Imam Shibili R

മാം ശിബ്ലി(റ)യുടെ വ്യക്തിപ്രഭാവത്തെ ഹ്രസ്വവും മനോഹരവുമായി പല ചരിത്രകാരന്മാരും അവതരിപ്പിച്ചിട്ടുണ്ട്. മഹാന്‍റെ വൈവിധ്യമാര്‍ന്ന ആത്മീയ പ്രയാണവും സാധന സമീപനങ്ങളും ഇഴപിരിച്ചെടുത്ത് അതിശയോക്തികരമായി തോന്നുന്ന രംഗങ്ങളുടെ അകപ്പൊരുളുകള്‍ അവര്‍ വ്യക്തമാക്കുകയുണ്ടായി. തസ്വവ്വുഫില്‍ അദ്ദേഹത്തിന്‍റെ സ്ഥാനം സയ്യിദുത്വാഇഫത്ത് ജുനൈദുല്‍ ബഗ്ദാദി(റ)യുടെ ശിഷ്യത്വത്തിന്‍റെ ഗരിമയിലാണ് മുട്ടിനില്‍ക്കുന്നതെന്ന് പറഞ്ഞല്ലോ. ആധ്യാത്മികതയുടെ അകക്കാമ്പ് യജമാനനായ അല്ലാഹുവിനെ നന്നായി അറിഞ്ഞു സ്നേഹിക്കുന്നതിലും വഴിപ്പെടുന്നതിലുമാണെന്ന് മഹാന്‍ വ്യാഖ്യാനിച്ചു.

ദൗര്‍ബല്യങ്ങളുടെ ആകെത്തുകയാണ് താനെന്ന തിരിച്ചറിവില്‍ നിന്നാണ് ആത്മീയ പ്രയാണം വേഗത സ്വീകരിക്കുന്നത്. അപ്പോഴാണ് യജമാനനിലേക്കുള്ള പ്രയാണത്തെ കേന്ദ്രീകരിച്ച് ജീവിതം സാധ്യമാവുക. അതു സാധിച്ചവരാണ് ആത്മജ്ഞാനികള്‍. അവര്‍ സ്വന്തത്തെയും നാഥനെയും അറിഞ്ഞവരാണ്. ഈ അറിവിന്‍റെ ലോകത്തേക്ക് കൈപിടിച്ചാനയിക്കപ്പെടാമെന്ന പോലെ (സുലൂക്ക്) നാഥന്‍റെ പ്രത്യേക കടാക്ഷം കൊണ്ട് ത്വരിതാകര്‍ഷണവുമുണ്ടാകാം (ജദ്ബ്). മഹാത്മാക്കളുടെ ജീവിത ചിത്രങ്ങളില്‍ കാണാനാവുന്ന കടുത്തതും ലളിതവുമായ സാധനകള്‍ക്കിത് കാരണമാണ്. വലിയ്യെന്നോ സൂഫി എന്നോ വിശേഷിപ്പിച്ചാലും അവരുടെ പ്രയാണവഴി ഒന്നുതന്നെയാണ്. ഇസ്ലാമിന്‍റെ തെളിമയാര്‍ന്ന രാജവീഥിയിലൂടെയുള്ള പ്രയാണമാണവര്‍ നടത്തുന്നത്. അതിനെതിരിലുണ്ടാകുന്ന പ്രതിസന്ധികള്‍ അതിജീവിക്കുന്നതിലവര്‍ വിജയിച്ചിരിക്കും.

ഭൗതികമായ ഏതൊന്നിനെയും പ്രതിസന്ധിയായി കാണുംവിധം ആത്മീയോന്നതി പ്രാപിച്ചവരായിരിക്കും സൂഫികള്‍. വലിയ്യ് എന്ന വിശേഷണത്തിന്‍റെ ഉപാധികളെ സ്വീകരിക്കാനും പ്രതിബന്ധമാകാനിടയുള്ള എല്ലാറ്റിനെയും അവഗണിക്കാനും അവര്‍ പാകപ്പെട്ടവരായിരിക്കും. ഈ പാകപ്പെടലാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യമഹത്വത്തിനുള്ള പരിരക്ഷ. അത് അല്ലാഹുവില്‍ നിന്നു ലഭിക്കുന്ന പരിഗണനയാണ്. കടുത്ത സാധനകളിലൂടെ കടന്നുപോയി ഉന്നതി പ്രാപിക്കുന്ന പോലെ തന്നെ ഉന്നതങ്ങളിലേക്കാകര്‍ഷിക്കപ്പെട്ട് സാധനാപൂര്‍ണ ജീവിതം നയിക്കുന്നവരുണ്ടാവും. ഇമാം ശിബ്ലി(റ)യുടെ ജീവിതത്തില്‍ വ്യത്യസ്തമായ ആത്മീയ സമീപനങ്ങള്‍ കാണാം. പുറമെ നിന്നു നോക്കുന്നവര്‍ക്ക് അങ്ങനെ നിരീക്ഷിക്കാനേ സാധിക്കൂ. എന്നാല്‍ അദ്ദേഹത്തെ കൃത്യമായി അറിയാനായവര്‍ തന്‍റെ ഗുരുനാഥന്മാരും സമശീര്‍ഷരായ യോഗ്യരുമായിരിക്കും.

ജുനൈദുല്‍ ബഗ്ദാദി(റ)യുടെ താജുസ്വൂഫിയ്യ എന്ന വിശേഷണം ഇതിലൊന്നാണ്. റൈഹാനതുല്‍ മുഅ്മിനീന്‍ എന്ന ഒരപര നാമവും അദ്ദേഹത്തിനുണ്ട്. സ്വൂഫി എന്ന തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടതോടൊപ്പം വിശ്വാസി സമൂഹത്തിന് ജ്ഞാനസുഗന്ധം പരത്തുകയും ചെയ്തു മഹാന്‍. അതാണ് നാമകരണത്തിനാധാരം. സ്വൂഫിസാധനകളുടെ കടുത്ത അനുഷ്ഠാനി മാത്രമായിരുന്നില്ല ഇമാം ശിബ്ലി(റ). ഇല്‍മുശ്ശരീഅതും ഇല്‍മുല്‍ ഹഖീഖതും മേളിച്ചയാളുമായിരുന്നു. ഒരേസമയം ഫഖീഹും മുതസ്വവ്വിഫുമായ ഇമാം ഗസ്സാലി(റ)യെ പോലെ  ഗ്രന്ഥ സംഭാവനകള്‍ അദ്ദേഹത്തില്‍ കാണാത്തതിനു ചില കാരണങ്ങളുണ്ട്. സ്വൂഫി ധാരയെ അനുഷ്ഠിച്ചും ആചരിച്ചും ജീവിക്കുന്ന രീതിയാണദ്ദേഹം തിരഞ്ഞെടുത്തത്.

സ്വൂഫി സാധനകള്‍ ഇത്ര കര്‍ക്കശമായി പാലിക്കുകയും അനുഷ്ഠിക്കുകയും ചെയ്തവരായി ഇമാം ശിബ്ലി(റ)നെ പോലെ ഏറെ പേരുണ്ടാവില്ല. സാധനകളും സഞ്ചാരങ്ങളുമില്ലാത്ത സ്വസ്ഥമായ സമയവും സാഹചര്യവും അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തന്നോടു ചോദിക്കപ്പെട്ട കാര്യങ്ങള്‍ക്ക് ആത്മീയമായ വിശദീകരണങ്ങളും വിവരണങ്ങളും നല്‍കിയത് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ആത്മജ്ഞാനപരമായ കാവ്യങ്ങളും അദ്ദേഹത്തിന്‍റേതായി രേഖപ്പെടുത്തിയതു കാണാം.

ഇസ്ലാമിന്‍റെ മൂന്ന് ഘടകങ്ങളിലൊന്നായ ഇഹ്സാനിന്‍റെ ശിക്ഷണ പരിചരണങ്ങളുടെ മാര്‍ഗമാണ് യഥാര്‍ത്ഥത്തില്‍ സ്വൂഫി ധാര. അതുകൊണ്ട് തന്നെയാണിതിന് അവകാശവാദികളും അഭിനേതാക്കളും കൂടുതലുണ്ടായതും. ശരീഅത്തിന്‍റെ തന്നെ യഥാര്‍ത്ഥ തലങ്ങള്‍ പ്രാപിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ആത്മീയ യാഥാര്‍ത്ഥ്യങ്ങളനുഭവിച്ചവരെ ചിലപ്പോള്‍ മനസ്സിലായിക്കൊള്ളണമെന്നില്ല. ഇവിടെ രണ്ട് വിഭാഗത്തെയും കുറ്റക്കാരാക്കേണ്ടതില്ല. എന്നാല്‍ ചില കുറ്റവാളികളുണ്ടായിട്ടുമുണ്ട്. അത്തരക്കാര്‍ തങ്ങള്‍ക്ക് മനസ്സിലാകാത്തവയെ പ്രതി ചിലത് നിഷേധിക്കുകയോ വിമര്‍ശിക്കുകയോ ചെയ്തവരാണ്. മതപരമായ പൊതുനിര്‍ദേശങ്ങളില്‍ പലതും പലരെയും പല വിധത്തിലാണല്ലോ സ്വാധീനിക്കുക. അടിസ്ഥാനപരമായ സ്വീകരണവും അനുഷ്ഠാനവുമുണ്ടായവരെല്ലാം അതുമായി ബന്ധപ്പെട്ട മതനിര്‍ദേശം സ്വീകരിച്ചവര്‍ തന്നെയായിരിക്കും. അപ്പോള്‍ ആത്മാര്‍ത്ഥതയും സമര്‍പ്പണവും എത്രമാത്രമാണോ അതിനനുസരിച്ച് അധികനേട്ടം ലഭിക്കും എന്ന വ്യത്യാസമുണ്ടാകും.

ആത്മീയ സൗഭഗരായ മഹാന്മാരെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ കൈവഴികളിലൂടെയുള്ള അവരുടെ സഞ്ചാരം ഫലപ്രാപ്തിയില്‍ ഒരേ നിലവാരത്തിലെത്തിച്ചേക്കും. ഔലിയാക്കളുടെയും സ്വൂഫികളുടെയും ലോകത്ത് ഈ കൈവഴി സഞ്ചാരം പ്രകടമായി കാണാവുന്നതാണ്. തസ്വവ്വുഫിന്‍റെ അടിസ്ഥാന വിവരങ്ങള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളില്‍ ഇത് സംബന്ധമായ വിവരണങ്ങളുണ്ട്. ആത്മീയാനുഭവത്തിന്‍റെ മധുരം ആസ്വദിച്ച് പ്രമത്തരായി തീര്‍ന്നവരെ അവരില്‍ കാണാം. ‘സക്റാന്‍’ എന്നാണവരെ പറയുക. പൂര്‍ണമായി അത്തരം അവസ്ഥയില്‍ കഴിയുന്നവരുണ്ടാവും. ഭൗതികമായ വരുംവരായ്കകള്‍ അവര്‍ കാര്യമാക്കില്ല. അല്ലെങ്കില്‍ അതാലോചിക്കാനവര്‍ സമയം കണ്ടെത്തില്ല. അക്കാരണത്താലുണ്ടായിത്തീരുന്ന ദുരിതങ്ങള്‍ അവര്‍ വൈമനസ്യമേതുമില്ലാതെ ഏറ്റെടുക്കുകയും ചെയ്യും. തന്നെത്താന്‍ മറന്ന് ആത്മീയതയിലും ഇലാഹീ ഇശ്ഖിലും ജീവിച്ച ഔലിയാക്കള്‍ ചരിത്രത്തിലെമ്പാടുമുണ്ട്.

ശൈഖ് ശിബ്ലി(റ)യുടെ ജീവിതം ആത്മീയതയുടെ ആഴങ്ങളറിഞ്ഞ ഇലാഹീ പ്രേമത്തിന്‍റേതായിരുന്നു. അതിനാല്‍ തന്നെ തന്‍റെ ഭൗതിക ജീവിതത്തെ ഇലാഹീ സാമീപ്യ സാക്ഷാല്‍കാരത്തിനുള്ള ഉപാധിയായി ഉപയോഗപ്പെടുത്തി. തസ്വവ്വുഫിന്‍റെ ലോകത്തെ ഏറെ സ്വാധീനിച്ച അനേകം ഉപദേശങ്ങളും വിവരണങ്ങളും അദ്ദേഹത്തിന്‍റേതായുണ്ട്. ജീവിതത്തില്‍ അതിന്‍റെ കൃത്യമായ മാതൃകയും അദ്ദേഹത്തിനുണ്ട്. തസ്വവ്വുഫിന് ജീവിക്കുന്ന വിശദീകരണമാകാനദ്ദേഹത്തിനു കഴിഞ്ഞു. നിഷ്കപടമായ ഇലാഹീ സ്നേഹത്തില്‍ പ്രചോദിതമായ ജീവിത സഞ്ചാരമാണ് മഹാന്‍ സാധിതമാക്കിയത്. ലക്ഷ്യമറിയുകയും അതിലേക്കുള്ള നേര്‍രേഖയില്‍ യാത്ര നടത്തുകയും ചെയ്യുന്ന ഒരാള്‍ എന്ന നിലയിലാണ് ശിബ്ലി(റ)യുടെ ജീവിതത്തെ നോക്കിക്കാണേണ്ടത്.

തന്നെത്തന്നെ മറന്ന ഈ സഞ്ചാരിയെ ‘സക്റാന്‍’ (മസ്താന്‍) എന്നു വിശേഷിപ്പിച്ചതു കാണാം. കേവലമായ മസ്താനായിരുന്നില്ല അത്. ഇമാം അബൂനുഐമുല്‍ ഇസ്ബഹാനി(റ) കുറിച്ചു: ‘അബൂബക്റിശ്ശിബ്ലി(റ) അല്ലാഹുവിലേക്ക് ആകര്‍ഷിക്കപ്പെട്ടവന്‍(മുജ്തദബ്), ഇലാഹീ പ്രേമത്തില്‍ സംഭ്രാന്തനായവന്‍(വലഹാന്‍), ഇലാഹീ സ്നേഹ സാമ്രാജ്യത്തിലേക്ക് കവര്‍ന്നെടുക്കപ്പെട്ടവന്‍(മുസ്തലബ്), ഇലാഹീ ചിന്തയില്‍ തന്നെത്തന്നെ മറന്നവന്‍(സക്റാന്‍), സ്നേഹപീയൂഷം ആവോളം ആസ്വദിച്ചവന്‍(വാരിദ്), ഇനിയുമിനിയും സ്നേഹപാന മോഹം തീരാത്ത ദാഹാര്‍ത്തന്‍(അത്വ്ശാന്‍), മാലിന്യങ്ങളില്‍ നിന്നും ആഗ്രഹങ്ങളില്‍ നിന്നും അല്ലാഹുവിനാല്‍ ആകര്‍ഷിക്കപ്പെട്ട സാമീപ്യത്തിലേക്കും ഒളിവുകളിലേക്കും കവര്‍ന്നെടുക്കപ്പെട്ട, സ്നേഹത്തിന്‍റെ ചഷകങ്ങള്‍ കൊണ്ട് കുടിപ്പിക്കപ്പെട്ട പൈദാഹങ്ങള്‍ മാറി പൂര്‍ണസമര്‍പ്പിതനായവന്‍ അങ്ങനെ എല്ലാമാണ് (ഹില്‍യതുല്‍ ഔലിയാഅ്).

ഈ വിശേഷണങ്ങളെല്ലാം ശിബ്ലി(റ)യുടെ ആത്മീയ പ്രഭാവത്തിന്‍റെ സത്തും ചൈതന്യവും വ്യക്തമാക്കുന്നു. സിദ്ധിച്ച ആത്മബോധത്തിന്‍റെ അനുഷ്ഠാനവും അതിന്‍റെ പ്രസ്താവങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന ജീവിതയാത്രയെ കുറിക്കുന്നതാണ് ഉപരി വിശേഷണങ്ങളെല്ലാം. തന്‍റെ സഞ്ചാരപഥം കൃത്യമായിരുന്നുവെന്ന് ഉറപ്പിക്കുന്നതിന് ആവശ്യമായ വിജ്ഞാന ശാഖകളിലും അദ്ദേഹത്തിന് പ്രാമുഖ്യമുണ്ടായിരുന്നു. അതിനാല്‍ തന്നെ ശരീഅത്തിനെതിരാവാതെയുള്ള ജീവിതമാണ് തന്‍റേതെന്നദ്ദേഹം പ്രസ്താവിച്ചുണ്ട്. ഭൗതികമായ കെട്ടുപാടുകളെ നിരാകരിച്ച അദ്ദേഹം ഭരണാധികാരികളെ അന്ധമായി അംഗീകരിക്കുന്നതിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു.

ശിബ്ലി(റ) സുഖമില്ലാതെ ചികിത്സാലയത്തിലായ സന്ദര്‍ഭത്തില്‍, മന്ത്രി അലിയ്യുബ്നു ഈസാ സന്ദര്‍ശിക്കാനെത്തി. മന്ത്രിയോടദ്ദേഹം ചോദിച്ചു: ‘നിന്‍റെ രക്ഷിതാവ് എന്തു ചെയ്യുന്നു?’ മന്ത്രി അതിന് ഇങ്ങനെ മറുപടി പറഞ്ഞു: ‘അവന്‍ ഉന്നതസ്ഥാനീയനായി വിധിക്കുന്നു, നടപ്പാക്കുന്നു.’ ഇതു കേട്ട ശിബ്ലി(റ) പ്രതികരിച്ചു: ഞാന്‍ ചോദിച്ചത് നീ വേലയെടുക്കുന്ന രക്ഷിതാവിനെ(ഖലീഫ മുഖ്തദിറിനെ) കുറിച്ചാണ്. നീ വേണ്ടവിധം ആരാധന നിര്‍വഹിക്കാത്ത രക്ഷിതാവിനെ കുറിച്ചല്ല (അല്ലാഹുവിനെ ആരാധിക്കുന്നതില്‍ വീഴ്ച സംഭവിക്കുമ്പോള്‍തന്നെ ഭരണത്തലവനെ അനുസരിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കുക എന്നതാണല്ലോ പൊതുഅവസ്ഥ. ഈ വിധേയത്വത്തിനെതിരെയുള്ള രൂക്ഷമായ പ്രതികരണമായിരുന്നു ഇത്.) ശിബ്ലി(റ)യില്‍ നിന്ന് ഇതു കേട്ടപ്പോള്‍ സ്വാഭാവികമായും മന്ത്രിക്ക് രസിച്ചിരിക്കില്ല. അതുകൊണ്ടായിരിക്കാം അദ്ദേഹം കൂടെയുള്ളവരോട് പറഞ്ഞു: ‘നിങ്ങളിയാളോട് വാഗ്വാദം നടത്തുക.’ അപ്പോള്‍ പരിവാരങ്ങളിലൊരാള്‍ ചോദിച്ചു: ഓ അബൂബക്ര്‍, ആരോഗ്യവാനായിരുന്ന കാലത്ത് നിങ്ങളിങ്ങനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ടല്ലോ; ‘എല്ലാ സ്വിദ്ദീഖുകളും അവര്‍ക്ക് ഒരു അത്ഭുതാവസ്ഥയില്ലെങ്കില്‍ വ്യാജനായിരിക്കും’ എന്ന്. നിങ്ങളൊരു സ്വിദ്ദീഖാണല്ലോ. എന്താണു നിങ്ങളുടെ അത്ഭുതാവസ്ഥ?

ശിബ്ലി(റ)യെ നിശ്ശബ്ദനാക്കുക എന്നായിരുന്നു ചോദ്യകര്‍ത്താവിന്‍റെ ഉന്നം. അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: തെളിവിന്‍റെ സമയത്തുള്ള എന്‍റെ മനോനിലയെ മസ്തിന്‍റെ സമയത്തുള്ള മനോനിലയുമായി നീ തുലനം ചെയ്യുക. അപ്പോള്‍ അല്ലാഹുവിനോടുള്ള യോജിപ്പില്‍ നിന്ന് രണ്ടവസ്ഥകളും പുറം കടന്നിട്ടുണ്ടാവില്ല. അതാണ് എന്‍റെ അത്ഭുതാവസ്ഥ (ഹില്‍യതുല്‍ ഔലിയാഅ്).

ഇലാഹീ പ്രേമത്തിന്‍റെ സാമ്രാജ്യം മോഹിച്ചവരും പ്രാപിച്ചവരും അതിന്‍റെ അന്വേഷണത്തിലും അനുഭൂതിയിലുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. അങ്ങനെയുള്ള ഘട്ടങ്ങളില്‍ അവരിലുണ്ടാകുന്ന അവസ്ഥാന്തരത്തില്‍ പെട്ടതാണ് സ്വഹ്വും(തെളിവ്) സക്റും(മസ്ത്). ശരിയായ പ്രാപ്തിയും തേട്ടവും അഹിതങ്ങള്‍ക്ക് കാരണമാവില്ല. അതാണ് ശിബ്ലി(റ) മന്ത്രിയുടെ മുമ്പില്‍ സമര്‍ത്ഥിച്ചത്. ഈ സംഭവത്തിന്‍റെ മറ്റൊരു നിവേദനത്തില്‍ ഇങ്ങനെ കാണാം: ‘അല്ലാഹുവിന്‍റെ കല്‍പ്പനകളിലും നിരോധനങ്ങളിലും നാഥനോട് യോജിക്കുക എന്നതാണ് എന്‍റെ അത്ഭുതം’ (അല്‍മുഖ്താറു മിന്‍ മനാഖിബില്‍ അഖ്യാര്‍).

ശിബ്ലി(റ) ‘സക്റി’ന്‍റെ അവസ്ഥയാണ് ഇഷ്ടപ്പെട്ടത്. കാരണം അപ്പോള്‍ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും മാര്‍ഗത്തില്‍ നിന്നും താന്‍ വ്യതിചലിക്കുമായിരുന്നില്ല. ഭൗതികമായതിലൊന്നും ആര്‍ത്തിയുണ്ടാവുകയുമില്ല. അതിനാല്‍ ഭൗതിക മോഹത്തെ സക്റത് കൊണ്ട് ഇല്ലാതാക്കാമെന്നദ്ദേഹം മനസ്സിലാക്കി. എല്ലാ വിശ്വാസികളും യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നവരാകണമെന്ന് മോഹിച്ച അദ്ദേഹം എല്ലാവരും ‘സക്റാന്‍’മാരാകണം എന്നാണാഗ്രഹിച്ചത്. അബൂബക്ര്‍ റാസി(റ) പറയുന്നു: ‘ശിബ്ലി(റ) ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു; ജനങ്ങള്‍ക്കേറെയാവശ്യം സക്റതാണ്. അപ്പോള്‍ ഞാന്‍ ചോദിച്ചു: എന്ത് സക്റതാണ് (മസ്ത്) നിങ്ങളുദ്ദേശിക്കുന്നത്? അദ്ദേഹം പറഞ്ഞു: ‘സ്വന്തം ശരീരത്തെയും അതിന്‍റെ പ്രവര്‍ത്തനങ്ങളെയും അവസ്ഥകളെയും പ്രപഞ്ചത്തെയും അതിലുള്ളതിനെയും തൊട്ട് ഐശ്വര്യവാന്മാരാക്കുന്ന സക്റത്’ (താരീഖു ബഗ്ദാദ്).

ആത്മീയതയുടെ താളം തെറ്റാതിരിക്കുന്നതിന് വേണ്ടി തന്‍റെ ജീവിതത്തെതന്നെ സക്റതില്‍ തളച്ചിടാനാണദ്ദേഹം മോഹിച്ചത്. അതു കാരണമായി തന്നില്‍ മാര്‍ഗഭ്രംശമോ പരിധി ലംഘനമോ ഉണ്ടാകില്ലെന്നും അദ്ദേഹം സിദ്ധാന്തിച്ചു.

വിശ്വാസത്തില്‍ അഹ്ലുസ്സുന്നയുടെ സരണിയില്‍ ജീവിച്ച അദ്ദേഹം കര്‍മശാസ്ത്രത്തില്‍ മാലികീ മദ്ഹബുകാരനായിരുന്നു. കര്‍മശാസ്ത്ര വിഷയങ്ങളില്‍ ആവശ്യഘട്ടങ്ങളില്‍ അദ്ദേഹം ഇടപെട്ടിട്ടുണ്ട്. ഭൗതികതയെ തിരസ്കരിക്കാന്‍ സമൂഹത്തെ പഠിപ്പിക്കുക, അതിന് ഉദാത്ത മാതൃകയായി സ്വയം മാറുക എന്നാണ് തന്‍റെ ജീവിത നിയോഗമെന്നദ്ദേഹം വ്യക്തമാക്കി. ഭരണകൂടത്തിന്‍റെ പാദസേവകരാകുന്നതില്‍ സമൂഹത്തിനുള്ള താല്‍പര്യവും ഭരണസിരാകേന്ദ്രങ്ങളില്‍ നിലവിലുണ്ടായിരുന്ന ഭൗതിക പ്രേമവും അദ്ദേഹം നന്നായി തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ തന്നെ ഭൗതിക പ്രമത്തതയോടദ്ദേഹം സന്ധിയില്ലാ സമരമാണ് നടത്തിയത്. ഭൗതിക വിരക്തിയുടെയും പരിത്യാഗത്തിന്‍റെയും പ്രതീകമായിരുന്നു മഹാന്‍.

ഒന്നും കൈയിലില്ലാത്തപ്പോള്‍ പോലും തനിക്ക് ഭൗതിക മോഹമുണ്ടോ എന്നദ്ദേഹം ആശങ്കിച്ചു. ശിബ്ലി(റ) പറഞ്ഞു: എന്‍റെ മനസ്സില്‍ ഒരു തോന്നല്‍; ഞാനെരു പിശുക്കനാണോ എന്ന്. അപ്പോള്‍ തന്നെ ഞാന്‍ മനസ്സില്‍ പറഞ്ഞു: അല്ല,  ഞാന്‍ പിശുക്കനല്ല. ഉടന്‍ എന്‍റെ മനസ്സ് പറയുകയാണ്: ‘അല്ല, നീ പിശുക്കന്‍തന്നെ.’ അപ്പോള്‍ ഞാനൊരു തീരുമാനത്തിലെത്തി. എനിക്കിന്നെന്ത് കിട്ടിയാലും ഞാനത് ആദ്യം കാണുന്ന ദരിദ്രന് നല്‍കും.’

എന്‍റെ മനസ്സും ചിന്തയും ഇതില്‍ ഉടക്കി നില്‍ക്കെ ഭരണാധിപന്‍ മുഅ്നിസുല്‍ ഖാദിമിന്‍റെ അടുത്ത ഒരാള്‍ എന്നെ സമീപിച്ച് അമ്പത് ദീനാര്‍ ഏല്‍പ്പിച്ചിട്ട് പറഞ്ഞു: ‘ഇത് നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചോളൂ.’

ശിബ്ലി(റ) പറയുന്നു: ഞാനുടനെ എഴുന്നേറ്റ് നടന്നു. അങ്ങനെ പോകുമ്പോള്‍ ഒരു ഫഖീര്‍ തല മുണ്ഡനം ചെയ്യുന്നത് കണ്ടു. ഞാന്‍ അങ്ങോട്ട് ചെന്നു. ദീനാറുകള്‍ അയാള്‍ക്ക് നേരെ നീട്ടി. അയാളത് മുടിവെട്ടുകാരന് നല്‍കാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘ഇത് ഇത്ര സംഖ്യയുണ്ട്.’ അയാള്‍ ചോദിച്ചു: ‘നീ പിശുക്കനാണെന്ന് നാം നിന്നോട് പറഞ്ഞിട്ടില്ലേ?’ അങ്ങനെ ഞാനത് മുടിവെട്ടുകാരന് നേരെ നീട്ടിയപ്പോള്‍ അദ്ദേഹം പറയുകയുണ്ടായി: ‘ഈ ഫഖീറില്‍ നിന്ന് പ്രതിഫലമായി ഒന്നും സ്വീകരിക്കില്ലെന്ന് ഞാന്‍ ധാരണയായതാണ്.’

അദ്ദേഹവും നിരസിച്ചപ്പോള്‍ അതെനിക്കും വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. ‘പണമാകുന്ന നിന്നെ മഹത്ത്വപ്പെടുത്തിയ ഒരാളെയും അല്ലാഹു നിസ്സാരമാക്കാതിരുന്നിട്ടില്ല’ എന്ന് പറഞ്ഞ് ഞാനത് ടൈഗ്രീസിലേക്കെറിഞ്ഞു (ത്വബഖാതുല്‍ ഔലിയാഅ്).

ശിബ്ലി(റ)യുടെ ജീവിതരീതിയും നിലപാടുകളും ശരിയായിരുന്നുവെന്നും അദ്ദേഹത്തില്‍ കണ്ട വിസ്മയകരങ്ങളായ കാര്യങ്ങളും അഹിതമെന്നു തോന്നുന്നവയും മഹാന്‍റെ ജീവിതാദര്‍ശത്തിന്‍റെ സ്വാഭാവികതയാണെന്നും ഗ്രഹിക്കാനുപകരിക്കുന്ന ഒരു നിവേദനം താരീഖു ബഗ്ദാദിലും താരീഖ് ബ്നി അസാകിറിലും മറ്റും കാണാം. ഇബ്നുന്നഖീബ്(റ) പറയുന്നു: ഞാന്‍ ബാബുത്വാഖില്‍ അബൂബക്റില്‍ അമീശ്(റ) എന്ന വലിയ്യായ പണ്ഡിതന്‍റെ അടുത്ത് ഖുര്‍ആന്‍ പഠിച്ചുകൊണ്ടിരിക്കെ, അബൂത്വയ്യിബില്‍ ജലാ എന്നറിയപ്പെടുന്ന പണ്ഡിതന്‍റെ അടുത്തേക്ക് ശിബ്ലി(റ) കടന്നുവന്നു. സലാം ചൊല്ലി. അവര്‍ തമ്മില്‍ ദീര്‍ഘനേരം സംസാരിച്ചു. ശിബ്ലി(റ) തിരിച്ചുപോകാനായി എഴുന്നേറ്റപ്പോള്‍ അവിടെയുണ്ടായിരുന്ന കുറച്ചാളുകള്‍ അബൂത്വയ്യിബിനോട് ഇങ്ങനെ അഭ്യര്‍ത്ഥിച്ചു: ‘അബൂബക്റിശ്ശിബ്ലിയോട് ഞങ്ങള്‍ക്കു വേണ്ടി ദുആ ചെയ്യാനും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് കാണിച്ചുതരാനും അങ്ങ് ആവശ്യപ്പെടണം.’ അബൂത്വയ്യിബ്, ശിബ്ലി(റ)യോട് ആവര്‍ത്തിച്ചാവശ്യപ്പെട്ടപ്പോള്‍ മഹാന്‍ വഴങ്ങി.

അങ്ങനെ ജനങ്ങളെല്ലാവരും ബാബുത്വാഖില്‍ ഒരുമിച്ചുകൂടി. ശിബ്ലി(റ) ആകാശത്തേക്ക് കരമുയര്‍ത്തി ദുആ ചെയ്തു. അതെന്താണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. ശേഷം അദ്ദേഹം മുകളിലേക്ക് നോക്കി. ഉച്ചവരെ കണ്‍പോളകള്‍ ചിമ്മാതെയിരുന്നു. ളുഹാ സമയത്തായിരുന്നു പ്രാര്‍ത്ഥനയും കണ്ണുയര്‍ത്തലും തുടങ്ങിയത്. ജനങ്ങളെല്ലാം തക്ബീര്‍ ചൊല്ലുകയും ഉറക്കെ ഭക്തിയോടെ ദുആ ഇരക്കുകയും ചെയ്തു. ഇതുകഴിഞ്ഞ് മഹാന്‍ നേരെ ചന്തയിലേക്ക് പോയി. അവിടെ ഒരു മധുര പലഹാര വില്‍പ്പനക്കാരന്‍റെയടുത്ത് ചെമ്പ് പാത്രത്തില്‍ മധുരക്കറി (ഹലാവ) തിളച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ശിബ്ലി(റ) കൂടെയുണ്ടായിരുന്നയാളോട് ചോദിച്ചു: ‘നിനക്ക് ഈ ചട്ടിയിലെ ഹലാവ അല്‍പ്പം കഴിക്കണമെന്നുണ്ടോ?’

അദ്ദേഹം അതേ എന്നു പറഞ്ഞപ്പോള്‍ ശിബ്ലി(റ) ഒരു ദിര്‍ഹം ഹല്‍വക്കാരന് നല്‍കിയിട്ട് ഇയാള്‍ക്കാവശ്യമായത് കൊടുക്കൂ എന്നു പറഞ്ഞു. ഉടനെ തന്നെ ‘ഞാന്‍ എടുത്തു നല്‍കട്ടേ’ എന്നും ചോദിച്ചു. ഹല്‍വക്കാരന് എതിര്‍പ്പുണ്ടായിരുന്നില്ല. ശിബ്ലി(റ) കനം കുറഞ്ഞ ഒരു റൊട്ടിയെടുത്ത്, തിളക്കുന്ന ചെമ്പില്‍ കയ്യിട്ട് അല്‍പ്പം ഹലാവയെടുത്ത് റൊട്ടിയില്‍ പുരട്ടി. പിന്നെ അവിടെ നിന്നു യാത്രയായി. നേരെ പോയത് അബൂബക്റിബ്നു മുജാഹിദ്(റ) എന്ന പണ്ഡിതന്‍ ദര്‍സ് നടത്തുന്ന പള്ളിയിലേക്ക്. ശിബ്ലി(റ)യെ കണ്ടപ്പോള്‍ അദ്ദേഹം എഴുന്നേറ്റ് വന്ന് സ്വീകരിച്ചു. ഇരുവരും സംസാരത്തിലേര്‍പ്പെട്ടു. ഇത് കാണാനിടയായ ശിഷ്യന്‍മാര്‍ ഗുരുനാഥനോട് ചോദിച്ചു: ‘മന്ത്രി അലിയ്യുബ്നു ഈസാ വന്നാല്‍ പോലും ദര്‍സില്‍ നിന്ന് എഴുന്നേറ്റ് ചെന്ന് സ്വീകരിക്കാത്ത താങ്കള്‍ ഇദ്ദേഹത്തോട് ആദരവ് പ്രകടിപ്പിക്കുന്നുവല്ലോ.’ അതിന് അബൂബക്ര്‍(റ) നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു: ‘തിരുനബി(സ്വ) ആദരിക്കുന്ന ഒരാള്‍ കടന്നുവരുമ്പോള്‍ ഞാന്‍ ബഹുമാനിക്കാതിരിക്കുകയോ? നബി(സ്വ)യെ ഞാന്‍ സ്വപ്നത്തില്‍ കാണുകയുണ്ടായി. അവിടുന്ന് എന്നോട് പറഞ്ഞു; ‘അബൂബക്ര്‍, സ്വര്‍ഗാവകാശികളില്‍പെട്ട ഒരാള്‍ നാളെ നിങ്ങളുടെ അടുത്തു വരും. നിങ്ങള്‍ അദ്ദേഹത്തെ ആദരിക്കണം.’

ഈ സംഭവം കഴിഞ്ഞ് മുപ്പത് ദിവസം പിന്നിട്ടപ്പോള്‍ തിരുനബി(സ്വ)യെ ഞാന്‍ വീണ്ടും സ്വപ്നത്തില്‍ കാണുകയുണ്ടായി. അവിടുന്നെന്നോട് പറഞ്ഞു: ‘അബൂബക്ര്‍, സ്വര്‍ഗാവകാശികളില്‍പെട്ട ഒരാളെ നിങ്ങള്‍ ആദരിച്ചത് പ്രകാരം അല്ലാഹു നിങ്ങളെയും ആദരിക്കട്ടെ.’ ഞാനപ്പോള്‍ നബി(സ്വ)യോട് ചോദിച്ചു: ‘അങ്ങയുടെ അടുത്ത് ശിബ്ലി(റ)ക്ക് ഇത്രമാത്രം സ്ഥാനം ലഭിക്കാനുള്ള കാരണമെന്താണ്?’

അവിടുന്ന് പറഞ്ഞു: ‘അദ്ദേഹം അഞ്ചുനേരത്തെ നിസ്കാരങ്ങള്‍ക്ക് പിറകെ എല്ലാ ദിവസവും സൂറത്തു തൗബയിലെ 128-ാമത്തെ സൂക്തം പാരായണം ചെയ്ത ശേഷം എന്നെ ഓര്‍ത്ത് സ്വലാത്ത് ചൊല്ലുന്നു. 80 വര്‍ഷമായി അദ്ദേഹം ഇതു തുടരുന്നുണ്ട്. അങ്ങനെയുള്ള ഒരാളെ ഞാന്‍ ബഹുമാനിക്കേണ്ടതല്ലേ?’ (താരീഖു ബഗ്ദാദ്).

ശിബ്ലി(റ)യുടെ ജീവിതത്തില്‍ പലരുമായും ബന്ധപ്പെട്ട് ഇത്തരം ധാരാളം അത്ഭുത സംഭവങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത് തന്‍റെ നിഷ്കളങ്കവും കൃത്യവുമായ പരിത്യാഗവും ഭൗതിക വിരക്തിയും ഇലാഹീ പ്രേമവും അനുബന്ധ കാര്യങ്ങളുമാണ്. താന്‍ രചിച്ച കാവ്യങ്ങളിലൂടെ തന്‍റെ ആദര്‍ശവും തസ്വവ്വുഫിന്‍റെ സൂക്ഷ്മമായ പാഠങ്ങളും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

 

(അവസാനിച്ചു)

You May Also Like
Khalifa Abubacker R

സാന്ത്വനം- 2: അബൂബക്കര്‍ (റ); ഉദാരതയുടെ സാക്ഷി

വലിയ ധര്‍മിഷ്ഠനായിരുന്നു ഒന്നാം ഖലീഫ അബൂബക്കര്‍(റ). സ്വന്തമായി നീക്കിയിരിപ്പ് വെക്കാത്ത ഭരണാധികാരി. കയ്യിലുള്ളതുകൊണ്ട് അശരണര്‍, അടിമകള്‍,…

● പികെ മൊയ്തു ബാഖവി മാടവന
Imam Swavi R

ഇമാം സ്വാവി(റ)യുടെ ആദര്‍ശം

കര്‍മപരമായി മാലികീ മദ്ഹബും അധ്യാത്മികമായി ഖല്‍വതീ ത്വരീഖത്തും താന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സ്വയം പരിചയപ്പെടുത്തിയ (അല്‍അസ്റാറുര്‍ റബ്ബാനിയ്യ:…

● അഹ്മദ് കാമില്‍ സഖാഫി മമ്പീതി
Fathwa- Ablution

അല്‍ഫതാവാ-2: ഭാര്യയെ തൊടലും വുളൂഉം

ഇരുമ്പ് കൊണ്ട് നിര്‍മിച്ച ഖുഫ്ഫയുടെ മേല്‍ഭാഗം തടവി വുളൂഅ് ചെയ്താല്‍ സ്വീകരിക്കപ്പെടുമോ? നിബന്ധനകള്‍ പാലിച്ചുകൊണ്ട് നിര്‍മിച്ച…

● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍