശിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ നിലവാരമുള്ള മരുന്ന് കണ്ട് പ്രശംസിച്ചു. ആസാമിലേക്ക് ഇനിയും വരണമെന്ന് അഭ്യര്‍ത്ഥിച്ചു. ചെറിയകുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍വരെ കേരള സംഘത്തെ അനുഭവിച്ചു.

കൂട്ടത്തില്‍ വന്ന ഗര്‍ഭിണിയായ സ്ത്രീ ഇതുവരെ കാത്സ്യത്തിന്‍റെ ഗുളികയോ പോഷകാഹാരമോ കഴിക്കാതെ അവശയായവള്‍. ഇവരുടെയൊക്കെ പ്രസവം നടക്കുന്നത് വീടുകളിലാണ്. വളരെ ബുദ്ധിമുട്ടിയാല്‍ തോളില്‍ തൂക്കിനടന്ന് കിലോമീറ്ററുകളോളം നടന്ന് ആശുപത്രിയിലേക്ക് പോകും. അവിടെ എത്തിയാല്‍ ചികിത്സ ലഭിക്കും. വഴിമദ്ധ്യേ മരണപ്പെടുന്നവരും ഒട്ടേറെയാണ്. ചില കഥകള്‍ കേട്ടാല്‍ മനസ്സ് മരവിച്ച് പോകും.

ഈ പാലം മുസ്ലിം ജമാഅത്ത് വക.

രണ്ട് ഗ്രാമങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തെ പ്രളയം കൊണ്ടുപോയി. ഒരു വൃദ്ധന്‍ അങ്ങകലങ്ങളില്‍നിന്ന് മുളകള്‍കൊണ്ടുവന്ന് ഒരുമിച്ച് കൂട്ടികെട്ടി പാലം നിര്‍മ്മിക്കുന്ന രംഗം. കേരള സംഘം വൃദ്ധനെ സഹായിക്കാന്‍ ഒപ്പം ചേര്‍ന്നു. നിര്‍മ്മാണ ശേഷം മുസ്ഥഫ മാസ്റ്റര്‍ ചോദിച്ചു: ഇതിന് എത്രചിലവായി എന്ന്. അത്രയും തുക ഇത് കേരളത്തിന്‍റെ വകയെന്ന് പറഞ്ഞ കൈമാറിയപ്പോള്‍ അവിടെ ഒരുമിച്ച് കൂടിയ ആസാമികള്‍ കേരള മാതൃകകണ്ട കൈകൂപ്പി നിന്നു.

ആസാമികളോട് പ്രകൃതി മാത്രമല്ല. ഇവിടുത്തെ സംവിധാനങ്ങളും പിണക്കത്തിലാണ്. ഏറെ സങ്കടപ്പെടുത്തുന്നത് 70-80 ശതമാനവും മുസ്ലിം പ്രദേശങ്ങളാണ്. കേരള പ്രസ്ഥാനിക കുടുംബം ആസാമിലെ ജനപ്രതിനിധഇകളുമായി സംസാരിച്ചു. രേഖകള്‍ ഇല്ലാത്തതിന്‍റെ പേരില്‍ എക്കാലവും പിന്തള്ളപ്പെട്ട സമൂഹവുമായി മാറുകയാണിവര്‍.

അഖിലേന്ത്യ വിദ്യാഭ്യാസബോര്‍ഡിന്‍റെ ആസാം ഓഫീസും മദ്റസകളും ഉത്തരേന്ത്യയില്‍ ശക്തമായ എസ്എസ്എഫിന്‍റെ സാന്നിദ്ദ്യവും മര്‍ക്കസ് ത്വയ്ബ ഗാര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളും വരും കാലങ്ങളില്‍ ആസാമിന്‍റെ ഉയര്‍ത്തെഴുന്നേല്പ്പിന് പ്രതീക്ഷയാണ്. ഒരുനാടിന്‍റെ സംസ്കാരത്തിന്‍റെയും വിദ്യാഭ്യാസത്തിന്‍റെയും പുനര്‍നിര്‍മ്മാണത്തിന് ഇവരുടെ നൈരന്തര്യ പ്രവര്‍ത്തനങ്ങള്‍ക്കാവും. ഒലിച്ചുപോയ വീടുകളും ജലമെടുത്ത അമ്പലങ്ങളും പള്ളികളും നിലക്കാതെ പെയ്യുന്ന മഴയത്ത് ആസമികള്‍ നിര്‍മ്മിക്കും. ആസാം ഇനിയും ഹരിതാഭമാകും. നിശബ്ദ വിപ്ലവങ്ങള്‍ക്കായി നമുക്ക് കാതോര്‍ക്കാം. നമുക്ക് ആസമികള്‍ക്കൊപ്പം ചേരാം. അവരുടെ വേദനകള്‍ നമ്മുടെയും വേദനയാണ്.

 

You May Also Like
Abuse of Narcotic

ലഹരിയില്‍ പുകയുന്ന ബാല്യങ്ങള്‍

സമയം രാവിലെ എട്ടു മണി. ഉദിച്ചുയരുന്ന സൂര്യകിരണത്തിനു നന്നേ ചൂട് കുറവ്. ദില്ലിയിലെ ഊടുവഴികളില്‍ തിരക്കേറിവരുന്നു.…

● പിഎസ്കെ മൊയ്തു ബാഖവി മാടവന
Imam Swavi (R)

ഇമാം സ്വാവി(റ)യുടെ ജ്ഞാനാന്വേഷണ ജീവിതം

അല്ലാമാ ഇമാം അഹ്മദുസ്സ്വാവി(റ) ‘സ്വാവി’ എന്ന ചുരുക്കപ്പേരില്‍ നമുക്ക് സുപരിചിതനായ പണ്ഡിതശ്രേഷ്ഠനാണ്. അബുല്‍ അബ്ബാസ് അഹ്മദുസ്സ്വാവീ…

● അലവിക്കുട്ടി ഫൈസി എടക്കര
AP usthad

നല്ല സ്വഭാവമുള്ളവരാണ് നല്ല വിശ്വാസികള്‍

അല്ലാഹുവിന്‍റെ ദീനിന്‍റെ പ്രചാരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് നമ്മള്‍. അതിനാല്‍ തന്നെ ഏറ്റവും നല്ല സ്വഭാവമായിരിക്കണം നമ്മുടേത്.…

● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍