ഇംഗ്ലീഷ് ഭാഷയില്‍ നിഘണ്ടു തയ്യാറാക്കുക വരെ ചെയ്ത കൈപറ്റ ബീരാന്‍ മുസ്‌ലിയാരെ (അപ്രകാശിതം; കൈപറ്റ സ്മരണികയില്‍ നിന്ന്) പോലുള്ള സാത്വിക പണ്ഡിതര്‍ ജീവിച്ചിരുന്ന കാലത്ത് പൊതുവായ ഇംഗ്ലീഷ് പഠനം മതസ്നേഹികള്‍ നിഷിദ്ധമാക്കിയിരുന്നു. അത് ഇംഗ്ലീഷെന്ന സുന്ദരന്‍ ഭാഷയോടുള്ള എതിര്‍പ്പായിരുന്നില്ല. അതുവഴി ബ്രിട്ടീഷുകാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച സാംസ്കാരികാധിനിവേശത്തിനെതിരായുള്ള ധര്‍മസമരമായിരുന്നു.
സാംസ്കാരികാധിനിവേശത്തിന്റെ നല്ലൊരുപാധിയാണ് ഭാഷയെന്നതില്‍ ബുദ്ധിയുള്ളവര്‍ക്ക് സംശയമുണ്ടാവില്ല. ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇത് ബോധ്യമാക്കാം. മൂന്നു വയസ്സുള്ള ഒരു കുട്ടി ഇസ്‌ലാമിക പശ്ചാത്തലം പ്രതിഫലിക്കുന്ന ഗൃഹാന്തരീക്ഷത്തിലാണ് വളരുന്നതെങ്കില്‍ വല്ല അപകടമോ ഭയമോ സംഭവിക്കുമ്പോള്‍ അല്ലാഹ് എന്നോ ബദ്രീങ്ങളേ എന്നൊക്കെയാണ് വിളിക്കുക. ഇതേ കുട്ടി ഒരു ഇതര മതക്കാരി ടീച്ചറായുള്ള അംഗനവാടി പഠിതാവാണെങ്കിലോ? തീര്‍ച്ചയായും വിളിയുടെ രീതി മാറിയിട്ടുണ്ടാവും. ഭാഷയും സംസ്കാരവും ഒന്നിച്ചു മാറുന്നതാണിത്.
ഈ ഘട്ടം കഴിഞ്ഞപ്പോള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മതപണ്ഡിതര്‍ പ്രോത്സാഹനം നല്‍കിത്തുടങ്ങി. നിരവധി ഭൗതിക സ്ഥാപനങ്ങള്‍ അവരുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്നു. ക്രൈസ്തവരെപ്പോലുള്ളവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ വ്യാപകമായാരംഭിച്ചപ്പോള്‍, നാമും ആ രംഗത്ത് ശ്രദ്ധ പതിപ്പിക്കേണ്ടിവന്നു. കാരണങ്ങള്‍ പലതും പറയാമെങ്കിലും മുസ്‌ലിം കുട്ടികളുടെ മതവിശ്വാസവും സംസ്കാരവും സംരക്ഷിക്കാനായിരുന്നു ഈ യത്നം. കാശ്മീര്‍ പോലുള്ള മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ തന്നെ നിരവധി ക്രൈസ്തവ ഇംഗ്ലീഷ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിനു പിന്നിലെ അജണ്ട അത്രയങ്ങ് രഹസ്യമല്ലല്ലോ.
സ്വത്വം നിലനിര്‍ത്താനുള്ള ഈ പരക്കംപാച്ചിലില്‍ വലിയ കീറാമുട്ടിയായത് മതപഠനമാണ്. പതിവുരീതിയിലുള്ള മദ്റസാ പഠനം ഇതോടെ പ്രയാസമായിത്തീര്‍ന്നു. ഇതോടെ ബദല്‍ സംവിധാനമായാണ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ വെച്ചുതന്നെ മതപഠന സൗകര്യമേര്‍പ്പെടുത്തേണ്ടി വന്നത്.
പാരമ്പര്യ മദ്റസകളെപ്പോലെ അധ്യാപനത്തിന് വിശാലമായ സമയം ലഭിക്കാതായതാണ് ഇതിന്റെ ഒന്നാമത്തെ പരിമിതി. വെട്ടിക്കുറച്ച സിലബസ് സംവിധാനിച്ചാണ് ഈ പ്രയാസം നാം തരണം ചെയ്തത്. ലീവ്പോലും മതത്തെ ബാധിച്ച അവസ്ഥയുണ്ടായത് ദ്വിതീയ പ്രശ്നം. വെള്ളി പ്രവര്‍ത്തി ദിനമായപ്പോള്‍ വിദ്യാര്‍ത്ഥി മനസ്സില്‍ ഞായറിനു സ്ഥാനമേറി. ഞായര്‍ ഓര്‍ക്കുമ്പോള്‍ അവന് സന്തോഷം തോന്നുന്ന അവസ്ഥയുണ്ടായി. നോമ്പും പെരുന്നാളും കേവലം ചടങ്ങുകളായെങ്കില്‍, ഓണവും ക്രിസ്തുമസ്സും പ്രധാന ആഘോഷങ്ങളായി ഇളം മനസ്സുകള്‍ സ്വാധീനിച്ചു. അധ്യാപകരുടെ മതശീലുകള്‍ക്കനുസരിച്ച് ഓണപ്പൂക്കളവും മാവേലിയും ഉണ്ണിയേശുവും പുല്‍ക്കൂടുമൊക്കെ സംവിധാനിച്ച് കുട്ടികള്‍ ഇതര ആരാധനകളില്‍ പങ്കുകൊണ്ടു.
ഇംഗ്ലീഷ് മീഡിയം മതപരിശീലനത്തിന് നേരിട്ട മൂന്നാമത്തെ പ്രശ്നം, അത് കേവലം സിലബസ് പഠനമായിത്തീര്‍ന്നതാണ്. ഓരോ ക്ലാസിലെയും പരീക്ഷ തീരുമ്പോള്‍ അതിലെ പുസ്തകങ്ങള്‍ എപ്രകാരം അവഗണിക്കുന്നുവോ അതേ പ്രകാരം തന്നെ മതപഠന ഗ്രന്ഥങ്ങളും ഖുര്‍ആനും അവര്‍  കൈകാര്യം ചെയ്തു. രണ്ടും ഒന്നിച്ചു ചേര്‍ത്ത് പലരും തൂക്കിവിറ്റു. ടൈഗര്‍പോയം പരീക്ഷ ജയിക്കാന്‍ ആവശ്യമായി വരുന്നതുപോലെ, അത്ര തന്നെ പ്രാധാന്യമില്ലാത്ത(?) മദ്റസാ പരീക്ഷ വിജയിക്കാനുള്ള കാര്യമായി സബ്ബിഹിസ്മയും കര്‍മശാസ്ത്ര നിയമങ്ങളും പരിണമിച്ചു. പ്രധാന വിഷയം ഭൗതികം തന്നെയാണെന്ന് പറയാന്‍ മതാധ്യാപകര്‍ പോലും നിര്‍ബന്ധിതരായത് പലയിടങ്ങളിലെയും വലിയ ദുര്യോഗം.
മതപഠനം കാര്യമായി ശ്രദ്ധിച്ചതിന് പലയിടങ്ങളില്‍ പ്രിന്‍സിപ്പാള്‍ സാറും മാത്സ്മാഡവും ഉസ്താദുമാരെ വഴക്കുപറഞ്ഞു! വല്ലാത്ത ഗുലുമാല് തന്നെ. അതുകൊണ്ടുതന്നെ മതപഠനാധ്യാപകര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം കിട ജീവനക്കാരായി ഓച്ഛാനിച്ചു കഴിയേണ്ടിവന്നു. തിരിഞ്ഞും മറിഞ്ഞും ഒളിച്ചുകളി ജീവിതം അവര്‍ തെരഞ്ഞെടുത്തത് ഇതിന്റെ അനന്തരഫലം. ശമ്പള സ്കെയിലില്‍ വരെയും കടുത്ത അവഗണന നേരിടേണ്ടി വരുന്നതിനു പുറമെ, അധ്യാപനത്തില്‍ ഒരു സ്വാതന്ത്ര്യവുമില്ലാത്തതിന്റെ വിമ്മിട്ടവും അവരെ സ്വാധീനിച്ചുവെന്നത് ചില്ലറ ദുര്യോഗമൊന്നുമല്ലല്ലോ.
നിശ്ചിത സമയം സ്കൂള്‍ പഠനം. അമുസ്‌ലിം വിദ്യാര്‍ത്ഥികളും സ്കൂള്‍ അധ്യാപകരും പിരിഞ്ഞ ശേഷം പൂര്‍ണമായി മദ്റസാ പഠനം എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വം സ്കൂളുകളാണ് മുന്‍ പറഞ്ഞ പ്രശ്നങ്ങളില്‍ ചിലതില്‍ നിന്നെങ്കിലും രക്ഷപ്പെട്ടിട്ടുള്ളത്. ഇവയിലും വിദ്യാര്‍ത്ഥികള്‍ ഏറെ ക്ഷീണിച്ചവശരായിരിക്കുന്ന ഉച്ചയുടെ ശേഷമാണ് മദ്റസക്ക് സമയം ലഭിക്കാറുള്ളതെന്ന് ഓര്‍ക്കുക. “ഇങ്ങനെയൊക്കെ വുളൂഅ് മുറിയുന്നത് ശ്രദ്ധിച്ചുകൊണ്ടുള്ള’ റെഡിമെയ്ഡ് മതപഠനം വ്യാപകമായതിനാല്‍, മനസ്സിലോ ജീവിതരീതികളിലോ ഇസ്‌ലാം കടന്നുവരാത്ത ടീനേജുകാര്‍ കേരളത്തില്‍ രൂപപ്പെട്ടു വന്നിരിക്കുന്നു.
അത്തഹിയ്യാത്ത് ശരിക്കറിയാത്ത, തജ്വീദ് നിയമങ്ങള്‍ പാലിക്കാത്ത, നിസ്കാരം ശീലമില്ലാത്ത, മമ്മിയെയും ഡാഡിയെയും ആദരിക്കാത്ത, അമ്മായിയും എളേമ്മയും വംശനാശം നേരിട്ട് ആന്‍റിയും മേമയും കുടിയേറിയ, മുത്ത് റസൂല്‍(സ്വ)യുടെ മാതാപിതാക്കളെ കുറിച്ച് കണ്‍ഫ്യൂഷന്‍ നേരിടുമ്പോള്‍ തന്നെ ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യാമാതാവിനെയും പിതാവിനെയും അറിയുന്ന, ഇങ്ങനെ പലവിധത്തില്‍ മതം നശിച്ച കൗമാരക്കാരെ ന്യൂ ജനറേഷന്‍ ഇംഗ്ലീഷ് മീഡിയം മക്കള്‍ എന്നു പറയാം. ചുരുക്കിയെഴുതിയാല്‍ സാംസ്കാരിക ഇറച്ചിക്കോഴികള്‍!
ഈ കഴിഞ്ഞ റമളാനില്‍ തന്നെ അതിന്റെ അനുരണം കേരളത്തില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. വൃദ്ധരും മധ്യവയസ്കരും യുവാക്കളും സമൃദ്ധമായിരുന്നു പള്ളികളിലും ദീനീ സദസ്സുകളിലും. പക്ഷേ, 14-17 വയസ്സുകാരുടെ ശൂന്യത ശരിക്കും ദൃശ്യമായി. മുമ്പൊക്കെ നോമ്പുതുറക്കും തറാവീഹിനും കണ്ടുവന്നിരുന്ന ആവേശക്കുട്ടികള്‍ കാണാക്കാഴ്ചകളായി! ഇനി ഇവര്‍ വളരും; കുറച്ചുകൂടി മതത്തില്‍ നിന്ന് അകന്ന ഇവരുടെ പിന്‍മുറക്കാര്‍ പിറക്കും. അങ്ങനെയങ്ങനെ മുസ്‌ലിം ഷണ്ഡന്‍മാര്‍ വ്യാപിക്കും. “ഇംഗ്ലീഷ് കുട്ട്യേളെ പള്ളീ കണ്ട്ക്കാ’ എന്ന് ഇപ്പോള്‍ തന്നെ ചോദിക്കാമെങ്കില്‍ അന്നത്തേക്കായൊരു പുതിയ ചോദ്യം നമുക്ക് കണ്ടുപിടിച്ചുവെക്കാം.

You May Also Like

ശൈഖ് റൂമി(റ)യുടെ സഞ്ചാരം, ഗുരുക്കള്‍, കവിതകള്‍

ശൈഖ് ജലാലുദ്ദീന്‍ റൂമി(റ)യെപ്പോലെ ആധുനികര്‍ക്കും സ്വീകാര്യനായ മറ്റൊരു വലിയ്യില്ല. ഇസ്‌ലാമിക ലോകത്തു മാത്രമല്ല, പാശ്ചാത്യ ലോകത്തും…

ദര്‍വീശ്: പ്രണയശുദ്ധതയുടെ വാതില്‍ മുട്ടുന്നവര്‍

ഇശ്ഖ്, അഖ്ല്‍, അമല്‍, ഫഖ്ര്‍പ്രണയം, ചിന്ത, കര്‍മം, പരിത്യാഗം എന്നീ നാല് നിബന്ധനകളെ ആഴത്തിലറിഞ്ഞ്, അനുഷ്ഠിച്ച്…

ഗോവിന്ദ ചാമി ഓര്‍മപ്പെടുത്തുന്നത്

ഗോവിന്ദചാമിയുടെ വധശിക്ഷ ഹൈക്കോടതി ശതിവച്ചതോടെ മറന്നു തുടങ്ങിയ സൗമ്യ വധക്കേസ് വീണ്ടും മലയാളി മനസ്സിനെ നൊമ്പരപ്പെടുത്തുകയുണ്ടായി.…