ഡല്‍ഹിയില്‍ ബസില്‍ വച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത് 2012 ഡിസംബറിലായിരുന്നു. ഇതേത്തുടര്‍ന്ന് രൂപപ്പെട്ട പ്രതിഷേധം പ്രത്യേകിച്ച് ഏതെങ്കിലുമൊരു സംഘടനയുടെ പിന്തുണ കൂടാതെ തന്നെ രാജ്യത്താകെ പടര്‍ന്നു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിയമഭേദഗതിയുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കാന്‍ അന്നത്തെ യുപിഎ സര്‍ക്കാറിനെ പ്രേരിപ്പിക്കാന്‍ പാകത്തില്‍ രോഷം അണപൊട്ടി. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരായിരുന്നു ഈ കേസിലെ പ്രതികള്‍. ഇവര്‍ കാണിച്ച കൊടുംക്രൂരതക്ക് ഇത് ന്യായീകരണമാകുന്നില്ല. പക്ഷേ, രാജ്യത്താകെ വലിയ പ്രതിഷേധമുയരാനുള്ള കാരണങ്ങളിലൊന്ന് ഇവരുടെ സാമൂഹിക-സാമ്പത്തിക അവസ്ഥയാണോ എന്ന സംശയം അന്നുമുതലേ ഉയര്‍ന്നിരുന്നു. അതിനൊപ്പം പ്രധാനമാണ് അത്തരം പ്രതിഷേധങ്ങള്‍ക്ക് ഇടം അനുവദിക്കുന്ന ജനാധിപത്യം അന്ന് രാജ്യത്ത് നിലനിന്നിരുന്നുവെന്നതും.
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ജോലി തേടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബിജെപി നേതാവും എംഎല്‍എയുമായ കുല്‍ദീപ് സിംഗ് സെന്‍ഗാറും സഹോദരനും കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്ന പരാതിയുയരുന്നത് 2017 ജൂണിലാണ്. പെണ്‍കുട്ടിയുടെ പരാതി സ്വീകരിക്കാന്‍ പോലും ആദ്യഘട്ടത്തില്‍ ഉത്തര്‍ പ്രദേശ് പോലീസ് തയ്യാറായില്ല. അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നടത്തിയ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്‍റെ പേരില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും അദ്ദേഹം കസ്റ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്തതോടെ ഉത്തര്‍ പ്രദേശ് സര്‍ക്കാറിന് നില്‍ക്കക്കള്ളിയില്ലാതെയായി. യുപി പോലീസ് കേസെടുത്തു, പിന്നീട് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തു. അന്വേഷണം ഏറ്റെടുത്ത സിബിഐ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യുകയുണ്ടായി. അന്വേഷണം നടക്കുന്നുവെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നുമുള്ള പ്രതീതി ജനങ്ങളില്‍ സൃഷ്ടിക്കാന്‍ മാത്രമുള്ളതായിരുന്നു ഈ നടപടികളൊക്കെ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ തെളിയിക്കുന്നത്. വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുന്ന എംഎല്‍എക്ക് പെണ്‍കുട്ടിയെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്താന്‍ സാധിച്ചിരുന്നു. ഈ ഭീഷണികളെക്കുറിച്ച് പെണ്‍കുട്ടിയും കുടുംബാംഗങ്ങളും സുപ്രീം കോടതിയടക്കം ഏതാണ്ടെല്ലാ സംവിധാനങ്ങളോടും പരാതിപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ഏറ്റവുമൊടുവില്‍ ആസൂത്രിതമായ വാഹനാപകടത്തിലൂടെ പരാതിക്കാരിയെയും ബന്ധുക്കളെയും ഇല്ലാതാക്കി ബലാത്സംഗപ്പരാതി അവസാനിപ്പിക്കാന്‍ എംഎല്‍എ ശ്രമിച്ചു. അതിന്മേലും നിയമനടപടികള്‍ പതിവ് ചട്ടങ്ങളനുസരിച്ച് പുരോഗമിക്കുകയാണ്.
ഇത്രയൊക്കെ സംഭവിച്ചിട്ടും 2012 ഡിസംബറിലുണ്ടായതുപോലുള്ള പ്രതിഷേധം രാജ്യത്തുയര്‍ന്നുവന്നില്ല. ഇവിടെ പ്രതിസ്ഥാനത്ത് സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന, ചേരിനിവാസികളായ ഏതാനും പേരല്ല. രാജ്യഭരണം കൈയാളുന്ന ബിജെപിയുടെ നേതൃസ്ഥാനത്തുള്ള, നിയമനിര്‍മാണ സഭയില്‍ അംഗമായ വ്യക്തിയും സഹോദരനും കൂട്ടാളികളുമാണ്. അധികാരത്തിലുള്ള സ്വാധീനം ഉപയോഗിച്ച് രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കാന്‍ കുല്‍ദീപ് സിംഗ് സെന്‍ഗാറിനും കൂട്ടര്‍ക്കും സാധിക്കുമ്പോള്‍, അതേ സ്വാധീനത്തിന്‍റെ ബലത്തില്‍ പരാതിക്കാരിയെയും കുടുംബത്തെയും ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ രാജ്യം നിശ്ശബ്ദമാണ്. പെണ്‍കുട്ടിയെ വാഹനാപകടത്തിലൂടെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം പുറത്തുവന്നപ്പോള്‍ ഡല്‍ഹിയില്‍ അരങ്ങേറിയ പ്രതിഷേധം രാജ്യത്തൊരിടത്തും അനുരണനങ്ങളുണ്ടാക്കിയില്ല. ഡല്‍ഹിയില്‍ നടന്നതുപോലും ഒരു വൈകുന്നേരത്തെ മെഴുകുതിരിയായി ഉരുകിത്തീര്‍ന്നു.
ഡല്‍ഹിയിലെ പെണ്‍കുട്ടിയുടേതിന് സമാനമാണ് ഉന്നാവിലെ പെണ്‍കുട്ടി നേരിട്ട ക്രൂരതയും. ഡല്‍ഹിയിലേതിന് ഭിന്നമായി ഉന്നാവിലെ പെണ്‍കുട്ടി തുടര്‍ന്നും ക്രൂരതകള്‍ക്ക് ഇരയായി. എന്നിട്ടും രാജ്യം നിശ്ശബ്ദമായിരിക്കാന്‍ നിശ്ചയിച്ചത് എന്തുകൊണ്ടായിരിക്കും? പ്രതിഷേധങ്ങള്‍ക്ക് ഇടം അനുവദിക്കുന്ന ജനാധിപത്യം ആറ് വര്‍ഷത്തിനിടെ രാജ്യത്ത് ഇല്ലാതായിരിക്കുന്നുവെന്നതാണ് ഒരു കാരണം. അത്തരത്തിലൊരു ഇടം ഇല്ലാതായിരിക്കുന്നുവെന്നത് സ്വീകരിക്കാന്‍ പാകത്തിലേക്ക് പൊതുസമൂഹം മാറിയിരിക്കുന്നുവെന്നതാണ് മറ്റൊന്ന്. എന്തുകൊണ്ടങ്ങനെ മാറി എന്ന ചോദ്യത്തിന് ഭയം എന്ന ഒറ്റ ഉത്തരമേയുള്ളൂ. പ്രതികരിക്കാന്‍ പുറപ്പെടുന്നവരെ ഏത് വിധത്തിലാണ് ലക്ഷ്യമിടുക എന്നതില്‍ തിട്ടമില്ല. സൈബറിടങ്ങളിലൂടെയുള്ള ആക്രമണമാകാം, ഭരണകൂടത്തിന് കീഴിലുള്ള ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാകാം, ആള്‍ക്കൂട്ടമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഗുണ്ടാ സംഘങ്ങളെ നിയോഗിച്ചുള്ള ആക്രമണമാകാം, കൊലപ്പെടുത്തലാകാം. ഗോവിന്ദ് പന്‍സാരെ, കലബുറുഗി, ഗൗരി ലങ്കേഷ്, ജസ്റ്റിസ് ലോയ എന്നിങ്ങനെ കൊലചെയ്യപ്പെട്ടതോ ദുരൂഹ മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ടതോ ആയ നിരവധി പേരുണ്ട്. വ്യാപം അഴിമതിക്കേസില്‍ പ്രതിസ്ഥാനത്തോ സാക്ഷി സ്ഥാനത്തോ ഉണ്ടായിരുന്നവര്‍ ഒന്നൊന്നായി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് ഓര്‍മയിലുണ്ട്.
ഇവ്വിധത്തില്‍ നിയമത്തിന് പുറത്തുള്ള മാര്‍ഗങ്ങളിലൂടെയാണ് ഇതുവരെ ഭീതിയുടെ ആവരണത്തിലേക്ക് സമൂഹത്തെ എത്തിക്കാനുള്ള ശ്രമം നടന്നിരുന്നത്. 2019-ല്‍ വര്‍ധിച്ച ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയതോടെ വിയോജിപ്പുകളെ ഇല്ലാതാക്കാനുള്ള ഉപാധിയായി നിയമങ്ങളെ ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) നിയമം, അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ നിയമം (യുഎപിഎ), വിവരാവകാശ നിയമം (ആര്‍ടിഐ) തുടങ്ങിയവയിലൊക്കെ വരുത്തിയ മാറ്റങ്ങള്‍ ഈ ലക്ഷ്യത്തോടെയുള്ളതാണ്. ഭരണകൂടത്തെയും അവരുടെ അജണ്ടകളെയും എതിര്‍ക്കുന്ന ആരെയും ലക്ഷ്യമിടാന്‍ പാകത്തിലാണ് എന്‍ഐഎ, യുഎപിഎ നിയമങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍.
2008 നവംബറില്‍ മുംബൈയിലുണ്ടായ അസാധാരണമായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി രൂപവത്കരിക്കുന്നതിനായി അന്നത്തെ യുപിഎ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. 1962-ലെ ആണവോര്‍ജ നിയമം, 1967-ലെ യുഎപിഎ എന്നിവ നിര്‍വചിക്കുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള അധികാരം ഏജന്‍സിക്ക് നല്‍കി. മനുഷ്യക്കടത്ത്, കള്ള നോട്ട്, ആയുധങ്ങളുടെ നിയമവിരുദ്ധമായ നിര്‍മാണവും വിതരണവും, സൈബര്‍ മേഖലയിലെ ഭീകരവാദ പ്രവര്‍ത്തനം എന്നിവ കൂടി എന്‍ഐഎക്ക് നേരിട്ട് അന്വേഷിക്കാന്‍ അധികാരം നല്‍കുന്നതാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി. 1908-ലെ സ്ഫോടക വസ്തു നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന കുറ്റകൃത്യങ്ങളും ഇനി എന്‍ഐഎയുടെ പരിധിയില്‍ വരും. എന്‍ഐഎ ഏറ്റെടുക്കുന്ന കേസുകള്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നായിരുന്നു ആദ്യ നിയമത്തിലെ വ്യവസ്ഥ. ഇത് മാറ്റി ഇന്‍സ്പെക്ടര്‍ റാങ്കിലെ ഉദ്യോഗസ്ഥന് അന്വേഷണച്ചുമതല നല്‍കാനും ഭേദഗതി ലക്ഷ്യമിടുന്നു. അന്വേഷണച്ചുമതലയുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക്, സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥര്‍ക്കുള്ള എല്ലാ അധികാരവും പ്രദാനം ചെയ്യുന്നുമുണ്ട്. ഇന്ത്യക്കാരെ ലക്ഷ്യമിട്ട് രാജ്യത്തിന് പുറത്ത് നടക്കുന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള അധികാരവും എന്‍ഐഎക്കുണ്ടാകും. ഇതിന്‍റെ പ്രയോഗ സാധുത ഇതിനകം തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകളെ നിരോധിക്കാനാണ് നിലവില്‍ യുഎപിഎ വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിയമ ഭേദഗതി പ്രാബല്യത്തിലാകുന്നതോടെ വ്യക്തികള്‍ക്കുമേല്‍ നിരോധനം ഏര്‍പ്പെടുത്താനും അവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും ഭരണകൂടത്തിന് സാധിക്കും. ഇത്തരം നടപടികള്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ അംഗീകാരം വേണമെന്ന വ്യവസ്ഥയും ഒഴിവാക്കുന്നുണ്ട്. വ്യക്തികളെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കുന്നതിന് അവര്‍ ഏതെങ്കിലും സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധമില്ല. ഭീകരവാദ സംഘടനകളെ പിന്തുണക്കും വിധത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഭരണകൂടത്തിന് ബോധ്യപ്പെട്ടാല്‍ മാത്രം മതിയാകും. ജമ്മുകശ്മീരിലെ വര്‍ധിച്ച സൈനിക സാന്നിധ്യത്തിനെതിരെയോ സൈനികരുടെ അതിക്രമങ്ങള്‍ ചോദ്യം ചെയ്തോ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണക്കാന്‍ തയ്യാറാകുന്ന ആരും ഇനിമേല്‍ ഭീകരവാദ മുദ്രകുത്തി നിരോധിക്കപ്പെടാം. അവരുടെ സ്വത്തുവകകള്‍ മരവിപ്പിക്കപ്പെടാം. ജമ്മുകശ്മീരിലെ പ്രതിഷേധങ്ങള്‍ ഭീകരവാദ സംഘടനകള്‍ സ്പോണ്‍സര്‍ ചെയ്യുന്നതാണ് എന്നാണല്ലോ ഭരണകൂടത്തിന്‍റെ നിലപാട്. ഭീകരവാദ സംഘടനകളെ പിന്തുണക്കുന്നുവെന്ന പ്രതീതി ഭരണകൂടത്തിന് ജനിപ്പിക്കും വിധത്തിലുള്ള എഴുത്തോ അത്തരം സംഘടനകളില്‍ ഏതെങ്കിലുമൊന്നിനെക്കുറിച്ചുള്ള പുസ്തകമോ ലഘുലേഖയോ കൈവശംവെക്കുന്നതോ ഒക്കെ ഈ നിയമഭേദഗതി പ്രാബല്യത്തിലാകുന്നതോടെ കുറ്റകരമാകും. ഭരണകൂടത്തെ, അവരുടെ തീവ്ര വര്‍ഗീയ അജണ്ടകളെ എതിര്‍ക്കുന്നവരെ ലക്ഷ്യമിടാന്‍ വരുംകാലത്ത് നിഷ്പ്രയാസം സാധിക്കുമെന്ന് ഉറപ്പ്.
മനുഷ്യക്കടത്ത്, കള്ളനോട്ട് നിര്‍മാണവും വിതരണവും, ആയുധങ്ങളുടെ അനധികൃത നിര്‍മാണവും വിതരണവും തുടങ്ങിയ കേസുകള്‍ എന്‍ഐഎയുടെ പരിധിയിലേക്ക് കൊണ്ടുവരുമ്പോള്‍ സംസ്ഥാന പോലീസിന്‍റെ അന്വേഷണാധികാരത്തെ പരിമിതപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഏത് കുറ്റകൃത്യത്തെയും മേല്‍പ്പറഞ്ഞതിലൊന്നുമായി ബന്ധിപ്പിക്കുക എന്നത് വിഷമമുള്ള കാര്യമല്ല. അതായത് കേന്ദ്രാധികാരം കൈയാളുന്നവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കേസുകളുടെ അന്വേഷണച്ചുമതല എന്‍ഐഎയെ ഏല്‍പ്പിക്കാന്‍ പ്രയാസമുണ്ടാകില്ലെന്ന് ചുരുക്കം. അതുവഴി വ്യക്തികളെയോ സ്ഥാപനങ്ങളെയോ നിയമവിധേയമായിതന്നെ വേട്ടയാടുക എന്നത് കുറേക്കൂടി എളുപ്പമാകുന്നു. ആദായ നികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, റവന്യു ഇന്‍റലിജന്‍സ് തുടങ്ങിയ ഏജന്‍സികളെ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടാന്‍ ഏത് വിധത്തിലാണോ ഉപയോഗിച്ചത് അതിനേക്കാള്‍ പ്രഹരശേഷിയുള്ള ആയുധമായി യുഎപിഎ ഭേദഗതിയോടെ അമിതാധികാരം ലഭിക്കുന്ന എന്‍ഐഎ മാറും.
നിലവില്‍ തന്നെ യുഎപിഎ വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ടാഡയും പോട്ടയും പിന്‍വലിക്കപ്പെട്ടതിന് ശേഷം യുഎപിഎയെ കരുത്തുകൂട്ടി ഉപയോഗിക്കുകയാണ് ഭരണകൂടം ചെയ്തത്. ഈ നിയമപ്രകാരമുള്ള കേസുകള്‍ ചുമത്തി അറസ്റ്റിലാവുകയും ദീര്‍ഘകാലം വിചാരണത്തടവ് അനുഭവിക്കേണ്ടി വരികയും ചെയ്ത ശേഷം, വിചാരണക്കൊടുവില്‍ കുറ്റവിമുക്തരാക്കപ്പെടുകയും തകര്‍ന്ന ജീവിതത്തിന്‍റെ നേര്‍ചിത്രങ്ങളായി മാറുകയും ചെയ്യുന്നവര്‍ ഇപ്പോള്‍ തന്നെ ധാരാളം. പുതിയ സാഹചര്യത്തില്‍ കേസുകളില്‍ കുടുക്കപ്പെടുന്നവരുടെ എണ്ണം കൂടുമെന്ന് ഉറപ്പ്. ഭരണകൂടത്തെയും അവരുടെ അജണ്ടകളെയും എതിര്‍ക്കുന്നവര്‍ക്കൊപ്പം ഭേദഗതികളിലൂടെ കരുത്താര്‍ജിക്കുന്ന ഏജന്‍സി മുഖ്യമായും ലക്ഷ്യമിടുക ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരെയായിരിക്കുമെന്ന് ഉറപ്പ്. അത്തരമൊരു അവസ്ഥയിലേക്ക് ഏത് നിമിഷവും തള്ളപ്പെട്ടേക്കാമെന്ന ഭീഷണി മുന്നില്‍ നില്‍ക്കെ, വിയോജിപ്പുകള്‍ മൗനത്തിന്‍റെ ശീതീകരണികളില്‍ ഉറയാനുള്ള സാധ്യത ഏറെയാണ്.
നിയമ വിധേയവും അല്ലാത്തതുമായ മാര്‍ഗങ്ങളിലൂടെ ജനതയെ ഭീഷണിപ്പെടുത്തി ഭയത്തിന്‍റെ മാളങ്ങളില്‍ ഒളിപ്പിക്കുകയാണ് ഏകാധിപത്യത്തിന്‍റെയും ഫാഷിസത്തിന്‍റെയും എക്കാലത്തെയും രീതി. അതിവിടെ ആവര്‍ത്തിക്കുകയാണ്. അതുകൊണ്ട് കൂടിയാണ് 2012-ല്‍ ഉണ്ടായതിന് സമാനമായ പ്രതിഷേധം 2019-ല്‍ അതിഗുരുതരമായ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോഴും ഉണ്ടാകാതിരിക്കുന്നത്. ജയ് ശ്രീറാം വിളിക്കണമെന്ന നിര്‍ബന്ധത്തിന് വഴങ്ങാതിരിക്കുന്നവരെ തല്ലാനും കൊല്ലാനും മടിക്കാത്ത സംഭവങ്ങളുണ്ടാകുമ്പോള്‍ പൊതുസമൂഹം നിസ്സംഗമാകുന്നത്. ജനാധിപത്യമോ മനുഷ്യാവകാശങ്ങളോ പ്രസക്തമല്ലാതായി മാറുകയാണെന്ന് സ്വയം തിരിച്ചറിഞ്ഞ് വഴങ്ങിക്കൊടുക്കാന്‍ നിര്‍ബന്ധിതമാകും വിധം ഭീതി വിതയ്ക്കപ്പെട്ടിരിക്കുന്നു. അതിന് വളമേകുകയാണ് എന്‍ഐഎ, യുഎപിഎ നിയമഭേദഗതികള്‍. അതുവഴി ഫെഡറല്‍ ഭരണക്രമത്തിന്‍റെ അടിവേര് മാന്തുകയും. പൗരന്‍റെ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതില്‍, അവന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ടായിരുന്ന അധികാരം തീര്‍ത്തും ഇല്ലാതാക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. കേന്ദ്രാധികാരത്തിന്‍റെ ദാക്ഷിണ്യത്തില്‍ ജീവിക്കുന്നവരാണ് ‘നിങ്ങളെ’ന്ന് നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ട്.