Ibnu Jabir ANdulusi R

രിത്രത്തില്‍ ഇടം നേടിയ പ്രവാചക പ്രകീര്‍ത്തകരില്‍ വേറിട്ട വ്യക്തിത്വമാണ് ഇബ്നുജാബിര്‍ അന്ദുലിസി(റ). ഹിജ്റ 698 (ക്രിസ്താബ്ദം 1298)ല്‍ സ്പെയിനിലെ അല്‍മേറിയയില്‍ ജനിച്ച അദ്ദേഹം ഹിജ്റ 780(ക്രിസ്താബ്ദം 1378)ല്‍ അന്‍ഡോറയിലാണ് വഫാത്താകുന്നത്. ശര്‍ഹു അല്‍ഫിയ്യതിബ്നി മാലിക്, ശര്‍ഹു അല്‍ഫിയ്യതിബ്നി മുഅ്ത്വി, അല്‍ഐന്‍ ഫീ മദ്ഹി സയ്യിദില്‍ കൗനൈന്‍, അല്‍ഹുല്ലതുസ്സിയറാ ഫീ മദ്ഹി ഖൈറില്‍ വറാ, നള്മു കിഫായതില്‍ മുതഹഫിള്, ഗാലതുല്‍ മറാ ഫീ തസ്ലീസില്‍ കലാം, അല്‍മഖ്സ്വദുസ്സ്വാലിഹ് ഫീ മദ്ഹില്‍ മലികിസ്സ്വാലിഹ്, ഖസ്സീദ മീമിയ്യ തുടങ്ങിയവയെല്ലാം ഇബ്നുജാബിറിന്‍റെ വിശ്രുത കൃതികളാണ് (അല്‍അഅ്ലാം-സര്‍കലി 5/328).

തിരുനബി പ്രകീര്‍ത്തനങ്ങളില്‍ വേറിട്ട ശൈലിയാണ് ഇബ്നു ജാബിര്‍(റ)ന്‍റേത്. അത്ഭുതം ജനിപ്പിക്കുന്ന ആ അവതരണ രീതി ശ്രദ്ധേയമാണ്. വിശുദ്ധ ഖുര്‍ആനിലെ മുഴുവന്‍ സൂറത്തുകളുടെയും പേരുകള്‍ ഉപയോഗിച്ച് അദ്ദേഹം എഴുതിയ പ്രവാചക പ്രകീര്‍ത്തനം തന്നെ ഉദാഹരണം. വശ്യസുന്ദരമായ വരികളിലൂടെ തിരുനബി(സ്വ)യുടെ സ്വഭാവ മാഹാത്മ്യം അനിതര സാധാരണ ശൈലിയില്‍ അവതരിപ്പിക്കുന്നതില്‍ കവി പൂര്‍ണാര്‍ത്ഥത്തില്‍ വിജയിച്ചിട്ടുണ്ട്. ഹൃദയത്തിന്‍റെ ചുണ്ട് കൊണ്ട് മുത്ത് നബി(സ്വ)യെ മുത്തുന്ന അനുഭവം വരികളില്‍ പ്രകടമാണ്. പ്രവാചക പ്രണയ ഗീതങ്ങളിലെ അകച്ചന്തവും പുറച്ചമയവും സമഞ്ജസമായി സമ്മേളിച്ച അനുഭവം ഇബ്നു ജാബിര്‍(റ)ന്‍റെ വരികളില്‍ വിരിയുന്നു. നബിയനുരാഗത്തിന്‍റെ സാഗരം തീര്‍ക്കാന്‍ അദ്ദേഹം ഉപയോഗിച്ച പദവും പദവിന്യാസവുമാണ് ധൈഷണിക ലോകത്ത് അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കുന്നത്.

ഇതര പ്രവാചകാനുരാഗ കാവ്യങ്ങളില്‍ നിന്ന് ഈ കവിതയെ വ്യത്യാസപ്പെടുത്തുന്നത് അതിലുടനീളമുള്ള അതിശയകരമായ പദവിന്യാസം തന്നെ. അതിനിപുണമായ ഈ ചേര്‍ത്തുവെപ്പ് മഹാന്‍റെ കവിതയെ അനശ്വര സാഹിത്യമാക്കി മാറ്റിയിരിക്കുന്നു. ദ്വയാര്‍ത്ഥവും ത്രയാര്‍ത്ഥവുമുള്ള വാക്കുകളുടെ ഉപയോഗം വ്യാഖ്യാന സാധ്യതകളുടെ പര്‍വം തീര്‍ക്കുകയും ചെയ്യുന്നു.

എല്ലാ പരിഗണനീയ പ്രസ്താവനകളുടെയും തുടക്കം (ഫാതിഹ) തിരുനബി(സ്വ)യെ പ്രശംസിച്ചാകണമെന്ന ഓര്‍മപ്പെടുത്തല്‍ കൊണ്ടാണ് കവി തന്‍റെ ലക്ഷ്യത്തിന് നാന്ദി കുറിക്കുന്നത് ഫാതിഹ എന്ന പദത്തിന് ശേഷം നിരന്തരമായി അല്‍ബഖറ, ആലു ഇംറാന്‍, നിസാഅ്, മാഇദ, അന്‍ആം, അഅ്റാഫ്, അന്‍ഫാല്‍, തൗബ, യൂനുസ്, ഹൂദ്, യൂസുഫ്, റഅ്ദ് തുടങ്ങിയ മുഴുവന്‍ സൂറത്തുകളുടെ പേരും ക്രമപ്രകാരം വ്യത്യസ്തമായ ആശയങ്ങളില്‍ വിന്യസിച്ചിരിക്കുന്നു.

ബനൂഇസ്റാഈല്യരില്‍ (ആലു ഇംറാന്‍) നേരത്തെ തന്നെ അവിടുത്തെ നിയോഗത്തെ കുറിച്ചുള്ള വാര്‍ത്ത പ്രചരിച്ചിട്ടുണ്ടെന്ന കവിയുടെ പ്രസ്താവന റസൂല്‍(സ്വ)യെക്കുറിച്ചുള്ള പൂര്‍വവേദങ്ങളിലെ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നതാണ്. മര്‍യമിന്‍റെ പുത്രന്‍ ഈസാ പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. ഇസ്റാഈല്‍ സന്തതികളേ, എനിക്ക് മുമ്പുള്ള തൗറാത്തിനെ സത്യമാക്കുന്നവനായും എനിക്ക് ശേഷം വരുന്ന അഹ്മദ് എന്ന് പേരുള്ള ഒരു പ്രവാചകനെക്കുറിച്ച് സന്തോഷ വാര്‍ത്ത അറിയിക്കുന്നവനായും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ ദൂതനായി അയക്കപ്പെട്ടവനാണ് ഞാന്‍ (സ്വഫ്ഫ്/ 6) എന്ന സൂക്തവും യോഹന്നാന്‍ സുവിശേഷത്തിലെയും ആവര്‍ത്തന പുസ്തകത്തിലെയും പരാമര്‍ശങ്ങളും വ്യക്തമാക്കുന്ന തിരുനബി മാഹാത്മ്യത്തിലേക്കാണ് കവി സൂചന നല്‍കുന്നത്. ബനൂഇസ്റാഈല്യരിലെ എല്ലാവരും ഈ സംഗതി അറിഞ്ഞിട്ടുണ്ടെന്ന് പറയുന്നതിന് പകരം മുഴുവന്‍ പുരുഷന്മാരും സ്ത്രീകളും (നിസാഅ്) ഇക്കാര്യം വ്യക്തമായി അറിഞ്ഞിട്ടുണ്ടെന്ന കവിയുടെ വാക്കുകള്‍ മുഹമ്മദ്(സ്വ) അവരെല്ലാവരും കാത്തിരുന്ന പ്രവാചകനാണെന്ന യാഥാര്‍ത്ഥ്യം ആവര്‍ത്തിച്ച് പറയുന്നതോടൊപ്പം നിസാഅ് എന്ന സൂറത്തിന്‍റെ നാമം കവിതയിലുള്‍പ്പെടുത്താന്‍ കൂടിയാണ്.

പൂര്‍വ വേദങ്ങളില്‍ വരെ പരാമര്‍ശിക്കപ്പെട്ട തിരുനബി(സ്വ)യുടെ പ്രവര്‍ത്തന മേഖലയിലേക്കാണ് ശേഷം കവി വായനക്കാരെ ക്ഷണിക്കുന്നത്. അവിടുന്ന് എല്ലാവര്‍ക്കും വേണ്ടി ഭക്ഷണത്തളിക (മാഇദ) നീട്ടിയെന്ന പ്രസ്താവന അവിടുത്തെ പ്രവാചകത്വം സര്‍വരിലേക്കുമാണെന്ന് സൂചിപ്പിക്കുന്നു. അത് മൃഗങ്ങള്‍ക്ക് (അന്‍ആം) മാത്രമുള്ളതല്ലെന്ന പ്രയോഗം പ്രസ്തുത ആശയത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. താങ്കളെ മുഴുവന്‍ ലോകര്‍ക്കും കാരുണ്യമായാണ് നാം അയച്ചത് (2/107) എന്ന ഖുര്‍ആനിക സൂക്തത്തിലേക്ക് കൂടി സൂചനയാണത്. പ്രവാചകാനുരാഗം പതഞ്ഞുപൊങ്ങുന്ന വരികളും വര്‍ണനകളും നല്‍കാനുള്ള കവിയുടെ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ പലയിടങ്ങളിലും കാണാവുന്നതാണ്.

‘ഖദ് അഫ്ലഹന്നാസ്’ എന്നു തുടങ്ങുന്ന വരി വിശുദ്ധ ഖുര്‍ആനിന്‍റെ ദിവ്യ പ്രകാശത്തിലേക്ക് വെളിച്ചം വിതറുന്നതത്രെ. വര്‍ണനകള്‍ക്ക് വഴങ്ങാത്ത വിസ്മയവും അനുവാചകന് അനിര്‍വചനീയമായ അനുഭൂതി പകരുകയും ചെയ്യുന്ന വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ വ്യക്തിത്വം വിശ്വാസി മനസ്സുകളില്‍ കുടിയിരിക്കേണ്ടത് തന്നെയാണെന്ന് പറയാനാണ് ശേഷം കവി തുനിയുന്നത്. തിരുനബി(സ്വ)യെ മഹത്ത്വപ്പെടുത്താന്‍ അവിടുത്തെ ശ്രേഷ്ഠത വര്‍ധിപ്പിക്കുന്ന ഓരോരോ കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രകീര്‍ത്തനങ്ങള്‍ക്കും പൂര്‍ണാര്‍ത്ഥത്തില്‍ അനാവരണം ചെയ്യാനാവാത്ത സവിശേഷ വ്യക്തിത്വത്തിനുടമയാണ് നമ്മുടെ നബി(സ്വ)യെന്ന വാസ്തവം തുറന്ന് പറയാനാണ് കവിക്ക് കൂടുതല്‍ ഇഷ്ടം.

പ്രഗത്ഭരായ കവികള്‍ (ശുഅറാഅ്) പോലും വിശുദ്ധ ഖുര്‍ആനിന് മുന്നില്‍ അശക്തരായിരുന്നുവെന്ന പ്രസ്താവവും വിശുദ്ധ ഖുര്‍ആനിന്‍റെ സാഹിത്യവിസ്മയവും ഉരച്ചുമിനുക്കിയ രത്നക്കല്ലുകള്‍ ഹാരത്തില്‍ കോര്‍ത്തിണക്കിയതു പോലെ ആദ്യാന്തം ചെത്തിയുരച്ചു പാകപ്പെടുത്തിപ്പോള്‍ നിറഞ്ഞ ഖുര്‍ആനിക മാസ്മരികതയും വ്യക്തമാക്കുന്നതോടൊപ്പം അതിന് വേണ്ടിയെല്ലാം അല്ലാഹു തിരഞ്ഞെടുത്ത തിരുനബി(സ്വ)യുടെ ഔന്നത്യം സ്പഷ്ടമാക്കുക കൂടി ചെയ്യുന്നുണ്ട്.

ചിലന്തി(അന്‍കബൂത്) വല കെട്ടിയ ചരിത്രമുറങ്ങുന്ന ഖുര്‍ആന്‍ എന്ന പരാമര്‍ശം പ്രവാചക പ്രേമി അബൂബക്കര്‍(റ) തിരുനബി(സ്വ)യോട് പ്രകടിപ്പിച്ച സ്നേഹവശ്യതയുടെ ഖുര്‍ആനിക വിശകലനത്തെ (തൗബ: 40) സൂചിപ്പിക്കുന്നതാണ്. പിഴുതെറിയാന്‍ സാധിക്കാത്തവിധം വിശ്വാസികളുടെ മനസ്സിന്‍റെ അകത്തളങ്ങളില്‍ പ്രവാചക പ്രണയം രൂഢമൂലമായിക്കിടക്കണമെന്ന സന്ദേശവും പ്രസ്തുത വരികളിലുണ്ട്. തന്‍റെ ജീവന്‍ പണയപ്പെടുത്തി ഹിറാ ഗുഹയില്‍ സര്‍പ്പത്തിന്‍റെ ഉപദ്രവം സഹിക്കാന്‍ തയ്യാറായ അബൂബക്കര്‍(റ)വിനെ മാതൃകയാക്കി വിശ്വാസികള്‍ പ്രണയത്തെ പരുവപ്പെടുത്തണമെന്നാണ് കവിയുടെ ആഗ്രഹം.

യുദ്ധങ്ങളില്‍ മലക്കുകള്‍ ഒറ്റക്കെട്ടായി സഹായത്തിനിറങ്ങിയത് തിരുനബി(സ്വ)യോടുള്ള അല്ലാഹുവിന്‍റെ അതിരറ്റ സ്നേഹം മൂലമാണെന്നും അവന്‍റെ മഹ്ബൂബിന് ഏത് വിധത്തിലുള്ള സഹായം നല്‍കാനും അവര്‍ തയ്യാറാണെന്നും ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് ശേഷമുള്ള വരികളില്‍ നിറയുന്നത്. ഒരു സൃഷ്ടിയോട് സ്രഷ്ടാവ് തന്നെ ഇത്രയധികം സ്നേഹം കാണിക്കുമ്പോള്‍ അശരണരുടെ അത്താണിയായ മുത്ത് നബി(സ്വ)യോട് വിശ്വാസികള്‍ക്ക് എത്രമാത്രം പ്രേമമുണ്ടാകണമെന്ന ചിന്ത കൈമാറാനും കവി ശ്രമിക്കുന്നുണ്ട്.

‘ഫില്‍ ഹശ്രി യൗമംതിഹാനില്‍ ഖല്‍ഖി’ എന്ന് തുടങ്ങുന്ന വരികളില്‍ തിരുനബി(സ്വ)യോട് പ്രണയം തോന്നാന്‍ നിമിത്തമാകുന്ന കാര്യങ്ങള്‍ ചെറുതല്ലെന്നും ഖിയാമത് നാളിലെ പ്രതിസന്ധി തരണം ചെയ്യാന്‍ നബി(സ്വ) തന്നെ വേണമെന്നും ഉണര്‍ത്തി വിശ്വാസികളില്‍ പ്രണയത്തിന്‍റെ കുളിര് പകരുകയാണ് കവി. ജനങ്ങള്‍ എന്നെ സമീപിക്കുമ്പോള്‍ ഞാന്‍ അല്ലാഹുവിന്‍റെ മുന്നില്‍ സുജൂദില്‍ വീഴുകയും ഒരുപാട് സമയം സജൂദില്‍ കിടക്കുകയും ചെയ്യും. അപ്പോള്‍ അല്ലാഹു എന്നോട് പറയും: ‘തലയുയര്‍ത്തൂ, ചോദിക്കൂ, നല്‍കാം. പറഞ്ഞോളൂ, സ്വീകരിക്കാം. ശിപാര്‍ശ ചെയ്തോളൂ, ഞാന്‍ സ്വീകരിക്കാം.’ അപ്പോള്‍ ഞാന്‍ തലയുയര്‍ത്തുകയും എന്നിട്ട് റബ്ബിനെ സ്തുതിക്കുകയും ശേഷം ഞാന്‍ ശിപാര്‍ശ നടത്തുകയും ചെയ്യും. പിന്നീട് നരകവാസികളെ ഞാന്‍ രക്ഷപ്പെടുത്തി സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. വീണ്ടും ഞാന്‍ തിരികെയെത്തി സുജൂദില്‍ തുടരും. മൂന്നാം തവണയും നാലാം തവണയും ഇതാവര്‍ത്തിക്കും. ശാശ്വതമായി നരകത്തില്‍ കിടക്കാന്‍ വിധിക്കപ്പെട്ടവരൊഴികെ മറ്റാരും നരകത്തില്‍ അവശേഷിക്കാത്ത സാഹചര്യം വരെ ഞാനതു തുടര്‍ന്നുകൊണ്ടിരിക്കും (സ്വഹീഹുല്‍ ബുഖാരി 6080) എന്ന ഹദീസിന്‍റെ അകക്കാമ്പ് കവിതയില്‍പ്പെടുത്തി അനുരാഗിയുടെ പ്രണയ തീവ്രത വര്‍ധിപ്പിക്കലാണ് കവിയുടെ ഉദ്ദേശ്യം. കേവലമായ അനുരാഗത്തിനപ്പുറം പ്രേമഭാജനത്തോടുള്ള സ്നേഹ നിദാനങ്ങള്‍ തുറന്നു പറഞ്ഞാണ് കവിത പ്രവഹിക്കുന്നത്. അവതരണ രീതി മാത്രമല്ല, വിഷയങ്ങളുടെ വൈവിധ്യവും അനുരാഗത്തിന്‍റെ മൂര്‍ച്ച കൂട്ടുന്ന ശൈലിയും കവിതയിലുടനീളം ദൃശ്യമാണെന്നതിനുള്ള ഉദാഹരണം കൂടിയാണിത്.

കരങ്ങളില്‍ കിടന്ന് ചരല്‍ക്കല്ലുകള്‍ തസ്ബീഹ് ചൊല്ലിയ വ്യക്തിത്വമെന്ന കവിയുടെ വര്‍ണന അനസ്(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവമാണ് വ്യക്തമാക്കുന്നത്. ‘തിരുനബി(സ്വ) ഒരുപിടി കല്ലുകളെടുത്തു. ഉടനെ അവിടുത്തെ കരങ്ങളില്‍ കിടന്ന് അവ തസ്ബീഹ് ചൊല്ലി. അവയുടെ തസ്ബീഹിന്‍റെ ശബ്ദം ഞങ്ങള്‍ കേട്ടിരുന്നു. ശേഷം നബി(സ്വ) അവ സിദ്ദീഖ്(റ)വിന്‍റെ കൈകളിലിട്ടു. അപ്പോഴുമവ തസ്ബീഹ് ചൊല്ലുകയായിരുന്നു. ശേഷം ഞങ്ങളുടെ കൈകളില്‍ തന്നു. അപ്പോള്‍ അവ തസ്ബീഹ് ചൊല്ലുന്നില്ല (ശിഫാ /430). ഭക്ഷണത്തിന്‍റെ തസ്ബീഹ് (ബുഖാരി 3314), വിഷം കലര്‍ത്തിയ കുറകിന്‍റെ സംസാരം (അല്‍ബിദായ വന്നിഹായ 4/208), രണ്ട് മരങ്ങളുടെ തിരുസവിധത്തിലേക്കുള്ള വരവ് (മുസ്ലിം 5328), കൈവിരലുകള്‍ക്കിടയില്‍ നിന്ന് ജലാഗമനം (മുസ്ലിം 4226) തുടങ്ങിയ തിരുനബി(സ്വ)യുടെ അമാനുഷിക സംഭവങ്ങളിലേക്കുള്ള സൂചനയാണ് കവിയുടെ ചരല്‍ക്കല്ല് തസ്ബീഹ് ചൊല്ലുന്നുവെന്ന പരാമര്‍ശം. അനുവാചക ഹൃദയങ്ങളിലേക്ക് പ്രവാചകരോടുള്ള പ്രണയം അഗ്നി ബാധ പോലെ പടര്‍ന്നുകയറാന്‍ വേണ്ടിയാണ് അമാനുഷികതകള്‍ കൂടുതലുള്ള പ്രേമഭാജനമാണ് മുത്ത് നബിയെന്ന ബോധം വിശ്വാസി മനങ്ങളിലുണ്ടാക്കുന്നത്. തിരുനബി(സ്വ)യെ കുറിച്ച് മതിപ്പിന്‍റെ കഥകള്‍ കവി നിരത്തുമ്പോള്‍ പ്രണയ തീവ്രത മൂലം അവിടുത്തോടുള്ള അടുപ്പത്തിന്‍റെ കടുപ്പം കൂടണമെന്ന ചിന്തയും വരികളില്‍ കാണാം.

വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങളുടെ നാമാക്ഷരങ്ങളുടെ സുഖസമ്മേളനം വഴി മനോഹരവും അര്‍ത്ഥ സമ്പുഷ്ടവുമായ പ്രണയഗീതം തന്നെ രചിക്കാന്‍ കവിക്ക് സാധിച്ചിട്ടുണ്ട്. ഓരോ വരിയും അഗാധമായ ചിന്തകളടങ്ങിയതും ആന്തരികാര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ്. ‘ഇദ് കുവ്വിറത് ശംസു’ എന്നു തുടങ്ങുന്ന വരികള്‍ സൂര്യന്‍ കെട്ടടങ്ങി പ്രകാശരഹിതമാവുകയും നക്ഷത്രങ്ങള്‍ ഉതിര്‍ന്ന് വീഴുകയും സമുദ്രങ്ങള്‍ ആളിക്കത്തുകയും ചെയ്യുന്ന ഖിയാമത് നാളിലേക്കുള്ള സൂചനയും (സൂറതുത്തക്വീര്‍ 1-14) അത്തരത്തിലുള്ള ഭീകരാന്തരീക്ഷത്തിലും നമുക്ക് അത്താണി മുത്ത് നബിയാണെന്ന യാഥാര്‍ത്ഥ്യം വ്യക്തമാക്കലും കവിയുടെ ലക്ഷ്യമാണ്. തന്‍റെ സ്വത്വത്തിന് ഭീകരതകളില്‍ നിന്ന് മോചനം നേടിയെടുക്കാന്‍ അയാള്‍ രൂപപ്പെടുത്തിയെടുക്കേണ്ട മൂല്യങ്ങളില്‍ ഇശ്ഖിന് പ്രാധാന്യമുണ്ടെന്ന സത്യം കവിത ഓര്‍മപ്പെടുത്തുന്നു.

ഹൗളുല്‍ കൗസര്‍ കൊണ്ട് അല്ലാഹു മുത്ത് നബിയെ ആദരിച്ചിട്ടുണ്ട് എന്ന പ്രസ്താവന നാഥന്‍ അവിടത്തോട് കാണിച്ച ബഹുമാനം വ്യക്തമാക്കുന്നതിനും കൗസര്‍ പാനമെന്ന വിശ്വാസിയുടെ ചിരകാലാഭിലാഷത്തെ ഒന്നുകൂടി പൊടിതട്ടിയെടുക്കുന്നതിനുമുള്ളതാണ്. ഹൗളുല്‍ കൗസറെന്ന അനുഗ്രഹ ജലസംഭരണിയുടെ സമീപമെത്താന്‍ ഇശ്ഖാകുന്ന ടിക്കറ്റ് വേണമെന്നും കുടി പറയാതെ പറയുന്നുണ്ട്. അവിശ്വാസികള്‍ ഹൗളിന് സമീപത്തു നിന്ന് അകറ്റപ്പെടുമെന്ന കവിയുടെ വിശദീകരണവും പ്രവാചക പ്രേമത്തിന്‍റെ മധു നുകരാത്തവര്‍ക്കുള്ള താക്കീതാണ്. ‘മക്കളേക്കാള്‍, മാതാപിതാക്കളേക്കാള്‍, മുഴുവന്‍ ജനങ്ങളേക്കാള്‍ എന്നെ സ്നേഹിക്കുന്നത് വരെ നിങ്ങളിലാരും യഥാര്‍ത്ഥ വിശ്വാസികളാവുകയില്ല’ (സ്വഹീഹുല്‍ ബുഖാരി 15) എന്ന ഹദീസ് ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.

ഇഖ്ലാസ്വ്, ഫലഖ്, നാസ് എന്നീ പദങ്ങള്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ പ്രയോഗിച്ചാണ് കവി വിടവാങ്ങുന്നത്. പരിസര പ്രേരണങ്ങളുടെ ഗതിയൊഴുക്കില്‍പെടാതെ റസൂലിനോടുള്ള അഗാധ പ്രേമം അടിസ്ഥാന ശക്തിയാക്കി നിലകൊള്ളാനാണ് കവി ഇതപര്യന്തം ശ്രമിക്കുന്നത്. തിരുകീര്‍ത്തനം അല്ലാഹുതന്നെ തുടങ്ങിയതാണെന്ന വീക്ഷണം വച്ച് പുലര്‍ത്തിയ കവി തിരുമഹത്ത്വത്തോട് ചേര്‍ക്കാനുള്ളതെല്ലാം ചേര്‍ക്കുന്ന രീതിയാണ് മുഴുവന്‍ വരികളിലും അനുവര്‍ത്തിച്ചിട്ടിള്ളുത്. തിരുനബി(സ്വ)യെ വാനോളം പുകഴ്ത്തി ഇശ്ഖിന്‍റെ ചാലക ശക്തിയായി മാറിയ കവിത സ്വര്‍ഗസ്ഥരായ പത്ത് സ്വഹാബികളുടെയും ഖദീജ ബീവി, ഫാത്വിമ ബീവി(റ) എന്നിവരുടെയും നാമങ്ങള്‍ എടുത്തുദ്ധരിച്ചാണ് ഇബ്നു ജാബിര്‍ അന്ദുലിസി(റ) അവസാനിപ്പിക്കുന്നത്.

You May Also Like
Umar Qali R - Malayalam Article

ഉമർ ഖാളി(റ): അനുരാഗത്തിന്റെ ജീവവസന്തം

ചാലിയം കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹസനുത്താബിഇയുടെ പൗത്രൻ ഉമർ എന്നവരുടെ പൗത്രനാണ്…

● അഹ്മദ് മലബാരി

ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും…

Imam Boosweeri R - Malayalam article

ഇമാം ബൂസ്വീരി(റ)യുടെ കാവ്യദർശനം

പ്രവാചകസ്‌നേഹ പ്രകീർത്തന കാവ്യശാഖയിൽ നിത്യവസന്തം സമ്മാനിച്ച് വിശ്വാസിമാനസങ്ങളിൽ ഇടംനേടിയ വിശ്വപ്രശസ്ത പണ്ഡിതനും പ്രവാചകാനുരാഗിയുമാണ് ഇമാം ബൂസ്വീരി(റ).…

● അലവിക്കുട്ടി ഫൈസി എടക്കര