Imam Navavi (R)-malayalam

ശാഫിഈ മദ്ഹബിലെ പണ്ഡിത ജ്യോതിസ്സുകളില്‍ ഉന്നതനാണ് ഇമാം നവവി(റ). ബഹുമുഖ വിജ്ഞാന ശാഖകളില്‍ നിസ്തുലവും അമൂല്യവുമായ സേവനമനുഷ്ഠിച്ച മഹാന്‍ സര്‍വാദരണീയതയും അംഗീകാരവും സ്വീകാര്യതയും നേടി. നവാ എന്ന സിറിയന്‍ നഗരത്തിലായിരുന്നു ജനനം. ഇവിടേക്ക് ഡമസ്‌കസില്‍ നിന്നും 85 കി.മീറ്റര്‍ ദൂരമുണ്ട്. ജന്മനാട്ടിലേക്ക് ചേര്‍ത്തി നവവി എന്നറിയപ്പെട്ടു.

ഹിജ്‌റ 631 മുഹര്‍റം മാസത്തിലാണ് ഇമാമിന്റെ ജനനം. അബൂ യഹ്‌യ ശറഫ്ബ്‌നുല്‍ മുര്‍റി എന്ന സാത്വികനായിരുന്നു പിതാവ്. വ്യാപാരിയായിരുന്ന അദ്ദേഹം തികഞ്ഞ ആത്മീയ ജീവിതമായിരുന്നു നയിച്ചിരുന്നത്. തന്റെ പുത്രനെ ഇസ്‌ലാമിക പരിചരണം നല്‍കി വളര്‍ത്തുന്നതില്‍ അദ്ദേഹം ഉത്സാഹിച്ചു. നവവിയുടെ വളര്‍ച്ചയും മഹത്ത്വവും നേരില്‍ കണ്ട് മനം കുളിര്‍ക്കാനും അദ്ദേഹത്തിന് അവസരമുണ്ടായി. ഇമാം നവവി(റ)യുടെ വഫാത്തിനു ശേഷം ഏതാണ്ട് ഒമ്പത് വര്‍ഷം കഴിഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

ബാല്യ-കൗമാര കാലങ്ങളില്‍ തന്നെ, ഭാവിയിലെ വൈജ്ഞാനികോന്നതിയുടെ നല്ല ലക്ഷണങ്ങള്‍ മഹാനില്‍ പ്രകടമായിരുന്നു. സാഹചര്യം അനുകൂലമായിരുന്നിട്ടും വിനോദങ്ങളിലും നേരമ്പോക്കുകളിലും സമയം ചെലവഴിച്ചില്ല. താന്‍ പിന്നീടു നിര്‍വഹിക്കേണ്ട ജ്ഞാനദൗത്യത്തിന് പാകപ്പെട്ടതായിരുന്നു ബാല്യകാല ജീവിതം പോലും. അനുസരണയും അച്ചടക്കവും പൈതൃക സിദ്ധമായ ഗുണവുമെല്ലാം ചേര്‍ന്നപ്പോള്‍ ചെറുപ്രായത്തില്‍ തന്നെ സമൂഹത്തില്‍ നിന്ന് ആദരവുകള്‍ ലഭ്യമായി.

ലൈലത്തുല്‍ ഖദ്‌റിന്റെ ധന്യത

ഏഴു വയസ്സുള്ള സമയത്ത് പിതാവിനോടൊത്ത് രാത്രി ഉറങ്ങുകയായിരുന്നു നവവി(റ). അര്‍ധ രാത്രിയായപ്പോള്‍ പിതാവിനെ വിളിച്ചുണര്‍ത്തി കുട്ടി ചോദിച്ചു: ‘ഉപ്പാ, എന്താണീ വീട്ടിലാകെ ഒരു പ്രകാശം കാണുന്നത്?’ ശേഷം വീട്ടുകാരെയെല്ലാം യഹ്‌യ വിളിച്ചുണര്‍ത്തി. പക്ഷേ അവരാരും തന്നെ പ്രകാശം കണ്ടില്ല. റമളാന്‍ 27-ാം രാവിലായിരുന്നു ഈ സംഭവം. പിതാവ് ശറഫ് അനുസ്മരിക്കുന്നു: ‘ലൈലത്തുല്‍ ഖദ്‌റിന്റെ ഒളിവാണ് മകന്‍ കണ്ടത്.’ പുത്രന് നല്ല ഭാവിയുണ്ടെന്ന് ഗ്രഹിക്കാന്‍ പിതാവിന് ഇതും സഹായകമായി.

പ്രാഥമിക വിജ്ഞാനവും ഖുര്‍ആന്‍ പാരായണവും പഠിപ്പിക്കുന്നതിനായി യോഗ്യരായ ഗുരുവര്യന്മാരെ പിതാവ് ഏല്‍പിച്ചു. പഠനം തുടര്‍ന്നു കൊണ്ടിരിക്കുന്നതിനിടെ തന്നെ ബാക്കി സമയം പാഴാകാതിരിക്കാന്‍ തന്റെ കൂടെ കടയില്‍ നിര്‍ത്തി. പത്തു വയസ്സുള്ളപ്പോഴായിരുന്നു ഇത്. കടയിലിരുന്നപ്പോഴും ഖുര്‍ആന്‍ പാരായണത്തിലായിരുന്നു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പിതാവിന് ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടായിരുന്നില്ല താനും.

കൂട്ടുകാരും ഉല്ലാസവുമായി കെട്ടുപിണയുകയാണല്ലോ ബാല്യകാലത്തിന്റെ സ്വാഭാവികത. പക്ഷേ യഹ്‌യ ഇതിനപവാദമായിരുന്നു. സമപ്രായക്കാരോടൊപ്പം കളിക്കാന്‍ പോകുമായിരുന്നില്ലെന്നു മാത്രമല്ല, കളിക്കാന്‍ വിളിക്കുന്നവരില്‍ നിന്ന് ഓടിയകലുകയായിരുന്നു രീതി. കടയില്‍ പിതാവിന്റെ കൂടെയായിരുന്നപ്പോള്‍ കൂട്ടുകാരുടെ നിര്‍ബന്ധം കുറയുകയും ചെയ്തു.

ദീര്‍ഘവീക്ഷണം

പിതാവിന്റെയും മറ്റും ശ്രദ്ധ കുട്ടിയുടെ മേല്‍ സദായുണ്ടാകാന്‍ പ്രേരകമായൊരു സംഭവം ഇതിനിടയില്‍ നടന്നു. അക്കാലത്തെ പ്രമുഖ സാത്വികനും പണ്ഡിതനുമായിരുന്ന ശൈഖ് യാസീനു ബ്‌നു യൂസുഫില്‍ മാറാക്കിശി(റ) നവയില്‍ വന്നു. ഒരു ബാലന്‍ കൂട്ടുകാരില്‍ നിന്ന് ഓടി രക്ഷപ്പെടുന്നത് ശ്രദ്ധയില്‍ പെട്ട അദ്ദേഹം കുട്ടിയെ നിരീക്ഷിച്ചു. യഹ്‌യ എന്നാണ് കുട്ടിയുടെ പേരെന്നും കൂട്ടുകാര്‍ കളിക്കാനായി നിര്‍ബന്ധിച്ചപ്പോള്‍ സമയം നഷ്ടമാക്കിക്കൂടെന്ന വിചാരത്തില്‍ മാറിപ്പോവുകയാണെന്നും മനസ്സിലായി. കരഞ്ഞ് കൊണ്ടോടുമ്പോഴും അവന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചു.

ശൈഖ് യാസീന്‍(റ) പറയുന്നു: ‘എനിക്ക് ആ കുട്ടിയോട് വലിയ ഇഷ്ടം തോന്നി. അവനെ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഉസ്താദിനെ സമീപിച്ച് ചില നിര്‍ദേശങ്ങള്‍ നല്‍കി. ഞാന്‍ ഗുരുനാഥനോടിങ്ങനെ പറഞ്ഞു: ഈ കുട്ടി സമകാലത്തെ വലിയ പണ്ഡിതനും വലിയ പരിത്യാഗിയുമായിത്തീരുമെന്നും ഇവനെ കൊണ്ട് സമുദായത്തിന് വലിയ ഉപകാരം ലഭിക്കുമെന്നും എനിക്കു പ്രതീക്ഷയുണ്ട്.’

ഇതു കേട്ട് ഗുരു ചോദിച്ചു: നിങ്ങളെന്താ ജ്യോത്സ്യനാണോ?

ഞാന്‍: ‘അല്ല, പക്ഷേ അല്ലാഹു എന്നെക്കൊണ്ടിതു പറയിപ്പിച്ചതാണ്.’

തുടര്‍ന്ന് ശൈഖ് യാസീന്‍(റ) ഇമാമവര്‍കളുടെ പിതാവിന്റെയടുക്കലെത്തി. കുട്ടിയുടെ കാര്യത്തില്‍ ചില വസ്വിയ്യത്തുകള്‍ ചെയ്തു. അവനെ ഖുര്‍ആന്‍ ഹിഫ്‌ളാക്കാനും ഇല്‍മ് പഠിക്കാന്‍ പ്രേരിപ്പിക്കാനും നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇമാം ചെറുപ്പത്തിലേ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. എങ്കിലും നാട്ടില്‍ തന്നെ പഠനം തുടര്‍ന്നു.

ഡമസ്‌കസിലേക്ക്

19 വയസ്സായ സമയത്ത് ഉപരി പഠനാര്‍ത്ഥം പിതാവ് ഇമാമവര്‍കളെ ഡമസ്‌കസിേലക്ക് കൊണ്ടുപോയി. ഹിജ്‌റ 649-ലായിരുന്നു ഇത്. ഡമസ്‌കസ് അന്ന് പണ്ഡിതന്മാരുടെയും പര്‍ണശാലകളുടെയും പാഠശാലകളുടെയും നഗരിയായിരുന്നു. വ്യത്യസ്ത വിഷയങ്ങളില്‍ പ്രഗത്ഭരായ പണ്ഡിതര്‍ നേതൃത്വം നല്‍കുന്ന മുന്നൂറിലേറെ വൈജ്ഞാനിക കേന്ദ്രങ്ങള്‍ അന്നവിടെ യുണ്ടായിരുന്നുവെന്നു ചരിത്രം. വിജ്ഞാന നഗരിയായത് കൊണ്ടാണ് സ്വന്തം ജന്മനാട് വിട്ട് പുത്രനെയും കൂട്ടി പിതാവ് ഇവിടെ വന്നതുതന്നെ. നവായില്‍ നിന്ന് ഡമസ്‌കസിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. പക്ഷേ വിജ്ഞാന കുതുകിയായ പുത്രനും സര്‍വ പിന്തുണയും നല്‍കി കൂടെ നില്‍ക്കാന്‍ തയ്യാറായ പിതാവിനും ആ ദുരിത യാത്ര വിഷമമായില്ല.

ഗുരുനാഥന്മാരും പാഠശാലകളും കൂടുതലുള്ള സ്ഥലത്തെത്തിയാല്‍ വിദ്യാഭ്യാസം എവിടെ നിന്നാവണമെന്ന് സ്വാഭാവികമായും ആശയക്കുഴപ്പം സൃഷ്ടിക്കുമല്ലോ. ഏതായാലും ഡമസ്‌കസിലെ പ്രസിദ്ധമായ അമവീ മസ്ജിദിലെ ഖത്വീബായിരുന്ന ജമാലുദ്ദീന്‍ അബ്ദുല്‍ കാഫിയെ സമീപിച്ച് ആഗമനോദ്ദേശ്യമറിയിച്ചു. അദ്ദേഹം നവവി(റ)യെ താജുദ്ദീനില്‍ ഫസാറി(റ)യുടെ സദസ്സിലെത്തിച്ചെങ്കിലും താമസ സൗകര്യമില്ലാത്തതിനാല്‍ പ്രയാസപ്പെട്ടു. ഉസ്താദിനോട് കാര്യമറിയിച്ചപ്പോള്‍ അബൂ ഇബ്‌റാഹിം ഇസ്ഹാഖ് അല്‍മഗ്‌രിബി(റ)യെ സമീപിക്കാന്‍ ഉപദേശിച്ചു. മദ്‌റസതുര്‍റവാഹിയ്യ എന്നറിയപ്പെടുന്ന കേന്ദ്രമായിരുന്നു അദ്ദേഹത്തിന്റേത്. അമവീ മസ്ജിദിനോട് ചേര്‍ന്നായിരുന്നു ഈ സ്ഥാപനം.

വിജ്ഞാനദാഹവും ബുദ്ധിശക്തിയും കറപുരളാത്ത മനസ്സും വിശ്രമമില്ലാത്ത അധ്വാനവും ഒത്തു ചേര്‍ന്നപ്പോള്‍ അത്ഭുതകരമായ മുന്നേറ്റമുണ്ടായി. ഇമാം നവവി(റ) തന്നെ പറയുന്നു: ‘രണ്ട് കൊല്ലത്തോളം ഞാന്‍ കിടന്നിട്ടില്ല. സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന ഭക്ഷണമല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല. നാലര മാസം കൊണ്ടാണ് ഇമാം അബൂഇസ്ഹാഖിശ്ശീറാസി(റ)യുടെ തന്‍ബീഹ് ഹൃദിസ്ഥമാക്കിയത്. ഇമാം ശീറാസി(റ)യുടെ അല്‍മുഹദ്ദബിന്റെ നാലിലൊരു ഭാഗം ആ വര്‍ഷം തന്നെ മനഃപാഠമാക്കി.’

ഇമാം തുടരുന്നു: ‘ത്യാഗിയും സൂക്ഷ്മാലുവുമായ ഗുരു അബൂഇബ്‌റാഹീമില്‍ മഗ്‌രിബി(റ)യുടെ സവിധത്തില്‍ ഞാന്‍ വിവിധ ഗ്രന്ഥങ്ങള്‍ പഠിച്ചു. ഉസ്താദിനെ പിരിയാതെ മുഴുസമയവും ആ സന്നിധിയില്‍ തന്നെ കഴിഞ്ഞു. മറ്റൊന്നിലും ഏര്‍പ്പെടാതെ സദാ ജ്ഞാനസാധനയില്‍ മുഴുകുന്നത് കണ്ട് ഉസ്താദിന് എന്നോട് പ്രത്യേക വാത്സല്യം തോന്നി. വളരെയേറെ എന്നെ സ്‌നേഹിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ വലിയ സംഘങ്ങള്‍ക്ക് ആവര്‍ത്തിച്ചോതിക്കൊടുക്കാന്‍ എന്നെ ഏല്‍പിച്ചു.’

അര്‍ഹതക്കുള്ള അംഗീകാരം നല്‍കുക വഴി ഉസ്താദിന്റെ പ്രചോദനം ഇമാം നവവി(റ)ന് കൂടുതല്‍ ഉത്സാഹവും ആവേശവും നല്‍കി. ഉസ്താദിന്റെ വഫാത്ത് വരെ അവര്‍ തമ്മില്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തി. പ്രധാന ഗുരുവായ ഇദ്ദേഹം ഇമാമവര്‍കളുടെ ജീവിതത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്.

ഹജ്ജ് യാത്ര

ഡമസ്‌കസിലെത്തി രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍, 21-ാം വയസ്സില്‍ പിതാവിനൊപ്പം ഹജ്ജിന് പുറപ്പെട്ടു. ഹിജ്‌റ 651 റജബ് ആദ്യത്തിലായിരുന്നു യാത്ര. മദീനയില്‍ ഒന്നര മാസം താമസിച്ചു. ഹജ്ജ് യാത്ര ഏറെ ക്ലേശകരമായിരിക്കും അക്കാലത്തെന്നു പറയേണ്ടതില്ലല്ലോ. അതോടൊപ്പം യാത്രാരംഭത്തില്‍ തുടങ്ങിയ പനി അറഫാ ദിനം വരെ നീണ്ടു നില്‍ക്കുകയും ചെയ്തു. അതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയോ അക്ഷമനാവുകയോ ചെയ്തില്ല. ആ പരീക്ഷണ ഘട്ടം ക്ഷമാപൂര്‍വം നേരിട്ടു. ഹജ്ജ് കഴിഞ്ഞ് ജന്മദേശത്തേക്ക് വന്നെങ്കിലും തുടര്‍ പഠനത്തിനായി ഡമസ്‌കസിലേക്ക് തന്നെ പോയി.

തന്റെ പഠനത്തെക്കുറിച്ച് ഇമാമിന്റെ വിവരണം ശിഷ്യന്‍ ഉദ്ധരിക്കുന്നതിങ്ങനെ: ‘ഞാന്‍ എല്ലാ ദിവസവും മഹാന്മാരായ ഗുരുവര്യന്മാരുടെ അടുത്തു നിന്ന് 12 പാഠങ്ങള്‍ ഓതുമായിരുന്നു. വസ്വീത്വില്‍ (ഇമാം ഗസ്സാലി-റ-യുടെ ഫിഖ്ഹ് ഗ്രന്ഥം) നിന്ന് രണ്ടു പാഠവും അല്‍മുഹദ്ദബ് (ഇമാം ശീറാസി-റ-യുടെ കര്‍മശാസ്ത്ര ഗ്രന്ഥം), അല്‍ജംഉ ബൈനസ്സ്വഹീഹൈനി (ഹാഫിള് അബൂഅബ്ദില്ലാഹില്‍ ഉന്‍ദുലൂസി-റ-യുടെ ഹദീസ് കിതാബ്), സ്വഹീഹ് മുസ്‌ലിം, ഇബ്‌നു ജിന്നി(റ)യുടെ ലുമഅ്(വ്യാകരണ ഗ്രന്ഥം), ഇബ്‌നുസ്സക്കീത്ത്(റ)യുടെ ഇസ്വ്‌ലാഹുല്‍ മന്‍ത്വിഖ് (സാഹിത്യ കൃതി), ഇല്‍മുസ്സ്വര്‍ഫ്, ഉസ്വൂലുല്‍ ഫിഖ്ഹ്, അസ്മാഉര്‍രിജാല്‍ (ഹദീസ് നിവേദക ചരിത്രം), ഉസ്വൂലുദ്ദീന്‍ (വിശ്വാസ കാര്യം) എന്നിവകളില്‍ ഓരോ പാഠവുമായിരുന്നു നിത്യവും പഠിച്ചിരുന്നത്.’

പഠന രീതിയെക്കുറിച്ച് ഇമാം പറഞ്ഞു: ‘ഈ വിജ്ഞാനങ്ങളുമായി ബന്ധപ്പെട്ടവയെല്ലാം ഞാന്‍ അടിക്കുറിപ്പായി ചേര്‍ത്തു. അഥവാ സങ്കീര്‍ണമായവ വിശദീകരിച്ചു. മൂല വചനങ്ങള്‍ വ്യക്തമാക്കി വിവരിച്ചു. പദങ്ങളില്‍ ക്ലിപ്തത വരുത്തി. അതു മൂലം അല്ലാഹു എന്റെ സമയത്തിലും പഠനത്തിലും പരിശ്രമത്തിലും ബറകത്ത് നല്‍കി. അവനെന്നെ അതില്‍ നന്നായി സഹായിക്കുകയും ചെയ്തു.’

ഗുരുവിന്റെ സ്വാധീനം

പ്രധാന ഗുരുവായ അബൂഇബ്‌റാഹീം ഇസ്ഹാഖില്‍ മഗ്‌രിബി(റ) ഇമാം നവവി(റ)യെ നന്നായി സ്വാധീനിച്ചു. പഠനത്തില്‍ കൂടുതല്‍ ആവേശവും സമര്‍പ്പണവും നടത്താന്‍ രണ്ട് വര്‍ഷത്തില്‍ താഴെയാണെങ്കിലും ഗുരുവര്യരുടെ സ്‌നേഹമസൃണ സമീപനമായിരുന്നു കാരണം. നിസ്‌കാരത്തിന്റെയും സ്ഥിരമായ നോമ്പിന്റെയും കാര്യത്തിലും പരിത്യാഗത്തിലും സൂക്ഷ്മതയിലും സമയം നഷ്ടപ്പെടുത്താതിരിക്കുന്നതിലുമെല്ലാം ഉസ്താദായിരുന്നു മാതൃക. ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം വ്യത്യസ്ത ഗുരുനാഥന്മാരില്‍ നിന്നാണ് ഓരോ വിജ്ഞാനവും ആര്‍ജിച്ചത്. രാപകല്‍ വ്യത്യാസമന്യേ, സ്വന്തം ശരീരത്തിന്റെ സുഖസൗകര്യങ്ങള്‍ അവഗണിച്ചുള്ള പഠനം. ക്ലാസുകള്‍ കേട്ടും എഴുതിയും പാരായണം ചെയ്തും ഗുരുവര്യരെ തേടി സഞ്ചരിച്ചുമാണ് ജീവിതകാലം മൊത്തം ചെലവഴിച്ചത്. വിജ്ഞാനത്തെ പരിണയിച്ചപ്പോള്‍ അതെത്രമാത്രം നേടാനും പകരാനും കാലങ്ങളില്‍ കാത്തുവെക്കാനും ആകുമോ എന്നതിലായി മുഴുചിന്തയും. വിവാഹ ജീവിതത്തെക്കുറിച്ചാലോചിച്ചില്ല. അവിവാഹിതനായി വഫാത്തായി. വിവാഹത്തിന്റെ മഹത്ത്വത്തെ പറ്റിയറിയാഞ്ഞിട്ടല്ല. ജ്ഞാന സമ്പര്‍ക്കത്തിനിടയില്‍ അതിനു നേരമുണ്ടായില്ല.

ഇബ്‌ലീസിന്റെ ഉപദേശം

നേടിയ ജ്ഞാനത്തിനൊപ്പം, തന്റെ ഭാവിയെ കുറിച്ച് പ്രവചിച്ച ശൈഖ് യാസീന്‍(റ)യുടെ പരിചരണം കൂടി ചേര്‍ന്നപ്പോള്‍ ആത്മീയോന്നതി കരസ്ഥമാക്കാന്‍ ഇമാമവര്‍കള്‍ക്കായി. തന്റെ സുകൃതങ്ങള്‍ക്ക് തടയിടാന്‍ പിശാച് പലപ്പോഴും നടത്തിയ ശ്രമം പരാജയപ്പെടുത്തിയത് ഈ ആത്മീയ സപര്യകൊണ്ടാണെന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

റവാഹിയ്യ മദ്‌റസയിലായിരിക്കെ ഇമാം രോഗിയായി. അദ്ദേഹത്തിന്റെ വിവരണം കാണുക: അന്നു രാത്രി റവാഹിയ്യ മദ്‌റസയുടെ കിഴക്ക് വശത്തായിരുന്നു ഞാന്‍. പിതാവും മറ്റ് സഹോദരങ്ങളും എന്റെ അടുത്തായി കിടന്നുറങ്ങുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെ എന്റെ പനി സുഖപ്പെടുകയും ഞാന്‍ ഉന്മേഷവാനാവുകയും ചെയ്തു. അപ്പോള്‍ അല്‍പം ദിക്ര്‍ ചൊല്ലാന്‍ ആഗ്രഹിച്ചു. അങ്ങനെ അധികം ഉറക്കെയും എന്നാല്‍ തീരെ പതുക്കെയുമല്ലാത്ത വിധത്തില്‍ ഞാന്‍ തക്ബീര്‍ ചൊല്ലാനാരംഭിച്ചു. അര്‍ധ രാത്രിയായപ്പോള്‍ കാണാനഴകുള്ള ഒരു വൃദ്ധന്‍ ഹൗളില്‍ നിന്ന് വുളു ചെയ്യുന്നത് കണ്ടു. ശേഷം അയാള്‍ എന്റെയടുത്തുവന്നു പറഞ്ഞു: ‘മോനേ, നീ ദിക്ര്‍ ചൊല്ലണ്ട. നിന്റെ പിതാവിനും സഹോദരങ്ങള്‍ക്കും കുടുംബത്തിനും ഈ മദ്‌റസയിലുള്ളവര്‍ക്കും അതൊരു ശല്യമാകും.’ ഞാനപ്പോള്‍ ചോദിച്ചു: കാരണവരേ, നിങ്ങളാരാണ്?

‘അത് വിടുക. ഞാനാരെങ്കിലുമായിക്കോട്ടെ. നിന്റെയൊരു ഗുണകാംക്ഷിയാണെന്ന് കൂട്ടിക്കോളൂ’ എന്നായിരുന്നു വൃദ്ധന്റെ മറുപടി.

ഇത് ഇബ്‌ലീസാണെന്ന് എന്റെ മനസ്സ് പറഞ്ഞു. ഉടന്‍ ഞാന്‍ ‘അഊദുബില്ലാഹി….’ ചൊല്ലി. ഉറക്കെ തസ്ബീഹും ആരംഭിച്ചു. ഇത് കേട്ടതും വൃദ്ധന്‍ വാതിലിന്റെ ഭാഗത്തേക്ക് നീങ്ങി. ഞാന്‍ തസ്ബീഹ് തുടര്‍ന്നു. പിതാവിനെയടക്കം എല്ലാവരെയും ഉണര്‍ത്തുകയും ചെയ്തു. എന്നാല്‍ വാതിലിനു സമീപം ചെന്നു നോക്കിയപ്പോള്‍ അത് പൂട്ടിയ അവസ്ഥയില്‍ തന്നെയായിരുന്നു. ആ വൃദ്ധനെ അവിടമാകെ തിരഞ്ഞെങ്കിലും നേരത്തെയുണ്ടായിരുന്നവരല്ലാതെ ആരെയും കണ്ടില്ല. ഞാനിങ്ങനെ ചെയ്യുന്നത് കണ്ട് പിതാവ് ചോദിച്ചു: ‘യഹ്‌യാ, എന്താണിത്?’ ഞാന്‍ സംഭവം വിവരിച്ചപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു. ഉടന്‍ ഞങ്ങളെല്ലാം കൂട്ടമായി തസ്ബീഹും മറ്റു ദിക്‌റുകളും ആരംഭിച്ചു.’

സത്യത്തില്‍, പിശാചിന് വെളുക്കാന്‍ തേച്ചത് പാണ്ടായ അനുഭവമായിട്ടുണ്ടാവണം. ഒരാളുടെ ദിക്ര്‍ മുടക്കാന്‍ ശ്രമിച്ചപ്പോള്‍ കൂട്ട ദിക്‌റിനാണല്ലോ സാഹചര്യമൊരുങ്ങിയത്!

ഗുരുനാഥന്മാര്‍

ഇമാമവര്‍കള്‍ക്ക് വ്യത്യസ്ത വിഷയങ്ങളിലായി ധാരാളം ഗുരുനാഥന്‍മാരുണ്ട്. ഇസ്ഹാഖുല്‍ മഗ്‌രിബി(റ)യാണ് ഇമാമിനെ കൂടുതലായി സ്വാധീനിച്ചതെന്നു പറഞ്ഞല്ലോ. ഫിഖ്ഹിലും ജീവിത വീക്ഷണത്തിലും ശൈലിയിലും ക്രമത്തിലും അദ്ദേഹത്തിന്റെ സ്വാധീനം കാണാം. അതുകൊണ്ടാണ് എന്റെ ആദ്യഗുരു എന്ന് ഇസ്ഹാഖുല്‍ മഗ്‌രിബി(റ)യെ വിശേഷിപ്പിച്ചത്. ഡമസ്‌കസിലെ മുഫ്തിയായിരുന്ന അബ്ദുര്‍റഹ്മാനുബ്‌നു നൂഹ്, മുഫ്തി അബൂഹഫ്‌സ്വില്‍ ഉമറുബ്‌നു അസ്അദര്‍റബഈ, അബുല്‍ ഹസനുബ്‌നു സല്ലാര്‍(റ) എന്നിവരാണ് ഇമാമിന്റെ കര്‍മശാസ്ത്രത്തിലെ ഉസ്താദുമാര്‍. ഖാസി അബുല്‍ ഫത്ഹി ഉമറത്തിഫ്‌ലീസി(റ)വാണ് ഉസ്വൂലുല്‍ ഫിഖ്ഹിലെ പ്രധാന ഗുരു. ഇമാം റാസി(റ)യുടെ അല്‍മുന്‍തഖബ് ഇദ്ദേഹത്തില്‍ നിന്നാണ് ഇമാം പഠിച്ചത്.

ഫഖ്‌റുദ്ദീനില്‍ മാലികി, ശൈഖ് അബുല്‍ അബ്ബാസ് അല്‍ മിസ്വ്‌രി, അബൂഅബ്ദില്ലാഹില്‍ ജയ്യാനി(റ) തുടങ്ങിയവരില്‍ നിന്നാണ് വ്യാകരണം, പദോല്‍പത്തി ശാസ്ത്രം, ഭാഷാശാസ്ത്രം എന്നിവ കരസ്ഥമാക്കിയത്. ശൈഖ് അബൂഇസ്ഹാഖില്‍ മുറാദി അല്‍ ഉന്‍ദുലുസി, അബുല്‍ ബഖാഅ് ഖാലിദുന്നാബല്‍സി തുടങ്ങിയവരില്‍ നിന്ന് ഹദീസും ഹദീസ് വിജ്ഞാനീയവും നേടി. ഓരോ വിഷയത്തിലും അഗ്രേസരരായ പണ്ഡിതന്മാരെ സമീപിച്ച് ജ്ഞാനമാര്‍ജിക്കാനായത് ഇമാമിനെ സര്‍വ വൈജ്ഞാനിക ശാഖകളിലും നിപുണനാക്കി. അതാതു വിഷയങ്ങളില്‍ രചിക്കപ്പെട്ട പ്രധാന ഗ്രന്ഥങ്ങള്‍ ഗുരുനാഥന്മാരുമായി ചര്‍ച്ച ചെയ്തും സംവദിച്ചും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കി.

ബഹുമുഖ ജ്ഞാനധന്യന്‍

ഇമാം നവവി(റ)യുടെ ജ്ഞാനധന്യതയുടെ ആഴവും ജ്ഞാന വിതരണരീതിയും മഹത്ത്വവും ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. നവവി(റ)യുടെ വ്യക്തിചരിത്രം പരാമര്‍ശിച്ചവരെല്ലാം ഇമാമവര്‍കളുടെ മഹത്ത്വവും പ്രാധാന്യവും വ്യതിരിക്തതയും വിശദമായി എഴുതിയിട്ടുണ്ട്. കര്‍മശാസ്ത്രത്തിലും ഹദീസ് വിജ്ഞാനീയത്തിലും മഹാന്റെ അറിവ് ആഴമേറിയതായിരുന്നു. അവ സമൂഹത്തിന് പകരുന്നതിലും അദ്ദേഹം വിജയിച്ചു. ഫഖീഹ് എന്നും മുഹദ്ദിസ് എന്നും പറയാവുന്ന വിധം ഇരുമേഖലകളിലും അദ്ദേഹത്തിന്റെ സേവനവും പാണ്ഡിത്യവും നിരുപമമാണ്.

ഇമാം ഓതിക്കേട്ട ഗ്രന്ഥങ്ങള്‍ അനവധി. ശിഷ്യനായ ഇബ്‌നുല്‍ അത്ത്വാര്‍(റ)ന്റെ വിവരണം: സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം, സുനനു അബീദാവൂദ്, ജാമിഉത്തുര്‍മുദി, സുനനുന്നസാഈ, മുവത്വ, മുസ്‌നദുശ്ശാഫിഈ, മുസ്‌നദ് അഹ്മദ് ബ്‌നു ഹമ്പല്‍, സുനനുദ്ദാരിമി, മുസ്‌നദ് അബീഅവാന, മുസ്‌നദ് അബീയഅ്‌ലാ, സുനനുബ്‌നു മാജ, സുനനുദ്ദാറഖുത്വ്‌നി, സുനനുല്‍ ബൈഹഖി, ശറഹു സുനനില്‍ ബഗ്‌വി തുടങ്ങിയവ നവവി(റ) ഓതിക്കേട്ട ഹദീസ് ഗ്രന്ഥങ്ങളാണ്. ഫിഖ്ഹിലും ഭാഷയിലും വ്യാകരണത്തിലും സാഹിത്യത്തിലും തഫ്‌സീറിലുമെല്ലാം പ്രാമാണികവും സ്വീകാര്യവുമായ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്തും ചര്‍ച്ച ചെയ്തും മഹാന്‍ സ്വാംശീകരിക്കുകയുണ്ടായി.

You May Also Like
lets welcome ramalan-malayalam

റമളാന്‍ വരുന്നു നമുക്ക് സ്വീകരിക്കാന്‍ പഠിക്കാം

ഹിജ്‌റ വര്‍ഷം 1439-ലെ റമളാനിന്റെ മുന്നൊരുക്കപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് മുസ്‌ലിം ലോകം. സമഗ്രമായ ആസൂത്രണങ്ങളോടെ പുണ്യറമളാനിനെ സ്വീകരിക്കാന്‍…

● ശുക്കൂര്‍ സഖാഫി വെണ്ണക്കോട്
shafi madhab & imam Navavi - malayalam

ശാഫിഈ മദ്ഹബും ഇമാം നവവി(റ)യുടെ സേവനങ്ങളും

ശരീഅത്തിന്റെ ജീവത്തായ ഫിഖ്ഹ് സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത പണ്ഡിത കുലപതികളുടെ സേവനം നിസ്തുലമാണ്. പ്രമാണങ്ങളില്‍ നിന്ന്…

● സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി
know Ramalan-malayalam

റമളാന്റെ പൊരുളറിയുക വിജയം തേടിവരും

മനുഷ്യന്‍, മലക്ക്, പിശാച് എന്നിവ അല്ലാഹുവിന്റെ സൃഷ്ടികളില്‍ ശ്രദ്ധേയരായ മൂന്ന് വിഭാഗങ്ങളാണ്. വ്യത്യസ്ത പ്രകൃതികളിലായാണ് ഈ…

● റഹ്മതുല്ലാഹ് സഖാഫി എളമരം